Sunday, July 29, 2012

ടിക്കറ്റ് ചെക്കിങ്‘യാത്രകൾ നല്ല ഗുരുക്കന്മാരാണു്; മറക്കാനാവാത്ത അനുഭവങ്ങൾ അവ സമ്മാനിക്കുന്നു’ എന്നു് പറഞ്ഞതാരാവും എന്നറിയില്ല. എങ്കിലും അതു് സത്യമാണെന്നു് എനിക്കു് പലപ്പോഴും തോന്നിയിട്ടുണ്ടു്.

യാത്രകൾ തരുന്ന അനുഭവസമ്പത്തു് നമുക്കു് നേരിടേണ്ടിവരുന്ന സന്ദർഭങ്ങൾ മുഖാന്തിരം തന്നെ വേണമെന്നില്ല. ചിലപ്പോൾ സഹയാത്രികരുടെ അനുഭവങ്ങളാവാം. മറ്റു ചിലപ്പോൾ ആരെങ്കിലും പറയുന്ന കഥകളാവാം. ഏതായാലും ഒന്നു് സത്യമാണു്. മിക്ക യാത്രകളും നല്ല ഗുരുക്കന്മാരാണു്. അനുഭവങ്ങൾ മറ്റുള്ളവരുടേതാകുമ്പോൾ നിർമമതയോടെ മാറിനിന്നു് അവ ചുരുളഴിയുന്ന മുറക്കു് നോക്കിക്കാണുന്ന ഒരുതരം “ക്രൂരത”യിലേക്കു് ചിലപ്പോൾ നമ്മെ നയിക്കാറുണ്ടെങ്കിലും.

തീവണ്ടിയിൽ വച്ചു് ശീട്ടുകളിക്കുകയും പോലീസ് പിടിച്ചു് പെറ്റിക്കേസ് ചാർജ്ജ്‌ ചെയ്യുമെന്നു് പറഞ്ഞപ്പോൾ “പെറ്റിയടിക്കുന്നതു് ശീട്ടുകളിച്ചതുകൊണ്ടാക്കണ്ട; എന്റെ കൂടെ പോരെ; കൂടുതൽ വകുപ്പുണ്ടാക്കിത്തരാം” എന്നും പറഞ്ഞ സഹയാത്രികനെ ഓർമ്മ വരുന്നു. മറ്റൊരിക്കൽ ചില സഹയാത്രികർ തമ്മിൽ നടത്തിയ സംഭാഷണം “സംശയം” എന്ന പേരിൽ ഞാൻ മുമ്പു് പോസ്റ്റിയിട്ടുമുണ്ടു്.

ഇത്തവണയും പറയാൻ പോവുന്നതു് ഒരു തീവണ്ടി യാത്രയുടെ കഥയാണു്.

കുറച്ചുകാലം മുമ്പു് ബാംഗ്ലൂരിൽ നിന്നു് തൃശ്ശൂർക്കു് വരുന്നു. നാട്ടിലേക്കുള്ള ഇത്തരം യാത്രകളിൽ സ്വതവേ പാലക്കാടു് കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പറ്റാറില്ല. നാട്ടിലെത്തുന്ന ആവേശത്തിലായിരിക്കും. കേരളത്തിന്റെ ഹരിതാഭയും മഴക്കാലമാണെങ്കിൽ നനഞ്ഞുകിടക്കുന്ന ഭൂമിയും നിളയും ആസ്വാദ്യമായ കാഴ്ചയാണു്; പ്രവാസികൾക്കു് പ്രത്യേകിച്ചു്.

ഇത്തവണയും അതിരാവിലെ പാലക്കാട്ടെത്തിയപ്പോൾ ഉണർന്നതാണു്. ബെർത്തിൽ നിന്നിറങ്ങി. സഹയാത്രികർ നല്ല ഉറക്കം.

കുറച്ചുസമയം കേരളം ആസ്വദിക്കാം. ഒഴിഞ്ഞുകിടന്ന സൈഡ് ബെർത്തിലേക്കു് മാറിയിരുന്നു. ട്രെയിൻ സ്റ്റേഷൻ വിട്ടു് ഓടിത്തുടങ്ങിയിരിക്കുന്നു. അടുത്ത സ്റ്റേഷൻ ഒറ്റപ്പാലം. അതു കഴിഞ്ഞു് വടക്കാഞ്ചേരി, പിന്നെ തൃശ്ശൂർ. ഈ ഭാഗത്തെ ഓരോ നിമിഷത്തെ കാഴ്ചകളും സാമാന്യം പരിചയമുള്ളവ തന്നെ.

ബാഗ് തുറന്നു. ബ്രഷ്-പേസ്റ്റ്-ചീപ്പു്-രാസ്നാദിപ്പൊടി എന്നിവയടങ്ങിയ പൊതി പുറത്തെടുത്തു. തല്ക്കാലം മുടി ഒന്നു് ചീകി. കുറച്ചുസമയം ബെർത്തിൽ കാൽ നീട്ടിവച്ചു് ഇരുന്നു. ബാക്കിയുള്ളവർ ഇപ്പോഴും ഉറക്കം തന്നെ.

ഒറ്റപ്പാലത്തു് വണ്ടി നിർത്തിയപ്പോൾ 3-4 വിദ്യാർത്ഥികൾ കോച്ചിൽ കയറി. റിസർവേഷൻ കോച്ചിൽ സാധാരണ ടിക്കറ്റുമായി കയറിപ്പറ്റുന്ന ഇത്തരക്കാരെ പൊതുവേ എനിക്കിഷ്ടമല്ല. ഇവരുടെ ശീലം എന്നുപറയുന്നതു്, കിട്ടുന്ന സ്ഥലത്തൊക്കെ ഇരിപ്പുറപ്പിക്കും. ഉറക്കെ വർത്തമാനം തുടങ്ങും. ചിലപ്പോൾ മൊബൈലിലാവും. ചർച്ചാവിഷയം രാഷ്ട്രീയമാണെങ്കിൽ പറയുകയും വേണ്ട. ഉറങ്ങുന്നവരെ മുഴുവൻ ഉണർത്തും.

പതിവു് തെറ്റിയില്ല. പയ്യന്മാരിൽ രണ്ടുപേർ എന്റെ അടുത്തും മറ്റുരണ്ടു പേർ എതിരെയുള്ള ബെർത്തിലും ഇരുന്നു് വർത്തമാനം തുടങ്ങി. എനിക്കാണെങ്കിൽ അരോചകത്വവും തുടങ്ങി.

ഇനിയിപ്പൊ എന്തു ചെയ്യും എന്നാലോചിച്ചിരിക്കുമ്പോഴാണു് ആ വാർത്ത കേട്ടതു്:

തീവണ്ടിയിൽ ടിക്കറ്റ് സ്ക്വാഡ് കയറി പരിശോധന നടത്തുന്നു!

ടിക്കറ്റെടുക്കാത്തവരേയും സാധാരണ ടിക്കറ്റെടുത്തു് റിസർവേഷനുള്ള കംപാർട്ടുമെന്റിൽ യാത്രചെയ്യുന്നവരേയും തെരഞ്ഞുപിടിക്കലാണു് ഇവരുടെ ഉദ്ദേശ്യം. അത്തരക്കാർ ഫൈൻ അടക്കേണ്ടിവരും. എനിക്കു് സന്തോഷമായി. ഒപ്പം ശല്യക്കാർ വിദ്യാർത്ഥികൾക്കു് പരിഭ്രമവും.

“അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തുമ്പൊ ഇറങ്ങാം; അതിനിടക്കു് സ്ക്വാഡ് ഈ കോച്ചിൽ എത്തിയില്ലെങ്കിൽ” - ഒരാൾ പറഞ്ഞു.

എനിക്കു് തെല്ലു് നിരാശ തോന്നി. ഒപ്പം സ്ക്വാഡ് എത്രയും പെട്ടെന്നു് ഇവിടെയെത്തണേ എന്നു് മനസ്സിൽ പറയുകയും ചെയ്തു.

എന്റെ പ്രാർത്ഥന ഫലിച്ചെന്നു് പറഞ്ഞാൽ മതിയല്ലൊ. കോച്ചിന്റെ ഒരറ്റത്തു് അവരെത്തിക്കഴിഞ്ഞു. ഞങ്ങളുടെ അടുത്തെത്താൻ പത്തുമിനുട്ടിൽ കൂടുതൽ വേണ്ട.

ഞാനെഴുന്നേറ്റു് ടോയ്ലെറ്റിലേക്കു് നടന്നു. സ്ക്വാഡ് എത്തുമ്പോൾ നടക്കാൻ പോകുന്ന തമാശ അല്ലലില്ലാതെ കാണണം.

മൂത്രമൊഴിച്ചു് ടോയ്ലെറ്റിനു പുറത്തു കടന്നപ്പോൾ വിദ്യാർത്ഥികളിൽ ഒരുവൻ കോച്ചിന്റെ വാതിൽക്കൽ നില്ക്കുന്നു. ‘ട്രെയിനിൽ നിന്നു് ചാടാനുള്ള പ്ലാനാണോ? നടക്കില്ല മോനെ, നിന്റെ കാര്യം പോക്കാ!’ എന്നു് മനസ്സിൽ ചിരിച്ചു് ഞാൻ തിരിച്ചു് സീറ്റിലെത്തി. അതേ സമയത്തു് സ്ക്വാഡും എത്തി ചെക്കിംഗ് തുടങ്ങി. അവിടെയുണ്ടായിരുന്ന മൂന്നു് വിദ്യാർത്ഥികളേയും അവർ പിടിച്ചു. ഭീകര ഫൈനടക്കാൻ പറഞ്ഞപ്പോൾ വിദ്യാർത്ഥികൾ അവരുടെ കാൽക്കൽ വീണു് കേണു. ഉച്ചക്കു് ഊണുകഴിക്കാനുള്ള കാശുമാത്രമേ തങ്ങളുടെ പക്കലുള്ളു എന്നൊരുത്തൻ പറഞ്ഞപ്പോൾ, ചെയ്യുന്ന ജോലിയോടു് ആത്മാർത്ഥതയില്ലാത്ത സ്ക്വാഡിന്റെ മനസ്സലിഞ്ഞു. ഇനി ഇതാവർത്തിക്കരുതെന്നു് താക്കീതും കൊടുത്തു് അവർ നടന്നു് നീങ്ങി.

ഞാനാകെ ഐസായി എന്നു് പറഞ്ഞാൽ മതിയല്ലൊ. ടിക്കറ്റ് സ്ക്വാഡിനെക്കുറിച്ചു് എനിക്കുണ്ടായിരുന്ന മതിപ്പൊക്കെ നിമിഷനേരം കൊണ്ടു് ഇല്ലാതായി. വിദ്യാർത്ഥികളാണെങ്കിൽ ഒന്നും സംഭവിക്കാത്തമട്ടിൽ ഉറക്കെയുള്ള വർത്തമാനം പുനരാരംഭിച്ചിരിക്കുന്നു.

അപ്പോഴേക്കും നേരത്തേ വാതിൽക്കൽ നിന്നിരുന്ന നാലാമനും അവിടെ എത്തിച്ചേർന്നു. അവനെ കൂട്ടുകാർ സ്വീകരിച്ചിരുത്തി. അതിവിദഗ്ദ്ധമായി സ്ക്വാഡിനെ നേരിട്ട കഥ അവനു് വിവരിച്ചു. അവനാ കഥ കേട്ടു് കൈകൾ തലക്കുപിന്നിൽ കെട്ടി പിന്നോട്ടാഞ്ഞു് ഒന്നു് ചിരിച്ചു.

“അല്ല, ആ സമയത്തു് നീയെങ്ങോട്ടു് പോയി? അവന്മാരു് നിന്നെ പിടിച്ചില്ലല്ലോ?”

“ഹും! അതിനു് സ്ക്വാഡ് രണ്ടാമതു് ജനിക്കണം!”

“നീയെന്തു് ചെയ്തു?”

“അതോ? സ്ക്വാഡ് വരുന്നതുകണ്ടു് ഞാൻ വാതിലിനടുത്തേക്കു് ചെന്നു. അവർ അടുത്തെത്തുന്നതിനുമുമ്പു് ഞാൻ ഭേഷായിട്ടു് പല്ലുതേക്കാൻ തുടങ്ങി! അവർ വന്നു് ടിക്കറ്റ് ചോദിച്ചപ്പോൾ `അച്ഛന്റേയും അമ്മയുടേയും അടുത്താണു്, സാർ ചെക്ക് ചെയ്തുകാണും‘ എന്നു് പറഞ്ഞു. പിന്നെ, ഇന്നലെ രാത്രി കയറിയവരല്ലേ രാവിലെ വണ്ടിയിൽ പല്ലുതേക്കേണ്ടതുള്ളു, ഇന്നു രാവിലെ വണ്ടിയിൽ കയറിയവർ വണ്ടിയിൽവച്ചു് ഏതായാലും പല്ലുതേക്കില്ലല്ലോ എന്നൊക്കെ വിചാരിച്ചു് കൂടുതലൊന്നും ചോദിക്കാതെ അവരങ്ങു് പോയി!”

കൂട്ടുകാർ അവനെ കെട്ടിപ്പിടിച്ചു. നാലുപേരും ആവോളം ചിരിച്ചു. ചിരി അടങ്ങിയപ്പോൾ ഒരുത്തൻ ചോദിച്ചു:

“ആ സമയത്തു് പല്ലുതേക്കാൻ നീയെവിടുന്നാ ടൂത്ത്‌ബ്രഷ് സംഘടിപ്പിച്ചതു്?”

“അതു് ഇവിടെ കിടന്നിരുന്ന ബ്രഷും പേസ്റ്റും ഞാനങ്ങു് എടുത്തു. അത്രതന്നെ! ആരുടെയാ എന്നൊന്നും നോക്കാൻ നിന്നില്ല!”

ഞാൻ സൂക്ഷിച്ചു് നോക്കി. ആ കശ്മലൻ ഉയർത്തിക്കാണിക്കുന്ന ടൂത്ത്‌ബ്രഷ്.. ഈശ്വരാ! അതു് എന്റെയല്ലേ?

അതെ...