Friday, November 27, 2009

സപ്ലി പരീക്ഷ

എഞ്ജിനിയറിംഗ്‌ കോര്‍സുകളില്‍ സപ്ലിമെന്ററി പരീക്ഷകള്‍ എന്നുപറയുന്നത്‌ "ആകെ നനഞ്ഞാല്‍ കുളിരില്ല" എന്ന മട്ടിലാണ്‌. ആദ്യത്തെ തവണ ഏതെങ്കിലും പേപര്‍ തോല്‍ക്കുമ്പോള്‍ ഒരു ചെറിയ വിഷമം തോന്നും. പിന്നീടങ്ങോട്ട്‌ പലര്‍ക്കും ഇതൊരു ശീലമാവും. സപ്ലി തോറ്റാല്‍ ക്രിട്ടി (critical), സൂപര്‍ ക്രിട്ടി ഒക്കെയാവും.

ഈ വ്യവസ്ഥിതിക്കു കാരണം എഞ്ജിനിയറിംഗ്‌ കോര്‍സിനിടക്ക്‌ ഒരു വിദ്യാര്‍ത്ഥി മറ്റു കോര്‍സുകള്‍ ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പരീക്ഷ എഴുതുന്നു എന്നതാണ്‌. ഒന്നാമത്‌ 6 മാസം കൂടുമ്പോള്‍ സെമെസ്ടര്‍ പരീക്ഷ. പോരാത്തതിനു സെഷനല്‍ അല്ലെങ്കില്‍ ഇന്റര്‍നല്‍ പരീക്ഷകളും അസൈന്മെന്റുകളും വേറെ.

അങ്ങിനെ പരീക്ഷയെഴുതിയെഴുതി ഉച്ചക്കുള്ള പരീക്ഷക്ക്‌ മോര്‍നിംഗ്‌ ഷോ കണ്ട്‌ വന്ന്‌ എഴുതാനിരിക്കുമ്പോള്‍ ഒരു എഞ്ജിനിയറിംഗ്‌ വിദ്യാര്‍ത്ഥി പൂര്‍ണ വികാസം പ്രാപിച്ചതായി കണക്കാക്കപ്പെടുന്നു.

എന്നാല്‍ പേടിപ്പെടുത്തുന്ന സപ്ലികളാണ്‌ ലാബ്‌ പരീക്ഷകള്‍. ഓരോ ലാബിലും വൈവയുണ്ട്‌. മറ്റു കോര്‍സുകാര്‍ അവസാനപരീക്ഷക്കൊപ്പം ഒരു വൈവ മാത്രം നേരിടുമ്പോള്‍ ഒരു എഞ്ജിനിയറിംഗ്‌ വിദ്യാര്‍ത്ഥി സാധാരണഗതിയില്‍ 10-12 വൈവ നേരിട്ടുകഴിഞ്ഞിട്ടുണ്ടാവും. മറ്റുകോളജുകളില്‍ നിന്നുവരുന്ന അദ്ധ്യാപകരാവും മിക്കവാറും ലാബ്‌ പരീക്ഷകള്‍ക്കു വരിക. ആ വകയില്‍ പരിചയം മൂലമുള്ള ഒരു സഹതാപവും ലഭിക്കാന്‍ വഴിയില്ല.

ലാബ്‌ പരീക്ഷകള്‍ ഒരു പരീക്ഷണമാണ്‌. അഞ്ചോ ആറോ പേര്‍ ഒരു സമയം പരീക്ഷക്കു കയറും. ചോദ്യങ്ങള്‍ ഒരു കഷണം കടലാസിലെഴുതി കമഴ്ത്തി വച്ചിരിക്കും. ഈ ചോദ്യം തെരഞ്ഞെടുക്കലാണ്‌ ഭാഗ്യപരീക്ഷണം. എടുത്ത കടലാസ്സിലെ ചോദ്യം നല്ലതായി കിട്ടിയാല്‍ കിട്ടി പൊട്ടിയാല്‍ ചട്ടി മോഡല്‍.

കംപ്യൂടര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ്‌ ഇലക്ട്രോണിക്സ്‌ ലാബ്‌. ഇലക്ട്രോണിക്സ്‌ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇതൊരു പേടിസ്വപ്നമാണ്‌. പിന്നല്ലെ മറ്റുള്ളവരുടെ കാര്യം?

കംപ്യൂടര്‍ വിദ്യാര്‍ത്ഥികളായ ജയയും ഫൈസലും ദൈവകൃപയാല്‍ ആദ്യസംരംഭത്തില്‍തന്നെ ഇലക്ട്രോണിക്സ്‌ ലാബ്‌ പരീക്ഷ തോറ്റു!

മറ്റുള്ളവര്‍ വീരാരാധനയോടെ ഇരുവരേയും നോക്കി. ഭീകരരേ, നിങ്ങള്‍ക്കിത്രയും ചങ്കുറപ്പോ? കണ്ടാല്‍ പറയില്ലട്ടൊ! എന്ന മട്ടില്‍.

ഇനിയിപ്പൊ അടുത്ത ചാന്‍സില്‍ ആ പരീക്ഷ എഴുതിയെടുക്കുകയേ നിവൃത്തിയുള്ളു. മാത്രമല്ല, പരീക്ഷ ഏതാണ്ടെത്തിക്കഴിഞ്ഞു (അതുപിന്നെ ഒരു സെമെസ്ടറില്‍ എഴുതിയ പരീക്ഷയുടെ റിസല്‍ട്‌ അടുത്ത സെമെസ്ടര്‍ കഴിയുന്നതിനു തൊട്ടുമുന്‍പു മാത്രമേ വരികയുള്ളു. സര്‍വകലാശാലക്കാര്‍ വല്യ കണിശക്കാരാ!)

ആദ്യമായി സപ്ലി കടാക്ഷിച്ചതിന്റെ ആധി. അത്‌ ഇലക്ട്രോണിക്സ്‌ ലാബ്ബാണെന്നുള്ളത്‌ കൂനിന്മേല്‍ കുരു. എത്രപഠിച്ചാലും ആശങ്ക മനസ്സില്‍നിന്നു വിട്ടു പോകാത്ത ഒരു വിഷയം.

സപ്ലി പരീക്ഷയെഴുതാന്‍ ലാബിലേക്കു അരിച്ചരിച്ചുനടക്കുമ്പോള്‍ രണ്ടുപേരുടേയും മനസ്സ്‌ "ഇതു കുളമാവും" എന്നു മന്ത്രിച്ചുവത്രെ!

ചോദ്യപ്പേപര്‍ വായിച്ചുനോക്കിയ രണ്ടുപേരും കുറച്ചുസമയം പരിസരം മറന്നു. "സപ്ലി പോട്ടെ, ക്രിട്ടി ആകുമ്പൊ കാണാം" എന്നു സാറിനോട്‌ പറഞ്ഞ്‌ ഇറങ്ങിപ്പോകണോ മാന്യമായി പരീക്ഷ എഴുതി പരാജയമടയണോ? രണ്ട്‌ പേരും രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.

കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി പ്രയാസങ്ങള്‍ സഹിച്ച്‌ ഒന്നൊന്നര മണിക്കൂര്‍ കൊണ്ട്‌ സര്‍ക്യൂട്‌ വരച്ചു. സര്‍ക്യൂട്‌ ഡയഗ്രം സാര്‍ സാക്ഷ്യപ്പെടുത്തിയാലേ പരീക്ഷണം തുടങ്ങാനാവൂ. ഇലക്ട്രോണിക്സ്‌ ലാബിന്റെ മറ്റൊരു പ്രത്യേകത, പ്രവര്‍ത്തനക്ഷമമായ സാമഗ്രികള്‍ മിടുക്കന്മാര്‍ (എന്നുവെച്ചാല്‍ ആദ്യം തന്നെ സര്‍ക്യൂട്‌ ഡയഗ്രം വരച്ച്‌ സാറിനെ സുഖിപ്പിച്ചവര്‍) കൈയ്യടക്കും. അവസാനം വരുന്നവര്‍ക്ക്‌ (എന്നുവെച്ചാല്‍ സര്‍ക്യൂട്‌ ഡയഗ്രം വരച്ച്‌, സാറിന്റെ ചീത്തകേട്ട്‌ മായ്ച്ച്‌ വീണ്ടും വരച്ച്‌ വീണ്ടും ചീത്തകേട്ട്‌ ഒടുക്കം "എവിടെയെങ്കിലും പോയി പണ്ടാരമടങ്ങട്ടെ" എന്നു പ്രാകി സാക്ഷ്യപ്പെടുത്തിക്കിട്ടിയ സര്‍ക്യൂട്‌ ഡയഗ്രമുള്ളവര്‍ക്ക്‌) വല്ല എക്യൂപ്മെന്റും കിട്ടിയാലായി.

ആകെയുള്ള മൂന്നുമണിക്കൂറില്‍ ഒന്നൊന്നര മണിക്കൂര്‍ സര്‍ക്യൂട്‌ വരക്കാനും മറ്റുമായി പോയിക്കിട്ടി. ഇനിയുള്ള സമയംകൊണ്ട്‌ വേണം സര്‍ക്യൂട്‌ അസമ്പ്ല് ചെയ്ത്‌ പരീക്ഷണം തീര്‍ക്കാന്‍.

എങ്ങനെ ശരിയാവാന്‍? സാധാരണ ക്ലാസില്‍ പലരും ചേര്‍ന്ന്‌ മൂന്നുമണിക്കൂര്‍ ചെയ്താല്‍തന്നെ ഫലം കിട്ടാത്ത പരീക്ഷണങ്ങളാണ്‌ ഇലക്ട്രോനിക്സിലുള്ളത്‌. പിന്നല്ലേ ഒറ്റക്ക്‌ ഒന്നരമണിക്കൂര്‍കൊണ്ട്‌? കൈവിറച്ചിട്ട്‌ ഒരുവക അങ്ങിനെയും.

പരീക്ഷ കഴിയുന്ന സമയമായപ്പോള്‍ ജയയും ഫൈസലും പരസ്പരം കണ്ണുകൊണ്ട്‌ കഥകളി കളിച്ചു. പരസ്പരധാരണയായി - സാറിനെക്കണ്ട്‌ ഒന്നഭ്യര്‍ത്ഥിച്ചാലോ?

രണ്ടുപേരും സാറിന്റെ അടുത്തെത്തി; ശ്രദ്ധക്ഷണിച്ചു.

"സാര്‍.. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഇതു സപ്ലിയാണ്‌. ഇത്തവണ ജയിച്ചില്ലെങ്കില്‍ ക്രിട്ടിയാവും. പക്ഷെ പരീക്ഷണം ചെയ്ത്‌ തീര്‍ക്കാനായില്ല. ഞങ്ങള്‍ സര്‍ക്യൂട്‌ ശരിക്കു വരച്ചിട്ടുണ്ട്‌. ഞങ്ങള്‍ ജയിക്കാന്‍ സാധ്യതയുണ്ടോ?"

തലേന്നു രാത്രി റിസര്‍വേഷനില്ലാതെ തീവണ്ടിയിലിരുന്ന്‌ യാത്രചെയ്തതിന്റെ ആലസ്യത്തിലിരുന്ന സാര്‍ പറഞ്ഞ മറുപടി അത്ര വ്യക്തമല്ലായിരുന്നു:

"ചാന്‍സസ്‌ ആര്‍ ...ര്‍ര്‍ര്‍"

ലാബ്‌ മുറിയില്‍നിന്ന്‌ പുറത്തേക്ക്‌ നടന്ന ഫൈസല്‍ സുസ്മേരവദനനായിരുന്നു.

"സാറു പറഞ്ഞു ചാന്‍സസ്‌ ആര്‍ ദേര്‍ എന്നു. നമ്മള്‍ ജയിക്കുമായിരിക്കും, അല്ലേ ജയേ?"

ജയയുടെ മുഖം കറുത്തിരുണ്ടിരുന്നു.

"ഹേയ്‌.. സാര്‍ പറഞ്ഞത്‌ ചാന്‍സസ്‌ ആര്‍ റെയര്‍, സാധ്യത തീരെ കുറവാണ്‌ എന്നാ! കഷ്ടം!"

ഫൈസല്‍ പൊടുന്നനെ നിന്നു. അയ്യോ സത്യമാവാന്‍ വഴിയുണ്ടല്ലൊ. ഇനിയങ്ങിനെയാവുമോ സാറുദ്ദേശിച്ചത്‌? സര്‍ക്യൂട്‌ കാണിക്കാന്‍ ചെന്നപ്പോള്‍ "നീയൊക്കെ എവിടുന്നു വന്നതാ?" എന്നൊരു ഭാവം കണ്ടത്‌ ഓര്‍മ വരുന്നു. കണ്ണില്‍ വെള്ളം നിറയുന്നു.

വാല്‍കഷണം: നാലഞ്ച്‌ മാസത്തിനുശേഷം വന്ന റിസല്‍ടനുസരിച്ച്‌ ജയയും ഫൈസലും ലാബ്‌ പാസായി! ഇപ്പൊ രണ്ട്‌ പേരും അമേരിക്കയിലും യൂകെയിലുമായി ഇലക്ട്രോനിക്സുമായി പുലബന്ധം പോലുമില്ലാത്ത സോഫ്ട്‌വെയര്‍ എഞ്ജിനിയര്‍മാരായി വിലസുന്നു.

Tuesday, November 3, 2009

ബ്ലോഗ്‌ സ്വപ്നങ്ങള്‍

ഒരുപാട്‌ സ്വപ്നങ്ങളോടെയാണു് ചെറുപ്രായത്തില്‍ എഴുത്തു തുടങ്ങിയതു്.

പ്രശസ്തിയായിരുന്നു പ്രധാനം. കഥകള്‍ ഏതെങ്കിലും ആഴ്ചപതിപ്പിലോ മറ്റോ അച്ചടിച്ചു വന്നാല്‍ മതി. വിശേഷാല്‍പ്രതിയിലാണ്‌ വരുന്നതെങ്കില്‍ അത്യുത്തമം. അങ്ങിനെ കുറേ കഴിയുമ്പോള്‍ ഒരു കഥാസമാഹാരം. ഒരു നോവല്‍. സ്വതന്ത്രപുസ്തകം.

ചില്ലറമോഹങ്ങളൊന്നുമില്ല. എന്നു വച്ചാല്‍ ചില്ലറ തടയണം എന്ന മോഹത്തോടെ എഴുതിയിട്ടില്ല.

ഏതായാലും വാരിക എഡിറ്റര്‍മാര്‍ക്ക്‌ മിഥ്യകളൊന്നുമുണ്ടായിരുന്നില്ല. ഒന്നുകില്‍ അവര്‍ക്ക്‌ കഥ മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ അതിന്റെ നിലവാരം കൂടുതലാണു്. രണ്ടായാലും അയച്ചുകൊടുത്ത കഥകളൊക്കെ ശീതനിദ്രയില്‍ തുടര്‍ന്നതല്ലാതെ വായനക്കാര്‍ക്ക്‌ വായിക്കാന്‍ ഭാഗ്യമുണ്ടായില്ല. സുകൃതക്ഷയം!

തുടര്‍ന്നു് ഇടക്കൊക്കെ എഴുതിയിരുന്നെങ്കിലും പുറത്തെടുക്കാതെ കഥകള്‍ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു; ബ്ലോഗുകള്‍ കാണുംവരെ.

ബ്ലോഗിംഗ്‌! അറിയുംതോറും അകലംകൂടുന്ന ഐറ്റം എന്നൊക്കെ ഡയലോഗ്‌ കാച്ചിയാലും സംഭവം ഒരു പ്രതീക്ഷ തന്നെയാണു്. പ്രസാധകരെ കിട്ടാത്ത, സര്‍ഗ്ഗപ്രതിഭ നാലാളെ അറിയിക്കാന്‍ വെമ്പുന്ന എന്നെപ്പോലെയുള്ളവര്‍ക്കുള്ള വാഗ്ദത്ത ഭൂമി.

ബ്ലോഗിങ്ങിന്റെ സാങ്കേതികതലങ്ങള്‍ പഠിച്ചു. കാര്യം നിസ്സാരം. നമ്മള്‍ ഒരു കഥ പ്രസിദ്ധീകരിക്കുന്നു. മറ്റുള്ളവര്‍ അതുവായിച്ച്‌ അഭിപ്രയമിടുന്നു. സാമാന്യം നല്ല വായനക്കാര്‍ ഓരോ ബ്ലോഗനും ബ്ലോഗിയും അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. പലരുടേയും ബ്ലോഗില്‍ കമന്റിടാന്‍ ആളുകള്‍ തമ്മിലടി! കമന്റിയവര്‍ തമ്മില്‍ വാദപ്രതിവാദങ്ങള്‍. പരിഭവങ്ങള്‍. അഭിപ്രായപ്രകടനങ്ങള്‍. കഥാകൃത്തിന്‌ പ്രശസ്തി. പലരും പോസ്റ്റുകള്‍ ഈ-മെയിലില്‍ പലര്‍ക്കും അയച്ചുകൊടുക്കുന്നു. പലതും പുസ്തകരൂപത്തിലിറങ്ങുന്നു. ശ്ശൊ! ആനന്ദലബ്ധിക്കിനിയെന്തെങ്കിലും വേണോ?

പണ്ടെഴുതിവച്ചിരുന്ന കഥകള്‍ പതുക്കെ ബ്ലോഗിലിടാന്‍ തുടങ്ങി. ആദ്യം ഒരെണ്ണമിട്ടു. കൊല്ലങ്ങള്‍ മുന്‍പു ഗവര്‍ണ്‍മെന്റ്‌ ഇന്ധനവില കുത്തനെ കൂട്ടിയപ്പോള്‍ ആക്ഷേപഹാസ്യമായി എഴുതിയതു്. ഇന്നും പ്രസക്തമെന്നെനിക്കു് തോന്നിയ ഒരു കഥ. നാനാദിക്കില്‍ നിന്നും അഭിനന്ദനപ്രവാഹം പ്രതീക്ഷിച്ചു് ഞാന്‍ ഓരോമണിക്കൂര്‍ കൂടുമ്പോഴും ബ്ലോഗ്‌ പോയിനോക്കും. ഒരുത്തനും നോക്കിയതായി തോന്നിയില്ല!

ദിവസം പോകുംതോറും ആശ നശിച്ചു. പിന്നെപ്പിന്നെ, ആദ്യത്തെ പോസ്റ്റല്ലെ, ആളുകള്‍ അറിഞ്ഞുവരുമ്പോള്‍ പതുക്കെ പ്രശസ്തികിട്ടും എന്നുകരുതി. അങ്ങിനെയാണു് പണ്ടു് ഞാന്‍ പറഞ്ഞ്‌ കയ്യടിനേടിയ കഥ രണ്ടാം പോസ്റ്റാക്കാന്‍ തീരുമാനിച്ചതു്.

പണ്ടു് എന്റെ ഫ്രണ്ട്‌ പ്രമോദ്‌ അവന്റെ കസിന്‍ രമ്യയെ യാത്രയാക്കാന്‍ പോകുന്നവഴി എന്നേയും കൂട്ടി. അന്നൊരു നേരമ്പോക്കിനു ഞാനവതരിപ്പിച്ച കഥകേട്ടു് രമ്യക്കു് ചിരിയടക്കാനായില്ലത്രെ! തൃശ്ശൂര്‍ മുതല്‍ ആലുവവരെയുള്ള ദൂരം കഥ ഓര്‍ത്തോര്‍ത്ത്‌ ചിരിച്ച്‌ യാത്രചെയ്ത രമ്യയെ "മരുന്നു കഴിക്കാന്‍ മറന്നതാണോ ചൂട്‌ ഉച്ചക്ക്‌ കൂടിയതാണൊ?" എന്ന്‌ വര്‍ണ്യത്തിലാശങ്കയോടെ ചിലര്‍ നോക്കിയത്രെ. ഇപ്പോഴും എന്നെക്കാണുമ്പോള്‍ രമ്യക്കു് ചിരിവരും. കഥയുടെ ഒരു പവറ്‌!

ആ കഥയാണു് "വരാനുള്ളതു്" എന്നപേരിലിറക്കിയതു്.

അതിനു കുറച്ചു് കമന്റുകള്‍ വന്നു. 2-3 എണ്ണം. നോക്കുമ്പോള്‍ അതൊക്കെ എന്റെ അഭ്യുദയകാംക്ഷികളായ ബന്ധുക്കളുടെയാ. സന്തോഷം തോന്നിയെങ്കിലും മറ്റാരും കണ്ടില്ലല്ലോ എന്ന സങ്കടം പിന്നേയും ബാക്കി.

തുടര്‍ന്നാണു് ബ്ലോഗുകളുടെ ഒരു പ്രായോഗികവശം ഞാനവലോകനം ചെയ്തത്‌. ഒരു കാര്യം മനസ്സിലായി. ബ്ലോഗ്‌ പുലികള്‍ കുറേപ്പേര്‍ ഗള്‍ഫിലാണു്. അവര്‍ ബ്ലോഗുകള്‍ പരതുമ്പോള്‍ പെട്ടെന്നു കിട്ടുവാനായി അവരുടെ അവധിദിവസം നോക്കി അവരുണരുന്ന സമയത്തായി പിന്നെ ബ്ലോഗില്‍ പോസ്റ്റിടല്‍! സംശയം എന്ന കഥ കുറച്ചുപേരൊക്കെ ശ്രദ്ധിച്ചു.

ഇതിനിടയില്‍ എന്റെ പേരൊന്നു് പ്രശസ്തമാക്കാന്‍ അനവധി ബ്ലോഗുകള്‍ കയറിയിറങ്ങി മനസ്സില്‍ പിടിച്ചവക്കൊക്കെ ഞാന്‍ കമന്റിടാന്‍ തുടങ്ങി. ഇനി പോസ്റ്റിട്ടവരോ കമന്റു വായിക്കുന്നവരൊ "ഇവനാരെടാ ചിതല്‍?" എന്നന്വേഷിച്ച്‌ വരാതിരിക്കില്ല എന്ന വിശ്വാസമായിരുന്നു. അങ്ങിനെ കഷ്ടപ്പെട്ടു് (ഞാനും കുറേ സഹായിച്ച്‌) ഒരു 10 കമന്റ്‌ കിട്ടി. ഇരട്ടസംഖ്യ!

അപ്പോഴും ഞാനാഗ്രഹിച്ച പ്രശസ്തിയങ്ങോട്ട്‌ വരുന്നില്ല. ഒടുക്കം ഏതെങ്കിലും പുലികളുടെ ശിഷ്യത്വം സ്വീകരിക്കാണോ എന്നാലോചിച്ചു.

നാട്ടില്‍ അയല്‍ക്കാരനായ രാമന്‍ ആശാരിയാണെങ്കിലും വീട്ടില്‍ കമ്പ്യൂട്ടറുണ്ടു്. നേരിട്ട്‌ ബ്ലോഗെഴുതാറില്ലെങ്കിലും പല പ്രമുഖ ബ്ലോഗര്‍മാരും അവന്റെ സുഹൃത്തുക്കളുമാണ്‌ (ഞാനടക്കം). വാസ്തുപരമായ ബ്ലോഗുകളാണു് അവനധികവും നോക്കുക.

നാട്ടിലുള്ളപ്പോള്‍ ഒരുദിവസം ഉച്ചക്ക്‌ അവന്റെ വീട്ടില്‍ ചെന്നു.

"എന്തൂട്ടാണ്ടാ ഈ വഴിക്ക്‌?" രാമന്‍ കട്ടിളക്ക്‌ ചിന്തേരിടുകയാണ്‌.

"ഡാ, ഞാന്‍ ബ്ലോഗ്‌ തുടങ്ങീന്ന്‌ നിനക്കറിയാലോ. പക്ഷെ വിചാരിച്ചോണം കമന്റ്‌ കിട്ടുന്നില്ല. ന്തൂട്ടാ ചെയ്യാ?"

രാമന്‍ ചിന്തേരിടല്‍ നിര്‍ത്തി. "ങ്‌ട്‌" ന്ന്‌ തലയാട്ടി അടുത്തേക്കു വിളിച്ചു. തുടര്‍ന്ന്‌ ബ്ലോഗ്‌രഹസ്യം എനിക്ക്‌ പകര്‍ന്നു.

"ഡാ, ബ്ലോഗ്‌ല്‌ കമന്റ്‌ കിട്ടാന്‍ ഒന്നേ ചെയ്യണ്ടു. ഇടുന്ന പോസ്റ്റ്‌ നല്ല സ്റ്റാന്‍ഡര്‍ഡ്‌ണ്ടെങ്കില്‌ കമന്റ്‌ തന്നെ വരും!"

ചവിട്ടി അവന്റെ നടുവൊടിച്ച്‌ വധശ്രമത്തിനു് ജയിലില്‍ പോണോ കാഷായമുടുത്തു് കാശിക്കുപോണോ എന്ന്‌ ആലോചിച്ച്‌ നിന്നപ്പോള്‍ സൈക്കിളിന്റെ പഞ്ചറൊട്ടിക്കാന്‍ അവന്‍ പുറത്തേക്കുപോയി.

എന്നാലിനി ആപ്പീസിലുള്ളവരെ കയ്യിലെടുക്കാം എന്നു വിചാരിച്ചു.

എന്റെ തൊട്ടടുത്തിരിക്കുന്നത്‌ ഒരു തിരുവനന്തപുരത്തുകാരിയാണു്. പാവം. എന്നും 12 മണിക്കൂറെങ്കിലും പണിയെടുക്കും. പണിയെടുത്തു നടുവൊടിഞ്ഞെന്നു് പലരോടും ഫോണില്‍ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. ഇങ്ങിനെ പണിയെടുക്കരുതെന്ന്‌ ഞാന്‍ ഉപദേശിച്ചിട്ടുമുണ്ട്‌.

ആ കുട്ടിയെ പതുക്കെ അനുഭാവിയാക്കണമെന്ന്‌ ഞാന്‍ തീരുമാനിക്കുന്നു. ജോലിചെയ്ത്‌ തളര്‍ന്നിരിക്കുന്ന ഒരു വൈകുന്നേരം ഞാനാ കുട്ടിയെ സമീപിച്ചു.

"എന്തേയ്‌ ജോലി വളരെ അധികാ?" തുടര്‍ന്ന്‌ ജോലിയെപ്പറ്റി അരമുക്കാല്‍ മണിക്കൂര്‍ പ്രഭാഷണം. ഒടുവില്‍ ഞാനെന്റെ ബ്ലോഗിനെപ്പറ്റി പറഞ്ഞു.

"ജോലിചെയ്ത്‌ ബോര്‍ അടിച്ചിരിക്കുമ്പൊ വായിച്ചാല്‍മതി. ചിലപ്പൊ ഒരശ്വാസമായേക്കും"

കണ്ണുകള്‍ വിടര്‍ത്തി ആകുട്ടി മറുചോദ്യം ചോദിച്ചു.

"അപ്പൊ ബ്ലോഗ്‌ വായിച്ച്‌ ബോര്‍ അടിച്ചാല്‍ എന്തുചെയ്യണം?"

അതും ചീറ്റി.

ഒപ്പം ഊണുകഴിക്കാന്‍ വരാറുള്ള, കാമ്പസ്സിലുള്ള അമുല്‍ ഐസ്ക്രീം പാര്‍ലറിനു് ഒരു സ്ഥിരവാഗ്ദാനമായ അമൂല്യയെ സമീപിച്ചു. അപ്പോഴേക്കും പോസ്റ്റുകളുടെ എണ്ണം അഞ്ചായിരുന്നു.

ബ്ലോഗ്‌ വായിച്ച അന്നുച്ചക്ക്‌ അമൂല്യ ചിരിച്ചുകൊണ്ട്‌ വന്നു.

"എടാ, നിന്റെ പോസ്റ്റ്‌ വായിച്ചു - റാഗിംഗ്‌ പാരയായപ്പോള്‍. പക്ഷെ ഇഷ്ടായത്‌ പോസ്റ്റില്‍ നീ കൊടുത്തിരുന്ന ആ രണ്ട്‌ ലിങ്കില്ലെ? ആ പോസ്റ്റുകളായിരുന്നു കിടിലന്‍"

ദൈവമെ, എന്തൊരു പരീക്ഷണം?

പെണ്ണുങ്ങള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന്‌ കരുതി അടുത്തത്‌ പഞ്ചുണ്ണിയെ പിടിച്ചു. മൂപ്പര്‌ സാത്വികനാ.

"വായിച്ചിട്ട്‌ അഭിപ്രായം പറയാം"

"വേണ്ട. അഭിപ്രായം കമന്റ്‌ രൂപത്തിലിട്ടാല്‍ മതി"

"ഓഹൊ, പറഞ്ഞ്‌ കമന്റിടീക്കുകയൊ? എങ്കില്‍ കമെന്റില്‍ പലതും വരുംട്ടൊ! കമെന്റിടണംന്ന്‌ തീര്‍ച്ചയാ?"

"വേണ്ട. ഇത്രയും മതി"

കേട്ടുനിന്ന അമൂല്യ ചോദിച്ചു:

"അല്ലെടാ, നിനക്കുതന്നെ ഒരു 4-5 ഐ.ഡി. ഉണ്ടാക്കി നിന്റെ പോസ്റ്റില്‍ കമെന്റിട്ടാല്‍ പോരെ?"

ഹും! അതിനല്ലെ ഇത്രേം ബുദ്ധിമുട്ടി കഥയെഴുതിയത്‌?

ആകെ നിരാശ ബാധിച്ചിരിക്കുമ്പോഴാണു് പുതിയ ഒരുത്തന്‍ രംഗപ്രവേശം ചെയ്തത്‌.

സുമുഖന്‍. ശുഭ്രവസ്ത്രധാരി. പാവം. വെറുതെ മണ്ണുംചാരി നില്‍ക്കുന്ന ടൈപ്‌. സര്‍വോപരി മലയാളി. ടീമിലെ പുതിയ അംഗമാണു്.

കിട്ടിയപാടെ കോണ്‍ഫറന്‍സ്‌ റൂമില്‍ കൊണ്ടിരുത്തി. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ബ്രാഹ്മണനാ. ജോലിസംബന്ധമായ ചര്‍ച്ചകള്‍ക്കൊടുവില്‍ പതുക്കെ എന്റെ കാര്യത്തിലേക്കു് കടന്നു. ഒരു ഓപണിങ്ങ്‌ വേണമല്ലോ.

"ഒഴിവുസമയത്ത്‌ എന്തുചെയ്യും? ബ്ലോഗുകളൊക്കെ നോക്കാറുണ്ടോ?"

"സാര്‍! സ്ഥിരമായി നോക്കാറുണ്ട്‌!"

ഞാനൊന്ന്‌ ഞെളിഞ്ഞിരുന്നു. അടുത്തവാക്യം അവതരിപ്പിക്കുന്നതിനു തയ്യാറെടുത്തപ്പൊഴേക്ക്‌ അവന്‍ തുടര്‍ന്നു.

"സാര്‍! അത്‌ മാത്രമല്ല, ഞാന്‍ ബ്ലോഗ്‌ എഴുതാറുമുണ്ട്‌. ഇതുവരെ ഒരു പത്തിരുപത്തിരണ്ട്‌ പോസ്റ്റിട്ടിട്ടുമുണ്ട്‌. ശരാശരി ഒരു 30-35 കമന്റ്‌ വീതം കിട്ടും. സാധിച്ചാല്‍ ചിലപോസ്റ്റുകള്‍ ചേര്‍ത്ത്‌ പുസ്തകരൂപത്തിലിറക്കണമെന്നുണ്ട്‌. സാര്‍! സാര്‍? എന്താ ആലോചിക്കുന്നത്‌?"

അവനോട്‌ പൊയ്ക്കൊള്ളാന്‍ കണ്ണുകൊണ്ടാംഗ്യം കാണിച്ച്‌ താടിക്ക്‌ കയ്യുംകൊടുത്തു് കുറച്ചുനേരം അവിടെയിരുന്നു. വെറുതെ. പ്രത്യേകിച്ചിനി ഒന്നും ചെയ്യാനില്ലല്ലൊ.