Sunday, March 20, 2011

കഥ പറയുന്ന തോക്കുകൾ

(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും തികച്ചും സാങ്കൽപികമാണു്. യഥാർത്ഥ ജീവിതത്തിലെ ഏതെങ്കിലും സാഹചര്യങ്ങളുമായി സാമ്യം തോന്നുന്നെങ്കിൽ അതു യാദൃച്ഛികമാണു്)

അദ്ധ്യായം - 1

"ഉണ്ടാകാം പലതും തിരിച്ചവഴിയിൽ പ്രശ്നങ്ങ,ളുൾക്കണ്ണിൽ നീ
കണ്ടിട്ടേവമവക്കു നല്ല പരിഹാരങ്ങൾ നിനച്ചീടണം
"

1970കളിലെ ഒരു പ്രഭാതം. അന്നത്തെ ദിനഃപത്രത്തിൽ താഴെക്കാണും വിധം ഒരു വാർത്തവന്നു.

"സുധാകരറെഡ്ഡിക്കു് പൊല്ലീസ്‌ സംരക്ഷണം" (സ്വ. ലേ.)

കൊച്ചി: സുധാകരറെഡ്ഡിക്കു് കോടതി പൊല്ലീസ്‌ സംരക്ഷണമനുവദിച്ചു. പ്രത്യക്ഷത്തിൽ ഇയാൾക്കെതിരെ വധഭീഷണിയുണ്ടെന്നു് കരുതാവുന്നതാണെന്നും അതിനാൽ സംരക്ഷണം അനുവദനീയമാണെന്നും കോടതി കണ്ടെത്തി. വേങ്ങൂർ വ്യാജമദ്യ ദുരന്തത്തിൽ ഷാപ്പ്‌ ലൈസൻസി സുധാകരറെഡ്ഡിയുടെ പേർ പ്രതി ചേർക്കപ്പെട്ടെങ്കിലും ഷാപ്പിലെ നടത്തിപ്പുകാരൻ വർഗ്ഗീസ്‌ പിന്നീടു് കുറ്റമേറ്റെടുത്തതു് ഈ പത്രം കുറച്ചുനാൾ മുമ്പു് റിപ്പോർട്ട്‌ ചെയ്യുകയുണ്ടായല്ലോ. എന്നാൽ കേസിന്റെ അന്വേഷണമവസാനിക്കാറായ ഘട്ടത്തിൽ ഈ വർഗ്ഗീസ്‌ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുകയാണുണ്ടായതു്. വ്യക്തിവൈരാഗ്യത്തിന്റെയോ തെറ്റിദ്ധാരണയുടെയോ പേരിൽ വർഗ്ഗീസിനെ വധിച്ചവർ തനിക്കെതിരെയും വന്നേക്കാം എന്ന ആശങ്കയിൽ മി. റെഡ്ഡി ഫയൽ ചെയ്ത സംരക്ഷണഹരജിയിലാണു് വിധി.


"എന്താ ചന്ദ്രാ? കോടതിയുടെ വിധി കണ്ടില്ലേ? തന്റെ ബദ്ധശത്രുവിനു് ഇനി പൊല്ലീസ്‌ സംരക്ഷണം. കാലം പോയ പോക്കേയ്‌! ഈ നാട്ടിലെ ഓരോ കുട്ടിക്കുമറിയാം ആ റെഡ്ഡി ആളൊരു ചതിയനാണെന്നു്. സ്വന്തം കീശ വീർപ്പിക്കാൻ എന്തു് വൃത്തികേടും കാട്ടാൻ മടിയില്ലാത്തവൻ. ഇവനെയൊക്കെ കൊല്ലുകയാ വേണ്ടതു്"

ചന്ദ്രൻ ആഗതന്റെ മുഖത്തേക്കു് നോക്കി.

"പിള്ളച്ചേട്ടൻ വിഷമിക്കണ്ട. കോടതിയിൽ തെളിവുകളും സാക്ഷികളും കെട്ടിച്ചമച്ചു് അവൻ രക്ഷപ്പെട്ടിരിക്കാം. എന്നാൽ എന്നെ തോൽപ്പിക്കാൻ അവനാവില്ല"

"താൻ എന്താടോ ചന്ദ്രാ പറയുന്നതു്? താൻ അയാളെ എതിർക്കാൻ പോവുകയാണോ?"

"ഞാൻ അവനെ എതിർക്കാനല്ല, കൊല്ലാൻ പോകുന്നു"

"എന്തു്?! ചന്ദ്രാ, താനെന്താ പറയുന്നേ? ഒരാളെ കൊല്ലാനോ? അതും റെഡ്ഡിയെപ്പോലെ പ്രബല..."

പിള്ളച്ചേട്ടനെ തടഞ്ഞുകൊണ്ടു് ചന്ദ്രൻ പറഞ്ഞു:

"ഏതു് മാർഗ്ഗത്തിലൂടെയായാലും അയാളുടെ നാശമാഗ്രഹിക്കുന്നവരല്ലേ നമ്മളോരോരുത്തരും? ഇന്നു് ഞാനതിനു് തുനിഞ്ഞിറങ്ങുകയാണു്; സ്വമേധയാ. ഞാൻ ഒരുപക്ഷെ ലക്ഷ്യത്തിലെത്തില്ലായിരിക്കാം. എങ്കിൽ എനിക്കു് പിന്നാലെ മറ്റൊരാൾ ഈ കൃത്യം ചെയ്യും. അതിനു് പ്രാപ്തിയുള്ള ഒരു തലമുറ ഈ നാട്ടിൽ തന്നെയുണ്ടല്ലോ പിള്ളച്ചേട്ടാ. ഞാനൊറ്റ തടിയാണു്. എനിക്കോർക്കാനോ എന്നെയോർക്കാനോ ആരുമില്ല. ഇതുവരെ ജീവിതത്തിൽ പ്രത്യേകിച്ചൊന്നും നേടിയിട്ടില്ല. ഇതെനിക്കു് ചെയ്തേ മതിയാവൂ"

"തന്റെ വാക്കുകളിലെ നിശ്ചയദാർഢ്യം ഞാൻ തിരിച്ചറിയുന്നു. പിൻതിരിപ്പിക്കാൻ എനിക്കാവുന്നില്ല. നിന്റെ പ്രായമായിരുന്നെങ്കിൽ ഞാനും ഇതു് ചെയ്തേനെ. ആട്ടെ നീ എന്താ തീരുമാനിച്ചിട്ടുള്ളതു്?"

ചന്ദ്രൻ മെല്ലെ പിള്ളച്ചേട്ടന്റെ അടുക്കലെത്തി. തന്റെ ഇടതുകൈ പിള്ളച്ചേട്ടന്റെ തോളിൽ പിടിച്ചു. ആ പിടുത്തത്തിനു് പതിവിലധികം ശക്തിയുണ്ടായിരുന്നു.

"ഞാനവനെ വെടിവെച്ചു് കൊല്ലും!"

തന്റെ വലതുതോളിൽ വേദനിപ്പിക്കും വിധം അമർന്നിരിക്കുന്ന ചന്ദ്രന്റെ ഇടതുകൈ പിള്ളച്ചേട്ടൻ മെല്ലെ തന്റെ കൈകളിലേക്കെടുത്തു. ഒരു നിമിഷം അവരൊന്നും മിണ്ടിയില്ല.

"ചന്ദ്രാ, പൊല്ലീസ്‌ കാണും. പിടിക്കപെടാതിരിക്കാൻ എന്തെങ്കിലും..."

ചന്ദ്രൻ ചെറുതായൊന്നു് മന്ദഹസിച്ചുവൊ?

"പിള്ളച്ചേട്ടാ, പിടികൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ"

വീണ്ടും ചില നിമിഷങ്ങൾ നീണ്ട മൗനം.

"പിടികൊടുക്കാതെ രക്ഷപ്പെടാമായിരുന്നു; സംരക്ഷണമനുവദിക്കുന്നതിനുമുമ്പു്. ഇനിയിപ്പൊ അവനെ അടുത്തുകിട്ടാൻ ഒരു പൊതുവേദി തന്നെ വേണം. നിവൃത്തിയില്ല. വിഷമിക്കേണ്ട. ഈ തീരുമാനം എന്റേതു് മാത്രമാണു്; ഉത്തരവാദവും"


അദ്ധ്യായം - 2

"നിനച്ചതൊക്കേ നിറവേറ്റിടേണം
എനിക്കു മറ്റൊന്നഹൊ ലക്ഷ്യമില്ല
എനിക്കു സാധിക്കുകയില്ലയെങ്കിൽ
തനിക്കു തുല്യൻ ഇനിവേറൊരുത്തൻ
"

വായനശാലയുടെ വാർഷികാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഒഴാൽ ഗ്രാമം. മൈതാനത്തുയർന്ന വേദിയിൽ മേശയും ഇരിപ്പിടങ്ങളും മൈക്കും ചിലർ സജ്ജമാക്കുമ്പോൾ ശ്രോതാക്കളായി വരുന്നവർക്കിരിക്കാൻ കസേരകളെടുക്കുന്നു മറ്റുചിലർ. ഇവർക്കുത്തേജനമേകാൻ കോളാമ്പിയിൽ നിന്നു് ഹൃദ്യമായ ഗാനമുയരുന്നു. ഇനി ഒരു കൂട്ടർ വരുന്നവർക്കു് കൊടുക്കാനുള്ള ബിസ്കറ്റും പാനീയങ്ങളും തയ്യാറാക്കുന്നു. പ്രാർത്ഥനാഗാനമാലപിക്കാൻ നിയുക്തയായ കുട്ടി അവസാനവട്ട തയ്യാറെടുപ്പിൽ മുഴുകുമ്പോൾ വിശിഷ്ടാതിഥികൾക്കുള്ള ചെറിയ പുരസ്കാരങ്ങൾ അടുക്കിവക്കുന്ന തിരക്കിലാണു് സംഘാടകർ.

ഇതിനിടയിൽ സംഘാടകരിൽ ചിലർ സംസാരിക്കുകയായിരുന്നു.

"അല്ല, ഈ സുധാകരറെഡ്ഡിയെ വായനശാലയുടെ ആഘോഷത്തിനു് ക്ഷണിച്ചതെന്തിനാണാവോ?"

"അതു് റെഡ്ഡിയുടെ നിർബന്ധം. മദ്യക്കേസിൽ അയാൾ നിരപരാധിയാണെന്നു് നാട്ടുകാരോടു് പറയാൻ ഒരു അവസരം. അതിലപ്പുറം ഒന്നുമില്ല". (ശബ്ദം താഴ്ത്തി) "പ്രസംഗിക്കാൻ അവസരമൊരുക്കുന്നതിനു് വായനശാലക്കു് നല്ലൊരുതുക സംഭാവന കൊടുത്തുവത്രെ"

"എന്നാലും ഒരു കള്ളുകച്ചവടക്കാരന്റെ..."

"കള്ളുകച്ചവടക്കാരന്റെ കാശും കാശു തന്നെ"

ആളുകൾ എത്തിത്തുടങ്ങിയിരുന്നു. CI വിജയന്റെ നേതൃത്വത്തിൽ രണ്ടു പോലീസുകാർ പരിസരത്തു് നിൽക്കുന്നുണ്ടായിരുന്നു. വേദിയുടെ മുമ്പിലുള്ള മൈതാനം പതുക്കെ ആളുകളെക്കൊണ്ടു് നിറഞ്ഞു.

ക്ഷണിക്കപ്പെട്ട അതിഥികൾ വേദിയിലിരുന്നു. യോഗം ആരംഭിച്ചു.

"മാന്യരെ, വേദിയിലിരിക്കുന്ന വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുകയും അവരെ സദസ്സിനു് പരിചയപ്പെടുത്തുകയും ചെയ്യട്ടെ"

"ആദ്യം പരിചയപ്പെടുത്തുന്നതു് ശ്രീ രാവുണ്ണിമേനോൻ. അദ്ദേഹം കർമ്മനിരതയുടെ പ്രചാരകനായാണു് അറിയപ്പെടുന്നതു്. ഇതിനോടകം നാലു് പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്"

"അടുത്തതു് ശ്രീ സുധാകരറെഡ്ഡി". ശ്രോതാക്കളിൽ ഒരു മുറുമുറുപ്പുയർന്നു. "ഇദ്ദേഹത്തെക്കുറിച്ചു് പറയുകയാണെങ്കിൽ ഒരു സാമൂഹികപ്രവർത്തകനാണദ്ദേഹം. തന്റെ തിരക്കുള്ള ദിനചര്യയിൽ നിന്നു് ഇന്നിവിടെ സമയം ചെലവഴിക്കാനെത്തിയ അദ്ദേഹത്തിനു് സ്വാഗതം"

"മൂന്നാമതായി വേദിയിലിരിക്കുന്നതു് അദ്ധ്യാപകനായ ശ്രീ നാസർ അലി. സമൂഹത്തിലെ അസമത്വങ്ങൾക്കും തിന്മകൾക്കുമെതിരെ നിരന്തരം സംസാരിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്ന നാസർ അലി മാഷ്‌ യുവാക്കൾക്കിടയിൽ വളരെ സമ്മതനാണു്"

കാണികളുടെ ഇടയിൽ നിന്നു് ചന്ദ്രൻ പതുക്കെ മുന്നിലേക്കു് നീങ്ങി. ഇപ്പോൾ അയാൾ വേദിയുടെ തൊട്ടടുത്താണു്.

രാവുണ്ണിമേനോന്റെ പ്രസംഗത്തിനിടക്കു് ചന്ദ്രൻ കൈയ്യുറകൾ ധരിച്ചു. പാന്റിന്റെ കീശയിൽ തൊട്ടു് തോക്കു് അവിടെത്തന്നെയുണ്ടെന്നു് ഉറപ്പുവരുത്തി.

അടുത്തതായി പ്രസംഗിക്കാൻ സുധാകരറെഡ്ഡി എഴുന്നേറ്റു. ചന്ദ്രൻ കൈ പാന്റിന്റെ പോക്കറ്റിൽ തിരുകി. സദസ്സു് പൊതുവായി ഒന്നിളകി. അവർക്കിടയിൽ ഒരു മർമ്മരമുയർന്നു. സുധാകരറെഡ്ഡി മൈക്കിനടുത്തെത്തിയപ്പോൾ അവിടം നിശ്ശബ്ദമായി.

"നമസ്തെ..."

ഇത്രയും പറഞ്ഞപ്പൊഴേക്കു് ചന്ദ്രൻ പെട്ടെന്നു് വേദിയിലേക്കു് ചാടിക്കയറി. ഒരു റിവോൾവർ രണ്ടുകൈകൊണ്ടു് അയാൾ നീട്ടിപ്പിടിച്ചിരുന്നു. വേദിയിലും സദസ്സിലും ജനം സ്തംഭിച്ചു നിൽക്കുമ്പോൾ ചന്ദ്രൻ തോക്കു് നീട്ടി നിറയൊഴിച്ചു.

അവിടെ കൂടിയിരുന്നവരിൽ ചിലരെങ്കിലും രണ്ടു് വെടിശബ്ദം കേട്ടു. സുധാകരറെഡ്ഡി വീണുകഴിഞ്ഞിരുന്നു. തന്റെ ദേഹം വിട്ടുപോകുന്ന ജീവൻ പിടിച്ചുനിർത്താനെന്നവണ്ണം അയാൾ കൈനീട്ടി.

ഒന്നിലും പിടികിട്ടാതെ അയാളുടെ കൈ നിലത്തുപതിച്ചു.


അദ്ധ്യായം - 3

"വിഷയം ചികയാൻ തുടങ്ങിയാൽ
വിഷമം കൂടുക മാത്രമാം ഫലം
"

പോലീസ്‌ അധികാരികൾ വിഷമവൃത്തത്തിലായിരുന്നു. CI വിജയൻ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്യപ്പെട്ടിരിക്കുന്നു. ചന്ദ്രൻ റിമാൻഡിലാണു്. എന്നാൽ അധികാരികളെ കുഴക്കിയതു് മറ്റൊരു പ്രശ്നമാണു്.

സുധാകരറെഡ്ഡി മരിച്ചതു് ചന്ദ്രന്റെ റിവോൾവറിൽ നിന്നുള്ള വെടികൊണ്ടായിരുന്നില്ല. കൃത്യമായിപ്പറഞ്ഞാൽ ചന്ദ്രന്റെ റിവോൾവറിൽ നിന്നുതിർന്ന വെടിയുണ്ട സുധാകരറെഡ്ഡിയെ തൊട്ടിട്ടുപോലുമില്ല. ലക്ഷ്യം തെറ്റി അതു് വേദിയുടെ പിന്നിൽ ഒരു മരപ്പലകയിലാണു് തറച്ചതു്.

റെഡ്ഡി മരിച്ചതു് ഒരു ചെറിയ പിസ്റ്റളിൽ നിന്നുവന്ന വെടിയുണ്ട ഏറ്റിട്ടാണു്. നാലുപാടും ചിതറിയോടിയ ജനം നാനാവിധമാക്കിയ ആ വേദിയിൽ രാവുണ്ണിമേനോൻ ഇരുന്ന കസേരക്കു് താഴെനിന്നാണു് പിസ്റ്റൾ പോലീസ്‌ കണ്ടെടുത്തതു്. അതിൽനിന്നു വന്ന വെടിയുണ്ടയാണു് സംഭവത്തിനാസ്പദം എന്നു് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു.

എങ്കിൽ അതു് ചെയ്തതാരു്?

ഒരാളെ ഒരു ദിവസം ഒരു വേദിയിൽ വച്ചു് ഒരേ രീതിയിൽ കൊല്ലാൻ രണ്ടുപേർ വരുന്നു. ഒരാൾ വിജയിക്കുന്നു; മറ്റയാൾ പരാജയപ്പെടുന്നു.

പരാജിതനെ ഏവർക്കുമറിയാം. എന്നാൽ യഥാർത്ഥ കൊലയാളി?

സമസ്യയുടെ പൊരുളറിയാൻ പോലീസ്‌ തങ്ങളുടെ സമർത്ഥനായ ഉദ്യോഗസ്ഥൻ മി. മൻസൂറിനെയാണു് അന്വേഷണച്ചുമതല ഏൽപ്പിച്ചതു്.

അദ്ദേഹത്തിന്റെ ആദ്യചുവടു് കൊലപാതകം നടത്താനുപയോഗിച്ച തോക്കു് പരിശോധിക്കുകയായിരുന്നു. ഫോറൻസിക്‌ വിദഗ്ദ്ധരുമായി അദ്ദേഹം വിശദമായിത്തന്നെ ചർച്ചചെയ്തു.

"സാധാരണ ഒരു റിവോൾവറിനേക്കാൾ ശക്തികുറവാണു് പിസ്റ്റളിനു് എന്നു വേണമെങ്കിൽ പറയാം. ശക്തി എന്നതുകൊണ്ടു് ഞങ്ങളുദ്ദേശിച്ചതു് ഏൽപ്പിക്കുന്ന ക്ഷതങ്ങളുടെ തീവ്രതയല്ല; മറിച്ചു് അതുപയോഗിക്കുന്ന ദൂരമാണു്. ഇവിടെ ഉപയോഗിച്ചിരിക്കുന്നതു് ചെറിയ ശക്തിയുള്ള പിസ്റ്റളാണു്. ഒന്നുകിൽ വേദിയിലുള്ള ഒരാൾ; അല്ലെങ്കിൽ വേദിക്കു് വളരെ അടുത്തുനിന്നിരുന്ന ഒരാൾ. അയാളാണു് കൊലയാളി"

"മറ്റൊന്നുകൂടി - പിസ്റ്റളിൽ വിരലടയാളങ്ങളില്ല"

"അപ്പോൾ കൊലയാളി കൊലനടത്തിയശേഷം തോക്കിലെ വിരളടയാളങ്ങൾ മായ്ച്ചുകളഞ്ഞു എന്നുവേണം കരുതാൻ, അല്ലേ?"

"പക്ഷെ അതത്ര എളുപ്പമല്ല. വളരെ നേരം അമർത്തി തുടച്ചാൽ മാത്രമേ വിരലടയാളങ്ങൾ തോക്കിൻപിടിയിൽ നിന്നു് പോകൂ. അത്തരമൊരു പ്രതലമാണു് ഈ തോക്കിനുള്ളതു്"


* * * *


ഒരു ചൂടുകാപ്പി ഊതിക്കുടിച്ചു് പത്രവായനയിലായിരുന്നു രാവുണ്ണിമേനോൻ. ശരീരം അർഹിക്കുന്നതിലും വലിയ ഒരു കുടവയർ അയാൾക്കുണ്ടായിരുന്നു. നരകയറിയ മുടികൾ വൃത്തിയായി വെട്ടിയൊതുക്കിയിരുന്നു. ഒരു മുണ്ടു് മാത്രമുടുത്തു് അയാൾ ചാരുകസേരയിൽ എഴുന്നേറ്റിരിക്കുകയായിരുന്നു.

"മി. രാവുണ്ണിമേനോൻ ആ സന്ദർഭം ഒന്നു് വിശദീകരിക്കാമോ?"

"ഹൗ! ആലോചിക്കുമ്പൊതന്നെ വെറക്യാണു്. ഹെന്റെ കണ്മുന്നിലല്ലേ, കൃഷ്ണാ, ആ ചന്ദ്രൻ അയാളെ കൊന്നേ? ന്നാലും അയാളുടെ ഒരു ധൈര്യേയ്‌! സമ്മതിക്കാണ്ട്‌ വയ്യ!"

"ചന്ദ്രൻ നിറയൊഴിക്കുന്നതു് നിങ്ങൾ കണ്ടുവൊ?"

"ഉ..വ്വ്‌.. കണ്ടു. ച്ചാൽ, ചന്ദ്രന്റെ പിൻഭാഗാണു് കണ്ടതു്. അയാളു് റെഡ്ഡീടെ മുമ്പിലു് നിക്യായിര്‌ന്നു. എന്തേയ്‌?"

"ആ നേരത്തു് നിങ്ങളെന്തു് ചെയ്യുകയായിരുന്നു?"

"പ്രസംഗിക്കാനുള്ള കാര്യങ്ങൾ ചെറിയൊരു കടലാസിലെഴുതിയിട്ടുണ്ടായിരുന്നു. അത്‌ ഒന്നുംകൂടി വായിക്യായിരുന്നു. ചില കാര്യങ്ങൾ പറയാൻ വിട്ടുപോയി പ്രസംഗിക്കുമ്പോഴേയ്‌. പുസ്തകങ്ങളൊക്കെ എഴ്‌തീട്ട്‌ണ്ട്‌ച്ചാലും ഒരു പൊതുവേദീലു് പ്രസംഗിക്കാൻ പോണതു് ആദ്യായിട്ടാ. അതിന്റെ ഒരു പരിഭ്രമംണ്ടേർന്നു"

"മറ്റെന്തെങ്കിലും നിങ്ങൾ കാണുകയുണ്ടായോ? അസ്വാഭാവികമായ മറ്റെന്തെങ്കിലും? ആരെങ്കിലും നീങ്ങുന്നതോ മറ്റോ?"

"ഇല്ല്യ. ഞാനങ്ങിനെ ശ്രദ്ധിച്ചൂല്ല്യന്നു് കൂട്ടിക്കോളു. പക്ഷെ ഇപ്പൊ ഇങ്ങന്യൊക്കെ സംശയിക്കാനെന്താണ്ടായെ?"

ഒരു നിമിഷം മൻസൂർ ആ മനുഷ്യന്റെ മുഖത്തേക്കു് സൂക്ഷിച്ചു് നോക്കി. പിസ്റ്റളിന്റെ കാര്യം ജനത്തിനു് ഇതുവരെ അറിയില്ല. യഥാർത്ഥകൊലയാളി ഒരുപക്ഷെ ആ ധൈര്യത്തിൽ മുൻകരുതലുകൾ അധികമെടുത്തിരിക്കില്ല. ഇക്കാര്യം കൂടുതൽ ഒളിച്ചുവച്ചിട്ടും പ്രയോജനമില്ലെന്നു് മൻസൂറിനറിയാമായിരുന്നു. പിസ്റ്റളിൽ വിരലടയാളങ്ങളില്ല. ഇന്നയാളാണു് കൊലയാളി എന്നുറപ്പായാലും അതു് കോടതിയിൽ തെളിയിക്കുക ബുദ്ധിമുട്ടാവും.

അതുകൊണ്ടു് രാവുണ്ണിമേനോന്റെ ഭാവവ്യത്യാസങ്ങൾ സൂക്ഷിച്ചു് ശ്രദ്ധിക്കാൻ മൻസൂർ തീരുമാനിച്ചു.

"മി. മേനോൻ, കൊല നടത്തിയതു് ചന്ദ്രനല്ല"

"എന്താ ഇൻസ്പെക്റ്റർ പറയണേ? ഞങ്ങളെല്ലാവരും കണ്ടതല്ലേ? ഞങ്ങളുടെ മുമ്പിലല്ലേ ചന്ദ്രൻ അയാളെ വെടിവെച്ചേ? അപ്പൊത്തന്നെ അയാൾ വീഴേം ചെയ്തു"

"റെഡ്ഡി മരിച്ചതു് ചന്ദ്രന്റെ തോക്കുകൊണ്ടല്ല"

"അല്ലേ? പക്ഷെ അയാളു് വെടികൊണ്ടു് വീണതാണല്ലോ. ഓ! അപ്പൊ അയാളു് മരിച്ചട്ട്‌ണ്ടാവില്യ, ല്ലേ? ആസ്പത്രീലു് പോണവഴിക്കു് വേറാരെങ്കിലും അയാളെ കൊന്ന്വൊ?"

"റെഡ്ഡി മരിച്ചതു് വേദിയിൽ വെടികൊണ്ടു് തന്നെ. പക്ഷെ ആ വെടിവച്ചയാൾ ചന്ദ്രനല്ല"

"അതെങ്ങനെ സാധിക്കും? അവിടെ അപ്പൊ ചന്ദ്രനല്ലാതെ വേറാരും ണ്ടായിര്‌ന്നില്ല്യ"

"ഒരു പിസ്റ്റൾ കൊണ്ടാണു് റെഡ്ഡിയെ വെടിവച്ചിരിക്കുന്നതു്"

ഒരു ഭാവമാറ്റവുമില്ല.

"ആ പിസ്റ്റൾ വേദിയിൽ നിങ്ങളുടെ കസേരയുടെ അടിയിൽ നിന്നു് ഞങ്ങൾക്കു് കിട്ടി"

മേനോനിൽ അന്ധാളിപ്പുയർന്നു.

"ഹേയ്‌! അതെങ്ങന്യാ ശര്യാവാ? അപ്പൊ നിങ്ങള്‌ പറയണത്‌..."

"കൊലനടത്തിയതു് മറ്റാരോ ആണു്. അതിനെക്കുറിച്ചു് മി. മേനോനെന്തെങ്കിലും സൂചനതരാൻ കഴിയുമോ?"

"ചിത്രമായിരിക്കുണു! ഞാനിതു് വിശ്വസിക്കില്ല്യ. ഒരാളെ രണ്ടുപേര്‌ ഒരേ സമയം വെടിവെക്യേ? അതിനു് വേദീല്‌ വേറാരും ഉണ്ടായിര്‌ന്നില്ല്യല്ലോ" പെട്ടെന്ന് മേനോന്റെ ഭാവം മാറി. ഒരു പേടി അയാളെ ഗ്രസിച്ചു. "സാർ പറയണതു്.. മറ്റേ ആളു് ആ നാസർ അലി.. അയാളാ ഇത്‌ ചെയ്തത്‌ന്നാ?"

മൻസൂർ മേനോനെ തുറിച്ചുനോക്കുകയായിരുന്നു. അഗാധമായ ചിന്തയിലായിരുന്നു അദ്ദേഹം. കുറച്ചുകഴിഞ്ഞു് ചിന്തയിൽ നിന്നുണർന്ന മൻസൂറിനു് സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ മേനോനു് തോന്നി. അയാൾ പതുക്കെ മൻസൂറിന്റെ ചുമലിൽ തട്ടി.

"ത്തിരി സംഭാരം എട്‌ക്കാൻ പറഞ്ഞട്ട്‌ണ്ട്‌. ചൂടിന്റ്യാവും. പോരാത്തേനു് മനസ്സിലു് കേസിന്റെ കാര്യാവില്ല്യെ? അപ്പൊ സാർ പറേണതു് ആ നാസർമാഷാണു് ഇത്‌ ചെയ്തത്‌ന്നാ?"

ഒരു പുതിയ ഉന്മേഷം മൻസൂറിനു് തോന്നി.

"ങാ! ഇപ്പൊ ശര്യായീലോ! സംഭാരം തന്യാ നല്ലത്‌. ഇപ്പഴത്തെ കൂട്ടരു് ചായേം കാപ്പീം ഒക്കെ കഴിക്കും. ന്നാലും സംഭാരത്തിന്റത്രേം കുടിക്കാൻ സുഖം വേറൊന്നൂല്യ!"

"നാസർ അലി എന്തെങ്കിലും ചെയ്യുന്നതായി മി. മേനോൻ ശ്രദ്ധിച്ചുവൊ?"

"ഏയ്‌, അയാളു് അയാൾടെ മുതുക്‌ ചൊറിയ്യായിരുന്നു!"

"എന്ത്‌?"

"അയാളേയ്‌ മുതുക്‌ ചൊറിയാൻ വേണ്ടി കൈ പിന്നിൽക്ക്‌ കൊണ്ടുപോയി. അപ്പൊ എന്റെ മേത്ത്‌ തട്ടി. അതിനയാൾ ക്ഷമ ചോദിക്യേം ചെയ്തു. അതോണ്ടാ നിക്ക്‌ നല്ല നിശ്ശം. അതോണ്ടാ ഞാൻ പറയണേ കൊന്നത്‌ ആ നാസർമാഷ്‌ ആവാൻ തരല്യ. വെടി പൊട്ടിയ ഉടനെ ആ മാഷ്‌ എന്നേം വലിച്ച്‌ അവിടന്ന് ഓടി. ഞാൻ വീഴാമ്പോയപ്പൊ ആ മാഷ്‌ എന്നേം താങ്ങി ഓടി. മാത്രല്ല, ആ റെഡ്ഡ്യെ കൊല്ലാൻ എന്ത്‌ വിരോധാ അവര്‌ തമ്മില്‌? പോട്ടെ, ഇനിപ്പൊ കൊല്ലണം ന്നങ്ങട്‌ നിശ്ചയിച്ചാൽ അതിങ്ങനെ പുരുഷാരത്തിന്റെ നടുക്ക്‌ വെച്ചാ? ആളോള്‌ കാണില്ല്യെ? രക്ഷപ്പെടാൻ വല്ല മാർഗ്ഗോണ്ടൊ? സാമാന്യബുദ്ധീള്ളോര്‌ അങ്ങനെ ചെയ്യുമോ?"

"ചന്ദ്രൻ ശ്രമിച്ചില്ലേ?"

"അത്‌ ശര്യാ. അയാള്‌ പരാജയപ്പെട്ടുച്ചാലും... ന്നാലും വല്ലാത്ത ധൈര്യം തന്യാട്ടൊ. ഇത്ര ആൾടെ മുമ്പ്‌ന്ന്‌ ഒരാളെ കൊല്ലാൻ വെടിവെക്ക്യാച്ചാൽ.. സ്വന്തം ജീവനു് ഒരു വെലേം ല്ല്യേ ആവൊ.."

മൻസൂർ എഴുന്നേറ്റു. അദ്ദേഹത്തിന്റെ മനസ്സു് കലുഷിതമായിരുന്നു. പക്ഷെ ഒരു കാര്യം മൻസൂറിനു് ബോധ്യമായിരുന്നു.

തനി നാടൻ സമ്പ്രദായങ്ങളുള്ള ഒരാളാണു് രാവുണ്ണി മേനോനെങ്കിലും പുറമെ കാണുന്ന മാതിരി ഒരു ശുദ്ധനല്ല അയാൾ. മറിച്ചു് വളരെ ബുദ്ധിമാനാണു്. സന്ദർഭത്തെ വസ്തുനിഷ്ഠമായി കാണാൻ അയാൾക്കു് സാധിക്കുന്നു. ഒരുപക്ഷെ നിഗമനങ്ങളിലെത്താൻ അയാൾക്കു് സാധിക്കുന്നുണ്ടാവില്ലായിരിക്കാം. എന്നാലും അയാൾ ചിന്തിക്കുന്ന രീതി പ്രശംശനീയം.

അടുത്തതായി നാസർ അലിയെ കാണാനായിരുന്നു മൻസൂർ വിചാരിച്ചതെങ്കിലും അതിനുമുമ്പു് തന്റെ ചില സംശയങ്ങൾ തീർക്കാൻ സംഭവസ്ഥലം സന്ദർശിക്കേണ്ടതത്യാവശ്യമാണെന്നു് അദ്ദേഹത്തിനു് തോന്നി.

ഒഴാൽ സ്കൂൾ മൈതാനത്താണു് വേദി നിന്നിരുന്നതു്. തുറസ്സായ സ്ഥലം. സ്കൂളിലെ കുറച്ചു് ബെഞ്ചുകൾ നിരത്തി അൽപം പൊക്കത്തിലുയർത്തിയ വേദി. വേദിയുടെ പിൻവശത്തു് തുണിയും പലകയും കൊണ്ടു് മറച്ചിരുന്നു. മൂന്നുപേർക്കുള്ള കസേരകളാണു് കൃത്യം നടക്കുമ്പോൾ വേദിയിലുണ്ടായിരുന്നതു്. വേദിയുടെ വലതുവശത്തു് മൈക്ക്‌.

തന്റെ ചില നിഗമനങ്ങൾ ശരിയെന്നു് മൻസൂറിനു് ബോധ്യമായി. ബാക്കിയുള്ളവ ഫോറൻസിക്കുകാരുമായി ചർച്ചചെയ്തു് തീരുമാനിക്കാം. തുടർന്നു് അദ്ദേഹം നാസർ അലിയുമായി സംസാരിച്ചു.

"ഞാൻ ഒഴാൽ സ്കൂളിൽ വന്നിട്ടു് രണ്ടു് വർഷമാവുന്നു. വന്നപ്പോൾ മുതൽ വായനശാലയിലെ അംഗമാണു്. അതിന്റെ ഉന്നമനത്തിനു് വേണ്ടി ശ്രമിക്കാറുണ്ടു്. അതിനാലാണു് ഭാരവാഹികൾ എന്നെക്കൂടി പ്രസംഗകരിലുൾപ്പെടുത്തിയതു്. ഒരു കാര്യം തീർച്ച. സുധാകരറെഡ്ഡിയുടെ പ്രവർത്തനമേഖലയോടോ രീതികളോടോ എനിക്കു് തീരെ യോജിപ്പില്ല. അയാളെ വായനശാല പോലെ സാമൂഹികപ്രതിബദ്ധതയുള്ള സ്ഥാപനങ്ങളുടെ ആഘോഷച്ചടങ്ങിൽ പങ്കാളിയാക്കരുതെന്നു് ഞാൻ വാദിച്ചതാണു്. എന്നാൽ വായനശാലക്കു് വലിയൊരു തുക സംഭാവനചെയ്തും തന്റെ സ്വാധീനമുപയോഗിച്ചും റെഡ്ഡി പ്രസംഗിക്കാൻ ഒരവസരം നേടിയെടുത്തു. ഇവിടെ അടുത്തുള്ള ഗ്രാമമല്ലേ വേങ്ങൂർ? അവിടെ നേരിട്ടു് പോയി സംസാരിക്കാനുള്ള ധൈര്യം അയാൾക്കില്ല. മുൻപു നടന്ന വ്യാജമദ്യദുരന്തത്തിന്റെ പ്രശ്നത്തിൽ നാട്ടുകാർ അയാളെ കൈകാര്യം ചെയ്യും എന്നയാൾക്കറിയാം. അപ്പോൾ താൻ നിരപരാധിയാണെന്നു് വിളിച്ചുപറയാൻ ഒരവസരം - അത്രെയേ അയാൾക്കു് വേണ്ടൂ. അയാളുടെ പൊള്ളത്തരങ്ങളെ വെളിച്ചത്തു് കൊണ്ടുവരണമെന്നു് ഞാനും തീർച്ചപ്പെടുത്തിയിരുന്നു. എന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അതിനായി നീക്കിവച്ചതുമായിരുന്നു"

"ചന്ദ്രൻ റെഡ്ഡിയെ കൊല്ലുന്നതു് നിങ്ങൾ കണ്ടുവൊ?"

"ചന്ദ്രൻ വേദിയിൽ കയറുമ്പോൾ ഞാൻ മറ്റെന്തോ ആലോചിച്ചിരിക്കുകയായിരുന്നു. ചന്ദ്രൻ ചാടിക്കയറിയപ്പോൾ എന്റെ ശ്രദ്ധ ചന്ദ്രനിലായി. ഇയാൾ എന്തു് ചെയ്യാനുള്ള ഭാവമാണെന്നു് ഞാനാലോചിക്കുകയും ചെയ്തു. പെട്ടെന്നാണു് ചന്ദ്രൻ വെടിവച്ചതു്. എന്റെ ആദ്യത്തെ ചിന്ത, അടുത്തതു് അയാൾ മേനോനേയും എന്നെയും വകവരുത്തും എന്നായിരുന്നു. അതുകൊണ്ടു് ഞാൻ മേനോനെ വലിച്ചു് വേദിയിൽ നിന്നോടി. എനിക്കു് രക്ഷപ്പെടണം എന്ന ഒറ്റ ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളു"

"ചന്ദ്രന്റെ തോക്കല്ല കൊലക്കുപയോഗിച്ചിരിക്കുന്നതു്"

നാസറലി ഞെട്ടി. ഭയത്തേക്കാൾ അത്ഭുതമായിരുന്നു അയാളുടെ മുഖത്തു്.

"സാർ, അതെങ്ങിനെ സാധ്യമാവും?"

"ചന്ദ്രനു് ലക്ഷ്യം തെറ്റി. എന്നാൽ അവിടെ സന്നിഹിതനായിരുന്ന മറ്റൊരാൾ ചന്ദ്രനുദ്ദേശിച്ച ലക്ഷ്യം നേടുകയും ചെയ്തു. ഒരു ചെറിയ പിസ്റ്റളുപയോഗിച്ചാണു് റെഡ്ഡിയെ കൊന്നതു്"

നാസർ അലി ഒന്നും മനസ്സിലാവാതെ നിന്നു.

"സർ, ഈ ചന്ദ്രൻ ഞങ്ങൾക്കെതിരെ തിരിഞ്ഞ്ഞാണു് നിന്നിരുന്നതു്. എന്നാലും എനിക്കുറപ്പാണു് സർ. അവിടെ മറ്റാരുമുണ്ടായിരുന്നില്ല. ആകെയുള്ളതു് ഞാനും മേനോനുമായിരുന്നു. സാർ ചിന്തിക്കുന്നതെന്തായാലും ഞാനെന്റെ ഭാഗം വ്യക്തമാക്കാം. അയാളോടു് വെറുപ്പുണ്ടെങ്കിലും അയാളെ കൊല്ലാനൊന്നും ഉള്ള പക എനിക്കില്ല. മേനോനും ഉണ്ടെന്നു് തോന്നുന്നില്ല. മാത്രമല്ല, ചന്ദ്രൻ റെഡ്ഡിയെ പൂർണ്ണമായി മറച്ചുകൊണ്ടാണു് നിന്നതു്. ശ്രമിച്ചാലും ഞങ്ങൾക്കു് ചന്ദ്രനെ വീഴ്ത്താതെ റെഡ്ഡിയെ വെടിവെക്കാനാകുമായിരുന്നില്ല"

അടുത്തതായി വായനശാലാ ഭാരവാഹികളെയാണു് മൻസൂർ കണ്ടതു്. അവർക്കു് കാര്യമായി ഒന്നും പറയാനുണ്ടായിരുന്നില്ല. സുരക്ഷയുടെ ഭാഗമായി പോലീസ്‌ ആരേയും അനാവശ്യമായി വേദിയിൽ നിൽക്കാനനുവദിച്ചിരുന്നില്ല. അപ്പോൾ ഈർഷ്യ തോന്നിയെങ്കിലും കാര്യങ്ങൾ ഇങ്ങനെ പരിണമിച്ചപ്പോൾ വേദിയിൽ നിൽക്കാഞ്ഞതു് നന്നായി എന്ന സ്വകാര്യാഭിപ്രായക്കാരായിരുന്നു ഭാരവാഹികൾ.


അദ്ധ്യായം - 4

"സത്യം തുറന്നുപറയാനിനി വേണ്ടുപേക്ഷ"

"മി. ചന്ദ്രൻ, റെഡ്ഡിയെ നിങ്ങൾ കൊല്ലാൻ ശ്രമിച്ചതെന്തിനു്?"

"വ്യക്തമല്ലേ സർ. നാടിനും നാട്ടാർക്കും ആപത്തു് വരുത്തുന്ന അയാളെ ഇല്ലായ്മ ചെയ്യേണ്ടതു് ഒരു പൊതു ആവശ്യമായിരുന്നു"

"എന്നിട്ടെന്തേ നിങ്ങൾക്കു് ലക്ഷ്യം തെറ്റി?"

"ഒരാളെ ഞാൻ കൊല്ലാൻ പുറപ്പെടുന്നതു് ആദ്യമാണു്. എനിക്കിതു് ശീലമുള്ള കാര്യമൊന്നുമല്ല. അത്രയും ജനത്തിന്റെ മുമ്പിൽ കൈവിറക്കാതെ ഒരു കാഞ്ചി വലിക്കൽ എളുപ്പമുള്ള കാര്യമല്ല"

"എന്നിട്ടും നിങ്ങൾ വിജയിച്ചു അല്ലേ?"

ചന്ദ്രൻ പെട്ടെന്നു് മുഖമുയർത്തി മൻസൂറിനെ ചോദ്യഭാവത്തിൽ നോക്കി.

"വധശ്രമമാണു് നിങ്ങൾക്കെതിരെയുള്ള കുറ്റം. ഏതാനും വർഷം കഠിനതടവാണു് അതിനുള്ള ശിക്ഷ"

ചന്ദ്രൻ മൻസൂറിന്റെ തുറിച്ചുനോക്കുകയായിരുന്നു. അയാൾ വല്ലാതെ വിയർത്തു.

"എന്നാൽ കൊലക്കുറ്റത്തിനു് പരമാവധി ശിക്ഷ മരണം വരെയാവാം"

ചന്ദ്രൻ ഒന്നും മിണ്ടാതെ നിന്നതേയുള്ളു. മൻസൂർ അയാൾക്കു് നീട്ടിയ ഒരു ഗ്ലാസ്‌ വെള്ളം ആർത്തിയോടെ വലിച്ചുകുടിച്ചു. തുടർന്നു് തന്നെ നോക്കിയ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നെന്നു് മൻസൂർ തിരിച്ചറിഞ്ഞു.

"എനിക്കറിയേണ്ടതു്, രണ്ടു് തോക്കുപയോഗിക്കാനും ഒന്നു് മനഃപൂർവ്വം ലക്ഷ്യം തെറ്റിക്കാനും ഉള്ള തന്ത്രം ചന്ദ്രനു് പറഞ്ഞുതന്നതാരാണു്?"

ചന്ദ്രൻ തലതാഴ്ത്തി നിന്നതേയുള്ളു. മൻസൂർ ചോദ്യമാവർത്തിച്ചു.

"ഇല്ല. ഞാനതു് പറയില്ല. പിസ്റ്റൾ കൊണ്ടു് നിറയൊഴിച്ചതും റെഡ്ഡിയെ കൊന്നതും ഞാനാണെന്നു് നിങ്ങൾക്കു് തെളിയിക്കാനാവില്ല. അതിനു് സാക്ഷികളില്ല. എല്ലാവരും എന്റെ കയ്യിലെ റിവോൾവർ കണ്ടിട്ടുണ്ടു്. മറ്റൊരു തോക്കും ആരും കണ്ടിട്ടില്ല. ഇല്ല സാർ, എന്നെ കുടുക്കാൻ നിങ്ങൾക്കാവില്ല"


* * * *


"നിങ്ങളെന്തിനു് ചന്ദ്രനെ സഹായിച്ചു, മി. വിജയൻ?"

റിമാൻഡിലുള്ള ചന്ദ്രനെ കണ്ടശേഷം സസ്പെൻഷനിൽ കഴിയുന്ന CI വിജയന്റെ വീട്ടിലായിരുന്നു മൻസൂർ.

"ചന്ദ്രൻ അങ്ങനെ പറഞ്ഞോ സർ?"

"ചന്ദ്രൻ ആത്മവിശ്വാസിയാണു്. അയാളെ കൊലയാളിയാണെന്നു് സ്ഥാപിക്കാനെനിക്കാവില്ല എന്നാണയാളുടെ വിചാരം. പക്ഷെ എനിക്കതിനു് സാധിക്കും. ഒപ്പം കൂട്ടുനിന്നതിനു് നിങ്ങളേയും. ഇനിയെങ്കിലും നിങ്ങൾ സത്യം തുറന്നുപറയണം. ചന്ദ്രനോടും പറയണം"

CI വിജയൻ എല്ലാം തുറന്നു പറഞ്ഞു. കൊല ചെയ്യാനുണ്ടായ കാരണം വ്യക്തമായിരുന്നു. എന്നാൽ പിടിക്കപ്പെടാതെ രക്ഷപ്പെടാനുള്ള സാധ്യത വിരളം. പോരാത്തതിനു് വ്യാജമദ്യദുരന്തത്തിനു് ശേഷം വീടിനു് പുറത്തിറങ്ങൽ റെഡ്ഡി കഴിവതും ഒഴിവാക്കിയിരുന്നു. അങ്ങിനെയാണു് പൊതുസ്ഥലത്തു് വധശ്രമം എന്ന മാർഗ്ഗം തെരഞ്ഞെടുത്തതു്. ഏറിയാൽ ഏതാനും വർഷത്തെ തടവു് ശിക്ഷ - അതിനു് ചന്ദ്രൻ തയ്യാറായിരുന്നു. ഒരു സസ്പെൻഷനോ പിരിച്ചുവിടലോ - അതിനു് താനും.

"ഇനി സാറിനെ സത്യത്തിലേക്കു് നയിച്ച കാര്യങ്ങൾ കൂടി..."

"പ്രധാനമായും 4 കാര്യങ്ങൾ. ഒന്നാമതു് പിസ്റ്റളിലെ അടയാളം..."

"സർ, പിസ്റ്റളിൽ അടയാളമില്ലായിരുന്നു"

"എന്നെ സംബന്ധിച്ചിടത്തോളം അതാണു് അടയാളം. തോക്കിൽ വിരലടയാളം പതിയാതിരിക്കണമെങ്കിൽ അതുപയോഗിച്ചയാൾ കൈയുറ ഉപയോഗിച്ചിരിക്കണം. കൈയുറ ഉപയോഗിച്ചതു് ചന്ദ്രനാണു്"

"അതിലും പ്രധാനം - എന്തിനു് ചന്ദ്രൻ കൈയുറ ഉപയോഗിക്കണം? നമുക്കു് ഒരു കൊലയാളിയുടെ മനസ്സിലൂടെ നടക്കാം. ഒരാൾ ഒരു കൊല ചെയ്യാൻ തുനിഞ്ഞിറങ്ങുന്നു. സാഹചര്യവശാൽ പരസ്യമായ ഒരു സ്ഥലത്തുവച്ചേ കൊല നടത്താനാവൂ. പിടിക്കപ്പെടുമെന്നുറപ്പാണു്. അപ്പോൾ കൈയുറയുപയോഗിച്ചതുകൊണ്ടു് എന്തു് ഫലം? നൂറുകണക്കിനാൾക്കാർ അയാൾ വെടിവെക്കുന്നതും കൈയുറ ധരിച്ചാണു് അയാൾ കൃത്യം ചെയ്തതു് എന്നും കാണും. നിയമത്തിന്റെ ഒരു ആനുകൂല്യവും ക്‌ഐയുറ ധരിച്ചതുകൊണ്ടു് കൊലയാളിക്കു് കിട്ടില്ലെന്നുറപ്പു്. എന്നിട്ടും ചന്ദ്രൻ കൈയുറ ധരിച്ചിട്ടുണ്ടെങ്കിൽ അതു് മറ്റെന്തോ മറയ്ക്കാനായിരിക്കണം"

"മൂന്നാമതു്, ഇനി അഥവാ അത്തരമൊരു രണ്ടാമനുണ്ടെന്നിരിക്കട്ടെ. കൃത്യസമയത്തു് രണ്ടാൾക്കും വെടിവെക്കാനാകുമോ? പിസ്റ്റളിന്റെ ദൂരപരിധി വളരെ കുറവാണു്. അതുപയോഗിക്കുന്നയാൾ വേദിയിലോ ചുരുങ്ങിയ പക്ഷം തൊട്ടടുത്തെങ്കിലുമോ നിൽക്കണം. സുധാകരറെഡ്ഡിയെ പൂർണ്ണമായി മറച്ചുകൊണ്ടാണു് ചന്ദ്രൻ നിന്നതെന്നു് രാവുണ്ണിമേനോനും നാസർ അലിയും മൊഴി തന്നു. റെഡ്ഡി മരിച്ചുകിടക്കുന്ന ഫോട്ടൊ, ചന്ദ്രൻ നിന്നിരുന്ന സ്ഥാനം എന്നിവയിൽ നിന്നു് ഫോറൻസിക്കുകാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടു്. ചന്ദ്രൻ രണ്ടു തോക്കും ഒരുമിച്ചു പ്രയോഗിച്ചു. എന്നിട്ടു് പിസ്റ്റൾ വേദിയിൽ തന്നെ ഉപേക്ഷിച്ചു. ബഹളത്തിനിടക്കു് ആരുമതു് ശ്രദ്ധിച്ചിരിക്കില്ല"

"നാലു്: അതു് നിങ്ങളെ സംബന്ധിക്കുന്നതാണു് മി. വിജയൻ. വേദിയിൽ നിന്നു് വായനശാലാ ഭാരവാഹികൾ, റെഡ്ഡിയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട കോൺസ്റ്റബിൾമാർ എന്നിവരെ മനഃപൂർവ്വം മാറ്റി നിർത്തി കൊല ചെയ്യാനുള്ള സൗകര്യമൊരുക്കുകയായിരുന്നു നിങ്ങളുടെ ചുമതല. അല്ലേ?"

വിജയന്റെ മൗനം - അതൊരു കുറ്റസമ്മതമായിരുന്നു.

"രാവുണ്ണിമേനോന്റെ ചില ഓഫ്‌-ഹാൻഡ്‌ പരാമർശങ്ങളാണു് എനിക്കു് യാഥാർത്ഥ്യത്തിലേക്കുള്ള വഴിതുറന്നതു്"

"വേങ്ങൂർ ഷാപ്പ്‌ നടത്തിപ്പുകാരൻ വർഗ്ഗീസിനെ വധിച്ചതു് ഈ റെഡ്ഡിയാണെന്നുറപ്പാണു് സർ. തെളിവുകളില്ലായിരിക്കാം. എന്നാൽ അതാണു് സത്യം. അയാളെ വെറുതെ വിട്ടാൽ അയാളിനിയും കുറ്റകൃത്യങ്ങൾ നടത്തും. അതു് തടയാൻ നിയമപരമായി നമ്മുടെ വകുപ്പു് നിസ്സഹായരായിരുന്നു സർ. സമൂഹനന്മയാണു് ഞാനും ചന്ദ്രനുമുദ്ദേശിച്ചതു്. ആ കർത്തവ്യനിർവ്വഹണത്തിൽ അയാൾ ജയിൽവാസമനുഭവിക്കുന്നു; ഞാൻ സസ്പെൻഷനും. ഞങ്ങളുടെ ശിക്ഷയുടെ കാലാവധി കഴിഞ്ഞാലും ജീവിതം ബുദ്ധിമുട്ടാകും സർ. പക്ഷെ ഞങ്ങൾക്കു് പരാതിയില്ല. ഞങ്ങൾ നിശ്ചയിച്ചുറച്ചതാണു്. ഇപ്പോൾ സാർ പറഞ്ഞ കാര്യങ്ങളിൽ സാറൊന്നു് കണ്ണടച്ചാൽ ഞങ്ങൾക്കു്; പ്രത്യേകിച്ചു് ചന്ദ്രനു്; തിരിച്ചുകിട്ടുന്നതു് ജീവിതമാവും"

മൻസൂർ ചിന്താധീനനായി.