Sunday, May 8, 2011

ഒരു മലയാളം ഫോണ്ട്‌ ഉണ്ടാക്കിയാലോ? - 1

ഫോണ്ട്‌ ഉണ്ടാക്കാൻ തുടങ്ങാം. അതിനുമുമ്പു് എന്തിനാ ഇത്തരം ഒരു വിഷയം തെരഞ്ഞെടുത്തതു് എന്നു് സംശയം വരാം. അതുകൊണ്ടു് ഉദ്ദേശ്യം ആദ്യം വിശദീകരിക്കാം.

1. മലയാളത്തിൽ നല്ല ഫോണ്ടുകൾ (അച്ചടിക്കാൻ ഭംഗിയുള്ള അക്ഷരങ്ങൾ) കുറവാണു്. സജ്ജീവേട്ടനേയും സിബു നൂറനാടിനേയും നന്ദപർവ്വം നന്ദേട്ടനേയും അരുൺ കായംകുളത്തിനേയും പോലെ കഴിവുള്ള എത്രയെത്രയോ ചിത്രകാരന്മാരും ഗ്രാഫിക്സ്‌ വിശാരദന്മാരും നമുക്കുണ്ടു്. അവരോ അവരുടെ കൂട്ടായ്മയോ വിചാരിച്ചാൽ ഭംഗിയുള്ള ഒരു ഫോണ്ട്‌ ഉരുത്തിരിയും എന്നുതന്നെയാണു് എന്റെ വിശ്വാസം.

2. ബ്ലോഗ്‌ രചനകൾ പുസ്തകമാക്കുമ്പോൾ ഇത്തരം നല്ല ഫോണ്ടുകളുപയോഗിച്ചാൽ പഴയ ലിപിയിൽ വീണ്ടും പുസ്തകപ്രസാധനം നടക്കും.

3. പ്രസാധകർ യൂനിക്കോഡ്‌ സാധ്യതകളും ഇന്റർനെറ്റിന്റെ പ്രചാരവും ഒന്നും ശ്രദ്ധിച്ചമട്ടില്ല. ഇപ്പോഴും അവരുടെ സ്വന്തം കീബോർഡ്‌ ലേഔട്ടും സ്വന്തം ഫോണ്ടും ഉപയോഗിച്ചു് ലേഖനങ്ങൾ അപ്പാടെ വീണ്ടും ടൈപ്‌ ചെയ്തുകയറ്റിയാണു് പ്രസിദ്ധീകരിക്കുന്നതു്. ചുരുങ്ങിയപക്ഷം പ്രസാധകരുടെ ഫോണ്ടുകളെ യൂനിക്കോഡിലേക്കുകൂടി സന്നിവേശിപ്പിക്കാൻ എന്റെ ലേഖനം പ്രയോജനപ്പെട്ടാലോ!

4. ആർക്കറിയാം? ഒരുപക്ഷെ മുൻനിര പ്രസാധകരും പതുക്കെ പഴയ ലിപിയിലേക്കു് മടങ്ങിവരാം. അങ്ങിനെ നമ്മുടെ സ്വത്വമായ പഴയലിപി "പുത്തൻപുതിയ" ലിപിയായി മടങ്ങിയെത്തും!

ഇനി ഫോണ്ടിനെക്കുറിച്ചു്:

കമ്പ്യൂട്ടറിൽ അക്ഷരങ്ങൾ കാണിക്കുന്നതിനാണു് ഫോണ്ടുപയോഗിക്കുന്നതു്. ദിനഃപത്രങ്ങളിലും മറ്റും തലക്കെട്ടിലും വിശദവാർത്തയിലും ഉപയോഗിക്കുന്ന അക്ഷരങ്ങളുടെ ആകൃതിയിൽ മാറ്റം ശ്രദ്ധിച്ചിരിക്കുമല്ലോ? "അ" എന്ന അക്ഷരം ഒരുപക്ഷെ വളരെ കനംകൂടിയ നിലയിലാവും തലക്കെട്ടിൽ പ്രത്യക്ഷപ്പെടുന്നതു്. രണ്ടു് പത്രങ്ങളിലെ "അ" ഒരുപോലെ ഇരുന്നുകൊള്ളണമെന്നില്ല.

ഓരോ പ്രസാധകരും അവരുടെ വിപണനത്തിന്റെ ഭാഗമായാണു് അവരുടെ ഫോണ്ടിനെ കാണുന്നതു്. നിത്യോപയോഗത്തിനു് പരമാവധി ഉപയോഗപ്പെടുന്നരീതിയിൽ അക്ഷരങ്ങൾ രൂപകൽപന ചെയ്യാൻ എല്ലാ പ്രസാധകരും സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ടു്.

ഇനി ഫോണ്ടുണ്ടാക്കുന്ന വിധം.

പണ്ടു് സ്കൂളിൽ 4 വരി കോപ്പിപുസ്തകമെഴുതിയതു് ഓർക്കുന്നുണ്ടോ? ആ നാലു് വരികളാണു് ഫോണ്ടിന്റേയും ഒരു ആധാരം. ഇംഗ്ലീഷിന്റെ വലിയ അക്ഷരങ്ങളെയും (capital letters) ചെറിയ അക്ഷരങ്ങളിൽ l, t, b മുതലായ ചെറിയ അക്ഷരങ്ങളെയും ആദ്യത്തെ 3 വരിക്കുള്ളിൽ എഴുതും. ചെറിയ അക്ഷരങ്ങളിൽ a, c, e മുതലായവയെ രണ്ടിനും മൂന്നിനുമിടയിൽ. p, q, y മുതലായ അക്ഷരങ്ങളെ രണ്ടിനും നാലിനും ഇടയിൽ.

ഈ ചിത്രം ശ്രദ്ധിക്കു:


4 വരി കോപ്പി പുസ്തകത്തിലെ പോലെയാണു്. a, c, e മുതലായവയുടെ വലിപ്പത്തിനെ x-height എന്നു് വിളിക്കുന്നു. എല്ലാ അക്ഷരങ്ങളും വിന്യസിച്ചിരിക്കുന്നതു് മൂന്നാമത്തെ വരിയിലാണു്. അതു് baseline. വലിയ അക്ഷരങ്ങൾ ഏറ്റവും ഉയരത്തിൽ എത്തുന്നതു് caps-height. ചില അക്ഷരങ്ങളുടെ ആകൃതിയിലുള്ള പ്രത്യേകതകാരണം അഞ്ചാമതൊരു വരികൂടി ചേർക്കാറുണ്ടു് - ascender height. ഫോണ്ടിലെ അക്ഷരങ്ങൾക്കു് പരമാവധി ascender-height വരെ ഉയരമാകാം. അതിൽ കൂടരുതു്.

ലേഖനസൗകര്യത്തിനുവേണ്ടി നമുക്കു് caps heightഉം ascender heightഉം തുല്യമാണു് എന്നുവക്കാം.

ഇനി ഒരു പ്രധാനസങ്കേതമാണു് Em-height. കൂടുതൽ അറിയാൻ വിക്കി ലിങ്ക്‌ നോക്കിയാൽ മതി.

നമ്മുടെ ആവശ്യങ്ങൾക്കു് em size 1000 അല്ലെങ്കിൽ 1024 അല്ലെങ്കിൽ 2048 എന്നെടുക്കുന്നതാണു് ഉചിതം. എന്നാൽ എന്താണു് ഇതിന്റെ പ്രാധാന്യം?

ascender height + descender = em height

അതായതു് നമ്മുടെ ഫോണ്ടിന്റെ em-height 2048 ആണെന്നിരിക്കട്ടെ. Ascender = 1600, descender = 448 (negative)

അല്ലെങ്കിൽ ഇത്തരത്തിൽ ഏതെങ്കിലും ഒരു കോംബിനേഷൻ സ്വീകരിക്കുക. അതു് നാമുണ്ടാക്കുന്ന ഫോണ്ടിൽ ഉടനീളം സ്ഥിരമായി പാലിക്കുക.

ഒരു ചെറിയ കാര്യം കൂടി പറയാം.

എന്തിനു് caps-heightഉം ascender heightഉം? രണ്ടും തുല്യമാകാമോ?

ഉത്തരം അത്ര എളുപ്പമല്ല. ചില ഫോണ്ടുകളിൽ ആകൃതിക്കനുസരിച്ചു് b, d, l തുടങ്ങിയ അക്ഷരങ്ങൾ ഒറ്റ നോട്ടത്തിൽ A, B മുതലായ വലിയ അക്ഷരങ്ങളേക്കാൾ കുറച്ചു് ചെറുതായി തോന്നാം. രൂപകൽപ്പന ചെയ്തപ്പോൾ ഒരേ പൊക്കമായിരിക്കാം. എന്നാൽ കാഴ്ച്ചയിൽ ചെറിയ പ്രശ്നം പോലെ. ഇത്തരം തോന്നലുകൾ ഒഴിവാക്കാൻ ചെറിയ അക്ഷരങ്ങൾക്കു് ഒരിത്തിരി പൊക്കക്കൂടുതൽ കൊടുക്കൽ ഒരു സൂത്രപ്പണിയാണു്. അതും കാഴ്ച്ചയിൽ പ്രശ്നം തോന്നുമെങ്കിൽ മാത്രം. അതുപോലെ O, Q മുതലായ, മുകൾവശത്തു് വളവുകളുള്ള അക്ഷരങ്ങൾക്കും ഇത്തരം ഒരു തോന്നൽ സൃഷ്ടിക്കാനാകും. അതൊഴിവാക്കാൻ അവയുടെ ഏറ്റവും ഉയർന്ന point സാധാരണ caps heightനു് മുകളിലേക്കു് ഒരൽപം പോകാറുണ്ടു്. അത്തരം അക്ഷരങ്ങൾ പരമാവധി സ്വീകരിക്കാവുന്ന ഉയരമാണു് ascender height.

നമ്മുടെ ലേഖനാവശ്യങ്ങൾക്കു് അധികം പ്രസക്തിയില്ലാത്തതിനാൽ ഞാൻ രണ്ടും തുല്യമായി പരിഗണിക്കുകയാണു്. നിങ്ങളുടെ അക്ഷരരൂപങ്ങൾ രണ്ടും രണ്ടായി കാണാൻ നിർബന്ധിക്കുന്നുണ്ടെങ്കിൽ ആവാം. അതും ഒരുപാടു് വ്യത്യാസം വരാത്ത രീതിയിൽ. ഇപ്പൊ ascender = 1600 ആണെങ്കിൽ caps height = 1500 അല്ലെങ്കിൽ 1550 വക്കുകയാവും നല്ലതു്.

ഇപ്പോൾ മനസ്സിലായല്ലോ? ഇനിയാണു് ഏറ്റവും ബുദ്ധിമുട്ടുള്ള പണി.

കടലാസ്സെടുക്കുക. നല്ല വെള്ളക്കടലാസു്. അതിൽ സ്കെയിൽ കൊണ്ടു് 4 സമാന്തര (parallel) വരകൾ പെൻസിലുപയോഗിച്ചു് വരക്കുക. നാലുവരികൾ തമ്മിൽ തുല്യ അകലം വേണമെന്നില്ല. എന്നാൽ വരികൾ തമ്മുലുള്ള അന്തരത്തിന്റെ അനുപാതം ഓരോ setലും ആവർത്തിക്കണം.

ലേഖനാവശ്യങ്ങൾക്കു് x-height = 1060, caps height = ascender height = 1060, descender = 448 എന്നു് വക്കാം. അപ്പോൾ


അപ്പോൾ പത്തു യൂണിറ്റ്‌ 1 മില്ലീമീറ്റർ എന്നു് കരുതിയാൽ മൂന്നാം വരയിൽ നിന്നു് 10.6 സെ.മീ മുകളിൽ x-heightന്റെ വര. 16 സെ.മീ മുകളിൽ caps height/ascenderന്റെ വര. ഏതാണ്ടു് 4.5 സെ.മീ. താഴെ descender വര. ഇത്രയും പെൻസിൽ കൊണ്ടു് വരക്കുക.

പെൻസിൽ കൊണ്ടു് വരകൾ വരച്ചതു് പിന്നീടു് മായ്ച്ചു് കളയാനാണു്.

ഇനി വരകൾക്കുള്ളിൽ അക്ഷര രൂപങ്ങൾ വരച്ചെടുക്കുക. വരക്കുമ്പോൾ അക്ഷരങ്ങൾക്കു് ഒരു സമാന ഇതിവൃത്തം ഉണ്ടാകുന്നതാണുചിതം. ഇപ്പോൾ നമ്മുടെ കൈപ്പടയോ അല്ലെങ്കിൽ നേർരേഖകൾ മാത്രമുപയോഗിച്ചുകൊണ്ടുള്ളവയോ സദാ വളഞ്ഞുപുളഞ്ഞുള്ളവയോ കാലിഗ്രാഫിയോ ഒക്കെയാവാം. അതു് നിങ്ങളുടെ ഇഷ്ടത്തിനു് വിട്ടിരിക്കുന്നു. നല്ല അക്ഷരങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതാണു് ഫോണ്ടുണ്ടാക്കുന്നതിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം.
വരക്കുമ്പോൾ ശ്രദ്ധിക്കാനുള്ളതു്, മലയാള അക്ഷരങ്ങൾ പൊതുവേ രണ്ടും മൂന്നും വരികൾക്കുള്ളിൽ ഒതുങ്ങണം. എന്നാൽ ആ, എ മുതലായ അക്ഷരങ്ങളുടെ ചില ഭാഗങ്ങൾ മൂന്നാമത്തെ വരിക്കു് താഴെ പോകാറുണ്ടു്. അതുപോലെ ഇ, ള, ഉ, ഋ മുതലായ അക്ഷരങ്ങളും ചില ഫോണ്ടുകളിൽ മൂന്നാം വരിക്കു് താഴെ പോകാറുണ്ടു്. ഭാവിയിൽ കൂട്ടക്ഷരം തയ്യാറാക്കുമ്പോൾ അവയും മൂന്നാം വരിയുടെ താഴെ പോകും എന്നോർക്കുക.

ഏതൊക്കെ അക്ഷരങ്ങൾ വരക്കണം?

നല്ല ചോദ്യം. കാരണം ഫോണ്ടിന്റെ ആദ്യഘട്ടത്തിൽ നാം വളരെ കുറച്ചു് അക്ഷരങ്ങൾ മാത്രമേ ഉപയോഗിക്കൂ. ഈ ലിങ്കുകളിൽ പോയി pdf ഡൗൺലോഡ്‌ ചെയ്യു. ഇതിലുള്ള അക്ഷരങ്ങൾ മാത്രം തൽക്കാലം ഉണ്ടാക്കിയാൽ മതി. കൂടുതൽ അക്ഷരങ്ങൾ, പ്രത്യേകിച്ചു് കൂട്ടക്ഷരങ്ങൾ, ഉണ്ടാക്കാൻ സാധിച്ചാൽ നന്നു്. പക്ഷെ ഇപ്പോഴത്തെ ആവശ്യങ്ങൾക്കു് pdfൽ പറഞ്ഞിട്ടുള്ളയത്ര അക്ഷരങ്ങൾ ഉണ്ടാക്കിയാൽ മതി.

മലയാളം
ഇംഗ്ലീഷ്‌
വേണമെന്നുണ്ടെങ്കിൽ

ഇനി, ഗ്രാഫിക്സിൽ നൈപുണ്യമുള്ളവരാണെങ്കിൽ കോറൽ ഡ്രോ, ഇല്ലസ്ട്രേറ്റർ, ഫ്രീഹാൻഡ്‌, ഇങ്‌ൿസ്കേപ്‌ മുതലായ വെക്ടർ സോഫ്റ്റ്‌വെയറുകളിൽ നിങ്ങളുടെ അക്ഷരങ്ങൾ രൂപപ്പെടുത്തുക. അക്ഷരങ്ങളുടെ പൊക്കം മുമ്പു് പറഞ്ഞമാതിരി ആനുപാതികമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അപ്പൊ തൽക്കാലം ഇങ്ങനെ നിൽക്കട്ടെ. അധികം താമസിയാതെ രണ്ടാം ഭാഗം ഇടാം. അപ്പോഴേക്കു് അക്ഷരരൂപങ്ങൾ കടലാസിൽ തയ്യാറാക്കിവക്കു. വീണ്ടും കാണാം.

അടുത്ത ലക്കം: കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ, സ്കാൻ ചെയ്യേണ്ട രീതി മുതലായവ.

വാൽ: ഈ ലേഖനത്തിനു് വേണ്ടി ഞാൻ തയ്യാറാക്കിയ ഫോണ്ടിന്റെ ഒരു അപൂർണരൂപം ഇവിടെയുണ്ടു്.

24 comments:

ajith said...

Interesting

ചിതല്‍/chithal said...

താങ്ക്സ് ഗഡ്യേ!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വളരെ നല്ല ഐഡിയകളും,പ്രവർത്തനങ്ങളും ...
ധൈര്യമായി മുന്നോട്ട് പോകുക
ബൂലോകത്തിന്റെ എല്ലാവിധ സപ്പോർട്ടുകളൂം അഭിനന്ദനങ്ങളും കേട്ടൊ ഭായ്

രമേശ്‌ അരൂര്‍ said...

തലയില്‍ അല്പമെങ്കിലും കിഡ്നി ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണ് ഇതൊക്കെ ..ഞാനൊക്കെ ഉണ്ട ഉണ്ടാക്കിത്തന്നാല്‍ വെറുതെ ഇരുന്നു വിഴുങ്ങും ...ചിതല്‍ നല്ല അടിപൊളി അഞ്ചാറു ഫോണ്ട് ഉണ്ടാക്കിവയ്ക്ക് ,,ഞങ്ങളൊക്കെ അതെടുത്തു അടിച്ചോളാം...ഒരു ഫോണ്ടിനു വേണമെങ്കില്‍ ബ്ലോഗന (നമ്മുടെ രചന പോലെ )എന്ന് പേരും കൊടുക്കാം ..എന്ത്യേ ???

ചിതല്‍/chithal said...

ബിലാത്തീ, രമേഷ് അരൂർ,
നന്ദി.
എനിക്കു് വരക്കാനോ ഗ്രാഫിക്സ് ഉണ്ടാക്കാനോ കഴിവില്ല. അതുകൊണ്ടാ മറ്റുള്ളവർക്കു് പ്രചോദനമാകുന്നെങ്കിൽ ആയിക്കോട്ടെ എന്നുകരുതി ഇതൊക്കെ പോസ്റ്റുന്നതു്. ബൂലോകം വിചാരിച്ചാൽ നല്ല കുറേ ഫോണ്ടുകൾ ഉണ്ടാക്കാൻ സാധിക്കും. അതൊരു അഭിമാനമല്ലേ?

ആളവന്‍താന്‍ said...

തീര്‍ച്ചയായും അഭിമാനമാണ്. ആരെങ്കിലും ഇതൊന്നു ഏറ്റ് പിടിക്കൂ......

Manoraj said...

ഇതൊരു നല്ല സംരംഭമാണ് ചിതല്‍. ഏതായാലും മുഴുവന്‍ ലേഖനവും വന്ന് കഴിയുമ്പോഴേക്കും നമുക്ക് ഒരെണ്ണം ട്രൈചെയ്താലോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക!!

നന്ദകുമാര്‍ said...

ചിതലേ
ഞാന്‍ വീണ്ടും ചാര്‍ജ്ജായി
അന്നു നിന്റെ മെയില്‍ കാര്യഗൌരവത്തോടെ പരിഗണിച്ചിരുന്നെങ്കിലും അഡ്വാന്‍സ് വാങ്ങിയ ചില ജോലികള്‍ തീര്‍ക്കേണ്ടതുള്ളതുകൊണ്ട് ഇതിന്മേല്‍ കൈവെക്കാന്‍ സാധിച്ചില്ല. ദാ ഇപ്പോ വീണ്ടും ഉഷാര്‍ വെച്ചു (എത്ര നാളെത്തേക്കാണെന്നറിയില്ല) ;)
(ചിലപ്പോള്‍ ജോലിത്തിരക്കും ജന്മനാ കൂടെയുള്ള മടിയും അലസതയും പലപ്പോഴും ഈ സംഗതിയെ പുറകോട്ട് വലിക്കുന്നു)

ബിന്ദു കെ പി said...

വളരെ നന്ദി....
അടുത്ത ഭാഗങ്ങൾ വേഗം പോരട്ടെ..ഒരു ഫോണ്ടുണ്ടാക്കാനെന്റെ കൈ തരിക്കുന്നു.. :)

kARNOr(കാര്‍ന്നോര്) said...

അടുത്ത ഭാഗം പോരട്ടെ. ആരേലും ആ നന്ദനെയും സജീവേട്ടനേയും ഒക്കെ ഒന്നു കുത്തിപ്പൊക്കിവിടൂ

ente lokam said...

ചിതല്‍ അരിക്കാത്ത
പുതിയ ഫോണ്ടുകള്‍ നീണാള്‍
വാഴട്ടെ ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നല്ല കാര്യം.
ട്രൈ ചെയ്തു നോക്കട്ടെ.

ചിതല്‍/chithal said...

ആളേ നന്ദി.
മനോ, ധൈര്യമായി ഇറങ്ങൂന്നേ, ഗോദയിൽ. ഞാൻ സൈഡിലുണ്ടു്!
നന്ദേട്ടാ, സന്തോഷം! ഒരുഗ്രൻ ഫോണ്ട് പ്രതീക്ഷിക്കുന്നു! ജോലിത്തിരക്കിൽ ഇക്കാര്യം വിട്ടുപോകുന്നതായി തോന്നിയാൽ അക്ഷരരൂപങ്ങളുണ്ടാക്കി ഗ്രാഫിക്സ് ഫയലുകൾ അയച്ചുതന്നാൽ അവ ചിട്ടപ്പെടുത്തി ഫോണ്ടാക്കുന്ന കാര്യം ഞാനേറ്റു.
ബിന്ദു കെ. പി, നന്ദി. ഫോണ്ടുണ്ടാക്കിയിട്ടുതന്നെ ഇനി വേറെ കാര്യം!
kARNOr(കാര്‍ന്നോര്), നന്ദി. നന്ദേട്ടൻ ചാർജ്ജായിട്ടുണ്ടു്. സജ്ജീവേട്ടനെ ഒന്നു് പൊക്കണം (അത്ര എളുപ്പമല്ല എന്നറിയാലോ!) സിബു കല്യാണത്തിന്റെയും മറ്റും തിരക്കിലാവും. അരുൺ കുട്ടിയെ നോക്കിയിരിക്കയാവും. അവരെ ഒക്കെ ഒന്നു് ഉണർത്തട്ടെ.
എന്റെ ലോകം, റിയാസ്, നന്ദി നന്ദി!

ചാണ്ടിച്ചന്‍ said...

നന്ദേട്ടന്റെ കൂടെ മുള്ളോക്കാരനും, കൂതറയും, മറ്റു കലാകാരന്മാരും കൂടട്ടെ....

എന്തെങ്കിലുമൊക്കെ നടക്കും...ഉറപ്പാ...ഫോണ്ടില്ലെങ്കില്‍ ഒരു പോണ്ടെങ്കിലും ഉണ്ടാക്കും അവര്‍....

കുഞ്ഞൂസ് (Kunjuss) said...

നല്ല സംരംഭം, തുടരൂ ....ബൂലോകത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമല്ലോ...

കൊച്ചു കൊച്ചീച്ചി said...

അതേയ്, ഒരുമിന്‍ട്ട് നിന്നേ. ഒരു കാര്യം ചോയ്ക്കട്ടെ.

ഈ "കാണിക്കുന്നതിനാണു് ഫോണ്ടുപയോഗിക്കുന്നതു്" എന്നെങ്ങന്യാ എഴുതിക്കേറ്റീത്, ന്നൊന്ന് പറഞ്ഞുതര്വോ? വാക്കുകളിലെ ആ അവസാനത്തെ "ഉകാരം" എനിക്കിതുവരെ കിട്ടീട്ടില്ല്യ - "കാണിക്കുന്നതിനാണ് ..ഉപയോഗിക്കുന്നത്" എന്നേ ഇതുവരെ പറ്റീട്ടുള്ളൂ.

കൊച്ചു കൊച്ചീച്ചി said...

ക്ഷമിക്കണം, എന്റെ ചോദ്യം അവഗണിച്ചേക്കൂ. സ്വനലേഖയുടെ സോഴ്സ് കോഡ് നോക്കിയപ്പോള്‍ സംഗതി പിടികിട്ടി.

നല്ലൊരു സുന്ദരി ഫോണ്ടു് പിറക്കട്ടെ! ബാക്കിയൊക്കെ രമേശ് പറഞ്ഞതുപോലെ...

yousufpa said...

ഉപകാരപ്രദം..

jayanEvoor said...

ഉം....
ഇനിയൊരു നാലുവര ബുക്കു വാങ്ങി എഴുതിപ്പഠിക്കണം.
ഫോണ്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും അക്ഷരമെങ്കിലും നന്നാക്കണം!

ഞാൻ സപ്പോർട്ട്!

പുതിയ ഫോണ്ട് കീ ജയ്!

വരയും വരിയും : സിബു നൂറനാട് said...

പ്രവീണ്‍ ചേട്ടാ, മെയില്‍ കണ്ടപ്പോ ഇത്രേം വിചാരിച്ചില്ല !! ഞാന്‍ ലീവ് കഴിഞ്ഞു എത്തിയിട്ടേ ഉള്ളൂ. എന്നെ കൊണ്ട് ആകുന്ന സഹായവും ശ്രമവും തീര്‍ച്ചയായും ഉണ്ടായിരിക്കും :-)

Anonymous said...

Hi - I am really happy to discover this. great job!

Anonymous said...

ചിതലേ, സൂപ്പർ. മലയാളത്തിൽ ഒരു സമ്പൂർണ്ണ ഹൌടു ഇല്ലാത്തതിന്റെ പോരായ്മ ചിതൽ തീർക്കണം. കർമ്മഫലമായി ഒരുപാടു സുന്ദരി-സുന്ദരൻ ഫോണ്ടുകളായി പിറക്കട്ടെ... എന്റെ ആശംസകൾ.

ചിതല്‍/chithal said...

കെവിൻ, നന്ദി!
മലയാളം യൂനികോഡ് ഫോണ്ടുകളുടെ പിതൃസ്ഥാനീയൻ തന്നെയാണു്‌ എന്നോടു്‌ പറഞ്ഞിരിക്കുന്നതു്‌, "ഹൗ ടു" വിശദമായി എഴുതണം എന്നു്‌. ഇനി പിൻ‍തിരിയുന്ന പ്രശ്നമില്ല!
യമുനയുടെ കരയിൽ ഉറക്കം വരാതെ നക്ഷത്രമെണ്ണിക്കിടന്നവനു്‌ ഒരു ഉൾവിളി - എന്താ? ഫോണ്ട് ഉണ്ടാക്കണം ന്ന്‌! നേരെ വെച്ചുപിടിക്കൂ, ചിതലിന്റെ അടുത്തേക്ക്..

rahul said...

ചിതലേ ഒരു ഫോണ്ട് ഞാനും അങ്ങ് ചെയ്തു. കുറച്ചൊക്കെ മോഡേണ്‍ ആകട്ടെ എന്ന് കരുതി. പിന്നെ ആന്‍ഡ്രോയിഡിന് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു സൈറ്റും ഞങ്ങള് അങ്ങ് തുടങ്ങി. ഫോണ്ട് നോക്കി നോക്കി. അഭിപ്രായം പറയണേ
http://goo.gl/JNIUI

www.4logics.info