Monday, October 19, 2009

റാഗിംഗ്‌ പാരയായപ്പോള്‍

എഞ്ജിനിയറിങ്ങിനു ചേരുമ്പോള്‍ ബാച്ചിലെ ഏറ്റവും പാവമായിരുന്നു ജയകൃഷ്ണന്‍.

ശുദ്ധന്‍. സല്‍സ്വഭാവി. എന്നും എണ്ണ തേച്ചു് തണുത്തവെള്ളത്തില്‍ കുളിക്കുന്നവന്‍. എഴുതാപ്പുറം വായിക്കാത്തവന്‍. ശബ്ദമുയര്‍ത്തി സംസാരിക്കാത്തവന്‍. സിഗററ്റ്‌ വലിക്കാത്തവന്‍.

ഒരു പ്രഫഷനല്‍ കോളജ്‌ വിദ്യാര്‍ത്ഥിക്കു് സമൂഹം കല്‍പിച്ചുകൊടുത്തിട്ടുള്ള, നാലാളോടു് പറയാന്‍കൊള്ളാവുന്ന ഒരു സ്വഭാവഗുണവുമില്ലാത്ത ഒരു ഇളിഭ്യന്‍. ഉപ്പില്ലാത്ത കഞ്ഞി. നിര്‍ഗുണപരബ്രഹ്മം.

ഹോസ്റ്റലിലായിരുന്നു ജയകൃഷ്ണന്‍. മുറിയിലൊതുങ്ങിക്കൂടി ജീവിച്ചു. പക്ഷെ ഒരു ദിവസം സീനിയര്‍മാരുടെ മുറിയിലെത്താനുള്ള നിര്‍ദേശം കിട്ടി.

"എന്താണ്ട്രാ പേരു്?"

"ജയകൃഷ്ണന്‍"

"ന്തൂട്ടാ അച്ഛന്റെ പണി?"

"കൃഷ്യാ"

മൂത്തവര്‍ ആര്‍ത്തട്ടഹസിച്ചു.

"വീട്ടില്‌ ടിവിണ്ട്രാ ശവ്യേ?"

"ദൂരദര്‍ശന്‍ മാത്രം"

"ഏറ്റവും കാണാറുള്ള പരിപാട്യേതാണ്ടാ?"

"കൃഷിദര്‍ശന്‍"

മൂത്തവര്‍ക്കു് വീണ്ടും അട്ടഹസിക്കാനവസരം.

ജയകൃഷ്ണന്റെ മുഖത്തു് സര്‍വത്ര പരിഭ്രമം. ആരെങ്കിലും തുമ്മിയാല്‍ ബോധം കെടാന്‍ തയ്യാറെടുത്തു് നില്‍ക്കുകയാണു് പാവം.

റാഗിങ്ങ്‌ തുടര്‍ന്നു. പക്ഷെ ഹരം പിടിപ്പിക്കുന്ന ഒന്നും കിട്ടുന്നില്ല. ഒടുക്കം ആരോ ചോദിച്ചു.

"കുടിക്വോ?"

"ഇല്യ"

"കുടിച്ചിട്ടേല്യേ?"

"1-2 തവണ"

"പിന്നെന്താണ്ട്രാ ശവ്യേ കുടിക്കില്യാന്നു് പര്‍ഞ്ഞേ?"

"അതു്... കുടിച്ചാ എനിക്കു് ശര്യാവില്യ. അതോണ്ടാ"

"എന്തൂട്ടാ ശര്യാവാത്തേ?"

"അതു്..."

"പറേണ്ടോറാ?"

"അതു് പറഞ്ഞാ നിങ്ങള്‍ കളിയാക്കര്‍തു്.. എനിക്കു് കണ്ട്രോള്‍ പൂവും.."

"മതി. ഇത്രേം മതി. ടോണ്യേ, സാധനെട്തേറാ.."

പകുതി വെള്ളവും പകുതി ദ്രാവകവും നിറഞ്ഞ ഗ്ലാസ്‌ ജയകൃഷ്ണനുമുന്നില്‍ ഹാജരയി. അല്‍പം നിര്‍ബന്ധവും ചെറിയ തോതില്‍ ചൂടാവലും നടന്നപ്പോള്‍ ജയകൃഷ്ണന്റെ ഗ്ലാസ്‌ കാലിയായി. രണ്ടു് തവണ.

വേണ്ടിയിരുന്നില്ല എന്നു സീനിയര്‍മാര്‍ക്കു് ബോധ്യമാവാന്‍ അധികം താമസമുണ്ടായില്ല.

ചിരിയിലാണു് ജയകൃഷ്ണന്‍ തുടങ്ങിയതു്. കുറുമാനും കുഞ്ഞുവും ഒക്കെ ചെയ്തപോലെ. പുഞ്ചിരിയില്‍ തുടങ്ങി. പിന്നെ പല്ല് കാണിച്ചു്. തുടര്‍ന്നു് നല്ല ഉറക്കെയുള്ള ചിരി. നിര്‍ത്താത്ത ചിരി.

"ഹാ.. ഹാ.. ഹാ....?"

അടുത്ത മുറികളില്‍നിന്നു് കുട്ടികള്‍ വാതില്‍ക്കല്‍ വന്നുനിന്നു. ജയകൃഷ്ണന്റെ കൂടെ അവരും ചിരിയില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍ മുറിയിലുള്ള എല്ലാവരും നല്ല ചിരി. ഉറക്കെ. പക്ഷെ ജയകൃഷ്ണന്റേതു മാത്രം നിയന്ത്രണമില്ലാത്ത ചിരിയാണു്.

"ഹീ... ഹീ.. ഹീ..."

പെട്ടെന്നു് ജയകൃഷ്ണന്‍ പറഞ്ഞു. "നിങ്ങള്‍ ചീത്ത പറയില്ലെങ്കില്‍.. കഴിഞ്ഞ ഉത്സവത്തിനു ഞാന്‍ കാവടിയാട്യേതു് അവതരിപ്പിക്കട്ടെ?"

ഉടുത്തിരുന്ന ലുങ്കിയുടെ സ്ഥാനം തലയിലേക്കു് ഷിഫ്റ്റായി.

"ടുങ്കഡക്ക.... ക്കഡക....ഡുംഗുഡക.... ക്കഡക..."

വായ്പാട്ടിനൊപ്പം ജയകൃഷ്ണന്‍ ചുവടുവെച്ചപ്പോള്‍ ചുറ്റിനും ജനം കൈയ്യടിച്ചു് പ്രോല്‍സാഹിപ്പിച്ചു. ആകെ ഹരം. രണ്ടു് പെഗ്ഗില്‍ ഇത്രയും കാണാന്‍കിട്ടിയെങ്കില്‍ വേണ്ടിവന്നാല്‍ പിരിവിട്ടു സാധനം വാങ്ങിയാണെങ്കിലും എല്ലാ ആഴ്ചയും ഇവന്റെ കലാപരിപാടി അരങ്ങേറ്റണമെന്നു് തീരുമാനിച്ചു.

കാവടിനിര്‍ത്തി കട്ടിലില്‍പ്പിടിച്ചു് ജയകൃഷ്ണന്‍ കിതച്ചു.

"എനിക്കു്... നിങ്ങളെ.... യൊക്കെ.... വല്യ.... ഇഷ്ടായി.."

ഏറ്റവും അടുത്തുനിന്നവനു് നനഞ്ഞൊട്ടിയ ഒരു ഉമ്മ കൊടുത്തു. വേറൊരുത്തനെ കെട്ടിപ്പിടിച്ചു. അവനു് തുരുതുരാ ഉമ്മ കിട്ടി. ഓരോ ഉമ്മക്കും മുന്‍പു് ചുണ്ടു് നല്ലപോലെ ഈറനാക്കാന്‍ ജയകൃഷ്ണന്‍ മറന്നില്ല.

ഓരോ ഉമ്മക്കും അതിന്റെ ഉപഭോക്താവു് കവിള്‍തുടക്കാന്‍ നോക്കും. പക്ഷെ കൈകള്‍ ധൃതരാഷ്ട്രാലിംഗനബദ്ധമയിരുന്നു.

10-12 ഉമ്മ കൊടുത്ത ശേഷം അവനെ ജയകൃഷ്ണന്‍ വിട്ടു. നിലത്തിഴയലായി പിന്നെ.

"കുടിച്ചാല്‍ പാമ്പാവണം എന്നാ... ഞാനിപ്പൊ ഒരു പാമ്പാ..!... സ്സ്സ്‌...."

ശബ്ദത്തിനനുസരിച്ചു് നാവു് നീട്ടി വിറപ്പിച്ചുകൊണ്ടിരുന്നു. ഇഴഞ്ഞിഴഞ്ഞു് മൂന്നാമന്റെ കാലില്‍ പിടിച്ചു. പിടിച്ചുപിടിച്ചു കയറി. കാലിലിഴഞ്ഞുകയറുകയാ.. എന്നിട്ടു് വയറില്‍ ചെറിയൊരു കടികൊടുത്തു.

"അയ്യോ? അവനെ സര്‍പ്പം കൊത്തി!"

സംഗതി അല്‍പാല്‍പമായി നിയന്ത്രണം വിടുന്നതായി ജയകൃഷ്ണനൊഴികെ എല്ലാവര്‍ക്കും മനസ്സിലായി.

"കൊത്തിയവിഷം ഞാന്‍ തന്നെ ഇറക്കാം. നിലത്തു കിടക്കു്"

നിലത്തുകിടക്കുന്ന സര്‍പദംശിതന്റെ അടുത്തേക്കു് ജയകൃഷ്ണനാഗം ഇഴഞ്ഞെത്തി. വയറില്‍ നക്കാന്‍ തുടങ്ങി. ദംശിതന്‍ പാമ്പിനെ തള്ളിമാറ്റി കുളിമുറിയിലേക്കോടി.

"ഇനി ഒരാഫ്രിക്കന്‍ ഐറ്റം കാണിക്കാം. ഒരു വളണ്ടിയര്‍ വേണം"

വളണ്ടിയറുടെ മുഖത്തു് രണ്ടൗണ്‍സ്‌ ഉമിനീര്‍ കൊണ്ടു് ജയകൃഷ്ണന്‍ പൊടുന്നനെ അഭിഷേകം നടത്തി. "ചില ആഫ്രിക്കന്‍ ഗോത്രക്കാരുടെ അഭിവാദനരീതിയാ. എനിക്കു് ചേട്ടനെ ഇഷ്ടായി. ഐ ലവ്‌ യൂ!!"

ഇത്രയുമായപ്പോഴാണു് ഒരു സീനിയര്‍ക്കു് പഴഞ്ചൊല്ല് പറയാന്‍ തോന്നിയതു്.

വിനാശകാലേ വിപരീതബുദ്ധി എന്നാണല്ലൊ. അല്ലെങ്കില്‍ ജയകൃഷ്ണനെ മുറിയില്‍ വരുത്താനും റാഗ്‌ ചെയ്യാനും കള്ളുകുടിപ്പിക്കാനും അവനു് തോന്നേണ്ട കാര്യമില്ല. അതേ ദുര്‍വിധിയാണു് അവനെക്കൊണ്ടു് തെറ്റായ പഴംചൊല്ലു പറയിച്ചതു്.

വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വെച്ചു എന്നു് പറയാമായിരുന്നു. കൂനിന്‍മേല്‍ കുരു എന്നു പറയാമായിരുന്നു. വഴിയേപ്പോയ വയ്യാവേലി എന്നു പറയാമായിരുന്നു.

ജയകൃഷ്ണന്റെ ആഫ്രിക്കന്‍ അഭിവാദനം കണ്ടതുകൊണ്ടാവാം, ഇതൊന്നും പറയാതെ ആ സീനിയര്‍ പറഞ്ഞ പഴമൊഴി ഇങ്ങിനെയായിപ്പോയി;

"ഇതിപ്പൊ മലര്‍ന്നു കിടന്നു തുപ്പിയ പോലെയായല്ലൊ...."

അഴിഞ്ഞാടുകയായിരുന്ന ജയകൃഷ്ണന്‍ പെട്ടെന്നു നിന്നു. തുടര്‍ന്നു് പഴമൊഴി പറഞ്ഞവന്റെ നേരെ സ്ലോമോഷനില്‍ തിരിഞ്ഞു. ചിരി നിലച്ചു. ആകെ നിശ്ശബ്ദത.

"ചേട്ടന്‍ പറഞ്ഞതു ശരിയാ. മലര്‍ന്നു് കിടന്നു് തുപ്പരുതു്. പകരം മലര്‍ന്നുകിടന്നാല്‍ മൂത്രമൊഴിക്കണം"

സീനിയര്‍മാര്‍ മുറിയില്‍ നിന്നിറങ്ങിയോടുമ്പോഴേക്കു് ശവാസനനായ ജയകൃഷ്ണന്‍ ജലധാര ഓണ്‍ ചെയ്തിരുന്നു. ആ മുറിയിലുണ്ടായിരുന്ന മൂന്നു കട്ടിലുകളും പുണ്യാഹസമ്പന്നമായി.

സഹമുറിയന്മാര്‍ വന്നു് വലിച്ചുകൊണ്ടുപോകുമ്പോള്‍ അവിടെക്കിടന്ന ഒരു തലയിണയില്‍ മൂക്കുചീറ്റി തുടക്കുന്ന തിരക്കിലായിരുന്നു ജയകൃഷ്ണന്‍.

മുറിയിലെത്തിയ ജയകൃഷ്ണന്‍ വെളുക്കെ ചിരിച്ചു. "ഹാവൂ, സമാധാനായി. അവന്മാരു് എന്നെ തിരിച്ചുവല്ലതും ചെയ്യുമോ എന്നൊരു ശങ്കയുണ്ടായിരുന്നു. ഏതായാലും അതൊന്നുമുണ്ടായില്ല. ഭഗവാന്‍ കാത്തു"

"?? എടാ, അപ്പൊ ഈ വിക്രിയയൊക്കെ നീ സ്വബോധത്തോടെ ചെയ്തതാ? കള്ളിന്റെ പുറത്തു ചെയ്തതല്ലേ?"

"ഏയ്‌! എനിക്കീ രണ്ടു് പെഗ്ഗു കഴിച്ചാലൊന്നും ഒന്നുമാവില്ലെന്നേ! പക്ഷെ ഒന്നുണ്ടു്. കള്ളു കുടിച്ചാല്‍ എനിക്കു് അപാര ധൈര്യം വരും. അവന്മാരു് റാഗ്‌ ചെയ്യുമ്പോള്‍ മനസ്സില്‍ എനിക്കു് തോന്നിയ പ്രതികാരം മുഴുവന്‍ ഞാന്‍ കള്ളുകുടിച്ചപ്പൊ ചെയ്തുതീര്‍ത്തു. അത്രമാത്രം".

Friday, October 2, 2009

സദാശിവന്റെ നാടകം

സദാശിവനു് പ്രൊഫഷനല്‍ നാടകനടനായി അറിയപ്പെടാനായിരുന്നു താല്‍പര്യം.

കേട്ടറിവുള്ള, പേരെടുത്ത നടന്മാരെല്ലാവരും വളരെ ചെറുപ്പത്തിലേത്തന്നെ നാടകത്തിനിറങ്ങിയവരാണെന്നും അതില്‍ ഭൂരിപക്ഷവും സ്കൂളില്‍ നിന്നു തന്നെ പരിശീലനം തുടങ്ങിയവരാണ്‌ എന്നുമുള്ള തിരിച്ചറിവ്‌ അദ്ദേഹത്തെ കൂടുതല്‍ ഉത്സുകനാക്കി. തന്റേതായ രീതിയില്‍ സ്കൂളിലും നാട്ടിലും നാടകങ്ങള്‍ സംഘടിപ്പിച്ചുവന്നു. ദോഷം പറയരുതല്ലോ, തരക്കേടില്ലാത്ത ഒരു നടനായിരുന്നു എന്നു വേണം പറയാന്‍.

സദാശിവനെപ്പറ്റി കൂടുതല്‍ പിന്നെ പറയാം. എന്നാല്‍ ഞങ്ങളുടെ കൂടെ എന്‍ജിനിയറിങ്ങിനു് ചേരുമ്പോള്‍ മൂപ്പര്‍ക്ക്‌ 8 വയസ്സിന്റെ മൂപ്പുണ്ടായിരുന്നു എന്നു മനസ്സിലാക്കിയാല്‍ മതി. തല്‍ഫലമായി ഞങ്ങള്‍ക്ക്‌ പൊതുവായി "അപ്പന്‍" എന്നു് വിളിക്കാന്‍ ഒരാളെ കിട്ടി!

യുവജനോത്സവത്തിനു് നാടകം എടുക്കണം എന്ന ആശയം നല്‍കാനും അതിനു വെള്ളവും കടിയും നല്‍കി പരിപോഷിപ്പിക്കാനും കഥ കണ്ടുപിടിക്കാനും, എന്തിന്‌.. തന്റെ സുഹൃത്തായ പ്രഫഷനല്‍ നാടകസംവിധായകനെ ഏര്‍പ്പാടാക്കാനും മൂപ്പര്‍ മുന്‍കൈയിട്ടിറങ്ങിയതിനാലും ഞങ്ങളുടെ ചോരത്തിളപ്പിനാലും മുന്നോട്ട്‌ പോകാന്‍ ഞങ്ങളാരും രണ്ടാമതാലോചിച്ചില്ല. ഞങ്ങള്‍ 5-6 പേരുടെ കൂടെ സിന്ധുവും രേഖയും ചേര്‍ന്നതോടെ നാടകം ഫുള്‍ സ്വിങ്ങിലായി.

നാടകറിഹേഴ്സല്‍ ഇടവേളകളില്‍ അദ്ദേഹം പലപല കാര്യങ്ങള്‍ പറഞ്ഞ്‌ ഞങ്ങളുടെ അറിവിനെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു. നാടകസംബന്ധമായി പറഞ്ഞ ഒരു കാര്യം തൃശ്ശൂര്‍ മെഡിക്കല്‍കോളേജുകാര്‍ ശാകുന്തളം നാടകമെടുത്തതായിരുന്നു.

റോഡില്‍ അലഞ്ഞുനടന്നിരുന്ന ഒരു നാടന്‍ പട്ടിയെപ്പിടിച്ച്‌ പെയിന്റടിച്ച്‌ മാനാക്കി. സ്റ്റേജിന്റെ ഒത്ത നടുവില്‍ മരത്തിന്റെ രൂപമുണ്ടാക്കി അതില്‍ കെട്ടിയിട്ടു. നാടകത്തിലുടനീളം മാന്‍ കുരയോടു കുര. ശകുന്തള കാലില്‍ ദര്‍ഭമുന കൊണ്ടതു് നോക്കാന്‍ തുനിഞ്ഞപ്പോള്‍ മാന്‍ ആ കാലില്‍ കടിക്കാനും ഒരു ശ്രമം നടത്തിയത്രെ.

നാടകത്തിന്റെ പേരില്‍ ഒരു "അഥവാ" ഇല്ലെങ്കില്‍ അതു് നാടകമല്ല എന്നു് പ്രബലമായ ഒരു ധാരണ പരക്കെ ഉണ്ടായിരുന്നതിനാല്‍ "വെണ്ണക്കപ്പു കുമാരന്‍ അഥവാ ജനങ്ങള്‍ പാവകള്‍" എന്നുതന്നെ നാടകത്തിനു പേരിട്ടു. പ്രഫഷനല്‍ നാടകത്തില്‍ കയറുമ്പോള്‍ ഏതുതരം വേഷവും കൈകാര്യം ചെയ്യേണ്ടി വരുമെന്നും അതിനുള്ള പരിശീലനക്കളരികളില്‍ ഒന്നായി ഇതിനെക്കാണാണാമെന്നും അതുകൊണ്ട്‌ നായകന്റെ തന്തപ്പടിയുടെ പാര്‍ട്ട്‌ അഭിനയിച്ചാല്‍ സദാശിവനു് കലക്കാം എന്ന സംവിധായകന്റെ അഭിപ്രായവും ആ റോള്‍ ചെയ്യാന്‍ യുവാക്കളായ ഞങ്ങള്‍ക്കാര്‍ക്കും താല്‍പര്യമില്ലെന്നുള്ള മനസ്സിലിരുപ്പും കണക്കിലെടുത്ത്‌ സദാശിവന്‍ പിതാശ്രി ആവാന്‍ മനസാ വാചാ കര്‍മ്മണാ തയ്യാറെടുത്തു.

നായകന്റെ അച്ഛന്റെ വേഷം കോട്ടും സൂട്ടുമുള്ള, ബൂട്സിട്ട, കയ്യില്‍ റൈഫിള്‍ പിടിച്ച്‌ നടക്കുന്നതാണ്‌. വീടിന്റെ പിന്നിലെ ചതുപ്പു നിലം തൂര്‍ക്കാന്‍ യൂകാലിപ്റ്റസ്‌ നടാന്‍ പോയപ്പോള്‍ വാങ്ങിയ റബര്‍ ബൂട്സ്‌ വീട്ടിലുണ്ടെന്നും പഴയതാണെങ്കിലും ഉപയോഗയോഗ്യമാണെന്നു ഷാജി പറഞ്ഞപ്പോള്‍ അവനെത്തന്നെ സാമഗ്രിസെറ്റപ്പിന്റെ അധികാരിയാക്കി.

നാടകം അരങ്ങേറുന്ന അന്ന്‌ രാവിലെ ബൂട്സെത്തിക്കാം എന്ന്‌ ഷാജി പറഞ്ഞിരുന്നെങ്കിലും രാത്രി നാടകം തുടങ്ങുന്നതിനു കഷ്ടി മുക്കാല്‍ മണിക്കൂര്‍ മുന്‍പു് മാത്രമാണ്‌ സാധനം കയ്യില്‍ കിട്ടിയത്‌. ഉപയോഗിച്ചിട്ട്‌ ഏതാനും വര്‍ഷങ്ങളായിരുന്ന ആ ബൂട്സ്‌ വൃത്തിയാക്കുന്ന ചുമതല ന്യായമായും, നാടകത്തില്‍ ഏറിയാല്‍ പശ്ചാത്തല സംഗീതം ഇടുക എന്ന ചുമതല മാത്രമുള്ള എനിക്ക്‌ കിട്ടി. ഉള്ള സമയം കൊണ്ട്‌ മാക്സിമം കലാത്മകമായി തന്നെ ഞാന്‍ ബൂട്സ്‌ വൃത്തിയാക്കി.

നാടകം തുടങ്ങി.റിഹേഴ്സലിനേക്കാള്‍ സ്പീഡില്‍ അരങ്ങത്ത്‌ എന്ന തത്ത്വത്തിന്‌ ഒരു പേരുദോഷവും വരാത്തരീതിയില്‍ കാര്യങ്ങള്‍ മുന്നേറുമ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടു. റൈഫിളിന്റെ മൂട്‌ കാല്‍ക്കലും കുഴല്‍ ശരീരത്തില്‍ നിന്ന്‌ മാക്സിമം അകറ്റിയും പിടിച്ച്‌ മറ്റേക്കൈ അരയില്‍ പ്രതിഷ്ഠിച്ച്‌ ഡയലോഗ്‌ പറയുന്ന സദാശിവന്‍ കൂടെക്കൂടെ ഇടതുകാല്‍ വിറപ്പിക്കുകയും മൂര്‍ദ്ധന്യത്തില്‍ നാടകത്തിനു വിഘ്നം വരാത്ത രീതിയില്‍ നിലത്ത്‌ ആഞ്ഞുചവിട്ടുകയും ചെയ്യുന്നു. ഭാര്യയുമായി വഴക്കിടുന്ന സീനായതിനാലും സദാശിവന്‍ അമെച്വറില്‍ നിന്ന്‌ മേല്‍പോട്ട്‌ പോകാന്‍ കഴിവുള്ളവന്‍ ആയതുകൊണ്ടും, റിഹേഴ്സലിലില്ലാതിരുന്ന ഈ സംഗതിയെ രംഗത്തിനു കൊഴുപ്പുകൂട്ടാനുള്ള അവന്റെ മനോധര്‍മ്മമായിക്കണ്ട്‌ "ജോസേട്ടന്റെ കാന്റീനില്‍ നിന്ന്‌ ഒരു ഉള്ളിവടയും ചായയും ഇവന്‌ എന്റെ വക" എന്നു് ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഒരു രംഗത്തില്‍ നായകന്‍ കുമാരന്റെ അച്ഛന്‍ റൈഫിള്‍കൊണ്ട്‌ സ്വയം വെടിവെച്ച്‌ മരിക്കുന്നു. മരിച്ച്‌ കിടക്കുന്ന അച്ഛനേയും ഷോക്കായി ചെവികള്‍ പൊത്തി നില്‍ക്കുന്ന അമ്മയേയും മറ്റൊരു കഥാപാത്രമായ ഡോക്ടരേയും ഒക്കെ സാക്ഷിനിര്‍ത്തി സമൂഹത്തോടുള്ള സന്ദേശം കുമാരന്‍ ഘോരഘോരം വിളമ്പുമ്പോള്‍...

അപ്പോള്‍...

പെട്ടെന്ന്‌ ശവശരീരം ചാടി എഴുന്നേറ്റു. പിന്‍ഭാഗം താങ്ങിപ്പിടിച്ച്‌ സ്റ്റേജില്‍ നിന്നിറങ്ങിയോടി. കാണികളുടെ ഇടയിലേക്കോടാതെ സ്റ്റേജിനു പിന്നിലേക്കൊടാനുള്ള ബുദ്ധി അവന്‍ കാണിച്ചു.

നാടകം അവിടെവെച്ച്‌ ഓഫായി. കര്‍ട്ടന്‍ ഞാന്‍ തന്നെ വലിച്ചിട്ടു. അല്ല, അതു ഞാന്‍ ചെയ്തില്ലെങ്കില്‍ കാണികള്‍ ചെയ്തേനെ. കൂവലും അട്ടഹാസവും കാണികളുടെ സ്ഥിരം സംഭാവനകള്‍ ചിലതും നടന്നു.

സ്റ്റേജിന്റെ പിന്നില്‍ ചെന്ന്‌ സദാശിവനെ അന്വേഷിച്ച്‌ നടന്ന ഞങ്ങളുടെ മുന്‍പില്‍ ഒരു തൂണിന്റെ മറവില്‍ നിന്നും അവനവതരിച്ചു. എന്തെങ്കിലും ചോദിക്കും മുന്‍പേ "വേണ്ട" എന്നു് കൈനിവര്‍ത്തി നീട്ടിക്കാണിച്ച്‌ സദാശിവന്‍ പറഞ്ഞു.

"ബൂട്സിടാന്‍ വിഷമമായിരുന്നു. സമയം കിട്ടാത്തതുകൊണ്ടോ എന്തോ, ഈ പന്നി (അത്‌ എന്നെ ഉദ്ദേശിച്ചാ..) ബൂട്സിന്റെ പുറത്തുമാത്രമേ വൃത്തിയാക്കിയുള്ളു. അകത്തപ്പിടി അഴുക്കായിരുന്നു"

"നാടകം തുടങ്ങുന്നതിനു തൊട്ടുമുന്‍പല്ലേ ബൂട്സിട്ടത്‌? നാടകം തുടങ്ങി ഡോക്ടര്‍ വരുന്നതിനു തൊട്ടുമുന്‍പുമുതല്‍ എന്റെ ഇടതേക്കാലില്‍ എന്തോ അരിച്ചുകയറുന്നത്‌ എനിക്ക്‌ തോന്നി. രംഗത്തിന്റെ സ്വഭാവമനുസരിച്ച്‌ ഞാന്‍ കാല്‍ കുടഞ്ഞും നിലത്ത്‌ ചവിട്ടിയും ആ സാധനത്തിനെ കളയാന്‍ നോക്കി"

"പക്ഷെ മരിച്ചുവീണ സീന്‍ മുതല്‍ ഞാന്‍ ഹെല്‍പ്‌ലസ്സായി! അവന്‍ കേറിക്കേറി 'ശ്രീമൂലത്തില്‍' എത്തി. പെട്ടെന്ന്‌ സഹിക്കാന്‍ പറ്റാത്ത വേദന. ആ വേദനയില്‍ ഞാനല്ല, ശരിക്കും മരിച്ചുകിടക്കുന്നവന്‍ വരെ ഞെട്ടി ഓടും"

ആര്‍ദ്രമായ ഞങ്ങള്‍ക്ക്‌ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു - "എന്തൂട്ടായിരുന്നു എടവാട്‌?"

"പഴുതാര"

ഞാന്‍ ആള്‍റെഡി ഇരുട്ടിലേക്കു മുങ്ങിയിരുന്നു.