Friday, January 11, 2019

വീക്ഷണം



കിളി ഒന്നാം മരത്തിനോടാരാഞ്ഞു:

"
ഒന്നാം മരമേ, നിന്റെ പഴങ്ങൾ തിന്നു് ഞാൻ വിശപ്പടക്കിക്കോട്ടെ?"
 
ഒന്നാം മരം കെറുവിച്ചു:
 

"എന്റെ ദുരവസ്ഥക്ക് കാരണഭൂതരായവരുടെ പരമ്പരയിൽ പെട്ടവളാണ് നീ. നിനക്ക് ഞാനെന്റെ പഴം തരില്ല"
 
കിളി: "അയ്യോ, എന്റെ പൂർവ്വികർ നിന്നോടെന്തു ചെയ്തു?"
 
ഒന്നാം മരം: "എന്റെ വിത്ത് കീഴ്ക്കാംതൂക്കായ പാറയിടുക്കിൽ കൊണ്ടിട്ടതു് നിന്റെ പൂർവ്വികരാണ്. ഓരോ ദിവസവും ഞാൻ വളരുമ്പോൾ എന്റെ ചരിവ് കൂടിക്കൂടി വരുന്നു. എന്നെങ്കിലും സ്വന്തം ഭാരത്താൽ ഞാനീ പാറയിൽനിന്ന് അടർന്ന് നിലത്തുവീഴും. അതാവും എന്റെ അന്ത്യം"
 
കിളി: "ഒരുപക്ഷെ സമതലത്തിലാണ് നീ ജനിച്ചിരുന്നതെങ്കിൽ മനുഷ്യർ വന്ന് നിന്നെ വെട്ടിമാറ്റുമായിരുന്നില്ലേ?"
 
ഒന്നാംമരം: "ഒരിക്കലുമില്ല. മധുരമുള്ള പഴങ്ങൾ നൽകുന്ന എന്നെ മനുഷ്യർ ഉപദ്രവിക്കുമോ? ഇവിടിപ്പോൾ പഴങ്ങളുടെ ഭാരം പോലും എന്നിൽ ഭീതി ജനിപ്പിക്കുന്നു"
 
കിളി: "എന്നാൽ പിന്നെ സ്വയം മുരടിച്ച് വളരാതെ നിന്നുകൂടെ നിനക്ക്?"
 
ഒന്നാംമരം: "അതെങ്ങിനെ സാധിക്കും? എന്റെ വേരുകൾ താഴെ മണ്ണുവരെ എത്തിയിട്ടുണ്ടു്. സമൃദ്ധമായ വെള്ളവും വളക്കൂറുള്ള മണ്ണും. എനിക്ക് വളരാതിരിക്കാനാവുന്നില്ല"
 
കിളി: "സുഖമായി വളരാനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും നീ നിരാശനാണോ?"
 
ഒന്നാംമരം: "ഹും! സുഖ സാഹചര്യം പോലും! നീ കരുതുന്ന സുഖസാഹചര്യങ്ങളാണെന്റെ ശാപം. ഊട്ടിവളർത്തി പ്രകൃതി എന്നെ വലുതാക്കും. ഒടുക്കം ഒരു ദിവസം ഞാൻ സ്വന്തം ഭാരത്താൽ വീണു മരിക്കും. എനിക്കതറിയാം. ദിവസത്തെ ഞാൻ പേടിയോടും ദുഃഖത്തോടും കൂടി കാത്തിരിക്കുന്നു"
 
കിളി രണ്ടാം മരത്തിനോടാരാഞ്ഞു:
 

"രണ്ടാം മരമേ, നിന്റെ പഴങ്ങൾ തിന്നു് ഞാൻ വിശപ്പടക്കിക്കോട്ടെ?"
 
രണ്ടാംമരം ആഹ്ലാദപൂർവ്വം കിളിയെ സ്വാഗതം ചെയ്തു.
 

"തീർച്ചയായും! വിത്തുപാകി എന്നെ ഒരു വലിയ മരമായി വളരാൻ വിട്ടത് നിന്റെ പൂർവ്വികരാണ്. നിനക്കെപ്പോൾ വേണമെങ്കിലും എന്റെ പഴങ്ങൾ തിന്നാം"
 
കിളി: "എന്റെ പൂർവ്വികർ നിന്നെ കുത്തനെയുള്ള പാറക്കൂട്ടത്തിൽ വളർത്തിയതിന് അവരോട് ദേഷ്യം തോന്നുന്നില്ലേ?"
 
രണ്ടാംമരം: "എന്തിന്? മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ ഒരുപക്ഷെ മനുഷ്യർ ഇതിനോടകം എന്നെ അവന്റെ മഴുവി നിരയാക്കിയിട്ടുണ്ടാവും"
 
കിളി: "കൂടുതൽ വളർന്നു കഴിയുമ്പോൾ സ്വന്തം ഭാരത്താൽ നീ ഇനിയും ചെരിയും. അങ്ങിനെ കുറേക്കഴിയുമ്പോൾ നീ ഒടിഞ്ഞു പോകില്ലേ?"
 
രണ്ടാംമരം: " ആവശ്യത്തിൽ കൂടുതൽ വളരാൻ ഞാനാഗ്രഹിക്കുന്നില്ല"
 
കിളി: " പക്ഷെ നിന്റെ വേരുകൾ വളക്കൂറും വെള്ളവുമുള്ള മണ്ണിലാണോടുന്നതു്. നിനക്ക് വളരാതിരിക്കാനാവില്ല"
 
രണ്ടാംമരം: "അതേ മണ്ണിലും ചുറ്റുമുള്ള പാറകളിലും ഞാനെന്റെ വേരുകൾ ഉറപ്പിച്ചിട്ടുണ്ട്. എന്റെ വളർച്ച താങ്ങാനുള്ള ശേഷി എന്റെ വേരുകൾക്കുണ്ടു്. അവയ്ക്കറിയാം, ഞാനെത്ര വലുതാവുന്നുണ്ടെന്നു്. എന്നെ ഊട്ടിവളർത്തുന്ന പ്രകൃതി തന്നെ എന്നെ സംരക്ഷിക്കും. എനിക്കുറപ്പുണ്ട്. ഇനിയൊരുപക്ഷെ നീ പറഞ്ഞമാതിരി ഞാൻ വീഴുമെന്നുണ്ടെങ്കിൽ പോലും ഇപ്പോൾ അതിനെക്കുറിച്ചോർക്കാനെനിക്ക് നേരമില്ല. സന്ദർഭം ഒഴിവാക്കാൻ കൂടുതൽ പരിശ്രമിക്കുന്നതിനോടൊപ്പം നിന്നെപ്പോലെ എന്റെ പഴങ്ങളെ ആശ്രയിച്ച് എന്നിൽ വസിക്കുന്ന സകല ജീവജാലങ്ങളേയും തൃപ്തിപ്പെടുത്താനാണെന്റെ ശ്രമം. അതാണെന്റെ ലക്ഷ്യം"