Sunday, December 5, 2010

വാടകവീടു്

ഏറെ നാളായി ചാണ്ടി പറഞ്ഞു് ഭീഷണിപ്പെടുത്തിയതാണു് - എന്നെപ്പറ്റി കഥയെഴുതും എന്നു്. അന്നുമുതൽ പേടിച്ചിരിക്കുന്നതാണു്. ഇപ്പോഴിതാ അതും സംഭവിച്ചിരിക്കുന്നു.

ഈ അവസരത്തിൽ പ്രതികാരം ചെയ്യേണ്ടതു് എന്റെ കർത്തവ്യമാണെന്നു് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടു് ചാണ്ടിക്കുഞ്ഞിന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ഒരു തെണ്ടിത്തരമാവട്ടെ ഇത്തവണത്തെ കഥ.

അവന്റെ കഥയിൽ പറഞ്ഞ ആദ്യത്തെ വീടുമാറ്റം ഇതാ ഇങ്ങിനെ:

കോളജ്‌ കഴിഞ്ഞു് ജോലിക്കായാണു് ഞാനും ടോണിയും മദിരാശിയിലെത്തിച്ചേർന്നതു്. ട്രിപ്ലിക്കേനിലെ ഇടുങ്ങിയ ഇടവഴികളിൽ ഇടതൂർന്നു് വളർന്നു് നിൽക്കുന്ന 2-3 ലോഡ്ജുകളിലായി ഒരു കൊല്ലത്തിലധികം താമസിച്ചപ്പോൾ മലേരിയ, ടൈഫോയിഡ്‌, അസംഖ്യം വൈറൽ ഫീവർ, വയറിളക്കം മുതലായ രോഗങ്ങൾക്കൊപ്പം സ്വതന്ത്രമായി ടിവി കാണാനുള്ള ബുദ്ധിമുട്ടു്, ശബ്ദകോലാഹലമുണ്ടാക്കാൻ നിയന്ത്രണങ്ങൾ, ലോഡ്ജ്‌ മുറിയിൽ കാസറ്റ്‌ പ്ലെയർ വെച്ചു് ഒരു പാട്ടുകേൾക്കാൻ പോലും പ്ലഗ്‌ പോയിന്റില്ലാത്ത അവസ്ഥ, കള്ളുകുടിക്കാൻ ഇരിക്കുമ്പോഴേക്കു് ചക്കയിൽ ഈച്ചപോലെ ഞങ്ങളുടെ മുറി കീഴടക്കാൻ മറ്റു മുറിയന്മാർ മുതലായ കാരണങ്ങൾ കൊണ്ടാണു് ഞാനും ബിജുവും ടോണിയും സജിയുമൊക്കെ "ഒരു വാടകവീടെടുത്തു് മാറിത്താമസിച്ചെങ്കിലെന്തു്?" എന്ന തീരുമാനത്തിലെത്തിയതു്.

അവിവാഹിത ചെറുപ്പക്കാർക്കു് വീടു് വാടകക്കു് കൊടുക്കാൻ ഓണർമാർക്കു് ഭയങ്കര മടിയാണു് എന്നു് താമസിയാതെ മനസ്സിലായി. മാത്രമല്ല, നാടോടിക്കാറ്റിലെ ദാസനേയും വിജയനേയും പോലെ കുറവു വാടക, കൂടുതൽ സുഖസൗകര്യങ്ങൾ എന്നീ നിബന്ധനകൾ ഞങ്ങൾക്കുമുണ്ടായിരുന്നതുകൊണ്ടു് അഡയാറിലേയും ബെസെന്റ്‌ നഗറിലേയും ഓരോ ഇടവഴികളും വീടന്വേഷിച്ചു നടന്ന അനവധി വാരാന്ത്യങ്ങളിൽ ഞങ്ങൾക്കു് സുപരിചിതമായി.

കടലാസുപൂക്കളാൽ അലംകൃതമായ, മുറ്റം നിറയെ കരിയിലകൾ വീണുകിടക്കുന്ന, അതിനുമാത്രം ഇലപൊഴിക്കാൻ സന്നദ്ധരായ മാവും പ്ലാവുമുള്ള ഒരു ഇരുനിലവീട്ടിൽ താമസിക്കുന്ന, വെട്ടുപോത്തിന്റെ സ്വഭാവമുള്ള വക്കീലിന്റെ ഫ്ലാറ്റ്‌ വാടകക്കെടുക്കാം എന്നു് ഞങ്ങൾ തീരുമാനിച്ചതു് മാസവാടകയിൽ ലോഡ്ജിനെ അപേക്ഷിച്ചു് 250 രൂപ ഓരോരുത്തർക്കും ലാഭിക്കാം എന്നതുകൊണ്ടാണു്.

വീട്ടിൽ താമസം തുടങ്ങിയപ്പോഴാണു് വാടക കുറയാനുണ്ടായ കാരണം വ്യക്തമായതു് - വെള്ളത്തിനു് ക്ഷാമമുണ്ടു്. മെയിൻ റോഡിനു് തൊട്ടുകിടക്കുന്നതുകൊണ്ടു് സദാസമയം ഫ്ലാറ്റിൽ പൊടികയറും (ഫ്ലാറ്റ്‌ കാണാൻ വന്നപ്പോൾ ജനാലകൾ അടച്ചിരുന്നതുകൊണ്ടു് ഈ താപ്പു് ഞങ്ങൾക്കു് മനസ്സിലായിരുന്നില്ല). അറ്റകുറ്റപ്പണികൾ നടന്നു് വർഷങ്ങളായിട്ടുണ്ടാവണം.

വീട്ടുടമസ്ഥൻ വെട്ടുപോത്തു് വക്കീലിനോടു് കാര്യങ്ങൾ പറഞ്ഞിട്ട്‌ വിശേഷമില്ലെന്നു് മനസ്സിലായി. അയാൾ ഞങ്ങളോടു് ചൂടാവാൻ വരികയായിരുന്നു. വെള്ളം ഇല്ലാത്തതു് ഞങ്ങളുടെ തെറ്റാണെന്നു് തോന്നും.

വീടിന്റെ അറ്റകുറ്റപ്പണികൾ ശരിക്കു് നടത്താതിരുന്നതുകൊണ്ടു് അലമാരയുടെ വാതിലുകൾക്കൊക്കെ ഒരു ബലക്കുറവുണ്ടായിരുന്നു. രണ്ട്‌ ബാത്‌റൂമുള്ളതിൽ ഒന്നു മാത്രമേ ഉപയോഗയോഗ്യമുള്ളു. പോരാത്തതിനു് ഏറ്റവും മുകളിലെ നിലയിലാണു് ഫ്ലാറ്റ്‌. വേനൽക്കാലത്തു് പ്രഷർ കുക്കറിനകത്തു് താമസിക്കുന്നതുപോലെ തോന്നും.

ഇനിയും ബുദ്ധിമുട്ടു് സഹിക്കാൻ വയ്യ, ആ ഫ്ലാറ്റിൽ നിന്നു് മാറണം എന്നു തീരുമാനമെടുത്ത സമയത്താണു് എഞ്ജിനിയറിംഗ്‌ പഠിച്ചു് ഒരുവിധമായി, ഇനി ലോകം മുഴുവൻ ഒന്നു് ചുറ്റിക്കറങ്ങണം, അതുകഴിഞ്ഞാൽ ഒരു ജോലിയും സംഘടിപ്പിക്കണം എന്ന വ്യാജേന ചാണ്ടി രംഗപ്രവേശം ചെയ്യുന്നതു്; അഥവാ, നാട്ടിൽ നിന്നു് പറിച്ച കുറ്റി മദിരാശിയിൽ നാട്ടുന്നതു്.

വേറൊരു ഫ്ലാറ്റ്‌ കണ്ടിട്ടുണ്ടു്. പക്ഷെ അവിടെ അഡ്വാൻസ്‌ കൊടുക്കണമെങ്കിൽ ഇപ്പോഴത്തെ ഫ്ലാറ്റിന്റെ അഡ്വാൻസ്‌ തിരിച്ചുകിട്ടണം. അതു് തരാൻ വെട്ടുപോത്ത്‌ വക്കീൽ തയ്യാറാവുന്നില്ല.

അലമാരയുടെ വാതിൽ ചീത്തയാക്കി, ഫ്ലാറ്റ്‌ വൃത്തിയായി സൂക്ഷിച്ചില്ല, ജനലിന്റെ ചില്ലു് ഉടച്ചു (കാറ്റത്തു് സ്വയം ഉടഞ്ഞതാണു്; ഞങ്ങളായിട്ടു് ഒന്നും ചെയ്യേണ്ടി വന്നതല്ല) മുതലായ മുടന്തൻ ന്യായങ്ങൾക്കു പുറമേ, ഫ്ലാറ്റിൽ കൂടുതൽ ആളെ താമസിപ്പിച്ചെന്നും ഫ്ലാറ്റിൽ ഹോട്ടൽ നടത്തിയെന്നും വരെ ആ ശുനകപുത്രൻ പറഞ്ഞുകളഞ്ഞു. എന്നോ ഒരിക്കൽ ഞങ്ങളുടെ കൂട്ടുകാരെ ഫ്ലാറ്റിൽ വിളിച്ചു് ഒരു വിരുന്നു് കൊടുത്തതിനെയാണു് അയാൾ ഇത്തരത്തിൽ വളച്ചൊടിച്ചതു്.

ഒരുപാടു് അടികൂടിയ ശേഷം അഡ്വാൻസ്‌ തുകയിൽ നിന്നു് ഏതാനും ആയിരങ്ങൾ പിടിച്ചുവെച്ച ശേഷം ബാക്കി അടുത്ത ദിവസം തരാം എന്നു് ശുനകപുത്രൻ വക്കീൽ സമ്മതിച്ചു.

അന്നു് രാത്രി - പഴയ ഫ്ലാറ്റിൽ ഞങ്ങളുടെ അവസാനരാത്രി - വെള്ളമടിച്ചിരിക്കുമ്പോൾ ടോണിയും ബിജുവും ഒരാത്മഗതം പോലെ പറഞ്ഞ്‌ഞു:

"ഈ പണ്ടാരക്കാലന്റെ ഫ്ലാറ്റിനു് എന്തെങ്കിലും കേടുപാടു് വരുത്തിയിട്ടു് പോയാലോ? നമ്മുടെ അഡ്വാൻസ്‌ പൈസ ഏതായാലും പോയി. പക്ഷെ ആ പൈസ അവനുപകാരമില്ലാതെ പോകണേ ദൈവമേ!"

ഇത്രയും പറഞ്ഞു് "ഇതൊക്കെ നടക്കാത്ത സ്വപ്നം" എന്നു് സ്വയം വിശ്വസിച്ചു് കള്ളുഗ്ലാസ്‌ പുനർപരിരംഭണം ചെയ്ത ടോണിയ ചാണ്ടി തോണ്ടി.

"നീ പറഞ്ഞതു് കാര്യമായിട്ടാണോ?"

"എന്ത്‌?"

"ഫ്ലാറ്റിനു് കേടുപാടു് വരുത്തി ആ വക്കീൽ നായിന്റെമോനു് നഷ്ടമുണ്ടാക്കണോ?"

"ഹ! അതെങ്ങിനെ സാധിക്കും? അയാൾ നാളെവന്നു് ഫ്ലാറ്റ്‌ പരിശോധിക്കും. ഇനിയും വല്ലതും കേടുവന്നു് കിടക്കുന്നതുകണ്ടാൽ അതിനും പൈസ ഈടാക്കും. വേണ്ടെടാ, വേണ്ട. ഇപ്പൊ ഇതടിച്ചു് പോയിക്കിടക്കാൻ നോക്കാം"

ചാണ്ടി എഴുന്നേറ്റു. ഞങ്ങളെ അഭിസംബോധന ചെയ്തു.

"ഫ്രൻഡ്സ്‌, നമുക്കു് അഡ്വാൻസ്‌ പൈസ മുഴുവൻ തിരിച്ചുകിട്ടില്ല. എങ്കിൽ വക്കീലിനു് എന്തെങ്കിലും നഷ്ടമുണ്ടാക്കണം. പക്ഷെ അയാളതു് കണ്ടുപിടിക്കാനും പാടില്ല. നമ്മളെക്കൊണ്ടു് അത്രയെങ്കിലും ചെയ്യാൻ സാധിക്കില്ലേ?"

ഞങ്ങൾ തലയുയർത്തി ചാണ്ടിയെ നോക്കി. കശ്മലനുണ്ടു് ചിരിക്കുന്നു.

"എന്താടാ? നിനക്കെന്തോ ഐഡിയ കിട്ടിയിട്ടുണ്ടെന്നു് തോന്നുന്നു?"

"യെസ്‌!"

"വാട്ട്‌?"

"സിമന്റ്‌!"

"വാട്ട്‌?!"

"നമ്മൾ ഒരു 2 കിലോ സിമന്റ്‌ വാങ്ങുന്നു. ഓരോ കക്കൂസിലും അത്‌ ഇട്ടുവെക്കുന്നു. കാണുമ്പൊ ഒരു കുഴപ്പവുമില്ല. പതുക്കെപ്പതുക്കെ സിമന്റ്‌ കക്കൂസിൽ കിടന്നു് സെറ്റാവും. ഏതായാലും പുതിയ താമസക്കാർ വരാൻ ഒരാഴ്ചയെങ്കിലും എടുക്കുമല്ലോ? അപ്പോഴേക്കു് കക്കൂസ്‌ ഉപയോഗശൂന്യമാവും. പിന്നെ അതു് പൊളിച്ചുകളഞ്ഞു് വേറെ കക്കൂസ്‌ സ്ഥാപികേണ്ടിവരും. ഫ്ലാറ്റായതുകൊണ്ടു് താഴെയുള്ള വീടിന്റെ ഉടമസ്ഥന്റെ കൂടി അനുവാദമുണ്ടെങ്കിലേ അതു് നടക്കൂ. ഏതായാലും നാറിവക്കീലിനു് കുറച്ചു കാശുചെലവാവുണ്ടാവും!"

ഞങ്ങൾ ചാടിയെഴുന്നേറ്റു. ചാണ്ടിയെ കെട്ടിപ്പിടിച്ചു.

"മതീടാ! ഇതുമതി! കലക്കൻ!"

*     *      *     *

അടുത്ത ദിവസം രാവിലെ കെട്ടിറങ്ങിയപ്പോൾ ബിജുവിനും ടോണിക്കും സംശയമുണ്ടായി.

"ഇന്നലെ പറഞ്ഞതു് വല്ലതും നടക്കുമോടാ?"

ചാണ്ടി ചിരിച്ചു.

"നിങ്ങൾ വലിയുമെന്നു് ഞാനിന്നലെ വിചാരിച്ചേയുള്ളു. ഏതായാലും ജോലിക്കു് വിട്ടോ. നമുക്കു് വൈകുന്നേരം കാണാം"

*     *     *     *

വൈകുന്നേരം വന്ന ഞങ്ങളെ എതിരേറ്റതു് അഡ്വാസ്‌ തുകയും പിടിച്ചു് വിജയഭാവത്തിൽ നിൽക്കുന്ന ചാണ്ടിയാണു്.

"എല്ലാം സുഭദ്രം!"

പുതിയ വീട്ടിലെത്തി ഒരു സിഗററ്റ്‌ പുകക്കുന്നതിനിടയിൽ നടന്നകഥ ചാണ്ടി അവതരിപ്പിച്ചു.

"നിങ്ങളൊക്കെ ആപ്പീസിൽ പോയശേഷം ഞാൻ സിമന്റുകട അന്വേഷിച്ചിറങ്ങി. 1-2 സ്ഥലത്തു് കയറിയിറങ്ങി. അപ്പൊ ഒരു കാര്യം മനസ്സിലായി. കടക്കാർ ചാക്കുകണക്കിനു് മാത്രമേ സിമന്റ്‌ കൊടുക്കൂ"

"ഒരു ചാക്ക്‌ സിമന്റ്‌ നമുക്കെന്തിനാ? കൂടുതൽ പൈസതരാം എന്നുപറഞ്ഞിട്ടും 2 കിലോ സിമന്റ്‌ തരാൻ ആരും കൂട്ടാക്കിയില്ല"

"ഞാൻ പുതിയ ഐഡിയ എടുത്തു. ഒരു പൈന്റ്‌ നല്ല മദ്യം വാങ്ങി. നേരെ LB റോഡിൽ പണിനടക്കുന്ന കെട്ടിടത്തിലെത്തി"

"ഊണുകഴിക്കാനുള്ള സമയമാകുന്നതേയുള്ളു. മേസ്തിരി ഒരു മൂലയിലിരുന്നു് മുറുക്കാൻ എടുക്കാൻ തുടങ്ങുന്നു"

"രണ്ടു ഗ്ലാസും കുറച്ചു വെള്ളവുമെടുക്കാൻ പറഞ്ഞപ്പൊ അണ്ണാച്ചിയുടെ മുഖമൊന്നു് കാണണം!"

"രണ്ട്‌ റൗണ്ട്‌ കഴിഞ്ഞപ്പൊ കാര്യം പറഞ്ഞു. മേസ്തിരി അണ്ണാച്ചി 2 കിലോ സിമന്റ്‌ മാത്രമല്ല, പെട്ടെന്നു് സെറ്റാവാനുള്ള കൂട്ടും തന്നു. അങ്ങിനെ വെറും നിസ്സാര പൈസ ചെലവാക്കി 2 കിലോ സിമന്റ്‌ ഞാൻ സംഘടിപ്പിച്ചു"

"പ്രാന്തൻ വക്കീൽ വരുന്നതിനു് 15 മിനുട്‌ മുമ്പു് സിമന്റ്‌ രണ്ട്‌ കക്കൂസിലും ഇട്ടു. വക്കീൽ വന്നു് വെറുതെ നോക്കിപ്പോയതേയുള്ളു. അഡ്വാൻസും തന്നു"

ചാണ്ടി സിമന്റ്‌ വെച്ചുപോയ ആ വീടു് അടുത്ത 9 മാസത്തേക്കു് താമസക്കാരെ കിട്ടാതെ അനാഥമായിക്കിടന്നു എന്നതാണു് ചാണ്ടിയുടെ തെണ്ടിത്തരത്തിന്റെ വ്യാപ്തി.

വാൽ:

ചണ്ടിയുടെ കഥയിൽ "ഞങ്ങൾ നേരത്തെ ആപ്പീസിൽ നിന്നെത്താൻ തുടങ്ങി, 3 മാസത്തിൽ 2 വീട്‌ മാറി എന്നൊക്കെ പറഞ്ഞിട്ടുണ്ടല്ലോ. ആദ്യത്തെ വീടുമാറ്റം ഇപ്പൊ പറഞ്ഞതു്. മറ്റു രണ്ട്‌ സംഭവങ്ങളുടേയും സത്യാവസ്ഥയറിയാൻ ഇവിടെ ക്ലിക്കുക. ചാണ്ടിയുടെ വേറെ ഒരു തെണ്ടിത്തരവും തുടർന്നുണ്ടായ സംഭവങ്ങളും. അതിൽ ടോണിയുടെ കമന്റ്‌ പ്രത്യേകം ശ്രദ്ധേയം.