Monday, November 29, 2010

തീർത്ഥാടനവും തീർത്ഥവും

മറ്റൊരു വൃശ്ചികമാസം കൂടി വന്നിരിക്കുന്നു. എവിടേയും അയ്യപ്പന്മാരുടെ തിരക്കാണു്‌. മതമൈത്രിയോടൊപ്പം കറതീര്‍ന്ന ഭക്തിയുടേയും മാസമാണു്‌ വൃശ്ചികം.

ശബരിമലയിലേക്കു്‌ നീങ്ങുന്ന അയ്യപ്പന്മാരെ കാണുമ്പോള്‍ എനിക്കു്‌ രൂപേഷിനെ ഓര്‍മ വരും. അവന്റെ കഥയാവട്ടെ ഇത്തവണ.

മദിരാശിയില്‍ എന്റെയൊപ്പം ജോലിയെടുക്കുകയായിരുന്നു രൂപേഷ്‌. കണ്ണൂര്‍ സ്വദേശിയാണു്‌. കണ്ണൂരുകാരില്‍ പൊതുവെ കണ്ടിട്ടുള്ള ആത്മാര്‍ത്ഥതയും സ്നേഹവും വേണ്ടുവോളമുള്ള ഒരു നല്ല ചെറുപ്പക്കാരന്‍. കല്യാണം കഴിച്ചിട്ടില്ല. അതിനുള്ള പ്രായമായിട്ടില്ല.

പ്രധാന സമയംകൊല്ലി പരിപാടി ആപ്പീസില്‍ വന്നു്‌ ജോലി ചെയ്യലാണു്‌. ശനിയെന്നോ ഞായറെന്നോ പകലെന്നോ രാത്രിയെന്നോ നോക്കാതെ പണിയെടുക്കും. ഇതൊന്നും ആരും നിര്‍ബന്ധിച്ചു്‌ ചെയ്യിക്കുന്നതല്ല. സ്വന്തം താല്‍പര്യപ്രകാരം ചെയ്യുന്നതാണു്‌.

തുല്യശുഷ്കാന്തിയോടെ പരിപാലിച്ചു കൊണ്ടുനടക്കുന്ന രണ്ടു്‌ ശീലമാണു്‌ സിഗററ്റുവലിയും കള്ളുകുടിയും. പുകവലിക്കു്‌ നിയത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത കാലമാണ്‌. അതുകൊണ്ടു്‌ പുകവലി നിര്‍ബാധം നടന്നുകൊണ്ടിരുന്നു. കൂട്ടുകാരുടെ സഹവാസം നിമിത്തം ഏതാണ്ടെന്നും കള്ളുകുടിയും ഉണ്ടായിരുന്നു. അവിവാഹിതന്‍. വീട്ടില്‍ നിന്നു്‌ വിട്ടുനില്‍ക്കുന്നു. സോഫ്റ്റ്‌വെയറിലായതുകൊണ്ടു്‌ ഇഷ്ടമ്പോലെ കാശും. പുകവലിയും കള്ളുകുടിയും തകൃതിയായി പോകുന്നു.

ഇത്തരക്കാര്‍ക്കു്‌ കാണുന്ന മറ്റു പ്രത്യേകതകള്‍ രൂപേഷിനുമുണ്ടായിരുന്നു. കൃത്യസമയത്തു്‌ ആപ്പീസില്‍ വരിക എന്നൊരു ഏര്‍പ്പാടില്ല. ബ്രേക്‌ഫാസ്റ്റ്‌ പതിവില്ല. അലസമായ വസ്ത്രധാരണരീതി. തോന്നിയപോലെ വളരുന്ന തലമുടി. ഷൂ ധരിക്കുന്ന സ്വഭാവമില്ല; ചെരുപ്പാണു്‌ ധരിക്കുക.

എന്നാല്‍ ആപ്പീസിലെത്തി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്താല്‍ ജോലി, സിഗററ്റുവലി എന്നിങ്ങനെ രണ്ടു കാര്യങ്ങളില്‍ മാത്രമാണു്‌ ശ്രദ്ധ എന്നതുകൊണ്ടു്‌ രൂപേഷിനെ തിരുത്താന്‍ അധികമാരും ശ്രമിക്കാറില്ല; ഞങ്ങള്‍ ചുരുക്കം ചില മലയാളി സുഹൃത്തുക്കളൊഴികെ.

ഞാനും സജീവും ജോസഫും ജോര്‍ജ്ജും ജഗദീഷും ഹരിഗോപനും ഒക്കെ രൂപേഷിന്റെ കൂടെ ജോലി ചെയ്യുന്ന മലയാളികളാണു്‌. ചുരുങ്ങിയപക്ഷം പുകവലിയെങ്കിലും നിര്‍ത്താന്‍ ഞങ്ങളെന്നും അവനെ നിര്‍ബന്ധിക്കും. ഞാനും ജോസഫും അവന്റെ കയ്യില്‍ സിഗററ്റു കണ്ടാല്‍ പിടിച്ചുവാങ്ങി നിലത്തിട്ടു്‌ ചവിട്ടിയരക്കും. അതുകൊണ്ടു്‌ ഞാന്‍ കാണാതെ ഒളിച്ചും പാത്തുമാണു്‌ അവന്റെ സിഗററ്റുവലി.

അങ്ങിനെ ആ ശബരിമല സീസണ്‍ എത്താറായി. ഞങ്ങള്‍ രൂപേഷിനോടു്‌ മാലയിടാന്‍ പറഞ്ഞു. ഒന്നുമല്ല, കുറച്ചുദിവസത്തേക്കെങ്കിലും ചീത്തസ്വഭാവങ്ങള്‍ മാറ്റിവെക്കുമല്ലൊ. ആദ്യമൊക്കെ "ഏയ്‌ പറ്റില്ല" എന്നുപറഞ്ഞു്‌ ഒഴിഞ്ഞുമാറി നടന്നു.

എന്നാല്‍ ഒരു ദിവസം ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ടു്‌ രൂപേഷ്‌ മാലയിട്ടു. പിന്നീടാണു്‌ ആ രഹസ്യം മൂപ്പര്‍ വെളിപ്പെടുത്തിയതു്‌. വീട്ടുകാരും അവനെ മാലയിടാന്‍ നിര്‍ബന്ധിച്ചുവത്രെ. എന്തോ നേര്‍ച്ച നേര്‍ന്നെന്നോ മറ്റോ ആണു്‌ കാരണം. അങ്ങിനെ ഗത്യന്തരമില്ലാതെയാണു്‌ മാലയിട്ടതു്‌. നേര്‍ച്ചയുടെ ഒരു വ്യവസ്ഥ 41 ദിവസത്തെ വ്രതാചരണമായതുകൊണ്ടു്‌ ആളിപ്പൊ വളരെ നീറ്റ്‌ ആണു്‌.

എന്തൊരു മാറ്റമായിരുന്നു പിന്നീടങ്ങോട്ടു്‌!. രാവിലെ അഞ്ചരക്കു്‌ എന്നുമെഴുന്നേല്‍ക്കും. ഉടനെ കുളി. അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കും. അതുകഴിഞ്ഞു്‌ പ്രാതല്‍. പിന്നെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടു്‌ നേരെ ആപ്പീസിലേക്കു്‌. കൃത്യം 9 മണിക്കു്‌ ആള്‍ ഹാജര്‍. ഇടക്കു്‌ സിഗററ്റുവലിക്കു്‌ സ്കോപ്പില്ലാത്തതുകൊണ്ടു്‌ ഒരു ചായ മാത്രം പത്തരക്കു്‌ കഴിക്കും. പന്ത്രണ്ടരക്കു്‌ ശരവണഭവനില്‍ ഊണു്‌. തിരിച്ചുവരുന്ന വഴി ബീഡി-സിഗററ്റു്‌-മുറുക്കാന്‍ കടയിലേക്കു്‌ മനഃപൂര്‍വം നോക്കാതെ നടക്കും. അഥവാ നോക്കിപ്പോയാല്‍ ഒരു നെടുവീര്‍പ്പിടും. തലതാഴ്തി വീണ്ടും നടക്കും.

ആദ്യമാദ്യം വല്ലാത്ത ബുദ്ധിമുട്ടായിരുന്നു രൂപേഷിനു്‌. സിഗററ്റുവലിയുടെ നേരമായാല്‍ വല്ലാത്ത വിമ്മിഷ്ടം. പോരാത്തതിനു്‌ സ്ഥിരം സഹവലിയന്മാരായ ടോണി, കനകഭാസ്കര്‍ മുതലായവര്‍ പോക്കറ്റില്‍ തട്ടിക്കൊണ്ടു്‌ എഴുന്നേറ്റു പുറത്തുപോകുമ്പോള്‍ നിരാശ. ഊണു കഴിഞ്ഞു പുറത്തു വരുമ്പോള്‍ ഓരോരുത്തര്‍ നിന്നു്‌ സിഗററ്റു വലിക്കുന്നതു കാണുമ്പോള്‍ വായില്‍ വെള്ളം നിറയുന്നത്രെ. വീട്ടിലെത്തിയാലാണു്‌ കൂടുതല്‍ കഷ്ടം. സഹമുറിയന്മാര്‍ക്കു്‌ കള്ളു്‌ ഏരെ പത്ഥ്യമാണു്‌. അവര്‍ എന്നും മുറതെറ്റാതെ പരിശീലിക്കുകയും ചെയ്യും.

"എനിക്കു്‌ പെരാന്തായിട്ടു്‌ വയ്യ!"

പക്ഷെ ഏറെ താമസിയാതെ ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ രൂപേഷ്‌ പഠിച്ചു. നേരത്തെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയതുകൊണ്ടു്‌ നേരത്തെ വിശക്കും. അങ്ങിനെ കൃത്യസമയത്തു്‌ ഭക്ഷണം സാധാരണയില്‍ കൂടുതല്‍ കഴിക്കും. അതോടെ ആരോഗ്യം മെച്ചപ്പെട്ടു. സമയാസമയത്തു്‌ ഭക്ഷണം കഴിക്കുന്നതുകൊണ്ടു്‌ കള്ളുകുടിക്കാനുള്ള ആസക്തി കുറഞ്ഞു. പുകവലി ഒഴിവാക്കിയതുകൊണ്ടു്‌ നാവിനു്‌ രുചി വീണ്ടും വന്നു.

എന്തോ കാരണങ്ങളാല്‍ 41 ദിവസം വ്രതം കഴിഞ്ഞും രൂപേഷിനു്‌ മലകയറാനായില്ല. നാട്ടില്‍ നിന്നുള്ള ഒരു സംഘത്തിന്റെ കൂടെയാണു്‌ കെട്ടുനിറയും ടെമ്പോ യാത്രയും മറ്റും. അവരുടെ യാത്ര നീണ്ടു. ഒരു രണ്ടു്‌ മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷമാണു്‌ ശബരിമല യാത്ര ശരിയായതു്‌.

കുളിച്ചു ശുദ്ധനായി, ഭക്തരില്‍ ഭക്തനായി രൂപേഷ്‌ മലചവിട്ടി. കാട്ടിലെ യാത്ര മനസ്സിനു്‌ കുളിരേകി. മലദര്‍ശനം ആശങ്കകളകറ്റി. പതിനെട്ടാംപടി പുത്തനുണര്‍വു്‌ നല്‍കി. സ്വാമിദര്‍ശനം അതിരില്ലാത്ത സന്തോഷം നല്‍കി.

തിരികെ മലയിറങ്ങുമ്പോള്‍ രൂപേഷിന്റെ മനസ്സു്‌ ശാന്തമായിരുന്നു. ടെമ്പോയില്‍ തിരിച്ചുകയറി നാട്ടിലേക്കു്‌ യാത്ര തുടങ്ങുമ്പോഴും ശാന്തമായ ഒരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു.

അതായതു്‌, പോകുന്ന വഴിക്കു്‌ ആ ബോര്‍ഡ്‌ കാണുന്ന വരെ:

'ബാര്‍'

"വണ്ടി നിറുത്തിയാട്ടേ!" അതൊരു അലര്‍ച്ചയായിരുന്നു!

സഡന്‍ ബ്രേക്കിട്ടു്‌ വണ്ടി നിന്നു. സകലരും തിരിഞ്ഞുനോക്കി. രൂപേഷിന്റെ മുഖത്തു്‌ ജെറിയെ കണ്ട ടോമിന്റെ ഭാവം.

"ആടെ നിന്നാള. ഞാനൊന്നു്‌ പോയിറ്റ്‌ ഇപ്പൊ വെരാം"

പിന്നെ ഒരോട്ടമായിരുന്നു. അതവസാനിച്ചതു്‌ ബാര്‍ കൌണ്ടറില്‍. കൌണ്ടറില്‍ ഇടിച്ചു്‌ നില്‍പ്പുറപ്പിച്ച ആളെ അത്ഭുതത്തോടെ ബാര്‍ടെണ്ടര്‍ നോക്കുമ്പോള്‍ രൂപേഷ്‌ പാരവശ്യത്തോടെ മൊഴിഞ്ഞു.

"ഒരു ലാര്‍ജ്‌. സോഡ വേണ്ട"

ബാറുകാരനു്‌ സംശയം.

"സര്‍, പാര്‍സലാണോ? മറ്റാര്‍ക്കെങ്കിലുമാണോ?"

"സംശയം വേണ്ട. നിക്കു്‌ തന്ന്യാ"

"എങ്കി സ്വാമി ആ മാല ഊരിക്കോളു. അതിട്ടിട്ടു്‌ വേണ്ട. ഓരോ ആചാരങ്ങളേ മ്മളായിറ്റ്‌.."

കേട്ട നിമിഷം തന്റെ കഴുത്തിലെ മാലയൂരി പോക്കറ്റിലിട്ടു്‌ ടപ്പേന്നു്‌ നില്‍പ്പനടിച്ചു്‌ കാശു്‌ കൌണ്ടറിലടിച്ചു്‌ ചുണ്ടുതുടച്ചു്‌ പഴയപോലെ അതേ സ്പീഡില്‍ ടെമ്പോയില്‍ ഓടിക്കയറി രൂപേഷ്‌ വിളിച്ചുപറഞ്ഞത്രെ:

"വണ്ടി വിട്ടോളി. നിര്‍ത്താറായാലു്‌ ഞമ്മളു്‌ പറഞ്ഞോളാ.."