Sunday, June 20, 2010

ബാംഗ്ലൂരിലെ ചെറിയ ബ്ലോഗ്‌ മീറ്റ്‌

ബൂലോകത്തിന്റെ സ്വന്തം വൈദ്യനും "യോഗ" എന്നു കേട്ടാൽ ചാടിയെഴുന്നേൽക്കുന്ന സ്വഭാവക്കാരനുമായ ജയേട്ടനു് വെറുതെ കഴിഞ്ഞയാഴ്ച ഒരു ഇ-മെയിലയച്ചു. ഇനി അടുത്തെങ്ങാനും ബാംഗ്ലൂർക്കുണ്ടാകുമോ എന്നായിരുന്നു ഉള്ളടക്കം.

മറുപടി വന്നത്‌ ഒരു മിനുട്ടിനുള്ളിൽ. ചാറ്റിൽ.

"ഞാൻ ബുധനാഴ്ച ബാംഗ്ലൂരിലുണ്ടാകും!"

ഹയ്യട! ഞാനാണെങ്കിൽ ഇതുവരെ ഒരു മലയാളം ബ്ലോഗറെ നേരിട്ട്‌ കണ്ടിട്ടില്ല (പരിചയമുള്ള കുറച്ചുപേർ ബ്ലോഗ്‌ ചെയ്യാറുണ്ട്‌. എന്നാൽ ബ്ലോഗിൽ വച്ച്‌ പരിചയപ്പെട്ട ആരേയും കണ്ടിട്ടില്ല). ഇതാ ഒരു സുവർണാവസരം മുന്നിൽ. അതും ഞാൻ വളരെ ആരാധിക്കുന്ന സാക്ഷാൽ ജയേട്ടൻ!

ഈ ജയേട്ടൻ വിളി ഞാൻ തന്നെ എടുത്ത ഒരു സ്വാതന്ത്ര്യമാണ്‌. ആദ്യത്തെ 1-2 തവണ സംവദിച്ചപ്പോൾ - കമന്റുകളിലാണ്‌ എന്നാണോർമ്മ - ഡോക്ടർ എന്നൊക്കെ വിളിച്ച്‌ ഔപചാരികത നിലനിർത്തിയതാണ്‌. പിന്നെ ഞാൻ തന്നെയങ്ങ്‌ കയറി "ഏട്ടൻ" വിളി തുടങ്ങിയതാണ്‌. "ചീത്ത പറയുകയാണെങ്കിൽ അപ്പൊ മാറ്റാം" എന്ന സ്കീമിൽ. ചീത്ത പറഞ്ഞില്ലെന്ന്‌ മാത്രമല്ല ബ്ലോഗിലൂടെയും ഇ-മെയിലിലൂടെയും ചാറ്റിലൂടെയും പരസ്പരം വളരെ അടുപ്പം തോന്നുകയും ചെയ്തു.

അപ്പൊ ഈ ജയേട്ടനാണ്‌ വരുന്നത്‌. ശരി, കണ്ടുകളയാം. ബുധനാഴ്ച വൈക്കുന്നേരം ഫ്രീ ആകും എന്നാണ്‌ ധാരണ. ആയുർവേദ കോളജിൽ നിന്ന്‌ കുട്ടികളേയും രണ്ട്‌ ടീച്ചർമാരേയും കൊണ്ട്‌ സ്റ്റഡി ടൂറിനാണ്‌ മൂപ്പർ വരുന്നത്‌. അത്‌ എന്തുവേണമെങ്കിലുമായിക്കോട്ടെ; എനിക്ക്‌ ജയേട്ടനെ കാണണം! നോ വിട്ടുവീഴ്ച.

ആപ്പീസിൽ ഇരിപ്പുറക്കാത്തതുകൊണ്ട്‌ നാലരയായപ്പോഴേ ഞാനിറങ്ങി. വീട്ടിൽ ചെന്ന് ഒരു കാപ്പിയൊക്കെ കുടിച്ച്‌ ഉഷാറായി.

ജയേട്ടനെ ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ഒന്ന്‌ ഇമ്പ്രസ്സ്‌ ചെയ്യിക്കണം (എന്തിനാ എന്ന്‌ ചോദിച്ചാൽ ഒരു സീനിയർ ആൻഡ്‌ പോപ്പുലർ ബ്ലോഗറുടെ സുഹൃത്ത്‌ എന്നറിയപ്പെടാനുള്ള വെമ്പലാണെന്ന്‌ കൂട്ടിക്കോളു). അതിന്‌ ചില പൊടിക്കൈകൾ റെഡിയാക്കിയിട്ടുണ്ട്‌.

ബാംഗ്ലൂരിൽ തന്നെ ജോലിയുള്ള അനുജന്റെ ബുള്ളറ്റ്‌ ബൈക്ക്‌ തരപ്പെടുത്തി വച്ചിരുന്നു. ബുള്ളറ്റ്‌ ഓടിക്കുന്നവന്‌ ഭയങ്കര അഭിമാനമായിരിക്കും, നല്ല വിലകിട്ടും എന്നൊക്കെയാണ്‌ (എന്റെ) വയ്പ്‌. ബൈക്ക്‌ കിട്ടിയ ഉടനെ 1-2 ദിവസം എടുത്ത്‌ ഓടിക്കാൻ പഠിക്കാൻ ശ്രമിച്ചു. അതോടെ ഒരു കാര്യം വ്യക്തമായി. സ്വതവേ ദുർബലൻ, പുറമേ ബൈക്ക്‌ ബുള്ളറ്റ്‌ എന്നാണ്‌ സ്ഥിതി. ഗിയർ മാറാൻ ശ്രമിച്ച്‌ വലതു കാൽപ്പാദം നീരുവച്ചു. നീര്‌ ജയേട്ടനെ കാണിക്കാതിരിക്കാൻ ഷൂ ധരിക്കാൻ തീരുമാനിച്ചു. വിസിറ്റിംഗ്‌ കാർഡ്‌ ഒരു ഒന്നര ഡസൻ എടുത്ത്‌ പോക്കറ്റിൽ തിരുകി. ജാട കുറയ്ക്കണ്ട.

(സെന്റ്‌ പൂശാൻ മറന്നുപോയ കാര്യം തിരിച്ചുവന്ന ശേഷമാണ്‌ ഓർത്തത്‌)

ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും മെജസ്റ്റിക്‌ ഏരിയയിൽ ജയേട്ടൻ താമസിക്കുന്ന ഹോട്ടലിലെത്തി. ബൈക്കിൽ നിന്നിറങ്ങാതെ തന്നെ പുള്ളിയെ ഒന്ന്‌ വിളിച്ചു. നോക്കുമ്പൊ തൊട്ടുപിന്നിൽ ജയേട്ടൻ.

ആദ്യമായി ഞാൻ കാണുന്ന മലയാളം ബ്ലോഗർ!

പരസ്പരം ഹസ്തദാനത്തിന്‌ ശേഷം ജയേട്ടൻ ക്ഷണിച്ചു: "വരൂ!"

അയ്യോ ജയേട്ടൻ ബുള്ളറ്റ്‌ കണ്ടില്ലേ ആവൊ? ഒന്ന്‌ ശ്രദ്ധ ക്ഷണിക്കാം

"ജയേട്ടാ, ബൈക്ക്‌...."

"ങാ, ബൈക്കല്ലേ? അതിന്‌ അധികം സ്ഥലമൊന്നും വേണ്ട. നമുക്ക്‌ ഇവിടെ പാർക്ക്‌ ചെയ്യാം"

ശും! ആദ്യത്തെ ട്രയൽ ചീറ്റി.

(ഇനിയങ്ങോട്ട്‌ ശും ഉള്ളിടത്തൊക്കെ ഓരോ ട്രയൽ ചീറ്റുന്നതായി മനസ്സിലാക്കണം)

"ഞാൻ ചോദിക്കണം എന്ന്‌ വിചാരിക്കുകയായിരുന്നു. എന്തിനാ ചിതൽ എന്ന്‌ പേർ തെരഞ്ഞെടുത്തത്‌?"

എന്തിനാ? ഞാനത്രക്കൊന്നും ആലോചിച്ചിട്ടില്ല. വെറുതെ. ഒരു പേർ വേണം. എങ്കിൽ ചിതൽ എന്നായിക്കോട്ടെ.

"അത്രേ ഉള്ളു?"

"അതെ"

"ചിതൽ എന്ന്‌ പറഞ്ഞാൽ എന്തും തിന്നുന്ന ജീവിയല്ലേ?"

അതും പറഞ്ഞ്‌ വൈദ്യൻ, 6-7 കിലോ അണ്ടർ വെയ്‌റ്റായ എന്നെ ആപാദചൂഡം ഒന്ന്‌ നോക്കി. ഞാൻ തിരിച്ച്‌ വൈദ്യരേയും നോക്കി. കണ്ടിടത്തോളം പുള്ളിയും അണ്ടർ വെയ്‌റ്റാ! ഒരു നീര്ർക്കോലി രൂപം!

ജയേട്ടന്റെ കൂടെ ഒരു ബന്ധുവും ഉണ്ട്‌ - അശ്വിൻ.

"ബ്ലോഗറാണോ?"

"ഏയ്‌ അല്ല. ഞാൻ ബ്ലോഗുകൾ ഒന്നും അങ്ങിനെ നോക്കാറില്ല"

ശും. ഒരു പൊട്ടെൻഷ്യൽ ഫോളോവർ കൂടി പോയി.

ജയേട്ടൻ പറഞ്ഞു:

"അതേയ്‌, സ്റ്റൂഡന്റ്സ്‌ ഒക്കെ പലവഴിക്ക്‌ ചിതറിപ്പോയിട്ടുണ്ട്‌. അവരെ കണ്ട്‌ സമയത്ത്‌ ഹോട്ടലിൽ തിരിച്ചെത്താൻ പറയണം. നാളെ രാവിലെ മൈസൂർക്ക്‌ പോകാനുള്ളതാ. നമുക്കൊന്ന്‌ നടന്നാലോ?"

മെജസ്റ്റിക്കിലെ നാറുന്ന ഇടുങ്ങിയ വഴികളിലൂടെ ഞങ്ങൾ നടന്നു.

പെട്ടെന്നാണ്‌ കണ്ടത്‌ - ജയേട്ടൻ 2-3 പെൺകുട്ടികളെ കൈവീശി കാണിക്കുന്നു. പെൺകുട്ടികൾ ജയേട്ടനെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട്‌.

എന്താ ഇങ്ങനെ? ഞാൻ അശ്വിന്റെ മുഖത്തു നോക്കി. അശ്വിൻ പറഞ്ഞുതന്നു:

"ജയേട്ടന്റെ വിദ്യാർത്ഥികളാണ്‌"

ഛെ! ജയേട്ടനെ തെറ്റിദ്ധരിക്കാൻ ശ്രമിച്ചിട്ട്‌ നടക്കുന്നില്ലല്ലോ?

തിരിച്ച്‌ ഹോട്ടലിൽ വന്നു. അപ്പൊ ജയേട്ടൻ പറഞ്ഞു:

"ഹോട്ടലുകാരോട്‌ പറഞ്ഞ്‌ വെക്കാം.. 10-60 പേർ ഉള്ളതല്ലേ? ചോറ്‌ റെഡിയാക്കാൻ പറയാം"

എനിക്ക്‌ കന്നഡയിൽ ബബ്ബബ്ബ എന്നൊക്കെ പറയാൻ അറിയാം. മുറി കന്നഡ വച്ച്‌ ജയേട്ടന്റെ മുന്നിൽ ഒന്ന്‌ ഷൈൻ ചെയ്യണം.

ഹോട്ടലുകാരോട്‌ സംസാരിക്കാൻ വേണ്ടി മുന്നോട്ട്‌ നീങ്ങി കണ്ഠശുദ്ധീകരണം നടത്തിയതോർമ്മയുണ്ട്‌. പിന്നെ കാണുന്നത്‌ നല്ല ശുദ്ധ കന്നഡയിൽ ജയേട്ടൻ ഹോട്ടലുകാരോട്‌ സംസാരിക്കുന്നതാണ്‌.

നെക്സ്റ്റ്‌ ശും!

(പിന്നീട്‌ അപഗ്രഥിച്ചപ്പോൾ ബഹുവ്രീഹിയും തൽപ്പുരുഷനുമടക്കം സകല സന്ധിസമാസങ്ങളും ചേർത്താണ്‌ ജയേട്ടൻ കന്നഡ സംസാരിച്ചത്‌ എന്നു കണ്ടെത്താനായി)

"ജയേട്ടൻ എവിടുന്നാ കന്നഡ പഠിച്ചേ?"

"പോസ്റ്റിടാം! കന്നഡ വന്ന വഴി!"

"മതി. ഇനി ഏതൊക്കെ ഭാഷയറിയാം?"

"കുറേ അറിയാം! ഒക്കെ വഴിയേ മനസ്സിലാവും!"

അപ്പൊ ഇത്‌ എന്തൂട്ട്‌ മൊതലാണ്‌ സാധനം?

(ഇങ്ങേർക്ക്‌ പല ഭാഷകളിൽ ബ്ലോഗുകളും ആരാധകരുമുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു)

ഞാൻ വാച്ച്‌ നോക്കി. ഇല്ല, വന്നിട്ട്‌ അധികസമയമായിട്ടില്ല. ഇനിയും കുറേക്കൂടി മാനനഷ്ടം സംഭവിക്കാനുള്ള സമയമുണ്ട്‌.

ഞാനും അശ്വിനും ഓരോ ദോശ ഓർഡർ ചെയ്തു. ജയേട്ടൻ തൈരുസാദം തെരഞ്ഞെടുത്തു.

കൈവിട്ടുകൊണ്ടിരിക്കുന്ന ആത്മവിശ്വാസം വീണ്ടെടുത്തേ മതിയാവൂ. കന്നഡയിൽ ബബ്ബബ്ബ പറയാനറിയാം എന്ന്‌ ജയേട്ടനെ അറിയിക്കണം. വെയ്റ്ററെ വിളിച്ചു.

"എണ്ണ ബേഡി" (ദോശയിൽ... എണ്ണ വേണ്ട)

ജയേട്ടൻ ചിരിച്ചു "എന്താ കന്നഡയിൽ പറഞ്ഞത്‌? എണ്ണ പേടിയാണെന്നോ?"

ശും നമ്പ്ര 4

"അല്ല, എണ്ണ വേണ്ട....ന്ന്‌ പറഞ്ഞതാ"

"എന്തേയ്‌ കൊളസ്റ്ററോൾ ഉണ്ടോ?"

ശും അഞ്ചായി. ജയേട്ടാ, പത്ത്‌ ശും ആയാൽ നിർത്തണം. അതിൽ കൂടുതൽ എനിക്ക്‌ എണ്ണാൻ അറിയില്ല.

"ആയുർവേദ വിധിപ്രകാരം സന്ധ്യ കഴിഞ്ഞാൽ തൈര്‌ കഴിക്കരുത്‌ എന്നാണ്‌. പക്ഷെ ആഗ്രഹിച്ചത്‌ തിന്നാണ്ട്‌ പറ്റുമോ? അതുകൊണ്ട്‌ തൈര്‌സാദം തീരുന്നതുവരെ ഞാൻ വൈദ്യനല്ല!"

ബ്ലോഗർ കണ്ണനുണ്ണി വിളിച്ചു. മൂപ്പർ എംജി റോഡിൽ അരുൺ കായംകുളത്തിനെ കാത്ത്‌ നിൽക്കുകയാണ്‌. പക്ഷെ അരുൺ ആപ്പീസിൽ നിന്നിറങ്ങിയിട്ടില്ല. ഞങ്ങൾ അരുണിനെ വിളിച്ചു. ജോലിത്തിരക്കാണ്‌, ഇറങ്ങാൻ വയ്യെന്ന്‌ പാവം അരുൺ. സാരമില്ല, ഹോട്ടലിലേക്ക്‌ എത്തിക്കോളാം എന്ന്‌ കണ്ണനുണ്ണി.

ഞങ്ങളുടെ സംസാരം ബ്ലോഗിൽ കൂടി മലയാളഭാഷയും ടിവി ചാനലും സദാചാരവും ആളുകളുടെ വകതിരിവും ഒക്കെ കടന്ന്‌ എവിടെയൊക്കെയോ എത്തിയിരിക്കുന്നു.

ഒരു പ്രത്യേക ജനവിഭാഗത്തെക്കുറിച്ച്‌ പരാമർശം വന്നു.

"ഞാൻ അവരെക്കുറിച്ച്‌ ഒരു പോസ്റ്റിടാൻ വിചാരിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഒരു കൊല്ലമായി ഒരു ഐഡിയ മനസ്സിൽ കിടക്കുന്നു"

ദൈവേ, ഇയാള്‌ കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനാണല്ലോ. ഒരു കൊല്ലമായിത്രേ ഐഡിയേം കൊണ്ട്‌ നടക്കാൻ തുടങ്ങിയിട്ട്‌. "നാളെ ബ്രേൿഫാസ്റ്റിന്‌ എന്ത്‌ വേണം?" എന്ന് അമ്മ കൺഫ്‌യൂഷൻ അടിക്കുന്ന മാതിരി "അടുത്ത പോസ്റ്റ്‌ എന്ത്‌ വേണം? ഒന്നും ഇതുവരെ കിട്ടിയില്ലല്ലോ.." എന്നു വിചാരിക്കുന്നയാളാണ്‌ ഞാൻ.

കണ്ണനുണ്ണി എത്തി. എത്തിയപാടെ കണ്ണനുണ്ണിയും ജയേട്ടനും ഒരു സെറ്റായി. ഒരേ നാട്ടുകാരല്ലേ? പിന്നെ അവരുടെ വർത്തമാനം തുടങ്ങി. അത്‌ ഗദ്യത്തിലൊതുക്കാൻ പറ്റില്ല. അതുകൊണ്ട്‌ ഒരു സാമ്പിൾ താഴെ:

"അപ്പൊ എവിടാന്നാ പറഞ്ഞേ?"

"അത്‌ നമ്മുടെ രാമപുരത്തുനിന്ന് പടിഞ്ഞാട്ട്‌ പോകണം"

"അതെ, ഞാനറിയും. പാടമല്ലേ?"

"ഉവ്വുവ്വ്‌. എള്ളും നെല്ലും മാറിമാറി കൃഷിയിറക്കാറുണ്ട്‌"

"പിന്നില്ലേ? ഞാനതിലേയൊക്കെ എത്ര നടന്നിരിക്കുന്നു. അവിടെ ----ടെ വീടറിയുമോ?"

"നല്ല കഥ! വളരെ നന്നായി അറിയാം!"

"അതേ...ല്ലേ? ഞാനവരുടെ മാവിന്‌ കല്ലെറിഞ്ഞിട്ടുണ്ട്‌!"

തേങ്ങാക്കുല! എന്നേയും ഗോളടിക്കാൻ ആരെങ്കിലുമനുവദിക്കൂ!

പെട്ടെന്നാണോർത്തത്‌. വിസിറ്റിംഗ്‌ കാർഡ്‌ കയ്യിലുണ്ടല്ലോ? ഒന്നിറക്കി നോക്കാം.

വിസിറ്റിംഗ്‌ കാർഡ്‌ വാങ്ങി സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ കണ്ണനുണ്ണി മൊഴിഞ്ഞു:

"അതേയ്‌, ബ്ലോഗർക്ക്‌ വിസിറ്റിംഗ്‌ കാർഡിന്റെ ആവശ്യമൊന്നുമില്ല. ഒരു ബ്ലോഗർ ഐഡി ഉണ്ടായാൽ മതി!"

(ശും കണ്ണനുണ്ണി വക ഒന്ന്, ജയേട്ടൻ വക.. എത്രയോ)

ഞാനായിട്ട്‌ തുടങ്ങിവെച്ച ഈ ബ്ലോഗ്‌ മീറ്റ്‌ ഞാൻ തന്നെ പിരിച്ചുവിട്ടിരിക്കുന്നു. മതി. ഞാൻ പോണൂ.

"ഓക്കെ, അപ്പൊ ഇനി തൊടുപുഴയിൽ കാണാം. കാണണം!"

ചിരിക്കുന്നത്‌ കണ്ടില്ലേ രണ്ട്‌ പേരും? ഒറ്റ ബ്ലോഗർമാരേയും വിശ്വസിക്കാൻ കൊള്ളില്ല.

20 comments:

Manoraj said...

ഹെയ് ഞാൻ ഇത് വിശ്വസിക്കില്ല.. പാവം ജയൻ.. ജയനെ എനിക്കറിയാവുന്നതല്ലേ.. ഇത് ജയനെ കരി വാരിതേച്ച് ആ കരിവാളിച്ച മുഖം എല്ലാവരിൽ നിന്നും അകറ്റാനുള്ള ചിതലിന്റെ കൂർമ്മ ബുദ്ധിയാണ്. ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു. :)

ചിതലേ.. മീറ്റിന്റെ വിശദമായ പോസ്റ്റ് ഇട്ടില്ലേൽ ഞങ്ങളുടെ ഡോക്ടർക്ക് മാനഹാനി വരുത്തിയതിന് കടുക്ക വെള്ളം കുടിപ്പിക്കും..

ജയാ : പ്ലീസ് ഇനിയെങ്കിലും എന്നെ ഫോളോ ചെയ്യ് . വേറെ ആരു ഇത്രയും ചെയ്യും.. അല്ല പിന്നെ:)

ശ്രീ said...

ഹ ഹ, അതു കൊള്ളാം. അപ്പോ അന്ന് പറഞ്ഞ മീറ്റ് ഇങ്ങനെയാണ് സമാപിച്ചത് അല്ലേ?

എഴുത്ത് രസമായി. :)

അരുണ്‍ കരിമുട്ടം said...

കുറേ കുട്ടികളെയും കൊണ്ട് വിനോദയാത്രക്ക് വന്നതാണെന്ന് ജയേട്ടന്‍ പറഞ്ഞപ്പോ, നാലാം ക്ലാസ്സിലെ സ്ക്കൂള്‍ കുട്ടികളാണെന്ന് കരുതി വരാതിരുന്നത് ഒന്നാമത്തെ തെറ്റ്.(ആരറിഞ്ഞു ഇങ്ങേരുടെ കുട്ടികള്‍ മുതിര്‍ന്ന പെണ്‍കുട്ടികളാണെന്ന്?).
എംജി റോഡില്‍ വെയിറ്റ് ചെയ്ത് നിന്ന കണ്ണനുണ്ണിയോട് വരാന്‍ പറ്റില്ലെന്ന് മനസിലായിട്ടും, വീണ്ടും വെയിറ്റ് ചെയ്യാന്‍ പറഞ്ഞത് രണ്ടാമത്തെ തെറ്റ്(എം.ജി റോഡല്ലേ? കണ്ണനുണ്ണി അല്ലേ? അവന്‍ അഡ്ജസ്റ്റ് ചെയ്ത് കാണും)
ആ പോട്ടെ, സംഭവങ്ങള്‍ ഇങ്ങനെ അറിയാന്‍ പറ്റിയല്ലോ?
നന്നായി :)

ചാണ്ടിച്ചൻ said...

ജയാ...ചിതല്‍ എന്ന പേര് എങ്ങനെ കിട്ടി എന്നല്ലേ....എന്റെ വരാനിരിക്കുന്ന പോസ്റ്റുകളില്‍ ഒന്ന് അതിനെക്കുറിച്ചാണ്....ഈ ചിതലിനെ പൊളിച്ചടുക്കിയിട്ടു തന്നെ കാര്യം...
അപ്പൊ നിങ്ങളാരും ഞാന്‍ പറഞ്ഞ കാര്യം മറക്കണ്ട...തൊടുപുഴക്കൊരു വഴിപിഴ!!!

ഒഴാക്കന്‍. said...

ചിതലേ നിനക്കങ്ങനെ വേണം ഇല്ലേ എന്നെ കൂടി വിളിക്കാന്‍ പാടില്ലാരുന്നോ?
എനിക്കും കാണാരുന്നല്ലോ ജയെട്ടനെയും ആ കുഞ്ഞ് പിള്ളാരെയും പിന്നെ രണ്ട് മൂന്ന് ശൂ ചിതലിനും

jayanEvoor said...

അല്ല... ആരാ ഈ ജയേട്ടൻ!?
വിവരണം കണ്ടിട്ട് പത്തൻപതു (പത്തൊൻപത് അല്ല!)വയസ്സുള്ള ആരോ ആണെന്നൂഹിക്കുന്നു.

തൊഴിൽ മിക്കവാറും ലാടവൈദ്യം ആകണം.

പിന്നെ ‘സമ്മർ ഇൻ ബേത്‌ലഹേം’എന്ന സിനിമ കണ്ട ആളാവാൻ വഴിയുണ്ട്.

“ഐദു കസിൻസിനല്ലി യാരാവദു ഒബ്രു മദുവേ....” എന്നോ മറ്റോ പറഞ്ഞു കാണും.

ചിതലേ....
സത്യത്തിൽ ആരാ ഈ പുള്ളി!!?

അരുൺ കായംകുളോം കണ്ണനുണ്ണീം ഒക്കെ അയലത്തുകാരായതുകൊണ്ട് അവരെക്കൂട്ടി ചില ‘തക്കിട തരികിട’നമ്പരൊക്കെ ഇട്ടാൽ ബൂലോകർ വിശ്വസിക്കുമെന്നാണോ കരുതിയത്!

ഭായി said...

ഈ ചേട്ടൻ ആൺ കുട്ടികളെ ആരെയും സ്റ്റഡി ടൂറിന് കൊണ്ടുപോകാറില്ലേ...?
പെൺകുട്ടികളെ കൈയെടുത്ത് കാട്ടിയ കാര്യം മാത്രം എഴുതിയത് കൊണ്ട് ഉണ്ടായ സംശയമാണേ...!! :)

മാണിക്യം said...

വേണ്ടാ വേണ്ടാ വൈദ്യരെ പറ്റി നൊണപറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല, വൈദ്യരെ ഞാന്‍ പോയി നേരില്‍ കണ്ടതാണേ എന്നു മാത്രമല്ല എന്റെ വൈദ്യരും ആയി.അതെ പറ്റി ഒരു പോസ്റ്റ് നാട്ടാന്‍ വിചാരിചു നാളുകള്‍ അങ്ങു പോയി എഴുതാന്‍ സാധിച്ചില്ല എന്നു മാത്രം ..
ചിതല്‍ എന്ന് പറയുമ്പോള്‍ http://cherianadan.blogspot.com/2010/06/blog-post.html നിശി,ഒരു പോസ്റ്റ് ഇട്ടു ചിതലിനെ പറ്റി ..സംഗീതത്തിലും കവിതയിലും ഇത്ര കമ്പം ചിതലിനുണ്ടെന്ന് ഞാന്‍ അപ്പോഴാ അറിഞ്ഞത്

രഘുനാഥന്‍ said...

ഹഹഹ...അപ്പോള്‍ പ്രവീണ്‍ രണ്ടു പുലിയന്‍ ബ്ലോഗര്‍ ജീവികളെ നേരിട്ട് കണ്ടു അല്ലേ? എവൂരിലെ ജയന്തന്‍ ബ്ലോഗര്‍ ജീവിയോടു ഞാനും ഫോണില്‍ സംസാരിച്ചിട്ടുണ്ട്...ആളൊരു "കുറുന്തോട്ടി വൈദ്യന്‍" ആണെങ്കിലും പാവത്താന്‍ ആണെന്ന് തോന്നുന്നു...കണ്ണനുണ്ണിയും അരുണും എന്റെ നാട്ടുകാര്‍ തന്നെ...തൊടുപുഴയില്‍ വച്ചു എല്ലാവരെയും മീറ്റാന്‍ കഴിയും എന്ന് കരുതി ഇരിക്കുകയാണ് ഞാന്‍.

വിവരണം നന്നായിട്ടുണ്ട് പ്രവീണ്‍...

ചിതല്‍/chithal said...

നന്ദി നന്ദി!
മനോരാജ്‌, ഞാനായിട്ട്‌ ഒന്നും പറയുന്നില്ല. ജയേട്ടന്‍ എന്നെ കുറേ വടിയാക്കി. അതിന്‌ എന്തെങ്കിലും പകരം വീട്ടണ്ടേ? അപ്പൊ ബ്ലോഗ്‌ പടവാളാക്കി!
ശ്രീ, അന്നു വന്നിരുന്നെങ്കില്‍ ഇതൊക്കെ നേരില്‍ കാണാമായിരുന്നു. വേണമെങ്കില്‍ 1-2 ഗോളും അടിക്കാമായിരുന്നു!
അരുണ്‍, ജയേട്ടന്‍ എന്നോട്‌ പറഞ്ഞത്‌, "കുട്ടികളെ കയറൂരി വിട്ടിരിക്കുകയാ, എന്റെ പത്തിലൊരംശം പോലും വികൃതി കാണിക്കാത്ത കുട്ടികളാ, പാവങ്ങളാ" എന്നൊക്കെ. അങ്ങേരാരാ മൊതല്‍?
ചാണ്ടീ... വേണ്ടാടാ... പ്ലീസ്‌...
ഒഴാക്കാ.. ശൂ ചിതലിനെ തന്നെ കാണണം, അല്ലെ? കൈവിട്ടുപോയ ആത്മവിശ്വാസം ഒന്നു തിരിച്ചുകിട്ടട്ടെ.. അതുവരെ ക്ഷമി..
ജയന്‍ എവൂര്‍- ജയേട്ടന്‍ എന്നു പറയുന്നത്‌ ഒരു പ്രഹേളികയാണ്‌!! (ആ വാക്കിന്റെ അര്‍ത്ഥം എനിക്കറിയില്ല!!)
ഭായി, ജയേട്ടന്‍ ആണയിട്ടു പറയുന്നു, ആണ്‍കുട്ടികളും കൂട്ടത്തിലുണ്ടെന്ന്‌. ആവൊ, ആര്‍ക്കറിയാം?
ഉമേഷ്‌ജി, നന്ദി! ഞാന്‍ രാജേഷിനോടും പറയാം!
മാണിക്യം, നിശിയോടു പറഞ്ഞിട്ടുണ്ട്‌, ഞാനല്ല ആ അക്രമങ്ങള്‍ക്കുത്തരവാദി എന്ന്! പിന്നെ, ലാടവൈദ്യന്റെ കഥ വന്നോട്ടെ!
രഘുവേട്ടാ, കമന്റ്‌ കണ്ടപ്പൊ ഒന്നു വിളിക്കണം എന്നു തോന്നിയതാ.. ആപ്പീസിലായിപ്പോയി :) രണ്ട്‌ പുലിയും ഒരെലിയും ബ്ലോഗ്‌മീറ്റില്‍ പങ്കെടുത്തു. ഞാന്‍ വിചാരിച്ചിരുന്നത്‌, തൃശൂരുകാരാണ്‌ ബ്ലോഗിങ്ങില്‍ മുന്‍പില്‍ എന്നായിരുന്നു. ഇപ്പൊ കായംകുളം-ഹരിപ്പാട്‌-എവൂര്‍ ഭാഗക്കാരെക്കൊണ്ട്‌ തോറ്റു.

Kavitha Warrier said...

Ithile kathaapaathrangale ariyillengilum, Sambhavam gambheerayirikkunu.... Iniyum kooduthal Bloggermaare ingane parichayappedam ennu vicharikkunu..

Ashly said...

മുറ്റത്തെ ബ്ലോഗര്‍ക്ക്‌ മണമില്ല..ല്ലേ ? ഇവിടെ നല്ല ഒന്നാം തരം ISI മാര്‍ക്ക്‌ ബ്ലോഗര്‍ ഒരുത്തന്‍ ഉള്ളപ്പോ എങ്ങാണ്ട് ഉള്ള ഒരു ഡോകടര്‍ ബ്ലോഗറെ തപി നടക്കുന്നു. ;)

Amrutha Dev said...

Nannayittundu... Jayettan!!! Pinne oru cheria doubt.. Chithalinu abadhangal matrame sambhavikkarullo? Iniyippo Luttappiyokke pani mathiyakki veetil(sorry Guhayil) irikkendi varum enna thonnunne!!! Pavam Balarama!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എന്നതായാലും ജയൻ‌ചേട്ടനെ അടുത്തു തന്നെ കാണുന്നുണ്ട്.. മൊത്തത്തിലൊരു ‘രൂപരേഖ‘ തന്നതു നന്നായി :)

ജയൻ‌ചേട്ടാ...ട്രിവാൻഡ്രത്ത് വരുമ്പോഴും സ്റ്റുഡന്റ്സിനെ കൊണ്ട്രോ??

F A R I Z said...

ആദ്യമായാണ് ഈ ബ്ലോഗില്‍ ഞാന്‍ എത്തിച്ചേരുന്നത്.'ബംഗ്ലൂരിലെ ചെറിയ ബ്ലോഗ്‌ മീറ്റ്" മാത്രമേ വായിച്ചുള്ളൂ.

ചെറിയൊരു കാര്യം ഒതുക്കമുള്ള വാചകങ്ങളില്‍, ലളിതവും,സരസവുമായി,വിവരിച്ചിരിക്കുന്നു.
ആശംസകളോടെ
--- ഫാരിസ്‌

എന്‍.ബി.സുരേഷ് said...

ആകാശത്തുകൂടിപോകുന്ന വെടിയുണ്ട ഏണിവച്ചുകേറി കൊള്ളുക എന്നു പറയില്ലേ. അതാ സംഭവിച്ചത്.

പിന്നെ എഴുത്തു രസായി.
ചമ്മലിൽ ഒരു പി.എച്.ഡി. ചെയ്യാമായിരുന്നു.

ചിതല്‍/chithal said...

വീണ്ടും നന്ദി!
കവിതേ, നമ്മൾ പറഞ്ഞ മാതിരി അടുത്ത ബ്ലോഗ് മീറ്റിനു് റെഡിയായിക്കോളൂ. ചാണ്ടി വരാതിരിക്കില്ല. ഞാൻ വഴി പറഞ്ഞുകൊടുത്തിട്ടുണ്ടു്.
ഉപാസനേ, നന്ദി. അടുത്ത ബ്ലോഗന ഇനി എന്നിടും? :)
ക്യാപ്റ്റാ.. സത്യം. ഇനി ബാംഗ്ലൂരു ബ്ലോഗർമാരോടു് മാത്രമേ കൂട്ടുകൂടുകയുള്ളു എന്നു വെക്കേണ്ടി വരും (കണ്ണനുണ്ണി അപ്പോഴും ശരിയല്ല ട്ടൊ)
അമൃതേ, ചിതലിനു് അബദ്ധമേ പറ്റൂ എന്നു് കണ്ടുപിടിച്ചു, ല്ലേ? മിടുക്കി! 2 മാർക്ക് തന്നിരിക്കുന്നു.
വട്ടപ്പറമ്പാ.. ജയേട്ടൻ സ്റ്റുഡൻസിനെ കൊണ്ടുവന്നാലും ഇല്ലെങ്കിലും കൈവീശിക്കാണിക്കും എന്നു് അറിയിപ്പു് കിട്ടി.
ഫാരിസ്, നന്ദി! എന്റെ ഇ-മെയിലിനു് അയച്ച മറുപടി കണ്ടു. യഥാർത്ഥ കഥയായിരുന്നു എന്നു് മനസ്സിലായി!
സുരേഷ് സാർ, നന്ദി! എന്റെ പഴയ കഥകൾ നോക്കിയാൽ മനസ്സിലാവും, ഞാൻ അബദ്ധങ്ങൾ കാണിക്കുന്നതിൽ ഡബിൾ പി.എച്.ഡി ആണു്!

അക്ഷരം said...

ആഹാ അങ്ങിനെ ഒരു കുഞ്ഞു ബ്ലോഗ്മീറ്റ് നടത്തി അല്ലെ , :) രസമായിട്ടുണ്ട്

Vayady said...

"ഞാൻ ചോദിക്കണം എന്ന്‌ വിചാരിക്കുകയായിരുന്നു. എന്തിനാ ചിതൽ എന്ന്‌ പേർ തെരഞ്ഞെടുത്തത്‌?"

ഈ ചോദ്യം ജയന്‍ ചോദിച്ച സ്ഥിതിക്ക് ഇനി ഞാന്‍ ചോദിക്കുന്നില്ല.

ജയനുമായുള്ള കണ്ടുമുട്ടല്‍ വളരെ രസകരമായി എഴുതി.

സ്വപ്നാടകന്‍ said...

രസകരം:)
ആസ്വദിച്ചു നന്നായി