Monday, October 28, 2013

കാലചലനം - 9




അങ്ങിനെ ആ തിങ്കളാഴ്ച വന്നെത്തി. കുളിച്ചൊരുങ്ങി നല്ലൊരു മുണ്ടും ഷർട്ടും ധരിച്ചു് രാജാവു് ആദ്യത്തെ ജോലിദിനത്തിനു് തയ്യാറായി.

ഗൗതത്തിനും രഘുവിനും ആപ്പീസിൽ നിന്നു് വിട്ടുനിൽക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടു് ഞങ്ങൾ രണ്ടുപേരും ബസിൽ ക്വാറിയിലേക്കു് പുറപ്പെട്ടു.

അന്തപ്പൻ വക്കീൽ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം രാജാവിനെ ക്വാറിയിലെ പണിക്കാർക്കു് പരിചയപ്പെടുത്തി. രാമൻ എന്ന പേരിലാണു് ഞങ്ങൾ രാജാവിനെ വക്കീലിനു് പരിചയപ്പെടുത്തിയിരുന്നതു്. അതുകൊണ്ടു് ആ പേരിലാണു് ഏവരും അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നതു്.

ജോലി തുടങ്ങിക്കോളൂ എന്നു് വക്കീൽ പറഞ്ഞപ്പോൾ ഒരു നിമിഷം രാജാവു് നിശ്ശബ്ദനായി. മനസ്സു് അടക്കാൻ പാടുപെടുന്ന ഒരുപിടി വികാരങ്ങൾ ആ മുഖത്തു് ദൃശ്യമായിരുന്നു.

അവസാനം, വക്കീലിന്റെ രണ്ടുകൈയും കൂട്ടിപ്പിടിച്ചു് ഒന്നും മിണ്ടാതെ അദ്ദേഹം ജോലിയിൽ പ്രവേശിച്ചു.

പാറപൊട്ടിക്കാൻ വേണ്ടുന്ന സമസ്തമേഖലകളിലും തനിക്കു് ജോലിചെയ്യണമെന്നു് രാജാവു് പറഞ്ഞു. ആദ്യം കുറച്ചുദിവസം, പൊട്ടിയ പാറക്കഷണങ്ങൾ പെറുക്കാനും അടുക്കാനും സഹായിക്കൂ എന്നു് വക്കീൽ പറഞ്ഞപ്പോൾ രാജാവു് ഒന്നും മിണ്ടാതെ അനുസരിച്ചു.

ഒരു പതിനൊന്നു് മണിയായപ്പോൾ എല്ലാവരും പണിനിർത്തി തൊട്ടടുത്തുള്ള ചായക്കട ലക്ഷ്യമാക്കി നടന്നു.

രാജാവിനു് കാപ്പി-ചായാദി ഇഷ്ടമല്ല. സംഭാരമാണു് പ്രിയം. പിന്നെ വിസ്കിയും. ഭാഗ്യത്തിനു് ചായക്കടയിൽ സംഭാരം കിട്ടുമായിരുന്നു.

ചായക്കട എന്നുപറഞ്ഞാൽ ഒരു ചെറിയ ഹോട്ടലായിരുന്നു. നാടൻ സെറ്റപ്പ്‌. ബെഞ്ചും ഡെസ്കും. നടത്തുന്നയാൾ ഒരു സുലൈമാനാണു്. ക്വാറിയിലെ എല്ലാവരും ചായയും ചിലരെങ്കിലും ഉച്ചക്കു് ഊണും കഴിക്കുന്നതു് അവിടെയാണു്.

സംഭാരത്തിനിടക്കു് ഞാൻ രാജാവിനോടു്, കല്ലുചുമക്കുന്ന ജോലിചെയ്യേണ്ടിവരുന്നതിൽ മനഃപ്രയാസമുണ്ടോ എന്നു് ചോദിച്ചു.

“ഏയ്. എന്തു് മനഃപ്രയാസം? ശാരീരികാധ്വാനമല്ലേ? നല്ലതല്ലേ? കഴിഞ്ഞ രണ്ടാഴ്ചയായി വ്യായാമം ഇത്തിരി കുറവായിരുന്നു. അതിന്റെ അസ്കിത മാറിക്കിട്ടി. പക്ഷെ എത്രയും പെട്ടെന്നു് പാറ തുരക്കാനുള്ള പണിപഠിക്കണം. വെറുതെ കല്ലു് ചുമന്നു നടന്നാൽ ആ പണി പഠിക്കില്ലല്ലോ”

സംഭാരം കുടിച്ചു് ഞാനെഴുന്നേറ്റപ്പോൾ രാജാവു് സംശയിച്ചു.

“നമ്മൾ കാത്തിരിക്കണ്ടേ?”

“എന്തിനു്?”

“മറ്റേ... ആ... ബിൽ വരാൻ? രണ്ടു് സംഭാരത്തിനു് എത്രകാശാണു് നമ്മൾ കൊടുക്കേണ്ടതു് എന്നെഴുതിയ കുറിപ്പു്...”

ഞാൻ രാജാവിന്റെ കൈ പിടിച്ചുവലിച്ചു് പുറത്തേക്കു് നടന്നു.

“ബില്ലൊക്കെ വലിയ ഹോട്ടലുകളിലാണു് രാജാവേ. ഇതൊരു നാടൻ ചായക്കടയാണു്. ഇവിടെ നമ്മൾ കഴിച്ച ഭക്ഷണത്തിന്റെ കാശു് ദാ... ആ മേശയ്ക്കപ്പുറം ഇരിക്കുന്നയാൾക്കു് കൊടുത്താൽ മതി. ഞാൻ കാണിച്ചുതരാം. ചേട്ടാ, രണ്ടു് സംഭാരം!”

സംഭാരത്തിന്റെ പൈസകൊടുത്തു് ഞാൻ പോകാനൊരുങ്ങിയപ്പോൾ രാജാവിനു് പിന്നേയും സംശയം.

“അപ്പൊഴേയ്... സംഭാരം കൊണ്ടുതന്ന ആൾക്കു് പാരിതോഷികം കൊടുക്കണ്ടേ? ഇത്തിരി കാശു്... ബിൽ കൊടുത്ത ശേഷം കൊടുക്കുന്നതു്...”

ഹോട്ടലിൽ ടിപ് കൊടുക്കുന്നമാതിരി ചായക്കടയിൽ കൊടുക്കണോ എന്നാണു് രാജാവിന്റെ ചോദ്യം!

വീണ്ടും രാജാവിനെ വലിച്ചിറക്കി മാറ്റിനിർത്തി ഒരഞ്ചുമിനുട്ടു കൊണ്ടു് ഹോട്ടലും ചായക്കടയും തമ്മിലുള്ള വ്യത്യാസം ഞാൻ അദ്ദേഹത്തിനു് പറഞ്ഞുകൊടുത്തു. ഓരോ സ്ഥലത്തും പെരുമാറണ്ട രീതിയെക്കുറിച്ചു് വിവരിച്ചു. ഇപ്പറഞ്ഞതെല്ലാം രാജാവിനു് ഓർമ്മയുണ്ടാവണേ എന്നു് മനസ്സിൽ പ്രാർത്ഥിച്ചു.

എനിക്കു് കുറച്ചു പണി ചെയ്യാനുണ്ടായിരുന്നു. രാജാവിനെ പണിചെയ്യാൻ വിട്ടിട്ടു് ഞാൻ എന്റെ വഴിക്കു് പോയി. തിരിച്ചു് ക്വാറിയിലെത്തുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു.

ഒരു പന്തികേടു് തോന്നി. രാജാവു് കല്ലുചുമക്കുന്നുണ്ടു്. എന്നെ ഒന്നു് നോക്കി. പക്ഷെ ഒന്നും പറഞ്ഞില്ല. മറ്റുപണിക്കാരും ഒന്നു് പണിനിർത്തി എന്നെ ശ്രദ്ധിച്ചു.

“ങാ, താൻ വരാൻവേണ്ടി കാത്തിരിക്കുവായിരുന്നു” അന്തപ്പൻ വക്കീലാണു്.

“താൻ എന്തൊരു മനുഷ്യനെയാണു് ഇവിടെകൊണ്ടാക്കിയതു്?”

“എന്താ വക്കീൽ സാർ, എന്തു പറ്റി?”

“താൻ കൊണ്ടുവന്നാക്കിയ രാമൻ ഉച്ചയൂണിന്റെ സമയത്തു് ഹോട്ടലുകാരൻ സുലൈമാനുമായി തർക്കത്തിലായി”

എനിക്കു് വ്യക്തമാവുന്നില്ല. ആരുമായും വഴക്കുകൂടുന്ന കൂട്ടത്തിലല്ല രാജാവു്. അപ്പൊ എന്താ സംഭവിച്ചതു്?

“രാമൻ ഉച്ചക്കു് ഊണുകഴിക്കാൻ വേണ്ടി സുലൈമാന്റെ ഹോട്ടലിൽ ചെന്നു. രണ്ടാൾക്കുള്ള ഭക്ഷണം സ്വയം കഴിച്ചു. എന്നിട്ടു് ഒരാളുടെ കാശും കൊടുത്തു. സുലൈമാൻ സമ്മതിച്ചില്ല. അയാൾ കൂടുതൽ പൈസ ആവശ്യപ്പെട്ടു. ഒടുക്കം ഞാനിടപെട്ടു് ഒത്തുതീർപ്പാക്കിയിട്ടുണ്ടു്. ഒന്നരയാളുടെ പൈസ രാമൻ കൊടുക്കണം. അയാൾക്കു് വേണ്ടത്ര ഊണു് കഴിച്ചോട്ടെ. സമ്മതമല്ലേ?”

“വക്കീൽ സാറേ, ഞാൻ പറഞ്ഞില്ലേ, അ... രാമനു് നാട്ടിൽ നിന്നു് അധികം ശീലമില്ല. അവരുടെ ഭാഗത്തൊക്കെ ഒരാൾ നമ്മുടെ രണ്ടാളുടെ ചോറുണ്ണും. പാവം അതു് കരുതിയാവും. ഞാൻ നോക്കിക്കൊള്ളാം“

”ങാ, വിരോധമില്ല. ആൾ നന്നായി പണിയെടുക്കുന്നുണ്ടു്. അതുകൊണ്ടു് ഇവിടെ തുടർന്നോട്ടെ“

തിരിച്ചുവരും വഴി ഞാൻ രാജാവിനോടു് ആദ്യത്തെ ദിവസത്തെ അനുഭവത്തെപ്പറ്റി ചോദിച്ചു.

”നിങ്ങടെ കാലത്തുള്ള ആൾക്കാർക്കേയ്... ശക്തി കുറവാട്ടോ. എത്ര കുറച്ചു് കല്ലാ അവർ ചുമക്കുന്നേ. എനിക്കു് അവരിലൊരാൾ എടുക്കുന്നതിന്റെ ഇരട്ടി എടുക്കാനാവും. എന്റെ നാട്ടിലെ ചിലയാളുകൾക്കു് അതിലും കൂടുതൽ സാധിയ്ക്കും“

”കാലം പുരോഗമിക്കുന്തോറും മനുഷ്യന്റെ ശരീരശേഷി കുറഞ്ഞുവരികയാവും രാജാവേ. അതു് നിക്കട്ടെ. സുലൈമാന്റെ...“

”അയാൾക്കു് കൂടുതൽ ധനം കൊടുത്താൽ സമാധാനാവുംച്ചാൽ അങ്ങനെ ചെയ്യാം. അല്ലേ? പാവാണു്ന്നു് തോന്നുണൂ. പ്രാരാബ്ധംണ്ടാവ്വേയ് വീട്ടിൽ“

അടുത്ത ദിവസം മുതൽ രാജാവിന്റെ ചിലവിനു് അധികതുക കരുതാൻ ഞാൻ ശ്രദ്ധിച്ചു.

എന്നാൽ സംഭവിച്ചതു് മറ്റൊരു തരത്തിലാണു്. രാജാവിന്റെ സ്ഥിരോൽസാഹവും ശമ്പളദിവസം പ്രത്യേകിച്ചൊരു അമിതാഹ്ലാദമില്ലായ്മയും ശ്രദ്ധിച്ചു് അന്തപ്പൻ വക്കീൽ പുതിയൊരു നിർദ്ദേശം മുന്നോട്ടുവച്ചു. ‘രാമന്റെ’ ഭക്ഷണത്തിന്റെ ചെലവു് അദ്ദേഹം വഹിച്ചോളാം എന്നും ശമ്പളത്തിൽ നിന്നു് ഒരു തുക കുറച്ചു് ബാക്കി ‘രാമനു്’ കൊടുക്കാം എന്നുമായിരുന്നു വ്യവസ്ഥ. അതായതു്, ഇഷ്ടമുള്ളത്രയും രാജാവിനു് ഊണുകഴിക്കാം. സംഭാരം കുടിക്കാം. പണം അന്തപ്പൻ വക്കീൽ കൊടുത്തുകൊള്ളും. പകരം, രാജാവിനു് കൊടുക്കാനുദ്ദേശിച്ച ശമ്പളത്തിൽനിന്നു് കുറേ വെട്ടിക്കുറയ്ക്കും.

രാജാവിനു് പണിപഠിക്കുകയാണു് ആവശ്യം, ധനസമ്പാദനമല്ല എന്നുള്ളതിനാൽ ആ വ്യവസ്ഥ ഞങ്ങളംഗീകരിച്ചു.

അന്നുമുതൽ രാജാവിനും സുലൈമാനും സുഖമായിരുന്നു. രാജവിനു് വേണ്ടി സ്പെഷൽ ഭക്ഷണം സുലൈമാൻ തയ്യാറാക്കാൻ തുടങ്ങി. രാജാവിനു് വയറുനിറച്ചു് ഭക്ഷണം കിട്ടിത്തുടങ്ങി. അദ്ദേഹം ജോലിയിൽ കൂടുതൽ ഉത്സുകനായി. രാജാവിന്റെ ആവേശം കണ്ടു് മറ്റുപണിക്കാർക്കും പ്രചോദനമായി. അവരും കൂടുതൽ നന്നായി പണിയെടുത്തു. എല്ലാവർക്കും രാജാവിനെ ഇഷ്ടമായി.

അന്തപ്പൻ വക്കീലും പോറ്റിയും വെരിവെരി ഹാപ്പിയായി. ക്വാറിയിൽ നിന്നു് നല്ല വരുമാനം കിട്ടിത്തുടങ്ങിയിരുന്നു.

രാജാവും തൊഴിലാളികളും സുലൈമാനും തമ്മിൽ നല്ല അടുപ്പത്തിലായി. സുലൈമാന്റെ കഥ രാജാവാണു് എന്നോടു് പറഞ്ഞതു്. രണ്ടു് പെൺകുട്ടികളെ നികാഹ്‌ കഴിച്ചയക്കാനുള്ള ബദ്ധപ്പാടിലാണയാൾ. ആകെ വരുമാനം ക്വാറിയിലെ പണിക്കാരിൽ നിന്നാണു്. പിന്നെ ക്വാറിയിലെത്തുന്ന ലോറിക്കാരും അവിടെ കയറും. അല്ലാതെ നാട്ടുകാർക്കു് സുലൈമാന്റെ കടയിൽ കയറി ഭക്ഷണം കഴിക്കാനൊന്നും താല്പര്യമില്ലായിരുന്നു.

പതുക്കെപ്പതുക്കെ രാജാവു് പാറ പൊട്ടിക്കാനുള്ള പണി പഠിയ്ക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കായക്ഷമത പ്രമാണിച്ചു് പാറതുരക്കുന്ന പണിയാണു് ആദ്യം കിട്ടിയതു്. എത്ര കനത്ത പാറയും മറ്റാരേക്കാൾ എളുപ്പത്തിൽ രാജാവിനു് തുരക്കാൻ സാധിച്ചു. പിന്നെപ്പിന്നെ തുരന്ന പാറയിൽ വെടിമരുന്നു് നിറയ്ക്കാനും തിരയിടാനും തീകൊടുക്കാനും ഒക്കെ രാജാവു് ശീലിച്ചു.

ഉൽസാഹമായി ദിവസങ്ങൾ കടന്നുപോയി. ഇപ്പോൾ രാജാവു് ഒറ്റക്കാണു് ക്വാറിയിൽ പോകുന്നതും വരുന്നതും. വന്നാൽ ഒരു രണ്ടുമൂന്നു് റൗണ്ട് വിസ്കി കുടിക്കും; അതാണു് അദ്ദേഹത്തിന്റെ പ്രത്യേകത.

പക്ഷെ ഒരു ദിവസം എന്നെ നടുക്കിയ ഒരു സംഭവം നടന്നു.

സന്ധ്യക്കു് ആറുമണിയായിരിക്കും. ഞാൻ ആപ്പീസിൽ നിന്നിറങ്ങാൻ നില്ക്കുന്നു. പെട്ടെന്നൊരു ഫോൺ വന്നു. നോക്കുമ്പോൾ അന്തപ്പൻ വക്കീൽ.

”ചിതൽല്ലേ? താൻ ഒരു ടാക്സി പിടിച്ചു് ഉടനെ വരണം. നമ്മുടെ രാമനെ പോലീസ് പിടിച്ചു. ആളെ ഒന്നു് കാണാൻ സ്റ്റേഷൻ വരെ പോകണം. ഡീറ്റേൽസ് ഞാൻ നേരിട്ടു് കാണുമ്പൊ പറയാം. എന്നാപ്പിന്നെ ഉടനെ വരത്തില്ലേ?“

ഫോൺ തിരികെവച്ചു് ഞാനൊന്നു് വിറച്ചു. രണ്ടു് സെക്കൻഡ് നെഞ്ചത്തു് കൈവച്ചു് നിന്നുപോയി.

”ഈശ്വരാ! രാജാവിനെ പോലീസ് പിടിച്ചു!“



(തുടരും... )

 

Friday, August 16, 2013

കാലചലനം - 8




ആ സംഭവങ്ങൾക്കു് ശേഷം ഞാൻ അനവധി തവണ ഉല്ലപിയിൽ പോയിട്ടുണ്ടു്. ആ യാത്രകളിലൊക്കെ ഹർഷഘോഷരാജാവുമൊത്തു് വളരെ സമയം പങ്കുവച്ചിട്ടുണ്ടു്. നീതിമാനും ജനസമ്മതനും സർവോപരി ബുദ്ധിസമ്പന്നനുമായ ഒരു ഭരണകർത്താവാണു് അദ്ദേഹമെന്നു് എനിക്കു് ബോധ്യവുമായിട്ടുള്ളതാണു്.

എന്നാൽ അദ്ദേഹവുമൊത്തു് വർത്തമാനത്തിൽ ഞാൻ ചെലവഴിച്ച സമയം എനിക്കേറ്റവും പ്രിയപ്പെട്ടതാകുന്നു. എന്തെന്നാൽ എനിക്കെന്തെങ്കിലും ലോകനന്മാപരമായ കാര്യം ചെയ്യാനായെങ്കിൽ അതു് അദ്ദേഹത്തിനെ സഹായിച്ചതാണെന്നു് എനിക്കറിയാം.

താരമഹാറാണിയോടു് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിയപ്പോൾ അവർ വല്ലാതെ അന്ധാളിച്ചു. ജനനന്മയ്ക്കുള്ള വർത്തമാനയാത്രയിൽ അദ്ദേഹത്തിനു് എന്തെങ്കിലും അപകടം നേരിടുമോ എന്നവർ ഭയന്നു. കൊട്ടാരത്തിൽനിന്നു് പുറപ്പെടുന്ന അവസരത്തിൽ അവർ ഞങ്ങൾ മൂന്നു് സുഹൃത്തുക്കളേയും പ്രത്യേകം മാറ്റിനിർത്തി അദ്ദേഹത്തെ അപകടം കൂടാതെ തിരിച്ചെത്തിക്കണമെന്നു് അപേക്ഷിച്ചു. അങ്ങിനെ രാജാവിന്റെ മുഴുവൻ ഉത്തരവാദം എനിക്കായി.

വർത്തമാനത്തിലെത്തിയപ്പോൾ ഗൗതത്തിന്റെ ബന്ധുക്കൾ മഹാരാജാവിനെ കണ്ടു് അത്ഭുതപ്പെട്ടു. അവർ പെട്ടെന്നുതന്നെ ഞങ്ങൾക്കുകഴിക്കാൻ ഭക്ഷണമൊരുക്കി. ഹർഷഘോഷരാജാവിന്റെ വരവിന്റെ ഉദ്ദേശ്യം പാറയും മലയും തുരക്കുകയും പൊട്ടിക്കുകയും ചെയ്യുന്ന പണി പഠിക്കാനാണു് എന്നു് പറഞ്ഞപ്പോൾ ഗൗതത്തിന്റെ മുത്തച്ഛൻ കുറച്ചുസമയം ആലോചിച്ചു് ഒരു പദ്ധതിയെപ്പറ്റി പറഞ്ഞു:

“അത്തരം പണി പഠിക്കാൻ നല്ലതു് കരിങ്കൽ ക്വാറിയിൽ പണിയെടുക്കുന്നതാണു്. പക്ഷെ ഒരു പ്രശ്നമുണ്ടു്. പുതിയ ക്വാറികളിലൊക്കെ വൈദ്യുതി ഉപയോഗിച്ചാണു് പാറപൊട്ടിക്കുന്നതു്. അതു് ഭൂതകാലത്തു് പ്രായോഗികമല്ല. രാജാവിന്റെ ആവശ്യങ്ങൾക്കുതകുന്നതു് പഴയരീതിയിൽ വെടിമരുന്നുപയോഗിച്ചു് പാറപൊട്ടിക്കുന്ന രീതിയാണു്. ഇന്നു് അധികമാരും ആ രീതി ഉപയോഗിക്കാറില്ല. പക്ഷെ പോറ്റിയുടെ ക്വാറിയിൽ ഇപ്പോഴും ആ പഴയ രീതിയിലാണു് പാറപൊട്ടിക്കുന്നതു്. ഇവിടെ അടുത്താണു് താനും. അവിടെ ഒരു ജോലി തരമാക്കുന്നതു് നന്നായിരിക്കും”

പോറ്റിയെക്കുറിച്ചു് ഞാൻ കേട്ടിട്ടുണ്ടു്. ഇന്നാട്ടിലെ എല്ലാവർക്കും അദ്ദേഹത്തെ അറിയാം. പാവമാണു്. പ്രാരാബ്ധക്കാരനാണു്. ചെറുപ്പത്തിൽ പലപല ജോലികൾ ചെയ്യാൻ ശ്രമിച്ചതാണത്രെ. ശുദ്ധഗതിയും സ്വതവേ ഉള്ള ആത്മവിശ്വാസമില്ലായ്മയും കൂടിയായപ്പോൾ ഒന്നും ശരിയായില്ല. ഏറ്റവും ഒടുവിലാണു് ക്വാറി ലേലത്തിലെടുത്തതു്. പോറ്റിയെ സംബന്ധിച്ചിടത്തോളം ഇതു് അവസാനത്തെ ആശ്രയമാണു്. ഇതും ശരിയായില്ലെങ്കിൽ അദ്ദേഹം പാപ്പരാവും.

ക്വാറി ലേലത്തിൽ പിടിച്ചെങ്കിലും പാറ പൊട്ടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാനോ വാടകയ്ക്കെടുക്കാനോ ഉള്ള ധനം ആ പാവത്തിന്റെ കൈയിലുണ്ടായിരുന്നില്ല. അതുകൊണ്ടാണു് പഴയരീതിയിൽ വെടിമരുന്നുപയോഗിച്ചു് പാറപൊട്ടിക്കാൻ തീരുമാനിച്ചതു്.

അവിടുള്ള ജോലിക്കാർക്കും ഇതൊക്കെ അറിയാം. ആത്മാർത്ഥതയുള്ളവരാണു് അവർ. മനസ്സറിഞ്ഞു് പണിയെടുക്കുന്നവർ. ക്വാറിയിലെ പണി തടസപ്പെടുത്തുന്നതൊന്നും അവർ ചെയ്യില്ല. പോറ്റി പതുക്കെ പച്ചപിടിച്ചുതുടങ്ങുന്നു.

“പക്ഷെ ഒരു കുഴപ്പമുണ്ടു്,” ഗൗതത്തിന്റെ മുത്തച്ഛൻ തുടർന്നു. “പോറ്റിയുടെ സ്വഭാവമറിയാമല്ലോ. ആളൊരു പേടിത്തൊണ്ടനാണു്. അതുകൊണ്ടു് ക്വാറിയുടെ മേൽനോട്ടവും തീരുമാനങ്ങളും കൂട്ടുകാരനും പഴയ സഹപാഠിയുമായ അന്തപ്പൻ വക്കീലിനെ ഏല്പ്പിച്ചിരിക്കുകയാണു്. വക്കീലാണെങ്കിൽ അത്രപെട്ടെന്നൊന്നും ആരേയും അടുപ്പിക്കില്ല. ആളുകളെ നല്ലവണ്ണം മനസ്സിലാക്കിയേ പെരുമാറൂ. അയാളെ ചെന്നുകണ്ടു് ബോധ്യപ്പെടുത്താനായാൽ രാജാവിനു് ജോലിയിൽ കയറാം. അതു് നിങ്ങൾ തന്നെ ഏർപ്പാടാക്കണം”

“അതു് പിന്നെ നോക്കാം, തല്ക്കാലം രാജാവിനു് വർത്തമാനകാലവുമായി ഒരു പരിചയമുണ്ടാക്കാം” എന്നും പറഞ്ഞു് ഞങ്ങൾ ഗൗതത്തിന്റെ വീട്ടുകാരോടു് യാത്രപറഞ്ഞിറങ്ങി.

നഗരത്തിലെ ഓരോ കാഴ്ചയും രാജാവിനെ ഞെട്ടിച്ചുകൊണ്ടിരുന്നു. തേരുകൾക്കു പകരം സ്വയമോടുന്ന വണ്ടികളാണു് ആദ്യത്തെ പ്രധാന അത്ഭുതം. ഇത്രയും തിരക്കുള്ള വീഥികൾ മറ്റൊരത്ഭുതം. വണ്ടികൾ ഓടുന്ന കറുത്ത വസ്തു എന്താണാവോ എന്നു് മനസ്സിലാക്കാൻ രാജാവു് കുനിഞ്ഞു് റോഡിൽ വിരലോടിച്ചു. അപ്പോൾ അതിലൂടെ വണ്ടിയോടിച്ചു വരികയായിരുന്ന ഒരു മദ്ധ്യവയസ്കൻ സഡൻ ബ്രേക്കിടുകയും റോഡിലിരുന്നു് തോന്നിവാസം കാണിക്കുന്നതിനു് രാജാവിനെ ചീത്തപറയുകയും ചെയ്തു് യാത്രതുടർന്നു. രാജാവാകട്ടെ, “ദെന്താപ്പൊ ഉണ്ടായേ?” എന്ന മുഖഭാവത്തോടെ എഴുന്നേറ്റു് ഞങ്ങളെ നോക്കി. അപ്രകാരം വർത്തമാനകാലത്തെ ജനത്തിനെ ദുഃശീലങ്ങളെപ്പറ്റി രാജാവിനു് നേരിട്ടുള്ള ആദ്യാനുഭവം കിട്ടി.

ഞങ്ങൾ ഒരു ഓട്ടോറിക്ഷ കൈകാണിച്ചു് നിർത്തി. കയറാൻ ഭാവിച്ചപ്പോൾ ഓട്ടോഡ്രൈവർ ഞങ്ങളെ തടഞ്ഞു:

“4 പേർക്കു് കയറാനാവില്ല”

(ഞാൻ, രഘു, ഗൗതം, രാജാവു് - 4 പേർ)

“ചേട്ടൻ ഒന്നു് അഡ്ജസ്റ്റ് ചെയ്യൂന്നേയ്...”

“പറ്റില്ല സാറേ. ഇന്നു് ചെക്കിങ്ങ് ഉണ്ടു്. 4 പേരുള്ള ഓട്ടോ കണ്ടാൽ പണികിട്ടും”

ഉടനെ രാജാവിനു് സംശയമായി. എന്നെ മാറ്റിനിർത്തി എന്താ കാര്യം എന്നു് ചോദിച്ചു.

“ഇതു ഓട്ടോറിക്ഷ. ഓട്ടോ എന്നു വിളിക്കാം. ചെറിയ ദൂരം സഞ്ചരിക്കുന്നതിനു് ഉപയോഗിക്കാം. കുറച്ചു ധനം അയാൾക്കു് കൊടുത്താൽ മതി. അയാൾ ഓട്ടോറിക്ഷ ഓടിച്ചോളും. നമുക്കെത്തേണ്ട സ്ഥലത്തു് അയാൾ കൊണ്ടുചെന്നു് ഇറക്കും. പക്ഷെ ഒരു സമയത്തു് 3 പേർക്കു് മാത്രമേ കയറാനാവൂ. അതാണു് നിയമം. അതുകൊണ്ടു്...”

അപ്പോഴേക്കും രാജാവു് ഡ്രൈവറുടെ അടുത്തെത്തി.

“അതേയ്, നിങ്ങളടക്കം 4 പേരാവില്ലേ, ഓട്ടോ ഓടുമ്പോൾ?” ഡ്രൈവർ സംശയത്തോടെ രാജാവിനെ നോക്കി. “അപ്പൊ നാലുപേർക്കു് പോവാൻ പറ്റില്ല്യ എന്നതു് വെറുതെ. നാലുപേർക്കൊക്കെ പോവാൻ പറ്റും”

ഡ്രൈവർക്കൊന്നും മനസ്സിലായില്ല. രാജാവു് വിവരിച്ചു:

“നിങ്ങൾ പറഞ്ഞു 4 പേർക്കു് പോവാൻ പറ്റില്ല്യാന്നു്. 3 പേർക്കു് പോവാൻ പറ്റുമോ?”

“ഉം...”

“എങ്കിൽ 3 പേരു് കേറി എന്നിരിക്കട്ടെ. പിന്നെ നിങ്ങളും കേറും. അപ്പൊ നാലുപേരായില്ല്യേ? നാലുപേർക്കു് പൊയ്ക്കൂടേ?”

ഡ്രൈവർക്കു് കൺഫ്യൂഷനും ദേഷ്യവും ഒരുമിച്ചു് വന്നു.

“അല്ലെങ്കിൽ വേറൊരു കാര്യം നമുക്കു് ചെയ്യാം. ഞങ്ങൾ നാലുപേരും ഇതിൽ വരാം. ആരെങ്കിലും ഒരാൾ ഓടിച്ചാൽ മതിയല്ലോ. ഇവരിൽ ഒരാൾ ഓടിക്കും. നിങ്ങൾ ഇതുപോലത്തെ വേറൊരു തേരു് വരുമ്പോൾ അതു് നിർത്തി അതിൽ വന്നോളൂ. ന്താ?”

ഡ്രൈവർ ചിരിക്കണോ കരയണോ ദേഷ്യപ്പെടണോ എന്നറിയാത്ത അവസ്ഥ പ്രാപിച്ചു. “അ..” എന്നു പറഞ്ഞെങ്കിലും പിന്നീടൊന്നും പറയാൻ കിട്ടാതെ അടങ്ങി കുറച്ചു സമയം മുഷ്ടിചുരുട്ടി നിന്നു. പിന്നെ എന്നോടു് ചോദിച്ചു:

“ഇയ്യാളു് ഭ്രാന്താശുപത്രീന്നാണോ? അയാൾടെ ഒരു വർത്തമാനോം വേഷോം...”

അപ്പോഴാണു് ഞങ്ങളും ശ്രദ്ധിച്ചതു്: രാജാവു് ഭൂതകാലത്തിലെ വേഷത്തിലാണു്.

അതുകൊണ്ടു് ആദ്യം പോയി കുറച്ചു വസ്ത്രം വാങ്ങി രാജാവിനെ ധരിപ്പിച്ചു. ഷർട്ടിന്റെ കാര്യത്തിൽ മൂപ്പർക്കു് പരാതിയുണ്ടായിരുന്നില്ല. പാന്റിന്റെ കാര്യത്തിൽ അങ്ങിനെയല്ല. രണ്ടു കൈകൊണ്ടും ഇത്തിരി കയറ്റിപ്പിടിച്ചേ നടക്കൂ. എത്രപറഞ്ഞാലും കേൾക്കില്ല. അതുകൊണ്ടു് പാന്റ് മാറ്റി ധരിക്കാൻ മുണ്ടു് മേടിച്ചുകൊടുത്തു.

അങ്ങിനെ ഷർട്ടും മുണ്ടും ധരിച്ചു് കണ്ണാടിയിൽ നോക്കി ബോധ്യം വന്ന ശേഷം അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞു. ഇത്തിരി സന്ദേഹത്തോടെ ചോദിച്ചു:

“നോക്കൂ... ആ... വിക്സ്കി എവിടെ കിട്ടും?”

പിന്നീടുള്ള ഒരാഴ്ച അർമാദമായിരുന്നു. മുന്തിയ ഹോട്ടലുകളിൽ ഞങ്ങൾ താമസിച്ചു. രാജാവിനെ ഞങ്ങൾ ഓട്ടോറിക്ഷയിലും കാറിലും ബസിലും തീവണ്ടിയിലും, എന്തിനു്... വിമാനത്തിൽ വരെ കയറ്റി. ടിവിയും സിനിമയും കാണിച്ചുകൊടുത്തു. ആവശ്യമുള്ളപ്പോൾ പാട്ടുകേൾക്കാവുന്ന ടേപ്‌ റെക്കോർഡറും റേഡിയോയും അദ്ദേഹത്തിനു് പിടിച്ചു. കൂളിങ്ങ് ഗ്ലാസ് എന്ന സംഭവം അദ്ദേഹത്തിനു് അത്ര ഇഷ്ടപ്പെട്ടില്ല. പെട്ടെന്നു് ഇരുട്ടായി എന്ന തോന്നൽ വന്നുവത്രെ. പലതരം മദ്യം പലവട്ടം സേവിച്ചു.

രാജാവിനെ ഞങ്ങൾ തീം പാർക്കിൽ കൊണ്ടുപോയി. അവിടത്തെ പല റൈഡുകളിൽ കയറി ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം ആർത്തുകൂവിവിളിച്ചപ്പോൾ അയാളുടെ കൂടെ വന്നവർ എന്ന നിലയ്ക്കു് നാട്ടുകാർ മുഴുവൻ ഞങ്ങളെ ശ്രദ്ധിക്കുന്നു എന്നു് ഞങ്ങൾക്കു് മനസ്സിലായി.

എന്നാൽ ഒരാഴ്ച കഴിയാറായപ്പോൾ രാജാവിന്റെ പെരുമാറ്റത്തിലെ പ്രകടമായ ഒരു മാറ്റം ഞങ്ങളുടെ ശ്രദ്ധയില്പ്പെട്ടു. ഒന്നിലും ഒരു താല്പര്യമില്ലായ്മ. ടിവി കാണാൻ താല്പര്യമില്ല. ഹോട്ടലിലെ ഭക്ഷണത്തിനു് താല്പര്യമില്ല. ഹോട്ടലിലെ ശീതീകരിച്ച മുറിയിൽ താമസിക്കാൻ താല്പര്യമില്ല. ബസിലും ഓട്ടോറിക്ഷയിലും താല്പര്യമില്ല. എന്തിനധികം, വിസ്കി കുടിക്കാൻ പോലും താല്പര്യമില്ലാതായി. ഏതുസമയവും എന്തോ ഒരാലോചന.

ഞാനും രഘുവും ഗൗതവും കൂടിയിരുന്നാലോചിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്നു് എന്തെങ്കിലും ഒരു തെറ്റു് വന്നതായി ഞങ്ങൾക്കോർമ്മയില്ല. രാജാവിനു് സുഖമില്ലായിരിക്കുമോ എന്നു് ഞങ്ങൾക്കു് തോന്നി. പക്ഷെ ആ ആശങ്ക അസ്ഥാനത്തായിരുന്നു. അദ്ദേഹം ഡെയ്‌ലി ഒന്നൊന്നര മണിക്കൂർ വ്യായാമം ചെയ്യുന്നുണ്ടു്. ശരീരസുഖമില്ലാത്തയാൾക്കു് അതിനു് സാധിക്കില്ലല്ലോ. എന്നാലിനി മനസ്സിനെ എന്തെങ്കിലും അലട്ടുന്നുണ്ടാകുമോ? അന്നുച്ചക്കു് ഭക്ഷണം കഴിക്കുമ്പോൾ നേരിട്ടു് കാര്യം തിരക്കണമെന്നു് ഞങ്ങൾ നിശ്ചയിച്ചു.

ഉച്ചയൂണിനുള്ള ഓർഡർ സ്വീകരിച്ചു് വെയ്റ്റർ പോയപ്പോൾ ഞങ്ങൾ മൂവരും രാജാവിനുനേരെ തിരിഞ്ഞു.

പക്ഷെ ഒന്നും ചോദിക്കേണ്ടിവന്നില്ല. അദ്ദേഹം തന്നെ പറഞ്ഞുതുടങ്ങി.

“രണ്ടുദിവസമായി മനസ്സിനു് ഒരസ്കിത. ആകെക്കൂടി.. എന്താപറയ...”

“ഞാനാലോചിക്യായിരുന്നു. എന്തിനാപ്പൊ ഈ ഭാവിയിലു് വന്നിട്ടു് ആസ്വദിച്ചു് നടക്കുന്നതു്? ഇത്തിരി ദിവസം കഴിഞ്ഞാൽ എനിക്കു് എന്റെ രാജ്യത്തേക്കും കാലത്തേക്കും മടങ്ങാനുള്ളതല്ലേ? ഞാൻ നിങ്ങളുടെയീ നേരമ്പോക്കുകളൊക്കെ ആസ്വദിക്കാൻ പാടുണ്ടോ?”

“ഇത്രക്കൊക്കെ ചിന്തിക്കാനുണ്ടോ തം... രാജാവേ? അങ്ങു് ഞങ്ങളുടെ സമയത്തു് ഏതാനും ആഴ്ചകൾക്കുവേണ്ടി വന്നിരിക്കുന്നു. വ്യക്തിപരമായ ആവശ്യത്തിനാണോ? ഒരു രാജ്യത്തിനുവേണ്ടിയല്ലേ? ഇത്രയും ബുദ്ധിമുട്ടു സഹിച്ചു് കാലത്തിലൂടെ യാത്രചെയ്യുമ്പോൾ കുറേ സമയം സ്വന്തം വിനോദത്തിനായി മാറ്റിവയ്ക്കുന്നതു് തെറ്റാണോ?”

രാജാവു് ഇത്തിരി വിസ്കി നുണഞ്ഞു. ഗ്ലാസ് തിരിച്ചുമേശപ്പുറത്തുവച്ചു് പിടിവിടാതെ ആ ഗ്ലാസിനെ രണ്ടുനിമിഷം നോക്കിയിരുന്നു.

“അതൊരു തെറ്റല്ല. ഞാനുദ്ദേശിച്ചതു് ആ അർത്ഥത്തിലല്ല. എത്രദിവസത്തേക്കു് നിങ്ങളൊരുക്കുന്ന സൗഭാഗ്യങ്ങൾ എനിക്കനുഭവിയ്ക്കാനാവും? ഏതാനും ആഴ്ചകൾ. ഏറിയാൽ കുറച്ചു മാസങ്ങൾ. എന്തായാലും തിരിച്ചു ചെന്നാൽ പിന്നെയൊരിക്കലും ഈ സുഖസൗകര്യങ്ങൾ എനിക്കു് കിട്ടില്ല. ഒരുപക്ഷെ ഞാൻ അതിൽ ദുഃഖിതനായാലോ? കുറച്ചു ദിവസങ്ങൾ മാത്രമനുഭവിയ്ക്കാനുള്ള സുഖങ്ങളിൽ മുഴുകി ജീവിച്ചു് പിന്നീടു് ആ സുഖങ്ങളെയോർത്തു് സങ്കടപ്പെടുന്നതു് വിഡ്ഢിത്തമല്ലേ?”

“നിങ്ങൾ വന്നപ്പോൾ തുണി തിരുമ്പാൻ ഒരു പൊടി കൊണ്ടുവന്നു. ആ പൊടി വെള്ളത്തിലിട്ടു കലക്കി തുണി കഴുകിയപ്പോൾ ചെളിയും കറയും നീങ്ങിക്കിട്ടി. ഉപയോഗിക്കുന്തോറും ആ പൊടി കുറഞ്ഞുകുറഞ്ഞുവരും. ഒരു ദിവസം പൊടി തീരും. അതുകഴിഞ്ഞാൽ പിന്നെ തുണി പഴയരീതിയിൽ അലക്കേണ്ടിവരും. കറയായാൽ പോവില്ല്യ. ആ സമയത്തു് ‘ഇത്തിരി പൊടി കിട്ടിയിരുന്നെങ്കിൽ’ എന്നു് നമ്മളാഗ്രഹിച്ചുപോവും. എന്നാലോ, പൊടി എവിടന്നു് കിട്ടാൻ! പിന്നീടു് നിരാശരായി ജീവിക്കേണ്ടിവരും”

രാജാവു് പറഞ്ഞതിന്റെ പൊരുൾ കുറേയൊക്കെ ഞങ്ങൾക്കു് മനസ്സിലായി.

“നിങ്ങൾ വിളമ്പിയ ഈ വിസ്കി. കഴിച്ചാൽ കുറച്ചു നാഴിക നല്ല സുഖം. അതു കഴിഞ്ഞാൽ കഴിഞ്ഞു”

“അതാ ഞാൻ പറഞ്ഞതു് സുഖസൗകര്യങ്ങൾ അനുഭവിയ്ക്കാൻ എനിക്കു് പേടിയാവുന്നു. ഞാൻ വന്ന ഉദ്ദേശ്യം മറക്കരുതു്. നിങ്ങളെനിക്കു് എത്രയും വേഗം പാറപൊട്ടിയ്ക്കുന്നിടത്തു് ജോലി ശരിയാക്കിത്തരൂ”

പോറ്റിയുടെ ക്വാറിയിൽ ജോലിക്കെടുക്കാനുള്ള അപേക്ഷയുമായി ഞങ്ങൾ അന്തപ്പൻ വക്കീലിനെ പോയിക്കണ്ടു. പോകുമ്പോൾ രാജാവിനെ ഏറ്റവും മോശം വസ്ത്രം ധരിപ്പിയ്ക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു.

“അന്തപ്പൻ വക്കീലിനു് രാജാവിനെ കാണുമ്പോൾത്തന്നെ ഒരു സഹതാപം തോന്നണം. അതിനു് മുഷിഞ്ഞ ഈ മുണ്ടു് മതിയാവും. പിന്നെ ഈ പഴയ ബനിയനും ധരിച്ചോട്ടെ. അല്ലെ?”

അന്തപ്പൻ വക്കീൽ പ്രത്യേകസ്വഭാവക്കാരനാണെന്നും അദ്ദേഹത്തിനെ സ്വാധീനിക്കാൻ ഒരു പരമസാധുവിനെപ്പോലെ അഭിനയിക്കണമെന്നും അതിനു് ഈ വേഷം സഹായിക്കുമെന്നും പറഞ്ഞപ്പോൾ രാജാവു് സമ്മതിച്ചു.

ഞങ്ങൾ വക്കീലിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ആഗമനോദ്ദേശ്യം അറിയിച്ചു.

അന്തപ്പൻ വക്കീലിനു് അന്നേ അറുപത്തഞ്ചിനോടടുത്ത പ്രായമുണ്ടായിരുന്നു. പക്ഷെ നല്ല ചുറുചുറുക്കു്. ഉറക്കെയുള്ള സംസാരം. മെലിഞ്ഞ ശരീരം. കഷണ്ടി കയറിയ തല. തലമുടി മുഴുവൻ നരച്ചിരിക്കുന്നു. ആറടിയോടടുത്ത ഉയരം. നരച്ച മീശ. സന്തതസഹചാരിയായി ഒരു വാക്കിങ്ങ് സ്റ്റിക്.

കോടതിയിൽ പോയാൽ ആൾ പുലിയായിരുന്നത്രെ. പക്ഷെ പോകുന്ന ദിവസങ്ങൾ ചുരുക്കം. മിക്കവാറും സമയം നാട്ടുകാരെ സഹായിക്കലായിരുന്നു പണി. അതുകൊണ്ടു് നാട്ടുകാർക്കിടയിൽ സമ്മതനാണു്.

ഇങ്ങനെയുള്ളയാളിന്റെ മുമ്പിലേക്കാണു് ഞങ്ങൾ മുഷിഞ്ഞ തുണിധരിച്ച ഹർഷഘോഷരാജാവിനെ കൊണ്ടുചെന്നതു്. വക്കീൽ പൂമുഖത്തു് ചാരുകസാലയിൽ എഴുന്നേറ്റിരിക്കുകയായിരുന്നു.

പൊക്കം കുറഞ്ഞു് മെലിഞ്ഞ രാജാവിനെ വക്കീലൊന്നു് നോക്കി. എന്നിട്ടു് ഞങ്ങളുടെ നേരെ തിരിഞ്ഞു് ചോദ്യഭാവത്തിൽ ദൃഷ്ടിപതിപ്പിച്ചു.

“വക്കീൽസാറേ, ഇതു് രാമൻ. വളരെ ദൂരെയാണു് വീടു്. പട്ടണത്തിൽ ജോലിയന്വേഷിച്ചെത്തിയതാണു്. പോറ്റിയുടെ ക്വാറിയിൽ ആളെ ആവശ്യമുണ്ടു് എന്നറിഞ്ഞു. വക്കീൽസാറൊന്നു് സഹായിക്കണം”

വക്കീൽ എഴുന്നേറ്റു. ഞങ്ങളുടെ അടുത്തെത്തി.

“ആരു്? ഇവനോ? ഇവനു് ഒരിഷ്ടിക എടുത്തുയർത്താനുള്ള ആവതുണ്ടോ? ഇവിടെ മിറ്റമടിച്ചുവാരാൻ ഒരാളെ ആവശ്യമുണ്ടു്. ഇവനു് വേണച്ചാൽ ആ ജോലി ചെയ്യാം”

“അയ്യോ സാറേ, നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരണാണു്. നല്ലപോലെ ജോലിയെടുക്കും...”

“ന്നാൽ ഇവിടത്തെ അടുക്കളയിലെ പണികൂടി കൊടുക്കാം. ന്താ, പാചകം അറിയോ?”

“സാർ, ആളു് മെലിഞ്ഞിട്ടാണു് എന്നുവച്ചാലും നല്ല ശക്തിയാണു്. ക്വാറിയിലെ പണിക്കു് യോജിച്ചയാളാണു്. മാത്രമല്ല, പാവാണു്. നാടും നഗരവുമൊന്നുമായി വലിയ പരിചയമില്ല...”

“അതെന്താ? കാട്ടിലാണോ താമസം?”

ഞങ്ങൾ എന്തുപറയണമെന്നറിയാതെ ഒരുനിമിഷം നിന്നു. ആ സമയത്തു് രാജാവു് മുമ്പാക്കം നീങ്ങി “അതെ, കാട്ടിലാണു്” എന്നു പറഞ്ഞു.

“ഹാ! ഹാ! ഹാ! ഹാ!” അന്തപ്പൻ വക്കീലിന്റെ അട്ടഹാസം അവിടെ മുഴങ്ങി.

“ഉം, തന്നെ കണ്ടാലും തോന്നും. ഏതുവരെ പഠിച്ചു?”

“മലയാളം എഴുതാനും വായിക്കാനും അറിയാം” ഞങ്ങൾ പഠിപ്പിച്ചുകൊടുത്തമാതിരി രാജാവു് പറഞ്ഞു.

“ഇംഗ്ലിഷ് തീരെ വശമില്ല സാർ” ഞാൻ കൂട്ടിച്ചേർത്തു.

“രസികൻ! രസികൻ!! ദാ, ആ സാധനം എങ്ങിനാ കത്തിക്കുന്നേ?” വക്കീൽ ബൾബ് ചൂണ്ടി ചോദിച്ചു.

വക്കീൽ പരീക്ഷിക്കുകയാണു്. സ്വിച്ചിട്ടാൽ ബൾബ് കത്തും എന്നു് ഉത്തരം പറഞ്ഞാൽ ഞങ്ങൾ പറഞ്ഞതു് കള്ളമാണെന്നു് വക്കീലിനു് ബോധ്യമാവും. സ്വിച്ച്, ബസ്, കാർ മുതലായ വളരെ സർവസാധാരണമായ കുറച്ചു വാക്കുകൾ ഞങ്ങൾ രാജാവിനു് പഠിപ്പിച്ചുകൊടുത്തിട്ടുണ്ടു്. അതെങ്ങാനും അദ്ദേഹം പറയുമോ എന്നു് ഞങ്ങൾ പകച്ചു.

എന്നാൽ രാജാവു് ഞങ്ങളുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു.

“ ഞങ്ങൾ സാധാരണ തീയിട്ടാണു് എന്തും കത്തിക്കുന്നതു് ഏമാന്നേ..”

ഞങ്ങൾ ആദ്യമൊന്നമ്പരന്നു. പിന്നെ പതുക്കെ രാജാവു് പറഞ്ഞതിന്റെ അർത്ഥം മനസ്സിലായി. ബൾബ് എങ്ങിനെ കത്തിക്കും എന്നായിരുന്നു ചോദ്യം. എന്തും കത്തിക്കാൻ തീയിലിട്ടാൽ മതിയെന്നു് ഉത്തരവും.

“ഹാ! ഹാ! ഹാ! ഡബിൾ രസികൻ!!” അന്തപ്പൻ വക്കീലിനു് ആ മറുപടി നന്നേ ബോധിച്ചു. അഭിനന്ദനം അറിയിക്കാനായി രാജാവിന്റെ പുറത്തു് തട്ടി. എന്നിട്ടു് ഒരു നിമിഷം നിന്നിട്ടു് രാജാവിന്റെ മസിലുകളിൽ ഞെക്കിനോക്കി.

“ആളേയ്.. ഞാൻ വിചാരിച്ചോണം അല്ല. നല്ല ബലമുള്ള കൂട്ടത്തിലാ. താൻ ഒരു കാര്യം ചെയ്തേ. ആ തൊഴുത്തിന്റെ ഓടു് നാലെണ്ണം ഇളകീട്ടുണ്ടു്. അതൊന്നു് നേരെയാക്കിക്കേ. നോക്കട്ടെ”

ഞങ്ങൾ നോക്കിനില്ക്കെ ഒരഭ്യാസിയുടെ മെയ്വഴക്കത്തോടെ തൊട്ടടുത്ത നെല്ലിമരത്തിൽ കയറി അതിന്റെ ചില്ലയിൽക്കൂടി രാജാവു് തൊഴുത്തിനു മുകളിൽ കയറി. ഒന്നു് ചുറ്റി കണ്ണോടിച്ചു് അദ്ദേഹം ചില ഓടുകൾ നേരെയാക്കി.

“ഏമാന്നേ, ഒന്നുരണ്ടു് മൂലോടിനു് തകരാറുണ്ടു്. ഇത്തിരി കളിമണ്ണു് കിട്ടുംച്ചാൽ ഞാൻ ഉണ്ടാക്കിത്തരാം”

“അതു് പിന്നെയാവാം. താൻ ഇപ്പൊ താഴെയിറങ്ങിക്കേ” എന്നു കല്പ്പിച്ചു് അന്തപ്പൻ വക്കീൽ ഞങ്ങളുടെ നേരെ തിരിഞ്ഞു.

“ആളെ എനിക്കിഷ്ടമായി. അടുത്ത തിങ്കളാഴ്ച മുതൽ ക്വാറിയിൽ വന്നോട്ടെ. കൂലി, ചെയ്യുന്ന ജോലിക്കനുസരിച്ചാവും. ആദ്യത്തെ മാസം നോക്കട്ടെ, ജോലി ശരിക്കു് ചെയ്യുന്നുണ്ടോന്നു്. അതിന്റെ അടിസ്ഥാനത്തിൽ പിന്നെ നിശ്ചയിക്കാം. ങാ, താഴെയിറങ്ങിയല്ലൊ രാമൻ. താൻ നല്ല കാട്ടുജാതിയാ. തനിക്കു് ജോലി തന്നിരിക്കുന്നു. സന്തോഷമായില്ല്യോ? തിങ്കളാഴ്ച മുതൽ വരണം. അതിനിടക്കു് വീട്ടിൽ പോകുന്നുണ്ടെങ്കിൽ തിങ്കളാഴ്ച വരുമ്പോൾ ഇത്തിരി കാട്ടുതേൻ കൊണ്ടുവരണം”

“ഇപ്പൊ കണ്ട ആളൊരു ഌണ്വാ” തിരിച്ചുവരുമ്പോൾ രാജാവു് പറഞ്ഞു. “എന്തൊരു ഉറക്കെയാ അയാളുടെ സംസാരോം ചിരീം!”

“എന്തിനാ രാജാവേ അങ്ങു് കാട്ടുജാതിയാണു് എന്നൊക്കെ പറയാൻ പോയതു്? അങ്ങു്...”

“അതിനെന്താ? എന്റെ ആവശ്യം പാറപൊട്ടിക്കാൻ പഠിക്കുകയാണു്. കുറച്ചുമാസത്തേക്കു് ആ വിദ്വാൻ അങ്ങിനെ ധരിച്ചോട്ടെ. എനിക്കു് ഒരു നഷ്ടവുമില്ല”

തിങ്കളാഴ്ച വരെയുള്ള ദിവസങ്ങൾ ഞങ്ങൾ രാജാവിന്നു് ക്വാറിയിൽ പോകുമ്പോൾ ധരിക്കാനുള്ള വിലകുറഞ്ഞ വസ്ത്രങ്ങൾ തയ്യാറാക്കാനും ബസിൽ ഒറ്റക്കു് യാത്രചെയ്യാനുള്ള പരിശീലനം കൊടുക്കാനും വിനിയോഗിച്ചു.




(തുടരും)


Wednesday, May 29, 2013

കാലചലനം - 7





“ചിതലെന്തിനു് എന്നെ കാണാനെത്തി?”

രാജാവിന്റേതാണു് ചോദ്യം. ഞങ്ങൾ കൊട്ടാരത്തിലെത്തി ഉച്ചഭക്ഷണം കഴിക്കുകയാണു്. ഗൗതവും രഘുവും രാജാവിന്റെ മിത്രങ്ങളായിരിക്കുന്നു. ഒരു ഉരുള ചോറുരുട്ടുന്നതിനിടയിലാണു് രാജാവു് പെട്ടെന്നു് ചോദ്യം ചോദിച്ചതു്.

“അതു്.. പിന്നെ.. അങ്ങയെ ചിലർ ചേർന്നു് വധിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു് ഞാൻ ഇന്റർനെ... അതായതു് ചരിത്രത്തിൽ അങ്ങിനെ രേഖപ്പെടുത്തിയതായി കണ്ടു. അപ്പൊ അങ്ങയെ രക്ഷിക്കാൻ വേണ്ടി...”

രാജാവു് എന്നെ സൂക്ഷിച്ചുനോക്കി. അദ്ദേഹമൊന്നും മിണ്ടുന്നില്ല. ഇതുശ്രദ്ധിച്ച രഘുവും ഗൗതവും ഭക്ഷണം കഴിക്കുന്നതു് നിർത്തി ഞങ്ങളുടെ മുഖങ്ങളെ മാറിമാറി നോക്കി.

“ഞാൻ ചോദിച്ചതു് അതല്ല. എന്നെ കാണാൻ വരിക, സമ്മാനങ്ങൾ കൊണ്ടുവരിക, ഞാനാവശ്യപ്പെടാതെ തന്നെ മറ്റുരാജാക്കന്മാർ വരുമ്പോൾ അവർക്കു് സ്വീകരണമൊരുക്കുക... പിന്നെ... (വെള്ളം കുടിക്കാനുയർത്തിയ ഗ്ലാസ് ഞാൻ യാന്ത്രികമായി തിരിച്ചു മേശയിൽ വച്ചു; രാജാവിനെ ദയനീയമായി നോക്കി).. എല്ലാം കൂടി നോക്കുമ്പോൾ എന്തോ എന്നിൽനിന്നു് പ്രതീക്ഷിച്ചു് വന്നതാണെന്നു് തോന്നുന്നു... എന്താ കാര്യം?”

എന്റെ വിശപ്പുകെട്ടു. സമ്പത്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതാണിതെല്ലാം. എന്നാൽ അപ്രകാരം രാജാവിനോടു് തുറന്നുപറയാൻ എനിക്കു് നാണമായി. അതുകൊണ്ടു് ഞാൻ മിണ്ടാതിരുന്നു.

പക്ഷെ രണ്ടു് ശ്രേഷ്ഠന്മാർ എന്നോടൊപ്പം വർത്തമാനത്തിൽനിന്നു് ഭൂതത്തിലേക്കു് വന്നിട്ടുണ്ടല്ലോ. ആ രണ്ടെണ്ണവും കൂടി കിട്ടിയതക്കത്തിനു് രാജാവിനോടു് എന്നെപ്പറ്റി സകലതും പറഞ്ഞുകൊടുത്തു!

“ഞങ്ങൾ പറഞ്ഞുതരാം. ഇവനുണ്ടല്ലോ, ഈ ചിതൽ.. ഇവൻ എത്രയും വേഗം പണക്കാരനാവാനുള്ള എളുപ്പവഴിയാണെന്നു് വിചാരിച്ചാണു് അങ്ങയെ കാണാൻ വന്നതു്. അങ്ങു് സന്തുഷ്ടനായി തിരിച്ചു് വല്ല സ്വർണമോ മറ്റോ കൊടുക്കുമെന്നാണു് പാവം വിചാരിച്ചതു്. ആ സ്വർണം ഞങ്ങളുടെ കാലത്തു് മടങ്ങിച്ചെന്നു് വിറ്റാൽ ഒരുപാടു് രൂപയുണ്ടാക്കാം. ഐ മീൻ .. രൂപ എന്നുവച്ചാൽ ഞങ്ങളുടെ പണം. പാവമാണു് സർ.. ഐ മീൻ രാജാവേ”

“ആളൊരു ഌണുവാണു്...” രഘു എന്റെ പുതിയ തസ്തിക ഒന്നുകൂടി ഉറപ്പിച്ചു.

ഹർഷഘോഷരാജാവു് എന്നെ സൂക്ഷിച്ചുനോക്കി. അങ്ങോരുടെ മുഖത്തു് ഒരു പുച്ഛമുണ്ടായിരുന്നോ എന്നെനിക്കു് സംശയമുണ്ടായി. എന്തുപറയണം എന്നെനിക്കു് നിശ്ചയമില്ലാതായി.

“അപ്പൊ താൻ വെറും ധനമോഹിയായി ചെയ്തുകൂട്ടിയതാണു് എല്ലാം.. അല്ലേ?” രാജാവെന്നെ വിടാനുള്ള ഭാവമില്ല.

“അതിപ്പൊ.. രണ്ടായിരത്തിയഞ്ഞൂറു വർഷം കഴിഞ്ഞു് വന്ന സഞ്ചാരി എന്തിനാ വന്നതു?”

“സഞ്ചാരി വന്നതു് വെറുതെ നാടു കാണാനാണു്. ധനം മോഹിച്ചല്ല”

“ആയിരിക്കില്ല തമ്പ്രാനേ. അയാൾ...”

“എന്നെ തമ്പുരാൻന്നു് വിളിക്കരുതെന്നു് ഞാൻ പലപ്രാവശ്യം പറഞ്ഞുകഴിഞ്ഞു..”

“സോറി. എന്നുവച്ചാൽ ക്ഷമിക്കൂ. ഷേൺ.. ഷോൺ.. അയാൾ വന്നതു് വെറുതെ നാടുകാണാനാണോ? ഒരു ധനമോഹവും അയാൾക്കുണ്ടായിരുന്നില്ലേ?”

“ഇല്ല്യ. ഞാൻ നിരവധി തവണ അയാൾ തന്ന സമ്മാനങ്ങൾക്കും ചെയ്ത സഹായങ്ങൾക്കും പ്രത്യുപകാരം ചെയ്യാനൊരുങ്ങിയതാണു്. അതൊക്കെ അയാൾ നിരസിച്ചതേയുള്ളു. അയാളുടെ കാലത്തു് ആരും സ്വർണമുപയോഗിക്കുന്നില്ലത്രെ. മിക്കവർക്കും സ്വർണമെന്താണെന്നു് അറിയുകകൂടിയില്ലത്രെ”

“എന്തു്?! അതെങ്ങിനെ സാധ്യമാവും?” ഞങ്ങൾ മൂവരും ഒരുമിച്ചത്ഭുതപ്പെട്ടു.

“എനിക്കും അത്ര മനസ്സിലായില്ല. അയാൾ പറഞ്ഞതെന്താച്ചാൽ, സ്വർണത്തിന്റെ വില കാലം ചെല്ലുന്തോറും കൂടിക്കൂടിവന്നു. സാമാന്യക്കാർക്കാർക്കും വില താങ്ങൻ പറ്റാതായി. അതോടെ ജനം തീരുമാനിച്ചത്രെ - ഇനിമുതൽ സ്വർണം ഉപയോഗിക്കില്ല എന്നു്. അന്നുമുതൽ ആരും സ്വർണം ഉപയോഗിക്കാതായത്രെ. സ്വർണത്തിന്റെ വില കുറഞ്ഞുകുറഞ്ഞു് ആർക്കും വേണ്ടാത്ത നിലയിലേക്കെത്തി. ഇടക്കു് കുറച്ചുകാലം പലരും കുറഞ്ഞവിലക്കു് സ്വർണം കിട്ടുന്നതുകൊണ്ടു് കുറേയേറെ വാങ്ങിക്കൂട്ടി പിന്നീടു് വിലകൂടുമെന്നു് സ്വപ്നം കണ്ടത്രേ. പക്ഷെ ഏതാനും വർഷങ്ങൾക്കുള്ളിൽ ആരും സ്വർണമുപയോഗിക്കാതായി. അവരുടെ തലമുറയിലുള്ളവർക്കു് ‘അമിതമായി വിലകൂടിയാൽ ഒരു വസ്തു എങ്ങിനെ ഉപയോഗശൂന്യമാവും’ എന്നു് മുതിർന്നവർ പഠിപ്പിച്ചുകൊടുക്കുന്നതിനു് സ്വർണത്തിന്റെ കഥ ഉദാഹരണമാക്കാറുണ്ടത്രെ”

ഞങ്ങൾ മൂവരും അത്ഭുതപരതന്ത്രരായി രാജാവിനെ നോക്കി. പിന്നെ പരസ്പരം നോക്കി.

ഭക്ഷണം കഴിഞ്ഞു് ഞങ്ങൾ തളത്തിൽ വിശ്രമിക്കുകയായിരുന്നു. രാജാവു് വീണ്ടും തുടങ്ങി.

“എനിക്കു് വേറൊരു കാര്യം ചോദിക്കാനുണ്ടു്. ഇത്രയും ധനം സമ്പാദിച്ചു് ചിതൽ എന്തുചെയ്യാനാണു്?”

“അതെന്തൊരു ചോദ്യമാണു് രാജാവേ. ധനം എത്രകിട്ടിയാലും നമുക്കു് മതിയാവുമോ? മാത്രമോ, സാധനങ്ങളുടെ വില കൂടിക്കൂടി വരികയാണു്. എത്ര പണമുണ്ടായാലും കുറച്ചുകൊല്ലം കൊണ്ടു് തികയാതാവും“

ചാരുകസാലയിൽ ചാരിക്കിടക്കുകയായിരുന്ന രാജാവു് എഴുന്നേറ്റിരുന്നു. കൈകൾ കൈപ്പിടിയിൽ നീട്ടിപ്പിടിച്ചു.

”എനിക്കു് മനസ്സിലാവുന്നില്ല. പണമെങ്ങിനെ തികയാതെ വരും?“

”എന്റെ രാജാവേ, സാധനങ്ങളുടെ വില ദിവസേന കൂടിവരികയല്ലേ?“

”ങേ? ഓരോ ദിവസവും സാധനങ്ങളുടെ വിലകൂടുമോ? അപ്പൊ...“

”അത്രക്കങ്ങടു് പ്രശ്നമായിട്ടില്ല. ഇത്തിരി അതിശയോക്തി കലർത്തി പറഞ്ഞതാണു്. എന്നാലും ചില സാധനങ്ങളുടെ വില മാസംതോറും കൂടും. ചിലതു് കൊല്ലത്തിൽ 3-4 തവണ. വിലകൂടാത്ത സാധനങ്ങളില്ല എന്നു പറയാം“

”അതെന്താ സാധനങ്ങളുടെ വില ഇങ്ങനെ കൂടാൻ കാരണം?“

”കാരണം... എല്ലാ സാധനങ്ങളുടേയും വില കൂടും. അത്രതന്നെ. ഇപ്പൊ അങ്ങയുടെ രാജ്യത്തു് വിലക്കയറ്റമില്ലേ?“

”ഇല്ല്യ“

”ഇല്ലേ?!“

”ഇല്ല്യ. എന്റെ ഓർമ്മയിൽ ഇതുവരെ എന്റെ രാജ്യത്തു് സാധനങ്ങളുടെ വില കൂടിയിട്ടില്ല. എന്റെ കാലത്തു് മാത്രമല്ല കഴിഞ്ഞ ഒരു രണ്ടു് തലമുറയുടെ കാലത്തു് വില കൂടിയിട്ടില്ല്യ“

”അതെങ്ങിനെ സാധിച്ചു ത... രാജാവേ?“

”തിരിച്ചു് ഞാൻ ചോദിക്കട്ടെ - എങ്ങിനെയാണു് സാധനങ്ങളുടെ വില കൂടുന്നതു്?“

ഞങ്ങൾ പരസ്പരം നോക്കി. വർത്തമാനത്തിൽ സാധനങ്ങളുടെ വിലകൂടുന്നുണ്ടെങ്കിലും എന്തുകൊണ്ടു് വില കൂടുന്നു എന്നു് ഞങ്ങൾക്കറിയില്ല. ഇന്ധനവില കൂടുന്നതനുസരിച്ചു് സാധനങ്ങളുടെ വില കൂടാറുണ്ടു്. പക്ഷെ അതുപറഞ്ഞാൽ രാജാവു് ചോദിക്കും ഇന്ധനവില കൂടുന്നതെങ്ങിനെയാണെന്നു്.

”കൃത്യമായി അറിയില്ല രാജാവേ. ഒരുപക്ഷെ സാധനങ്ങളുടെ ലഭ്യതകുറയുമ്പോൾ വില ഉയരുന്നതാവാം“

”ആണെന്നിരിക്കട്ടെ. അപ്പൊ കൂടുതൽ വിലകൊടുത്താൽ സാധനം ലഭിക്കും. അതിനർത്ഥം, ലഭ്യത കുറഞ്ഞിട്ടില്ല എന്നല്ലേ? പണ്ടു് ഒരു നാണയം മതിയായിരുന്നു; ഇന്നു് രണ്ടു് നാണയം കൊടുക്കണം. എന്നാലും കിട്ടുന്നതു് ഒരേ സാധനമാണു്. അപ്പൊ വില കൂടേണ്ട കാര്യമെന്താ?“

ഞങ്ങൾക്കുത്തരമില്ല. രാജാവു് വിടാനുള്ള ലക്ഷണമില്ല.

”കുത്തകവ്യാപാരക്കാർ സ്വന്തം ഇഷ്ടത്തിനു് വില കൂട്ടില്ലേ?“ ഗൗതം ചോദിച്ചു.

”അതു് സാധ്യമാണു്. പക്ഷെ അപ്പോൾ നിങ്ങൾ സ്വയം ചോദിക്കേണ്ട രണ്ടു് ചോദ്യമുണ്ടു്. ഒന്നു് - കുത്തകവ്യാപാരിയുടെ ഉല്പ്പന്നങ്ങൾ നമ്മളുപയോഗിക്കണോ? രണ്ടു് - ഇത്രയും നിത്യോപയോഗസാധനം എന്തുകൊണ്ടു് കുത്തകയായി തുടരുന്നു?“

”മറ്റൊരു കാരണമുണ്ടാവാം. ഇപ്പൊ കൃഷിയുടെ കാര്യമെടുക്കാം. കൃഷി പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതായതു്, നമുക്കു് നിയന്ത്രിക്കാനാവാത്ത പ്രകൃതിവ്യതിയാനങ്ങളുണ്ടായാൽ ആ കൊല്ലത്തെ കൃഷിയെ ബാധിക്കും. അതു് കർഷകകുടുംബത്തിനു് ബുദ്ധിമുട്ടുണ്ടാക്കും. ന്യായമായും വിളവു് കുറവാണെങ്കിൽ അവർ വിലകൂട്ടി തങ്ങളുടെ നഷ്ടം നികത്താൻ നോക്കും“

”ഓഹോ. അടുത്തകൊല്ലം വിളവു് നന്നായാൽ അവർ വില കുറയ്ക്കുമോ?“

”അതിനു് സാധ്യതയില്ല“

”അപ്പൊ അതും അടിസ്ഥാനകാരണമല്ല. മറ്റെന്തെങ്കിലും?“

ഞങ്ങൾ മൂന്നുപേരും രാജാവിന്റെ മുഖത്തു് നോക്കിയിരുന്നു.

”കാരണം ഞാൻ പറയാം. നമുക്കു് വിട്ടുവീഴ്ച ചെയ്യാൻ സാധ്യമല്ല. എന്തുവിലകൊടുത്തും സാധനങ്ങൾ വാങ്ങാൻ നമ്മൾ തയ്യാറാവും. അതുതന്നെയാണു് വിലകൂടാനും കാരണം“

ശരിയാണെന്നു് ഞങ്ങൾക്കു് തോന്നി.

രാജാവു് എന്റെ നേരെ തിരിഞ്ഞു.

”താൻ വാഴയിൽ വെറ്റില വളർത്തുന്ന തരമാണു്“

എനിക്കൊന്നും മനസ്സിലായില്ല. വാഴയും വെറ്റിലയും എന്റെ സ്വഭാവവും തമ്മിൽ എന്തുബന്ധം?

”എടോ, വാഴ കൂടുതൽ കാലമൊന്നും നിലനില്ക്കില്ല. കുലച്ചുകഴിഞ്ഞാൽ പിന്നെ പതുക്കെ അതിന്റെ ആയുസ്സവസാനിക്കും. എന്നാലും തന്നെപ്പോലെയുള്ളവർ അല്പസമയത്തെ മെച്ചത്തിനുവേണ്ടി വേറെ താങ്ങു് കൊടുക്കാൻ മെനക്കെടാതെ വെറ്റില പോലെ കൂടുതൽ കാലമെടുത്തു് ഫലം തരുന്ന വള്ളി വാഴയിൽ വളർത്തും. ഒടുക്കം വാഴ നശിക്കും. തനിക്കു് ഇരട്ടിപ്പണി ആവും“

”എനിക്കൊന്നും മനസ്സിലാവുന്നില്ല രാജാവേ. ഞാൻ ഇതുവരെ വെറ്റിലകൃഷി ചെയ്തിട്ടില്ല“

”താനൊരു ഒന്നാന്തരം ഌണു തന്നെയാ. ഞാൻ പറഞ്ഞതിനർത്ഥം, താൻ ദേഹമനങ്ങി പണിയെടുക്കാതെ താല്ക്കാലികലാഭം മാത്രം നോക്കി പണം സമ്പാദിക്കാൻ നടക്കുന്നു. എന്താ കാര്യം? കൂടുതൽ ബുദ്ധിമുട്ടിലേ അതു് ചെന്നവസാനിക്കൂ. തന്റെ ഇത്രയും ദിവസത്തെ അനുഭവം തന്നെ അതിനു് തെളിവല്ലേ?“

ഞങ്ങൾ നാലുപേരും കുറച്ചുസമയം ചിന്താവിഷ്ടരായി ഒന്നും മിണ്ടാതിരുന്നു.

രാജാവു് എഴുന്നേറ്റു. അതുകണ്ടു് ഞങ്ങളും.

”എന്റെ ഏറ്റവും വലിയ ദുഃഖം നിങ്ങളെ ഞാൻ കാണിച്ചുതരാം. എന്റെ കൂടെ വരുമോ?“

ഞങ്ങൾ നാലുപേരും ഒന്നും മിണ്ടാതെ നടന്നു. രാജാവു് കൊട്ടാരത്തിനു പുറത്തെത്തി. നഗരത്തിനു പുറത്തേക്കുള്ള വഴിയ്ഇലൂടെ ഞങ്ങൾ വടക്കോട്ടു തേരിൽ സഞ്ചരിച്ചു. കുറച്ചുദൂരം ചെന്നപ്പോൾ നഗരാതിർത്തിയിലെ വലിയ വയലിൽ ഞങ്ങളെത്തി. രാജാവവിടെ നിന്നു. വയൽ ചൂണ്ടിക്കാണിച്ചു.

“കണ്ടില്ലേ? ഉണങ്ങി വരണ്ട പാടങ്ങളാണു്. മഴ കുറച്ചുകൊല്ലമായി വേണ്ടത്ര കിട്ടുന്നില്ല. ജനത്തിനു് വേണ്ടത്ര ഭക്ഷണം കിട്ടുന്നില്ല. ധാന്യങ്ങൾ മിക്കവാറും അന്യരാജ്യങ്ങളിൽ നിന്നെത്തിക്കണം. അതിന്റെ ചർച്ചക്കാണു് ഞാൻ രണ്ടുമാസം മുമ്പു് മറ്റുരാജ്യത്തെ രാജാക്കന്മാരെ ക്ഷണിച്ചതു്”

“നിങ്ങൾ പറയുന്നതു് പ്രകാരം ഞാൻ ധാന്യങ്ങളുടെ വിലകൂട്ടണം. എന്നിട്ടു് ജനങ്ങളിൽ നിന്നു് കൂടുതൽ പണമുണ്ടാക്കണം. ആ പണമുപയോഗിച്ചു് മറ്റുരാജാക്കന്മാർ ധനികരാവും. എന്റെ ജനം ദരിദ്രരും മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നവരുമായി മാരും. അതു് വേണോ?”

“ചിതലേ, ആദ്യം നമ്മൾ തമ്മിൽ ഈ പാടത്തുവച്ചു് കണ്ടദിവസം നിങ്ങൾ പറഞ്ഞു രാജാക്കന്മാർ കൊട്ടാരത്തിലിരുന്നു് ഭരണം നടത്തേണ്ടവരല്ലേ, എന്തിനാണു് കർഷകവൃത്തിയിലേർപ്പെട്ടിരിക്കുന്നതു് എന്നു്. ഞാൻ കൃഷിപ്പണി മാത്രമല്ല, എന്തുജോലിയും ചെയ്യും. എന്റെ രാജ്യത്തെ ജനത്തിനേയും അവരുടെ പ്രാരാബ്ധങ്ങളേയും നേരിട്ടറിയാനുള്ള അവസരങ്ങളാണു് ഓരോ ജോലിയും. സ്വന്തം ജനത്തെ മനസ്സിലാക്കാത്തയാൾ ഒരു നല്ല ഭരണാധികാരിയല്ല”

ഞങ്ങൾ വീണ്ടും രഥത്തിൽ കയറി വീണ്ടും വടക്കോട്ടു് സഞ്ചരിച്ചു. ഞങ്ങൾക്കിടയിൽ രാജ-പ്രജ ദൂരമിപ്പോൾ ഉണ്ടായിരുന്നില്ല. നാലു സ്നേഹിതർ തമ്മിലുള്ള സംഭാഷണം മാത്രം.

“മഴകുറവാണെന്നു് സമ്മതിച്ചു. പക്ഷെ ഇവിടെ പുഴകളില്ലേ? വേറെയേതെങ്കിലും രീതിയിൽ വെള്ളം കിട്ടില്ലേ?”

“നമ്മളങ്ങോട്ടാണു് പോകുന്നതു്”

വനത്തിലൂടെയായിരുന്നു പിന്നെ കുറച്ചുസമയം യാത്ര. തുടർന്നു് വലിയൊരു മലയുടെ അടിവാരത്തിൽ ഞങ്ങളെത്തി.

“ഈ കാണുന്ന മലയുടെ അപ്പുറത്തു് സമൃദ്ധമായ വെള്ളമുണ്ടു്. നമ്മുടെ രാജ്യാതിർത്തിക്കുള്ളിൽ തന്നെയാണു്. ചാൽ കീറി വെള്ളം നഗരത്തിലും ഗ്രാമങ്ങളിലുമെത്തിക്കാം. എന്നാൽ മലയാണു് പ്രശ്നം. വെള്ളം സുഗമമായി കിട്ടണമെങ്കിൽ മല തുരക്കണം. അതിനു് ആൾബലം ആവശ്യമാണു്. വിദഗ്ദ്ധരും വേണം. അതിനുള്ള ശേഷി എന്റെ രാജ്യത്തിനില്ല. ഒരു ചെറിയ രാജ്യമല്ലേ; മല പൊളിക്കുന്നതിനുള്ള വിദഗ്ദ്ധർ മറ്റുരാജ്യങ്ങളാണു്. അവരുടെ സഹായം കിട്ടുമോ എന്നറിയാൻ കൂടിയാണു് ഞാനന്നു് മറ്റുരാജാക്കന്മാരെ വിളിച്ചതു്. പക്ഷെ അവർക്കെന്നെ സഹായിക്കാൻ താല്പര്യമുണ്ടായിരുന്നില്ല. എന്നെ സഹായിച്ചാൽ അവരുടെ വരുമാനം മുടങ്ങുമല്ലോ”

സൂര്യനസ്തമിക്കാറായിരുന്നു. ഞങ്ങൾ ചൂടുള്ള ഒരു പാറപ്പുറത്തിരിക്കുകയാണു്. രാജാവിന്റെ മുഖം മ്ളാനമായിരുന്നു.

“എനിക്കു് നിങ്ങളോടൊന്നേ ചോദിക്കാനുള്ളു. പാറ എളുപ്പം പൊട്ടിക്കാനുള്ള എന്തെങ്കിലും വഴി നിങ്ങളുടെ കാലത്തുണ്ടോ?”

“രാജാവേ, ഞങ്ങളുടെ കാലത്തു് പാറപൊട്ടിക്കാനുള്ള ഉഗ്രശേഷിയുള്ള സ്ഫോടനവസ്തുക്കൾ കിട്ടും. അതു് പാറ തുരന്നുവച്ചു് തീകൊടുത്താൽ മതി. പക്ഷെ അതിനിത്തിരി കാലം പരിശീലിക്കണം. അപകടസാധ്യതയുണ്ടു്”

“എങ്കിൽ ഞാനൊരു അഭിപ്രായം പറയാം” ഗൗതം പറഞ്ഞുതുടങ്ങി.

“ഇവിടെനിന്നു് കുറച്ചാളേ നമുക്കു് നമ്മുടെ കാലത്തിലേക്കു് കൊണ്ടുപോകാം. അവർ പാറപൊട്ടിക്കുന്ന സ്ഥലങ്ങളിൽ നിന്നു് പണിപഠിക്കട്ടെ. എന്നിട്ടു് ആവശ്യത്തിനു് വെടിമരുന്നുമായി വന്നു് സൗകര്യമുള്ളത്രയും പാറപൊളിയ്ക്കട്ടെ. ന്തേയ്?”

“പറ്റില്ല്യ”

“പറ്റില്ലേ?”

“ഇല്ല്യ. ആദ്യം ഞാൻ ഭാവിയിലേക്കു് വരും. മറ്റാളുകളെ കൊണ്ടുവരാൻ എനിക്കു് ബോധ്യമായാൽ മാത്രമേ കൂടുതൽ ആൾക്കാരേ കൊണ്ടുപോകേണ്ടതുള്ളു. സ്വാർത്ഥതയല്ല. നിങ്ങളുടെ കാലത്തു് എത്തിപ്പെട്ടു് അവിടെ ജീവിക്കാനും പണിപഠിക്കാനും കെല്പുള്ളവരെ ഞാൻ നേരിട്ടു് തെരഞ്ഞെടുക്കാൻ വേണ്ടിയാണു് യാത്ര”

എനിക്കാവേശമായി. രാജാവാളു് കിടിലനാണല്ലോ. ചാടിപ്പുറപ്പെട്ടിരിക്കുന്നു. മിടുമിടുക്കൻ!

“എങ്കിൽ രാജാവേ, നമുക്കുടനെ താരറാണിയോടു് വിവരം പറയണം. കുറച്ചു മാസങ്ങൾ തന്നെ വേണ്ടിവന്നേക്കും. അത്രയും കാലം ആരു് രാജ്യം ഭരിക്കും? കുറേ കാര്യങ്ങൾ യാത്രക്കുമുമ്പു് തീരുമാനിയ്ക്കണ്ടേ?”

“എന്തിനു്? നിങ്ങളു പറഞ്ഞ പേടകത്തിൽ നമ്മൾ പുറപ്പെട്ട അതേ സമയത്തേക്കു് തിരിച്ചെത്താനാവില്ലേ? എത്ര മാസം കഴിഞ്ഞാണെങ്കിലും? എന്തിനാ ഭരണം വേറൊരാളെ ഏല്പ്പിക്കുന്നേ?”

“മനസ്സിലായില്ല...”

“ഡാ, ഞാൻ പറഞ്ഞുമനസ്സിലാക്കിത്തരാം” ഗൗതം പറയാൻ തുടങ്ങി. “നമ്മൾ നാളെ രാവിലെ പുറപ്പെടുന്നു എന്നു് കരുതുക. എന്നിട്ടൊരു ആറുമാസം രാജാവു് ജോലി അഭ്യസിക്കുന്നു. തിരിച്ചുവരുന്ന സമയത്തു് നാളത്തെ അതേ തീയതി പേടകത്തിൽ സെറ്റ് ചെയ്താൽ രാജാവു് പുറപ്പെട്ട സമയത്തു് തന്നെ ഇവിടെ തിരിച്ചെത്തും. ഇവിടെയുള്ളവർക്കു് രാജാവു് മാറിനിന്നതായി തോന്നുകയേ ഇല്ല!“

അതു് ശരിയാണല്ലോ. ഞാൻ അത്രക്കങ്ങടു് ചിന്തിച്ചില്ല.

”സാരല്യ. ആളു് ഌണുവാണു്. അതുകൊണ്ടാ...“ ഇത്തവണ ഗൗതത്തിന്റെ വക ഡയലോഗ്.

”എങ്കിൽ ഈ ഌണുവിന്റെയും കൂട്ടുകാരുടേയും കൂടെ ഞാനിതാ ഭാവിയിലേക്കു് വരുന്നു!“ രാജാവു് ആവേശത്തോടെ പറഞ്ഞു. അതീവസന്തുഷ്ടരായി ഞങ്ങൾ രാജരഥത്തിൽ കയറി മടക്കയാത്ര ആരംഭിച്ചു.

”ഌണു എന്ന പ്രയോഗം നിങ്ങൾക്കു് രണ്ടാൾക്കും നല്ലോണം ബോധിച്ചു. ല്ലേ?“ യാത്രക്കിടയിൽ രാജാവു് എന്റെ കൂട്ടുകാരോടു് ചോദിച്ചു.

ആ വികൃതമനസ്കരാകട്ടെ, ”അതെ അതെ!“ എന്നമട്ടിൽ ചിരിച്ചുകൊണ്ടു് തലകുലുക്കി. ഞാൻ താടിക്കു് കൈയും കൊടുത്തു് ”രാത്രി ഭക്ഷണത്തിനു് എന്താണാവോ“ എന്നാലോചിച്ചും രാജാവും എന്റെ കൂട്ടുകാരും കൂടി നടത്തുന്ന നർമ്മസംഭാഷണത്തിൽ മൗഢ്യം പ്രകടിപ്പിച്ചു് പങ്കെടുക്കാതെയും താനൊരു ബോറനാണെന്നു് വീണ്ടും തെളിയിച്ചു.



(തുടരും....)