Wednesday, May 29, 2013

കാലചലനം - 7





“ചിതലെന്തിനു് എന്നെ കാണാനെത്തി?”

രാജാവിന്റേതാണു് ചോദ്യം. ഞങ്ങൾ കൊട്ടാരത്തിലെത്തി ഉച്ചഭക്ഷണം കഴിക്കുകയാണു്. ഗൗതവും രഘുവും രാജാവിന്റെ മിത്രങ്ങളായിരിക്കുന്നു. ഒരു ഉരുള ചോറുരുട്ടുന്നതിനിടയിലാണു് രാജാവു് പെട്ടെന്നു് ചോദ്യം ചോദിച്ചതു്.

“അതു്.. പിന്നെ.. അങ്ങയെ ചിലർ ചേർന്നു് വധിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു് ഞാൻ ഇന്റർനെ... അതായതു് ചരിത്രത്തിൽ അങ്ങിനെ രേഖപ്പെടുത്തിയതായി കണ്ടു. അപ്പൊ അങ്ങയെ രക്ഷിക്കാൻ വേണ്ടി...”

രാജാവു് എന്നെ സൂക്ഷിച്ചുനോക്കി. അദ്ദേഹമൊന്നും മിണ്ടുന്നില്ല. ഇതുശ്രദ്ധിച്ച രഘുവും ഗൗതവും ഭക്ഷണം കഴിക്കുന്നതു് നിർത്തി ഞങ്ങളുടെ മുഖങ്ങളെ മാറിമാറി നോക്കി.

“ഞാൻ ചോദിച്ചതു് അതല്ല. എന്നെ കാണാൻ വരിക, സമ്മാനങ്ങൾ കൊണ്ടുവരിക, ഞാനാവശ്യപ്പെടാതെ തന്നെ മറ്റുരാജാക്കന്മാർ വരുമ്പോൾ അവർക്കു് സ്വീകരണമൊരുക്കുക... പിന്നെ... (വെള്ളം കുടിക്കാനുയർത്തിയ ഗ്ലാസ് ഞാൻ യാന്ത്രികമായി തിരിച്ചു മേശയിൽ വച്ചു; രാജാവിനെ ദയനീയമായി നോക്കി).. എല്ലാം കൂടി നോക്കുമ്പോൾ എന്തോ എന്നിൽനിന്നു് പ്രതീക്ഷിച്ചു് വന്നതാണെന്നു് തോന്നുന്നു... എന്താ കാര്യം?”

എന്റെ വിശപ്പുകെട്ടു. സമ്പത്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതാണിതെല്ലാം. എന്നാൽ അപ്രകാരം രാജാവിനോടു് തുറന്നുപറയാൻ എനിക്കു് നാണമായി. അതുകൊണ്ടു് ഞാൻ മിണ്ടാതിരുന്നു.

പക്ഷെ രണ്ടു് ശ്രേഷ്ഠന്മാർ എന്നോടൊപ്പം വർത്തമാനത്തിൽനിന്നു് ഭൂതത്തിലേക്കു് വന്നിട്ടുണ്ടല്ലോ. ആ രണ്ടെണ്ണവും കൂടി കിട്ടിയതക്കത്തിനു് രാജാവിനോടു് എന്നെപ്പറ്റി സകലതും പറഞ്ഞുകൊടുത്തു!

“ഞങ്ങൾ പറഞ്ഞുതരാം. ഇവനുണ്ടല്ലോ, ഈ ചിതൽ.. ഇവൻ എത്രയും വേഗം പണക്കാരനാവാനുള്ള എളുപ്പവഴിയാണെന്നു് വിചാരിച്ചാണു് അങ്ങയെ കാണാൻ വന്നതു്. അങ്ങു് സന്തുഷ്ടനായി തിരിച്ചു് വല്ല സ്വർണമോ മറ്റോ കൊടുക്കുമെന്നാണു് പാവം വിചാരിച്ചതു്. ആ സ്വർണം ഞങ്ങളുടെ കാലത്തു് മടങ്ങിച്ചെന്നു് വിറ്റാൽ ഒരുപാടു് രൂപയുണ്ടാക്കാം. ഐ മീൻ .. രൂപ എന്നുവച്ചാൽ ഞങ്ങളുടെ പണം. പാവമാണു് സർ.. ഐ മീൻ രാജാവേ”

“ആളൊരു ഌണുവാണു്...” രഘു എന്റെ പുതിയ തസ്തിക ഒന്നുകൂടി ഉറപ്പിച്ചു.

ഹർഷഘോഷരാജാവു് എന്നെ സൂക്ഷിച്ചുനോക്കി. അങ്ങോരുടെ മുഖത്തു് ഒരു പുച്ഛമുണ്ടായിരുന്നോ എന്നെനിക്കു് സംശയമുണ്ടായി. എന്തുപറയണം എന്നെനിക്കു് നിശ്ചയമില്ലാതായി.

“അപ്പൊ താൻ വെറും ധനമോഹിയായി ചെയ്തുകൂട്ടിയതാണു് എല്ലാം.. അല്ലേ?” രാജാവെന്നെ വിടാനുള്ള ഭാവമില്ല.

“അതിപ്പൊ.. രണ്ടായിരത്തിയഞ്ഞൂറു വർഷം കഴിഞ്ഞു് വന്ന സഞ്ചാരി എന്തിനാ വന്നതു?”

“സഞ്ചാരി വന്നതു് വെറുതെ നാടു കാണാനാണു്. ധനം മോഹിച്ചല്ല”

“ആയിരിക്കില്ല തമ്പ്രാനേ. അയാൾ...”

“എന്നെ തമ്പുരാൻന്നു് വിളിക്കരുതെന്നു് ഞാൻ പലപ്രാവശ്യം പറഞ്ഞുകഴിഞ്ഞു..”

“സോറി. എന്നുവച്ചാൽ ക്ഷമിക്കൂ. ഷേൺ.. ഷോൺ.. അയാൾ വന്നതു് വെറുതെ നാടുകാണാനാണോ? ഒരു ധനമോഹവും അയാൾക്കുണ്ടായിരുന്നില്ലേ?”

“ഇല്ല്യ. ഞാൻ നിരവധി തവണ അയാൾ തന്ന സമ്മാനങ്ങൾക്കും ചെയ്ത സഹായങ്ങൾക്കും പ്രത്യുപകാരം ചെയ്യാനൊരുങ്ങിയതാണു്. അതൊക്കെ അയാൾ നിരസിച്ചതേയുള്ളു. അയാളുടെ കാലത്തു് ആരും സ്വർണമുപയോഗിക്കുന്നില്ലത്രെ. മിക്കവർക്കും സ്വർണമെന്താണെന്നു് അറിയുകകൂടിയില്ലത്രെ”

“എന്തു്?! അതെങ്ങിനെ സാധ്യമാവും?” ഞങ്ങൾ മൂവരും ഒരുമിച്ചത്ഭുതപ്പെട്ടു.

“എനിക്കും അത്ര മനസ്സിലായില്ല. അയാൾ പറഞ്ഞതെന്താച്ചാൽ, സ്വർണത്തിന്റെ വില കാലം ചെല്ലുന്തോറും കൂടിക്കൂടിവന്നു. സാമാന്യക്കാർക്കാർക്കും വില താങ്ങൻ പറ്റാതായി. അതോടെ ജനം തീരുമാനിച്ചത്രെ - ഇനിമുതൽ സ്വർണം ഉപയോഗിക്കില്ല എന്നു്. അന്നുമുതൽ ആരും സ്വർണം ഉപയോഗിക്കാതായത്രെ. സ്വർണത്തിന്റെ വില കുറഞ്ഞുകുറഞ്ഞു് ആർക്കും വേണ്ടാത്ത നിലയിലേക്കെത്തി. ഇടക്കു് കുറച്ചുകാലം പലരും കുറഞ്ഞവിലക്കു് സ്വർണം കിട്ടുന്നതുകൊണ്ടു് കുറേയേറെ വാങ്ങിക്കൂട്ടി പിന്നീടു് വിലകൂടുമെന്നു് സ്വപ്നം കണ്ടത്രേ. പക്ഷെ ഏതാനും വർഷങ്ങൾക്കുള്ളിൽ ആരും സ്വർണമുപയോഗിക്കാതായി. അവരുടെ തലമുറയിലുള്ളവർക്കു് ‘അമിതമായി വിലകൂടിയാൽ ഒരു വസ്തു എങ്ങിനെ ഉപയോഗശൂന്യമാവും’ എന്നു് മുതിർന്നവർ പഠിപ്പിച്ചുകൊടുക്കുന്നതിനു് സ്വർണത്തിന്റെ കഥ ഉദാഹരണമാക്കാറുണ്ടത്രെ”

ഞങ്ങൾ മൂവരും അത്ഭുതപരതന്ത്രരായി രാജാവിനെ നോക്കി. പിന്നെ പരസ്പരം നോക്കി.

ഭക്ഷണം കഴിഞ്ഞു് ഞങ്ങൾ തളത്തിൽ വിശ്രമിക്കുകയായിരുന്നു. രാജാവു് വീണ്ടും തുടങ്ങി.

“എനിക്കു് വേറൊരു കാര്യം ചോദിക്കാനുണ്ടു്. ഇത്രയും ധനം സമ്പാദിച്ചു് ചിതൽ എന്തുചെയ്യാനാണു്?”

“അതെന്തൊരു ചോദ്യമാണു് രാജാവേ. ധനം എത്രകിട്ടിയാലും നമുക്കു് മതിയാവുമോ? മാത്രമോ, സാധനങ്ങളുടെ വില കൂടിക്കൂടി വരികയാണു്. എത്ര പണമുണ്ടായാലും കുറച്ചുകൊല്ലം കൊണ്ടു് തികയാതാവും“

ചാരുകസാലയിൽ ചാരിക്കിടക്കുകയായിരുന്ന രാജാവു് എഴുന്നേറ്റിരുന്നു. കൈകൾ കൈപ്പിടിയിൽ നീട്ടിപ്പിടിച്ചു.

”എനിക്കു് മനസ്സിലാവുന്നില്ല. പണമെങ്ങിനെ തികയാതെ വരും?“

”എന്റെ രാജാവേ, സാധനങ്ങളുടെ വില ദിവസേന കൂടിവരികയല്ലേ?“

”ങേ? ഓരോ ദിവസവും സാധനങ്ങളുടെ വിലകൂടുമോ? അപ്പൊ...“

”അത്രക്കങ്ങടു് പ്രശ്നമായിട്ടില്ല. ഇത്തിരി അതിശയോക്തി കലർത്തി പറഞ്ഞതാണു്. എന്നാലും ചില സാധനങ്ങളുടെ വില മാസംതോറും കൂടും. ചിലതു് കൊല്ലത്തിൽ 3-4 തവണ. വിലകൂടാത്ത സാധനങ്ങളില്ല എന്നു പറയാം“

”അതെന്താ സാധനങ്ങളുടെ വില ഇങ്ങനെ കൂടാൻ കാരണം?“

”കാരണം... എല്ലാ സാധനങ്ങളുടേയും വില കൂടും. അത്രതന്നെ. ഇപ്പൊ അങ്ങയുടെ രാജ്യത്തു് വിലക്കയറ്റമില്ലേ?“

”ഇല്ല്യ“

”ഇല്ലേ?!“

”ഇല്ല്യ. എന്റെ ഓർമ്മയിൽ ഇതുവരെ എന്റെ രാജ്യത്തു് സാധനങ്ങളുടെ വില കൂടിയിട്ടില്ല. എന്റെ കാലത്തു് മാത്രമല്ല കഴിഞ്ഞ ഒരു രണ്ടു് തലമുറയുടെ കാലത്തു് വില കൂടിയിട്ടില്ല്യ“

”അതെങ്ങിനെ സാധിച്ചു ത... രാജാവേ?“

”തിരിച്ചു് ഞാൻ ചോദിക്കട്ടെ - എങ്ങിനെയാണു് സാധനങ്ങളുടെ വില കൂടുന്നതു്?“

ഞങ്ങൾ പരസ്പരം നോക്കി. വർത്തമാനത്തിൽ സാധനങ്ങളുടെ വിലകൂടുന്നുണ്ടെങ്കിലും എന്തുകൊണ്ടു് വില കൂടുന്നു എന്നു് ഞങ്ങൾക്കറിയില്ല. ഇന്ധനവില കൂടുന്നതനുസരിച്ചു് സാധനങ്ങളുടെ വില കൂടാറുണ്ടു്. പക്ഷെ അതുപറഞ്ഞാൽ രാജാവു് ചോദിക്കും ഇന്ധനവില കൂടുന്നതെങ്ങിനെയാണെന്നു്.

”കൃത്യമായി അറിയില്ല രാജാവേ. ഒരുപക്ഷെ സാധനങ്ങളുടെ ലഭ്യതകുറയുമ്പോൾ വില ഉയരുന്നതാവാം“

”ആണെന്നിരിക്കട്ടെ. അപ്പൊ കൂടുതൽ വിലകൊടുത്താൽ സാധനം ലഭിക്കും. അതിനർത്ഥം, ലഭ്യത കുറഞ്ഞിട്ടില്ല എന്നല്ലേ? പണ്ടു് ഒരു നാണയം മതിയായിരുന്നു; ഇന്നു് രണ്ടു് നാണയം കൊടുക്കണം. എന്നാലും കിട്ടുന്നതു് ഒരേ സാധനമാണു്. അപ്പൊ വില കൂടേണ്ട കാര്യമെന്താ?“

ഞങ്ങൾക്കുത്തരമില്ല. രാജാവു് വിടാനുള്ള ലക്ഷണമില്ല.

”കുത്തകവ്യാപാരക്കാർ സ്വന്തം ഇഷ്ടത്തിനു് വില കൂട്ടില്ലേ?“ ഗൗതം ചോദിച്ചു.

”അതു് സാധ്യമാണു്. പക്ഷെ അപ്പോൾ നിങ്ങൾ സ്വയം ചോദിക്കേണ്ട രണ്ടു് ചോദ്യമുണ്ടു്. ഒന്നു് - കുത്തകവ്യാപാരിയുടെ ഉല്പ്പന്നങ്ങൾ നമ്മളുപയോഗിക്കണോ? രണ്ടു് - ഇത്രയും നിത്യോപയോഗസാധനം എന്തുകൊണ്ടു് കുത്തകയായി തുടരുന്നു?“

”മറ്റൊരു കാരണമുണ്ടാവാം. ഇപ്പൊ കൃഷിയുടെ കാര്യമെടുക്കാം. കൃഷി പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതായതു്, നമുക്കു് നിയന്ത്രിക്കാനാവാത്ത പ്രകൃതിവ്യതിയാനങ്ങളുണ്ടായാൽ ആ കൊല്ലത്തെ കൃഷിയെ ബാധിക്കും. അതു് കർഷകകുടുംബത്തിനു് ബുദ്ധിമുട്ടുണ്ടാക്കും. ന്യായമായും വിളവു് കുറവാണെങ്കിൽ അവർ വിലകൂട്ടി തങ്ങളുടെ നഷ്ടം നികത്താൻ നോക്കും“

”ഓഹോ. അടുത്തകൊല്ലം വിളവു് നന്നായാൽ അവർ വില കുറയ്ക്കുമോ?“

”അതിനു് സാധ്യതയില്ല“

”അപ്പൊ അതും അടിസ്ഥാനകാരണമല്ല. മറ്റെന്തെങ്കിലും?“

ഞങ്ങൾ മൂന്നുപേരും രാജാവിന്റെ മുഖത്തു് നോക്കിയിരുന്നു.

”കാരണം ഞാൻ പറയാം. നമുക്കു് വിട്ടുവീഴ്ച ചെയ്യാൻ സാധ്യമല്ല. എന്തുവിലകൊടുത്തും സാധനങ്ങൾ വാങ്ങാൻ നമ്മൾ തയ്യാറാവും. അതുതന്നെയാണു് വിലകൂടാനും കാരണം“

ശരിയാണെന്നു് ഞങ്ങൾക്കു് തോന്നി.

രാജാവു് എന്റെ നേരെ തിരിഞ്ഞു.

”താൻ വാഴയിൽ വെറ്റില വളർത്തുന്ന തരമാണു്“

എനിക്കൊന്നും മനസ്സിലായില്ല. വാഴയും വെറ്റിലയും എന്റെ സ്വഭാവവും തമ്മിൽ എന്തുബന്ധം?

”എടോ, വാഴ കൂടുതൽ കാലമൊന്നും നിലനില്ക്കില്ല. കുലച്ചുകഴിഞ്ഞാൽ പിന്നെ പതുക്കെ അതിന്റെ ആയുസ്സവസാനിക്കും. എന്നാലും തന്നെപ്പോലെയുള്ളവർ അല്പസമയത്തെ മെച്ചത്തിനുവേണ്ടി വേറെ താങ്ങു് കൊടുക്കാൻ മെനക്കെടാതെ വെറ്റില പോലെ കൂടുതൽ കാലമെടുത്തു് ഫലം തരുന്ന വള്ളി വാഴയിൽ വളർത്തും. ഒടുക്കം വാഴ നശിക്കും. തനിക്കു് ഇരട്ടിപ്പണി ആവും“

”എനിക്കൊന്നും മനസ്സിലാവുന്നില്ല രാജാവേ. ഞാൻ ഇതുവരെ വെറ്റിലകൃഷി ചെയ്തിട്ടില്ല“

”താനൊരു ഒന്നാന്തരം ഌണു തന്നെയാ. ഞാൻ പറഞ്ഞതിനർത്ഥം, താൻ ദേഹമനങ്ങി പണിയെടുക്കാതെ താല്ക്കാലികലാഭം മാത്രം നോക്കി പണം സമ്പാദിക്കാൻ നടക്കുന്നു. എന്താ കാര്യം? കൂടുതൽ ബുദ്ധിമുട്ടിലേ അതു് ചെന്നവസാനിക്കൂ. തന്റെ ഇത്രയും ദിവസത്തെ അനുഭവം തന്നെ അതിനു് തെളിവല്ലേ?“

ഞങ്ങൾ നാലുപേരും കുറച്ചുസമയം ചിന്താവിഷ്ടരായി ഒന്നും മിണ്ടാതിരുന്നു.

രാജാവു് എഴുന്നേറ്റു. അതുകണ്ടു് ഞങ്ങളും.

”എന്റെ ഏറ്റവും വലിയ ദുഃഖം നിങ്ങളെ ഞാൻ കാണിച്ചുതരാം. എന്റെ കൂടെ വരുമോ?“

ഞങ്ങൾ നാലുപേരും ഒന്നും മിണ്ടാതെ നടന്നു. രാജാവു് കൊട്ടാരത്തിനു പുറത്തെത്തി. നഗരത്തിനു പുറത്തേക്കുള്ള വഴിയ്ഇലൂടെ ഞങ്ങൾ വടക്കോട്ടു തേരിൽ സഞ്ചരിച്ചു. കുറച്ചുദൂരം ചെന്നപ്പോൾ നഗരാതിർത്തിയിലെ വലിയ വയലിൽ ഞങ്ങളെത്തി. രാജാവവിടെ നിന്നു. വയൽ ചൂണ്ടിക്കാണിച്ചു.

“കണ്ടില്ലേ? ഉണങ്ങി വരണ്ട പാടങ്ങളാണു്. മഴ കുറച്ചുകൊല്ലമായി വേണ്ടത്ര കിട്ടുന്നില്ല. ജനത്തിനു് വേണ്ടത്ര ഭക്ഷണം കിട്ടുന്നില്ല. ധാന്യങ്ങൾ മിക്കവാറും അന്യരാജ്യങ്ങളിൽ നിന്നെത്തിക്കണം. അതിന്റെ ചർച്ചക്കാണു് ഞാൻ രണ്ടുമാസം മുമ്പു് മറ്റുരാജ്യത്തെ രാജാക്കന്മാരെ ക്ഷണിച്ചതു്”

“നിങ്ങൾ പറയുന്നതു് പ്രകാരം ഞാൻ ധാന്യങ്ങളുടെ വിലകൂട്ടണം. എന്നിട്ടു് ജനങ്ങളിൽ നിന്നു് കൂടുതൽ പണമുണ്ടാക്കണം. ആ പണമുപയോഗിച്ചു് മറ്റുരാജാക്കന്മാർ ധനികരാവും. എന്റെ ജനം ദരിദ്രരും മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നവരുമായി മാരും. അതു് വേണോ?”

“ചിതലേ, ആദ്യം നമ്മൾ തമ്മിൽ ഈ പാടത്തുവച്ചു് കണ്ടദിവസം നിങ്ങൾ പറഞ്ഞു രാജാക്കന്മാർ കൊട്ടാരത്തിലിരുന്നു് ഭരണം നടത്തേണ്ടവരല്ലേ, എന്തിനാണു് കർഷകവൃത്തിയിലേർപ്പെട്ടിരിക്കുന്നതു് എന്നു്. ഞാൻ കൃഷിപ്പണി മാത്രമല്ല, എന്തുജോലിയും ചെയ്യും. എന്റെ രാജ്യത്തെ ജനത്തിനേയും അവരുടെ പ്രാരാബ്ധങ്ങളേയും നേരിട്ടറിയാനുള്ള അവസരങ്ങളാണു് ഓരോ ജോലിയും. സ്വന്തം ജനത്തെ മനസ്സിലാക്കാത്തയാൾ ഒരു നല്ല ഭരണാധികാരിയല്ല”

ഞങ്ങൾ വീണ്ടും രഥത്തിൽ കയറി വീണ്ടും വടക്കോട്ടു് സഞ്ചരിച്ചു. ഞങ്ങൾക്കിടയിൽ രാജ-പ്രജ ദൂരമിപ്പോൾ ഉണ്ടായിരുന്നില്ല. നാലു സ്നേഹിതർ തമ്മിലുള്ള സംഭാഷണം മാത്രം.

“മഴകുറവാണെന്നു് സമ്മതിച്ചു. പക്ഷെ ഇവിടെ പുഴകളില്ലേ? വേറെയേതെങ്കിലും രീതിയിൽ വെള്ളം കിട്ടില്ലേ?”

“നമ്മളങ്ങോട്ടാണു് പോകുന്നതു്”

വനത്തിലൂടെയായിരുന്നു പിന്നെ കുറച്ചുസമയം യാത്ര. തുടർന്നു് വലിയൊരു മലയുടെ അടിവാരത്തിൽ ഞങ്ങളെത്തി.

“ഈ കാണുന്ന മലയുടെ അപ്പുറത്തു് സമൃദ്ധമായ വെള്ളമുണ്ടു്. നമ്മുടെ രാജ്യാതിർത്തിക്കുള്ളിൽ തന്നെയാണു്. ചാൽ കീറി വെള്ളം നഗരത്തിലും ഗ്രാമങ്ങളിലുമെത്തിക്കാം. എന്നാൽ മലയാണു് പ്രശ്നം. വെള്ളം സുഗമമായി കിട്ടണമെങ്കിൽ മല തുരക്കണം. അതിനു് ആൾബലം ആവശ്യമാണു്. വിദഗ്ദ്ധരും വേണം. അതിനുള്ള ശേഷി എന്റെ രാജ്യത്തിനില്ല. ഒരു ചെറിയ രാജ്യമല്ലേ; മല പൊളിക്കുന്നതിനുള്ള വിദഗ്ദ്ധർ മറ്റുരാജ്യങ്ങളാണു്. അവരുടെ സഹായം കിട്ടുമോ എന്നറിയാൻ കൂടിയാണു് ഞാനന്നു് മറ്റുരാജാക്കന്മാരെ വിളിച്ചതു്. പക്ഷെ അവർക്കെന്നെ സഹായിക്കാൻ താല്പര്യമുണ്ടായിരുന്നില്ല. എന്നെ സഹായിച്ചാൽ അവരുടെ വരുമാനം മുടങ്ങുമല്ലോ”

സൂര്യനസ്തമിക്കാറായിരുന്നു. ഞങ്ങൾ ചൂടുള്ള ഒരു പാറപ്പുറത്തിരിക്കുകയാണു്. രാജാവിന്റെ മുഖം മ്ളാനമായിരുന്നു.

“എനിക്കു് നിങ്ങളോടൊന്നേ ചോദിക്കാനുള്ളു. പാറ എളുപ്പം പൊട്ടിക്കാനുള്ള എന്തെങ്കിലും വഴി നിങ്ങളുടെ കാലത്തുണ്ടോ?”

“രാജാവേ, ഞങ്ങളുടെ കാലത്തു് പാറപൊട്ടിക്കാനുള്ള ഉഗ്രശേഷിയുള്ള സ്ഫോടനവസ്തുക്കൾ കിട്ടും. അതു് പാറ തുരന്നുവച്ചു് തീകൊടുത്താൽ മതി. പക്ഷെ അതിനിത്തിരി കാലം പരിശീലിക്കണം. അപകടസാധ്യതയുണ്ടു്”

“എങ്കിൽ ഞാനൊരു അഭിപ്രായം പറയാം” ഗൗതം പറഞ്ഞുതുടങ്ങി.

“ഇവിടെനിന്നു് കുറച്ചാളേ നമുക്കു് നമ്മുടെ കാലത്തിലേക്കു് കൊണ്ടുപോകാം. അവർ പാറപൊട്ടിക്കുന്ന സ്ഥലങ്ങളിൽ നിന്നു് പണിപഠിക്കട്ടെ. എന്നിട്ടു് ആവശ്യത്തിനു് വെടിമരുന്നുമായി വന്നു് സൗകര്യമുള്ളത്രയും പാറപൊളിയ്ക്കട്ടെ. ന്തേയ്?”

“പറ്റില്ല്യ”

“പറ്റില്ലേ?”

“ഇല്ല്യ. ആദ്യം ഞാൻ ഭാവിയിലേക്കു് വരും. മറ്റാളുകളെ കൊണ്ടുവരാൻ എനിക്കു് ബോധ്യമായാൽ മാത്രമേ കൂടുതൽ ആൾക്കാരേ കൊണ്ടുപോകേണ്ടതുള്ളു. സ്വാർത്ഥതയല്ല. നിങ്ങളുടെ കാലത്തു് എത്തിപ്പെട്ടു് അവിടെ ജീവിക്കാനും പണിപഠിക്കാനും കെല്പുള്ളവരെ ഞാൻ നേരിട്ടു് തെരഞ്ഞെടുക്കാൻ വേണ്ടിയാണു് യാത്ര”

എനിക്കാവേശമായി. രാജാവാളു് കിടിലനാണല്ലോ. ചാടിപ്പുറപ്പെട്ടിരിക്കുന്നു. മിടുമിടുക്കൻ!

“എങ്കിൽ രാജാവേ, നമുക്കുടനെ താരറാണിയോടു് വിവരം പറയണം. കുറച്ചു മാസങ്ങൾ തന്നെ വേണ്ടിവന്നേക്കും. അത്രയും കാലം ആരു് രാജ്യം ഭരിക്കും? കുറേ കാര്യങ്ങൾ യാത്രക്കുമുമ്പു് തീരുമാനിയ്ക്കണ്ടേ?”

“എന്തിനു്? നിങ്ങളു പറഞ്ഞ പേടകത്തിൽ നമ്മൾ പുറപ്പെട്ട അതേ സമയത്തേക്കു് തിരിച്ചെത്താനാവില്ലേ? എത്ര മാസം കഴിഞ്ഞാണെങ്കിലും? എന്തിനാ ഭരണം വേറൊരാളെ ഏല്പ്പിക്കുന്നേ?”

“മനസ്സിലായില്ല...”

“ഡാ, ഞാൻ പറഞ്ഞുമനസ്സിലാക്കിത്തരാം” ഗൗതം പറയാൻ തുടങ്ങി. “നമ്മൾ നാളെ രാവിലെ പുറപ്പെടുന്നു എന്നു് കരുതുക. എന്നിട്ടൊരു ആറുമാസം രാജാവു് ജോലി അഭ്യസിക്കുന്നു. തിരിച്ചുവരുന്ന സമയത്തു് നാളത്തെ അതേ തീയതി പേടകത്തിൽ സെറ്റ് ചെയ്താൽ രാജാവു് പുറപ്പെട്ട സമയത്തു് തന്നെ ഇവിടെ തിരിച്ചെത്തും. ഇവിടെയുള്ളവർക്കു് രാജാവു് മാറിനിന്നതായി തോന്നുകയേ ഇല്ല!“

അതു് ശരിയാണല്ലോ. ഞാൻ അത്രക്കങ്ങടു് ചിന്തിച്ചില്ല.

”സാരല്യ. ആളു് ഌണുവാണു്. അതുകൊണ്ടാ...“ ഇത്തവണ ഗൗതത്തിന്റെ വക ഡയലോഗ്.

”എങ്കിൽ ഈ ഌണുവിന്റെയും കൂട്ടുകാരുടേയും കൂടെ ഞാനിതാ ഭാവിയിലേക്കു് വരുന്നു!“ രാജാവു് ആവേശത്തോടെ പറഞ്ഞു. അതീവസന്തുഷ്ടരായി ഞങ്ങൾ രാജരഥത്തിൽ കയറി മടക്കയാത്ര ആരംഭിച്ചു.

”ഌണു എന്ന പ്രയോഗം നിങ്ങൾക്കു് രണ്ടാൾക്കും നല്ലോണം ബോധിച്ചു. ല്ലേ?“ യാത്രക്കിടയിൽ രാജാവു് എന്റെ കൂട്ടുകാരോടു് ചോദിച്ചു.

ആ വികൃതമനസ്കരാകട്ടെ, ”അതെ അതെ!“ എന്നമട്ടിൽ ചിരിച്ചുകൊണ്ടു് തലകുലുക്കി. ഞാൻ താടിക്കു് കൈയും കൊടുത്തു് ”രാത്രി ഭക്ഷണത്തിനു് എന്താണാവോ“ എന്നാലോചിച്ചും രാജാവും എന്റെ കൂട്ടുകാരും കൂടി നടത്തുന്ന നർമ്മസംഭാഷണത്തിൽ മൗഢ്യം പ്രകടിപ്പിച്ചു് പങ്കെടുക്കാതെയും താനൊരു ബോറനാണെന്നു് വീണ്ടും തെളിയിച്ചു.



(തുടരും....)




Sunday, April 21, 2013

കാലചലനം - 6






ജനറേറ്ററും മറ്റും ഭൂതകാലത്തിലുപേക്ഷിച്ചുവന്നതിന്റെ നഷ്ടപരിഹാരത്തിനും ഡീസൽ വാങ്ങിയ വകയിലും പെട്ടിയോട്ടോ വാടകയിനത്തിലും ഒക്കെക്കൂടി ഒരു ലക്ഷത്തിലധികം ചെലവായി. ഡെന്റിസ്റ്റിന്റെ ഫീസ് വേറെ. അതിനു പുറമേ നീരുകുറയാൻ മരുന്നു്. ഒരു പല്ലു് പോയി.

വിസ്കിയും ചില്ലുഗ്ലാസും വാങ്ങാൻ പതിനായിരത്തിലധികം ചെലവായിരുന്നു. ഭൂതകാലത്തിൽ ബാങ്കിൽ നിക്ഷേപിച്ചവകയിൽ അഞ്ചുലക്ഷം ഇതിനൊക്കെ പുറമേ.

ആകെക്കൂടി കഷ്ടകാലമാണു്. ഏതുവിധേനെയും സമ്പത്തുണ്ടാക്കാൻ ഒരുങ്ങിപ്പുറപ്പെട്ട ഞാൻ ഏതാണ്ടു് ആറരലക്ഷം രൂപ നഷ്ടപ്പെടുത്തി എന്നതൊഴിച്ചാൽ ഒരു ഗുണവുമുണ്ടായില്ല. മാത്രമല്ല, എന്റെ സഹമുറിയന്മാരുടെ മുമ്പിലും ഗൗതത്തിന്റെ വീട്ടുകാർക്കിടയിലും ഒരു കോമാളിയാവുകയും ചെയ്തു.

എന്റെ ആത്മവിശ്വാസത്തിനേറ്റ കനത്തപ്രഹരമായിരുന്നു അതു്. എനിക്കു് ഒന്നിനും ഒരു താല്പര്യമില്ലാതായി. ആരോടും സംസാരിക്കാതായി. ഏറിയസമയം വെറുതെ ലാപ്റ്റോപിൽ ഇന്റർനെറ്റ് നോക്കിയിരിക്കലായി.

അങ്ങിനെ ബ്രൗസ് ചെയ്തുകൊണ്ടിരുന്ന ഒരു ദിവസം ഹർഷഘോഷനെപ്പറ്റി വെറുതെ സെർച്ച്‌ ചെയ്തപ്പോഴാണു് ഞെട്ടിക്കുന്ന ഒരു വിവരം എന്റെ ശ്രദ്ധയിൽ പെട്ടതു്:

അദ്ദേഹത്തിനെതിരേ ഒരു വധശ്രമം നടന്നിട്ടുണ്ടു്.

എനിക്കു് താല്പര്യമായി. ഒരുപാടു് വിവരങ്ങളൊന്നും ഇന്റർനെറ്റിൽ കിട്ടാനില്ല. എങ്കിലും ഉള്ളതുവച്ചു് ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കി.

വിവിധദേശത്തെ രാജാക്കന്മാർ ഒരിക്കൽ ഉല്ലപിയിൽ ഒരു ചർച്ചക്കായി ഒത്തുകൂടി. ചർച്ച പരാജയപ്പെട്ടു. ആ ചർച്ചയിൽ പങ്കെടുത്ത ഏതോ രാജാവിന്റെ ആൾക്കാർ ഹർഷഘോഷനെ രണ്ടുമാസം കഴിഞ്ഞു് ഒരു പ്രത്യേക പൂജാദിവസം വധിക്കാൻ ശ്രമിച്ചു.

ഇത്രയുമാണു് ഇന്റർനെറ്റിലെ വിവരങ്ങൾ. ആരു് വധിക്കാൻ ശ്രമിച്ചുവെന്നോ എങ്ങിനെ ശ്രമിച്ചുവെന്നോ ഒന്നും വിവരം ലഭ്യമല്ല. പക്ഷെ ഉല്ലപിയിലെ ബഹുരാജചർച്ച നടന്നതെന്നാണു് എന്നെനിക്കറിയാം. ഞാനവിടെ ഉണ്ടായിരുന്നല്ലോ. ആ വിവരം വച്ചു് ഹർഷഘോഷരാജാവിനെതിരേ വധശ്രമം നടന്നദിവസം ഞാൻ കണക്കാക്കി.

എന്റെ താല്പര്യം വീണ്ടുമുണർന്നു. നഷ്ടപ്പെട്ടുപോയ സല്പ്പേരും രാജാവിന്റെ പ്രീതിയും ഒരുപക്ഷെ എന്റെ ധനവും തിരിച്ചുപിടിക്കാനുള്ള അവസരമായി ഇതിനെ കാണണം എന്നെനിക്കു് തോന്നി.

എങ്ങിനെയെന്നാൽ, വധശ്രമത്തിൽ നിന്നു് രാജാവിനെ എനിക്കു് രക്ഷിക്കാൻ സാധിച്ചാൽ ഇതുവരെ സംഭവിച്ച വിഡ്ഢിത്തങ്ങൾക്കും തന്മൂലം സംഭവിച്ച അപമാനത്തിനും അറുതിയാവും. രാജാവിനോടും കുടുംബത്തോടും അദ്ദേഹത്തിന്റെ രാജ്യത്തോടും എനിക്കു് വീണ്ടും നല്ല ബന്ധം പുലർത്താനാവും. ഞാനവിടെ വീണ്ടും സ്വീകാര്യനാവും.

ഭൂതകാലത്തിലേക്കു പോയി രാജാവിനെ രക്ഷിക്കേണ്ടതു് എന്റെ കടമയാണു് എന്നെനിക്കു് തോന്നി. ഞാനദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.

രഘുവിനോടും ഗൗതത്തിനോടും പറഞ്ഞു് ഞാൻ വീണ്ടും ഭൂതകാലയാത്രക്കൊരുങ്ങിയതു് ഇതുകൊണ്ടാണു്. തിരിച്ചുവന്ന എന്നെക്കണ്ടു് ഗൗതത്തിന്റെ ബന്ധുക്കൾ അത്ഭുതപരതന്ത്രരായെങ്കിലും എന്റെ ഗമനോദ്ദേശവും അതിന്റെ ഗൗരവവും അവരെ പറഞ്ഞുമനസ്സിലാക്കാൻ എനിക്കായി. ഗൗതവും രഘുവും ഇത്തവണ എന്റെകൂടെ ഭൂതകാലത്തിലേക്കു് വരുമെന്നും എന്നെ സഹായിക്കുമെന്നും നിഷ്കർഷിച്ചു. ഞാൻ സമ്മതിച്ചു.

അങ്ങിനെ ഞങ്ങൾ മൂന്നുപേരും ഭൂതകാലത്തിലേക്കു് സഞ്ചരിച്ചു.

* * * * *


എനിക്കു് ഉല്ലപിരാജ്യത്തു് നേരിട്ടു് പ്രവേശിക്കാനും ആളുകളുടെ മുമ്പിൽ പ്രത്യക്ഷപ്പെടാനും മടിയുണ്ടായിരുന്നു. ആരെങ്കിലും സൈനികരെ അറിയിച്ചു് എന്നെ അറസ്റ്റ് ചെയ്യുമോ എന്നു് ഞാൻ ഭയന്നു. അതുകൊണ്ടു് പൂജയുടെ വിവരങ്ങളും രാജാവിന്റെ ദിനക്രമവും അറിഞ്ഞുവരാൻ ഞാൻ രഘുവിനേയും ഗൗതത്തിനേയും ചുമതലപ്പെടുത്തി. എന്നിട്ടു് പട്ടണത്തിനുപുറത്തുള്ള കാട്ടിൽ ഇരുന്നു.

തിരിച്ചുവന്ന ഗൗതവും രഘുവും പറഞ്ഞതിതാണു്:

നാളെയാണു് പൂജ. ജലലബ്ധിക്കായുള്ള പൂജയാണു്. ഏതാനും വർഷങ്ങളായി ഉല്ലപിയിൽ വേണ്ടത്ര മഴ കിട്ടുന്നില്ല. നാടാകെ വരണ്ടിരിക്കുന്നു. ജനം കുറേയായി കഷ്ടപ്പെടുന്നു.

“പൂജ ജലം സാക്ഷിയായി നടത്തണമെന്നാണു്. അതുകൊണ്ടു് ക്ഷേത്രകുളക്കരയിൽ ഒരു മണ്ഡപം ഒരുക്കിയിട്ടുണ്ടു്. പൂജ അതിരാവിലെ തുടങ്ങും. രാജാവു് സൂര്യോദയം കഴിഞ്ഞേ വരൂ”

“എങ്കിൽ നമുക്കു് ഭക്ഷണം കഴിഞ്ഞു് കിടക്കാം. നാളെ അഞ്ചുമണിയാവുമ്പോഴേക്കു് റെഡിയാവണം”

* * * * *


അടുത്ത ദിവസം സൂര്യോദയത്തിനുമുമ്പു് ഞങ്ങൾ ക്ഷേത്രകുളത്തിലെത്തി.

വലിയ കുളമാണു്. മഴ കുറവായിരുന്നെങ്കിലും നിറയെ വെള്ളമുണ്ടു്. ഒരു ചെറിയ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ടു്. പൂജാരി പൂജ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

ഞങ്ങൾ ചുറ്റും നോക്കി. പൂജകാണാൻ ആളുകളാരും അധികം വന്നിട്ടില്ല. അതെന്താണാവോ?

പെട്ടെന്നു് രഘു അന്ധാളിച്ചു.

“അതേയ്, ഇനി രാജാവു് കൊട്ടാരത്തിൽ നിന്നു് വരുന്ന വഴിക്കു് ആരെങ്കിലും അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിക്കുമോ? ഐ മീൻ, പൂജക്കെത്തുന്നതിനുമുമ്പേ വധിക്കാൻ ശ്രമം നടക്കുമോ?”

അയ്യോ, അത്തരമൊരു സാധ്യത ഞങ്ങൾ മൂന്നുപേരും ചിന്തിച്ചിരുന്നില്ല. ഇനിയെന്താ വേണ്ടതു്, കൊട്ടാരത്തിലേക്കു പോയി രാജാവു് പുറപ്പെടുമ്പോൾ പിൻതുടരണോ എന്നൊക്കെ ആലോചിച്ചു് ഞങ്ങൾ മുഖത്തോടുമുഖം നോക്കി. പെട്ടെന്നു് ചെറിയൊരു ബഹളം കേട്ടു.

“രാജാവെത്തി!” കുളക്കരയിലുള്ള ആരോ വിളിച്ചുപറഞ്ഞു.

ഞങ്ങൾക്കു് സമാധാനമായി. രാജാവെത്തിയ സ്ഥിതിക്കു് ഞാൻ എവിടെയെങ്കിലും ഒളിച്ചുനില്ക്കാം എന്നുകരുതി. കുളത്തിന്റെ കല്പ്പടവിൽ പൊട്ടിപ്പൊളിഞ്ഞ ചെറിയ ഒരു മറയുണ്ടു്. ആൺ-പെൺ കടവുകൾ മറയ്ക്കാൻ പണ്ടു് കെട്ടിയതാവും. ഞങ്ങൾ മൂന്നുപേരും മറയുടെ പിന്നിലൊളിച്ചു. രഘുവും ഗൗതവും ഹർഷഘോഷരാജാവിനെ മുമ്പു് കണ്ടിട്ടില്ലാത്തതുകൊണ്ടു് തല പതുക്കെ നീട്ടി രംഗനിരീക്ഷണം നടത്തി.

ആളുകളുടെ തിരക്കില്ല. പൂജാരിയും ഒന്നുരണ്ടു് സൈനികരും പിന്നെ അനുചരവൃന്ദം മാതിരി തോന്നിച്ച 4-5 പേരും മാത്രം. സൈനികർ തേരു് നിർത്തിയിരുന്ന ദിക്കിൽ നില്ക്കുന്നു. അനുചരന്മാർ മുണ്ടു് താറുടുത്തിരുന്നു. തലേക്കെട്ടുമുണ്ടു്. പൂജക്കുള്ള പൂക്കളും മറ്റു സാമഗ്രികളും അവരാണു് മണ്ഡപത്തിൽ കൊണ്ടുവച്ചതു്.

ഗൗതം ഒളിഞ്ഞുനോട്ടം മതിയാക്കി കല്പ്പടവിൽ ഇരുന്നു. എന്നേയും രഘുവിനേയും തോണ്ടി. എന്നിട്ടു പതുക്കെ പറഞ്ഞു.

“കുളം വലുതാണു്. മറുകരയിൽ പൊന്തക്കാടു് മാതിരിയുണ്ടു്. അവിടെ ആരെങ്കിലും ഒളിച്ചിരിപ്പുണ്ടെങ്കിലോ? അവിടെനിന്നു് അമ്പെയ്താലും രാജാവിനെ വധിക്കാം”

“രഥത്തിനെ അടുത്തുനില്ക്കുന്ന സൈനികരോടു് നമ്മുടെ സംശയം പറഞ്ഞാലോ?” രഘു ചോദിച്ചു.

“വേണ്ട. ഒന്നാമതു് നമ്മളെ ആർക്കും അറിയില്ല. രണ്ടാമതു്, ഒരടിസ്ഥാനവുമില്ലാതെ എന്തെങ്കിലും പറഞ്ഞാൽ വാദി പ്രതിയാവും”

അതു് ശരിയാണെന്നവർക്കു് തോന്നി.

“എങ്കിൽ ഞാൻ കുളത്തിന്റെ മറുകരയിൽ ചെന്നു് ഒന്നുനോക്കി വരാം”. രഘു അങ്ങോട്ടു് നീങ്ങി. ഞാനും ഗൗതവും മറപറ്റി രംഗനിരീക്ഷണം തുടർന്നു.

പൂജ കാണാൻ വലിയ രസമൊന്നുമില്ല. പൂജാരി മന്ത്രമുച്ചരിക്കുന്നു. രാജാവു് അഗ്നിയിൽ എന്തൊക്കെയോ ഒഴിക്കുന്നു. ഇടക്കു് പൂവു് നെഞ്ചോടുചേർത്തു് ഒരുനിമിഷം കണ്ണടച്ചു് പ്രാർത്ഥിച്ചു് മുമ്പോട്ടർപ്പിക്കുന്നു.

ഈ രംഗം കുറേ നേരം തുടർന്നപ്പോൾ എനിക്കു് ബോർ അടിച്ചു. ചൂടു് കൂടിയിട്ടുണ്ടു്. പോരാത്തതിനു് അഗ്നിയാണു് മുമ്പിൽ. എനിക്കുറക്കം വന്നു. മറയിൽ ചാരി ഞാൻ മയങ്ങാൻ തുടങ്ങി.

പെട്ടെന്നു് ഗൗതം എന്നെ തട്ടിവിളിച്ചു.

“ഡാ.. നോക്കെടാ...!”

ഞാൻ ഞെട്ടിയുണർന്നു. ചാടിപ്പിടഞ്ഞു് മറയ്ക്കുമുകളിലൂടെ നോക്കിയപ്പോൾ കണ്ടകാഴ്ച!

രാജാവു് പൂജയുടെ ഭാഗമായി ഒരു വലിയ താലമെടുത്തു് തലക്കുമുകളിൽ പിടിച്ചു് കുളത്തിലേക്കിറങ്ങുന്നു. ഏതാണ്ടു് നെഞ്ചുവരെ വെള്ളത്തിലാണു് അദ്ദേഹം. ആ സമയത്തു് മണ്ഡപത്തിന്റെ സൈഡിൽ നിന്നിരുന്ന രണ്ടു് അനുചരന്മാർ അരയിലെ ഉറയിൽ നിന്നു് വാളുകളൂരി. അവർ വാളുപൊക്കി ഓങ്ങി.

ദൈവമേ! ആ മനുഷ്യർ രാജാവിനെ വാളുകൊണ്ടു് വെട്ടാൻ പോകുന്നു!

“രാജാവേ! രക്ഷപ്പെട്ടോളൂ!” എന്നുറക്കെ ആക്രോശിച്ചുകൊണ്ടു് ഞാൻ മറചാടി മണ്ഡപത്തിന്റെ നേരെ ഓടി. അവിടെയുണ്ടായിരുന്നവർ ഞെട്ടി എന്റെനേരെ അത്ഭുതത്തോടെ നോക്കി. നെഞ്ചുവരെ വെള്ളത്തിൽ നിന്നിരുന്ന രാജാവും ഞെട്ടിത്തിരിഞ്ഞു. എന്നെക്കണ്ടു് അദ്ദേഹം തിരിച്ചറിഞ്ഞോ എന്നു് നിശ്ചയമില്ല...

...കാരണം, പൂജക്കുകൊണ്ടുവന്ന എണ്ണ പടവിൽ തൂകിപ്പോയിരുന്നതിൽ ചവിട്ടി ഞാൻ വഴുക്കി മലർന്നുവീണു് ഓടിവന്ന അതേ വേഗത്തിൽ എണ്ണയിലൂടെ ഉരസിനീങ്ങി സ്വന്തം ഇഷ്ടത്തിനെതിരായി കുളത്തിനുനേരെ ദിശതിരിഞ്ഞു് പോണപോക്കിന്റെ പരിസമാപ്തിയായി ഹർഷഘോഷരാജാവിന്റെ ഇടതുതോളിൽ ശക്തമായി ഒരു ചവിട്ടുചവിട്ടി. തല്ഫലമായി രാജാവും ഞാനും കുളത്തിൽ വീണുമുങ്ങി. അദ്ദേഹത്തിന്റെ കൈയിലിരുന്ന താലം തെറിച്ചു് എന്റെ നെഞ്ചത്തു് വീണു.

ഒന്നു മുങ്ങിപ്പൊങ്ങിയ ഞാൻ കാണുന്ന കാഴ്ച ഇതാണു്:

പൂജാരി ഓടിവന്നിരിക്കുന്നു. കൈയിലിരുന്ന കിണ്ടിയുടെ മുരലുകൊണ്ടു് രാജാവുവീണ സ്ഥലം ചൂണ്ടിക്കാണിക്കുന്നുണ്ടു്. നേരത്തേ വാളൂരിയ രണ്ടു് അനുചരന്മാരും വാൾ കരയിൽ വച്ചു് കുളത്തിലേക്കു് ചാടി. രാജാവിനെ വെള്ളത്തിൽ കാണാനില്ല. ഹയ്യോ.. ആരോ എന്റെ കാലിൽ പിടിച്ചുവലിക്കുന്നു. ഞാൻ വീണ്ടും വെള്ളത്തിൽ മുങ്ങി.

എന്റെ കാലിൽ പിടിച്ച രാജാവു് വെള്ളത്തിനടിയിൽവച്ചു് എന്നെ വരിഞ്ഞുമുറുക്കി. ഇപ്പൊ എനിക്കു് നീന്താൻ വയ്യ. ഞാൻ താഴാൻ തുടങ്ങി.

അതേസമയം രാജാവു് എന്റെ തോളിൽ ചവിട്ടി ഒന്നുചാടിയതായി ഞാൻ മനസ്സിലാക്കി. ഒപ്പം കരയിൽ നിന്നൊരു ആരവവും കേട്ടു. ഇപ്പോൾ ഞാൻ സ്വതന്ത്രനാണു്.

ഞാൻ വെള്ളത്തിലൂടെ ഊളിയിട്ടു് കുറച്ചുദൂരം പോയി. അതിനുശേഷം മെല്ലെ പൊങ്ങിവന്നു് കരയിലേക്കു് നോക്കി.

ദേ, വാൾ പിടിച്ചിരുന്ന അനുചരന്മാർ രാജാവിനെ വെള്ളത്തിൽനിന്നു് പൊക്കിയെടുത്തു് കരയ്ക്കിരുത്തിയിരിക്കുന്നു.

അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണു്. കുളത്തിന്റെ നടുവിൽ നിലയില്ലാതെ തുഴഞ്ഞുനിന്നുകൊണ്ടു് ഞാനലറി.

“രാജാവേ, രക്ഷപ്പെട്ടോളൂ, അവരങ്ങയെ കൊല്ലും!”

എന്നിട്ടു് ആവുന്നത്ര വേഗത്തിൽ നീന്തി ഞാൻ കരയ്ക്കെത്തി.

കരക്കുകയറുമ്പോഴും ആരും ഒന്നും മിണ്ടുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.

“രാജാവേ, ഇവർ രണ്ടുപേരും അങ്ങയെ കൊല്ലാൻ നോക്കി”

“ആരു്? ഇവരോ? എന്റെ സഹായികളോ? എങ്ങിനെ?”

അപ്പോഴേക്കു് ഗൗതവും രഘുവും എന്റെയടുത്തെത്തിയിരുന്നു. അവർ എന്റെ കൈപിടിച്ചു് വലിച്ചു. ഞാൻ അവരുടെ പിടിവിടുവിച്ചു് വീണ്ടും രാജാവിന്റെ നേർക്കു് തിരിഞ്ഞു.

“അതേ രാജാവേ, അങ്ങു് കുളത്തിലിറങ്ങിയപ്പോൾ ഇവർ വാളുകൊണ്ടു് വെട്ടാൻ വരുന്നതു് ഞാൻ കണ്ടതാണു്”

“ഏഭ്യൻ! പൂജേടെ ഭാഗായിട്ടാണു് അവർ വാളൂരിയതു്” പൂജാരിയാണു് അതുപറഞ്ഞതു്.

ഞാൻ ഗൗതത്തിനുനേരെ തിരിഞ്ഞു.

“നീയല്ലേ എന്നെ...”

“ഞാനൊന്നും ചെയ്തില്ല. ഇരുന്നുറങ്ങുകയായിരുന്ന നിന്നെ ഞാൻ വിളിച്ചുണർത്തി എന്നതു് സത്യമാണു്. പക്ഷെ അതു്... അതു്... രാജാവിനെ ആരും കൊല്ലാൻ വന്നതുകൊണ്ടല്ല. ഉണർന്നയുടനെ നീ കണ്ടകാഴ്ച വാളൂരിനില്ക്കുന്നവരെ ആയതുകൊണ്ടു് നീ തെറ്റിദ്ധരിച്ചു. രാജാവു് താലമെടുത്തപ്പോൾ പൂജാരി അവരോടു് വാൾ പുറത്തെടുക്കാൻ പറഞ്ഞതു് നീ കേട്ടില്ലേ?”

ഞാൻ നല്ല ഉറക്കത്തിലായിരുന്നു. എന്തു് കേൾക്കാൻ?

എനിക്കു കുറച്ചൊക്കെ മനസ്സിലായി. പൂജയുടെ ഒരാചാരമായിരുന്നു രാജാവു മുങ്ങുമ്പോൾ അനുചരന്മാർ വാളൂരിനില്ക്കുക എന്നതു്. അപ്പൊ ഞാൻ തെറ്റിദ്ധരിച്ചതാണു്.

ഗൗതത്തിനേയും രഘുവിനേയും നോക്കി രാജാവു് ചോദിച്ചു:

“നിങ്ങളെ മുമ്പു് കണ്ടിട്ടില്ലല്ലോ. ആരാ?”

“ഞങ്ങൾ ചിതലിന്റെ കൂടെവന്നതാണു്. കൂട്ടുകാരാണു്. ഗൗതം, രഘു”

രാജാവു് പൂജാരിയുടെ നേരെ തിരിഞ്ഞു.

“പൂജക്കു് മുടക്കമൊന്നും വന്നില്ലല്ലോ, അല്ലേ?”

“ഇല്ല രാജാവേ. പൂജ കഴിഞ്ഞു. എന്നുമാത്രമല്ല, ജലതർപ്പണം അസ്സലായി. (എന്റെ നേരെ തിരിഞ്ഞു്) രാജാവു് എത്ര പറഞ്ഞിട്ടും വെള്ളത്തിൽ മുങ്ങി പൂജയർപ്പിക്കാൻ തയ്യാറല്ലായിരുന്നു. പൂജയുടെ ഫലം മുഴുവൻ കിട്ടണമെങ്കിൽ അങ്ങിനെ ചെയ്യണം. പക്ഷെ അദ്ദേഹത്തിനു് നീന്തലറിയാത്തതുകൊണ്ടു് വല്ലാതെ പേടിയുണ്ടായിരുന്നു. ഇപ്പൊ എന്തായി? നിങ്ങളുവന്നതുകൊണ്ടു് അദ്ദേഹം മുങ്ങിത്തന്നെ അർപ്പണം നടത്തി. നിങ്ങളെ ഇവിടെയെത്തിച്ചതും അദ്ദേഹത്തെ ജലത്തിലാഴ്ത്തിയതും ജഗദീശ്വരനല്ലാതെ മറ്റാരാണു്? ഭഗവാന്റെ ലീലാവിലാസങ്ങൾ അതുല്യമാണു്”

അങ്ങിനെ, ഞാൻ പൂജാസമയത്തു് അവിടെ എത്തിച്ചേർന്നതും രാജാവിനെ വെള്ളത്തിൽ മുക്കിയതും നല്ലതിനാണു് എന്നു കണക്കുകൂട്ടി എല്ലാവരും തൃപ്തരായി.

ഇളിഭ്യനായി നില്ക്കുന്ന എന്റെയടുത്തു് രാജാവു് വന്നു. ഗൗതവും രഘുവും അറ്റൻഷനായി നിന്നു.

“നിങ്ങളൊരു ഌണു ആണു്”

ഞാൻ ഞെട്ടി. ഌണുവോ?

“ങാ, ഌണു. ഌണു എന്നുപറഞ്ഞാൽ ഭോഷൻ, ഗുണമില്ലാത്തവൻ...”

ഞാൻ തലതാഴ്തിനിന്നു.

“സാരമില്ല. തന്നെ ‘ഌണു’ എന്നുവിളിച്ചപ്പോൾ എന്റെ ദേഷ്യം മാറി. എന്നോടു് ക്ഷമിക്യ”

അദ്ദേഹത്തിന്റെ സ്വരം ആത്മാർത്ഥമായിരുന്നു. ഞാനദ്ദേഹത്തിന്റെ കൈകൾ കൂട്ടിപ്പിടിച്ചു.

“എന്തായിതു് രാജാവേ? എന്നോടു്...”

“നിങ്ങളൊന്നും പറയണ്ട. മൂന്നുപേരും എന്റെ കൂടെ വരൂ. എനിക്കു ചിലതു് ചോദിക്കാനുണ്ടു്”

ഇടക്കുകയറി രഘു പറഞ്ഞു:

“അതിനുമുമ്പു് എനിക്കങ്ങയോടു് ഒരു കാര്യം ചോദിക്കാനുണ്ടു്. ഌണു എന്നുവച്ചാൽ ഒന്നിനും കൊള്ളാത്തവൻ. അപ്പൊ എല്ലാം തികഞ്ഞ ഒരാളെ എന്തുവിളിക്കും?”

“ണിബു”

രാജാവിനൊപ്പം നടക്കുന്നതിനിടക്കു് ഞാൻ ഗൗതത്തിനെ പതുക്കെ പിന്നിലേക്കു് മാറ്റി ഉദ്വേഗത്തോടെ ചോദിച്ചു

“അപകടമൊന്നുമുണ്ടായിരുന്നില്ലെങ്കിൽ നീയെന്തിനാ എന്നെ വിളിച്ചുണർത്തിയതു്?”

ഗൗതം ഒരു ഇളിഭ്യച്ചിരി ചിരിച്ചു.

“പൂജക്കുവേണ്ടി പഴങ്ങളും മധുരപലഹാരങ്ങളും കൊണ്ടുവന്നപ്പോൾ കണ്ട്രോൾ പോയതാണെടാ! രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതല്ലേ? നേരം ഇത്രയായില്ലേ? വിശന്നിട്ടു വയ്യായിരുന്നെടാ...”

എല്ലാം നല്ലതിനു്.



വാൽ:

കാര്യം ഇങ്ങനെയാണു് നടന്നതെങ്കിലും രാജാവിനെതിരേ ഒരു വധശ്രമം ഒരന്യനാട്ടുകാരൻ നടത്തി എന്നൊരു വാർത്ത പ്രചരിച്ചു. അങ്ങിനെ, ഇന്റർനെറ്റിൽ കണ്ട വാർത്തയുടെ അടിസ്ഥാനം രൂപപ്പെട്ടു.




(തുടരും...)


Wednesday, March 20, 2013

കാലചലനം - 5




ഉച്ചഭക്ഷണം രാജാവിന്റേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും കൂടെയായിരുന്നു.


രാജാവിന്റെ പേരു് ഹർഷഘോഷൻ എന്നാണു്. മഹാറാണിയുടെ പേരു് താര. അവർക്കൊരു മകളുമുണ്ടു്. ഒരു പത്തു വയസ്സു കാണും. പേരു് വനജ.

രാജാവിനെ കാണാൻ ബ്രൂസ് ലീയെ മാതിരിയാണു്. ആളു് മെലിഞ്ഞിട്ടാണു്. പക്ഷെ നല്ല ഉറച്ചമസിലുകളുള്ള ശരീരം. തിളങ്ങുന്ന കണ്ണുകൾ. അധികം ഉയരമില്ല. ഒരല്പം മുന്നോട്ടാഞ്ഞു് നടത്തം.

മഹാറാണി നേരെ മറിച്ചാണു്. തടിച്ച പ്രകൃതം. ഏതാണ്ടു് രാജാവിന്റെ അത്രതന്നെ ഉയരം. വട്ടമുഖം. വനജയും തടിച്ചിട്ടാണു്. പക്ഷെ പൊക്കം കുറവാണു്.

അപ്പൊ, അമ്മയും മകളും ഒരുമിച്ചു നടന്നാൽ ട്രാക്റ്ററിന്റെ മുൻ-പിൻ ചക്രങ്ങൾ ഉരുളുന്നതുപോലെയിരിക്കും.

തീന്മേശയുടെ മുമ്പിലിരുന്നു് ഞങ്ങൾ പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു.

“താരേ, പണ്ടു് ഞാൻ സമയസഞ്ചാരിയെപ്പറ്റി പറഞ്ഞപ്പൊ നീ വിശ്വസിച്ചില്ലല്ലോ? ഇതാ ചിതൽ. ഇദ്ദേഹം പത്തുനൂറ്റാണ്ടു് കഴിഞ്ഞാണു് വരുന്നതു്!”

‘പത്തുനൂറ്റാണ്ടു് കഴിഞ്ഞു് വരുന്നു’ എന്നതിലെ ഗ്രാമർ മിസ്റ്റേക് എനിക്കു് അപ്പൊ മനസ്സിലായില്ല.

ഞാൻ മഹാറാണിയെ നോക്കി ഒന്നു് പുഞ്ചിരിച്ചു. അവർ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടു്. ഞാൻ കൊണ്ടുവന്നിരുന്ന സഞ്ചി തുറന്നു.

“ഇതു് മഹാറാണിക്കു്. മാല, വള, നഖത്തിലിടാനുള്ള ചായം, ചുണ്ടിൽ പുരട്ടാനുള്ള ചായം, എളുപ്പത്തിൽ ഒട്ടിച്ചുവയ്ക്കാവുന്ന പൊട്ടു്, ഇതൊരു പട്ടുചേല..”

“ഇതു് വനജക്കും കൂട്ടുകാർക്കും ചോക്ലേ... പ്രത്യേകതരം മധുരപലഹാരം. അധികം കഴിക്കരുതു് ട്ടൊ, പല്ലു് കേടുവരും”

“ഇതു് രാജാവിനു്...” എന്നുപറഞ്ഞു് ഒരു കുപ്പി വിദേശമദ്യം ഞാനെടുത്തു് മേശപ്പുറത്തുവച്ചു.

ഇതുകണ്ടതും മൂന്നുപേരും ആ കുപ്പി സസൂക്ഷ്മം നോക്കി. രാജാവു് അതീവശ്രദ്ധയോടെ കുപ്പി കയ്യിലെടുത്തു് തിരിച്ചും മറിച്ചും പരിശോധിച്ചു. അദ്ദേഹത്തിന്റെ മുഖത്തു് ശിശുതുല്യമായ കൗതുകമുണ്ടായിരുന്നു. കുപ്പിയുടെ മുകളിലൊട്ടിച്ച ലേബലിൽ അദ്ദേഹം വിരലോടിച്ചു. തുടർന്നു് അദ്ദേഹം കുപ്പി തിരിച്ചു് മേശപ്പുറത്തുവച്ചു് കുറച്ചുസമയം നോക്കിയിരുന്നു.

“എന്താ ഇതിന്റെ പേരു്?”

“ഇതാണു് രാജാവേ വിസ്കി”

“വിക്സി...വിക്സ്കി... എന്താ പറഞ്ഞതു്? വിസ്കി. പറയാൻ ഇത്തിരി ബുദ്ധിമുട്ടുള്ള പേരാണു് ട്ടൊ. ആട്ടെ, ഈ വിക്സിയുടെ ഉള്ളിൽ എന്തോ ഒരു ഇരുണ്ട വെള്ളമുണ്ടല്ലോ. എന്താ അതു്?”

ഛെ! കുപ്പിയാണു് വിസ്കി എന്നു് രാജാവു് തെറ്റിദ്ധരിച്ചിരിക്കുന്നു!

“അയ്യോ രാജാവേ, ആ വെള്ളത്തിന്റെ പേരാണു് വിസ്കി. ഭാവിതലമുറ കുടിക്കുന്ന പ്രത്യേകതരം മദ്യമാണു്”

“അപ്പൊ അതിരിക്കുന്ന, വെള്ളം മാതിരി തെളിഞ്ഞ നീണ്ട പാത്രത്തിന്റെ പേരോ?”

“അതാണു് തമ്പ്രാ കുപ്പി. മണലുരുക്കിയാണു് ഉണ്ടാക്കുന്നതു്. എളുപ്പം പൊട്ടാൻ സാധ്യതയുണ്ടു്. പക്ഷെ വളരെ ഉപകാരപ്രദമാണു്. പലതരം പാത്രങ്ങൾ ഉണ്ടാക്കാൻ ഉത്തമം”. ഞാൻ വീണ്ടും സഞ്ചിയിൽ കൈയിട്ടു. “ഇതാ വെള്ളവും മറ്റു പാനീയങ്ങളും കുടിക്കാൻ പറ്റിയ തരം ഗ്ലാസ്”

“എന്നെ തമ്പുരാൻന്നു് വിളിക്കണ്ട” എന്നു പിറുപിറുത്തുകൊണ്ടു് അദ്ദേഹം ഞാൻ പുറത്തെടുത്ത ചില്ലുഗ്ലാസുകളിലൊരെണ്ണം കൈയിലെടുത്തു. കണ്ണിൽ ചേർത്തുവച്ചു് മഹാറാണിയെ അതിലൂടെ നോക്കി. എന്നിട്ടു് പൊട്ടിച്ചിരിച്ചു.

“അങ്ങേക്കു് അല്പം വിസ്കി വിളമ്പട്ടേ?” എന്നു ചോദിച്ചു് അനുവാദത്തിനു് നില്ക്കാതെ ഞാൻ വിസ്കിക്കുപ്പി തുറന്നു് കുറച്ചു ഗ്ലാസിലൊഴിച്ചു. ഇത്തിരി വെള്ളവും ചേർത്തു് രാജാവിന്റെ നേർക്കു് നീട്ടി. അദ്ദേഹം അതുവാങ്ങി ഒരു കവിൾ അകത്താക്കി.

“ഹൗ! വിക്സി തൊണ്ടേക്കൂടി പോണ വഴി അറിയുന്നുണ്ടു്ട്ടൊ! തീ കഴിച്ചമാതിരി. പക്ഷെ നല്ല രസം!”

ഇതുകേട്ടതും താരമഹാറാണി ഗ്ലാസ് വാങ്ങി കുടിച്ചു. രണ്ടു സെക്കന്റ് കഴിഞ്ഞു് കുറച്ചു വെള്ളവും കുടിച്ചു് നെഞ്ഞുഴിഞ്ഞു. “ശര്യാ.. ശര്യാ..” എന്നു് അഭിപ്രായവും പ്രകടിപ്പിച്ചു.

“നമ്മുടെ നാട്ടിലുള്ള മദ്യത്തിനെ ഒറ്റു മട്ടല്ല, ല്ലേ താരേ? ഒരു പ്രത്യേക രുചി. ന്നാലെന്താ? ഒന്നാന്തരായിട്ടുണ്ടു്!”

എനിക്കു് തൃപ്തിയായി. രാജാവു് ഹാപ്പിയായല്ലോ. എന്തെങ്കിലും സമ്മാനം കിട്ടാതിരിക്കില്ല. ഞാൻ വീണ്ടും സഞ്ചിയിൽ കൈയിട്ടു.

“ഇതാണു് സോപ്പ്‌. കുളിക്കുമ്പോൾ ദേഹത്തെ അഴുക്കു കളയാൻ ഉത്തമം. ഇനി തുണികളിലെ ചെളി കളയണമെങ്കിൽ ഇതാ! സോപ്പുപൊടി”

രാജാവും രാജ്ഞിയും ഞാൻ പറയുന്നതു് ശ്രദ്ധിക്കുന്നില്ല. അവർ ഓരോ ഗ്ലാസിൽ വിസ്കി ഒഴിച്ചു് വെള്ളം ചേർത്തും ചേർക്കാതെയും നുകരുന്ന തിരക്കിലാണു്.

അധികം കഴിച്ചാൽ മത്തുപിടിക്കും എന്നു് ഞാനുപദേശിച്ചപ്പോൾ അവർ മദ്യസേവ തല്ക്കാലത്തേക്കു് നിർത്തിവച്ചു. വനജ അപ്പോഴേക്കു് രണ്ടു് ബാർ ചോക്കലേറ്റ് അകത്താക്കിയിരുന്നു.

ഊണു് കഴിഞ്ഞപ്പോഴേക്കു് രാജാവിനും റാണിക്കും ഉറക്കം വന്നു. അവരെ ഉറങ്ങാൻ വിട്ടിട്ടു് ഞാനും വനജയും പുറത്തുപോയി അവളുടെ കൂട്ടുകാരുടെ കൂടെ കുട്ടീം കോലും കളിച്ചു.

സന്ധ്യയായപ്പോൾ രാജാവു് എന്നോടു് ചോദിച്ചു:

“ചിതൽ കുറച്ചുദിവസം താമസിക്കില്ലേ? അടുത്തയാഴ്ച വേറെ രാജ്യത്തെ രാജാക്കന്മാർ ഇവിടെ വരുന്നുണ്ടു്. അവരെ ഒന്നു കണ്ടിട്ടു് പോയാൽപ്പോരേ?”

എനിക്കു് പെട്ടെന്നു് ഒരു ഐഡിയ തോന്നി. ഒരാഴ്ച കഴിഞ്ഞു് രാജാക്കന്മാരുടെ കോൺഫറൻസ് നടക്കുമ്പോൾ അവരെ ഇമ്പ്രസ് ചെയ്യാനും തന്മൂലം കിട്ടാവുന്നത്ര സമ്മാനം നേടാനുമുള്ള ഒരു പദ്ധതി.

എനിക്കു് എന്നോടുതന്നെ ബഹുമാനം തോന്നി. അത്രക്കു് അടിപൊളി പദ്ധതി.

“രാജാവേ, ഞാൻ നാളെ മടങ്ങും. രാജാക്കന്മാർ അടുത്തയാഴ്ചയല്ലേ വരൂ? ഞാൻ അപ്പോഴേക്കു് തിരിച്ചുവരാം. അങ്ങേക്കു് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ഞാൻ സമ്മാനമായി തരുന്നുണ്ടു് അപ്പോൾ”

അന്നുരാത്രി വിഭവസമൃദ്ധമായ സദ്യയുണ്ടു് ഞാൻ കൊട്ടാരത്തിൽ കിടന്നുറങ്ങി. അടുത്ത ദിവസം തിരിച്ചു് വർത്തമാനത്തിലേക്കു് വന്നു.

*   *   *   *   *



ഗൗതത്തിനെ ബന്ധുക്കൾ കഥകേട്ടു് വീണ്ടും മൗനം പാലിച്ചു. ഇത്തവണ എന്നെ വിമർശിക്കാൻ അവർക്കായില്ല.

“നീ സമ്മാനമൊന്നും മേടിക്കാതെ തിരിച്ചുവന്നോ?” രഘു ചോദിച്ചു.

“അതിനെന്താ? ഇത്തവണത്തേതടക്കം അടുത്ത പ്രാവശ്യം ഞാൻ രാജാവിന്റെ കൈയ്യീന്നു് മേടിക്കും. നോക്കിക്കോ! അതിനുള്ള പ്ലാനാണു് കൈയിൽ!!”

എല്ലാവരുടേയും മനസ്സിലുണ്ടായിരുന്ന സംശയം ചോദിച്ചതു് ഗൗതത്തിന്റെ വലിയമ്മയാണു്.

“മറ്റു രാജാക്കന്മാർ വരുമ്പോൾ എന്തുചെയ്യാനാണു് ചിതലിന്റെ ആലോചന?”

“അതു് പിന്നീടു് പറയാം. അടുത്തതവണ വരുമ്പോൾ കണ്ടോളൂ!”

അവിടെ ഞാൻ ജയിച്ചു. ഗൗതത്തിന്റെ ബന്ധുക്കൾ നിരാശരായി. ഞാൻ എന്തുചെയ്യാനുള്ള പുറപ്പാടാണാവോ എന്നു് ആശങ്കപ്പെട്ടു.


*   *   *   *   *

നാലഞ്ചു് വലിയ ജനറേറ്ററും അനേകം ബൾബും വയറും എട്ടു് വലിയ കന്നാസിൽ ഡീസലും രണ്ടു് പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി വരുന്ന എന്നെ കണ്ടതും ഗൗതത്തിന്റെ വീട്ടുകാർ എന്റെ പദ്ധതിയെപ്പറ്റി മനസ്സിലാക്കി.

രാജരഥത്തിലാണു് ജനറേറ്ററും വയറുകളും കന്നാസുകളും കൊട്ടാരത്തിലെത്തിച്ചതു്. സാമഗ്രികൾ ഒരു ദിക്കിൽ ഒതുക്കിവച്ചു് ഞാൻ രാജാവിനെ മുഖം കാണിക്കാൻ ചെന്നു.

ഞാൻ ചെല്ലുമ്പോൾ അദ്ദേഹം ഒരു ഓല വായിക്കുകയായിരുന്നു. മുഖത്തു് ഗൗരവഭാവം. എന്നെ ഒരു നോക്കുനോക്കി ഇരിക്കാൻ ആംഗ്യം കാണിച്ചു. തുടർന്നു് ആ ഓല എന്റെ നേരെ നീട്ടി.

ഞാൻ ഓല നോക്കി. അത്ഭുതം! ഹിന്ദിയിലായിരുന്നു ഓലയിലെ സന്ദേശം. അല്ല. വായിച്ചുനോക്കിയപ്പോൾ സംസ്കൃതമാണു്.

“ഇതെന്താ തമ്പുരാൻ? സംസ്കൃതത്തിലാണല്ലോ സന്ദേശം?”

“എന്നെ തമ്പുരാൻന്നു് വിളിക്കണ്ട. ചിതലിനു് സംസ്കൃതമറിയുമോ?”

“ഇല്ല ത.. രാജാവേ.. മലയാളമേ അറിയൂ”

“ഉം... ഇതു് താരയുടെ അനിയന്റെ ഓലസന്ദേശമാണു്. ഈ പുതിയ തലമുറയുടെ ഓരോ ഏർപ്പാടുകൾ.. ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ...”

രാജാവു് ആകുലനായി മുറിയിൽ ഉലാത്തുകയാണു്. എന്തോ പ്രശ്നമുള്ള സന്ദേശമാണു് ഓലയിൽ. മഹാറാണിയുടെ അനുജന്റെ സന്ദേശം. രഹസ്യസ്വഭാവമുള്ള എന്തോ ആണു്. ആ രഹസ്യം എന്താണെന്നറിഞ്ഞാൽ, അതിലിടപെട്ടു് എന്തേങ്കിലും കോണ്ട്രിബ്യൂഷൻ നടത്താൻ സാധിച്ചാൽ രാജാവിന്റെ മുമ്പിൽ എനിക്കു് കൂടുതൽ മൈലേജ് കിട്ടും. ചിലപ്പൊ സമ്മാനവും കിട്ടും.

എന്നിങ്ങനെ വിചാരിച്ചു് അനൗചിത്യമാണെങ്കിലും ഇടിച്ചുകേറി ഇടപെടാൻ ഞാൻ തീരുമാനിച്ചു.

“രാജാവിനു് വിരോധമില്ലെങ്കിൽ സന്ദേശമെന്താണെന്നു് പറയാമോ? എന്നെക്കൊണ്ടാവുന്ന സഹായം ഞാൻ...”

“സഹായോ? എന്തിനു്? താരേടെ അനിയൻ നാളെ രാവിലെ ഇവിടെയെത്തും. ഇതാണു് ഓലയിലെ സന്ദേശം”

ഒന്നും മനസ്സിലാവുന്നില്ല. ഇത്രയേ ഓലയിലുള്ളുവെങ്കിൽ രാജാവു് ടെൻഷനടിക്കുന്നതെന്തിനാ? പുതിയ തലമുറയെപ്പറ്റി അപലപിക്കുന്നതെന്തിനാ?

“അത്രേ ഉള്ളൂ? അതൊരു നല്ല കാര്യമല്ലേ? അതിനു് അങ്ങു് വിഷമിക്കേണ്ട കാര്യമുണ്ടോ? അതോ എന്നോടു് പറയാനാവാത്ത എന്തേങ്കിലും ഓലയിൽ...”

“ഏയ്.. അയാളു് വരണേനു് എനിക്കൊരു അസ്കിതേം ഇല്ല്യ. പക്ഷെ ഇയാൾടെ ഓരോ പ്രത്യേകതകളേയ്.. ഇപ്പോഴത്തെ ചെറുപ്പക്കാരേ കൂട്ടി അയാൾ സംസ്കൃതസംഘമുണ്ടാക്കിയിരിക്കുന്നു. ചെറുപ്പക്കാരല്ലേ? നല്ല ചോരത്തിളപ്പിൽ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണു്. സംസ്കൃതത്തിൽ പരസ്പരം സംസാരിക്കുക, ഓല എഴുതുക, സംസ്കൃതകവിസദസ്സു് നടത്തുക, മലയാളകാവ്യങ്ങൾ സംസ്കൃതത്തിലേക്കു് തർജ്ജമചെയ്യുക.. ഇതൊക്കെയാണു് അവരുടെ രീതി. ഈ താരേടെ അനിയൻണ്ടല്ലോ. അയാൾടെ ശരിക്കുള്ള പേരു് താന്നമരൻ എന്നാ. പക്ഷെ അയാളിപ്പൊ പേരുമാറ്റി ഹിമവർണ്ണൻ എന്നാക്കി. പോരേ പൂരം?!”

അന്ധാളിച്ചു് നില്ക്കാനേ എനിക്കായുള്ളു. അപ്പൊ ഓലസന്ദേശമല്ല, അതയച്ച ആളും അയാളുപയോഗിച്ച ഭാഷയുമാണു് രാജാവിനെ ചൊടിപ്പിച്ചതു്. സംസ്കൃതഭാഷാസ്വാധീനം ചെറുപ്പക്കാരിൽ കൂടുന്നതു് മലയാളഭാഷക്കു് ഒരു ഭീഷണിയായി ഹർഷഘോഷരാജാവു് കാണുന്നു.

അതുമാത്രമല്ല ഞാനാലോചിച്ചതു്. ഓരോ കാലത്തും ചെറുപ്പക്കാരുടെ പ്രവൃത്തികളെ എന്നും മുതിർന്ന തലമുറക്കാർ വേവലാതിയോടെയേ കണ്ടിട്ടുള്ളു. ഇവിടെയിതാ മലയാളമൊഴിവാക്കി സംസ്കൃതം പ്രചരിപ്പിക്കുന്നവർ. വർത്തമാനകാലത്തായിരുന്നെങ്കിൽ ഹിമവർണ്ണനു് സംസ്കൃതപ്രചാരം നടത്തുന്നതിനു് വല്ല അവാർഡും കിട്ടിയേനേ!

എന്നെ കൊട്ടാരമലങ്കരിക്കാൻ വിട്ടിട്ടു് രാജാവു് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ പുറത്തുപോയി. ഞാൻ നേരെ മഹാറാണിയെ പോയി കണ്ടു.

“മഹാറാണി മുഷിയില്ലെങ്കിൽ ഒരു സംശയം ചോദിച്ചോട്ടെ? രാജാവിനെ ‘തമ്പുരാൻ’ എന്നു വിളിക്കരുതു് എന്നു് അദ്ദേഹം പറഞ്ഞു. ഞങ്ങൾ കേട്ടുശീലിച്ചിട്ടുള്ളതു് രാജാക്കന്മാരെ അങ്ങിനെ സംബോധന ചെയ്യാനാണു്. അദ്ദേഹത്തിനു് അതിഷ്ടമല്ലേ?”

“അതല്ല ചിതലേ. തമ്പുരാൻന്നു് വിളിക്കുമ്പൊ അതിലെ മ്പ്ര.. മ്പ്ര.. ന്നുള്ള ശബ്ദം അദ്ദേഹത്തിനു് വല്ലാതെ അരോചകമാണു്. ദേഹത്തു് പുഴുവരിക്കുന്ന ഒരു തോന്നലുണ്ടാകുമത്രേ! അതു് രാജ്യത്തു് എല്ലാവർക്കുമറിയാം. അതുകൊണ്ടു് ആരും അദ്ദേഹത്തെ തമ്പുരാൻന്നു് വിളിക്കാറില്ല്യ. ചിതലും വിളിക്കണ്ടാട്ടോ”

ഓഹോ. അപ്പൊ അതാണു് കാര്യം. ചുമരിൽ ആരെങ്കിലും കൈനഖങ്ങൾ കൊണ്ടു് മാന്തിയാൽ എനിക്കും ഈ പറഞ്ഞതരം അരോചകത്വവും “ചൊറിയാമ്പുഴു” ഫീലിങ്ങും ഉണ്ടാവാറുണ്ടു്. രാജാവിനൊരു സെയിംപിച്ച്.

അടുത്തദിവസം വയറുകൾ കൊട്ടാരത്തിൽ ഡിപ്ലോയ് ചെയ്തുകൊണ്ടു് നില്ക്കുമ്പോഴാണു് റാണി താര ഒരു ചെറുപ്പക്കാരനേ കൂട്ടി എന്റെയടുത്തെത്തിയതു്.

“ഇതു് ചിതൽ. ഭാവിയിൽ നിന്നെത്തിയ സഞ്ചാരി. നാളെ രാജാക്കന്മാരെത്തുമ്പോൾ അവർക്കുവേണ്ടി സ്വീകരണമൊരുക്കുന്ന തിരക്കിലാണു്. ഇതെന്റെ അനുജൻ ഹിമവർണ്ണൻ”

മഹാറാണിയുടെ അനിയനെ എനിക്കിഷ്ടമായില്ല. ആകെ ഒരു പുച്ഛം അയാളുടെ മുഖത്തുള്ളതായി ഞാൻ വിലയിരുത്തി. അയാളെന്നെ സൂക്ഷിച്ചുനോക്കി. ഞാൻ ഔപചാരികമായി ഒന്നു പുഞ്ചിരിച്ചെങ്കിലും ഹിമവർണ്ണൻ പ്രതികരിച്ചില്ല. പകരം എന്നോടൊരു ചോദ്യം ചോദിച്ചു:

“സംസ്കൃതം അറിയ്യോ?”

ആ നിമിഷത്തിൽ രാജാവിന്റെ വേവലാതി എനിക്കുമുണ്ടായി എന്നതു് സത്യമാണു്. മാത്രമല്ല, ഹിമവർണ്ണനെ കൂടുതൽ വെറുക്കാനും ആ ചോദ്യമുപകരിച്ചു.

സംസ്കൃതമറിയില്ലെന്നു് ഞാൻ പറഞ്ഞപ്പോൾ അയാൾ എന്തോ പിറുപിറുത്തുകൊണ്ടു് മുറിയിൽനിന്നു് പോയി.

അന്നു സന്ധ്യക്കു് കൊട്ടാരം പ്രഭാപൂരിതമായി. രാജാവും പരിവാരങ്ങളും അത്ഭുതപ്പെട്ടു. അതിലേറെ ആഹ്ലാദിച്ചു. അന്യദേശങ്ങളിലെ രാജാക്കന്മാർക്കു് ഇതിലും വലിയ ഒരു സ്വീകരണമൊരുക്കാനില്ല എന്നു് എല്ലാവരും ഏകകണ്ഠേന അഭിപ്രായപ്പെട്ടു. ആ സമയത്തു് ഞാനെന്റെ സഞ്ചിയിൽനിന്നു് നാലുകുപ്പി വിസ്കിയും ഒന്നരഡസൻ കുപ്പിഗ്ലാസും പുറത്തെടുത്തു് മേശപ്പുറത്തുവച്ചു. ഉടൻതന്നെ രാജാവും റാണിയും ആർപ്പുവിളിയോടുകൂടി കൈയ്യടിച്ചു. ഞാൻ അഭിമാനപൂരിതനായി.

അടുത്തദിവസം ഉച്ചയോടുകൂടി ആറു് രാജാക്കന്മാർ അത്യാഡംബരപൂർവം കൊട്ടാരത്തിലെത്തി. അത്യത്ഭുതത്തോടെ ഞാനവരെ നോക്കിക്കണ്ടു.

സന്ധ്യയായപ്പോൾ ഞാൻ ജനറേറ്റർ ഓൺ ചെയ്തു. ആസ് എക്സ്പെറ്റഡ്, കൊട്ടാരം മുഴുവൻ ജ്വലിച്ചുനിൽക്കുന്നു. ആ നിമിഷത്തിൽ രാജാവു് പുതിയ അതിഥികൾക്കു് എന്നെ ഇൻട്രൊഡ്യൂസ് ചെയ്തു. രാജാക്കന്മാർ കണ്ണുതള്ളി വിശ്വസിക്കാനാവാതെ ഇരുന്നു. ഒപ്പം വിസ്കി നുണഞ്ഞു. ചില്ലുഗ്ലാസിലൂടെ പരസ്പരം നോക്കി.

അപ്പോൾ...

പിന്നെ സംഭവിച്ചതൊക്കെ ഭയങ്കര സ്പീഡിലായിരുന്നു. ഇപ്പോഴും ഞാൻ അതോർക്കുമ്പോൾ ഞെട്ടും. അതായതു്...

       * കൂട്ടിയിട്ടിരുന്ന വയറിൽ ചവിട്ടിയ താരമഹാറാണിക്കു് ഷോക്കടിച്ചു

       * നിലവിളിക്കുന്ന അവരെ രക്ഷിക്കാൻ തൊട്ടടുത്തുനിന്നിരുന്ന നിർദ്ദി രാജ്യത്തെ രാജാവു് കൈപിടിച്ചു വലിച്ചു. അതോടെ അങ്ങോർക്കും ഷോക്കടിച്ചു.

       * ഇതുകണ്ട ഞാൻ ഒരു മരക്കയിൽ എടുത്തു് മഹാറാണിക്കു് ആഞ്ഞൊരു അടികൊടുത്തു. മഹാറാണിയും നിർദ്ദിരാജാവും ഫ്രീ ആയി.

       * റാണിയെ അടിക്കുന്നതു് കണ്ട ഹിമവർണ്ണൻ എന്റെയടുത്തുവന്നു് ചെകിടത്തു് അസ്സലൊരു അടിപാസാക്കി

       * എന്റെ കൈയിൽ നിന്നു് തെറിച്ച മരക്കയിൽ വേറേതോ ഒരു രാജാവിന്റെ തലയിൽ തട്ടി

       * അയാൾ നിലവിളിച്ചപ്പോൾ എല്ലാവരുടേയും ശ്രദ്ധ അയാളിലായി. ആ തക്കത്തിനു് ഞാൻ കൊട്ടാരത്തിനു് പുറത്തേക്കോടി

       * ഹിമവർണ്ണനും ചില സൈനികരും എന്നെ പിൻതുടർന്നെങ്കിലും ഞാൻ പേടകത്തിൽ കയറി വർത്തമാനത്തിലെത്തി

       * ഗൗതത്തിന്റെ വീട്ടുകാർ 10 മിനിട്ടിലധികം തലകുത്തിമറിഞ്ഞു ചിരിച്ചു.

       * അടുത്ത ദിവസം ഡെന്റൽ ഡോക്റ്റർ, എന്റെ മുഖത്തെ നീരു് മാറാതെ ഇളകിനിൽക്കുന്ന അണപ്പല്ലു് പറിക്കാനാവില്ലെന്നു് തീർത്തുപറഞ്ഞു.





(തുടരും...)