Thursday, July 15, 2010

ഒരാഴ്ച - 3


"കൊലയാളിയും തെളിവും അന്വേഷണത്തിന്റെ അന്ത്യവും"


(ഒന്നാം ഭാഗവും രണ്ടാം ഭാഗവും വായിച്ചിരിക്കുമല്ലോ?)

SP: "വരൂ. ഫോറൻസിക്‌ ലാബിൽ നിന്നുള്ള റിപ്പോർട്‌ വന്നു. നിങ്ങളൂഹിച്ച മാതിരി സിഗററ്റിൽ തന്നെയായിരുന്നു വിഷക്കൂട്ടു്. ആട്ടെ, ഏറ്റെടുത്ത കാര്യമെന്തായി? നിങ്ങൾക്കെന്തങ്കിലും തുമ്പു് കിട്ടിയോ?"

DySP: "ഉവ്വു് സാർ. ഈ കേസിൽ ഒന്നൊഴികെയുള്ള എല്ലാ തുമ്പുകളും എനിക്കു് കിട്ടിക്കഴിഞ്ഞു. കൊലയാളി ആരെന്നും വ്യക്തമാണു്. എന്റെ സംശയങ്ങൾ എന്നെ എങ്ങിനെ ഇവിടെയെത്തിച്ചു എന്നതു് ഞാൻ പറയുന്നതിനു മുൻപു് സർ ഈ ഡയറിയൊന്നു് വായിക്കണം. സോമന്റെ ജ്യേഷ്ഠന്റെ കയ്യിൽ നിന്നു് ഞാൻ കണ്ടെടുത്ത ഡയറി. മുഴുവൻ പേജുകൾ വായിക്കണമെന്നില്ല. ഞാൻ ചില പേജുകൾ അടയാളപ്പെടുത്തിയിട്ടുണ്ടു്. അതിൽ അടിവരയിട്ട ഭാഗം മാത്രം വായിച്ചാൽ മതിയാകും"

SP കറുത്തു് തടിച്ച ഡയറി കയ്യിലെടുത്തു. അതിലെ വടിവൊത്ത അക്ഷരങ്ങൾ തെളിഞ്ഞു.

കൊ.വ. 1138 ചിങ്ങം 3

...പറഞ്ഞു് ഞാനിന്നു് സത്യന്റേയും ശാരദയുടേയും ഇപ്പോഴത്തെ അഡ്രസ്‌ മനസ്സിലാക്കി. ഇല്ല. വർഷമിത്ര കഴിഞ്ഞിട്ടും എനിക്കതൊന്നും മറക്കാനാവില്ല. ഒരാൾക്കു് താങ്ങാവുന്നതിലപ്പുറം സങ്കടം അവരിരുവരും എനിക്കു് തന്നിട്ടുണ്ടു്. എന്നാൽ അതിലൊന്നും അവരൊരിക്കലും പശ്ചാത്തപിച്ചിരുന്നതായി എനിക്കു് തോന്നിയിട്ടില്ല. അവർക്കു് എന്തു് ശിക്ഷയാണു് മതിയാവുക? എന്റെ ജീവിതം തൊലച്ച ദ്രോഹികൾ...

കൊ.വ. 1138 ചിങ്ങം 28

ഞാൻ തീരുമാനിച്ചുകഴിഞ്ഞു. മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും അവരിരുവരും അർഹിക്കുന്നില്ല. ശാരദ സത്യനെ അപേക്ഷിച്ചു് ചെയ്ത തെറ്റു് കുറവായിരിക്കാം. എന്നാൽ മാനസികമായി എന്നെ കൂടുതൽ പീഢിപ്പിച്ചതവളാണു്...

കൊ.വ. 1138 കന്നി 7

സത്യനു് കത്തെഴുതി പോസ്റ്റ്‌ ചെയ്തു. വിശേഷങ്ങൾ മാത്രമേ ചോദിച്ചുള്ളു. പഴയതൊന്നും അവനോർക്കാൻ വഴിയില്ല. അവന്റെ ഫോൺ നംബർ അയച്ചുകിട്ടിയാൽ നേരിട്ടു് വിളിക്കാം. അല്ലെങ്കിൽ അവനു് വീണ്ടും കത്തെഴുതാം..

കൊ.വ 1138 കന്നി 18

..ശാരദക്കു് വേണ്ടി ഞാൻ തയ്യാറാക്കിയിരിക്കുന്നതു് strychnine കൊണ്ടുള്ള മരണമാണു്. മരണം അവൾക്കു് കൈപ്പേറിയ അനുഭവമാകട്ടെ. എന്നാൽ ഏറ്റവും ദുഃസ്വാദുള്ള ആ വസ്തു അവളെക്കൊണ്ടു് കഴിപ്പിക്കുക അസാധ്യമാവും. അതിനു് ഞാനൊരു വഴി കണ്ടിട്ടുണ്ടു്. കാപ്സ്യൂളിൽ ഈ പൊടിയിട്ടു് നൽകുകയാണു് ഉത്തമം. ഒരു മരുന്നെന്ന നിലക്കു് അവൾ അറിയാതെ അതു് കഴിക്കണം. വരട്ടെ. അവൾ എത്തിയാൽ എന്തെങ്കിലും കാരണം പറഞ്ഞു് അവളെ കാപ്സ്യൂൾ തിന്നാനേൽപ്പിക്കണം. എന്തു് കാരണവുമാവാം. മുഖത്തു് വിളർച്ചയുണ്ടെന്നും പറഞ്ഞു് കൊടുക്കാം. പിന്നെ ഒരു 10 കാപ്സ്യൂൾ കൊടുക്കുമ്പോൾ ഒന്നിൽ മാത്രമേ വിഷം നിറക്കാവു. അല്ലെങ്കിൽ വന്നയുടനെ അവൾ മരിക്കും. എനിക്കു് രക്ഷപ്പെടാൻ സമയം കിട്ടില്ല. മാത്രമല്ല എന്തെങ്കിലും സംശയം തോന്നി അന്വേഷണമുണ്ടായാൽ ഞാൻ പെട്ടെന്നു് അകപ്പെടരുതു്. പക്ഷെ സത്യന്റെ മരണം .. അതെങ്ങിനെ നടത്തും?

1138 തുലാം 4

... ഇല്ല. Epsom salt വെച്ചുള്ള പരീക്ഷണം പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണു്..

.. സത്യന്റെ മറുപടി വന്നു. ഫോൺ നംബർ തന്നിട്ടുണ്ടു്. ആ വൃത്തികെട്ടവനുമായി ഞാൻ സംസാരിച്ചു. ഈ മലമുകളിലാണു് ഞാനെന്നറിഞ്ഞപ്പോൾ അവനു് ഇങ്ങോട്ടു് വരാൻ ആഗ്രഹമുണ്ടത്രെ! വരട്ടെ. അവനെ അവിടെ പോയി കൊല്ലുന്നതിലും നല്ലതു് ഇവിടെ വരുത്തി കൊല്ലുന്നതാണു്...

1138 തുലാം 11

...സത്യനും ശാരദയും അടുത്ത മാസം വരുമത്രെ. ഇതുവരെ സത്യനെ കൊല്ലാനുള്ള പദ്ധതി ശരിയായില്ലല്ലോ...

1138 തുലാം 14

..മതി. ശാരദക്കു് കൊടുക്കുന്ന vitamin കാപ്സ്യൂൾ തന്നെ സത്യനും കൊടുക്കാം. ചാവട്ടെ രണ്ടും..

1138 തുലാം 19

..പുതിയ ഒരു തന്ത്രം കിട്ടിയിട്ടുണ്ടു്..

1138 തുലാം 22

.. അതെ. അതുമതി. സിഗററ്റിൽ മെർക്യൂറിക്‌ സൈനൈഡ്‌. ചൂടു് തട്ടുമ്പോൾ ഹൈഡ്രജൻ സൈനൈഡും മെർക്ക്യുറി വേപ്പറും ഉണ്ടാകും. നേരെ ശ്വാസകോശത്തിൽ.. ഭും! ഒരു നിമിഷം മതി..

1138 തുലാം 28

സുകുമാരന്റെ തെങ്ങിൻതോപ്പിനിടക്കുള്ള പുരയിടം വാടകക്കെടുത്തിട്ടുണ്ടു്. ഒരാഴ്ച അവർക്കവിടെ താമസിക്കണമത്രെ. ഒരു കാര്യം വ്യക്തം. പഴയതൊന്നും അവർക്കോർമ്മയില്ല. വേണ്ട. അതാണു് നല്ലതു്. അന്ത്യനിമിഷത്തിലും അവർ അറിയാതിരിക്കട്ടെ, എന്തിനാണവർ മരിക്കുന്നതെന്നു്...

1138 വൃശ്ചികം 3

..ഒരാഴ്ചക്കുള്ളിൽ അവരെത്തും. ഞാനാലോചിക്കാഞ്ഞ കാര്യം, സിഗററ്റിൽ എങ്ങിനെ വിഷം നിറക്കും എന്നാണു്. മെർക്യൂറിക്‌ സൈനൈഡ്‌ ലായനിയാണു്. ഒരു സിറിഞ്ജിൽ നിറച്ചു് സിഗററ്റിൽ ചേർക്കാനാകുമോ ആവോ. നാളെ പരീക്ഷിക്കാം..

1138 വൃശ്ചികം 8

..എല്ലാം ശരിയായി. അവരെത്തുന്നതിന്റെ അടുത്ത ദിവസം മദ്രാസിലുള്ള കോൺഫറൻസിന്റെ പേരു് പറഞ്ഞ്‌ഉ് രക്ഷപ്പെടണം. മിനിയാന്നു് എറണാകുളത്തുനിന്നു് എന്റെ തന്നെ പേരിൽ ആശുപത്രിയിലേക്കു് റജിസ്റ്റേർഡ്‌ പോസ്റ്റയച്ചിട്ടുണ്ടു്; മദിരാശിയിൽ കോൺഫറൻസ്‌ എന്നു പറഞ്ഞു്. അതു് പറഞ്ഞു് അവർ എത്തുന്നതിന്റെ അടുത്ത ദിവസം തന്നെ മുങ്ങണം.

DySP: "സർ, ഇവിടെ ഒരൽപം വിശദീകരണം ആവശ്യമാണു്. മെർക്യൂറിക്‌ സയനൈഡ്‌ ഒരു antiseptic ആയി അപൂർവമായി ഉപയോഗിക്കാറുണ്ടു്. ഏതാണ്ടു് 320 ഡിഗ്രിയിൽ അതു് വിഘടിച്ചു് മെർക്കുറിയും ഹൈഡ്രജൻ സയനൈഡും ഉണ്ടാകും. ഇവ രണ്ടും ശരീരത്തിനു് ഹാനികരമാണു്. ഒരു സിഗററ്റ്‌ കത്തുമ്പോൾ 400 മുതൽ 700 ഡിഗ്രി വരെ ചൂടുണ്ടാകും. അതായതു് സിഗററ്റിൽ മെർക്കൂറിക്‌ സയനൈഡ്‌ ഉണ്ടെങ്കിൽ സിഗററ്റ്‌ കത്തിച്ചുവലിക്കുന്നതിനിടയിൽ ഒരാൾക്കു് മരിക്കാം!"

"അതുപോലെ ശാരദ മരിച്ചതു് എങ്ങിനെയെന്നു് വ്യക്തമാണു് സർ. സോമൻ മുൻകൂട്ടി തയ്യാറാക്കിയിരുന്ന കാപ്സ്യൂളുകൾ ശാരദ തന്നെ ടെന്നിസ്‌ എൽബോയുടെ കാര്യം പറഞ്ഞു് വാങ്ങിയതായി നസീർ പറഞ്ഞു. ചുരുക്കത്തിൽ ഡോക്ടരെ സംബന്ധിച്ചിടത്തോളം അവരുടെ ചികിൽസക്കുള്ള സമീപനം തേടിയ വള്ളി കാലിൽ ചുറ്റിയ അനുഭവമായി"

SP: "വിചിത്രമായിരിക്കുന്നു! മരിച്ചുപോയ ഒരാൾ ദിവസങ്ങൾ കഴിഞ്ഞു് കൊല നടത്തുക! അതും രണ്ടു കൊല. അസാധ്യം! നിങ്ങളിതെങ്ങിനെ കണ്ടുപിടിച്ചു? എന്തൊക്കെയാണു് അതിനു് സഹായിച്ച ഘടകങ്ങൾ?"

DySP: "സാർ ശ്രദ്ധിച്ചു കേൾക്കണം. ആദ്യത്തെ ദിവസം സോമൻ അതിഥികളെ കൂട്ടാൻ വരുമ്പോൾ കൈയ്യിൽ മെഡിക്കൽ ബാഗുണ്ടായിരുന്നതായി സുകുമാരൻ പറഞ്ഞിരുന്നു. സുഹൃത്തുക്കളെ കാണാൻ വരുന്നയാൾ മെഡിക്കൽ ബാഗ്‌ കൈയിൽ കരുതുന്നതെന്തിനു്? പാമ്പുകടിയേറ്റ ശേഷം നസീർ ആ ബാഗ്‌ ആശുപത്രിയിൽ മറന്നുവെക്കുകയായിരുന്നു. അതിനുള്ളിൽ നിന്നു് കണ്ടെടുത്ത സിറിഞ്ജിൽ മെർക്യൂറിക്‌ സയനൈഡിന്റെ അംശം ഫോറൻസിക്കുകാർ കണ്ടെത്തിക്കഴിഞ്ഞു"

"മറ്റൊന്നു്, നമ്മൾ സംശയിച്ച പോലെ സുകുമാരന്റേയും നസീറിന്റേയും അപരിചിതത്വമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സത്യനും ശാരദയും വെറും രണ്ടു മനുഷ്യർ. അവരോടു് വിരോധം തോന്നേണ്ട കാര്യം ഇരുവർക്കുമില്ല"

"മൂന്നു് - വിഷക്കൂട്ടുകൾ. Strychnine അപൂർവമായി ചില മിശ്രിതങ്ങളിൽ ഉറക്കമരുന്നായി ഉപയോഗിക്കാറുണ്ടെന്നു് അന്വേഷണത്തിൽ വ്യക്തമായി. അതുപോലെ മെർക്ക്യൂറിക്‌ സയനൈഡും. ഇവ രണ്ടും അനായാസമായി ലഭിക്കുകയും കൈകാര്യം ചെയ്യുകയും ഉണ്ടെങ്കിൽ അതൊരു ഡോക്ടറാവാനാണു് സാധ്യത"

"നാലു്, സത്യനേയും ശാരദയേയും ഡോക്ടർ വിളിച്ചുവരുത്തുകയായിരുന്നു. അയാൾക്കു് മാത്രമേ വരുന്നവരെക്കുറിച്ചു് അറിവുണ്ടായിരുന്നുള്ളു. സുകുമാരനെ സംബന്ധിച്ചിടത്തോളം സോമന്റെ ഏതോ രണ്ടു കൂട്ടുകാർ വരുന്നു എന്നേയുള്ളു"

"അഞ്ചു്, പാമ്പുകടിച്ചുള്ള മരണം ഒരു സ്വാഭാവികസംഭവമാകാനാണു് സാധ്യത. ഒരാളെ കൊല്ലാൻ പാമ്പിനെ പിടിച്ചു് കടിക്കാനേൽപ്പിക്കുന്നതു് വളരെ ദുഷ്കരമാണു്. മിക്കവാറും ആ ശ്രമം പാഴാവുകയേയുള്ളു"

"ഇത്രയും കാര്യങ്ങൾ വെച്ചു് ഞാനൊരു തീരുമാനത്തിലെത്തി. പ്രത്യക്ഷമായോ പരോക്ഷമായോ സോമൻ കൊലപാതകങ്ങളിൽ പങ്കാളിയാണെന്നു്. രണ്ടു മരണങ്ങളും നടന്നിരിക്കുന്നതു് വിഷം ഉള്ളിൽ ചെന്നാണു്. വിഷം നേരത്തേ കൂട്ടി വച്ചിരിക്കാം. ഒരു കത്തിക്കുത്തു് നടന്നെങ്കിൽ ഒരാൾ നേരിട്ടു് വന്നു് നടത്തുന്നതാവണം. എന്നാൽ വിഷം ഉള്ളിൽ ചെന്നുള്ള മരണത്തിൽ എപ്പോഴാണു് ആ വിഷം തയ്യാർ ചെയ്യപ്പെട്ടതു് എന്നു് കൃത്യമായി പറയുക അസാധ്യമാകും. അതാണു് ഈ കൊലകളുടെ പിന്നിലുള്ള രഹസ്യവും"

"നടന്ന കാര്യങ്ങൾ നമുക്കൂഹിക്കാം. ശാരദ വിഷമടങ്ങുന്ന ഗുളികകൾ സോമനിൽ നിന്നു് വാങ്ങുന്നു. പിന്നീടെപ്പോഴോ - സത്യൻ ഉച്ചക്കുള്ള സർക്കീട്ട്‌ കഴിഞ്ഞുവന്നു് വിശ്രമിക്കുമ്പോഴോ മറ്റോ - സോമൻ അയാളുടെ സിഗററ്റ്‌ ടിൻ കൈക്കലാക്കുന്നു. കൂടുതൽ സാധ്യത, തന്റെ സ്വാതന്ത്ര്യമുപയോഗിച്ചു് സോമൻ വെറുതെ സത്യൻ നോക്കിനിൽക്കെ തന്നെ ആ ടിൻ എടുത്തിരിക്കും എന്നാണു്. പിന്നെ സിഗററ്റിൽ വിഷം നിറക്കുക എളുപ്പമുള്ള കാര്യമായിരുന്നു"

"എന്റെ അന്വേഷണങ്ങളിൽ ഇത്രയും തയ്യാറായി കൊലനടത്തുന്ന ഒരാളെ ആദ്യമായാണു് സർ, ഞാനഭിമുഖീകരിക്കുന്നതു്. മാസങ്ങൾ നീളുന്ന തയ്യാറെടുപ്പു്. പല പദ്ധതികൾ പരീക്ഷിച്ചു് പിന്മാറാതെ ഒരിക്കലും പാഴാവാത്ത ഒരു നൂതനവിദ്യ അയാൾ തന്നെ ഉരുത്തിരിച്ചെടുത്തിരിക്കുന്നു. അതിന്റെ തെളിവാണു്, സ്വയം ഇല്ലാതിരുന്നിട്ടുകൂടി വിജയകരമായി അയാൾ ഈ കൊലകൾ പൂർത്തിയാക്കിയതു്. തന്റെ ലക്ഷ്യത്തിലെത്താൻ ഇത്രയും പ്രയത്നിക്കുന്ന ഇയാൾ തന്റെ ബുദ്ധി നല്ല കാര്യങ്ങൾക്കുപയോഗിച്ചിരുന്നെങ്കിൽ..."

SP: "അപ്പോഴും ഒരു പ്രശ്നം ബാക്കി നിൽക്കുന്നു. അല്ലേ?"

DySP: "അതെ സർ. 'എന്തിനു്' എന്ന ചോദ്യം. ഈ കൊലകൾക്കു പിന്നിലെ പ്രേരകശക്തി നമുക്കിപ്പോഴും അജ്ഞാതം. അതു് പറഞ്ഞുതരാൻ കഴിവുള്ള 3 പേരും കാലയവനികക്കുള്ളിൽ മറഞ്ഞു. ഒരിക്കലും ഒരിക്കലും ആ സത്യം പുറത്തുവന്നുകൊള്ളണമെന്നില്ല. സോമന്റെ ജ്യേഷ്ഠനും ഇക്കാര്യത്തിൽ അജ്ഞനാണു്. കൂടുതലൊന്നും പ്രതീക്ഷിക്ക വയ്യ"

SP: "ഒരു കാര്യം കൂടി - ഈ ഡയറി കിട്ടുമെന്നും അതിൽ ഇങ്ങനെ കൊലയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരിക്കുമെന്നും നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ?"

DySP: "ഒരിക്കലുമില്ല സാർ. ഈ ഡയറിക്കുറിപ്പു് ഞാൻ ചിന്തിചിച്ചിരുന്നേയില്ല. എന്റെ ലക്ഷ്യം സോമന്റെ മെഡിക്കൽ ബാഗായിരുന്നു. അതിനുള്ളിൽ ഉണ്ടാകാവുന്ന വിഷക്കൂട്ടു്, കാപ്സ്യൂളിന്റെയോ strychnineന്റെയോ അവശിഷ്ടങ്ങൾ.. അത്രയും മതിയായിരുന്നു സർ, ഈ കേസ്‌ തെളിയിക്കാൻ. ഡയറി വെറും ബോണസ്‌ മാത്രം"

SP: "വെൽ ഡൺ. ഈ കേസ്‌ നമുക്കൊരു തിരിച്ചറിവാണു്. മരിച്ചവർ പോലും കൊലനടത്താം എന്ന സത്യം നാം മനസ്സിലാക്കുന്നു. നമ്മുടെ പോലീസ്‌ കുറ്റാന്വേഷണചരിത്രത്തിൽ ഈ കേസൊരു നാഴികക്കല്ലാണെന്ന കാര്യത്തിൽ എനിക്കു് സംശയമില്ല"

Tuesday, July 13, 2010

ഒരാഴ്ച - 2

(ഒന്നാം ഭാഗം ഇവിടെ)

"രണ്ടു് കൊലപാതകങ്ങൾ"4 ദിവസം കഴിഞ്ഞിരുന്നു.

സോമന്റെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നു് എല്ലാവരും മുക്തിനേടി വരുന്നു. സോമന്റെ ജ്യേഷ്ഠൻ മൃതദേഹം ഏറ്റുവാങ്ങി സ്വന്തം വീട്ടിലേക്കു് പോയിരുന്നു. സോമന്റെ മുറിയിൽനിന്നു് സാധനങ്ങൾ കൊണ്ടുപോകാനും മുറി തിരിച്ചേൽപ്പിക്കാനുമായി ജ്യേഷ്ഠൻ 3-4 ദിവസം കഴിഞ്ഞെത്തും എന്നറിയിച്ചിരിക്കുന്നു. ക്ഷേമമന്വേഷിക്കാൻ എന്നും സുകുമാരൻ രാവിലേയും വൈകിട്ടും സത്യനേയും ശാരദയേയും സന്ദർശിച്ചുകൊണ്ടിരുന്നു.

സോമന്റെ മരണം സംബന്ധിച്ചുള്ള കുറച്ചു് ഔപചാരികതകൾ അവസാനിപ്പിച്ചു് സത്യനും ശാരദയും പുറത്തിറങ്ങി. പകൽ മുഴുവൻ അവർ പല കാഴ്ചകളും കണ്ടു് നടന്നു. ആ സമയത്തു് നസീർ വീട്ടിലെ ജോലികൾ ചെയ്യുകയായിരുന്നു.

എന്തുപറ്റിയെന്നുറപ്പില്ല; പരസ്പരം വഴക്കിട്ടുകൊണ്ടാണു് അന്നു വൈകുന്നേരം സത്യനും ശാരദയും തിരിച്ചു് വീട്ടിൽ വന്നു കയറിയതു്. വന്നയുടനെ രണ്ടുപേരും മുറിയിൽ കയറി വാതിലടച്ചു. അകത്തുനിന്നും ഉറക്കെയുള്ള വർത്തമാനം കേൾക്കാമായിരുന്നു. എന്നാൽ വഴക്കിന്റെ കാരണം അപ്പോഴും വ്യക്തമായില്ല.

ഏതായാലും അന്നു് ശാരദ ആരോടും സംസാരിച്ചില്ല. ഭക്ഷണം കഴിക്കാൻ വരാതെ മുറിയിൽ തന്നെ അടച്ചിരുന്നു. അവരുടെ കുറവു് നികത്താനെന്നോണം സത്യൻ പതിവിലധികം മദ്യപിക്കുകയും ഒരുപാടു് ഭക്ഷണം കഴിക്കുകയും ചെയ്തു. അയാളും ഒന്നും സംസാരിച്ചില്ല. ഭക്ഷണം കഴിഞ്ഞു് വളരെ നേരം എന്തോ ആലോചിച്ചുകൊണ്ടു് അയാൾ ഹാളിൽ ഉലാത്തുന്നതുകണ്ടുകൊണ്ടാണു് നസീർ കിടക്കാൻ പോയതു്.

ഏതാണ്ടു് 12 മണിക്കു് എന്തോ ബഹളം കേട്ടാണു് നസീർ ഉണർന്നതു്. സത്യന്റെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. നസീർ വാതിൽക്കലെത്തിയതും അതു് തുറന്നു് സത്യൻ പുറത്തുവന്നു. അയാൾ പരിഭ്രമിച്ചു വിളറിയിരുന്നു. മുറിയിൽ കടന്ന നസീർ കണ്ടതു് കട്ടിലിൽ കിടന്നു് പുളയുന്ന ശാരദയെ ആണു്. അവർ വല്ലാതെ ദുരിതമനുഭവിക്കുന്നതായി തോന്നി. വയറിൽ അമർത്തിപ്പിടിച്ചു് അവർ വേദനിച്ചു് നിലവിളിച്ചുകൊണ്ടിരുന്നു.

സത്യൻ തന്റെ കാർ പുറത്തിറക്കിയിരുന്നു. നസീറും അയാളും കൂടി ശാരദയെ താങ്ങി പിൻസീറ്റിൽ കിടത്തി. നസീർ വേഗം വീടു് പൂട്ടി. ഗ്രാമത്തിലെ ആശുപത്രി ലക്ഷ്യമാക്കി കാർ പാഞ്ഞു.

എന്നാൽ ആശുപത്രിയിലെത്തി കുറച്ചു സമയത്തിനുള്ളിൽ ശാരദ മരിച്ചു..

*   *   *   *   *

DySP: "വളരെ വിചിത്രമായിരിക്കുന്നു സർ. ശാരദയുടെ മരണം നടന്നിരിക്കുന്നതു് അതിമാരകമായ strychnine എന്ന വിഷം ഉള്ളിൽ ചെന്നാണു്. ഇതു് ഒരു പ്രത്യേക ചെടിയിൽ നിന്നാണുണ്ടാക്കുന്നതു്. ശരീരത്തിൽ ചെന്നാൽ രക്ഷപ്പെടാൻ സാധ്യതയില്ല എന്നുതന്നെ പറയാം. ശരീരത്തിൽ കടന്നു് ഏതാണ്ടു് 15 മിനുട്ടിനുള്ളിൽ അതു് പ്രവർത്തനം തുടങ്ങിയിരിക്കും. അതിന്റെ ലക്ഷണങ്ങളാണു് സത്യനും നസീറും പറഞ്ഞ, ശാരദ അനുഭവിച്ച ദുരിത പൂർണ്ണമായ അവസ്ഥ"

"ശാരദ ഇന്നലെ രാത്രി ഒന്നും കഴിക്കാതെയാണു് ഉറങ്ങൻ കിടന്നതു്. ആ കാര്യം ശ്രദ്ധിക്കണം സാർ. കാരണം ആമാശയത്തിൽ എന്തു് എത്തിയാലും സ്വാംശീകരിക്കാൻ തയ്യാറായി ശരീരം കാത്തിരിക്കുകയാവും. ഇക്കാര്യം അറിഞ്ഞുകൊണ്ടാണോ ഈ വിഷം അവരിൽ പ്രയോഗിക്കപ്പെട്ടിരിക്കുന്നതു് എന്നു് സംശയിക്കേണ്ടിയിരിക്കുന്നു"

"പക്ഷെ ഒരു പ്രശ്നമുണ്ടു് സാർ. Strychnine മനുഷ്യനു് പരിചയമുള്ളതിൽ വച്ചു് ഏറ്റവും കൈപ്പുള്ള വസ്തുക്കളിൽ ഒന്നാണു്. വളരെ കുറഞ്ഞ അളവുകളിൽ പോലും - മില്ലിഗ്രാമുകളിൽ എടുത്താൽ പോലും - ഒരാൾക്കു് അതിന്റെ ദുഃസ്വാദു് അനുഭവപ്പെടും. എന്നിട്ടും വളരെയധികം തോതിൽ അതു് ശാരദയുടെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടു്"

"അല്ലെങ്കിൽ ആത്മഹത്യ ചെയ്യാനുറച്ചയാളാണെങ്കിൽ കൈപ്പു് സഹിച്ചും കഴിച്ചെന്നിരിക്കാം. പക്ഷെ അതു് വിശ്വസിക്കാൻ പ്രയാസമുണ്ടു്. എന്റെ ബലമായ സംശയം ഇതൊരു കൊലപാതകമാണു് എന്നാണു്"

SP: "എങ്കിൽ അതു് ചെയ്തിരിക്കാൻ സാധ്യതയുള്ള രണ്ടു് പേരാണുള്ളതു് - നസീറും സത്യനും. അവർ രണ്ടു പേരുടേയും മൊഴി പ്രകാരം നസീർ അടുക്കളയിലായിരുന്നു കിടന്നതു്; സത്യൻ ശാരദയുടെ കൂടെ മുറിയിലും. മാത്രമല്ല, നസീർ താൻ കിടക്കുന്നതിനേക്കാൾ നേരത്തേ കിടക്കാൻ പോയെന്നും സത്യൻ തറപ്പിച്ചു് പറയുന്നു"

DySP: "ശരിയാണു് സാർ. ആദ്യത്തെ സംശയങ്ങൾ സത്യന്റെ നേരെ വിരൽ ചൂണ്ടുന്നു. പോരാത്തതിനു് അവർ തമ്മിൽ ഇന്നലെ എന്തോ വഴക്കും നടന്നിരുന്നു. നസീറിനു് വഴക്കു് നടന്നു എന്നല്ലാതെ കാരണമറിയില്ല. സത്യൻ പറയുന്നതാകട്ടെ, ഇടക്കൊക്കെ പതിവുള്ള പോലെ ഒരു സാധാരണ കലഹം മാത്രമായിരുന്നു എന്നാണു്. ദേഷ്യം വന്നാൽ അതു് മാറുന്നതുവരെ ഒന്നും കഴിക്കാതെയും ആരോടും സംസാരിക്കാതെയും ഇരിക്കുക ശാരദയുടെ സ്വഭാവമായിരുന്നു എന്നാണു് സത്യന്റെ വാദം. പോരാത്തതിനു് നസീറിനു് ശാരദയെ കൊല്ലേണ്ട കാര്യമുള്ളതായി പ്രത്യക്ഷത്തിൽ നമുക്കറിവില്ല. എന്നാൽ ശാരദ ഒരു ധനിക കുടുംബത്തിലെയംഗമാണു്. അവരുടെ മരണത്തിൽ ആർക്കെങ്കിലും നേട്ടമുണ്ടെങ്കിൽ അതു് സത്യനാണു്. ഞാനന്വേഷിച്ചിരുന്നു. ലക്ഷക്കണക്കിനു് രൂപയുടെ ആസ്തി സ്വന്തം പേരിലുണ്ടായിരുന്ന ഒരു ധനികയായിരുന്നു ശാരദ"

"പക്ഷെ ഒരു കാര്യം - വിഷം അവരെ നിർബന്ധിച്ചു് കഴിപ്പിച്ചതാവാൻ വഴിയില്ല. മുറിയിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണമില്ല. മാത്രമല്ല, വിഷം അതിന്റെ രൗദ്രത കാണിച്ചുതുടങ്ങിയ ഉടനെ ശാരദയെ ആശുപത്രിയിലെത്തിക്കാൻ സത്യൻ ആത്മാർത്ഥമായി ശ്രമിച്ചു എന്നാണു് നസീർ പറയുന്നതു്. അത്ര വേഗത്തിലാണു് അയാൾ വണ്ടിയോടിച്ചതത്രെ"

SP: "അതിൽ കാര്യമില്ല. ആശുപത്രിയിലെത്തിച്ചാലും മരിക്കുമെന്നു് ഉറപ്പുള്ള ഒരു വിഷം നൽകിയിട്ടു് അങ്ങിനെ പെരുമാറിയതാണെങ്കിലോ? അല്ലെങ്കിൽ വിഷം അകത്തുചെന്നു് എത്ര നേരം കഴിഞ്ഞാണു് ശാരദയെ ആശുപത്രിയിലെത്തിച്ചതു് എന്നു് നമുക്കറിയില്ലല്ലോ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണസമയം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. ഒന്നു് ചോദിച്ചോട്ടെ? ഒരുപക്ഷെ നസീറിനും സത്യനും ഒരുമിച്ചു് ഈ മരണത്തിൽ പങ്കുണ്ടെങ്കിലോ?"

DySP: "അന്വേഷിക്കേണ്ടിയിരിക്കുന്നു സർ. അവർ തമ്മിൽ മുൻപരിചയമുള്ളതായി ഇതുവരെ അറിവൊന്നുമില്ല. ഇനി ഇവിടെ വന്ന ശേഷം കൂട്ടുകൂടിയതാണെങ്കിൽ മരിക്കുന്നയാളെ ആശുപത്രിയിലെത്തിച്ചു് സംഗതികൾ പരസ്യമാക്കാൻ അവർ ശ്രമിക്കുമോ?"

SP: "ശരിയാണു്. കൊലനടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചു് കുറച്ചുകൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. ആട്ടെ, സത്യൻ ഇപ്പോൾ എവിടെയുണ്ടു്?"

DySP: "അവർ താമസിച്ചുകൊണ്ടിരുന്ന വീട്ടിൽ തന്നെയുണ്ടു് സർ. അയാൾ വളരെ ദുഃഖിതനായാണു് കാണപ്പെടുന്നതു്. സിഗററ്റുകൾ വലിച്ചുതള്ളുന്നു. അയാളുടെ വിഷമം വളരെ സത്യസന്ധമാണു് എന്നു് കണ്ടാൽ തോന്നുന്നുണ്ടു് സാർ. കുറച്ചുകൂടി ചോദ്യം ചെയ്യാൻ വേണ്ടി..."

പെട്ടെന്നു് മുറിയുടെ വാതിൽക്കൽ ഒരു മുട്ടു് കേട്ടു. DySP വാതിൽ തുറന്നു് പുറത്തുനിന്ന കോൺസ്റ്റബിളിനോടു് എന്തോ സംസാരിച്ചു. വാതിലടച്ചു് തിരിച്ചു് SPയുടെ മുൻപിൽ വന്നു നിന്ന അയാൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു.

DySP: "സർ, സത്യനല്ല ശാരദയെ കൊന്നതു്"

SP: "എന്തു്? എങ്ങിനെ കൃത്യമായി നിങ്ങൾക്കു് പറയാൻ സാധിക്കും?"

DySP: "അതു്.. പിന്നെ.. സാർ, ഒരു പത്തു മിനുട്ടു് മുൻപു് സത്യൻ മരിച്ചു"

SP: "What?!"

DySP: "അതെ സർ. നസീറിനേയും സത്യനേയും വീട്ടിലാക്കി കാവലിനു് 2 പോലീസുകാരേയും നിർത്തിയിട്ടാണു് ഞാനിങ്ങോട്ടു് വന്നതു്. പെട്ടെന്നു് സത്യനു് ശ്വാസംമുട്ടു് അനുഭവപ്പെട്ടത്രെ. അയാൾക്കു് ശ്വാസം കഴിക്കാനേ സാധിച്ചിരുന്നില്ല. തൊണ്ടയിൽ പിടിച്ചു് അയാൾ മറിഞ്ഞുവീണു് നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിച്ചു എന്നാണു് കോൺസ്റ്റബിൾ പറയുന്നതു്"

SP: "ഇത്ര പെട്ടെന്നു് അയാൾ മരിക്കാൻ എന്താണുണ്ടായതു്?"

DySP: "സർ, ആ സ്ഥലത്തിന്റെ ഉടമസ്ഥൻ സുകുമാരൻ അവിടെ വന്നിരുന്നു. അയാൾക്കും സത്യനും പിന്നെ പോലീസുകാർക്കും നസീർ ചായകൊടുത്തു. ആ ചായ കുടിച്ചുകഴിഞ്ഞു് മിനുട്ടുകൾക്കുള്ളിലാണു് അയാൾ മറിഞ്ഞു വീണതു്"

SP: "നസീർ... പിന്നെ ഇതുവരെ നമ്മൾ സംശയിക്കാതിരുന്ന സുകുമാരൻ. ഒരു ബാധ പോലെ ഇടക്കിടെ രംഗത്തു് പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യുന്ന mysterious character. ഇനി നാം വളരെ വേഗത്തിൽ നീങ്ങേണ്ടിയിരിക്കുന്നു!"

DySP: "അതെ സർ. നസീറിനേയും സുകുമാരനേയും തടഞ്ഞുവെക്കാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇരുവരേയും ഉടനെ അറസ്റ്റ്‌ ചെയ്യുന്നതാണു്"

SP: "ഗുഡ്‌. പ്രോസീഡ്‌"

DySP: "സർ.. ഒരു കാര്യം കൂടി. 5 ദിവസം മുൻപു് സോമൻ മരിക്കുമ്പോഴും ഈ നസീറും സുകുമാരനും അയാളുടെ അടുത്തുണ്ടായിരുന്നു. എനിക്കൊരു സംശയം..."

SP: "യേസ്‌. ശരിയാണല്ലോ. സോമൻ മരിക്കുന്നതും വിഷം തീണ്ടിത്തന്നെയാണല്ലോ. പാമ്പു് കടിച്ചു് ഒരാൾ മരിച്ചാൽ കേസെടുക്കാനാവില്ല. എന്നാൽ പാമ്പിന്റെ വിഷം ബലമായി ശരീരത്തിൽ സന്നിവേശിപ്പിച്ചതാണെങ്കിലോ..."

*   *   *   *   *

DySP: "സർ, സത്യന്റെ പോസ്റ്റ്മോർട്ടം റിപോർട്‌ വന്നു. കുരുക്കുകൾ കൂടുതൽ സങ്കീർണ്ണമാകുന്നു"

SP: "എന്തു പറ്റി? എന്താണു് റിപോർട്ടിൽ?"

DySP: "സയനൈഡ്‌ ഉള്ളിൽ ചെന്നാണു് സത്യൻ മരിച്ചിരിക്കുന്നതു്. എന്നാൽ നമ്മൾ സംശയിച്ച പോലെ ചായയിൽ വിഷം കലർന്നിട്ടില്ലായിരുന്നു സർ!"

SP: "What?!"

DySP: "ദുരൂഹതകൾ ഇനിയുമുണ്ടു്. മെർക്കുറി, ഹൈഡ്രജൻ സയനൈഡ്‌ എന്നിങ്ങനെ മാരകമായ 2 വിഷങ്ങളാണു് സത്യന്റെ മരണത്തിനു് കാരണം. ഇനി ഞാൻ പറയുന്നത്‌ഉ് സാർ ശ്രദ്ധിക്കണം"

"സാധാരണ സയനൈഡ്‌ മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ നാം കരുതുംപോലെ ഒരു നിമിഷം കൊണ്ടൊന്നും ആൾ മരിക്കില്ല. ശരീരത്തിലെത്തിയ വിഷത്തിന്റെ അളവനുസരിച്ചു് ഏതാനും നിമിഷങ്ങൾ കഴിഞ്ഞാണു് മരണം നടക്കുക. ചിലപ്പോൾ മുപ്പതോ അതിലധികമോ സെക്കൻഡുകൾ ഇതിനെടുത്തേക്കാം. സയനൈഡ്‌ വളരെ എളുപ്പത്തിൽ ശരീരം വലിച്ചെടുക്കുന്ന ഒരു വസ്തുവാണു്. അതുപോലെ മെർക്കുറിയും. ഇത്തരം വസ്തുക്കൾ നമ്മുടെ കൈകൊണ്ടു് തൊട്ടാൽ പോലും തൊലിക്കുള്ളിലൂടെ ശരീരം അതു് വലിച്ചെടുക്കും"

"ഇത്തരത്തിൽ വലിച്ചെടുക്കപ്പെടുന്ന സയനൈഡ്‌ ശ്വാസോച്ഛ്വാസ പ്രക്രിയയെ തടസപ്പെടുത്തുകയാണു് ചെയ്യുന്നതു്. പുറമെ ഹൃദയത്തിന്റെ പ്രവർത്തനവും അവതാളത്തിലാക്കുന്നു. ജീവവായു വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്ന ഈ വിഷക്കൂട്ടുകൾ വളരെ വേഗം പ്രവർത്തിച്ചു് ശരീരത്തെ മരണത്തിലേക്കു് തള്ളിവിടുന്നു"

"എന്നാൽ ഇവിടെയാണു് ഒരു പ്രശ്നം. സത്യന്റെ ശരീരത്തിൽ സയനൈഡ്‌ ഉള്ളതു് ശ്വാസകോശത്തിലാണു്. അയാളുടെ ആമാശയത്തിൽ ഒരൽപ്പം പോലും ഇല്ല. അതായതു് മരണം ഉറപ്പാക്കുംവിധം നേരിട്ടു് വിഷം ശ്വാസകോശങ്ങളിലെത്തുകയായിരുന്നു. പക്ഷെ എങ്ങിനെ?"

SP: "നമ്മൾ കരുതുംപോലെ കൊലയാളി നിസ്സാരനല്ല. രണ്ടു് കൊല അയാൾ അനായാസമായി നടത്തിക്കഴിഞ്ഞു. ഒരുപക്ഷെ സോമന്റേതടക്കം 3 കൊല! ഒരു തെളിവും നമ്മുടെ പക്കലില്ല"

DySP: "അതെ സർ. നസീറിനേയോ സുകുമാരനേയോ നമ്മൾ സംശയിക്കുമ്പോൾത്തന്നെ അവർക്കു് കൊല ചെയ്യേണ്ട ഒരു കാരണം മനസ്സിലാവുന്നില്ല"

SP: "നിങ്ങൾ ഒരാളെ വിട്ടുപോയി!"

DySP: "സർ..? ആരു്?"

SP: "സോമന്റെ ജ്യേഷ്ഠൻ!"

DySP: "സർ.. അതു്.. പക്ഷെ.."

അൽപസമയത്തേക്കു് അവിടെ നിശ്ശബ്ദത.

SP: "യെസ്‌. നിങ്ങൾ ആലോചിക്കുന്നതുതന്നെയാണു് ഞാനുമാലോചിക്കുന്നതു്. സത്യനേയും ശാരദയേയും പഠിക്കുന്ന കാലം മുതൽ സോമന്റെ കുടുംബത്തിനറിയാം. സ്വാഭാവികമായും സോമന്റെ ജ്യേഷ്ഠനും സത്യനും തമ്മിൽ അറിയണം. അയാൾ ഇവിടെ വന്നപ്പോൾ സത്യനും ശാരദയും അയാളോടു് അടുത്തിടപഴകുന്നതു് നമ്മൾ കണ്ടതാണല്ലോ"

"ഒരു പക്ഷെ സോമന്റെ ജ്യേഷ്ഠനു് ഇവരോടു് എന്തെങ്കിലും തരത്തിൽ ശത്രുതയുണ്ടെന്നിരിക്കട്ടെ. എന്നാൽ കുറച്ചുകാലമായി അവരെക്കുറിച്ചു് വിവരമില്ല. തന്റെ അനുജനുമായി ബന്ധപ്പെട്ട ഏറ്റവും ദുരന്തപൂർണ്ണമായ ഒരു ദൗത്യത്തിനിടക്കു് അയാൾ വീണ്ടും അവിചാരിതമായി അവരെ കണ്ടുമുട്ടുന്നു. എങ്കിൽ എല്ലാം കൃത്യമായി കൂടിയിണങ്ങുന്നു. അല്ലെങ്കിൽ അയാൾ പറഞ്ഞതനുസരിച്ചു് നസീറോ മറ്റോ ഈ കൊല ചെയ്തതാവാനും മതി. നിങ്ങളെന്താ ആലോചിക്കുന്നതു്?"

DySP: "സർ, എന്റെ മനസ്സിൽ ഒരു ആശയമുണ്ടു്. പക്ഷെ അതിപ്പോൾ സാറിനോടു് പറയാൻ വയ്യ. കാരണം അതു് പറയാനുള്ള തെളിവുകൾ എന്റെ പക്കലില്ല. എനിക്കു് 2 ദിവസത്തെ സമയം തരു സർ. ഞാൻ ആലോചിക്കുന്ന കാര്യം ശരിയാണെങ്കിൽ ആ രണ്ടു് ദിവസത്തിനുള്ളിൽ കൊലയാളി മറനീക്കി പുറത്തുവരും"

SP: "ശരി. എനിക്കു് നിങ്ങളുടെ കഴിവിൽ വിശ്വാസമുണ്ടു്. മറ്റന്നാൾ വൈകുന്നേരം നമുക്കു് വീണ്ടും ഇവിടെ കൂടാം. നിങ്ങൾക്കു് ഭാവുകങ്ങൾ"

DySP മുറിയുടെ പുറത്തേക്കു് നടന്നു. പെട്ടെന്നു് അയാൾ ഒന്നു് നിന്നു. തിരിഞ്ഞുനിന്നു് SPയോടു് ഇത്രകൂടി അയാൾ കൂട്ടിച്ചേർത്തു:

"സർ, സയനൈഡ്‌ സത്യന്റെ ശരീരത്തിൽ ചെന്നതു് എങ്ങിനെയെന്നു് എനിക്കൂഹിക്കാം. ചായയിലല്ല, അയാൾ വലിച്ചിരുന്ന സിഗററ്റിലായിരുന്നിരിക്കണം ആ വിഷമുണ്ടായിരുന്നതു്. ഏതായാലും ഫോറൻസിക്‌ ലാബിൽ നിന്നുള്ള റിപ്പോർട്ട്‌ വരട്ടെ. ഞാനിറങ്ങുന്നു സർ. കുറച്ചധികം ജോലി തീർക്കാനുണ്ടു്. നമുക്കു് 2 ദിവസത്തിൽ കാണാം"
അടുത്ത ഭാഗം: "കൊലയാളിയും തെളിവും അന്വേഷണത്തിന്റെ അന്ത്യവും"

Sunday, July 11, 2010

ഒരാഴ്ച - 1

(ഈ കഥയും ഇതില കഥാപാത്രങ്ങളും സാങ്കൽപികമാണു്. ഭൂമിയിൽ എന്നെങ്കിലും ജീവിച്ചിരുന്നവരുമായോ നടന്ന സംഭവങ്ങളുമായോ ഇതിനു് യാതൊരു ബന്ധവുമില്ല. അഥവാ അങ്ങിനെ ഒരു ബന്ധം സ്ഥപിച്ചെടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതു് തികച്ചും യാദൃച്ഛികം മാത്രമാണു്)

"ഡോക്റ്റരുടെ അപമൃത്യു"


കൊ.വ. 1138 വൃശ്ചികം (നവമ്പർ, 1962 AD)

ഗേറ്റ്‌ തുറക്കുന്ന ശബ്ദം കേട്ടാണു് സുകുമാരൻ പത്രത്തിൽ നിന്നു് കണ്ണുയർത്തിയതു്. അയൽക്കാരൻ ഡോക്റ്റർ സോമനായിരുന്നു ആഗതൻ.

"സുകുമാരാ, എന്റെ അതിഥികൾ വന്നു. അവർക്കു് താമസിക്കാനുള്ള വീടിന്റെ താക്കോൽ എടുത്തുകൊള്ളു"

"ഡോക്റ്റർ നടക്കു, ഞാനും വരാം. അവരെ പരിചയപ്പെടുകയും ആവാം. എന്തെങ്കിലും സഹായവും എന്നെക്കൊണ്ടാവുമെങ്കിൽ അതും ചെയ്യാമല്ലോ"

"വളരെ നല്ലതു്. വരൂ"

സുകുമാരന്റെ വീട്ടിൽ നിന്നു് ഏതാണ്ടു് അര കിലോമീറ്റർ അകലെയുള്ള ഒരു കൊച്ചു മുറിയിലായിരുന്നു ഡോക്റ്റർ സോമൻ താമസിച്ചിരുന്നതു്. അവിടെയെത്തിയ സുകുമാരനു് തന്റെ അതിഥികളെ സോമൻ പരിചയപ്പെടുത്തി.

"ഇതു് സത്യൻ, ഇതു് അദ്ദേഹത്തിന്റെ ശ്രീമതി ശാരദ. ഞങ്ങൾ തമ്മിൽ എത്രയോ വർഷത്തെ പരിചയമുണ്ടു്. പഠിക്കുന്ന കാലം മുതൽ ഞങ്ങൾ പരസ്പരമറിയും. എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണവർ. ഇപ്പോൾ കുറേ കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു!"

"ഇതു് മി. സുകുമാരൻ. ഞാൻ സ്ഥലം മാറ്റമായി ഈ മലകേറി വന്നപ്പോൾ എനിക്കിവിടെ എല്ലാ സഹായവും ചെയ്തു് തന്നതു് ഇദ്ദേഹമാണു്. നിങ്ങൾക്കുള്ള താമസവും ഇദ്ദേഹമാണു് ശരിയാക്കിയിട്ടുള്ളതു് - ഇദ്ദേഹത്തിന്റെ തെങ്ങിൻതോപ്പിൽ ഒരു ചെറിയ വീടുണ്ടു്. മനോഹരമാണു് അവിടം. കാടിന്റെ വക്കത്താണു്. ഒരാഴ്ച്ച എത്രപെട്ടെന്നു് പോയെന്നു് നിങ്ങളറിയില്ല. കേട്ടൊ മി. സുകുമാരൻ, ഇത്ര അടുത്ത സുഹൃത്തുക്കളായിട്ടും എനിക്കിവരുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല. അതിനുള്ള ഒരു പ്രായശ്ചിത്തം കൂടിയാണു് ഈ സമ്മേളനം"

സത്യൻ ഏതാണ്ടു് 30 വയസ്സുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. അൽപം ഉയരം കുറഞ്ഞു് കറുത്തിരുണ്ടു് തടിച്ച ശരീരമായിരുന്നു അദ്ദേഹത്തിനു്. അദ്ദേഹത്തിന്റെ ഭാര്യ വെളുത്തുമെലിഞ്ഞ ഒരു സ്ത്രി ആയിരുന്നു. ഭർത്താവിന്റെയത്ര തന്നെ ഉയരമുണ്ടായിരുന്ന അവർ മുണ്ടും നേര്യതും ഒരു തടിച്ച സ്വർണ മാലയും ഇടതുകൈയിൽ വിലകൂടിയ ഒരു വാച്ചും വലതുകൈയിൽ തടിച്ച ഒരു സ്വർണ വളയും ധരിച്ചിരുന്നു. ആരേയും കൂസാത്ത ഒരു ഭാവം അവരുടെ മുഖത്തുണ്ടായിരുന്നു.

മെലിഞ്ഞു് ഉയരം കുറഞ്ഞ ഡോ. സോമൻ ആവേശത്തിലായിരുന്നു. സത്യന്റെ കാറിൽ സുകുമാരന്റെ പുരയിടത്തിലേക്കു് പോകുന്ന വഴി അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. സംസാരത്തിൽ പങ്കുചേരുന്നുണ്ടെങ്കിലും സത്യൻ മുൻകൈയ്യെടുക്കുന്നില്ലെന്നു് സുകുമാരനു് തോന്നി. ശാരദയാവട്ടെ കാഴ്ചകൾ കാണുന്നതിൽ ശ്രദ്ധിക്കുകയായിരുന്നു.

ഏതാണ്ടു് രണ്ടര കി.മി. അകലെയായിരുന്നു സുകുമാരന്റെ തെങ്ങിൻതോപ്പു്. റോഡിൽ നിന്നു് കുറച്ചു് വിട്ടുമാറി നിൽക്കുന്ന ആ പറമ്പിനുചുറ്റും കാടായിരുന്നു.

"സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങുന്നതു് സൂക്ഷിച്ചു് വേണം. ഒരു പാടു് പാമ്പുകളുള്ള സ്ഥലമാണു്. പിന്നെ നിങ്ങൾ ഒരാഴ്ച ഇവിടെയുണ്ടാകുമല്ലോ. നിങ്ങളുടെ സഹായത്തിനു് ഒരു പയ്യനെ ഏർപ്പാടാക്കിയിട്ടുണ്ടു്. നസീർ. ഒപ്പം നിങ്ങൾക്കു് വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടു്. രാവിലെ പാൽ എന്റെ വീട്ടിൽ നിന്നു് നസീർ കൊണ്ടുവന്നുകൊള്ളും. പത്രവും വരും. പാചകവും തുണി തിരുമ്പലും വീടു് വൃത്തിയാക്കലും നസീർ നോക്കിക്കൊള്ളും. ഇവിടെ മീൻ കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടു് പുഴയോ കടലോ അടുത്തില്ലല്ലോ. മറ്റെന്തും കിട്ടും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി"

മെലിഞ്ഞുനീണ്ട നസീറിനെ ശാരദ നോക്കി. നസീർ ഒന്നു് പുഞ്ചിരിച്ചു.

സത്യൻ ഒരു ടിൻ വിദേശനിർമ്മിത സിഗററ്റെടുത്തു് നീട്ടി. സോമനും സുകുമാരനും ഓരോന്നെടുത്തു. നസീർ ഭവ്യതയോടെ മാറി നിന്നതേയുള്ളു.

"ഇന്നു് നമ്മളഞ്ചു് പേരും ഒരുമിച്ചു് ഊണു് കഴിക്കുന്നു. നസീർ, എല്ലാം തയ്യാറല്ലേ? വെരി ഗുഡ്‌. അതു് കഴിഞ്ഞു് ഇവിടമെല്ലാം ഒന്നു് ചുറ്റിക്കറങ്ങാൻ പോകുന്നു. വൈകുന്നേരം ഒരൽപം മദ്യസേവ. അതുകഴിഞ്ഞു് പിരിയാം. ദാ, ആ കാണുന്ന കുന്നു് നാളെ രാവിലെ കയറാൻ പോകാം. മറ്റന്നാൾ ഒഴാൽ ഡാം. ഇനിയും കുറേയുണ്ടു്. ഒക്കെ പ്ലാൻ ചെയ്യാം. എന്നോടു് ക്ഷമിക്കണം. മദിരാശിയിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാനുള്ള നിർദ്ദേശം എനിക്കു് കിട്ടി. ഒഴിവാക്കാൻ വയ്യ. അതുകൊണ്ടു് നാളെ രാവിലെ എനിക്കിവിടം വിടണം. എത്രയും നേരത്തെ തിരിച്ചുവരാൻ നോക്കാം. നിങ്ങൾ ആസ്വദിക്കു"

ഉച്ചയൂണു് നന്നായിരുന്നു. സുകുമാരൻ അവരോടു് യാത്ര പറഞ്ഞിറങ്ങി. വിശേഷമറിയാൻ സന്ധ്യക്കു് വരാം എന്നു് പറഞ്ഞു. സത്യനും സോമനും ശാരദയും കൂടി തെങ്ങിൻതോപ്പിൽ നടക്കാനിറങ്ങി.

കാപ്പി കുടിക്കാൻ തിരിച്ചെത്തുമ്പോൾ എല്ലാവരും വളരെ ആഹ്ലാദത്തിലായിരുന്നു. ശാരദ നസീറിനെ സഹായിക്കാൻ അടുക്കളയിൽ കയറി. സത്യൻ അൽപം വിശ്രമിക്കാനായി മുറിയിൽ പോയി കിടന്നു.

ആ നേരത്തു് ശാരദ സോമന്റെ അടുത്തെത്തി.

"സോമാ, എന്റെ ആ പഴയ ടെന്നിസ്‌ എൽബോ ഇപ്പോഴും ഉണ്ടാകുന്നുണ്ടു്. ഇവിടെ തണുത്ത കാലാവസ്ഥയല്ലേ? വേദന കൂടുമോ?

സോമൻ ഒരു നിമിഷം ആലോചിച്ചു.

"ഏയ്‌, അങ്ങിനെയുള്ള പ്രശ്നമൊന്നുമില്ല. ഞാനൊരു മരുന്നു് തരാം. രാത്രി ഓരോ ഗുളിക കഴിച്ചാൽ മതി. ഭാഗ്യത്തിനു് എന്റെ കയ്യിൽ ഇപ്പോൾ ആ മരുന്നുണ്ടു്"

തന്റെ മെഡിക്കൽ ബാഗ്‌ തുറന്നു് സോമൻ ഒരു കുപ്പി കാപ്സ്യൂൾ ശാരദക്കു് നൽകി. എന്നാൽ അടുക്കളവാതിൽ മറവിൽ നിന്നു് നസീർ അതു് കാണുന്നതു് ഇരുവരും ശ്രദ്ധിച്ചില്ല.

*   *   *   *   *

സന്ധ്യക്കു് വീണ്ടും സദസ്സു് സജീവമായി. മദ്യക്കുപ്പികൾ നേരത്തേ വാങ്ങിവച്ചിരുന്നതിനാൽ ഒരു ബുദ്ധിമുട്ടൊഴിവായി. ഒരു കുളി കഴിഞ്ഞു് സത്യൻ എത്തുമ്പോഴേക്കു് സോമൻ മദ്യഗ്ലാസുകൾ നിരത്തിക്കഴിഞ്ഞിരുന്നു. ശാരദ അടുക്കളയിൽ മദ്യത്തിനൊപ്പം കൊറിക്കാനായി എന്തൊക്കെയോ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. നസീർ അടുത്ത ദിവസത്തേക്കു് വേണ്ടുന്ന സധനങ്ങൾ വാങ്ങാൻ വേണ്ടി അങ്ങാടിയിലേക്കു് പോയതാണു്.

സുകുമാരൻ വരുമ്പോഴേക്കു് സ്നേഹിതരുടെ സദിരിനു് കൊഴുപ്പു് കൂടിയിരുന്നു. രാവിലെ കണ്ടതിലും ആവേശത്തിലാണു് സോമൻ എന്നു് തോന്നിച്ചു. സത്യനും രാവിലെയുണ്ടയിരുന്ന അപരിചിതത്വം മാറ്റി ഉഷാറായിരുന്നു.

ഒരൽപ്പം കഴിഞ്ഞാണു് നസീർ വന്നു കയറിയതു്. വന്നപാടെ സുകുമാരന്റെ അടുത്തുചെന്നു് അദ്ദേഹത്തെ ഭാര്യ അന്വേഷിച്ചുവെന്നും ഉടനെ ചെല്ലാൻ പറഞ്ഞുവെന്നും പറഞ്ഞതനുസരിച്ചു് സുകുമാരൻ ഇറങ്ങി.

"ഓ, ഞാനും സുകുമാരനും കൂടി ഒരുമിച്ചിറങ്ങാനായിരുന്നു പ്ലാൻ. ഇനിയിപ്പൊ ഞാനൊറ്റക്കു് പോകണം. ങാ, ഇന്നൊരു ദിവസം നല്ലവണ്ണം ആസ്വദിച്ചു. നാളെ രാവിലെ മദിരാശി യാത്ര. ഓ മറന്നു! എന്റെ പാക്കിംഗ്‌ കഴിഞ്ഞിട്ടില്ല. വേഗം ഭക്ഷണം കഴിച്ചു് ഇറങ്ങാൻ നോക്കട്ടെ!"

സോമൻ ഇറങ്ങാൻ നേരം നസീർ വീടിനു് പുറത്തുവന്നു.

"ഡോക്റ്റർ സാർ ഒറ്റക്കു് പോകണ്ട. ഞാനും കൂട്ടു് വരാം. ഇഴജന്തുക്കളുള്ള സ്ഥലമല്ലേ, സൂക്ഷിക്കണം"

ഇരുട്ടിലേക്കു് നടന്നു് മറയുന്ന ഡോക്റ്ററെ കൈവീശി കാണിക്കുമ്പോൾ സോമന്റെ ആ യാത്ര മടങ്ങിവരാനുള്ളതല്ലെന്നു് ആരും മനസ്സിലാക്കിയില്ല.

*   *   *   *   *

രാവിലെ എഴുന്നേറ്റു് അടുക്കളയിൽ കയറി ശാരദ ചായക്കു് വെള്ളം തിളപ്പിക്കാൻ വച്ചപ്പോഴാണു് നസീർ വീട്ടിലേക്കു് കയറിവന്നതു്. അയാൾ തലേന്നു് രാത്രി ഉറങ്ങിയിട്ടില്ലെന്നു് മുഖത്തു് വ്യക്തമായി കാണാമായിരുന്നു.

"ങാഹാ! നല്ലയാളാണല്ലോ. ഇന്നലെ രാത്രി സോമനെ കൊണ്ടുവിടാൻ പോയിട്ടു് അവിടങ്ങു് കൂടിയോ? ഞങ്ങൾ ഇന്നലെ നിന്നേയും കാത്തു് കുറേ സമയം ഇരുന്നു. എന്തു് പറ്റി? മുഖം വല്ലാതിരിക്കുന്നല്ലോ. ഇന്നലെ ഉറങ്ങിയില്ലേ?"

അതിനുത്തരം നസീറിൽ നിന്നുള്ള ഒരു തേങ്ങലായിരുന്നു.

"ചേച്ചീ.. നമ്മുടെ ഡോക്റ്റർ സാർ.. ഡോക്റ്റർ സാർ.. പോയി!"

"ങേ?"

"അദ്ദേഹം മരിച്ചു ചേച്ചീ. ഇന്നലെ ഇരുട്ടത്തു് പോകുംവഴി അദ്ദേഹത്തെ പാമ്പു് കടിച്ചു. ഞങ്ങൾ നേരെ ആശുപത്രിയിലേക്കു് പോകാൻ ശ്രമിച്ചു. പാമ്പു് കടിച്ചാൽ നടക്കുന്നതു് നല്ലതല്ല എന്നു് ഡോക്റ്റർ പറഞ്ഞതുകൊണ്ടു് ഞാൻ അദ്ദേഹത്തെ താങ്ങി നടക്കാൻ നോക്കി. പക്ഷെ എനിക്കു് അധികദൂരം പോകാൻ പറ്റിയില്ല. ഒറ്റക്കു് അദ്ദേഹത്തെ ഇത്രയും ദൂരം ചുമന്നു് നടക്കാൻ സാധിക്കാത്തതുകാരണം ഞാനദ്ദേഹത്തെ വഴിയിലൊരു സ്ഥലത്തു് ഇരുത്തി സുകുമാരൻ സാറിനെ വിവരമറിയിക്കാനും ആളെ കൂട്ടാനും ഓടി. ആളുകളെ സംഘടിപ്പിക്കാൻ കുറച്ചു് താമസമുണ്ടായി. തിരിച്ചെത്തുമ്പോഴേക്കു് ഡോക്റ്റർ വളരെ അവശനായിരുന്നു. നാവു് കുഴഞ്ഞു് തുടങ്ങിയിരുന്നു. ഞങ്ങൾ എടുത്തു് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഞങ്ങൾ നോക്കി നിൽക്കേ... ചേച്ചീ.. നമ്മുടെ ഡോക്റ്റർ സാറു് പോയി..!"

*   *   *   *   *

SPയുടെ മുറിയിൽ അദ്ദേഹവും DySPയും ചർച്ചയിലായിരുന്നു.

SP: "മരിച്ചയാളെ അറിയുമോ?"

DySP: "സർ, മരിച്ചിരിക്കുന്നതു് ആ ഗ്രാമത്തിലെ ആശുപത്രിയിലെ ഡോക്റ്റർ സോമനാണു്. അദ്ദേഹം 3-4 മാസത്തിനു് മുൻപാണു് സ്ഥലംമാറ്റം കിട്ടി അവിടെയെത്തിയതു്. കുടുംബത്തെ പറ്റി അന്വേഷിച്ചു. കല്യാണം കഴിഞ്ഞിട്ടില്ല. അച്ഛനും ഒരു ജ്യേഷ്ഠനും ഉണ്ടു്. വിവരമറിഞ്ഞു് ജ്യേഷ്ഠനെത്തിയിട്ടുണ്ടു്. അദ്ദേഹം തൽക്കാലം ഗ്രാമത്തിലെ ഒരു മി. സുകുമാരന്റെ കൂടെയാണു് താമസം. ഈ സുകുമാരന്റെ തന്നെ ഒരു ഒറ്റമുറിയിലായിരുന്നു സോമന്റെ താമസം. ഇന്നലെ സോമന്റെ രണ്ട്‌ഉ് പഴയ സുഹൃത്തുക്കൾ ഗ്രാമത്തിലത്തിയിട്ടുണ്ടു്. അവരുടെ വീട്ടിൽ ദിവസം മുഴുവൻ ചെലവഴിച്ചശേഷം തിരിച്ചു് വരുന്ന വഴിയാണു് അപകടം സംഭവിച്ചതു്. കൂടെയുണ്ടായിരുന്നതു് നസീർ എന്നൊരു ചെറുപ്പക്കാരനായിരുന്നു"

SP: "അയാളെന്തു് പറഞ്ഞു?"

DySP: "ഇന്നലെ രാവിലെയാണു് സോമന്റെ സുഹൃത്തുക്കൾ വന്നതു്. അപ്പോൾ മുതൽ സോമൻ അവരുടെ കൂടെയായിരുന്നു. രാത്രി ഭക്ഷണവും കഴിഞ്ഞാണു് സോമൻ അവിടെനിന്നിറങ്ങിയതു്. നന്നായി മദ്യപിച്ചിരുന്നതുകൊണ്ടു് സഹായത്തിനാണു് ഈ നസീർ സോമന്റെ കൂടെ ചെന്നതത്രെ. വഴിയിൽ 1-2 തവണ സോമൻ വീണു. വേച്ചുവേച്ചാണു് അദ്ദേഹം നടന്നിരുന്നതു്. ഒരു കാട്ടുപ്രദേശത്തെത്തിയപ്പോൾ വീണ്ടും സോമന്റെ കാൽ തെറ്റി ഒരു പൊന്തക്കാട്ടിലേക്കു് വീണുവത്രെ. അവിടെ വച്ചാണു് പാമ്പുകടിയേറ്റതു് എന്നാണു് നസീർ പറയുന്നതു്. സോമൻ എഴുന്നേറ്റു് വഴിയിലിരുന്നു. ഒരു ഡോക്റ്ററായിരുന്നതുകൊണ്ടു് പാമ്പുകളുടെ കടിയെപ്പറ്റിയും വിഷത്തെക്കുറിച്ചും സോമൻ ആലോചിച്ചു എന്നുവേണം വിശ്വസിക്കാൻ"

SP: "പോസ്റ്റ്‌മോർട്ടം റിപോർട്ടിൽ എന്തു് പറയുന്നു?"

DySP: "പാമ്പുവിഷം പലതരത്തിലുണ്ടു്. അതിൽ ന്യൂറോടോക്സിൻ വിഭാഗത്തിലുള്ള വിഷമാണു് ഡോക്റ്റർക്കു് ഏറ്റിട്ടുള്ളതു്. മൂർഖന്റെ വിഷത്തേക്കാൾ എത്രയോ ഇരട്ടി വിഷമുള്ള വെള്ളിക്കെട്ടനായിരിക്കണം സോമനെ കടിച്ചതു് എന്നാണു് പോസ്റ്റ്‌മോർടം നടത്തിയ ഡോക്റ്ററുടെ അഭിപ്രായം. പാമ്പുകടിയേറ്റു എന്നു് പറയുന്ന സമയത്തിനു് 6 മണിക്കൂർ കഴിയുന്നതിനു മുൻപുതന്നെ മരണം സംഭവിച്ചു"

"ന്യൂറോടോക്സിൻ നേരിട്ടു് നാഡീവ്യൂഹത്തേയും തലച്ചോറിനേയും ആണു് ബാധിക്കുക. സോമൻ അമിതമായി മദ്യപിച്ചിരുന്നു. മദ്യം മനുഷ്യശരീരത്തിലെ ഹൃദയമിടിപ്പിന്റെ തോതു് കൂട്ടുകയും രക്തമർദ്ദം കുറക്കുകയും ചെയ്യും. പോരാത്തതിനു് സോമൻ കുറച്ചുദൂരം നടക്കുകയും ചെയ്തിരുന്നു. അതും ഹൃദയമിടിപ്പു് കൂട്ടാൻ കാരണമായിട്ടുണ്ടാവണം. ഇതു് ശരീരത്തിൽ വിഷം വളരെ വേഗം വ്യാപിക്കാൻ സഹായിച്ചു എന്നുവേണം കരുതാൻ"

"പാമ്പുകടിയേറ്റ ഉടനെ സോമൻ തന്റെ ശരീരചലനങ്ങൾ നിയന്ത്രിച്ചുകൊണ്ടു് വിഷം വ്യാപിക്കുന്നതു് തടയാൻ ശ്രമിച്ചു എന്നാണു് നസീറിന്റെ മൊഴിയിൽ നിന്നു് വ്യക്തമാവുന്നതു്. അതിനാണു് നസീറിനോടു് തന്നെ ചുമന്നു് നടക്കാൻ സോമൻ പറഞ്ഞിട്ടുണ്ടാവുക"

"എന്നാൽ നസീറിനു് ഒറ്റക്കു് അതു് സാധിക്കുമായിരുന്നില്ല. അയാൾ ഗ്രാമത്തിൽ ചെന്നു് കുറച്ചാളുകളെ കൂട്ടി തിരിച്ചുവന്നാണു് സോമന്റെ എടുത്തു് ആശുപത്രിയിലാക്കിയതു്. അതിനു് ഏതാണ്ടു് 1 മണിക്കൂർ വേണ്ടിവന്നു എന്നാണു് കണക്കാക്കുന്നതു്"

"ചുരുക്കത്തിൽ മദ്യവും സഹായമെത്തിക്കുന്നതിലുണ്ടായ സമയനഷ്ടവും സോമനു് എതിരായി പ്രവർത്തിച്ചു എന്നുവേണം കരുതാൻ"

SP: "മനഃപൂർവം നസീർ സഹായമെത്തിക്കാൻ വൈകിച്ചു എന്നു കരുതാൻ ന്യായമുണ്ടോ?"

DySP: "ഞാൻ ആലോചിക്കാതിരുന്നില്ല. അയാൾ ഗ്രാമത്തിലേക്കു് വരുന്നവഴി ആദ്യം സുകുമാരന്റെ വീടാണെങ്കിലും അവിടെ അയാൾ അവസാനമാണു് കയറിയതു്; മറ്റു് ആൾക്കാരെ കൂട്ടിയ ശേഷം. ഞാൻ ചോദിച്ചപ്പോൾ എത്രയും പെട്ടെന്നു് ആൾക്കാരെ കൂട്ടാനാണു് ശ്രമിച്ചതെന്നാണു് അയാളുടെ വാദം"

SP: "ശരി. സോമന്റെ സുഹൃത്തുക്കളോടു് ഈ കേസിന്റെ ഫോർമാലിറ്റീസ്‌ തീരുന്നതുവരെ ഇവിടം വിട്ടുപോകരുതെന്നു് പറയണം"

DySP: "അതു് ഏർപ്പാടാക്കിക്കഴിഞ്ഞു സർ. സോമന്റെ ജ്യേഷ്ഠനു് മരണത്തിൽ ദുരൂഹതയില്ല എന്നു് മൊഴി തന്നിട്ടുണ്ടു്. ആ നിലക്കു് 'പാമ്പുകടിയേറ്റുള്ള അപകടമരണം' എന്നു് ഈ കേസ്‌ ക്ലോസ്‌ ചെയ്യാം എന്നു് കരുതുന്നു"

വെറുമൊരു അപകടമരണം എന്നതിലപ്പുറം ആ കേസ്‌ ചലനങ്ങൾ സൃഷ്ടിക്കുമായിരുന്നില്ല; തുടർന്നും മരണം നടന്നില്ലായിരുന്നുവെങ്കിൽ. തുടർസംഭവങ്ങൾ ഒരുപാടു് വിചിത്രാനുഭവങ്ങൾ നൽകിയതിനോടൊപ്പം കേരള പോലീസിന്റെ കേസന്വേഷണചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുകയും ചെയ്തു. ആ സംഭവങ്ങളെക്കുറിച്ചു് അടുത്ത ഭാഗത്തിൽ.അടുത്ത ഭാഗം: "രണ്ടു് കൊലപാതകങ്ങൾ"