Thursday, September 20, 2012

കൺഫ്യൂഷൻ തീർക്കണമേജോടിയായി വരുന്ന വാക്കുകളുടെ അർത്ഥങ്ങൾ തമ്മിൽ കൺഫ്യൂഷൻ അടിക്കുന്നവരെക്കുറിച്ചാണു് ഇത്തവണ. കൃത്യമായിപ്പറഞ്ഞാൽ ഇംഗ്ലീഷിൽ ഒരുമിച്ചു വരുന്ന വാക്കുകൾ.

എന്റെ ഭാര്യ കുഴിയാനക്കു് left, right എന്നീവാക്കുകൾ എപ്പോഴും തമ്മിൽ മാറിപ്പോകും. ന്യായമായും ഇതിന്റെ ഫലം കൂടുതലനുഭവിച്ചിട്ടുള്ളതു് ഞാനാണു്. ഞങ്ങളൊരുമിച്ചു് പോകുമ്പോൾ “ദേ ഇവിടെ ലെഫ്റ്റ്” എന്നു് പറയും. ഞാൻ ഇടത്തോട്ടു് തിരിഞ്ഞാൽ ഉടനെ എന്നെ തിരുത്തും:

“ഈ ലെഫ്റ്റല്ല, മറ്റേ ലെഫ്റ്റ്. റൈറ്റിലേക്കു്..”

അതുകൊണ്ടെന്തായി? യാത്രപോകുമ്പോൾ കഴിവതും വഴിപറയുന്നതിൽ നിന്നു് കുഴിയാനയെ ഒഴിവാക്കിയിട്ടുണ്ടു്. ഇനി അഥവാ ലെഫ്റ്റെന്നോ മറ്റോ അവൾ പറഞ്ഞാൽ ഞാൻ വണ്ടി നിർത്തും:

“ഏതു് ലെഫ്റ്റെന്നു് തീരുമാനിച്ചിട്ടു് വണ്ടിയെടുക്കാം”

കുറച്ചുനേരം ആലോചിച്ചിട്ടു് കുഴിയാന വഴി ചൂണ്ടിക്കാണിക്കും.

എന്നാൽ ഇതു് ഏതാനും കൊല്ലങ്ങളുടെ അനുഭവം എന്നെ പഠിപ്പിച്ച പാഠമാണു്. ഞങ്ങൾ തമ്മിൽ അടുത്തറിഞ്ഞുതുടങ്ങിയ കാലത്തു് ഇതായിരുന്നില്ല സ്ഥിതി.

ഞങ്ങളങ്ങിനെ ബൈക്കിൽ പോവുകയായിരിക്കും. പെട്ടെന്നു് കുഴിയാന പറയും: “ലെഫ്റ്റ്!”

ഞാൻ ഇടത്തോട്ടു തിരിയുമ്പോൾ പിന്നിൽ നിന്നു് ചീത്തപറച്ചിൽ തുടങ്ങും:

“ലെഫ്റ്റെന്നു് പറഞ്ഞതു് കേട്ടില്ലേ? റൈറ്റ് തിരിയുന്നോ?”

“ഞാൻ നീ പറഞ്ഞമാതിരി ലെഫ്റ്റാണു് തിരിഞ്ഞതു്...?”

ചമ്മലൊളിപ്പിച്ചു് കുഴിയാന തുടരും:

“ലെഫ്റ്റെന്നു് പറഞ്ഞതിനൊപ്പം റൈറ്റിലേക്കു് ഞാൻ കൈകാണിച്ചതു് കണ്ടില്ലേ?”

ബെസ്റ്റ്! ബൈക്കോടിക്കുന്ന ഞാൻ പിന്നിലിരുന്നു് കുഴിയാനകാണിക്കുന്ന മുദ്ര എവിടെക്കാണാൻ!

ഈ ഒരവസ്ഥ കാരണം കുഴിയാന കഴിവതും ഒരാൾക്കു് വഴി പറഞ്ഞുകൊടുക്കുന്നതു് ഞാൻ നിരുൽസാഹപ്പെടുത്താറുണ്ടു്. പക്ഷെ ഒരിക്കൽ അബദ്ധം പറ്റി.

കുഴിയാനയുടെ അമ്മവീട്ടിലേക്കു് പോയപ്പോഴായിരുന്നു. ടാക്സിയിലാണു് പോയതു്. അവിടങ്ങളിൽ വഴി എനിക്കത്ര പരിചയമില്ല. നിവൃത്തിയില്ലാതെ വഴിപറഞ്ഞുകൊടുക്കൽ കുഴിയാനയെ ഏൽപ്പിച്ചു. കുഴിയാന ലെഫ്റ്റും റൈറ്റുമൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ടു്. പക്ഷെ ടാക്സി ഡ്രൈവർ നേരെ എതിർദിശയിലാണു് വണ്ടി തിരിക്കുന്നതു്; ലെഫ്റ്റ് പറഞ്ഞാൽ വലത്തോട്ടു് തിരിക്കും.

പിൻസീറ്റിലിരിക്കുകയായിരുന്ന ഞാൻ ആദ്യമൊന്നും ഇതു് ശ്രദ്ധിച്ചില്ല. പിന്നെ ബോധമുണ്ടായി ഡ്രൈവറെ തിരുത്താൻ ശ്രമിച്ചപ്പോഴേക്കു് ഞങ്ങൾക്കെത്തേണ്ട സ്ഥലത്തെത്തിക്കഴിഞ്ഞു.

എനിക്കൽഭുതമായി. ഒപ്പം ഒരു കാര്യവും മനസ്സിലായി:

ഡ്രൈവർക്കും കുഴിയാനയുടെ സെയിം കൺഫ്യൂഷനുണ്ടു്!

ഒരാൾ തെറ്റിപ്പറയുകയും മറ്റേയാൾ വിപരീതമായി മനസ്സിലാക്കുകയും ചെയ്തപ്പോൾ എന്തായി? ടാക്സി എത്തേണ്ടിടത്തെത്തി!

എന്റെ സുഹൃത്തും ഏറെക്കാലം മദിരാശിയിൽ സഹമുറിയനുമായിരുന്ന ബിജുവിനു് push, pull എന്നീ വാക്കുകൾ തമ്മിൽ മാറിപ്പോകും. കടയുടെ വാതിൽ (കടവാതിൽ) തുറക്കുമ്പോഴാണു് മിക്കപ്പോഴും ഈ പ്രശ്നം സങ്കീർണമാവുക.

അതുകൊണ്ടു് ബിജുവിന്റെ സ്ഥിരം സമ്പ്രദായം ഇതാണു്:

Push അല്ലെങ്കിൽ pull സ്റ്റിക്കറൊട്ടിച്ച വാതിലിൽ എത്തിയാൽ മൂപ്പർ പതുക്കെ പുറകിലേക്കു് വലിയും. ഞങ്ങളാരെങ്കിലും വാതിൽ തുറക്കും. കൂടെ മൂപ്പരും കയറും.

ഇനി പരിചയമുള്ള ആരും ഒപ്പമില്ലെങ്കിൽ വാതിലിനുമുന്നിൽ വച്ചു് ബിജു ചിന്തിച്ചുതുടങ്ങും. Push എന്നുവച്ചാൽ.. തനിക്കു നേരെ വാതിൽ തുറക്കണോ അതോ എതിർവശത്തേക്കു് തുറക്കണോ?

മൂപ്പരുടെ ഒരു പ്രകൃതം വച്ചു് മിക്കവാറും സമയങ്ങളിൽ ചിന്തിച്ചതുകൊണ്ടൊന്നും കൺഫ്യൂഷൻ മാറിക്കിട്ടില്ല. അപ്പോൾ..

ബിജു ചുറ്റും നോക്കും. ആരും ശ്രദ്ധിക്കുന്നില്ലെന്നു് ഉറപ്പുവരുത്തി വാതിൽ ആദ്യമൊന്നു് തള്ളിനോക്കും. ശരിയായാൽ ഹാപ്പിയായി. ഇല്ലെങ്കിൽ വലിച്ചുനോക്കും.

ഒരിക്കൽ ബിജുവിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത അബദ്ധം പറ്റി.

ഒരു മാളിൽ ഞങ്ങൾ നിൽക്കുന്നു. വാതിലിനടുത്താണു്. ഒരു മദ്ധ്യവയസ്ക രണ്ടു കൈയിലും നിറയെ സഞ്ചികളുമായി വന്നു് വാതിൽ ഒന്നു് തുറക്കാമോ എന്നഭ്യർത്ഥിച്ചു.

വാതിലിനേറ്റവും അടുത്തു് നിൽക്കുന്നതു് ബിജുവാണു്. മൂപ്പർ ബേജാറായി. ആലോചിക്കാൻ സമയമില്ല. മദ്ധ്യവയസ്ക സഞ്ചിയുടെ ഭാരത്താൽ ബുദ്ധിമുട്ടുന്നുണ്ടു്. വാതിൽ എതിർവശത്തേക്കു് തുറന്നാൽ അബദ്ധമാവും. ദയനീയമായി ഞങ്ങളെ നോക്കി. കഠിനഹൃദയരായ ഞങ്ങളുണ്ടു് മാറിനിന്നു് ഊറിച്ചിരിക്കുന്നു. ആ പ്രതീക്ഷയും പോയി.

പക്ഷെ ബിജു വീണതു് വിദ്യയാക്കുന്നവനാണു്. അവൻ സന്ദർഭത്തിനൊത്തുയർന്നു:

“മാഡം, ഐ വിൽ ഹോൾഡ് യുവർ ബാഗ്സ്. യൂ ഓപ്പൺ ദി ഡോർ!”

(ഭവതിയുടെ സഞ്ചികൾ ഞാനെടുക്കാം. മാഡം വാതിൽ തുറന്നാൽ മതി)

അന്നു് രാത്രി ഞങ്ങൾ വീട്ടിലിരിക്കുമ്പോഴാണു് തന്റെ മനോവിഷമം ബിജു ഉള്ളിൽത്തട്ടി പറഞ്ഞതു്.

അവനെ ഞങ്ങൾ സമാധാനിപ്പിച്ചു. കൂട്ടത്തിൽ ടോണി പറഞ്ഞു:

“എളുപ്പത്തിൽ ഓർക്കാൻ ഞാനൊരു വിദ്യ പറഞ്ഞുതരാം. Pull - ‘പുള്ളുക’ എന്നു പറഞ്ഞാൽ ‘തള്ളുക’. ഇതോർത്താൽ മതി!”

ഇതുകേട്ടപ്പോൾ കൺഫ്യൂഷനടിച്ചതു് ഞാനാണു്. കാരണം പുള്ളുക തള്ളുകയല്ല. പുഷ്ഷുകയാണു് തള്ളുക.

ഒരു കാര്യവും മനസ്സിലായി - ടോണിക്കും കൺഫ്യൂഷനുണ്ടു്!

(അടുത്ത ദിവസം ആപ്പീസിൽ നിന്നു് തിരിച്ചെത്തിയ ബിജു, ടോണി പറഞ്ഞ ആപ്തവാക്യം വർക്ക് ചെയ്യുന്നില്ല എന്നു് പറഞ്ഞു)

Tight, loose എന്നീ വാക്കുകൾ പ്രശ്നമുള്ളതായി കണ്ടതു് എന്റെ മകൾ ഉറുമ്പിന്റെ ക്ലാസ് ടീച്ചറെയാണു്. ഒരിക്കൽ ഞങ്ങളെ കണ്ടപ്പോൾ ടീച്ചർ പറഞ്ഞു:

“ഉറുമ്പിന്റെ ഉടുപ്പു് വളരെ tight ആണു്. രണ്ടുപേർക്കു് ഒരുമിച്ചിടാം. അത്രയും വലുതാണു്!”

ഞാനും കുഴിയാനയും മുഖാമുഖം നോക്കി. ടീച്ചർ പരീക്ഷിക്കുകയാണോ?

“മാഡം, ഡ്രസ് ലൂസ് ആണു് എന്നാണോ ഉദ്ദേശിച്ചതു്?”

“ഏയ് അല്ല. ലൂസ് ആയാൽ ഇറുകിക്കിടക്കില്ലേ? ഇതു് വളറ്റെ ടൈറ്റ് ആണു്”

അപ്പൊ അതാണു് കാര്യം.


വാൽ: മലയാറ്റൂരിന്റെ “വേരുകൾ” എന്ന നോവലിൽ നായകൻ രഘുവിന്റെ ഒരു ബന്ധുവുണ്ടു്: കല്യാണത്തിനു് വിളമ്പിയ സാമ്പാറിന്റെ സ്വാദാസ്വദിച്ചു് “സാമ്പാർ ടെറിബ്‌ൾ!” എന്നു് പറഞ്ഞ സാധു. Terrific-ഉം terrible-ഉം തമ്മിൽ അദ്ദേഹത്തിനും കൺഫ്യൂഷനുണ്ടായിരുന്നിരിക്കണം.


വവ്വാൽ: കുഴിയാനയുടെ left-right കൺഫ്യൂഷൻ ഞാനൊരിക്കൽ ഒരാളോടു് പറഞ്ഞു. മൂപ്പർ മറുപടിയായി പറഞ്ഞതു്:

“അത്രയല്ലേയുള്ളു? എന്റെ ഭാര്യയുടെ കാര്യം കേൾക്കണോ?”

“യാത്ര പോകുമ്പോൾ എവിടെയെങ്കിലും തിരിയണമെങ്കിൽ എന്റെ ഭാര്യ ആ ദിശയിൽ സീറ്റിൽ തിരിഞ്ഞിരിക്കും. അതായതു്, ഇടത്തോട്ടു് തിരിയണമെങ്കിൽ പുള്ളിക്കാരി സീറ്റിൽ ഇടത്തോട്ടു് തിരിഞ്ഞിരിക്കും”

“എന്നിട്ടു് പറയും: ‘ഇനി കാർ നേരെ പോകട്ടെ!’ ”

“കോൺഫിഡെൻസ് ലെവെലനുസരിച്ചു് ചിലപ്പോൾ വിരൽ ചൂണ്ടിക്കാണിക്കുകയും ചെയ്യും. എന്നിട്ടു് ‘എന്റെ ഭർത്താവിനെന്താ ഞാൻ പറഞ്ഞതു് മനസ്സിലാകാത്തതു്?’ എന്ന ഭാവത്തിൽ എന്നെ നോക്കും”