Wednesday, September 16, 2009

സംശയം

കുറെ കാലം മുന്‍പാണ്‌. ഞാന്‍ അന്ന്‌ മദിരാശിയിലാണ്‌. ഒരു അവധിക്കാലം കഴിഞ്ഞ്‌ തീവണ്ടിയില്‍ തിരിച്ച്‌ പോകുന്നു. എന്റെ കൂടെ തൃശ്ശൂരില്‍ നിന്നും ഒരു ഭാര്യയും ഭര്‍ത്താവും കയറി. അവരുടെ പ്രായം, പെരുമാറ്റ രീതി എന്നിവയില്‍ നിന്നും അവരുടെ കല്യാണം കഴിഞ്ഞ്‌ അധികമായിട്ടില്ല എന്നു മനസ്സിലായി.അവരും എന്റെ കൂപ്പയില്‍ തന്നെ ആയിരുന്നു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്‌ ഒരു മധ്യവയസ്ക ആയിരുന്നു.

ബെര്‍ത്തില്‍ ഇരുന്നയുടനെ അവര്‍ സംസാരം തുടങ്ങി. ഏതാണ്ട്‌ ഇപ്രകാരമായിരുന്നു..

ഭാ: ശ്ശൊ..! എനിക്ക്‌ നാണമായിട്ട്‌ വയ്യ!

ഭര്‍: എന്താ ഇത്ര നാണിക്കാന്‍? ഇതൊക്കെ എല്ലാ പെണ്ണുങ്ങളും പതിവല്ലെ?

ഭാ: അതെ, പക്ഷെ ഇനിയെന്റെ കൂടെ ജോലിചെയ്യുന്നവരൊക്കെ കളിയാക്കാന്‍ തുടങ്ങും..

ഭര്‍: അവരെന്തിനാ കളിയാക്കുന്നെ?

ഭാ: അതോ... ഒന്നാമതു ഞാന്‍ ഫെമിനിസം പറഞ്ഞു നടന്നിരുന്നതാ. കുറേക്കാലം കല്യാണം വേണ്ട എന്നും ഭാവിച്ചിരുന്നു. അത്യാവശ്യം ആണ്‍കുട്ടികളുടെ കൂട്ടത്തിലാ പലപ്പോഴും എന്നെ അവരൊക്കെ പെടുത്തിയിട്ടുള്ളത്‌. എന്നിട്ടിപ്പൊ...

ഭര്‍: ഓ, ഇതത്ര തല പോകുന്ന കാര്യമൊന്നുമല്ലെന്നേ..

ഭാ: എന്നാലും ഇതിപ്പൊ.. എല്ലാവരും പറയും കല്യാണതോടെ ഞാന്‍ മാറിപ്പോയീന്ന്‌. നിങ്ങടെ ശാരദേച്ചിക്കായിരുന്നു നിര്‍ബന്ധം. കഴിഞ്ഞ തവണ മുതല്‍ക്കേ.. എന്തൊരു സന്തോഷമായിരുന്നു അവര്‍ക്ക്‌?! എന്റെ പിന്നാലെയായിരുന്നു. എന്നെ കളിയാക്കാനും അവരായിരുന്നു മുന്നില്‍..

ഭര്‍: അവര്‍ക്ക്‌ വളരെ വൈകിയല്ലെ കുട്ടികളുണ്ടായത്‌? രണ്ടും ചെറിയ കുട്ടികളല്ലെ? നീയല്ലെ ശരിക്ക്‌ അവരുടെ മകളുടെ പ്രായത്തില്‍? അവര്‍ ആസ്വദിക്കട്ടെ.

ഭാ: അതിലൊന്നും എനിക്ക്‌ വിരോധമില്ല. പക്ഷെ.. ഓ! എനിക്ക്‌ നാണായിട്ട്‌ വയ്യ! ഞാന്‍ കുറച്ച്‌ ദിവസം ലീവെടുത്താലൊ?

ഭര്‍: നിനക്ക്‌ ഭ്രാന്താ..

ഭാ: അതല്ല. പരിചയക്കാരെ കാണുമ്പൊ എനിക്കൊരു ചമ്മല്‍. നിങ്ങടെ വടക്കേലെ രാമകൃഷ്ണനല്ലെ ഓട്ടോ ഓടിച്ചിരുന്നത്‌? അയാള്‍ കാര്യം മനസ്സിലാക്കിയോ എന്ന്‌ എനിക്കൊരു സംശയം. അതുകൊണ്ടാണ്‌ ബാഗ്‌ ഞാനെടുത്തോളാം, കാശ്‌ നിങ്ങള്‍ കൊടുത്തോളു എന്നു ഞാന്‍ പറഞ്ഞേ..

ഭര്‍: ഞാന്‍ ചോദിക്കട്ടേ? സത്യം പറയുമൊ? ഇതൊക്കെ നീ ഇഷ്ടപ്പെടുന്നില്ലെ?

ഭാ: (ഭര്‍ത്താവിന്‌ ഒരു ചെറിയ നുള്ള്‌ കൊടുക്കുന്നു. ഒരു നിമിഷത്തെ മൗനത്തിനു ശേഷം "ഉം!.." എന്നൊരു ചെറിയ മൂളല്‍ മൂളി തല വെട്ടിച്ച്‌ പുറത്തേക്ക്‌ നോക്കി ഇരിക്കുന്നു.

ഇത്രയുമായപ്പോള്‍, മധ്യവയസ്ക കേറി ഹെഡ്‌ ചെയ്തു.

മ.വ: എത്ര മാസമായി?

ഭാ: (ഞെട്ടി തിരിഞ്ഞ്‌) എന്ത്‌?

മ.വ: ഗര്‍ഭം..

ഭാര്യയും ഭര്‍ത്താവും ഒന്നും മനസ്സിലാവാത്ത പോലെ പരസ്പരം നോക്കുന്നു.

മ.വ: ഞാന്‍ എന്താ ചോദിച്ചത്‌ എന്നുവെച്ചാല്‍, ഗര്‍ഭം ഉള്ളപ്പൊ ഇങ്ങനെ ഓട്ടൊയില്‍ സഞ്ചരിക്കുകയോ പെട്ടി പോലെ ഭാരമുള്ള സാധനങ്ങള്‍ എടുക്കുകയോ ചെയ്യരുത്‌. നിങ്ങള്‍ ചെറുപ്പമല്ലെ? അറിഞ്ഞിരിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു എന്നു മാത്രം.

ഭാര്യയും ഭര്‍ത്താവും വീണ്ടും പരസ്പരം നോക്കി. തുടര്‍ന്ന്‌ രണ്ട്‌ പേരും പൊട്ടിച്ചിരിച്ചു.

ഭര്‍: അയ്യോ ചേച്ചി തെറ്റിദ്ധരിച്ചു! ഞങ്ങള്‍ സംസാരിച്ച്‌ കൊണ്ടിരുന്നത്‌..(ഭാര്യ കൈകള്‍ കാണിച്ച്‌ തന്നു) ഇവള്‍ മൈലാഞ്ചി ഇട്ടതിനെ പറ്റിയായിരുന്നു! ദൈവമേ! ഇത്ര പെട്ടെന്ന്‌ കുട്ടികളുണ്ടാവാനോ....!!

ഞാന്‍ പതുക്കെ എഴുന്നേറ്റ്‌ പോയി ടോയ്‌ലെറ്റില്‍ കയറി കുറെ നേരം ചിരിച്ചു. അല്ലാതെ എനിക്കെന്ത്‌ ചെയ്യാന്‍ പറ്റും?

12 comments:

വശംവദൻ said...

:)

Vasu T said...

katha nannayittundu...:ammamma and amma:) abhinava V.K.N.

ശാന്തകാവുമ്പായി said...

സസ്പെൻസ്‌ നിലനിർത്താൻ കഴിഞ്ഞു.നന്നായിരുന്നു.

VEERU said...

അതു കലക്കീ മോനേ..ഇത്രയും പ്രഷീക്ഷിച്ചില്ലാരുന്നു..ഹും കൊള്ളാം തുടരുക !!!

anez champad said...

കലക്കി ചിതല്‍, ഇത്രയും പ്രതീക്ഷിചില്ല..

raadha said...

ഹ ഹ. ഞാനും അവസാന ഭാഗത്തെത്തിയപ്പോ ചിരിച്ചു പോയീട്ടോ. നല്ല സസ്പെന്‍സ് നില നിര്‍ത്താന്‍ കഴിഞ്ഞു.

chithal said...

കമന്റിയ എല്ലാവര്‍ക്കും നന്ദി! കര്‍മ്മം കൊണ്ട്‌ സോഫ്റ്റ്‌വെയറിലാണ്‌ ജോലിയെങ്കിലും എനിക്കു് ബ്ലോഗിംഗില്‍ വലിയ പരിചയം പോര. നിങ്ങളുടെ എല്ലാവരുടേയും പ്രോത്സാഹനമുണ്ടെങ്കില്‍ ഇനിയും എഴുതാം.

Kavitha Warrier said...

Chithale....
Software paniyilum, thirakkilum pettu narmabodhathe chithalarichu povathe sooksichathinu sthuthi....

മാണിക്യം said...

ലേഡി ഡോക്ടറുടെ അടുത്തു നിന്ന് ആണിവിടെ എത്തിയത്..
അല്ല അന്നെരം ഇവിടെയും ഗര്‍ഭമില്ലെ?

chithal said...

മാണിക്യം, പ്രതീക്ഷ അസ്ഥാനത്തായോ? ക്ഷമിക്കൂന്നേ! എവിടെയെങ്കിലും ആർക്കെങ്കിലും ഈ ബൂലോകത്ത്‌ ഗർഭമുണ്ടാകാതിരിക്കില്ല!

Anonymous said...

Akramam mashe
thakarppan

Anonymous said...

Athe parayan marannu
thante pattam kollam
"Abhinava V.K.N"