Saturday, August 25, 2012

പോലീസും പിസയും


അരുൺ കായംകുളത്തിന്റെ “കമ്മട്ടത്തിന്റെ ഉല്പ്പന്നം തേടി” എന്ന കഥ വായിച്ചപ്പോഴാണു് പണ്ടു് പിസ കഴിക്കാൻ പോയപ്പോൾ പോലീസ് പിടിച്ച സംഭവം ഓർമ്മ വന്നതു്. അതു് പറയാം.

അതായതു്, മദിരാശിയിലുള്ള കാലം. അങ്ങു് തിരുവാണ്മിയൂരിനപ്പുറം വാൽമീകി നഗർ എന്ന സ്ഥലത്തു് കടലിനോടു് ചേർന്നുള്ള ഒരു ഫ്ലാറ്റിൽ താമസിക്കുന്ന സമയം.

ഒരു ദിവസം ഞങ്ങൾ സുഹൃത്തുക്കളൊക്കെക്കൂടി അഡയാറിലുള്ള പിസാ കോർണറിൽ ഒത്തുകൂടാൻ തീരുമാനിക്കുന്നു. ഞാൻ താമസിക്കുന്ന ദിക്കിൽ നിന്നു് 6-7 കി.മീ. ദൂരമുണ്ടു്. അതൊരു പ്രശ്നമല്ല. എനിക്കു് മോട്ടോർ ബൈക്കുണ്ടു്.

ഈ പിസാ (ഇംഗ്ലീഷുകാർ പ്ഭീറ്റ്സാ എന്നു് പറയും) വല്ലപ്പോഴും മാത്രം തിന്നാൻ കൊള്ളാവുന്ന സാധനമാണു്. പക്ഷെ അതല്ല പ്രധാനം; സുഹൃത്തുക്കളുടെ ഒത്തുകൂടലാണു്. മാത്രമല്ല, ആരുടേയോ വക ചെലവുചെയ്യലാണു്.

കൂട്ടത്തിൽ ഒന്നോ രണ്ടോ പേർക്കു് മാത്രം ബൈക്കുണ്ടാകുമ്പോൾ ന്യായമായും അവരുടെ കൂടെ വരാൻ കുറേ പേരുണ്ടാവും. ബൈക്കിൽ അനായാസമായി പോയിവരാം എന്നുള്ള സൗകര്യം കൊണ്ടാണതു്. അതുകൊണ്ടു് എന്റെ കൂട്ടുകാർ പ്രമോദിനേയും അനൂപിനേയും ഞാൻ “പിക്” ചെയ്യാം എന്നേറ്റു.

പക്ഷെ ഒരു പ്രശ്നമുണ്ടു്: തിരുവാണ്മിയൂരിൽ നിന്നു് LB റോഡ് വഴി വേണം അഡയാറിലെത്താൻ. വളരെ തിരക്കുള്ള വലിയ മെയിൻ റോഡാണു്. സ്ഥിരം പോലീസ് ചെക്കിംഗുണ്ടാവും. മൂന്നു പേരൊക്കെ ബൈക്കിൽ പോകുന്നതുകണ്ടാൽ പണികിട്ടും - ഉറപ്പാണു്.

ഒരു പ്രശ്നത്തിനു് ഒരു പോംവഴിയുമുണ്ടു്. LB റോഡിനു ചേർന്നു് നിരവധി ഊടുവഴികളുണ്ടു്. അവയിലൂടെ സഞ്ചരിച്ചാൽ പിസാ കോർണറിന്റെ അടുത്തെത്തും.

അങ്ങിനെ ഞാൻ വണ്ടിയോടിക്കുകയും പ്രമോദും അനൂപും പിന്നിൽ ഞെളിഞ്ഞിരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ബൈക്ക് അഡയാറിലെ ഊടുവഴികളില്ക്കൂടി മൂന്നുപേരെ വച്ചു് ഒരു ഹീറോ ഹോണ്ട സ്പ്ലെൻഡറിനു് പോകാവുന്ന തരക്കേടില്ലാത്ത സ്പീഡിൽ നീങ്ങുന്നു. പരസ്പരം ഓരോ തമാശകൾ പറഞ്ഞു്, ചിരിച്ചു്, ആഘോഷമായി.

കുറച്ചു ദൂരം ചെന്നപ്പോൾ ദേ ഒരാൾ വഴിയുടെ നടുവിലേക്കു് നീങ്ങിനിന്നു് കൈവീശുന്നു. സൂക്ഷിച്ചുനോക്കി. ട്രാഫിക് പോലീസാണു്.

“ജോറായി!” എന്നു് ‘എൽസമ്മ എന്ന ആൺകുട്ടി’യിൽ വിജയരാഘവൻ പറയുന്നപോലെ ഞാനും മനസ്സിൽ പറഞ്ഞു. അനൂപും പ്രമോദും പതുക്കെ ബൈക്കിൽ നിന്നിറങ്ങി.

“എവിടെ നിന്നു് വരുന്നു?”

“തി..രുവാണ്മിയൂർ”

“എങ്ങോട്ടു് പോകുന്നു?”

പെട്ടെന്നു് എനിക്കൊരു ബുദ്ധിതോന്നി. സെന്റിമെന്റ് വർക്കൗട് ചെയ്താലോ? ഒത്താൽ ഒത്തു.

“സർ, ഞങ്ങൾ ബ്ലഡ് ബാങ്കിലേക്കു് രക്തം കൊടുക്കാൻ പോകുന്നു”

ഇൻസ്പെക്ടർ ഒന്നു് ശങ്കിച്ചു. എന്നിട്ടു് ആശുപത്രിയുടെ പേരു് ചോദിച്ചു. ആ ഭാഗത്തുള്ള ഒരു ചെറിയ ആശുപത്രിയുടെ പേരു് ഒട്ടും ശങ്കയില്ലാതെ ഞാൻ പറഞ്ഞു.

ഇൻസ്പെക്ടർക്കു് വീണ്ടും ആശയക്കുഴപ്പം. ആ സന്ദർഭം ഞാൻ മുതലാക്കി.

“സർ, നാളെയാണു് ഓപ്പറേഷൻ. കുറച്ചു് റെയർ ഗ്രൂപ്പാണു്. അതുകൊണ്ടു് ആളെ സംഘടിപ്പിക്കാൻ വൈകി. ഇവർ ചെന്നു് രക്തം കൊടുത്തിട്ടുവേണം നാളത്തെ ഓപ്പറേഷനു് ഡോക്റ്ററെ ഏർപ്പാടാക്കാൻ. സർ പ്ലീസ്..”

അങ്ങേർക്കു് പിന്നേയും കൺഫ്യൂഷൻ. അപ്പോൾ ഞാൻ തുരുപ്പുചീട്ടു് പുറത്തെടുത്തു. ആവുന്നത്ര ദൈന്യത മുഖത്തുപുരട്ടി. എന്നിട്ടു് അക്ഷമയുടെ സ്വരത്തിൽ പറഞ്ഞു:

“സർ, വേഗം ചെല്ലണം. പത്തുമിനുട്ടിനുള്ളിൽ ബ്ലഡ് ബാങ്ക് അടക്കും. നാളത്തെ ഓപ്പറേഷൻ... സർ, പ്ലീസ്”

അതാ, ഇൻസ്പെക്ടരുടെ മുകത്തു് വിഷമം അങ്കുരിച്ചുകഴിഞ്ഞു. അദ്ദേഹം പറഞ്ഞു:

“ശരി. വേഗം പോകൂ. നില്ക്കൂ... മെയിൻ റോഡിൽ കയറേണ്ട. ഇന്നു് ചെക്കിംഗ് കൂടുതലുള്ള ദിവസമാണു്. മറ്റു് പോലീസുകാരുണ്ടാവും. അവരുടെ മുമ്പിൽ ചെന്നു പെടരുതു്. ഉം, ഗോ..!”

ആ പോലീസ് ഇൻസ്പെക്ടരുടെ മുന്നിൽ വച്ചുതന്നെ ഞങ്ങൾ മൂന്നുപേരും ബൈക്കിൽ കയറി യാത്ര പുനരാരംഭിച്ചു.

അന്നു് പിസാ കോർണറിൽ ഇരുന്നു് അനൂപും പ്രമോദും നടന്ന സംഭവങ്ങൾ മറ്റു സുഹൃത്തുക്കളോടു് വിവരിക്കുമ്പോൾ ആത്മനിർവൃതിയോടെ ഒരു ജേതാവിന്റെ ഭാവത്തിൽ ഞാനിരുന്നു. മാത്രമല്ല, അന്നത്തെ കൊക്കകോലയുടെ ചെലവും എന്റെ വകയായി പ്രഖ്യാപിച്ചു.

*        *       *        *        *

അടുത്ത ദിവസം. ദി വെരി നെക്സ്റ്റ് ഡേ...

അഡയാറിലെ ഊടുവഴികളിൽ കൂടി ആപ്പീസിലേക്കു് വണ്ടിയോടിക്കുമ്പോഴും തലേന്നത്തെ സാഹസത്തിന്റെ ഹാങ്ങോവറിലായിരുന്നു ഞാൻ. ഇൻസ്പെക്ടറെ കണ്ടുമുട്ടിയ സ്പോട്ടിലെത്തിയപ്പോൾ ഞാൻ വെറുതേ ബൈക്കിന്റെ സ്പീഡ് കുറച്ചു് ചുറ്റിനും കണ്ണോടിച്ചു.

അതാ, തലേന്നു് കണ്ട സ്പോട്ടിൽ അതേ പോലീസുകാരൻ.

അയൾ എന്നേയും കണ്ടുകഴിഞ്ഞു. ദേ, എന്റെ നേരെ നടന്നുവരുന്നു. ബൈക്ക് നിർത്താൻ കൈ കാണിക്കുന്നുമുണ്ടു്.

“താനല്ലെ, ഇന്നലെ രണ്ടു പേരെ ബ്ലഡ് ബാങ്കിലേക്കു് കൊണ്ടുപോയിരുന്നതു്?”

“അതെ സർ. സാറിന്റെ മനസ്സിനു് നന്ദി. സമയത്തിനെത്തിയതുകൊണ്ടു് ബ്ലഡ് എടുക്കാൻ പറ്റി. ഞാൻ ആശുപത്രിയിലേക്കാണു്. ഓപ്പറേഷൻ ഇപ്പൊ തുടങ്ങും“

”വെരിഗുഡ്. ഏതായാലും ഇന്നലത്തെ ഫൈൻ അടച്ചിട്ടു് പൊയ്ക്കൊള്ളു. എത്ര അത്യാവശ്യത്തിനായാലും ഇന്നലെ ചെയ്തതു് നിയമലംഘനമല്ലേ?“

സ്തബ്ധനായി ഞാൻ നില്ക്കുമ്പോൾ ഫൈൻ റസീറ്റ് ബുക്കിൽ എന്റെ വണ്ടിയുടെ വിവരങ്ങൾ പതിഞ്ഞുതുടങ്ങി.

Sunday, July 29, 2012

ടിക്കറ്റ് ചെക്കിങ്



‘യാത്രകൾ നല്ല ഗുരുക്കന്മാരാണു്; മറക്കാനാവാത്ത അനുഭവങ്ങൾ അവ സമ്മാനിക്കുന്നു’ എന്നു് പറഞ്ഞതാരാവും എന്നറിയില്ല. എങ്കിലും അതു് സത്യമാണെന്നു് എനിക്കു് പലപ്പോഴും തോന്നിയിട്ടുണ്ടു്.

യാത്രകൾ തരുന്ന അനുഭവസമ്പത്തു് നമുക്കു് നേരിടേണ്ടിവരുന്ന സന്ദർഭങ്ങൾ മുഖാന്തിരം തന്നെ വേണമെന്നില്ല. ചിലപ്പോൾ സഹയാത്രികരുടെ അനുഭവങ്ങളാവാം. മറ്റു ചിലപ്പോൾ ആരെങ്കിലും പറയുന്ന കഥകളാവാം. ഏതായാലും ഒന്നു് സത്യമാണു്. മിക്ക യാത്രകളും നല്ല ഗുരുക്കന്മാരാണു്. അനുഭവങ്ങൾ മറ്റുള്ളവരുടേതാകുമ്പോൾ നിർമമതയോടെ മാറിനിന്നു് അവ ചുരുളഴിയുന്ന മുറക്കു് നോക്കിക്കാണുന്ന ഒരുതരം “ക്രൂരത”യിലേക്കു് ചിലപ്പോൾ നമ്മെ നയിക്കാറുണ്ടെങ്കിലും.

തീവണ്ടിയിൽ വച്ചു് ശീട്ടുകളിക്കുകയും പോലീസ് പിടിച്ചു് പെറ്റിക്കേസ് ചാർജ്ജ്‌ ചെയ്യുമെന്നു് പറഞ്ഞപ്പോൾ “പെറ്റിയടിക്കുന്നതു് ശീട്ടുകളിച്ചതുകൊണ്ടാക്കണ്ട; എന്റെ കൂടെ പോരെ; കൂടുതൽ വകുപ്പുണ്ടാക്കിത്തരാം” എന്നും പറഞ്ഞ സഹയാത്രികനെ ഓർമ്മ വരുന്നു. മറ്റൊരിക്കൽ ചില സഹയാത്രികർ തമ്മിൽ നടത്തിയ സംഭാഷണം “സംശയം” എന്ന പേരിൽ ഞാൻ മുമ്പു് പോസ്റ്റിയിട്ടുമുണ്ടു്.

ഇത്തവണയും പറയാൻ പോവുന്നതു് ഒരു തീവണ്ടി യാത്രയുടെ കഥയാണു്.

കുറച്ചുകാലം മുമ്പു് ബാംഗ്ലൂരിൽ നിന്നു് തൃശ്ശൂർക്കു് വരുന്നു. നാട്ടിലേക്കുള്ള ഇത്തരം യാത്രകളിൽ സ്വതവേ പാലക്കാടു് കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പറ്റാറില്ല. നാട്ടിലെത്തുന്ന ആവേശത്തിലായിരിക്കും. കേരളത്തിന്റെ ഹരിതാഭയും മഴക്കാലമാണെങ്കിൽ നനഞ്ഞുകിടക്കുന്ന ഭൂമിയും നിളയും ആസ്വാദ്യമായ കാഴ്ചയാണു്; പ്രവാസികൾക്കു് പ്രത്യേകിച്ചു്.

ഇത്തവണയും അതിരാവിലെ പാലക്കാട്ടെത്തിയപ്പോൾ ഉണർന്നതാണു്. ബെർത്തിൽ നിന്നിറങ്ങി. സഹയാത്രികർ നല്ല ഉറക്കം.

കുറച്ചുസമയം കേരളം ആസ്വദിക്കാം. ഒഴിഞ്ഞുകിടന്ന സൈഡ് ബെർത്തിലേക്കു് മാറിയിരുന്നു. ട്രെയിൻ സ്റ്റേഷൻ വിട്ടു് ഓടിത്തുടങ്ങിയിരിക്കുന്നു. അടുത്ത സ്റ്റേഷൻ ഒറ്റപ്പാലം. അതു കഴിഞ്ഞു് വടക്കാഞ്ചേരി, പിന്നെ തൃശ്ശൂർ. ഈ ഭാഗത്തെ ഓരോ നിമിഷത്തെ കാഴ്ചകളും സാമാന്യം പരിചയമുള്ളവ തന്നെ.

ബാഗ് തുറന്നു. ബ്രഷ്-പേസ്റ്റ്-ചീപ്പു്-രാസ്നാദിപ്പൊടി എന്നിവയടങ്ങിയ പൊതി പുറത്തെടുത്തു. തല്ക്കാലം മുടി ഒന്നു് ചീകി. കുറച്ചുസമയം ബെർത്തിൽ കാൽ നീട്ടിവച്ചു് ഇരുന്നു. ബാക്കിയുള്ളവർ ഇപ്പോഴും ഉറക്കം തന്നെ.

ഒറ്റപ്പാലത്തു് വണ്ടി നിർത്തിയപ്പോൾ 3-4 വിദ്യാർത്ഥികൾ കോച്ചിൽ കയറി. റിസർവേഷൻ കോച്ചിൽ സാധാരണ ടിക്കറ്റുമായി കയറിപ്പറ്റുന്ന ഇത്തരക്കാരെ പൊതുവേ എനിക്കിഷ്ടമല്ല. ഇവരുടെ ശീലം എന്നുപറയുന്നതു്, കിട്ടുന്ന സ്ഥലത്തൊക്കെ ഇരിപ്പുറപ്പിക്കും. ഉറക്കെ വർത്തമാനം തുടങ്ങും. ചിലപ്പോൾ മൊബൈലിലാവും. ചർച്ചാവിഷയം രാഷ്ട്രീയമാണെങ്കിൽ പറയുകയും വേണ്ട. ഉറങ്ങുന്നവരെ മുഴുവൻ ഉണർത്തും.

പതിവു് തെറ്റിയില്ല. പയ്യന്മാരിൽ രണ്ടുപേർ എന്റെ അടുത്തും മറ്റുരണ്ടു പേർ എതിരെയുള്ള ബെർത്തിലും ഇരുന്നു് വർത്തമാനം തുടങ്ങി. എനിക്കാണെങ്കിൽ അരോചകത്വവും തുടങ്ങി.

ഇനിയിപ്പൊ എന്തു ചെയ്യും എന്നാലോചിച്ചിരിക്കുമ്പോഴാണു് ആ വാർത്ത കേട്ടതു്:

തീവണ്ടിയിൽ ടിക്കറ്റ് സ്ക്വാഡ് കയറി പരിശോധന നടത്തുന്നു!

ടിക്കറ്റെടുക്കാത്തവരേയും സാധാരണ ടിക്കറ്റെടുത്തു് റിസർവേഷനുള്ള കംപാർട്ടുമെന്റിൽ യാത്രചെയ്യുന്നവരേയും തെരഞ്ഞുപിടിക്കലാണു് ഇവരുടെ ഉദ്ദേശ്യം. അത്തരക്കാർ ഫൈൻ അടക്കേണ്ടിവരും. എനിക്കു് സന്തോഷമായി. ഒപ്പം ശല്യക്കാർ വിദ്യാർത്ഥികൾക്കു് പരിഭ്രമവും.

“അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തുമ്പൊ ഇറങ്ങാം; അതിനിടക്കു് സ്ക്വാഡ് ഈ കോച്ചിൽ എത്തിയില്ലെങ്കിൽ” - ഒരാൾ പറഞ്ഞു.

എനിക്കു് തെല്ലു് നിരാശ തോന്നി. ഒപ്പം സ്ക്വാഡ് എത്രയും പെട്ടെന്നു് ഇവിടെയെത്തണേ എന്നു് മനസ്സിൽ പറയുകയും ചെയ്തു.

എന്റെ പ്രാർത്ഥന ഫലിച്ചെന്നു് പറഞ്ഞാൽ മതിയല്ലൊ. കോച്ചിന്റെ ഒരറ്റത്തു് അവരെത്തിക്കഴിഞ്ഞു. ഞങ്ങളുടെ അടുത്തെത്താൻ പത്തുമിനുട്ടിൽ കൂടുതൽ വേണ്ട.

ഞാനെഴുന്നേറ്റു് ടോയ്ലെറ്റിലേക്കു് നടന്നു. സ്ക്വാഡ് എത്തുമ്പോൾ നടക്കാൻ പോകുന്ന തമാശ അല്ലലില്ലാതെ കാണണം.

മൂത്രമൊഴിച്ചു് ടോയ്ലെറ്റിനു പുറത്തു കടന്നപ്പോൾ വിദ്യാർത്ഥികളിൽ ഒരുവൻ കോച്ചിന്റെ വാതിൽക്കൽ നില്ക്കുന്നു. ‘ട്രെയിനിൽ നിന്നു് ചാടാനുള്ള പ്ലാനാണോ? നടക്കില്ല മോനെ, നിന്റെ കാര്യം പോക്കാ!’ എന്നു് മനസ്സിൽ ചിരിച്ചു് ഞാൻ തിരിച്ചു് സീറ്റിലെത്തി. അതേ സമയത്തു് സ്ക്വാഡും എത്തി ചെക്കിംഗ് തുടങ്ങി. അവിടെയുണ്ടായിരുന്ന മൂന്നു് വിദ്യാർത്ഥികളേയും അവർ പിടിച്ചു. ഭീകര ഫൈനടക്കാൻ പറഞ്ഞപ്പോൾ വിദ്യാർത്ഥികൾ അവരുടെ കാൽക്കൽ വീണു് കേണു. ഉച്ചക്കു് ഊണുകഴിക്കാനുള്ള കാശുമാത്രമേ തങ്ങളുടെ പക്കലുള്ളു എന്നൊരുത്തൻ പറഞ്ഞപ്പോൾ, ചെയ്യുന്ന ജോലിയോടു് ആത്മാർത്ഥതയില്ലാത്ത സ്ക്വാഡിന്റെ മനസ്സലിഞ്ഞു. ഇനി ഇതാവർത്തിക്കരുതെന്നു് താക്കീതും കൊടുത്തു് അവർ നടന്നു് നീങ്ങി.

ഞാനാകെ ഐസായി എന്നു് പറഞ്ഞാൽ മതിയല്ലൊ. ടിക്കറ്റ് സ്ക്വാഡിനെക്കുറിച്ചു് എനിക്കുണ്ടായിരുന്ന മതിപ്പൊക്കെ നിമിഷനേരം കൊണ്ടു് ഇല്ലാതായി. വിദ്യാർത്ഥികളാണെങ്കിൽ ഒന്നും സംഭവിക്കാത്തമട്ടിൽ ഉറക്കെയുള്ള വർത്തമാനം പുനരാരംഭിച്ചിരിക്കുന്നു.

അപ്പോഴേക്കും നേരത്തേ വാതിൽക്കൽ നിന്നിരുന്ന നാലാമനും അവിടെ എത്തിച്ചേർന്നു. അവനെ കൂട്ടുകാർ സ്വീകരിച്ചിരുത്തി. അതിവിദഗ്ദ്ധമായി സ്ക്വാഡിനെ നേരിട്ട കഥ അവനു് വിവരിച്ചു. അവനാ കഥ കേട്ടു് കൈകൾ തലക്കുപിന്നിൽ കെട്ടി പിന്നോട്ടാഞ്ഞു് ഒന്നു് ചിരിച്ചു.

“അല്ല, ആ സമയത്തു് നീയെങ്ങോട്ടു് പോയി? അവന്മാരു് നിന്നെ പിടിച്ചില്ലല്ലോ?”

“ഹും! അതിനു് സ്ക്വാഡ് രണ്ടാമതു് ജനിക്കണം!”

“നീയെന്തു് ചെയ്തു?”

“അതോ? സ്ക്വാഡ് വരുന്നതുകണ്ടു് ഞാൻ വാതിലിനടുത്തേക്കു് ചെന്നു. അവർ അടുത്തെത്തുന്നതിനുമുമ്പു് ഞാൻ ഭേഷായിട്ടു് പല്ലുതേക്കാൻ തുടങ്ങി! അവർ വന്നു് ടിക്കറ്റ് ചോദിച്ചപ്പോൾ `അച്ഛന്റേയും അമ്മയുടേയും അടുത്താണു്, സാർ ചെക്ക് ചെയ്തുകാണും‘ എന്നു് പറഞ്ഞു. പിന്നെ, ഇന്നലെ രാത്രി കയറിയവരല്ലേ രാവിലെ വണ്ടിയിൽ പല്ലുതേക്കേണ്ടതുള്ളു, ഇന്നു രാവിലെ വണ്ടിയിൽ കയറിയവർ വണ്ടിയിൽവച്ചു് ഏതായാലും പല്ലുതേക്കില്ലല്ലോ എന്നൊക്കെ വിചാരിച്ചു് കൂടുതലൊന്നും ചോദിക്കാതെ അവരങ്ങു് പോയി!”

കൂട്ടുകാർ അവനെ കെട്ടിപ്പിടിച്ചു. നാലുപേരും ആവോളം ചിരിച്ചു. ചിരി അടങ്ങിയപ്പോൾ ഒരുത്തൻ ചോദിച്ചു:

“ആ സമയത്തു് പല്ലുതേക്കാൻ നീയെവിടുന്നാ ടൂത്ത്‌ബ്രഷ് സംഘടിപ്പിച്ചതു്?”

“അതു് ഇവിടെ കിടന്നിരുന്ന ബ്രഷും പേസ്റ്റും ഞാനങ്ങു് എടുത്തു. അത്രതന്നെ! ആരുടെയാ എന്നൊന്നും നോക്കാൻ നിന്നില്ല!”

ഞാൻ സൂക്ഷിച്ചു് നോക്കി. ആ കശ്മലൻ ഉയർത്തിക്കാണിക്കുന്ന ടൂത്ത്‌ബ്രഷ്.. ഈശ്വരാ! അതു് എന്റെയല്ലേ?

അതെ...



Tuesday, June 5, 2012

ഒരു മലയാളം ഫോണ്ടുണ്ടാക്കിയാലോ - 6

“കുറേ മാസത്തിനു് ശേഷം ദേ ഇയാൾ വീണ്ടും വന്നിരിക്കുന്നു!” എന്നു് നിങ്ങൾ അല്ഭുതപ്പെടുന്നുണ്ടാവും. എന്താ ചെയ്യാ, വല്ലാത്ത തിരക്കായിപ്പോയി.


ആദ്യം ഒരു ശുഭവാർത്ത: എനിക്കൊരു ആൺകുട്ടി ജനിച്ചിരിക്കുന്നു! ഇപ്പൊ എട്ടുമാസമായി. സുഖമായി ഇരിക്കുന്നു. “തുമ്പി” എന്ന ബൂലോകനാമം ഇട്ടു; വീട്ടിൽ വച്ചുവിളിക്കാൻ സിദ്ധാർത്ഥ് എന്നും.

ഇനി തിരിച്ചു ഫോണ്ടിലേക്കു്. ഈ ഭാഗത്തിൽ മൈക്രോസോഫ്ടിന്റെ ഔദ്യോഗികമായി നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ലിഗേച്ചറുകൾ ഉണ്ടാക്കുന്ന രീതി കൂടി പറയാം. ഇതോടെ ഫോണ്ട് ലേഖനപരമ്പര നിർത്തുകയാണു്. അവശേഷിക്കുന്ന ഭാഗം കേർണിംഗ് (kerning - അക്ഷരങ്ങൾ തമ്മിലുള്ള അകലം അക്ഷരസമുച്ചയങ്ങൾക്കനുസരിച്ചു് മാറ്റുന്ന പ്രക്രിയ) ആണു്; അതു് ഞാൻ പ്രതിപാദിക്കുന്നില്ല. താൽപര്യമുള്ളവർ ഈമെയിൽ അയക്കുമല്ലൊ.

ഈ ലിങ്കിൽ പോയി നോക്കിയിട്ടുണ്ടാവുമല്ലൊ? Glossary എന്ന ഭാഗത്തു് കൊടുത്തിരിക്കുന്ന പട്ടിക ശ്രദ്ധിച്ചു വായിക്കുക. ലിഗേച്ചറുകളുടെ നിർമ്മാണത്തിൽ വളരെ ആവശ്യമുള്ള ഒരു പറ്റം വിവരമാണു് ഇതിൽ പറഞ്ഞിട്ടുള്ളതു്. ഏതൊക്കെ സന്ദർഭങ്ങളിൽ ഏതു തരം ലിഗേചർ ഉപയോഗിക്കണം എന്നതു് ഈ പട്ടിക നോക്കി വിലയിരുത്തേണ്ടതുണ്ടു്.

മൈക്രോസോഫ്റ്റ് ലേഖനത്തിന്റെ രണ്ടാം പേജിൽ GSUB എന്ന ഭാഗത്തു് പറഞ്ഞിട്ടുള്ള shaping features എന്ന ഭാഗം ശ്രദ്ധിക്കുക. വിവിധ തരം ലിഗേച്ചറുകളിൽ ഏതാണു് ആദ്യം ചുമത്തപ്പെടുക, ഏതാണു് പിന്നീടു് ചുമത്തപെടുക എന്നുള്ള ക്രമം വിശദീകരിച്ചിട്ടുണ്ടു്. അതുപോലെ ലിഗേച്ചറുകളെ ക്രമപ്പെടുത്തിയശേഷം അവയെ ദൃശ്യവല്ക്കരിക്കുന്ന ക്രമവും വിവരിച്ചിട്ടുണ്ടു്. ഇവ രണ്ടും സൂക്ഷിച്ചു പഠിച്ചാലേ നല്ല ലിഗേച്ചറുകൾ ഉണ്ടാക്കാനാവൂ.

(ഞാൻ നേരത്തെ പറഞ്ഞ kerning പ്രതിപാദിക്കപ്പെടുന്നതു് രണ്ടാം പേജിൽ തന്നെ GPOS എന്ന ഭാഗത്താണു്. താല്പര്യമുള്ളവർ ശ്രദ്ധിക്കുക)

ഒരു കാര്യം കൂടി പറഞ്ഞു നിങ്ങളെ പേടിപ്പിച്ച ശേഷം ലിഗേച്ചറുണ്ടാക്കാൻ തുടങ്ങാം:

Zero width joiner (ZWJ) എന്നും zero width non-joiner (ZWNJ) എന്നും കേട്ടിട്ടുണ്ടല്ലൊ? (കേട്ടിട്ടില്ലെങ്കിൽ പേജുകൾ ഒന്നുകൂടി മനസ്സിരുത്തി വായിക്കുക, കൂടാതെ ഇതുവരെ ഉണ്ടാക്കിയ അക്ഷരരൂപങ്ങളും എടുത്തുനോക്കുക). ZWJ ഉപയോഗിച്ചാൽ കൂട്ടക്ഷരം ഉണ്ടാക്കുന്നതു് തടയാനാവും. എന്നാൽ ചില്ലക്ഷരങ്ങൾ സൃഷ്ടിക്കപ്പെടും. ZWNJ ഉപയോഗിക്കുമ്പോൾ ചില്ലക്ഷരം ഉണ്ടാവുന്നതും രോധിക്കപെടുന്നു.

ഉദാഹരണത്തിനു്, ന + ചന്ദ്രക്കല + ZWJ = ൻ (ചില്ലക്ഷരം)

ന + ചന്ദ്രക്കല + ZWNJ = ന്‌

അതായതു്, ചില്ലക്ഷരത്തിന്റെ ലിഗേച്ചർ ഉണ്ടാക്കുമ്പോൾ ZWJ കൊടുക്കാൻ മറക്കരുതു്. അഥവാ മറന്നു് ന + ചന്ദ്രക്കല = ൻ എന്നു പറഞ്ഞുപോയാൽ ചിലപ്പോൾ “ചന്ദ്രൻ” എന്നെഴുതിയാൽ നമ്മുടെ ഫോണ്ടിൽ വായിക്കുമ്പോൾ “ചൻദ്രൻ” എന്നു് കണ്ടേക്കും.

കൂട്ടത്തിൽ പറയട്ടെ, വരമൊഴി പോലെയുള്ള സോഫ്റ്റ്വെയറുകൾ എങ്ങിനെ പ്രവർത്തിക്കുന്നു എന്നൊരു ചെറിയ ധാരണ ഇപ്പോൾ കിട്ടിയോ? pon_naaLam എന്നെഴുതുമ്പോൾ പൊന്നാളം എന്നു വരാതെ പൊൻനാളം എന്നു കൃത്യമായി കാണാൻ സാധിക്കുന്നതു്, നമ്മൾ ഇട്ട അണ്ടർസ്കോറിനെ വരമൊഴി ഒരു ZWJ ആയി മാറ്റുന്നതുകൊണ്ടാണു്. ഇതുപോലെ ഓരോ സന്ദർഭങ്ങളിലും വരമൊഴി പോലുള്ള സോഫ്റ്റ്വെയറുകൾ (ഫോണ്ട് എഞ്ജിനുകൾ എന്നു് പൊതുവിൽ പറയാം) എങ്ങിനെ പ്രവർത്തിക്കുന്നു എന്നു് ആലോചിക്കുന്നതു് ഒരു നല്ല കാര്യമായിരിക്കും.

ഇനി ലിഗേച്ചറുകൾ നോക്കിത്തുടങ്ങാം. ഫോണ്ട്ഫോർജിൽ Element->Font Info എന്ന മെനുവിൽ ക്ലിക്കി തുടർന്നു കിട്ടുന്ന വിൻഡോയിൽ ഇടതുവശത്തു് Lookupൽ ക്ലിക്കിയാൽ GSUB പട്ടികയും GPOS പട്ടികയും കാണാൻ സാധിക്കും.



മുകളിൽ കാണിച്ചിരിക്കുന്നതു് അഞ്ജലി പഴയലിപിയുടെ സ്ക്രീൻ ആണു്. നമുക്കു് ഓരോ ലിഗേച്ചറും വെവ്വേറെ ഉണ്ടാക്കണം. അതിനു് താഴെ പറയുന്ന പോലെ ചെയ്യുക. ഒരു ഉദാഹരണം എന്ന നിലക്കു് “അഖണ്ഡ്” (akhand - akhn) എന്ന ലിഗേചർ ആദ്യമെടുക്കാം.

നേരത്തെ പറഞ്ഞ മെനുവിൽ നിന്നു് GSUB പട്ടിക തുറക്കുക. ഇപ്പോൾ അതിൽ ഒന്നുമുണ്ടാവില്ല.




വലതുവശത്തു് Add Lookup എന്ന ബട്ടൺ ഞക്കുക (കൈകൊണ്ടല്ല, മൗസ് കൊണ്ട്). അപ്പോൾ താഴെക്കാണും വിധം പുതിയ ഒരു വിൻഡോ തുറക്കും:



മുകളിലെ ബട്ടൺ ഞെക്കിയപ്പൊ വരുന്ന ഓപ്ഷൻസ് കണ്ടോ? അഖണ്ഡ് എന്ന ലിഗേച്ചറിനു് വേണ്ടതു് Ligature substitution എന്ന ഐച്ഛികമാണു്. അതു് തെരഞ്ഞെടുക്കുക.



തുടർന്നു് തൊട്ടുതാഴെ Feature എന്നു പറഞ്ഞിരിക്കുന്നതിനു താഴെ നു വലതുവശത്തുള്ള ചെറിയ പെട്ടിയിൽ ഞെക്കിയാൽ നമുക്കു വേണ്ട ലിഗേചർ തെരഞ്ഞെടുക്കാം. കാണിക്കുന്ന ഐച്ഛികങ്ങളിൽ ഒന്നു് അഖൻഡ് ആണെന്നു് ശ്രദ്ധിച്ചിരിക്കുമല്ലൊ.


അപ്പൊ അഖണ്ഡ് തെരഞ്ഞെടുക്കുക. താഴെക്കാണും വിധം കിട്ടും:


Scripts & Languagesൽ പോയി mlym മാത്രം നിലനിർത്തിയാലും മതിയാകും. ഇനി ഓക്കെ അടിക്കുക.


ഇപ്പോൾ വലതുവശത്തു് മുമ്പു് വ്യക്തമല്ലാതിരുന്ന പല ബട്ടനുകളും തെളിഞ്ഞിട്ടുണ്ടു്. അതിൽ Add subtable എന്ന ബട്ടൺ ഞെക്കുക.


ഓക്കെ അടിച്ചാൽ മുന്നോട്ടു പോകാം


ഇനിയങ്ങോട്ടു് നാം ലിഗേചർ ആദ്യഭാഗത്തു ചെയ്തപോലെ, ഇടതുവശത്തു് ലിഗേചറിന്റെ പേരു്, വലതുവശത്തു് ആ ലിഗേചറിന്റെ ഘടകാക്ഷരനാമങ്ങൾ എന്നിവ കൊടുക്കുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ചന്ദ്രക്കലയോടൊപ്പം ല, ര, റ മുതലായവ വരുന്ന കൂട്ടക്ഷരങ്ങൾ (ഉദാ: ക + ചന്ദ്രക്കല + ല = ക്ല, ക + ചന്ദ്രക്കല + ര = ക്ര) ഇവിടെ ചേർക്കരുതു്. ഓരോന്നിനും അതിന്റേതായ സ്ഥലമുണ്ടു്. സദ്യക്കു് വിളമ്പുമ്പോൾ ഓരോ കറിക്കും അതിന്റേതായ സ്ഥാനമുള്ളതുപോലെ.

അഞ്ജലി പഴയലിപിയുടെ ഒരു അഖണ്ഡ് പട്ടികയാണു് താഴെ:


മൈക്രോസോഫ്റ്റിന്റെ മൂന്നാം പേജിൽ പറഞ്ഞിട്ടുള്ള എല്ലാ ലിഗേചറുകളും സൃഷ്ടിക്കണം എന്നില്ല. ആവശ്യമുള്ളവ നിർമ്മിച്ചാൽ മതിയാവും.

ശരി, ഇനി അടുത്ത ലിഗേചർ - Below base forms - blwf

അക്ഷരങ്ങളേ ലിഗേചർ കൊണ്ടു് ആദേശം ചെയ്യുമ്പോൾ മുൻപത്തെ അക്ഷരത്തിനെ ചുവട്ടിലാണു് മാറ്റം വരുന്നതെങ്കിൽ അതിനു് ഇത്തരം ലിഗേചർ ഉപയോഗിക്കാം. ഏറ്റവും നല്ല ഉദാഹരണം ക + ് + ല = ക്ല (ക എന്ന അക്ഷരത്തിനു ചുവട്ടിൽ ല എന്ന ചിഹ്നം വന്നതു് ശ്രദ്ധിക്കുക) ആണു്.

ഇതിനു് രണ്ടു് പട്ടിക തയ്യറാക്കണം.

ആദ്യം, ഒരു സാധാരണ ലിഗേചർ പട്ടിക തയ്യാറാക്കുക. ഇതു് എങ്ങിനെ ചെയ്യണം എന്നു് മുമ്പിലത്തെ അദ്ധ്യായത്തിൽ നോക്കി മനസ്സിലാക്കുമല്ലൊ. എന്നിട്ടു് ചന്ദ്രക്കല + ല = ല ചിഹ്നം എന്ന ലിഗേചർ നിയമം സൃഷ്ടിക്കുക. അതുപോലെ, മറ്റൊരു പട്ടികയിൽ ചന്ദ്രക്കല + ള = ല ചിഹ്നം എന്നും ചേർക്കുക.

ഇനി വേണ്ടതു് എപ്പോഴൊക്കെ ഈ മാറ്റം നടത്തണം എന്നു് ഫോണ്ടിനോടു് പറയലാണു്. അതിനു് കുറച്ചു പണിയുണ്ടു്.

പുതിയ Lookup പട്ടികയുണ്ടാക്കുന്ന സ്ക്രീനിൽ പോയി പട്ടികയുണ്ടാക്കുക. Type എന്നുള്ളിടത്തു് Contextual Chaining substitution തെരഞ്ഞെടുക്കുക.


Featureൽ blwf എന്നു ചേർത്ത ശേഷം Script(s) & Language(s)ൽ mlym{dflt} എന്നു ചേർക്കുക.

ഇനി പറ്റിയ ഒരു പേരു കൊടുത്തു് പട്ടിക സേവ് ചെയ്യാം.

അടുത്തതായി ഈ ടേബിൾ സിലെക്റ്റ് ചെയ്തു് Add Subtable ക്ലിക്കുക. പറ്റിയ ഒരു പേരു കൊടുത്തുകഴിഞ്ഞാൽ പരിചയമില്ലാത്ത ഒരു സ്ക്രീൻ വരും:


ഇതിൽ By Coverage ക്ലിക് ചെയ്തശേഷം Next അടിക്കുക. അപ്പൊ ഇതുപോലെയാവും:


ഇതിൽ വേണ്ടതു്, നമ്മുടെ ലിഗേചറിലുള്ള ഗ്ലിഫ്ഫുകളെ ചേർക്കുകയും ഏതൊക്കെ അക്ഷരത്തിനു ശേഷം വന്നാലാണു് ലിഗേചർ ഉപയോഗിക്കേണ്ടതു് എന്നു നിയമമുണ്ടാക്കുകയുമാണു്.

Glyphs in the coverage tables എന്നു കാണുന്നതിനു തൊട്ടുചുവട്ടിൽ <New>കണ്ടില്ലേ? അതിനു വലതുവശത്തു് ഒരു ചെറിയ ചതുരപ്പെട്ടിയും കണ്ടില്ലേ? ആ ചതുരപ്പെട്ടിയിൽ ക്ലിക്കിയാൽ ഏതൊക്കെ ഗ്ലിഫ്ഫുകൾ വേണം എന്നു് തെരഞ്ഞെടുക്കാം. അതിനുതകുന്ന രീതിയിൽ ഇതുവരെ ഫോണ്ടിൽ നമ്മളുണ്ടാക്കിയിട്ടുള്ള ഗ്ലിഫ്ഫുകൾ തെളിഞ്ഞുവരും. ആദ്യം ചന്ദ്രക്കല തെരഞ്ഞെടുക്കുക. Ok അടിക്കുക. വീണ്ടും New ക്ലിക് ചെയ്തു് ചറ്റുരപ്പെട്ടിയിൽ ഞെക്കി ല എന്ന ഗ്ലിഫ്ഫും തെരഞ്ഞെടുക്കുക.

അതിനു തൊട്ടു താഴെ Apply lookupൽ നമ്മൾ ഇത്തിരിമുമ്പേ ഉണ്ടാക്കിയ ലിഗേചർ പട്ടികയുടെ പേരു തെരഞ്ഞെടുക്കുക. at position എന്നുള്ളയിടത്തു് 0 (അതായതു് zero) എന്നു കൊടുത്തോളു.

ഇനി മുകളിൽ Matchനു തൊട്ടടുത്തു് Backtrack എന്ന ടാബിൽ ക്ലിക് ചെയ്യുക. അവിടേയും New കാണാം. വലതുവശത്തെ ചതുരപ്പെട്ടിയിൽ ക്ലിക് ചെയ്തു് ഏതൊക്കെ ഗ്ലിഫ്ഫുകൾക്കു ശേഷം ചന്ദ്രക്കല+ല വന്നാലാണു് “്ല”ക്കു പകരം ല ചിഹ്നം സ്ഥാപിക്കേണ്ടതു് എന്നു തെരഞ്ഞെടുക്കുക. ഇനി ഇവയിലേതെങ്കിലും ഗ്ലിഫ്ഫിനു ശേഷം ചന്ദ്രക്കലയും തൊട്ടുപിന്നാലെ ല എന്ന അക്ഷരവും വന്നാൽ ല ചിഹ്നമായി മാറും. മുമ്പത്തെ അക്ഷരത്തിനു ചുവട്ടിൽ വരികയും ചെയ്യും.

Lookaheadൽ ഒന്നും ചെയ്യേണ്ട. ഇനി Ok അടിച്ചു ടേബിൾ സേവ് ചെയ്യാം.

അടുത്ത ലിഗേചർ - post-base - pstf

മൈക്രോസോഫ്റ്റ് സൈറ്റിൽ ശ്രദ്ധിച്ചാൽ മനസ്സിലാവും, വേണ്ടതു് 3 ലിഗേചറുകളാണു്. സാധാരണ ലിഗേച്ചറുകൾ. ക + ചന്ദ്രക്കല + ര = ക്ര, ക + ചന്ദ്രക്കല + യ = ക്യ, ക + ചന്ദ്രക്കല + വ = ക്വ എന്നിങ്ങനെ ഉദാഹരിക്കാം.

ഇനി presentation formsലേക്കു്.

അതായതു് ഇത്രയും നേരം നമ്മൾ ചെയ്തതു് ലിഗേചർ ഉണ്ടാക്കലായിരുന്നു. ഇനി വേണ്ടതു് അവയെ പ്രദർശിപ്പിക്കുമ്പോൾ എന്തെങ്കിലും മാറ്റം വേണമെങ്കിൽ അവ ചെയ്യലാണു്. ഉദാഹരണത്തിനു്, ക + ചന്ദ്രക്കല + വ = ക്വ എന്നു ഇപ്പൊ പറഞ്ഞതേയുള്ളു. പക്ഷെ വ + ചന്ദ്രക്കല + വ എന്നുവന്നാൽ വ്വ എന്നു വേണം, അല്ലാതെ വ കഴിഞ്ഞു് ചിഹ്നമല്ല വേണ്ടതു്. സോ, അപ്രകാരം ഉള്ള ഐറ്റംസ് നിഷ്കർഷിക്കുന്ന നിയമങ്ങളെ.. എന്തു വിളിക്കുന്നു? Presentation forms എന്നു വിളിക്കുന്നു.

പൊതുവെ, ഇവ ലിഗേചറുകളായി ഉണ്ടാക്കിയാൽ മതിയാവും. അഞ്ജലി പഴയലിപിയിൽ Contextual chaining ആണു് ചെയ്തിരിക്കുന്നതു്. അതിന്റെ ആവശ്യമുണ്ടെന്നു് എനിക്കു് തോന്നുന്നില്ല. അതായതു്, അപവാദങ്ങൾ (exceptions) മാത്രം ലിഗേചറായി സൃഷ്ടിച്ചാൽ മതിയാവുന്നതാണു്.

ഇത്രയുംകൊണ്ടു് ഫോണ്ട് റെഡിയായി. ഇനി നേരത്തേ പറഞ്ഞപോലെ എക്സ്പോർട്ട് ചെയ്തു് ഉപയോഗിച്ചുതുടങ്ങാം.

ഈ ലേഖനപരമ്പര എഴുതുമ്പോൾ ഒരുപാടു പേരുടെ സഹായം എനിക്കു കിട്ടിയിട്ടുണ്ടു്. എല്ലാവരേയും പേരെടുത്തു പറയുന്നില്ല. നന്ദി എന്നൊരു വാക്കിൽ ഒതുക്കാവുന്നതല്ല എല്ലാവരും തന്ന പ്രോൽസാഹനം. പക്ഷെ ഭാഷ ഇന്നും അപൂർണമായതുകൊണ്ടു് ഇത്രയും പറഞ്ഞു് ഈ ലേഖനം നിർത്തുന്നു. അടുത്തതു് ഒരു കഥയാണു്. ഉടനെ തിരിച്ചുവരാം.

ഫോണ്ടിനെക്കുറിച്ചു് എന്തെങ്കിലും സംശയമുണ്ടെങ്കിൽ എനിക്കു് ഇമെയിൽ അയക്കുമല്ലൊ. അധികമൊന്നും അറിയില്ലെങ്കിലും ഉള്ളതു പറഞ്ഞുതരാം. അറിയാത്തതു് നമുക്കൊരുമിച്ചു കണ്ടുപിടിക്കാൻ ശ്രമിക്കുകയുമാവാം.