Monday, October 19, 2009

റാഗിംഗ്‌ പാരയായപ്പോള്‍

എഞ്ജിനിയറിങ്ങിനു ചേരുമ്പോള്‍ ബാച്ചിലെ ഏറ്റവും പാവമായിരുന്നു ജയകൃഷ്ണന്‍.

ശുദ്ധന്‍. സല്‍സ്വഭാവി. എന്നും എണ്ണ തേച്ചു് തണുത്തവെള്ളത്തില്‍ കുളിക്കുന്നവന്‍. എഴുതാപ്പുറം വായിക്കാത്തവന്‍. ശബ്ദമുയര്‍ത്തി സംസാരിക്കാത്തവന്‍. സിഗററ്റ്‌ വലിക്കാത്തവന്‍.

ഒരു പ്രഫഷനല്‍ കോളജ്‌ വിദ്യാര്‍ത്ഥിക്കു് സമൂഹം കല്‍പിച്ചുകൊടുത്തിട്ടുള്ള, നാലാളോടു് പറയാന്‍കൊള്ളാവുന്ന ഒരു സ്വഭാവഗുണവുമില്ലാത്ത ഒരു ഇളിഭ്യന്‍. ഉപ്പില്ലാത്ത കഞ്ഞി. നിര്‍ഗുണപരബ്രഹ്മം.

ഹോസ്റ്റലിലായിരുന്നു ജയകൃഷ്ണന്‍. മുറിയിലൊതുങ്ങിക്കൂടി ജീവിച്ചു. പക്ഷെ ഒരു ദിവസം സീനിയര്‍മാരുടെ മുറിയിലെത്താനുള്ള നിര്‍ദേശം കിട്ടി.

"എന്താണ്ട്രാ പേരു്?"

"ജയകൃഷ്ണന്‍"

"ന്തൂട്ടാ അച്ഛന്റെ പണി?"

"കൃഷ്യാ"

മൂത്തവര്‍ ആര്‍ത്തട്ടഹസിച്ചു.

"വീട്ടില്‌ ടിവിണ്ട്രാ ശവ്യേ?"

"ദൂരദര്‍ശന്‍ മാത്രം"

"ഏറ്റവും കാണാറുള്ള പരിപാട്യേതാണ്ടാ?"

"കൃഷിദര്‍ശന്‍"

മൂത്തവര്‍ക്കു് വീണ്ടും അട്ടഹസിക്കാനവസരം.

ജയകൃഷ്ണന്റെ മുഖത്തു് സര്‍വത്ര പരിഭ്രമം. ആരെങ്കിലും തുമ്മിയാല്‍ ബോധം കെടാന്‍ തയ്യാറെടുത്തു് നില്‍ക്കുകയാണു് പാവം.

റാഗിങ്ങ്‌ തുടര്‍ന്നു. പക്ഷെ ഹരം പിടിപ്പിക്കുന്ന ഒന്നും കിട്ടുന്നില്ല. ഒടുക്കം ആരോ ചോദിച്ചു.

"കുടിക്വോ?"

"ഇല്യ"

"കുടിച്ചിട്ടേല്യേ?"

"1-2 തവണ"

"പിന്നെന്താണ്ട്രാ ശവ്യേ കുടിക്കില്യാന്നു് പര്‍ഞ്ഞേ?"

"അതു്... കുടിച്ചാ എനിക്കു് ശര്യാവില്യ. അതോണ്ടാ"

"എന്തൂട്ടാ ശര്യാവാത്തേ?"

"അതു്..."

"പറേണ്ടോറാ?"

"അതു് പറഞ്ഞാ നിങ്ങള്‍ കളിയാക്കര്‍തു്.. എനിക്കു് കണ്ട്രോള്‍ പൂവും.."

"മതി. ഇത്രേം മതി. ടോണ്യേ, സാധനെട്തേറാ.."

പകുതി വെള്ളവും പകുതി ദ്രാവകവും നിറഞ്ഞ ഗ്ലാസ്‌ ജയകൃഷ്ണനുമുന്നില്‍ ഹാജരയി. അല്‍പം നിര്‍ബന്ധവും ചെറിയ തോതില്‍ ചൂടാവലും നടന്നപ്പോള്‍ ജയകൃഷ്ണന്റെ ഗ്ലാസ്‌ കാലിയായി. രണ്ടു് തവണ.

വേണ്ടിയിരുന്നില്ല എന്നു സീനിയര്‍മാര്‍ക്കു് ബോധ്യമാവാന്‍ അധികം താമസമുണ്ടായില്ല.

ചിരിയിലാണു് ജയകൃഷ്ണന്‍ തുടങ്ങിയതു്. കുറുമാനും കുഞ്ഞുവും ഒക്കെ ചെയ്തപോലെ. പുഞ്ചിരിയില്‍ തുടങ്ങി. പിന്നെ പല്ല് കാണിച്ചു്. തുടര്‍ന്നു് നല്ല ഉറക്കെയുള്ള ചിരി. നിര്‍ത്താത്ത ചിരി.

"ഹാ.. ഹാ.. ഹാ....?"

അടുത്ത മുറികളില്‍നിന്നു് കുട്ടികള്‍ വാതില്‍ക്കല്‍ വന്നുനിന്നു. ജയകൃഷ്ണന്റെ കൂടെ അവരും ചിരിയില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍ മുറിയിലുള്ള എല്ലാവരും നല്ല ചിരി. ഉറക്കെ. പക്ഷെ ജയകൃഷ്ണന്റേതു മാത്രം നിയന്ത്രണമില്ലാത്ത ചിരിയാണു്.

"ഹീ... ഹീ.. ഹീ..."

പെട്ടെന്നു് ജയകൃഷ്ണന്‍ പറഞ്ഞു. "നിങ്ങള്‍ ചീത്ത പറയില്ലെങ്കില്‍.. കഴിഞ്ഞ ഉത്സവത്തിനു ഞാന്‍ കാവടിയാട്യേതു് അവതരിപ്പിക്കട്ടെ?"

ഉടുത്തിരുന്ന ലുങ്കിയുടെ സ്ഥാനം തലയിലേക്കു് ഷിഫ്റ്റായി.

"ടുങ്കഡക്ക.... ക്കഡക....ഡുംഗുഡക.... ക്കഡക..."

വായ്പാട്ടിനൊപ്പം ജയകൃഷ്ണന്‍ ചുവടുവെച്ചപ്പോള്‍ ചുറ്റിനും ജനം കൈയ്യടിച്ചു് പ്രോല്‍സാഹിപ്പിച്ചു. ആകെ ഹരം. രണ്ടു് പെഗ്ഗില്‍ ഇത്രയും കാണാന്‍കിട്ടിയെങ്കില്‍ വേണ്ടിവന്നാല്‍ പിരിവിട്ടു സാധനം വാങ്ങിയാണെങ്കിലും എല്ലാ ആഴ്ചയും ഇവന്റെ കലാപരിപാടി അരങ്ങേറ്റണമെന്നു് തീരുമാനിച്ചു.

കാവടിനിര്‍ത്തി കട്ടിലില്‍പ്പിടിച്ചു് ജയകൃഷ്ണന്‍ കിതച്ചു.

"എനിക്കു്... നിങ്ങളെ.... യൊക്കെ.... വല്യ.... ഇഷ്ടായി.."

ഏറ്റവും അടുത്തുനിന്നവനു് നനഞ്ഞൊട്ടിയ ഒരു ഉമ്മ കൊടുത്തു. വേറൊരുത്തനെ കെട്ടിപ്പിടിച്ചു. അവനു് തുരുതുരാ ഉമ്മ കിട്ടി. ഓരോ ഉമ്മക്കും മുന്‍പു് ചുണ്ടു് നല്ലപോലെ ഈറനാക്കാന്‍ ജയകൃഷ്ണന്‍ മറന്നില്ല.

ഓരോ ഉമ്മക്കും അതിന്റെ ഉപഭോക്താവു് കവിള്‍തുടക്കാന്‍ നോക്കും. പക്ഷെ കൈകള്‍ ധൃതരാഷ്ട്രാലിംഗനബദ്ധമയിരുന്നു.

10-12 ഉമ്മ കൊടുത്ത ശേഷം അവനെ ജയകൃഷ്ണന്‍ വിട്ടു. നിലത്തിഴയലായി പിന്നെ.

"കുടിച്ചാല്‍ പാമ്പാവണം എന്നാ... ഞാനിപ്പൊ ഒരു പാമ്പാ..!... സ്സ്സ്‌...."

ശബ്ദത്തിനനുസരിച്ചു് നാവു് നീട്ടി വിറപ്പിച്ചുകൊണ്ടിരുന്നു. ഇഴഞ്ഞിഴഞ്ഞു് മൂന്നാമന്റെ കാലില്‍ പിടിച്ചു. പിടിച്ചുപിടിച്ചു കയറി. കാലിലിഴഞ്ഞുകയറുകയാ.. എന്നിട്ടു് വയറില്‍ ചെറിയൊരു കടികൊടുത്തു.

"അയ്യോ? അവനെ സര്‍പ്പം കൊത്തി!"

സംഗതി അല്‍പാല്‍പമായി നിയന്ത്രണം വിടുന്നതായി ജയകൃഷ്ണനൊഴികെ എല്ലാവര്‍ക്കും മനസ്സിലായി.

"കൊത്തിയവിഷം ഞാന്‍ തന്നെ ഇറക്കാം. നിലത്തു കിടക്കു്"

നിലത്തുകിടക്കുന്ന സര്‍പദംശിതന്റെ അടുത്തേക്കു് ജയകൃഷ്ണനാഗം ഇഴഞ്ഞെത്തി. വയറില്‍ നക്കാന്‍ തുടങ്ങി. ദംശിതന്‍ പാമ്പിനെ തള്ളിമാറ്റി കുളിമുറിയിലേക്കോടി.

"ഇനി ഒരാഫ്രിക്കന്‍ ഐറ്റം കാണിക്കാം. ഒരു വളണ്ടിയര്‍ വേണം"

വളണ്ടിയറുടെ മുഖത്തു് രണ്ടൗണ്‍സ്‌ ഉമിനീര്‍ കൊണ്ടു് ജയകൃഷ്ണന്‍ പൊടുന്നനെ അഭിഷേകം നടത്തി. "ചില ആഫ്രിക്കന്‍ ഗോത്രക്കാരുടെ അഭിവാദനരീതിയാ. എനിക്കു് ചേട്ടനെ ഇഷ്ടായി. ഐ ലവ്‌ യൂ!!"

ഇത്രയുമായപ്പോഴാണു് ഒരു സീനിയര്‍ക്കു് പഴഞ്ചൊല്ല് പറയാന്‍ തോന്നിയതു്.

വിനാശകാലേ വിപരീതബുദ്ധി എന്നാണല്ലൊ. അല്ലെങ്കില്‍ ജയകൃഷ്ണനെ മുറിയില്‍ വരുത്താനും റാഗ്‌ ചെയ്യാനും കള്ളുകുടിപ്പിക്കാനും അവനു് തോന്നേണ്ട കാര്യമില്ല. അതേ ദുര്‍വിധിയാണു് അവനെക്കൊണ്ടു് തെറ്റായ പഴംചൊല്ലു പറയിച്ചതു്.

വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വെച്ചു എന്നു് പറയാമായിരുന്നു. കൂനിന്‍മേല്‍ കുരു എന്നു പറയാമായിരുന്നു. വഴിയേപ്പോയ വയ്യാവേലി എന്നു പറയാമായിരുന്നു.

ജയകൃഷ്ണന്റെ ആഫ്രിക്കന്‍ അഭിവാദനം കണ്ടതുകൊണ്ടാവാം, ഇതൊന്നും പറയാതെ ആ സീനിയര്‍ പറഞ്ഞ പഴമൊഴി ഇങ്ങിനെയായിപ്പോയി;

"ഇതിപ്പൊ മലര്‍ന്നു കിടന്നു തുപ്പിയ പോലെയായല്ലൊ...."

അഴിഞ്ഞാടുകയായിരുന്ന ജയകൃഷ്ണന്‍ പെട്ടെന്നു നിന്നു. തുടര്‍ന്നു് പഴമൊഴി പറഞ്ഞവന്റെ നേരെ സ്ലോമോഷനില്‍ തിരിഞ്ഞു. ചിരി നിലച്ചു. ആകെ നിശ്ശബ്ദത.

"ചേട്ടന്‍ പറഞ്ഞതു ശരിയാ. മലര്‍ന്നു് കിടന്നു് തുപ്പരുതു്. പകരം മലര്‍ന്നുകിടന്നാല്‍ മൂത്രമൊഴിക്കണം"

സീനിയര്‍മാര്‍ മുറിയില്‍ നിന്നിറങ്ങിയോടുമ്പോഴേക്കു് ശവാസനനായ ജയകൃഷ്ണന്‍ ജലധാര ഓണ്‍ ചെയ്തിരുന്നു. ആ മുറിയിലുണ്ടായിരുന്ന മൂന്നു കട്ടിലുകളും പുണ്യാഹസമ്പന്നമായി.

സഹമുറിയന്മാര്‍ വന്നു് വലിച്ചുകൊണ്ടുപോകുമ്പോള്‍ അവിടെക്കിടന്ന ഒരു തലയിണയില്‍ മൂക്കുചീറ്റി തുടക്കുന്ന തിരക്കിലായിരുന്നു ജയകൃഷ്ണന്‍.

മുറിയിലെത്തിയ ജയകൃഷ്ണന്‍ വെളുക്കെ ചിരിച്ചു. "ഹാവൂ, സമാധാനായി. അവന്മാരു് എന്നെ തിരിച്ചുവല്ലതും ചെയ്യുമോ എന്നൊരു ശങ്കയുണ്ടായിരുന്നു. ഏതായാലും അതൊന്നുമുണ്ടായില്ല. ഭഗവാന്‍ കാത്തു"

"?? എടാ, അപ്പൊ ഈ വിക്രിയയൊക്കെ നീ സ്വബോധത്തോടെ ചെയ്തതാ? കള്ളിന്റെ പുറത്തു ചെയ്തതല്ലേ?"

"ഏയ്‌! എനിക്കീ രണ്ടു് പെഗ്ഗു കഴിച്ചാലൊന്നും ഒന്നുമാവില്ലെന്നേ! പക്ഷെ ഒന്നുണ്ടു്. കള്ളു കുടിച്ചാല്‍ എനിക്കു് അപാര ധൈര്യം വരും. അവന്മാരു് റാഗ്‌ ചെയ്യുമ്പോള്‍ മനസ്സില്‍ എനിക്കു് തോന്നിയ പ്രതികാരം മുഴുവന്‍ ഞാന്‍ കള്ളുകുടിച്ചപ്പൊ ചെയ്തുതീര്‍ത്തു. അത്രമാത്രം".

22 comments:

Prince said...

Aaa Jayakrishnan nate eppozhathae peru Praveen enaano?

A.V.G.Warrier said...

hilarious...

Kavitha Warrier said...

Ee Jayakrishnante vaka oru class venam, ella Juniors inum...Ingane virattam Seniorsne ennu avarum padikkatte..... Enthayalum sambhavam kalakki....

chaks said...

kollamm.... nannayi varunnundu.....

pakshe ee jayakrishnan "chithal" thanneyano ennu oru doubt..... :D

James said...

Jayakrishnan Chitalinu koduthu pani kollam. Atmamsham niranju nilkunna kurippu. Kollam!

Athullya said...

Prince nte samshayam aanu enikkum. aa jayakrishnan aano ippol Praveen ennu parayunna aal?? Praveen parayaarulla chila dialogues jayakrishnanum parayunnunde..

Harisanker said...

ഓരോ പോസ്റ്റും ഒന്നിനൊന്നു ഗംഭീരം!
ഇതു പോലൊരു കഥാപാത്രം ഞങ്ങളുടെ ലോഡ്ജിലും ഉണ്ടായിരുന്നു. പത്തിരുപതു കൊല്ലം മുൻപ്‌. പേരും ഇതു തന്നെ.
കുറേ ഉദ്യോഗസ്ഥന്മാർക്കിടയിൽ ഒരു പയ്യൻ വിദ്യാർത്ഥി.

എന്തായാലും ഇത്ര വലിയ നാടകമൊന്നും ഉണ്ടായിരുന്നില്ല.

ആകെ ഓർക്കുന്ന ശബ്ദം ഇതാണ്‌: "കി ക്കി ക്കീ!"

madhavan said...

Excellent language. Great writing.
Thanks..
Thanks to Harisanker sar also for directing me to this blog.

അരുണ്‍ കായംകുളം said...

ഹ..ഹ..ഹ
പണി പാഴ്സലായി കൊടുത്തു അല്ലേ?
പാവം റാഗിംഗ് വീരന്‍മാര്‍!!
ഇനി ജന്മത്ത് ചെയ്യില്ല.

chithal said...

നന്ദി!
പ്രിന്‍സേ, നിനക്കെന്നെ അറിയാലൊ. കള്ളിന്റെ മണമടിച്ചാല്‍ തല തിരിയും!
കവിതേ, റാഗിങ്ങ്‌ ഒരു രസാണു് ട്ടാ! അതു് പൂര്‍ണമായി നിര്‍ത്താന്‍ പറയരുതേ
ചക്സ്‌, അതുല്ല്യ, പ്രിന്‍സിനോടു പറഞ്ഞതുതന്നെ...
ജയിംസേ, നീ ഇതും ഇതിലധികവും പറയും.. മോനെ.. വൈന്‍ മുഴുവന്‍ തീര്‍ത്തോ?
ഹരിശങ്കര്‍ (ഹരിമാമ), ആ കഥ ഇഷ്ടപ്പെട്ടു! ഇനി അതൊരു ബ്ലോഗ്‌ പോസ്റ്റായി കണ്ടാല്‍ സന്തോഷം!
മാധവന്‍ സാര്‍, നന്ദി! ഈ പോസ്റ്റിനും എന്റെ ലേഖനത്തിന്റെ പ്രോത്സാഹനത്തിനും.
അരുണ്‍, നന്ദി! താങ്കളുടെ ബ്ലോഗിനു ഞാന്‍ പരമാവധി പ്രശസ്തി കൊടുത്തിട്ടുണ്ടു് കേട്ടൊ!

chithal said...

ബാലമ്മാമ, ഇഷ്ടപെട്ടതില്‍ സന്തോഷം. ശവിയുടെ ചര്‍ച്ച നന്നായിരുന്നു.

Raju said...

Hi Praveen, I'm rajesh, ur senior...I read your blog while in office and was struggling not to laugh openly. Truly hilarious..Loved your style & language..very fresh.Your situation and character detailing were amazing. Love to see more from you.Cheers!!

Jaya said...

adipoli.. thante samsarathinte athe style..

jayanEvoor said...

അടിപൊളി പോസ്റ്റ്‌!
ഇപ്പഴാ വായിക്കാന്‍ കഴിഞ്ഞത് ....
തകര്‍ത്തു!

Madhu S said...

Praveenettan..Imaginative character of Jayakrishnan kallaki!! ee blog kore varshangalku mumbe ezhuthanmayirunnu.3 varsham seniors inte koode Mens hostelil kazhinja enniku oru inspiration ayene :-)

ponjaran said...

Ushaar !!!! Mooppar oru bhayankara "divya jananam" thanne mashe !!! What about visualizing this character ...? It will be great fun to see this story visualized in some short film .... All the best... keep writing such nice works...!!

Athullya said...

"കുടിക്വോ?"

"ഇല്യ"

"കുടിച്ചിട്ടേല്യേ?"

nalla Bhasha..

Anonymous said...

kalaki mone kalaki.....

Anonymous said...

kalaki mone kalaki.....

Rainwalker said...

Hey that was hilarious praveen!

ജോസെലെറ്റ്‌ എം ജോസഫ്‌ said...

അതു കലക്കി അപ്പോള്‍ ഇങ്ങനെയും മറുമരുന്നുണ്ട് അല്ലേ....പക്ഷേ ഇത്തിരി ഗ്ട്സ് കൂടി വേണം :)
പോസ്റ്റ്‌ ഇഷ്ടമായി

Anonymous said...

super.............:)