Friday, August 16, 2013

കാലചലനം - 8
ആ സംഭവങ്ങൾക്കു് ശേഷം ഞാൻ അനവധി തവണ ഉല്ലപിയിൽ പോയിട്ടുണ്ടു്. ആ യാത്രകളിലൊക്കെ ഹർഷഘോഷരാജാവുമൊത്തു് വളരെ സമയം പങ്കുവച്ചിട്ടുണ്ടു്. നീതിമാനും ജനസമ്മതനും സർവോപരി ബുദ്ധിസമ്പന്നനുമായ ഒരു ഭരണകർത്താവാണു് അദ്ദേഹമെന്നു് എനിക്കു് ബോധ്യവുമായിട്ടുള്ളതാണു്.

എന്നാൽ അദ്ദേഹവുമൊത്തു് വർത്തമാനത്തിൽ ഞാൻ ചെലവഴിച്ച സമയം എനിക്കേറ്റവും പ്രിയപ്പെട്ടതാകുന്നു. എന്തെന്നാൽ എനിക്കെന്തെങ്കിലും ലോകനന്മാപരമായ കാര്യം ചെയ്യാനായെങ്കിൽ അതു് അദ്ദേഹത്തിനെ സഹായിച്ചതാണെന്നു് എനിക്കറിയാം.

താരമഹാറാണിയോടു് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിയപ്പോൾ അവർ വല്ലാതെ അന്ധാളിച്ചു. ജനനന്മയ്ക്കുള്ള വർത്തമാനയാത്രയിൽ അദ്ദേഹത്തിനു് എന്തെങ്കിലും അപകടം നേരിടുമോ എന്നവർ ഭയന്നു. കൊട്ടാരത്തിൽനിന്നു് പുറപ്പെടുന്ന അവസരത്തിൽ അവർ ഞങ്ങൾ മൂന്നു് സുഹൃത്തുക്കളേയും പ്രത്യേകം മാറ്റിനിർത്തി അദ്ദേഹത്തെ അപകടം കൂടാതെ തിരിച്ചെത്തിക്കണമെന്നു് അപേക്ഷിച്ചു. അങ്ങിനെ രാജാവിന്റെ മുഴുവൻ ഉത്തരവാദം എനിക്കായി.

വർത്തമാനത്തിലെത്തിയപ്പോൾ ഗൗതത്തിന്റെ ബന്ധുക്കൾ മഹാരാജാവിനെ കണ്ടു് അത്ഭുതപ്പെട്ടു. അവർ പെട്ടെന്നുതന്നെ ഞങ്ങൾക്കുകഴിക്കാൻ ഭക്ഷണമൊരുക്കി. ഹർഷഘോഷരാജാവിന്റെ വരവിന്റെ ഉദ്ദേശ്യം പാറയും മലയും തുരക്കുകയും പൊട്ടിക്കുകയും ചെയ്യുന്ന പണി പഠിക്കാനാണു് എന്നു് പറഞ്ഞപ്പോൾ ഗൗതത്തിന്റെ മുത്തച്ഛൻ കുറച്ചുസമയം ആലോചിച്ചു് ഒരു പദ്ധതിയെപ്പറ്റി പറഞ്ഞു:

“അത്തരം പണി പഠിക്കാൻ നല്ലതു് കരിങ്കൽ ക്വാറിയിൽ പണിയെടുക്കുന്നതാണു്. പക്ഷെ ഒരു പ്രശ്നമുണ്ടു്. പുതിയ ക്വാറികളിലൊക്കെ വൈദ്യുതി ഉപയോഗിച്ചാണു് പാറപൊട്ടിക്കുന്നതു്. അതു് ഭൂതകാലത്തു് പ്രായോഗികമല്ല. രാജാവിന്റെ ആവശ്യങ്ങൾക്കുതകുന്നതു് പഴയരീതിയിൽ വെടിമരുന്നുപയോഗിച്ചു് പാറപൊട്ടിക്കുന്ന രീതിയാണു്. ഇന്നു് അധികമാരും ആ രീതി ഉപയോഗിക്കാറില്ല. പക്ഷെ പോറ്റിയുടെ ക്വാറിയിൽ ഇപ്പോഴും ആ പഴയ രീതിയിലാണു് പാറപൊട്ടിക്കുന്നതു്. ഇവിടെ അടുത്താണു് താനും. അവിടെ ഒരു ജോലി തരമാക്കുന്നതു് നന്നായിരിക്കും”

പോറ്റിയെക്കുറിച്ചു് ഞാൻ കേട്ടിട്ടുണ്ടു്. ഇന്നാട്ടിലെ എല്ലാവർക്കും അദ്ദേഹത്തെ അറിയാം. പാവമാണു്. പ്രാരാബ്ധക്കാരനാണു്. ചെറുപ്പത്തിൽ പലപല ജോലികൾ ചെയ്യാൻ ശ്രമിച്ചതാണത്രെ. ശുദ്ധഗതിയും സ്വതവേ ഉള്ള ആത്മവിശ്വാസമില്ലായ്മയും കൂടിയായപ്പോൾ ഒന്നും ശരിയായില്ല. ഏറ്റവും ഒടുവിലാണു് ക്വാറി ലേലത്തിലെടുത്തതു്. പോറ്റിയെ സംബന്ധിച്ചിടത്തോളം ഇതു് അവസാനത്തെ ആശ്രയമാണു്. ഇതും ശരിയായില്ലെങ്കിൽ അദ്ദേഹം പാപ്പരാവും.

ക്വാറി ലേലത്തിൽ പിടിച്ചെങ്കിലും പാറ പൊട്ടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാനോ വാടകയ്ക്കെടുക്കാനോ ഉള്ള ധനം ആ പാവത്തിന്റെ കൈയിലുണ്ടായിരുന്നില്ല. അതുകൊണ്ടാണു് പഴയരീതിയിൽ വെടിമരുന്നുപയോഗിച്ചു് പാറപൊട്ടിക്കാൻ തീരുമാനിച്ചതു്.

അവിടുള്ള ജോലിക്കാർക്കും ഇതൊക്കെ അറിയാം. ആത്മാർത്ഥതയുള്ളവരാണു് അവർ. മനസ്സറിഞ്ഞു് പണിയെടുക്കുന്നവർ. ക്വാറിയിലെ പണി തടസപ്പെടുത്തുന്നതൊന്നും അവർ ചെയ്യില്ല. പോറ്റി പതുക്കെ പച്ചപിടിച്ചുതുടങ്ങുന്നു.

“പക്ഷെ ഒരു കുഴപ്പമുണ്ടു്,” ഗൗതത്തിന്റെ മുത്തച്ഛൻ തുടർന്നു. “പോറ്റിയുടെ സ്വഭാവമറിയാമല്ലോ. ആളൊരു പേടിത്തൊണ്ടനാണു്. അതുകൊണ്ടു് ക്വാറിയുടെ മേൽനോട്ടവും തീരുമാനങ്ങളും കൂട്ടുകാരനും പഴയ സഹപാഠിയുമായ അന്തപ്പൻ വക്കീലിനെ ഏല്പ്പിച്ചിരിക്കുകയാണു്. വക്കീലാണെങ്കിൽ അത്രപെട്ടെന്നൊന്നും ആരേയും അടുപ്പിക്കില്ല. ആളുകളെ നല്ലവണ്ണം മനസ്സിലാക്കിയേ പെരുമാറൂ. അയാളെ ചെന്നുകണ്ടു് ബോധ്യപ്പെടുത്താനായാൽ രാജാവിനു് ജോലിയിൽ കയറാം. അതു് നിങ്ങൾ തന്നെ ഏർപ്പാടാക്കണം”

“അതു് പിന്നെ നോക്കാം, തല്ക്കാലം രാജാവിനു് വർത്തമാനകാലവുമായി ഒരു പരിചയമുണ്ടാക്കാം” എന്നും പറഞ്ഞു് ഞങ്ങൾ ഗൗതത്തിന്റെ വീട്ടുകാരോടു് യാത്രപറഞ്ഞിറങ്ങി.

നഗരത്തിലെ ഓരോ കാഴ്ചയും രാജാവിനെ ഞെട്ടിച്ചുകൊണ്ടിരുന്നു. തേരുകൾക്കു പകരം സ്വയമോടുന്ന വണ്ടികളാണു് ആദ്യത്തെ പ്രധാന അത്ഭുതം. ഇത്രയും തിരക്കുള്ള വീഥികൾ മറ്റൊരത്ഭുതം. വണ്ടികൾ ഓടുന്ന കറുത്ത വസ്തു എന്താണാവോ എന്നു് മനസ്സിലാക്കാൻ രാജാവു് കുനിഞ്ഞു് റോഡിൽ വിരലോടിച്ചു. അപ്പോൾ അതിലൂടെ വണ്ടിയോടിച്ചു വരികയായിരുന്ന ഒരു മദ്ധ്യവയസ്കൻ സഡൻ ബ്രേക്കിടുകയും റോഡിലിരുന്നു് തോന്നിവാസം കാണിക്കുന്നതിനു് രാജാവിനെ ചീത്തപറയുകയും ചെയ്തു് യാത്രതുടർന്നു. രാജാവാകട്ടെ, “ദെന്താപ്പൊ ഉണ്ടായേ?” എന്ന മുഖഭാവത്തോടെ എഴുന്നേറ്റു് ഞങ്ങളെ നോക്കി. അപ്രകാരം വർത്തമാനകാലത്തെ ജനത്തിനെ ദുഃശീലങ്ങളെപ്പറ്റി രാജാവിനു് നേരിട്ടുള്ള ആദ്യാനുഭവം കിട്ടി.

ഞങ്ങൾ ഒരു ഓട്ടോറിക്ഷ കൈകാണിച്ചു് നിർത്തി. കയറാൻ ഭാവിച്ചപ്പോൾ ഓട്ടോഡ്രൈവർ ഞങ്ങളെ തടഞ്ഞു:

“4 പേർക്കു് കയറാനാവില്ല”

(ഞാൻ, രഘു, ഗൗതം, രാജാവു് - 4 പേർ)

“ചേട്ടൻ ഒന്നു് അഡ്ജസ്റ്റ് ചെയ്യൂന്നേയ്...”

“പറ്റില്ല സാറേ. ഇന്നു് ചെക്കിങ്ങ് ഉണ്ടു്. 4 പേരുള്ള ഓട്ടോ കണ്ടാൽ പണികിട്ടും”

ഉടനെ രാജാവിനു് സംശയമായി. എന്നെ മാറ്റിനിർത്തി എന്താ കാര്യം എന്നു് ചോദിച്ചു.

“ഇതു ഓട്ടോറിക്ഷ. ഓട്ടോ എന്നു വിളിക്കാം. ചെറിയ ദൂരം സഞ്ചരിക്കുന്നതിനു് ഉപയോഗിക്കാം. കുറച്ചു ധനം അയാൾക്കു് കൊടുത്താൽ മതി. അയാൾ ഓട്ടോറിക്ഷ ഓടിച്ചോളും. നമുക്കെത്തേണ്ട സ്ഥലത്തു് അയാൾ കൊണ്ടുചെന്നു് ഇറക്കും. പക്ഷെ ഒരു സമയത്തു് 3 പേർക്കു് മാത്രമേ കയറാനാവൂ. അതാണു് നിയമം. അതുകൊണ്ടു്...”

അപ്പോഴേക്കും രാജാവു് ഡ്രൈവറുടെ അടുത്തെത്തി.

“അതേയ്, നിങ്ങളടക്കം 4 പേരാവില്ലേ, ഓട്ടോ ഓടുമ്പോൾ?” ഡ്രൈവർ സംശയത്തോടെ രാജാവിനെ നോക്കി. “അപ്പൊ നാലുപേർക്കു് പോവാൻ പറ്റില്ല്യ എന്നതു് വെറുതെ. നാലുപേർക്കൊക്കെ പോവാൻ പറ്റും”

ഡ്രൈവർക്കൊന്നും മനസ്സിലായില്ല. രാജാവു് വിവരിച്ചു:

“നിങ്ങൾ പറഞ്ഞു 4 പേർക്കു് പോവാൻ പറ്റില്ല്യാന്നു്. 3 പേർക്കു് പോവാൻ പറ്റുമോ?”

“ഉം...”

“എങ്കിൽ 3 പേരു് കേറി എന്നിരിക്കട്ടെ. പിന്നെ നിങ്ങളും കേറും. അപ്പൊ നാലുപേരായില്ല്യേ? നാലുപേർക്കു് പൊയ്ക്കൂടേ?”

ഡ്രൈവർക്കു് കൺഫ്യൂഷനും ദേഷ്യവും ഒരുമിച്ചു് വന്നു.

“അല്ലെങ്കിൽ വേറൊരു കാര്യം നമുക്കു് ചെയ്യാം. ഞങ്ങൾ നാലുപേരും ഇതിൽ വരാം. ആരെങ്കിലും ഒരാൾ ഓടിച്ചാൽ മതിയല്ലോ. ഇവരിൽ ഒരാൾ ഓടിക്കും. നിങ്ങൾ ഇതുപോലത്തെ വേറൊരു തേരു് വരുമ്പോൾ അതു് നിർത്തി അതിൽ വന്നോളൂ. ന്താ?”

ഡ്രൈവർ ചിരിക്കണോ കരയണോ ദേഷ്യപ്പെടണോ എന്നറിയാത്ത അവസ്ഥ പ്രാപിച്ചു. “അ..” എന്നു പറഞ്ഞെങ്കിലും പിന്നീടൊന്നും പറയാൻ കിട്ടാതെ അടങ്ങി കുറച്ചു സമയം മുഷ്ടിചുരുട്ടി നിന്നു. പിന്നെ എന്നോടു് ചോദിച്ചു:

“ഇയ്യാളു് ഭ്രാന്താശുപത്രീന്നാണോ? അയാൾടെ ഒരു വർത്തമാനോം വേഷോം...”

അപ്പോഴാണു് ഞങ്ങളും ശ്രദ്ധിച്ചതു്: രാജാവു് ഭൂതകാലത്തിലെ വേഷത്തിലാണു്.

അതുകൊണ്ടു് ആദ്യം പോയി കുറച്ചു വസ്ത്രം വാങ്ങി രാജാവിനെ ധരിപ്പിച്ചു. ഷർട്ടിന്റെ കാര്യത്തിൽ മൂപ്പർക്കു് പരാതിയുണ്ടായിരുന്നില്ല. പാന്റിന്റെ കാര്യത്തിൽ അങ്ങിനെയല്ല. രണ്ടു കൈകൊണ്ടും ഇത്തിരി കയറ്റിപ്പിടിച്ചേ നടക്കൂ. എത്രപറഞ്ഞാലും കേൾക്കില്ല. അതുകൊണ്ടു് പാന്റ് മാറ്റി ധരിക്കാൻ മുണ്ടു് മേടിച്ചുകൊടുത്തു.

അങ്ങിനെ ഷർട്ടും മുണ്ടും ധരിച്ചു് കണ്ണാടിയിൽ നോക്കി ബോധ്യം വന്ന ശേഷം അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞു. ഇത്തിരി സന്ദേഹത്തോടെ ചോദിച്ചു:

“നോക്കൂ... ആ... വിക്സ്കി എവിടെ കിട്ടും?”

പിന്നീടുള്ള ഒരാഴ്ച അർമാദമായിരുന്നു. മുന്തിയ ഹോട്ടലുകളിൽ ഞങ്ങൾ താമസിച്ചു. രാജാവിനെ ഞങ്ങൾ ഓട്ടോറിക്ഷയിലും കാറിലും ബസിലും തീവണ്ടിയിലും, എന്തിനു്... വിമാനത്തിൽ വരെ കയറ്റി. ടിവിയും സിനിമയും കാണിച്ചുകൊടുത്തു. ആവശ്യമുള്ളപ്പോൾ പാട്ടുകേൾക്കാവുന്ന ടേപ്‌ റെക്കോർഡറും റേഡിയോയും അദ്ദേഹത്തിനു് പിടിച്ചു. കൂളിങ്ങ് ഗ്ലാസ് എന്ന സംഭവം അദ്ദേഹത്തിനു് അത്ര ഇഷ്ടപ്പെട്ടില്ല. പെട്ടെന്നു് ഇരുട്ടായി എന്ന തോന്നൽ വന്നുവത്രെ. പലതരം മദ്യം പലവട്ടം സേവിച്ചു.

രാജാവിനെ ഞങ്ങൾ തീം പാർക്കിൽ കൊണ്ടുപോയി. അവിടത്തെ പല റൈഡുകളിൽ കയറി ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം ആർത്തുകൂവിവിളിച്ചപ്പോൾ അയാളുടെ കൂടെ വന്നവർ എന്ന നിലയ്ക്കു് നാട്ടുകാർ മുഴുവൻ ഞങ്ങളെ ശ്രദ്ധിക്കുന്നു എന്നു് ഞങ്ങൾക്കു് മനസ്സിലായി.

എന്നാൽ ഒരാഴ്ച കഴിയാറായപ്പോൾ രാജാവിന്റെ പെരുമാറ്റത്തിലെ പ്രകടമായ ഒരു മാറ്റം ഞങ്ങളുടെ ശ്രദ്ധയില്പ്പെട്ടു. ഒന്നിലും ഒരു താല്പര്യമില്ലായ്മ. ടിവി കാണാൻ താല്പര്യമില്ല. ഹോട്ടലിലെ ഭക്ഷണത്തിനു് താല്പര്യമില്ല. ഹോട്ടലിലെ ശീതീകരിച്ച മുറിയിൽ താമസിക്കാൻ താല്പര്യമില്ല. ബസിലും ഓട്ടോറിക്ഷയിലും താല്പര്യമില്ല. എന്തിനധികം, വിസ്കി കുടിക്കാൻ പോലും താല്പര്യമില്ലാതായി. ഏതുസമയവും എന്തോ ഒരാലോചന.

ഞാനും രഘുവും ഗൗതവും കൂടിയിരുന്നാലോചിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്നു് എന്തെങ്കിലും ഒരു തെറ്റു് വന്നതായി ഞങ്ങൾക്കോർമ്മയില്ല. രാജാവിനു് സുഖമില്ലായിരിക്കുമോ എന്നു് ഞങ്ങൾക്കു് തോന്നി. പക്ഷെ ആ ആശങ്ക അസ്ഥാനത്തായിരുന്നു. അദ്ദേഹം ഡെയ്‌ലി ഒന്നൊന്നര മണിക്കൂർ വ്യായാമം ചെയ്യുന്നുണ്ടു്. ശരീരസുഖമില്ലാത്തയാൾക്കു് അതിനു് സാധിക്കില്ലല്ലോ. എന്നാലിനി മനസ്സിനെ എന്തെങ്കിലും അലട്ടുന്നുണ്ടാകുമോ? അന്നുച്ചക്കു് ഭക്ഷണം കഴിക്കുമ്പോൾ നേരിട്ടു് കാര്യം തിരക്കണമെന്നു് ഞങ്ങൾ നിശ്ചയിച്ചു.

ഉച്ചയൂണിനുള്ള ഓർഡർ സ്വീകരിച്ചു് വെയ്റ്റർ പോയപ്പോൾ ഞങ്ങൾ മൂവരും രാജാവിനുനേരെ തിരിഞ്ഞു.

പക്ഷെ ഒന്നും ചോദിക്കേണ്ടിവന്നില്ല. അദ്ദേഹം തന്നെ പറഞ്ഞുതുടങ്ങി.

“രണ്ടുദിവസമായി മനസ്സിനു് ഒരസ്കിത. ആകെക്കൂടി.. എന്താപറയ...”

“ഞാനാലോചിക്യായിരുന്നു. എന്തിനാപ്പൊ ഈ ഭാവിയിലു് വന്നിട്ടു് ആസ്വദിച്ചു് നടക്കുന്നതു്? ഇത്തിരി ദിവസം കഴിഞ്ഞാൽ എനിക്കു് എന്റെ രാജ്യത്തേക്കും കാലത്തേക്കും മടങ്ങാനുള്ളതല്ലേ? ഞാൻ നിങ്ങളുടെയീ നേരമ്പോക്കുകളൊക്കെ ആസ്വദിക്കാൻ പാടുണ്ടോ?”

“ഇത്രക്കൊക്കെ ചിന്തിക്കാനുണ്ടോ തം... രാജാവേ? അങ്ങു് ഞങ്ങളുടെ സമയത്തു് ഏതാനും ആഴ്ചകൾക്കുവേണ്ടി വന്നിരിക്കുന്നു. വ്യക്തിപരമായ ആവശ്യത്തിനാണോ? ഒരു രാജ്യത്തിനുവേണ്ടിയല്ലേ? ഇത്രയും ബുദ്ധിമുട്ടു സഹിച്ചു് കാലത്തിലൂടെ യാത്രചെയ്യുമ്പോൾ കുറേ സമയം സ്വന്തം വിനോദത്തിനായി മാറ്റിവയ്ക്കുന്നതു് തെറ്റാണോ?”

രാജാവു് ഇത്തിരി വിസ്കി നുണഞ്ഞു. ഗ്ലാസ് തിരിച്ചുമേശപ്പുറത്തുവച്ചു് പിടിവിടാതെ ആ ഗ്ലാസിനെ രണ്ടുനിമിഷം നോക്കിയിരുന്നു.

“അതൊരു തെറ്റല്ല. ഞാനുദ്ദേശിച്ചതു് ആ അർത്ഥത്തിലല്ല. എത്രദിവസത്തേക്കു് നിങ്ങളൊരുക്കുന്ന സൗഭാഗ്യങ്ങൾ എനിക്കനുഭവിയ്ക്കാനാവും? ഏതാനും ആഴ്ചകൾ. ഏറിയാൽ കുറച്ചു മാസങ്ങൾ. എന്തായാലും തിരിച്ചു ചെന്നാൽ പിന്നെയൊരിക്കലും ഈ സുഖസൗകര്യങ്ങൾ എനിക്കു് കിട്ടില്ല. ഒരുപക്ഷെ ഞാൻ അതിൽ ദുഃഖിതനായാലോ? കുറച്ചു ദിവസങ്ങൾ മാത്രമനുഭവിയ്ക്കാനുള്ള സുഖങ്ങളിൽ മുഴുകി ജീവിച്ചു് പിന്നീടു് ആ സുഖങ്ങളെയോർത്തു് സങ്കടപ്പെടുന്നതു് വിഡ്ഢിത്തമല്ലേ?”

“നിങ്ങൾ വന്നപ്പോൾ തുണി തിരുമ്പാൻ ഒരു പൊടി കൊണ്ടുവന്നു. ആ പൊടി വെള്ളത്തിലിട്ടു കലക്കി തുണി കഴുകിയപ്പോൾ ചെളിയും കറയും നീങ്ങിക്കിട്ടി. ഉപയോഗിക്കുന്തോറും ആ പൊടി കുറഞ്ഞുകുറഞ്ഞുവരും. ഒരു ദിവസം പൊടി തീരും. അതുകഴിഞ്ഞാൽ പിന്നെ തുണി പഴയരീതിയിൽ അലക്കേണ്ടിവരും. കറയായാൽ പോവില്ല്യ. ആ സമയത്തു് ‘ഇത്തിരി പൊടി കിട്ടിയിരുന്നെങ്കിൽ’ എന്നു് നമ്മളാഗ്രഹിച്ചുപോവും. എന്നാലോ, പൊടി എവിടന്നു് കിട്ടാൻ! പിന്നീടു് നിരാശരായി ജീവിക്കേണ്ടിവരും”

രാജാവു് പറഞ്ഞതിന്റെ പൊരുൾ കുറേയൊക്കെ ഞങ്ങൾക്കു് മനസ്സിലായി.

“നിങ്ങൾ വിളമ്പിയ ഈ വിസ്കി. കഴിച്ചാൽ കുറച്ചു നാഴിക നല്ല സുഖം. അതു കഴിഞ്ഞാൽ കഴിഞ്ഞു”

“അതാ ഞാൻ പറഞ്ഞതു് സുഖസൗകര്യങ്ങൾ അനുഭവിയ്ക്കാൻ എനിക്കു് പേടിയാവുന്നു. ഞാൻ വന്ന ഉദ്ദേശ്യം മറക്കരുതു്. നിങ്ങളെനിക്കു് എത്രയും വേഗം പാറപൊട്ടിയ്ക്കുന്നിടത്തു് ജോലി ശരിയാക്കിത്തരൂ”

പോറ്റിയുടെ ക്വാറിയിൽ ജോലിക്കെടുക്കാനുള്ള അപേക്ഷയുമായി ഞങ്ങൾ അന്തപ്പൻ വക്കീലിനെ പോയിക്കണ്ടു. പോകുമ്പോൾ രാജാവിനെ ഏറ്റവും മോശം വസ്ത്രം ധരിപ്പിയ്ക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു.

“അന്തപ്പൻ വക്കീലിനു് രാജാവിനെ കാണുമ്പോൾത്തന്നെ ഒരു സഹതാപം തോന്നണം. അതിനു് മുഷിഞ്ഞ ഈ മുണ്ടു് മതിയാവും. പിന്നെ ഈ പഴയ ബനിയനും ധരിച്ചോട്ടെ. അല്ലെ?”

അന്തപ്പൻ വക്കീൽ പ്രത്യേകസ്വഭാവക്കാരനാണെന്നും അദ്ദേഹത്തിനെ സ്വാധീനിക്കാൻ ഒരു പരമസാധുവിനെപ്പോലെ അഭിനയിക്കണമെന്നും അതിനു് ഈ വേഷം സഹായിക്കുമെന്നും പറഞ്ഞപ്പോൾ രാജാവു് സമ്മതിച്ചു.

ഞങ്ങൾ വക്കീലിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ആഗമനോദ്ദേശ്യം അറിയിച്ചു.

അന്തപ്പൻ വക്കീലിനു് അന്നേ അറുപത്തഞ്ചിനോടടുത്ത പ്രായമുണ്ടായിരുന്നു. പക്ഷെ നല്ല ചുറുചുറുക്കു്. ഉറക്കെയുള്ള സംസാരം. മെലിഞ്ഞ ശരീരം. കഷണ്ടി കയറിയ തല. തലമുടി മുഴുവൻ നരച്ചിരിക്കുന്നു. ആറടിയോടടുത്ത ഉയരം. നരച്ച മീശ. സന്തതസഹചാരിയായി ഒരു വാക്കിങ്ങ് സ്റ്റിക്.

കോടതിയിൽ പോയാൽ ആൾ പുലിയായിരുന്നത്രെ. പക്ഷെ പോകുന്ന ദിവസങ്ങൾ ചുരുക്കം. മിക്കവാറും സമയം നാട്ടുകാരെ സഹായിക്കലായിരുന്നു പണി. അതുകൊണ്ടു് നാട്ടുകാർക്കിടയിൽ സമ്മതനാണു്.

ഇങ്ങനെയുള്ളയാളിന്റെ മുമ്പിലേക്കാണു് ഞങ്ങൾ മുഷിഞ്ഞ തുണിധരിച്ച ഹർഷഘോഷരാജാവിനെ കൊണ്ടുചെന്നതു്. വക്കീൽ പൂമുഖത്തു് ചാരുകസാലയിൽ എഴുന്നേറ്റിരിക്കുകയായിരുന്നു.

പൊക്കം കുറഞ്ഞു് മെലിഞ്ഞ രാജാവിനെ വക്കീലൊന്നു് നോക്കി. എന്നിട്ടു് ഞങ്ങളുടെ നേരെ തിരിഞ്ഞു് ചോദ്യഭാവത്തിൽ ദൃഷ്ടിപതിപ്പിച്ചു.

“വക്കീൽസാറേ, ഇതു് രാമൻ. വളരെ ദൂരെയാണു് വീടു്. പട്ടണത്തിൽ ജോലിയന്വേഷിച്ചെത്തിയതാണു്. പോറ്റിയുടെ ക്വാറിയിൽ ആളെ ആവശ്യമുണ്ടു് എന്നറിഞ്ഞു. വക്കീൽസാറൊന്നു് സഹായിക്കണം”

വക്കീൽ എഴുന്നേറ്റു. ഞങ്ങളുടെ അടുത്തെത്തി.

“ആരു്? ഇവനോ? ഇവനു് ഒരിഷ്ടിക എടുത്തുയർത്താനുള്ള ആവതുണ്ടോ? ഇവിടെ മിറ്റമടിച്ചുവാരാൻ ഒരാളെ ആവശ്യമുണ്ടു്. ഇവനു് വേണച്ചാൽ ആ ജോലി ചെയ്യാം”

“അയ്യോ സാറേ, നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരണാണു്. നല്ലപോലെ ജോലിയെടുക്കും...”

“ന്നാൽ ഇവിടത്തെ അടുക്കളയിലെ പണികൂടി കൊടുക്കാം. ന്താ, പാചകം അറിയോ?”

“സാർ, ആളു് മെലിഞ്ഞിട്ടാണു് എന്നുവച്ചാലും നല്ല ശക്തിയാണു്. ക്വാറിയിലെ പണിക്കു് യോജിച്ചയാളാണു്. മാത്രമല്ല, പാവാണു്. നാടും നഗരവുമൊന്നുമായി വലിയ പരിചയമില്ല...”

“അതെന്താ? കാട്ടിലാണോ താമസം?”

ഞങ്ങൾ എന്തുപറയണമെന്നറിയാതെ ഒരുനിമിഷം നിന്നു. ആ സമയത്തു് രാജാവു് മുമ്പാക്കം നീങ്ങി “അതെ, കാട്ടിലാണു്” എന്നു പറഞ്ഞു.

“ഹാ! ഹാ! ഹാ! ഹാ!” അന്തപ്പൻ വക്കീലിന്റെ അട്ടഹാസം അവിടെ മുഴങ്ങി.

“ഉം, തന്നെ കണ്ടാലും തോന്നും. ഏതുവരെ പഠിച്ചു?”

“മലയാളം എഴുതാനും വായിക്കാനും അറിയാം” ഞങ്ങൾ പഠിപ്പിച്ചുകൊടുത്തമാതിരി രാജാവു് പറഞ്ഞു.

“ഇംഗ്ലിഷ് തീരെ വശമില്ല സാർ” ഞാൻ കൂട്ടിച്ചേർത്തു.

“രസികൻ! രസികൻ!! ദാ, ആ സാധനം എങ്ങിനാ കത്തിക്കുന്നേ?” വക്കീൽ ബൾബ് ചൂണ്ടി ചോദിച്ചു.

വക്കീൽ പരീക്ഷിക്കുകയാണു്. സ്വിച്ചിട്ടാൽ ബൾബ് കത്തും എന്നു് ഉത്തരം പറഞ്ഞാൽ ഞങ്ങൾ പറഞ്ഞതു് കള്ളമാണെന്നു് വക്കീലിനു് ബോധ്യമാവും. സ്വിച്ച്, ബസ്, കാർ മുതലായ വളരെ സർവസാധാരണമായ കുറച്ചു വാക്കുകൾ ഞങ്ങൾ രാജാവിനു് പഠിപ്പിച്ചുകൊടുത്തിട്ടുണ്ടു്. അതെങ്ങാനും അദ്ദേഹം പറയുമോ എന്നു് ഞങ്ങൾ പകച്ചു.

എന്നാൽ രാജാവു് ഞങ്ങളുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു.

“ ഞങ്ങൾ സാധാരണ തീയിട്ടാണു് എന്തും കത്തിക്കുന്നതു് ഏമാന്നേ..”

ഞങ്ങൾ ആദ്യമൊന്നമ്പരന്നു. പിന്നെ പതുക്കെ രാജാവു് പറഞ്ഞതിന്റെ അർത്ഥം മനസ്സിലായി. ബൾബ് എങ്ങിനെ കത്തിക്കും എന്നായിരുന്നു ചോദ്യം. എന്തും കത്തിക്കാൻ തീയിലിട്ടാൽ മതിയെന്നു് ഉത്തരവും.

“ഹാ! ഹാ! ഹാ! ഡബിൾ രസികൻ!!” അന്തപ്പൻ വക്കീലിനു് ആ മറുപടി നന്നേ ബോധിച്ചു. അഭിനന്ദനം അറിയിക്കാനായി രാജാവിന്റെ പുറത്തു് തട്ടി. എന്നിട്ടു് ഒരു നിമിഷം നിന്നിട്ടു് രാജാവിന്റെ മസിലുകളിൽ ഞെക്കിനോക്കി.

“ആളേയ്.. ഞാൻ വിചാരിച്ചോണം അല്ല. നല്ല ബലമുള്ള കൂട്ടത്തിലാ. താൻ ഒരു കാര്യം ചെയ്തേ. ആ തൊഴുത്തിന്റെ ഓടു് നാലെണ്ണം ഇളകീട്ടുണ്ടു്. അതൊന്നു് നേരെയാക്കിക്കേ. നോക്കട്ടെ”

ഞങ്ങൾ നോക്കിനില്ക്കെ ഒരഭ്യാസിയുടെ മെയ്വഴക്കത്തോടെ തൊട്ടടുത്ത നെല്ലിമരത്തിൽ കയറി അതിന്റെ ചില്ലയിൽക്കൂടി രാജാവു് തൊഴുത്തിനു മുകളിൽ കയറി. ഒന്നു് ചുറ്റി കണ്ണോടിച്ചു് അദ്ദേഹം ചില ഓടുകൾ നേരെയാക്കി.

“ഏമാന്നേ, ഒന്നുരണ്ടു് മൂലോടിനു് തകരാറുണ്ടു്. ഇത്തിരി കളിമണ്ണു് കിട്ടുംച്ചാൽ ഞാൻ ഉണ്ടാക്കിത്തരാം”

“അതു് പിന്നെയാവാം. താൻ ഇപ്പൊ താഴെയിറങ്ങിക്കേ” എന്നു കല്പ്പിച്ചു് അന്തപ്പൻ വക്കീൽ ഞങ്ങളുടെ നേരെ തിരിഞ്ഞു.

“ആളെ എനിക്കിഷ്ടമായി. അടുത്ത തിങ്കളാഴ്ച മുതൽ ക്വാറിയിൽ വന്നോട്ടെ. കൂലി, ചെയ്യുന്ന ജോലിക്കനുസരിച്ചാവും. ആദ്യത്തെ മാസം നോക്കട്ടെ, ജോലി ശരിക്കു് ചെയ്യുന്നുണ്ടോന്നു്. അതിന്റെ അടിസ്ഥാനത്തിൽ പിന്നെ നിശ്ചയിക്കാം. ങാ, താഴെയിറങ്ങിയല്ലൊ രാമൻ. താൻ നല്ല കാട്ടുജാതിയാ. തനിക്കു് ജോലി തന്നിരിക്കുന്നു. സന്തോഷമായില്ല്യോ? തിങ്കളാഴ്ച മുതൽ വരണം. അതിനിടക്കു് വീട്ടിൽ പോകുന്നുണ്ടെങ്കിൽ തിങ്കളാഴ്ച വരുമ്പോൾ ഇത്തിരി കാട്ടുതേൻ കൊണ്ടുവരണം”

“ഇപ്പൊ കണ്ട ആളൊരു ഌണ്വാ” തിരിച്ചുവരുമ്പോൾ രാജാവു് പറഞ്ഞു. “എന്തൊരു ഉറക്കെയാ അയാളുടെ സംസാരോം ചിരീം!”

“എന്തിനാ രാജാവേ അങ്ങു് കാട്ടുജാതിയാണു് എന്നൊക്കെ പറയാൻ പോയതു്? അങ്ങു്...”

“അതിനെന്താ? എന്റെ ആവശ്യം പാറപൊട്ടിക്കാൻ പഠിക്കുകയാണു്. കുറച്ചുമാസത്തേക്കു് ആ വിദ്വാൻ അങ്ങിനെ ധരിച്ചോട്ടെ. എനിക്കു് ഒരു നഷ്ടവുമില്ല”

തിങ്കളാഴ്ച വരെയുള്ള ദിവസങ്ങൾ ഞങ്ങൾ രാജാവിന്നു് ക്വാറിയിൽ പോകുമ്പോൾ ധരിക്കാനുള്ള വിലകുറഞ്ഞ വസ്ത്രങ്ങൾ തയ്യാറാക്കാനും ബസിൽ ഒറ്റക്കു് യാത്രചെയ്യാനുള്ള പരിശീലനം കൊടുക്കാനും വിനിയോഗിച്ചു.
(തുടരും)


5 comments:

ചിതല്‍/chithal said...

ഏപ്രിൽ മാസത്തിൽ ഞാൻ പുതിയ ജോലിയിൽ പ്രവേശിച്ചു. തുടർന്നിങ്ങോട്ടു് വളരെ ജോലിത്തിരക്കുള്ള സമയമാണു്. അതിനാൽ വേണ്ടത്ര ശ്രദ്ധ കൊടുത്തു് ബ്ലോഗെഴുതാൻ കഴിഞ്ഞ രണ്ടുമാസത്തിലും സാധിച്ചില്ല എന്ന അവസ്ഥ വന്നു.

ഇനിമുതൽ ബ്ലോഗിനു് കുറച്ചുകൂടി സമയം കണ്ടെത്താൻ ശ്രമിക്കാം. പ്രോൽസാഹനം പ്രതീക്ഷിക്കുന്നുണ്ടേ...

വീ കെ said...

തുടരട്ടെ...
ആശംസകൾ..

ajith said...

പുതിയ ജോലിയില്‍ ശോഭിക്കാന്‍ ആശംസകള്‍
കഥ വളരെ രസകരമായി മുന്നേറുന്നുണ്ട്

Sankaran said...

രസികൻ! നല്ല ഉൾക്കാഴ്ച്ചയോടെയുള്ള മുന്നേറ്റം.

വിനുവേട്ടന്‍ said...

ചിതലേ... പുതിയ ജോലിയിൽ പ്രവേശിച്ചതിന് അഭിനന്ദനങ്ങൾ... ചെലവ് വേണംട്ടാ...

പാവം രാജാവ് അപ്പോൾ പാറപ്പണിയ്ക്ക് പോകാൻ പോകുന്നു... നോക്കാം, ന്താണ്ടാവ്വാന്ന്...

തുടരട്ടെ...