Tuesday, May 31, 2011

ഒരു മലയാളം ഫോണ്ട്‌ ഉണ്ടാക്കിയാലോ? - 2A


എനിക്കു് എന്തു് മനസ്സിലാക്കാൻ കഴിഞ്ഞു? ഇൻസ്റ്റല്ലേഷൻ എല്ലാവർക്കും ബുദ്ധിമുട്ടാണു് എന്നു് വ്യക്തമായി.

അതുകൊണ്ടു് ഒരു ഇടക്കാല പോസ്റ്റ്‌. ഇതിൽ, വിൻഡോസിൽ ഫോണ്ട്‌ഫോർജ്‌ ഇൻസ്റ്റാൾ ചെയ്യാനുള്ള രണ്ട്‌ വഴികൾ സവിസ്തരം പറയുന്നു. ഇതോടുകൂടി സോഫ്റ്റ്‌വെയർ ഇൻസ്റ്റല്ലേഷൻ ആർക്കും ബുദ്ധിമുട്ടാവില്ല എന്നു് വിശ്വസിക്കുന്നു.

അപ്പൊ തുടങ്ങാം?

വഴി ൧

ഈ ലിങ്കിൽ പോവുക. ജാപ്പനീസ്‌ പേജ്‌ ആണു്

അവിടെ ഒരു zip ഫയൽ കാണാം. അതങ്ങടു് ഡൗൻലോഡ്‌ ചെയ്യുക. ഡെസ്‌ൿടോപ്പിൽ ഒരു ഫോൾഡറിലാണു് ഡൗൻലോഡ്‌ ആയതു് എന്നും ഇരിക്കട്ടെ.

ചിത്രത്തിലെ പോലെ ആ ഫയലിന്റെ മുകളിൽ മൗസ്‌ കൊണ്ടുവന്നു് right-click ചെയ്യുക. അപ്പൊ കിട്ടുന്ന വിൻഡോയിൽ നിന്നു് വിൻസിപ്‌ മുഖാന്തിരം Extract to here എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക


വിൻസിപ്‌ ഇല്ലാത്തവർ ഇവിടെ പോയി 7-zip എന്ന പ്രോഗ്രാം ഡൗൻലോഡ്‌ ചെയ്തു് ഇൻസ്റ്റാൽ ചെയ്താലും മതി. ബാക്കി ഒക്കെ ഇനി പറയുമ്പോലെ.

അപ്പൊ ദേ, രണ്ടാം ചിത്രത്തിലെ പോലെ ചില പുതിയ ഫയലുകളും ഫോൾഡറുകളും കാണാം.

ഇനി fontforge.bat എന്ന ഫയലിൽ മൗസ്‌ കൊണ്ടു് right-click ചെയ്തു് edit എന്ന ഓപ്ഷൻ സ്വീകരിക്കുക.

അപ്പൊ താഴെ കാണുന്ന പോലെ ഒരു എഡിറ്റർ തുറന്നു് ആ ഫയലിലുള്ള കാര്യങ്ങൾ നമുക്കു് ദർശനീയമാവും.

നീല നിറത്തിൽ ഹൈലൈറ്റ്‌ ചെയ്തിരിക്കുന്നതു കണ്ടോ? ആ വരിയുടെ മുൻപിൽ # എന്ന ചിഹ്നം ഇടുക. അല്ലെങ്കിൽ ആ വരി തന്നെ ഡിലീറ്റ്‌ ചെയ്യുക.

ഇനി സേവ്‌ ചെയ്തു് ആ ഫയലിൽ double-click ചെയ്യുക. അപ്പൊ കുറച്ചുസമയം Extracting .... തുടങ്ങിയ വരികൾ കാണാം.


ഒക്കെ കഴിയുമ്പൊ ഫോണ്ട്‌ഫോർജ്‌ തുറന്നുവരും.ആവശ്യമുള്ള ഫോണ്ട്‌, അല്ലെങ്കിൽ New ക്ലിക്‌ ചെയ്താൽ പുതിയ ഫോണ്ട്‌ തുറക്കാം.

വഴി ൨

ഈ ലിങ്കിൽ പോവുക. ആ സൈറ്റ്‌, ഇത്തരം പോർട്ടബിൾ അപ്പ്ലിക്കേഷനുകളുടെ ഒരു ശേഖരം ആണു്. അവിടെ കാണുന്ന ആ ലിങ്കിൽ നിന്നു് ഫോണ്ട്‌ഫോർജിന്റെ പോർട്ടബിൽ ആപ്സ്‌ ഡൗൻലോഡ്‌ ചെയ്യുക.

സപ്പോസ്‌ നമ്മൾ ഡൗൻലോഡ്‌ ചെയ്തതു് ഡെസ്‌ൿടോപ്പിലാണെന്നിരിക്കട്ടെ. ഡൗൻലോഡ്‌ കഴിയുമ്പോൾ ആ ഫയലിൽ double-click ചെയ്യുക. താഴെ കാണുന്ന വിൻഡോ ഓപ്പണാവും.

Next ക്ലിക്‌ ചെയ്യുക. അപ്പൊ അടുത്ത വിൻഡോ കാണാം. Browse ഞെക്കുക. എന്നിട്ടു് തുറക്കുന്ന വിൻഡോയിൽ Desktop തെരഞ്ഞെടുക്കുക.(അഥവാ Browse മൂലം ഏതെങ്കിലും ഫോൾഡർ തെരഞ്ഞെടുത്തില്ലെങ്കിൽ താഴെ കാണുന്ന പോലെ ഒരു Error message കിട്ടും:)


അപ്പൊ ഡെസ്‌ൿടോപ്‌ എന്നു പറഞ്ഞല്ലോ? ഇനി Ok ക്ലിക്‌ ചെയ്യുക.


ഫയലുകളെല്ലാം FontForgePortable എന്ന ഒരു പുതിയ ഫോൾഡറിൽ ഇൻസ്റ്റാൾ ആവും.


ആ ഫോൾഡറിനകത്തു് FontForgePortable.exe എന്നൊരു ഫയൽ കണ്ടല്ലോ? അതിൽ ധൈര്യമായി double-click ചെയ്തോളു.

ഈ രണ്ടു വഴികളും വിൻഡോസ്‌ എക്സ്‌ പിയിൽ പരീക്ഷിച്ചിട്ടുള്ളതാണു്. എന്റെ അഭിപ്രായത്തിൽ രണ്ടാം വഴിയായിരിക്കും കൂടുതൽ നല്ലതു് - ഒന്നാമതു് എഡിറ്റിംഗ്‌ ചെയ്യാനില്ല. രണ്ടാമതു്, svg ഫയലുകൾ ഇമ്പോർട്ട്‌ ചെയ്യാനുള്ള ഓപ്ഷൻ ഇതിലാണു് കണ്ടതു്, ആദ്യത്തെ ടെക്നിക്കിൽ അതില്ല.

ഔഷധസസ്യങ്ങൾ എന്ന പേരിൽ ബ്ലോഗെഴുതുന്ന സാധുവാണു് എനിക്കു് രണ്ടാമത്തെ വഴി പറഞ്ഞുതന്നതു്. വിവിധയിനം മരുന്നുചെടികളേപ്പറ്റി അറിവുകൾ സമ്പാദിച്ചു് നമുക്കുപകർന്നുതരുന്ന സാധുവിനു് നന്ദി പറയുന്നു.

ഒരു കാര്യം കൂടി - ഈ രണ്ടു വഴികൾ മുഖാന്തിരവും, പെൻഡ്രൈവ്‌ മുതലായ ഡിറ്റാച്ചബിൾ ഡിവൈസുകളിലും ഫോണ്ട്ഫോർജ്‌ ഇൻസ്റ്റാൾ ചെയ്യാനാവും.

Gimpഉം ഇങ്‌ൿസ്കേപ്പും ഒക്കെ ഇൻസ്റ്റാൾ ചെയ്യാൻ ഒരു വിഷമവുമില്ല എന്നതിനാൽ അവ ഞാൻ കവർ ചെയ്യുന്നില്ല. അവയിലും സംശയമുള്ളവരുണ്ടെങ്കിൽ എനിക്കൊരു മെയിൽ അയക്കുമല്ലോ?ഇനി അടുത്ത ലക്കത്തിൽ നേരത്തെ പറഞ്ഞ പോലെ ചിത്രങ്ങളെ വെക്ടരാക്കൽ, ഫോണ്ട്‌ഫോർജ്‌ തുറന്നു നോക്കൽ തുടങ്ങിയവ..

Update on 4-jun-2011:


ഒരു കാര്യം കൂടി - രണ്ടു രീതിയി ഫോണ്ട്ഫോർജ് ൻസ്റ്റാൾ ചെയ്താലും ൻസ്റ്റാൾ ചെയ്തിരിക്കുന്ന ഡ്രൈവി ഉള്ള ഫയലുക മാത്രമേ കാണാ സാധിക്കൂ.

ഉദാഹരണത്തിനു്‌, D: ഡ്രൈവി ഏതെങ്കിലും ഫോൾഡരിൽ ൻസ്റ്റാൾ ചെയ്തു എന്നിരിക്കട്ടെ, പിന്നെ D: ഡ്രൈവിലുള്ള ഫയലുക മാത്രമേ കാണാ പറ്റൂ. അതുകൊണ്ട് ഫോണ്ടുക ഡ്രൈവി കൊണ്ടിടണം.

Tuesday, May 17, 2011

ഒരു മലയാളം ഫോണ്ട്‌ ഉണ്ടാക്കിയാലോ? - 2

ഇത്തവണ ആദ്യം സോഫ്റ്റ്‌വെയറുകളെക്കുറിച്ചു് പറയാം.

പെട്ടെന്നു് പറയുകയാണെങ്കിൽ താഴെ പറയുന്ന സോഫ്റ്റ്‌വെയറുകളാണു് നമുക്കാവശ്യം:

ഇങ്‌ൿസ്കേപ്‌
ഫോണ്ട്‌ഫോർജ്‌

ഞാൻ എന്റെ പരീക്ഷണങ്ങൾ മുഴുവൻ നടത്തിയതു് ഉബുണ്ടു എന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലാണു്. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരുപക്ഷെ ഉബുണ്ടുവിനു് പകരം ഫെഡോറയോ വിൻഡോസോ മാക്കോ ഒക്കെയാവാം. അതനുസരിച്ചു് നമുക്കാവശ്യമുള്ള സോഫ്റ്റ്‌വെയറുകൾ സ്ഥാപിക്കുന്ന രീതി വ്യത്യസ്തമായിരിക്കും.

ഒരുപാടു് വിസ്തരിച്ചെഴുതാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ചുരുങ്ങിയ രീതിയിൽ വിവിധ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്ന രീതി പറഞ്ഞുതരാം. കൂടുതൽ വിവരങ്ങൾ അതതു് സൈറ്റുകളിലോ ഗൂഗിളിലോ തെരഞ്ഞാൽ കിട്ടും.

താഴെ പറയുന്ന രീതികൾക്കൊക്കെ, കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്റ്റ്‌ ചെയ്തിരിക്കണം.

ലിനക്സ്‌: നിങ്ങളുടെ പാക്കേജ്‌ മാനേജർ തുറക്കുക. ഫോണ്ട്‌ഫോർജ്‌ തെരഞ്ഞെടുത്തു് ഇൻസ്റ്റാൾ ചെയ്യുക. ഇപ്രകാരം ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണ്ട്‌ഫോർജിന്റെ കൂടെ അനവധി മറ്റു പാക്കേജുകളും ഇൻസ്റ്റാൾ ആയേക്കും. ഫോണ്ട്‌ഫോർജിനു് ആവശ്യമുള്ള സോഫ്റ്റ്‌വെയറുകളാണവ

ഇതുപോലെ ഇങ്‌ൿസ്കേപ്പും ഇൻസ്റ്റാൾ ചെയ്യാവുന്നതാണു്.

വിൻഡോസ്‌: ഫോണ്ട്‌ഫോർജ്‌ ഔദ്യോഗികമായി നിഷ്കർഷിക്കുന്ന രീതി, ആദ്യം സിഗ്‌വിൻ ഇൻസ്റ്റാൾ ചെയ്തശേഷം സിഗ്‌വിനിൽ ഫോണ്ട്‌ഫോർജ്‌ ഇൻസ്റ്റാൾ ചെയ്യലാണു്. ഫോണ്ട്‌ഫോർജ്‌ നേരിട്ടു് വിൻഡോസിൽ പ്രവർത്തനക്ഷമമല്ലാത്തതിനാലാണു് ഇപ്രകാരം ചെയ്യേണ്ടി വരുന്നതു്. സിഗ്‌വിൻ എന്നതു്, വിൻഡോസിൽ ലിനക്സ്‌ മാതിരി ഒരു പരിസ്ഥിതി സൃഷ്ടിക്കുന്ന സോഫ്റ്റ്‌വെയറാണു്. അതുകൊണ്ടുതന്നെ, നൂറുകണക്കിനു് ഫയലുകൾ ഡൗൺലോഡ്‌ ചെയ്യേണ്ടിവരും. ബ്രോഡ്‌ബാൻഡ്‌ കണക്ഷൻ നിർബന്ധമാണു്.

ഞാൻ നേരിട്ടു് പരീക്ഷിച്ചിട്ടില്ലെങ്കിലും ഈ ലിങ്കിൽ സാമാന്യം വ്യക്തമായി സിഗ്‌വിനും ഫോണ്ട്‌ഫോർജും ഇൻസ്റ്റാൾ ചെയ്യുന്ന വിധം വിവരിച്ചിട്ടുണ്ടു്.

ബ്രോഡ്‌ബാൻഡ്‌ കണക്ഷനില്ലാത്തവർ, അല്ലെങ്കിൽ സിഗ്‌വിൻ മുഴുവൻ ഇൻസ്റ്റാൾ ചെയ്യാൻ താൽപര്യമില്ലാത്തവർ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അനൗദ്യോഗികരീതിയിലും ഫോണ്ട്‌ഫോർജ്‌ ഇൻസ്റ്റാൾ ചെയ്യാം:

ഈ സൈറ്റിൽ പോകുക. ഭാഷ ജാപ്പനീസാണു്.
ഒരു zip ഫയലിന്റെ ലിങ്ക്‌ കാണാം. അതു് ഡൗൻലോഡ്‌ ചെയ്യുക.
വിൻസിപ്‌ അല്ലെങ്കിൽ 7-zip ഉപയോഗിച്ചു് ആ zip ഫയൽ ഏതെങ്കിലും ഫോൾഡറിൽ unzip ചെയ്യുക.
ഇപ്പോൾ unzip ചെയ്ത ഫോൾഡറിൽ fontforge.bat എന്നൊരു ഫയൽ കാണാം. അതിൽ right-click ചെയ്തു് "എഡിറ്റ്‌" തെരഞ്ഞെടുക്കുക.
ഇപ്പോൾ ആ ഫയൽ തുറക്കും. അതിൽ താഴെ കാണുംവിധം ഒരു വരി കാണാം:
set lang=ja_JP.UTF-8
ഈ വരിയുടെ തുടക്കത്തിൽ # എന്നു് ടൈപ്‌ ചെയ്യുക. ഇപ്പോൾ ആ വരി താഴെ കാണും വിധമാകും:
#set lang=ja_JP.UTF-8
ഇനി ഫയൽ സേവ്‌ ചെയ്തു് എഡിറ്റർ അടക്കാം.

ഇനി fontforge.batൽ double-click ചെയ്താൽ ആദ്യത്തെ തവണ ആവശ്യമുള്ള സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാളാകും. അവസാനം ഫോണ്ട്‌ഫോർജ്‌ തുറക്കുകയും ചെയ്യും. തുടർന്നുള്ള സന്ദർഭങ്ങളിൽ ഇതേ fontforge.bat double-click ചെയ്താൽ നേരിട്ടു് ഫോണ്ട്ഫോർജ്‌ തുറന്നുകൊള്ളും.

ഇങ്‌ൿസ്കേപ്‌ ഇൻസ്റ്റാൾ ചെയ്യാനുള്ള ഫയൽ ഇങ്ക്സ്കേപ്പിന്റെ പേജിൽ നിന്നു് കിട്ടും.

മാക്ക്‌: ഫോണ്ട്‌ഫോർജിന്റെ പേജിൽ നിർദ്ദേശങ്ങളുണ്ടു്. അതുപോലെ ഇങ്ക്സ്കേപ്‌ പേജിലും.

നമുക്കു് കഴിഞ്ഞലക്കത്തിൽ നിറുത്തിയ ഇടത്തുനിന്നു് തുടങ്ങാം. കടലാസിൽ രൂപം വരച്ചെടുത്തല്ലോ? ഇനി സാധിക്കുമെങ്കിൽ അക്ഷരരൂപങ്ങളിൽ കറുത്ത പോസ്റ്റർ കളർ അടിക്കുക. വെളുത്ത കടലാസിൽ അക്ഷരരൂപങ്ങൾ തെളിഞ്ഞുകാണുന്നതിനാണു് ഇതു്. അഥവാ തെറ്റുപറ്റിയാൽ മായ്ച്ചു് വീണ്ടും വരക്കാൻ വെളുത്ത പോസ്റ്റർ കളരോ കറക്ഷൻ ഇങ്കോ കരുതുന്നതു് നല്ലതാണു്.

കളർ നന്നായി ഉണങ്ങിക്കഴിയുമ്പോൾ baseline, descender മുതലായവക്കു് വേണ്ടി വരച്ച പെൻസിൽ വരകൾ മായ്ചു് കളയുക.

ഇനി സ്കാൻ ചെയ്യുന്ന വിധം.

കൈയിൽ പിടിച്ചു് സ്കാൻ ചെയ്യാവുന്ന സ്കാനറുകൾ (hand-held scanners) ഒഴിവാക്കുന്നതാണു് നല്ലതു്. പരന്ന പ്രതലമുള്ള (flat-bed) സ്കാനറുകളാണു് നമ്മുടെ ആവശ്യങ്ങൾക്കനുയോജ്യം.

സ്കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതു്:

ചുരുങ്ങിയതു് 300 dpi റെസല്യൂഷനിൽ സ്കാൻ ചെയ്യാൻ ശ്രമിക്കുക.
ഗ്രേ അല്ലെങ്കിൽ ബ്ലാക്‌ ആൻഡ്‌ വൈറ്റ്‌ ആയി സ്കാൻ ചെയ്യുക. കളർ സ്കാനിംഗ്‌ ഒഴിവാക്കാം.
ഫയലിലേക്കു് സേവ്‌ ചെയ്യുമ്പോൾ bmp അല്ലെങ്കിൽ tiff ആയി സേവ്‌ ചെയ്യുക.

ഇനി വേണ്ടതു് അക്ഷരങ്ങളെ വെക്റ്റരാക്കുകയാണു്.

എന്താണു് വെക്റ്റർ?

Raster എന്നും vector എന്നും ചിത്രങ്ങളെ രണ്ടായി തിരിക്കാം. ക്യാമറയിലും മറ്റും എടുക്കുന്ന ചിത്രങ്ങൾ, സ്കാൻ ചെയ്തെടുക്കുന്ന ഡോക്യുമെന്റുകൾ മുതലായവ raster. ഇവ യഥാർത്ഥ വലിപ്പത്തിലാണു് കാണാൻ ഏറ്റവും നന്നായിരിക്കുക. വലിപ്പം കൂടുകയോ കുറയുകയോ ചെയ്യുന്നതനുസരിച്ചു് ആവശ്യമില്ലാത്ത വിവരങ്ങൾ (details) ചിത്രത്തിൽ വരികയോ ആവശ്യമുള്ള വിവരങ്ങൾ നഷ്ടപ്പെടുകയോ ചെയ്യും. ഒരു നിശ്ചിതവലിപ്പത്തിൽ മാത്രമുള്ള ഉപയോഗത്തിനു് അവ മികച്ച മിഴിവേകും. എന്നാൽ വലിപ്പവ്യത്യാസങ്ങൾ വന്നാൽ അവ കാണാൻ നന്നായിരിക്കില്ല.

അക്ഷരങ്ങൾ, കമ്പനികളുടെയും മറ്റും ലോഗോകൾ മുതലായവ പല വലിപ്പങ്ങളിൽ ഉപയോഗിക്കപ്പെടാം. അപ്പോഴെല്ലാം അവ കാണാൻ ഒരുപോലിരിക്കണം. അതുകൊണ്ടു് അത്തരം രൂപങ്ങളെ vector എന്നു് വിളിക്കും
നാം സ്കാൻ ചെയ്തെടുത്ത അക്ഷരങ്ങൾ ഇപ്പോൾ raster ആണു്. അടുത്ത ലക്കത്തിൽ അവയെ vector ആയി രൂപാന്തരം നടത്താം.

അടുത്ത ലക്കം: ഇങ്‌ൿസ്കേപ്‌ ഉപയോഗിച്ചു് അക്ഷരരൂപങ്ങളെ വെക്റ്ററാക്കുന്ന പ്രക്രിയ, അവയുടെ വലിപ്പം മാറ്റുന്ന വിധം, ഫോണ്ട്‌ഫോർജ്‌ തുറന്നു് നോക്കൽ മുതലായവ

20-5-11നു ചേർത്തതു്
Gimp എന്ന GNU image manipulation program കൂടി ഇൻസ്റ്റാൾ ചെയ്യുന്നതു് നന്നായിരിക്കും. ഇവിടെ നിന്നു് കിട്ടും.  Raster imagesൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ നല്ലതാണു്. ഉദാഹരണത്തിനു് സ്കാൻ ചെയ്യുമ്പോൾ സ്കാനർ ബെഡ്ഡിലുണ്ടായിരുന്ന കരടും സ്കാൻ ആയി. അതു് കളയാനും മറ്റും ഇങ്ക്സ്കേപ്പിനേക്കാൾ സൗകര്യം Gimp ഉപയോഗിച്ചാവും. Gimpന്റെ സൈറ്റിൽ വളരെ വിശദമായ ഉപയോഗനിർദേശങ്ങളുണ്ടു്.

വാൽ: Gimp എന്ന വാക്കു് എങ്ങിനെ ഉച്ചരിക്കണം എന്നു് വ്യക്തമായി എവിടേയും കണ്ടില്ല. ചിലർ ജിംപ് എന്നും മറ്റുചിലർ ഗിംപ് എന്നും വിളിക്കുന്നു. ഞാൻ ഇംഗ്ലിഷിലെഴുതി എന്റെ കൺഫ്യൂഷൻ തീർക്കുകയും നിങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്തു്!

Sunday, May 8, 2011

ഒരു മലയാളം ഫോണ്ട്‌ ഉണ്ടാക്കിയാലോ? - 1

ഫോണ്ട്‌ ഉണ്ടാക്കാൻ തുടങ്ങാം. അതിനുമുമ്പു് എന്തിനാ ഇത്തരം ഒരു വിഷയം തെരഞ്ഞെടുത്തതു് എന്നു് സംശയം വരാം. അതുകൊണ്ടു് ഉദ്ദേശ്യം ആദ്യം വിശദീകരിക്കാം.

1. മലയാളത്തിൽ നല്ല ഫോണ്ടുകൾ (അച്ചടിക്കാൻ ഭംഗിയുള്ള അക്ഷരങ്ങൾ) കുറവാണു്. സജ്ജീവേട്ടനേയും സിബു നൂറനാടിനേയും നന്ദപർവ്വം നന്ദേട്ടനേയും അരുൺ കായംകുളത്തിനേയും പോലെ കഴിവുള്ള എത്രയെത്രയോ ചിത്രകാരന്മാരും ഗ്രാഫിക്സ്‌ വിശാരദന്മാരും നമുക്കുണ്ടു്. അവരോ അവരുടെ കൂട്ടായ്മയോ വിചാരിച്ചാൽ ഭംഗിയുള്ള ഒരു ഫോണ്ട്‌ ഉരുത്തിരിയും എന്നുതന്നെയാണു് എന്റെ വിശ്വാസം.

2. ബ്ലോഗ്‌ രചനകൾ പുസ്തകമാക്കുമ്പോൾ ഇത്തരം നല്ല ഫോണ്ടുകളുപയോഗിച്ചാൽ പഴയ ലിപിയിൽ വീണ്ടും പുസ്തകപ്രസാധനം നടക്കും.

3. പ്രസാധകർ യൂനിക്കോഡ്‌ സാധ്യതകളും ഇന്റർനെറ്റിന്റെ പ്രചാരവും ഒന്നും ശ്രദ്ധിച്ചമട്ടില്ല. ഇപ്പോഴും അവരുടെ സ്വന്തം കീബോർഡ്‌ ലേഔട്ടും സ്വന്തം ഫോണ്ടും ഉപയോഗിച്ചു് ലേഖനങ്ങൾ അപ്പാടെ വീണ്ടും ടൈപ്‌ ചെയ്തുകയറ്റിയാണു് പ്രസിദ്ധീകരിക്കുന്നതു്. ചുരുങ്ങിയപക്ഷം പ്രസാധകരുടെ ഫോണ്ടുകളെ യൂനിക്കോഡിലേക്കുകൂടി സന്നിവേശിപ്പിക്കാൻ എന്റെ ലേഖനം പ്രയോജനപ്പെട്ടാലോ!

4. ആർക്കറിയാം? ഒരുപക്ഷെ മുൻനിര പ്രസാധകരും പതുക്കെ പഴയ ലിപിയിലേക്കു് മടങ്ങിവരാം. അങ്ങിനെ നമ്മുടെ സ്വത്വമായ പഴയലിപി "പുത്തൻപുതിയ" ലിപിയായി മടങ്ങിയെത്തും!

ഇനി ഫോണ്ടിനെക്കുറിച്ചു്:

കമ്പ്യൂട്ടറിൽ അക്ഷരങ്ങൾ കാണിക്കുന്നതിനാണു് ഫോണ്ടുപയോഗിക്കുന്നതു്. ദിനഃപത്രങ്ങളിലും മറ്റും തലക്കെട്ടിലും വിശദവാർത്തയിലും ഉപയോഗിക്കുന്ന അക്ഷരങ്ങളുടെ ആകൃതിയിൽ മാറ്റം ശ്രദ്ധിച്ചിരിക്കുമല്ലോ? "അ" എന്ന അക്ഷരം ഒരുപക്ഷെ വളരെ കനംകൂടിയ നിലയിലാവും തലക്കെട്ടിൽ പ്രത്യക്ഷപ്പെടുന്നതു്. രണ്ടു് പത്രങ്ങളിലെ "അ" ഒരുപോലെ ഇരുന്നുകൊള്ളണമെന്നില്ല.

ഓരോ പ്രസാധകരും അവരുടെ വിപണനത്തിന്റെ ഭാഗമായാണു് അവരുടെ ഫോണ്ടിനെ കാണുന്നതു്. നിത്യോപയോഗത്തിനു് പരമാവധി ഉപയോഗപ്പെടുന്നരീതിയിൽ അക്ഷരങ്ങൾ രൂപകൽപന ചെയ്യാൻ എല്ലാ പ്രസാധകരും സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ടു്.

ഇനി ഫോണ്ടുണ്ടാക്കുന്ന വിധം.

പണ്ടു് സ്കൂളിൽ 4 വരി കോപ്പിപുസ്തകമെഴുതിയതു് ഓർക്കുന്നുണ്ടോ? ആ നാലു് വരികളാണു് ഫോണ്ടിന്റേയും ഒരു ആധാരം. ഇംഗ്ലീഷിന്റെ വലിയ അക്ഷരങ്ങളെയും (capital letters) ചെറിയ അക്ഷരങ്ങളിൽ l, t, b മുതലായ ചെറിയ അക്ഷരങ്ങളെയും ആദ്യത്തെ 3 വരിക്കുള്ളിൽ എഴുതും. ചെറിയ അക്ഷരങ്ങളിൽ a, c, e മുതലായവയെ രണ്ടിനും മൂന്നിനുമിടയിൽ. p, q, y മുതലായ അക്ഷരങ്ങളെ രണ്ടിനും നാലിനും ഇടയിൽ.

ഈ ചിത്രം ശ്രദ്ധിക്കു:


4 വരി കോപ്പി പുസ്തകത്തിലെ പോലെയാണു്. a, c, e മുതലായവയുടെ വലിപ്പത്തിനെ x-height എന്നു് വിളിക്കുന്നു. എല്ലാ അക്ഷരങ്ങളും വിന്യസിച്ചിരിക്കുന്നതു് മൂന്നാമത്തെ വരിയിലാണു്. അതു് baseline. വലിയ അക്ഷരങ്ങൾ ഏറ്റവും ഉയരത്തിൽ എത്തുന്നതു് caps-height. ചില അക്ഷരങ്ങളുടെ ആകൃതിയിലുള്ള പ്രത്യേകതകാരണം അഞ്ചാമതൊരു വരികൂടി ചേർക്കാറുണ്ടു് - ascender height. ഫോണ്ടിലെ അക്ഷരങ്ങൾക്കു് പരമാവധി ascender-height വരെ ഉയരമാകാം. അതിൽ കൂടരുതു്.

ലേഖനസൗകര്യത്തിനുവേണ്ടി നമുക്കു് caps heightഉം ascender heightഉം തുല്യമാണു് എന്നുവക്കാം.

ഇനി ഒരു പ്രധാനസങ്കേതമാണു് Em-height. കൂടുതൽ അറിയാൻ വിക്കി ലിങ്ക്‌ നോക്കിയാൽ മതി.

നമ്മുടെ ആവശ്യങ്ങൾക്കു് em size 1000 അല്ലെങ്കിൽ 1024 അല്ലെങ്കിൽ 2048 എന്നെടുക്കുന്നതാണു് ഉചിതം. എന്നാൽ എന്താണു് ഇതിന്റെ പ്രാധാന്യം?

ascender height + descender = em height

അതായതു് നമ്മുടെ ഫോണ്ടിന്റെ em-height 2048 ആണെന്നിരിക്കട്ടെ. Ascender = 1600, descender = 448 (negative)

അല്ലെങ്കിൽ ഇത്തരത്തിൽ ഏതെങ്കിലും ഒരു കോംബിനേഷൻ സ്വീകരിക്കുക. അതു് നാമുണ്ടാക്കുന്ന ഫോണ്ടിൽ ഉടനീളം സ്ഥിരമായി പാലിക്കുക.

ഒരു ചെറിയ കാര്യം കൂടി പറയാം.

എന്തിനു് caps-heightഉം ascender heightഉം? രണ്ടും തുല്യമാകാമോ?

ഉത്തരം അത്ര എളുപ്പമല്ല. ചില ഫോണ്ടുകളിൽ ആകൃതിക്കനുസരിച്ചു് b, d, l തുടങ്ങിയ അക്ഷരങ്ങൾ ഒറ്റ നോട്ടത്തിൽ A, B മുതലായ വലിയ അക്ഷരങ്ങളേക്കാൾ കുറച്ചു് ചെറുതായി തോന്നാം. രൂപകൽപ്പന ചെയ്തപ്പോൾ ഒരേ പൊക്കമായിരിക്കാം. എന്നാൽ കാഴ്ച്ചയിൽ ചെറിയ പ്രശ്നം പോലെ. ഇത്തരം തോന്നലുകൾ ഒഴിവാക്കാൻ ചെറിയ അക്ഷരങ്ങൾക്കു് ഒരിത്തിരി പൊക്കക്കൂടുതൽ കൊടുക്കൽ ഒരു സൂത്രപ്പണിയാണു്. അതും കാഴ്ച്ചയിൽ പ്രശ്നം തോന്നുമെങ്കിൽ മാത്രം. അതുപോലെ O, Q മുതലായ, മുകൾവശത്തു് വളവുകളുള്ള അക്ഷരങ്ങൾക്കും ഇത്തരം ഒരു തോന്നൽ സൃഷ്ടിക്കാനാകും. അതൊഴിവാക്കാൻ അവയുടെ ഏറ്റവും ഉയർന്ന point സാധാരണ caps heightനു് മുകളിലേക്കു് ഒരൽപം പോകാറുണ്ടു്. അത്തരം അക്ഷരങ്ങൾ പരമാവധി സ്വീകരിക്കാവുന്ന ഉയരമാണു് ascender height.

നമ്മുടെ ലേഖനാവശ്യങ്ങൾക്കു് അധികം പ്രസക്തിയില്ലാത്തതിനാൽ ഞാൻ രണ്ടും തുല്യമായി പരിഗണിക്കുകയാണു്. നിങ്ങളുടെ അക്ഷരരൂപങ്ങൾ രണ്ടും രണ്ടായി കാണാൻ നിർബന്ധിക്കുന്നുണ്ടെങ്കിൽ ആവാം. അതും ഒരുപാടു് വ്യത്യാസം വരാത്ത രീതിയിൽ. ഇപ്പൊ ascender = 1600 ആണെങ്കിൽ caps height = 1500 അല്ലെങ്കിൽ 1550 വക്കുകയാവും നല്ലതു്.

ഇപ്പോൾ മനസ്സിലായല്ലോ? ഇനിയാണു് ഏറ്റവും ബുദ്ധിമുട്ടുള്ള പണി.

കടലാസ്സെടുക്കുക. നല്ല വെള്ളക്കടലാസു്. അതിൽ സ്കെയിൽ കൊണ്ടു് 4 സമാന്തര (parallel) വരകൾ പെൻസിലുപയോഗിച്ചു് വരക്കുക. നാലുവരികൾ തമ്മിൽ തുല്യ അകലം വേണമെന്നില്ല. എന്നാൽ വരികൾ തമ്മുലുള്ള അന്തരത്തിന്റെ അനുപാതം ഓരോ setലും ആവർത്തിക്കണം.

ലേഖനാവശ്യങ്ങൾക്കു് x-height = 1060, caps height = ascender height = 1060, descender = 448 എന്നു് വക്കാം. അപ്പോൾ


അപ്പോൾ പത്തു യൂണിറ്റ്‌ 1 മില്ലീമീറ്റർ എന്നു് കരുതിയാൽ മൂന്നാം വരയിൽ നിന്നു് 10.6 സെ.മീ മുകളിൽ x-heightന്റെ വര. 16 സെ.മീ മുകളിൽ caps height/ascenderന്റെ വര. ഏതാണ്ടു് 4.5 സെ.മീ. താഴെ descender വര. ഇത്രയും പെൻസിൽ കൊണ്ടു് വരക്കുക.

പെൻസിൽ കൊണ്ടു് വരകൾ വരച്ചതു് പിന്നീടു് മായ്ച്ചു് കളയാനാണു്.

ഇനി വരകൾക്കുള്ളിൽ അക്ഷര രൂപങ്ങൾ വരച്ചെടുക്കുക. വരക്കുമ്പോൾ അക്ഷരങ്ങൾക്കു് ഒരു സമാന ഇതിവൃത്തം ഉണ്ടാകുന്നതാണുചിതം. ഇപ്പോൾ നമ്മുടെ കൈപ്പടയോ അല്ലെങ്കിൽ നേർരേഖകൾ മാത്രമുപയോഗിച്ചുകൊണ്ടുള്ളവയോ സദാ വളഞ്ഞുപുളഞ്ഞുള്ളവയോ കാലിഗ്രാഫിയോ ഒക്കെയാവാം. അതു് നിങ്ങളുടെ ഇഷ്ടത്തിനു് വിട്ടിരിക്കുന്നു. നല്ല അക്ഷരങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതാണു് ഫോണ്ടുണ്ടാക്കുന്നതിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം.
വരക്കുമ്പോൾ ശ്രദ്ധിക്കാനുള്ളതു്, മലയാള അക്ഷരങ്ങൾ പൊതുവേ രണ്ടും മൂന്നും വരികൾക്കുള്ളിൽ ഒതുങ്ങണം. എന്നാൽ ആ, എ മുതലായ അക്ഷരങ്ങളുടെ ചില ഭാഗങ്ങൾ മൂന്നാമത്തെ വരിക്കു് താഴെ പോകാറുണ്ടു്. അതുപോലെ ഇ, ള, ഉ, ഋ മുതലായ അക്ഷരങ്ങളും ചില ഫോണ്ടുകളിൽ മൂന്നാം വരിക്കു് താഴെ പോകാറുണ്ടു്. ഭാവിയിൽ കൂട്ടക്ഷരം തയ്യാറാക്കുമ്പോൾ അവയും മൂന്നാം വരിയുടെ താഴെ പോകും എന്നോർക്കുക.

ഏതൊക്കെ അക്ഷരങ്ങൾ വരക്കണം?

നല്ല ചോദ്യം. കാരണം ഫോണ്ടിന്റെ ആദ്യഘട്ടത്തിൽ നാം വളരെ കുറച്ചു് അക്ഷരങ്ങൾ മാത്രമേ ഉപയോഗിക്കൂ. ഈ ലിങ്കുകളിൽ പോയി pdf ഡൗൺലോഡ്‌ ചെയ്യു. ഇതിലുള്ള അക്ഷരങ്ങൾ മാത്രം തൽക്കാലം ഉണ്ടാക്കിയാൽ മതി. കൂടുതൽ അക്ഷരങ്ങൾ, പ്രത്യേകിച്ചു് കൂട്ടക്ഷരങ്ങൾ, ഉണ്ടാക്കാൻ സാധിച്ചാൽ നന്നു്. പക്ഷെ ഇപ്പോഴത്തെ ആവശ്യങ്ങൾക്കു് pdfൽ പറഞ്ഞിട്ടുള്ളയത്ര അക്ഷരങ്ങൾ ഉണ്ടാക്കിയാൽ മതി.

മലയാളം
ഇംഗ്ലീഷ്‌
വേണമെന്നുണ്ടെങ്കിൽ

ഇനി, ഗ്രാഫിക്സിൽ നൈപുണ്യമുള്ളവരാണെങ്കിൽ കോറൽ ഡ്രോ, ഇല്ലസ്ട്രേറ്റർ, ഫ്രീഹാൻഡ്‌, ഇങ്‌ൿസ്കേപ്‌ മുതലായ വെക്ടർ സോഫ്റ്റ്‌വെയറുകളിൽ നിങ്ങളുടെ അക്ഷരങ്ങൾ രൂപപ്പെടുത്തുക. അക്ഷരങ്ങളുടെ പൊക്കം മുമ്പു് പറഞ്ഞമാതിരി ആനുപാതികമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അപ്പൊ തൽക്കാലം ഇങ്ങനെ നിൽക്കട്ടെ. അധികം താമസിയാതെ രണ്ടാം ഭാഗം ഇടാം. അപ്പോഴേക്കു് അക്ഷരരൂപങ്ങൾ കടലാസിൽ തയ്യാറാക്കിവക്കു. വീണ്ടും കാണാം.

അടുത്ത ലക്കം: കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ, സ്കാൻ ചെയ്യേണ്ട രീതി മുതലായവ.

വാൽ: ഈ ലേഖനത്തിനു് വേണ്ടി ഞാൻ തയ്യാറാക്കിയ ഫോണ്ടിന്റെ ഒരു അപൂർണരൂപം ഇവിടെയുണ്ടു്.