Sunday, July 11, 2010

ഒരാഴ്ച - 1

(ഈ കഥയും ഇതില കഥാപാത്രങ്ങളും സാങ്കൽപികമാണു്. ഭൂമിയിൽ എന്നെങ്കിലും ജീവിച്ചിരുന്നവരുമായോ നടന്ന സംഭവങ്ങളുമായോ ഇതിനു് യാതൊരു ബന്ധവുമില്ല. അഥവാ അങ്ങിനെ ഒരു ബന്ധം സ്ഥപിച്ചെടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതു് തികച്ചും യാദൃച്ഛികം മാത്രമാണു്)

"ഡോക്റ്റരുടെ അപമൃത്യു"


കൊ.വ. 1138 വൃശ്ചികം (നവമ്പർ, 1962 AD)

ഗേറ്റ്‌ തുറക്കുന്ന ശബ്ദം കേട്ടാണു് സുകുമാരൻ പത്രത്തിൽ നിന്നു് കണ്ണുയർത്തിയതു്. അയൽക്കാരൻ ഡോക്റ്റർ സോമനായിരുന്നു ആഗതൻ.

"സുകുമാരാ, എന്റെ അതിഥികൾ വന്നു. അവർക്കു് താമസിക്കാനുള്ള വീടിന്റെ താക്കോൽ എടുത്തുകൊള്ളു"

"ഡോക്റ്റർ നടക്കു, ഞാനും വരാം. അവരെ പരിചയപ്പെടുകയും ആവാം. എന്തെങ്കിലും സഹായവും എന്നെക്കൊണ്ടാവുമെങ്കിൽ അതും ചെയ്യാമല്ലോ"

"വളരെ നല്ലതു്. വരൂ"

സുകുമാരന്റെ വീട്ടിൽ നിന്നു് ഏതാണ്ടു് അര കിലോമീറ്റർ അകലെയുള്ള ഒരു കൊച്ചു മുറിയിലായിരുന്നു ഡോക്റ്റർ സോമൻ താമസിച്ചിരുന്നതു്. അവിടെയെത്തിയ സുകുമാരനു് തന്റെ അതിഥികളെ സോമൻ പരിചയപ്പെടുത്തി.

"ഇതു് സത്യൻ, ഇതു് അദ്ദേഹത്തിന്റെ ശ്രീമതി ശാരദ. ഞങ്ങൾ തമ്മിൽ എത്രയോ വർഷത്തെ പരിചയമുണ്ടു്. പഠിക്കുന്ന കാലം മുതൽ ഞങ്ങൾ പരസ്പരമറിയും. എന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണവർ. ഇപ്പോൾ കുറേ കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു!"

"ഇതു് മി. സുകുമാരൻ. ഞാൻ സ്ഥലം മാറ്റമായി ഈ മലകേറി വന്നപ്പോൾ എനിക്കിവിടെ എല്ലാ സഹായവും ചെയ്തു് തന്നതു് ഇദ്ദേഹമാണു്. നിങ്ങൾക്കുള്ള താമസവും ഇദ്ദേഹമാണു് ശരിയാക്കിയിട്ടുള്ളതു് - ഇദ്ദേഹത്തിന്റെ തെങ്ങിൻതോപ്പിൽ ഒരു ചെറിയ വീടുണ്ടു്. മനോഹരമാണു് അവിടം. കാടിന്റെ വക്കത്താണു്. ഒരാഴ്ച്ച എത്രപെട്ടെന്നു് പോയെന്നു് നിങ്ങളറിയില്ല. കേട്ടൊ മി. സുകുമാരൻ, ഇത്ര അടുത്ത സുഹൃത്തുക്കളായിട്ടും എനിക്കിവരുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല. അതിനുള്ള ഒരു പ്രായശ്ചിത്തം കൂടിയാണു് ഈ സമ്മേളനം"

സത്യൻ ഏതാണ്ടു് 30 വയസ്സുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. അൽപം ഉയരം കുറഞ്ഞു് കറുത്തിരുണ്ടു് തടിച്ച ശരീരമായിരുന്നു അദ്ദേഹത്തിനു്. അദ്ദേഹത്തിന്റെ ഭാര്യ വെളുത്തുമെലിഞ്ഞ ഒരു സ്ത്രി ആയിരുന്നു. ഭർത്താവിന്റെയത്ര തന്നെ ഉയരമുണ്ടായിരുന്ന അവർ മുണ്ടും നേര്യതും ഒരു തടിച്ച സ്വർണ മാലയും ഇടതുകൈയിൽ വിലകൂടിയ ഒരു വാച്ചും വലതുകൈയിൽ തടിച്ച ഒരു സ്വർണ വളയും ധരിച്ചിരുന്നു. ആരേയും കൂസാത്ത ഒരു ഭാവം അവരുടെ മുഖത്തുണ്ടായിരുന്നു.

മെലിഞ്ഞു് ഉയരം കുറഞ്ഞ ഡോ. സോമൻ ആവേശത്തിലായിരുന്നു. സത്യന്റെ കാറിൽ സുകുമാരന്റെ പുരയിടത്തിലേക്കു് പോകുന്ന വഴി അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. സംസാരത്തിൽ പങ്കുചേരുന്നുണ്ടെങ്കിലും സത്യൻ മുൻകൈയ്യെടുക്കുന്നില്ലെന്നു് സുകുമാരനു് തോന്നി. ശാരദയാവട്ടെ കാഴ്ചകൾ കാണുന്നതിൽ ശ്രദ്ധിക്കുകയായിരുന്നു.

ഏതാണ്ടു് രണ്ടര കി.മി. അകലെയായിരുന്നു സുകുമാരന്റെ തെങ്ങിൻതോപ്പു്. റോഡിൽ നിന്നു് കുറച്ചു് വിട്ടുമാറി നിൽക്കുന്ന ആ പറമ്പിനുചുറ്റും കാടായിരുന്നു.

"സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങുന്നതു് സൂക്ഷിച്ചു് വേണം. ഒരു പാടു് പാമ്പുകളുള്ള സ്ഥലമാണു്. പിന്നെ നിങ്ങൾ ഒരാഴ്ച ഇവിടെയുണ്ടാകുമല്ലോ. നിങ്ങളുടെ സഹായത്തിനു് ഒരു പയ്യനെ ഏർപ്പാടാക്കിയിട്ടുണ്ടു്. നസീർ. ഒപ്പം നിങ്ങൾക്കു് വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടു്. രാവിലെ പാൽ എന്റെ വീട്ടിൽ നിന്നു് നസീർ കൊണ്ടുവന്നുകൊള്ളും. പത്രവും വരും. പാചകവും തുണി തിരുമ്പലും വീടു് വൃത്തിയാക്കലും നസീർ നോക്കിക്കൊള്ളും. ഇവിടെ മീൻ കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടു് പുഴയോ കടലോ അടുത്തില്ലല്ലോ. മറ്റെന്തും കിട്ടും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി"

മെലിഞ്ഞുനീണ്ട നസീറിനെ ശാരദ നോക്കി. നസീർ ഒന്നു് പുഞ്ചിരിച്ചു.

സത്യൻ ഒരു ടിൻ വിദേശനിർമ്മിത സിഗററ്റെടുത്തു് നീട്ടി. സോമനും സുകുമാരനും ഓരോന്നെടുത്തു. നസീർ ഭവ്യതയോടെ മാറി നിന്നതേയുള്ളു.

"ഇന്നു് നമ്മളഞ്ചു് പേരും ഒരുമിച്ചു് ഊണു് കഴിക്കുന്നു. നസീർ, എല്ലാം തയ്യാറല്ലേ? വെരി ഗുഡ്‌. അതു് കഴിഞ്ഞു് ഇവിടമെല്ലാം ഒന്നു് ചുറ്റിക്കറങ്ങാൻ പോകുന്നു. വൈകുന്നേരം ഒരൽപം മദ്യസേവ. അതുകഴിഞ്ഞു് പിരിയാം. ദാ, ആ കാണുന്ന കുന്നു് നാളെ രാവിലെ കയറാൻ പോകാം. മറ്റന്നാൾ ഒഴാൽ ഡാം. ഇനിയും കുറേയുണ്ടു്. ഒക്കെ പ്ലാൻ ചെയ്യാം. എന്നോടു് ക്ഷമിക്കണം. മദിരാശിയിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാനുള്ള നിർദ്ദേശം എനിക്കു് കിട്ടി. ഒഴിവാക്കാൻ വയ്യ. അതുകൊണ്ടു് നാളെ രാവിലെ എനിക്കിവിടം വിടണം. എത്രയും നേരത്തെ തിരിച്ചുവരാൻ നോക്കാം. നിങ്ങൾ ആസ്വദിക്കു"

ഉച്ചയൂണു് നന്നായിരുന്നു. സുകുമാരൻ അവരോടു് യാത്ര പറഞ്ഞിറങ്ങി. വിശേഷമറിയാൻ സന്ധ്യക്കു് വരാം എന്നു് പറഞ്ഞു. സത്യനും സോമനും ശാരദയും കൂടി തെങ്ങിൻതോപ്പിൽ നടക്കാനിറങ്ങി.

കാപ്പി കുടിക്കാൻ തിരിച്ചെത്തുമ്പോൾ എല്ലാവരും വളരെ ആഹ്ലാദത്തിലായിരുന്നു. ശാരദ നസീറിനെ സഹായിക്കാൻ അടുക്കളയിൽ കയറി. സത്യൻ അൽപം വിശ്രമിക്കാനായി മുറിയിൽ പോയി കിടന്നു.

ആ നേരത്തു് ശാരദ സോമന്റെ അടുത്തെത്തി.

"സോമാ, എന്റെ ആ പഴയ ടെന്നിസ്‌ എൽബോ ഇപ്പോഴും ഉണ്ടാകുന്നുണ്ടു്. ഇവിടെ തണുത്ത കാലാവസ്ഥയല്ലേ? വേദന കൂടുമോ?

സോമൻ ഒരു നിമിഷം ആലോചിച്ചു.

"ഏയ്‌, അങ്ങിനെയുള്ള പ്രശ്നമൊന്നുമില്ല. ഞാനൊരു മരുന്നു് തരാം. രാത്രി ഓരോ ഗുളിക കഴിച്ചാൽ മതി. ഭാഗ്യത്തിനു് എന്റെ കയ്യിൽ ഇപ്പോൾ ആ മരുന്നുണ്ടു്"

തന്റെ മെഡിക്കൽ ബാഗ്‌ തുറന്നു് സോമൻ ഒരു കുപ്പി കാപ്സ്യൂൾ ശാരദക്കു് നൽകി. എന്നാൽ അടുക്കളവാതിൽ മറവിൽ നിന്നു് നസീർ അതു് കാണുന്നതു് ഇരുവരും ശ്രദ്ധിച്ചില്ല.

*   *   *   *   *

സന്ധ്യക്കു് വീണ്ടും സദസ്സു് സജീവമായി. മദ്യക്കുപ്പികൾ നേരത്തേ വാങ്ങിവച്ചിരുന്നതിനാൽ ഒരു ബുദ്ധിമുട്ടൊഴിവായി. ഒരു കുളി കഴിഞ്ഞു് സത്യൻ എത്തുമ്പോഴേക്കു് സോമൻ മദ്യഗ്ലാസുകൾ നിരത്തിക്കഴിഞ്ഞിരുന്നു. ശാരദ അടുക്കളയിൽ മദ്യത്തിനൊപ്പം കൊറിക്കാനായി എന്തൊക്കെയോ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. നസീർ അടുത്ത ദിവസത്തേക്കു് വേണ്ടുന്ന സധനങ്ങൾ വാങ്ങാൻ വേണ്ടി അങ്ങാടിയിലേക്കു് പോയതാണു്.

സുകുമാരൻ വരുമ്പോഴേക്കു് സ്നേഹിതരുടെ സദിരിനു് കൊഴുപ്പു് കൂടിയിരുന്നു. രാവിലെ കണ്ടതിലും ആവേശത്തിലാണു് സോമൻ എന്നു് തോന്നിച്ചു. സത്യനും രാവിലെയുണ്ടയിരുന്ന അപരിചിതത്വം മാറ്റി ഉഷാറായിരുന്നു.

ഒരൽപ്പം കഴിഞ്ഞാണു് നസീർ വന്നു കയറിയതു്. വന്നപാടെ സുകുമാരന്റെ അടുത്തുചെന്നു് അദ്ദേഹത്തെ ഭാര്യ അന്വേഷിച്ചുവെന്നും ഉടനെ ചെല്ലാൻ പറഞ്ഞുവെന്നും പറഞ്ഞതനുസരിച്ചു് സുകുമാരൻ ഇറങ്ങി.

"ഓ, ഞാനും സുകുമാരനും കൂടി ഒരുമിച്ചിറങ്ങാനായിരുന്നു പ്ലാൻ. ഇനിയിപ്പൊ ഞാനൊറ്റക്കു് പോകണം. ങാ, ഇന്നൊരു ദിവസം നല്ലവണ്ണം ആസ്വദിച്ചു. നാളെ രാവിലെ മദിരാശി യാത്ര. ഓ മറന്നു! എന്റെ പാക്കിംഗ്‌ കഴിഞ്ഞിട്ടില്ല. വേഗം ഭക്ഷണം കഴിച്ചു് ഇറങ്ങാൻ നോക്കട്ടെ!"

സോമൻ ഇറങ്ങാൻ നേരം നസീർ വീടിനു് പുറത്തുവന്നു.

"ഡോക്റ്റർ സാർ ഒറ്റക്കു് പോകണ്ട. ഞാനും കൂട്ടു് വരാം. ഇഴജന്തുക്കളുള്ള സ്ഥലമല്ലേ, സൂക്ഷിക്കണം"

ഇരുട്ടിലേക്കു് നടന്നു് മറയുന്ന ഡോക്റ്ററെ കൈവീശി കാണിക്കുമ്പോൾ സോമന്റെ ആ യാത്ര മടങ്ങിവരാനുള്ളതല്ലെന്നു് ആരും മനസ്സിലാക്കിയില്ല.

*   *   *   *   *

രാവിലെ എഴുന്നേറ്റു് അടുക്കളയിൽ കയറി ശാരദ ചായക്കു് വെള്ളം തിളപ്പിക്കാൻ വച്ചപ്പോഴാണു് നസീർ വീട്ടിലേക്കു് കയറിവന്നതു്. അയാൾ തലേന്നു് രാത്രി ഉറങ്ങിയിട്ടില്ലെന്നു് മുഖത്തു് വ്യക്തമായി കാണാമായിരുന്നു.

"ങാഹാ! നല്ലയാളാണല്ലോ. ഇന്നലെ രാത്രി സോമനെ കൊണ്ടുവിടാൻ പോയിട്ടു് അവിടങ്ങു് കൂടിയോ? ഞങ്ങൾ ഇന്നലെ നിന്നേയും കാത്തു് കുറേ സമയം ഇരുന്നു. എന്തു് പറ്റി? മുഖം വല്ലാതിരിക്കുന്നല്ലോ. ഇന്നലെ ഉറങ്ങിയില്ലേ?"

അതിനുത്തരം നസീറിൽ നിന്നുള്ള ഒരു തേങ്ങലായിരുന്നു.

"ചേച്ചീ.. നമ്മുടെ ഡോക്റ്റർ സാർ.. ഡോക്റ്റർ സാർ.. പോയി!"

"ങേ?"

"അദ്ദേഹം മരിച്ചു ചേച്ചീ. ഇന്നലെ ഇരുട്ടത്തു് പോകുംവഴി അദ്ദേഹത്തെ പാമ്പു് കടിച്ചു. ഞങ്ങൾ നേരെ ആശുപത്രിയിലേക്കു് പോകാൻ ശ്രമിച്ചു. പാമ്പു് കടിച്ചാൽ നടക്കുന്നതു് നല്ലതല്ല എന്നു് ഡോക്റ്റർ പറഞ്ഞതുകൊണ്ടു് ഞാൻ അദ്ദേഹത്തെ താങ്ങി നടക്കാൻ നോക്കി. പക്ഷെ എനിക്കു് അധികദൂരം പോകാൻ പറ്റിയില്ല. ഒറ്റക്കു് അദ്ദേഹത്തെ ഇത്രയും ദൂരം ചുമന്നു് നടക്കാൻ സാധിക്കാത്തതുകാരണം ഞാനദ്ദേഹത്തെ വഴിയിലൊരു സ്ഥലത്തു് ഇരുത്തി സുകുമാരൻ സാറിനെ വിവരമറിയിക്കാനും ആളെ കൂട്ടാനും ഓടി. ആളുകളെ സംഘടിപ്പിക്കാൻ കുറച്ചു് താമസമുണ്ടായി. തിരിച്ചെത്തുമ്പോഴേക്കു് ഡോക്റ്റർ വളരെ അവശനായിരുന്നു. നാവു് കുഴഞ്ഞു് തുടങ്ങിയിരുന്നു. ഞങ്ങൾ എടുത്തു് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഞങ്ങൾ നോക്കി നിൽക്കേ... ചേച്ചീ.. നമ്മുടെ ഡോക്റ്റർ സാറു് പോയി..!"

*   *   *   *   *

SPയുടെ മുറിയിൽ അദ്ദേഹവും DySPയും ചർച്ചയിലായിരുന്നു.

SP: "മരിച്ചയാളെ അറിയുമോ?"

DySP: "സർ, മരിച്ചിരിക്കുന്നതു് ആ ഗ്രാമത്തിലെ ആശുപത്രിയിലെ ഡോക്റ്റർ സോമനാണു്. അദ്ദേഹം 3-4 മാസത്തിനു് മുൻപാണു് സ്ഥലംമാറ്റം കിട്ടി അവിടെയെത്തിയതു്. കുടുംബത്തെ പറ്റി അന്വേഷിച്ചു. കല്യാണം കഴിഞ്ഞിട്ടില്ല. അച്ഛനും ഒരു ജ്യേഷ്ഠനും ഉണ്ടു്. വിവരമറിഞ്ഞു് ജ്യേഷ്ഠനെത്തിയിട്ടുണ്ടു്. അദ്ദേഹം തൽക്കാലം ഗ്രാമത്തിലെ ഒരു മി. സുകുമാരന്റെ കൂടെയാണു് താമസം. ഈ സുകുമാരന്റെ തന്നെ ഒരു ഒറ്റമുറിയിലായിരുന്നു സോമന്റെ താമസം. ഇന്നലെ സോമന്റെ രണ്ട്‌ഉ് പഴയ സുഹൃത്തുക്കൾ ഗ്രാമത്തിലത്തിയിട്ടുണ്ടു്. അവരുടെ വീട്ടിൽ ദിവസം മുഴുവൻ ചെലവഴിച്ചശേഷം തിരിച്ചു് വരുന്ന വഴിയാണു് അപകടം സംഭവിച്ചതു്. കൂടെയുണ്ടായിരുന്നതു് നസീർ എന്നൊരു ചെറുപ്പക്കാരനായിരുന്നു"

SP: "അയാളെന്തു് പറഞ്ഞു?"

DySP: "ഇന്നലെ രാവിലെയാണു് സോമന്റെ സുഹൃത്തുക്കൾ വന്നതു്. അപ്പോൾ മുതൽ സോമൻ അവരുടെ കൂടെയായിരുന്നു. രാത്രി ഭക്ഷണവും കഴിഞ്ഞാണു് സോമൻ അവിടെനിന്നിറങ്ങിയതു്. നന്നായി മദ്യപിച്ചിരുന്നതുകൊണ്ടു് സഹായത്തിനാണു് ഈ നസീർ സോമന്റെ കൂടെ ചെന്നതത്രെ. വഴിയിൽ 1-2 തവണ സോമൻ വീണു. വേച്ചുവേച്ചാണു് അദ്ദേഹം നടന്നിരുന്നതു്. ഒരു കാട്ടുപ്രദേശത്തെത്തിയപ്പോൾ വീണ്ടും സോമന്റെ കാൽ തെറ്റി ഒരു പൊന്തക്കാട്ടിലേക്കു് വീണുവത്രെ. അവിടെ വച്ചാണു് പാമ്പുകടിയേറ്റതു് എന്നാണു് നസീർ പറയുന്നതു്. സോമൻ എഴുന്നേറ്റു് വഴിയിലിരുന്നു. ഒരു ഡോക്റ്ററായിരുന്നതുകൊണ്ടു് പാമ്പുകളുടെ കടിയെപ്പറ്റിയും വിഷത്തെക്കുറിച്ചും സോമൻ ആലോചിച്ചു എന്നുവേണം വിശ്വസിക്കാൻ"

SP: "പോസ്റ്റ്‌മോർട്ടം റിപോർട്ടിൽ എന്തു് പറയുന്നു?"

DySP: "പാമ്പുവിഷം പലതരത്തിലുണ്ടു്. അതിൽ ന്യൂറോടോക്സിൻ വിഭാഗത്തിലുള്ള വിഷമാണു് ഡോക്റ്റർക്കു് ഏറ്റിട്ടുള്ളതു്. മൂർഖന്റെ വിഷത്തേക്കാൾ എത്രയോ ഇരട്ടി വിഷമുള്ള വെള്ളിക്കെട്ടനായിരിക്കണം സോമനെ കടിച്ചതു് എന്നാണു് പോസ്റ്റ്‌മോർടം നടത്തിയ ഡോക്റ്ററുടെ അഭിപ്രായം. പാമ്പുകടിയേറ്റു എന്നു് പറയുന്ന സമയത്തിനു് 6 മണിക്കൂർ കഴിയുന്നതിനു മുൻപുതന്നെ മരണം സംഭവിച്ചു"

"ന്യൂറോടോക്സിൻ നേരിട്ടു് നാഡീവ്യൂഹത്തേയും തലച്ചോറിനേയും ആണു് ബാധിക്കുക. സോമൻ അമിതമായി മദ്യപിച്ചിരുന്നു. മദ്യം മനുഷ്യശരീരത്തിലെ ഹൃദയമിടിപ്പിന്റെ തോതു് കൂട്ടുകയും രക്തമർദ്ദം കുറക്കുകയും ചെയ്യും. പോരാത്തതിനു് സോമൻ കുറച്ചുദൂരം നടക്കുകയും ചെയ്തിരുന്നു. അതും ഹൃദയമിടിപ്പു് കൂട്ടാൻ കാരണമായിട്ടുണ്ടാവണം. ഇതു് ശരീരത്തിൽ വിഷം വളരെ വേഗം വ്യാപിക്കാൻ സഹായിച്ചു എന്നുവേണം കരുതാൻ"

"പാമ്പുകടിയേറ്റ ഉടനെ സോമൻ തന്റെ ശരീരചലനങ്ങൾ നിയന്ത്രിച്ചുകൊണ്ടു് വിഷം വ്യാപിക്കുന്നതു് തടയാൻ ശ്രമിച്ചു എന്നാണു് നസീറിന്റെ മൊഴിയിൽ നിന്നു് വ്യക്തമാവുന്നതു്. അതിനാണു് നസീറിനോടു് തന്നെ ചുമന്നു് നടക്കാൻ സോമൻ പറഞ്ഞിട്ടുണ്ടാവുക"

"എന്നാൽ നസീറിനു് ഒറ്റക്കു് അതു് സാധിക്കുമായിരുന്നില്ല. അയാൾ ഗ്രാമത്തിൽ ചെന്നു് കുറച്ചാളുകളെ കൂട്ടി തിരിച്ചുവന്നാണു് സോമന്റെ എടുത്തു് ആശുപത്രിയിലാക്കിയതു്. അതിനു് ഏതാണ്ടു് 1 മണിക്കൂർ വേണ്ടിവന്നു എന്നാണു് കണക്കാക്കുന്നതു്"

"ചുരുക്കത്തിൽ മദ്യവും സഹായമെത്തിക്കുന്നതിലുണ്ടായ സമയനഷ്ടവും സോമനു് എതിരായി പ്രവർത്തിച്ചു എന്നുവേണം കരുതാൻ"

SP: "മനഃപൂർവം നസീർ സഹായമെത്തിക്കാൻ വൈകിച്ചു എന്നു കരുതാൻ ന്യായമുണ്ടോ?"

DySP: "ഞാൻ ആലോചിക്കാതിരുന്നില്ല. അയാൾ ഗ്രാമത്തിലേക്കു് വരുന്നവഴി ആദ്യം സുകുമാരന്റെ വീടാണെങ്കിലും അവിടെ അയാൾ അവസാനമാണു് കയറിയതു്; മറ്റു് ആൾക്കാരെ കൂട്ടിയ ശേഷം. ഞാൻ ചോദിച്ചപ്പോൾ എത്രയും പെട്ടെന്നു് ആൾക്കാരെ കൂട്ടാനാണു് ശ്രമിച്ചതെന്നാണു് അയാളുടെ വാദം"

SP: "ശരി. സോമന്റെ സുഹൃത്തുക്കളോടു് ഈ കേസിന്റെ ഫോർമാലിറ്റീസ്‌ തീരുന്നതുവരെ ഇവിടം വിട്ടുപോകരുതെന്നു് പറയണം"

DySP: "അതു് ഏർപ്പാടാക്കിക്കഴിഞ്ഞു സർ. സോമന്റെ ജ്യേഷ്ഠനു് മരണത്തിൽ ദുരൂഹതയില്ല എന്നു് മൊഴി തന്നിട്ടുണ്ടു്. ആ നിലക്കു് 'പാമ്പുകടിയേറ്റുള്ള അപകടമരണം' എന്നു് ഈ കേസ്‌ ക്ലോസ്‌ ചെയ്യാം എന്നു് കരുതുന്നു"

വെറുമൊരു അപകടമരണം എന്നതിലപ്പുറം ആ കേസ്‌ ചലനങ്ങൾ സൃഷ്ടിക്കുമായിരുന്നില്ല; തുടർന്നും മരണം നടന്നില്ലായിരുന്നുവെങ്കിൽ. തുടർസംഭവങ്ങൾ ഒരുപാടു് വിചിത്രാനുഭവങ്ങൾ നൽകിയതിനോടൊപ്പം കേരള പോലീസിന്റെ കേസന്വേഷണചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുകയും ചെയ്തു. ആ സംഭവങ്ങളെക്കുറിച്ചു് അടുത്ത ഭാഗത്തിൽ.അടുത്ത ഭാഗം: "രണ്ടു് കൊലപാതകങ്ങൾ"

20 comments:

ഒഴാക്കന്‍. said...

ചിതലേ, നട്ട പാതിരക്ക് അതും ഇതും പറഞ്ഞു പേടിപ്പിക്കാതെടെ!
ഇനി ബാക്കി കൂടെ പെട്ടന്ന് പറഞ്ഞോളു, അല്ല ഈ ബേജാര്‍ ഒഴുവാക്കനാ :)

Manoraj said...

ഹോ..എന്താ ഇത്.. ഷെർലക്ക് ഹോംസ് മലയാളത്തിലോ? നല്ല ഒരു തുടക്കം. മനോഹരമായ നരേഷൻ. പൊതുവെ മലയാള സ്ത്രീകൾ വലതു കൈയിലാ വാച്ച് കെട്ടുന്നേ.. പക്ഷെ ഇടത് കൈയിൽ കെട്ടിയാലും കുഴപ്പമില്ല. അല്ലേ? അവസാന പാരഗ്രാഫ് മറ്റൊരു വിധത്തിൽ പറയാമായിരുന്നോ എന്ന് മാത്രം തോന്നി. കഥാകാരൻ അവിടെ വേണ്ടായിരുന്നു.

Kavitha Warrier said...

SAMBHAVAM GAMBHEERAM.....
4 kollathil koodumbo ulla World Cupnte Closing Ceremony polum kanaathe vayikkayirunnu...
Ale pidichiruthunna, vayippikkunna, avasaanam tension adippikkunna nalla ezhuthu...
Chithale,Praayam avunnu... Tension vayya... Athu kondu udan bakki bhagangal pratheekshikkunnu....

perooran said...

waiting for next post

ചാണ്ടിക്കുഞ്ഞ് said...

ഡോ. സോമനെ കടിച്ച പാമ്പ് ചാണ്ടി വര്‍ഗത്തില്‍ പെട്ടതാണോ, ചിതലേ??? പെട്ടെന്ന് തട്ടിപ്പോയത്‌ കൊണ്ട് ചോദിച്ചതാ...
തുടക്കം അതി ഗംഭീരം...അടുത്ത ഭാഗം നാട്ടില്‍ വെച്ച് വായിക്കാം അല്ലേ...

ഉമേഷ്‌ പിലിക്കൊട് said...

:-)

എന്‍.ബി.സുരേഷ് said...

ചിതലേ എനിക്ക് ഒട്ടും ഫീൽ ചെയ്തില്ല. കുട്ടിക്കാലം മുതൽ ഞാൻ ഒരുപാട് കുറ്റന്വേഷണ കഥകൾ വായ്ക്കുന്നുണ്ട്. ജയിംസ് ഹാഡ്ലി ചേസ്, ഷെർലക് ഹോംസ്, അഗതാ ക്രിസ്റ്റി, ദുർഗ്ഗാ പ്രസാദ് ഖത്രി, തോമസ്.റ്റി.അമ്പാട്ട്, കോട്ടയം പുഷ്പനാഥ്, ഏറ്റവും ഒടുവിൽ അന്വർ അബ്ദുള്ള വരെ. ഇവിടെ എനിക്ക് ക്രൈം അന്തരീക്ഷം ഫീൽ ചെയ്തതേ ഇല്ല. വല്ലാതെ ബോറടിപ്പിച്ചു. നറേഷനിൽ വല്ലാത്ത ലാഗിംഗ്.

കണ്ണൂരാന്‍ / Kannooraan said...

നട്ടപ്പാതിര..
കുറ്റാക്കുറ്റിരുട്ട്..
ആര്‍ത്തു പെയ്യുന്ന മഴ..
പുറത്തു അയാള്‍ പരുങ്ങി നിന്നു..
(((ട്ടപ്പേ..)))
ബോംബു പൊട്ടിയോ!

ഇല്ല. എന്റെ മനസ്സില്‍ ലഡു പൊട്ടിയതാ..

(സാറേ, ഇങ്ങനെയൊക്കെ ആവാം കേട്ടോ..)

ചിതല്‍/chithal said...

നന്ദി!

ഒഴാക്കാ.. ലോകകപ്പ് ഫൈനൽ തുടങ്ങുന്നതു വരെ ഇരിക്കുമ്പോൾ വേറൊന്നും ചെയ്യാനില്ലായിരുന്നതുകൊണ്ടു് ചെയ്ത അക്രമമാണു് :)

മനോ, ഷെർലോക് ഹോംസോ? ഞാനോ?! (ഏതാണ്ടു് കറക്റ്റ് ആയി വരും ട്ടൊ!)
ഇടതുകൈയിൽ വാച്ച് കെട്ടിച്ചതാണു്. ഈ കഥയിലെ ശാരദ വളരെ സ്വഭാവസവിശേഷതകളുള്ള സ്ത്രീയാണു്. സ്വന്തം പാത തെളിച്ചു് അതിൽ നടക്കാൻ ഇഷ്ടപ്പെടുന്നവൾ. നാട്ടുനടപ്പുകൾ അവളെ സ്പർശിക്കുന്നില്ല.
അവസാന പാരഗ്രാഫ് - അതൊരു പരീക്ഷണം നടത്തിനോക്കിയതാണു്.

കവിതേ, പേരൂരാൻ, ഉമേഷ് - ബാക്കി ഉടനെ ഇടാം! ഇതിൽ 3 ഭാഗങ്ങളുണ്ടു്. അപ്പൊ ഇനി 2 ഭാഗം കൂടി വരാൻ കിടക്കുന്നു. :)

ചാണ്ടീ, വെൽക്കം റ്റു കേരള കോർണർ :)

സുരേഷേട്ടാ നന്ദി. ക്രൈം അന്തരീക്ഷം തോന്നാത്തരീതിയിൽ കൊല നടത്തുന്നതല്ലേ ഏറ്റവും പെർഫെക്റ്റ് ആയ കൊല?
ഉദാഹരണത്തിനു്, പാമ്പിന്റെ വിഷം ഒരാളിൽ കുത്തിവെച്ചു് അയാളെ കൊന്നാൽ അതൊരു കൊലപാതകമായിരുന്നു എന്നു് തെളിയിക്കാൻ എളുപ്പമാകുമോ? അറിയില്ല.
നറേഷനിലുള്ള ലാഗ് - കുറേ ശ്രമിച്ചു അതൊഴിവാക്കാൻ. സാധിച്ചില്ല. ഇനിയുള്ള ഭാഗങ്ങളിൽ ലാഗൊഴിവാക്കാൻ നോക്കാം.

ചിതല്‍/chithal said...

നന്ദി കണ്ണൂരാൻ! രാത്രി 1.15നു ഇരുന്നു് കമെന്റ് വായിച്ച് ടെൻഷൻ അടിച്ച് ഠപ്പേ വന്നപ്പൊ ഒന്നു് ഞെട്ടി! (ഭാഗ്യം, ആരും കണ്ടില്ല!)

chaks said...

Adutha part ennanavo publish cheyyunne ...!!1

വരയും വരിയും : സിബു നൂറനാട് said...

ട്ട..ട്ട..ട്ട..ടട...ട്ടാ...ട്ട..ട്ട..ട്ട..ടട...ട്ടാ...(സി.ബി.ഐ മുസിക്കാ...)
ഈ സര്‍പ്പത്തിന്‍റെ ഒക്കെ കഥ പറയുന്നതിനാണോ, 'അപസര്‍പ്പക കഥകള്‍' ന്നു പറയുന്നത്..??!!
(ചളൂസ്... ;-))

സംഭവം കൊള്ളാം കേട്ടോ...ബാക്കി പോരട്ടെ...

Sankaran said...

രസമുണ്ട്.
എന്നാലും കഥ പറച്ചിലിൽ അല്പം കൂടി ഓഴുക്കുവും സ്വാരസ്യവും ആവാം എന്നു തോന്നി. സംഭവങ്ങളുടെ വിശദാംശങ്ങളിൽ ശ്രദ്ധ കുരുങ്ങിപ്പോവുന്നതു കൊണ്ടാവാം.
ഇക്കാര്യത്തിൽ എ. ക്രിസ്റ്റി മദാമ്മയെ മാതൃകയാക്കാവുന്നതാണ്. എത്രയെത്ര വിശദാംശങ്ങളും രഹസ്യങ്ങളും ഉണ്ടായാലും കഥ പറയുമ്പോഴുള്ള രസത്തിന്റെ കാര്യത്തിൽ മദാമ്മയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല.

അവസാനത്തെ പേജു വായിക്കാൻ നോക്കിയിരിക്കുന്നു.

ചിതല്‍/chithal said...

ചക്സ്, അടുത്ത ഭാഗം ഉടനെ ഇടാം. വേണമെങ്കിൽ ഇന്നോ നാളെയോ തന്നെ ഇടാം.
സിബു, ആ മൂസിക്.. എനിക്കെന്തിഷ്ടമാണെന്നോ! ആഹഹ! ആ മൂസിക് പശ്ചാത്തലത്തിൽ വെച്ചിട്ടുവേണം അടുത്ത കഥയെഴുതാൻ :) നന്ദി!
ശങ്കരാ.. വിമർശനത്തിനു് നന്ദി. കമെന്റ് വായിച്ചപ്പോൾ സംഭവം എനിക്കു് മനസ്സിലായില്ലെങ്കിലും ഇമെയിലിൽ അയച്ച വിശദീകരണം നന്നായി. ഇനി ശ്രദ്ധിക്കാം.

Jishad Cronic™ said...

അതി ഗംഭീരം...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മിസ്റ്റർ :ആർതർ മല്ലു കോനൽ ഡോയൽ‌...

വളരെ നന്നായിട്ടുണ്ട്... (കോട്ടയം പുഷ്പേട്ടന്റെയും ബാറ്റൺ‌ബോസിന്റേയും കഞ്ഞികുട്ടി മുട്ടിക്കോ?)

Amrutha Dev said...
This comment has been removed by the author.
Amrutha Dev said...

Adutha bahagam pettennu thanne publish cheyoo kettoo.. ....Pinne ithinu cheriya oru prathyekathayundallo ellam cinemakkar.... Mohan lalum Mammottiyum onnum janichittilla alle.. Pinne cheria oru samsayam.. Nadannanu Somanum Naseerum poyathenkil pinne Naseerinu thirichu Satyante aduthu vannoodayirnno? Avidakumpol carum undayirunnu.. Pinne gramama aduthenkil how he took more than 6 hours to take him to hospital????

jayanEvoor said...

കൊള്ളാം.
വളരെ നല്ല തുടക്കം.
ആർതർ കോനൻ ഡോയലും ജെയിംസ് ഹാഡ്‌ലി ചെയ്സുമായുമൊന്നും താരതമ്യപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല.

ധൈര്യമായി എഴുതൂ.

ഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കുന്ന ബ്ലോഗർമാരാണ് നമുക്കു വേണ്ടത്.

അഭിനന്ദനങ്ങൾ!

Vayady said...

ഇവിടം മുതല്‍ വായിച്ചു തുടങ്ങാം എന്നു കരുതി. ഇനി അടുത്ത ഭാഗം വായിക്കട്ടെ..