Tuesday, August 10, 2010

ഇടപ്പള്ളിയിലെ ബ്ലോഗ്‌ കൂടിക്കാഴ്ച

ബ്ലോഗ്‌ മീറ്റ്‌ എന്നു് കേട്ടിട്ടേ ഉള്ളു. ആകെ പങ്കെടുത്ത ഒരു ചെറിയ ബ്ലോഗ്‌ മീറ്റ്‌ എനിക്കെതിരായി കലാശിച്ചപ്പോൾ ഇത്തരം മീറ്റിംഗുകളുടെ പ്രസക്തിയപ്പറ്റി ഞാൻ ആശങ്കപ്പെട്ടിരുന്നു. എന്നാലും "ഒന്നിൽ പിഴച്ചാൽ മൂന്നു്" എന്ന തത്വം നിലനിൽക്കുമോ എന്നറിയാൻ വേണ്ടിയാണു് ഇടപ്പള്ളി മീറ്റിനു വരാം എന്നു് ചാണ്ടി വിളിച്ചപ്പോൾ സമ്മതിച്ചതു്.

അങ്ങിനെ ശനിയാഴ്ച രാവിലെ തന്നെ ചാണ്ടിയുടെ വീട്ടിലേക്കു് കെട്ടിയെടുക്കുകയായിരുന്നു. "ഹാവൂ, ഇന്നലെ മുതൽ കേൾക്കുന്നതാണു് ഇങ്ങിനെ ഒരാളെ പറ്റി. ഇപ്പൊ നേരിൽ കാണാൻ കഴിഞ്ഞൂലോ, നന്നായി!" എന്നുപറഞ്ഞ അവന്റെ ഭാര്യയെക്കൊണ്ടു് 24 മണിക്കൂറിനുള്ളിൽ അവസാനത്തെ വാക്കു് മാത്രം മാറ്റിപ്പറയിപ്പിക്കാൻ എനിക്കു് സാധിച്ചു എന്നുള്ളതു് ഒരു നേട്ടമായി കണക്കാക്കപ്പെടുന്നു.

അങ്ങിനെ ഞായറാഴ്ച പുലർന്നു. തലേന്നു് രാത്രി കുറേ സമയം കോളേജിലെ വിശേഷങ്ങൾ പറഞ്ഞിരുന്നു് കിടക്കാൻ വൈകിയതുകൊണ്ടു് ഞാൻ എഴുന്നേൽക്കാനും താമസിച്ചു. കണ്ണു തിരുമ്മി എഴുന്നേറ്റു നോക്കുമ്പോഴുണ്ടു് ഒരു ചുവന്ന ജുബ്ബയിട്ടു് ചാണ്ടി എന്റെ മുൻപിൽ!

"ബ്ലോഗ്‌ മീറ്റിനിടാൻ കഴിഞ്ഞയാഴ്ച്ച പ്രത്യേകം വാങ്ങിയതാ!"

ഞാൻ ധരിച്ചിരുന്ന, ജീൻസെടുത്താൽ ഫ്രീ എന്ന ഓഫറിൽ കിട്ടിയ ടീ ഷർട്ടിലേക്കു് ആദ്യം ചാണ്ടിക്കുഞ്ഞും പിന്നീടു് തിരിച്ചറിവുണ്ടായ ഞാനും ഒന്നു് നോക്കി.

സമയം ഏഴരയേ ആയിട്ടുള്ളു. നമുക്കു് മനോരാജിനെ ഒന്നു് വിളിച്ചാലോ? മീറ്റിന്റെ തൽസമയ സംപ്രേക്ഷണം കിട്ടുമല്ലോ.
നോക്കുമ്പൊ മനോരാജ്‌ ഹോട്ടൽ ഹൈവേയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു!

"എന്തേയ്‌ ഇത്ര നേരത്തേ എത്തിയതു്?"

"ഏയ്‌, ഞാൻ ഇന്നു് എത്താൻ ലേറ്റായി. ബാക്കിയുള്ളവരൊക്കെ കുറേ നേരമായി ഇവിടെയുണ്ടു്!"

ഞാനും ചാണ്ടിയും പരസ്പരം നോക്കി. ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കൽ നമുക്കു് പറഞ്ഞിട്ടുള്ളതല്ല എന്ന മ്യൂച്വൽ അണ്ടർസ്റ്റാന്റിങ്ങിലെത്തി.

ഡോക്റ്റർ ജയേട്ടൻ വിളിച്ചു. "മക്കളേ, ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തീവണ്ടി ഏതാനും നിമിഷങ്ങൾക്കുള്ളിൽ സൗത്ത്‌ സ്റ്റേഷനിലെ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ തമ്പടിക്കും. എന്താ വേണ്ടതു്?"

കേട്ടപാടെ, ജയേട്ടനെ കണ്ടിട്ടില്ലാത്ത ചണ്ടി തന്റെ സ്കോർപ്പിയോ ലക്ഷ്യമാക്കി പാഞ്ഞു. കഴിഞ്ഞ തവണ ജയേട്ടനെ കണ്ട ക്ഷീണം മാറിവരുന്ന ഞാൻ അത്രക്കു് ശുഷ്കാന്തി കാണിക്കാതെ പുട്ടും കടലയും കഴിക്കുന്നതിൽ കോൺസണ്ട്രേറ്റ്‌ ചെയ്യുന്നതു കണ്ടു് ചാണ്ടിയുടെ ധർമ്മപത്നി "ചിതൽ ഒപ്പം പോവുന്നില്ലേ?" എന്നു് എന്നോടു പരസ്യമായും "ഇന്നലെ തുടങ്ങിയ കഴിപ്പാ, കടലക്കൂട്ടാൻ മുഴുവൻ തീർന്നൂലോ ഈശോയേ" എന്നു് ചാണ്ടിയുടെ കസിൻ ടോണിയോടു് രഹസ്യമായും പറയുന്നതു് ഞാൻ കേട്ടു് ആസ്വദിച്ചു ബോധിച്ചു ഒപ്പു് (സെ).

ജയേട്ടനെ കൂട്ടി നേരെ ബ്ലോഗ്‌ മീറ്റിന്റെ തിരുമുറ്റത്തേക്കു്. റജിസ്റ്റരേഷൻ കൗണ്ടറിൽ യൂസുഫ്പാ. അവിടേയും ഇവിടേയും ഓടിനടക്കുന്ന പ്രവീൺ വട്ടപ്പറമ്പത്തു്, മനോരാജ്‌, ഹരീഷ്‌ തൊടുപുഴ, പാവപ്പെട്ടവൻ മുതലായവർ.

ജയേട്ടൻ വന്നപാടെ ഒപ്പം കൊണ്ടുനടക്കാറുള്ള ലാപ്റ്റോപ്‌ തുറന്നുവെച്ചു് പ്രവീണിന്റെ കൂടെ ലൈവ്‌ സ്റ്റ്രീമിംഗ്‌ സെറ്റാക്കുന്ന ജോലിയിൽ വ്യാപൃതനായി. ഞാനും ചാണ്ടിയും പരസ്പരം "കളറുകളൊക്കെ കുറവാ, തിരിച്ചുപോയി കുറച്ചുകഴിഞ്ഞു വന്നാലോ?" എന്നാലോചിച്ചു. ജയേട്ടനെ ലൈവ്‌ സ്റ്റ്രീമിങ്ങിൽ നിന്നു് അടർത്തിമാറ്റാൻ കുറച്ചു പാടുപെട്ടു (അങ്ങേർക്കു് ചികിൽസയിലുള്ള അത്രതന്നെ കമ്പം കമ്പ്യൂട്ടറിലും ഉണ്ടെന്നു തോന്നുന്നു).

അധികം ആരും എത്തിയിട്ടില്ല. ചാണ്ടിയുടെ ഫ്ലാറ്റാണെങ്കിൽ ഇവിടെ അടുത്തുമാണു്. അവിടെ ഒന്നു പോയി കുടുംബത്തേയും പരിചയപ്പെട്ടു് വേഗം തിരിച്ചു വരാം എന്നു് തീരുമാനിച്ചു.

ചാണ്ടിയുടെ ഫ്ലാറ്റിൽ എത്തിയപ്പൊ ജയേട്ടനെ ഡോറിൽ നിറുത്തിയിട്ടു് ഞാനും ചാണ്ടിയും ഒളിച്ചുനിന്നു. ഒരു സെക്കൻഡ്‌ കഴിഞ്ഞപ്പോൾ ചാണ്ടിയുടെ പത്നി വാതിൽ തുറന്നു ജയേട്ടന്റെ മുഖത്തേക്കു് സൂക്ഷിച്ചു നോക്കി.

ജയേട്ടൻ സന്ദർഭത്തിനൊത്തു് ഉയർന്നു.

"അമ്മാ, നമസ്കാരം. അമ്മക്കു് എന്നെ മനസ്സിലായിക്കാണില്ല എന്നു് എനിക്കറിയാം. അതിനു് കാരണം, നമ്മൾ തമ്മിൽ മുൻപരിചയമില്ല എന്നതാണു്. ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്താം. അതിനു മുൻപു്.."

"ചാണ്ടി ഇവിടില്ല. പോയിട്ടു് പിന്നെ വരൂ"

"അമ്മാ അങ്ങിനെ പറയരുതു്.."

"ഞാൻ വാതിലടക്കട്ടെ..."

"ഭവതി തെറ്റിദ്ധരിക്കില്ലെങ്കിൽ..."

"ഈ എൻസൈക്ലോപീഡിയ വിൽക്കാൻ വന്നവരെയൊക്കെ സെക്യൂരിറ്റി എന്തിനാണാവോ മുകളിലേക്കു് കയറ്റി വിടുന്നതു്?" ജയേട്ടന്റെ കയ്യിലിരുന്ന ബാഗ്‌ കണ്ടതുകൊണ്ടായിരിക്കാം, അതൊരു ആത്മഗതമായിരുന്നു.

ഇത്രയുമായപ്പൊ ഞങ്ങൾക്കു് ചിരി അടക്കാൻ വയ്യാതായതുകൊണ്ടു് കള്ളി വെളിച്ചത്തായി. മുന്നിൽ നിൽക്കുന്നതു് എൻസൈക്ലോപീഡിയ വിൽക്കാൻ വന്ന സെയിൽസ്‌മാനല്ലെന്നും ഒരു ആയുർവ്വേദ ഡോക്റ്റരാണെന്നും അറിഞ്ഞ ചാണ്ടിയുടെ പത്നി (അവർ ഹോമിയോ ഡോക്റ്റരാണു്) പിന്നെ അദ്ദേഹവുമായി സാങ്കേതിക തലത്തിൽ കുറച്ചു സംഭാഷണം നടത്തി.

"പോളിപ്സ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നതാണോ നല്ലതു്?"

"വിരോധമില്ല"

"എക്സിമയുടെ സിംട്ടംസ്‌ കണ്ടു തുടങ്ങിയാൽ ചികിൽസ എങ്ങിനെ കൊണ്ടുപോകുന്നതാണു് ആയുർവ്വേദ ലൈൻ?"

"ചെമ്പരുത്യാദി എണ്ണ കൂട്ടി തടവാം"

"മുടി നൈസർഗ്ഗികമായി വളരാൻ.."

"നാൽപ്പാമരാദി എണ്ണ പരീക്ഷിച്ചിട്ടുണ്ടോ?"

"ലവണതൈലം.."

ഇത്രയുമായപ്പോൾ ഇവരുടെ സംഭാഷണം കേട്ടു് ഒന്നും മനസ്സിലാവാതെ ടിവിയിൽ ടോം ആൻഡ്‌ ജെറി കണ്ടുകൊണ്ടിരുന്ന ഞങ്ങൾ ചാടിയെഴുന്നേൽക്കുകയും "ബ്ലോഗ്‌ മീറ്റിനു പോവാനാണു് നമ്മൾ ഇവിടെ വന്നതു്" എന്നു വിനീതമായി വൈദ്യനെ ഓർമ്മപ്പെടുത്തുകയും ചെയ്തതിന്റെ ഭാഗമായി ഞങ്ങൾ വീണ്ടും സ്കോർപ്പിയോ പുക്കു.

തിരിച്ചു ബ്ലോഗ്‌ മുറ്റത്തെത്തിയപ്പൊ കുറേ ആളുകൾ വന്നിരുന്നു് ചായ കുടിക്കുകയും പാവപ്പെട്ടവൻ പ്രസംഗിക്കുകയും ചെയ്യുന്നതു കണ്ടു. ജയേട്ടൻ വീണ്ടും ലൈവ്‌ സ്റ്റ്രീമിംഗിലേക്കു് ആകൃഷ്ടനായി അവിടേക്കു് തെന്നിനീങ്ങി. ഞാനും ചാണ്ടിയും പതുക്കെ ഓരോ കസാലകളിൽ സ്ഥാനം പിടിച്ചു.

ഓരോരുത്തരായി സ്വയം പരിചയപ്പെടുത്താൻ തുടങ്ങി. യാതൊരു ഔപചാരികതയും ഇല്ലാതെ വളരെ ഫ്രീ ആയ ഒരു അന്തരീക്ഷമായിരുന്നു അവിടെ. സജ്ജീവേട്ടനേയും കുമാരനേയും അപ്പുകുട്ടനേയും ഇസ്മായിലിനേയും ഹാഷിമിനേയും മുരളിയേയും കൊട്ടോട്ടിക്കാരനേയും കാപ്പിലാനേയും നന്ദനേയും ലച്ചുവിനേയും തോന്ന്യാസിയേയും സാദിഖിനേയും അതുപോലുള്ള പേരുമാത്രം കേട്ടുപരിചയമുള്ള്‌ കുറേ പേരെ ഞാൻ ആദ്യമായാണു് കാണുന്നതു്. സജ്ജീവേട്ടനെ കൊണ്ടു് ഒരു പടം വരപ്പിക്കണം.

അകാലത്തിൽ നമ്മെ വിട്ടുപോയ രമ്യക്കും ജ്യോനവനും ഒക്കെ വേണ്ടി സദസ്സു് ഒരു നിമിഷം മൗനം ആചരിച്ചു. തുടർന്നു് ബൂലോകകാരുണ്യം പോലുള്ള സദ്പ്രവർത്തികൾ അനുസ്മരിക്കപ്പെട്ടു.

അതിനിടക്കു് ലൈവ്‌ സ്റ്റ്രീമിംഗ്‌ കണ്ടുകൊണ്ടിരുന്ന പല ബ്ലോഗർമാരും ഫോൺ ചെയ്തു് ബ്ലോഗ്‌ മീറ്റിലുള്ള തങ്ങളുടെ പരോക്ഷസാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു. വളരെ നന്നായി തോന്നിയ ഒരു സംഭവമാണു് ലൈവ്‌ സ്റ്റ്രീമിംഗ്‌. അല്ലെങ്കിൽ ഇടക്കു വീഡിയോഗ്രാഫർമാർ കണ്ണുമഞ്ഞളിപ്പിക്കുന്ന ലൈറ്റും പിടിച്ചു നടന്നേനെ. ഇതിപ്പൊ അതുണ്ടായില്ല! മാത്രമല്ല, ലോകത്തിന്റെ നാനാദിക്കിൽ നിന്നും പലരും ലൈവ്സ്റ്റ്രിമിംഗ്‌ വഴി മീറ്റ്‌ കണ്ടു എന്നും അറിയാൻ കഴിഞ്ഞു.

ഒരു പക്ഷെ സജ്ജീകരണങ്ങളൊരുക്കാനോ ടെസ്റ്റ്‌ ചെയ്യാനോ വേണ്ടത്ര സമയം കിട്ടാത്തതുകൊണ്ടാകാം, ലൈസ്‌ സ്റ്റ്രീമിംഗ്‌ ചിലർക്കെങ്കിലും കുറച്ചു സ്ലോ ആയിരുന്നു എന്നൊരു പരാതി ആരോ പറയുന്നതു കേട്ടു. അടുത്ത മീറ്റ്‌ സംഘടിപ്പിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.

ബ്ലോഗിണിമാരുടെ പങ്കാളിത്തം തുലോം വളരെ കുറവായിരുന്നു. എന്നാലും വന്നവർ വളരെ സജീവമായിരുന്നു.
മുരുകൻ കാട്ടാക്കട സ്വയം ഒരു ബ്ലോഗർ എന്ന നിലക്കു പരിചയപ്പെടുത്തിയില്ല എന്നുള്ളതു് ഒരു വലിയ പോരായ്മയായി തോന്നി. അദ്ദേഹം പറഞ്ഞ ചില വാക്കുകളോടും യോജിക്കാൻ വയ്യ. "വാക്കുകൾ കൊണ്ടു് ജാലം തീർക്കുന്നവർ" മാത്രമാണോ ബ്ലോഗർമാർ? എങ്കിൽ സമൂഹത്തിലുള്ള നോൺ-ബ്ലോഗർമാരായ കവികളും കഥാകൃത്തുക്കളും നിരൂപകരും ആരും വാക്കുകൊണ്ടു് ജാലം തീർക്കുന്നില്ലേ ആവോ? ബ്ലോഗർമാർ മറ്റു പല തരത്തിലും സമൂഹത്തെ സേവിച്ചുകൊണ്ടിരിക്കുന്ന കാര്യം നമ്മൾ വിസ്മരിക്കരുതു്. അതിലെ ഉദ്ദേശശുദ്ധിയെ കണ്ടെത്തി പ്രോൽസാഹിപ്പിക്കാൻ സാധിച്ചില്ലെങ്കിലും ആക്ഷേപിക്കാതിരിക്കുന്നതല്ലേ ഉചിതം?

സദസ്സു് ഓടിനടന്നു് മറ്റുള്ളവരുമായി പരിചയപ്പെടുന്നതു കണ്ടു. ഞാനും ചാണ്ടിയും വീണ്ടും പരസ്പരം നോക്കി. ജയേട്ടൻ ഓടിനടന്നു് കണ്ണിൽ കാണുന്നവർക്കൊക്കെ കൈ കൊടുക്കുന്നു. ഫേമസ്‌ ബ്ലോഗർ ആയിരുന്നെങ്കിൽ എനിക്കും ഇതൊക്കെ ആവാമായിരുന്നു (നെടുവീർപ്പു്)

സജ്ജീവേട്ടൻ തന്റെ ചാരുത പുറത്തെടുത്തു കഴിഞ്ഞു. അദ്ദേഹത്തെ ചുറ്റി ഒരു ചെറിയ ആൾക്കൂട്ടം രൂപപ്പെട്ടുവരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന കടലാസ്‌ നല്ലതല്ലായിരുന്നു എന്നു് തോന്നുന്നു. പ്രവീൺ വട്ടപ്പറമ്പത്തു് ഒരു വണ്ടിയിൽ ചാടിക്കേറി നല്ല ക്വാളിറ്റി പേപ്പർ സംഘടിപ്പിക്കാൻ പാഞ്ഞുപോയി.

ചാണ്ടി ഒരു പുകയെടുക്കാൻ പുറത്തുപോയപ്പോൾ അവനെ അവന്റെ ആരാധകവൃന്ദം അനുഗമിച്ചു. ഞാൻ ഒറ്റക്കായി.

ചുറ്റും നോക്കിയപ്പൊ കുമാരൻ സംഭവം കയ്യിൽപ്പിടിച്ചു നിൽക്കുന്നു - കുമാരസംഭവങ്ങൾ എന്ന പുസ്തകം പിടിച്ചു നിൽക്കുന്നു. പതുക്കെ മൂപ്പരെ സമീപിച്ചു.

"ങ്ങടെ ഫോളോവറാണു്.."

"അതിയോ? കണ്ടാപ്പറയില്ലട്ടോ!"

"താങ്ക്സ്‌! ഒരു പുസ്തകം കൈയൊപ്പോടുകൂടി തരൂ"

"തരാലോ"

കുമാരനുമായി കുറച്ചുസമയം കത്തിവെച്ചു. കാട്ടാക്കടയുടെ കവിതയും സദസ്സിന്റെ കൈയ്യടിയും ഉച്ചസ്ഥായിയിലായിരിക്കുന്നു.

"എന്നാ ഇനി എല്ലാർക്കും ഊണു കഴിക്കാം"

അതു കേട്ടപ്പൊ ഞാൻ ഓടി. നല്ല ഫുഡ്ഡിംഗ്സ്‌ ആയിരുന്നു. മീൻ കറിയിലും കോഴിക്കറിയിലും സ്പെഷ്യലൈസ്‌ ചെയ്തു മാസ്റ്റേർസ്‌ ബിരുദമെടുത്തു.

പ്രവീൺ എത്തിച്ചുകൊടുത്ത കട്ടിക്കടലാസിൽ സജ്ജീവേട്ടൻ അപ്പോഴും തന്റെ കരവിരുതു് തുടർന്നുകൊണ്ടിരുന്നു. അതൊരു കാണേണ്ട കാഴ്ച്ച തന്നെയാണേയ്‌. ആദ്യം നമ്മുടെ തൊഴിലിനെപ്പറ്റി ചോദിക്കും. അതിൽ നിന്നുമാണു് കാരിക്കേചർ ഉണ്ടാവുന്നതു്. വരക്കുമ്പോൾ അദ്ദേഹം ഇടക്കിടക്കു് ഒരു നിമിഷാർദ്ധം മാത്രം നമ്മളെ നോക്കും. കൂടുതലും തല വെട്ടിച്ചുള്ള ഒരു ചെറിയ നോട്ടം എന്നു് വിശേഷിപ്പിക്കാം. തീർന്നു. ഒരു മിനുട്ടിനുള്ളിൽ ഒരു മനോഹര കാരിക്കേച്ചർ പിറവിയെടുക്കുകയായി!

ചാണ്ടി സജ്ജീവേട്ടന്റെ മുൻപിൽ ചെന്നിരുന്നു.

"എന്താ ചെയ്യാറു്?"

"മദ്യപാനമാണു് വീട്ടിലെത്തിയാൽ ചെയ്യാറു്"

"മുഷിയില്ല. എന്നാലും മദ്യം സംഘടിപ്പിക്കൻ ഒരു മാർഗ്ഗം ഉണ്ടാവുമല്ലോ?"

"അധ്യാപകനാണു്"

"ങാഹ!"

മതി. അത്രയും കേട്ട സജ്ജീവേട്ടൻ ഒരു മിനുട്ടു് കഴിഞ്ഞപ്പോൾ ചാണ്ടിയെ ഒരു കാരിക്കേച്ചർ ഏൽപ്പിച്ചു. ടൈയ്യും കെട്ടി ഒരു ബ്ലാക്‌ ബോർഡിനു മുൻപിൽ നിന്നു് വാചകക്കസർത്തു് നടത്തുന്ന ചാണ്ടി!

ഉച്ചക്കുള്ള സെഷൻ തുടങ്ങിയിരുന്നു. പാവപ്പെട്ടവൻ കവിത ചൊല്ലി.

ഞങ്ങൾക്കു് അധികസമയം ഇല്ലായിരുന്നു. കുമാരനും തോന്ന്യാസിക്കും നാലേകാലിനായിരുന്നു തിരിച്ചുപോകാനുള്ള വണ്ടി. ജയേട്ടനു് അഞ്ചേകാലിനും. അതുകൊണ്ടു് രണ്ടരയായപ്പോൾ ഞങ്ങൾ അവിടെ നിന്നു് പതുക്കെ വലിഞ്ഞു. മനോരാജിനോടും പ്രവീണിനോടും മാത്രം യാത്ര പറഞ്ഞു.

ചാണ്ടിയുടെ വീട്ടിൽ നടത്തിയ പരാക്രമത്തിനെക്കുറിച്ചു് ചെറിയ ഒരു വിവരണം കുമാരൻ ഇട്ടിട്ടുണ്ടു്.

ആകെക്കൂടി ഒരു നല്ല മീറ്റ്‌ ആയിരുന്നു. സ്ഥലസമയസാമൂഹികപരിമിതികൾ മറികടന്നു് ചിന്തിച്ചാൽ ഇതിന്റെ സംഘാടകർ പ്രശംശയർഹിക്കുന്നുണ്ടു്. ഇത്രയും വിപുലമായ ഒരു തോതിൽ രണ്ടോ മൂന്നോ ദിവസത്തിനകം ഒരു പുതിയ സ്ഥലം കണ്ടുപിടിച്ചു് വിജയകരമായി ഒരു മീറ്റ്‌ നടത്താനായി എന്നതിൽ അവർക്കഭിമാനിക്കാം. ഒപ്പം ആദ്യമായി ലൈവായി പലരും കണ്ട ബ്ലോഗ്‌ മീറ്റ്‌ കൂടിയായി ഇതു്.

കുമാരനേയും തോന്ന്യാസിയേയും ജയേട്ടനേയും സ്റ്റേഷണിൽ കൊണ്ടുവിടാൻ പോകുമ്പോൾ അരോ - ആരാ എന്നു് ഞാൻ പറയില്ല, നിങ്ങളൂഹിച്ചുകൊള്ളണം - പറയുന്നതുകേട്ടു:

"ദേ ഒരു ഉജാലക്കുപ്പി നടന്നു പോകുന്നു!"

അതു കേട്ടതും ചാണ്ടിയുടെ നിയന്ത്രണം പോയി. എന്തോ കാരണത്താൽ അവന്റെ കൈയിലിരുന്ന സ്റ്റിയറിംഗ്‌ വല്ലാതെ വെട്ടുകയും ആ വഴിക്കു വരികയായിരുന്ന ഒരു പെട്ടി ആട്ടോറിക്ഷയുടെ പെട്ടിയിൽ പോയി ഉമ്മവെക്കാൻ ശ്രമിക്കുകയും ചെയ്തു. പാവം ആട്ടോക്കാരൻ തന്റെ ജീവിതമാർഗ്ഗത്തെ വെട്ടിച്ചു് രക്ഷിച്ചുകൊണ്ടുപോയി.

സമയത്തിനു് സ്റ്റേഷനിലെത്തി. ഇളം ക്ടാങ്ങൾക്കു് ടിക്കറ്റെടുത്തു് അവരെ വണ്ടിയിൽ കയറ്റിയിരുത്തിയെന്നു് ജയേട്ടൻ പിന്നീടു് ദൂരഭാഷിണിയിൽ അറിയിച്ചു.

അങ്ങിനെ ആദ്യമായി ഞാൻ ഒരു ബ്ലോഗ്‌ മീറ്റിൽ പങ്കെടുത്തു!

(ഇതു വായിച്ചപ്പൊ നിങ്ങൾക്കു് തോന്നിയിട്ടുണ്ടാവും ഞാൻ കുമാരന്റെ ഒരു ഫാനാണെന്നു്. അതെ, ഞാൻ അങ്ങേരുടെ ഒരു ഫാനാണു്. എന്താ കുഴപ്പം?)

25 comments:

jayanEvoor said...

കൊള്ളാം!
തകർപ്പൻ മീറ്റ് പോസ്റ്റ്!

(മൂന്നര മുതൽ നാലരയ്ക്ക് ട്രെയിനിൽ കയറുന്ന സമയം വരെ കുമാരൻ ‘ഉജാലക്കുപ്പി’യെക്കുറിച്ചുള്ള ഓർമ്മകൾ അയവെട്ടുന്നുണ്ടാ‍യിരുന്നു! കൊച്ചി കണ്ടവനച്ചി വേണ്ട എന്നു പറയുന്നത് ചുമ്മാതല്ലത്രെ!)

ചിതല്‍/chithal said...

ഹഹ്ഹാ‍ഹാ! ജയേട്ടാ, നിങ്ങൾ കുമാരനു് ടിക്കറ്റെടുത്തു് വണ്ടിയിലിരുത്തി മൂപ്പർ പോയി എന്നു് ഉറപ്പ് വരുത്തിയതു് നന്നായി! ഇല്ലെങ്കി ചിലപ്പൊ തിരിച്ചിറങ്ങി ചാണ്ടിയുടെ ഫ്ലാറ്റിൽ വന്നു് മുട്ടിയേനേ!
(എക്സ് റേ കണ്ടിട്ട് മതിയായില്ല എന്നോ മറ്റോ പറയുന്നത് കേട്ടു)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കുമാരനേം കൊണ്ട് മറൈൻ ഡ്രൈവ് കറങ്ങിയ കഥ ഒരു നൂറു പോസ്റ്റ് എഴുതാനുണ്ട് :)

ഒരുമാതിരി ചക്കക്കൂട്ടാൻ കണ്ട ഗ്രഹണിപ്പിള്ളേരെപ്പോലല്ലാർന്നോ :)

ശ്രീ said...

കലക്കി, മാഷേ. രസകരമായ അവതരണം.

എല്ലാവരേയും പരിചയപ്പെടാന്‍ കഴിഞ്ഞതു ഒരു ഭാഗ്യം തന്നെ.

ചിതല്‍/chithal said...

പ്രവീൺ, കുമാരനെ ഞാൻ ബാംഗ്ലൂർ കാണിക്കാൻ കൊണ്ടുവരാൻ തീരുമാനിച്ചു!
ശനിയാഴ്ച ഇവിടെ എംജി റോഡിലും ബ്രിഗേഡ് റോഡിലും മൂപ്പരെ കൊണ്ടുപോയി നിർത്തും. ഒരു കൊല്ലം എഴുതാനുള്ള കഥ കിട്ടിയിട്ടേ പിന്നെ മൂപ്പരെ വിടൂ!
ശ്രീ, നെക്സ്റ്റ് ടൈം, കമ്പൽ‌സറി കം!

Sankaran said...

ഉഗ്രൻ!
വിവരണം ഗംഭീരമായി.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എല്ലാരുടെം ഒപ്പമുള്ള ഗ്രൂപ്പ് ഫോട്ടോ മിസ് ആയി..അതിൽ മാത്രം വല്ലാത്ത ഒരു വിഷമം :(

മൈലാഞ്ചി said...

ജയന്റെ പോസ്റ്റുവഴിയാണ് ഇങ്ങോട്ടെത്തിയത്.. അവിടെ കമന്റിടാൻ നോക്കീട്ട് ഒന്നും വരുന്നില്ല.. എന്റെ കമന്റുതെങ്ങിന് കാറ്റുവീഴ്ച.. കായ്ക്കുന്നില്ല.. അതോണ്ട് വായിച്ചിട്ട് ചുമ്മാ ചിരിച്ചോണ്ട് ഞാൻ ദേ ഇതിലേ പോകുന്നേ...

എന്‍.ബി.സുരേഷ് said...

എഴുത്തു നന്നായി. എല്ലാവരും ചിലരിൽ മാത്രം കേന്ദ്രീകരിക്കുന്നു. സമഗ്രത കൈവരുന്നില്ല. ബ്ലോഗിൽ പങ്കെടുത്ത എല്ലാവരുടെയും പോസ്റ്റുകൾ വായിച്ചാൽ പോലും ഒരു നേർചിത്രം കിട്ടുമെൻ തോന്നുന്നില്ല. എഴുത്തെല്ലാം ആത്മനിഷ്ഠങ്ങൾ ആണ്. ചിത്രങ്ങൾ കൂടി നൽകാമായിരുന്നു.

chithrakaran:ചിത്രകാരന്‍ said...

ചിതലിന്റെ ബ്ലോഗ് അവലോകനം നന്നായിരിക്കുന്നു.
അടുത്ത ബ്ലോഗ് മീറ്റില്‍ സ്കോര്‍പ്പിയോയില്‍
കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം:)

Manikandan said...

നല്ല വിവരണം. എല്ലാവരുടേയും വിവരണങ്ങൾ വായിച്ചാൽ ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യക്തമാകും.

അനില്‍കുമാര്‍ . സി. പി. said...

‘ബാംഗ്ലൂര്‍ മീറ്റിന്റെ’ തുടര്‍ച്ചയായ ഈ മീറ്റ് പുരാണവും നന്നായി.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:) :) :)

മഴവില്ല് said...

നന്നായിട്ടുണ്ട് ചിതല്‍ .. ഇത്രയും അടുത്ത് നിങ്ങള്‍ എല്ലാരും ഒത്തു കൂടി എന്ന് അറിഞ്ഞതില്‍ ഒരു പാട് സന്തോഷം ... (ഇടപ്പള്ളിക്ക്‌ അടുത്താണ് എന്റെ വീട് )

Amrutha Dev said...
This comment has been removed by the author.
Anil cheleri kumaran said...

ഡേയ്.......!!!!

ചിതല്‍... ഡോക്ടര്‍... പ്രവീണ്‍....

ജാഗ്രതൈ..!
എന്റെ ക്വട്ടേഷന്‍ പിള്ളേര്‍ നിങ്ങളുടെ പിറകെയുണ്ട്. സി.ഐ.ഡി. ബുദ്ധിയൊന്നും അവരുടെ അടുത്ത് നടക്കില്ല മക്കളേ..

siya said...

ഓരോ പോസ്റ്റ്‌ വായിച്ച് വരുന്നു . ഇതിലും ചാണ്ടി ക്കുഞ്ഞ് താരം ആയി .,വെറുതെ അല്ല ഒരു ചുവന്ന നീളന്‍ ജുബയും ഇട്ട് ചാണ്ടി യെ ഫോട്ടോയില്‍ കണ്ടു . ചിതല്‍ ഈ പോസ്റ്റ്‌ വളരെ രസകരം ട്ടോ,ജയന്‍ ഡോക്ടര്‍ ടെ പോസ്റ്റ്‌ വായിച്ച് ചിരി കഴിഞ്ഞു ,ഇനി കുമാരന്‍ എഴുതിയ പോസ്റ്റ്‌ കൂടി പോയി നോക്കട്ടെ ...ചിതല്‍നല്ല വിവരണം മീറ്റ്‌ കൂടിയത് പോലെ തോന്നി ..

സ്വപ്നാടകന്‍ said...

കൊള്ളാം നല്ല വിവരണം..
പക്ഷേ ചിലരെ മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ..


ചാണ്ടിക്കുഞ്ഞിനേം ജുബ്ബയേയും മുരുകന്‍ കാട്ടാക്കട ഹിറ്റാക്കിയെന്നറിഞ്ഞു :)

Muralee Mukundan , ബിലാത്തിപട്ടണം said...

പിന്നെ പല പോസ്റ്റുകളിലും,ഈ മീറ്റിനെ കുറച്ചുതരം താണരീതിയിൽ ചിത്രീകരിച്ചപ്പോൾ ,വളരെ വസ്തുനിഷ്ഠമായി ,വളരെ സുന്ദരമായി , ഇത്ര നന്നായി അവതരിപ്പിച്ചതിന് ഒരു പ്രത്യേക അഭിനന്ദനം..കേട്ടൊ ഗെഡി.

ചാണക്യന്‍ said...

തകർപ്പൻ വിവരണം.....അഭിനന്ദനങ്ങൾ ചിതൽ...

Cartoonist said...

ഞാന്‍ അനുഗ്രഹവര്‍ഷങ്ങള്‍ തന്നെ ചൊരിയുകയാണ് !
കൂടുതല്‍ എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ ചൊരിഞ്ഞേനെ:)

ചാണ്ടിച്ചൻ said...

ചിതലേ...ഇതിനുള്ള മറുപടി ഒരു പോസ്റ്റായി ഞാന്‍ ഉടനെ താങ്ങുന്നുണ്ട്....

Echmukutty said...

ഇപ്പോഴാ വായിച്ചത്.
വിവരണം തകർപ്പനായി.

Manoraj said...

കുമാരനെ നമുക്ക് അടുത്ത മീറ്റില്‍ ശരിയാക്കാം ചിതലേ

Junaiths said...

ചിതലേ...കുമാര ഫാനെ..കള്ള കശ്മലാ...ഞാനുമുണ്ടാരുന്നു മീറ്റിനു..നമ്മളെയൊന്നും കണ്ട പരിചയം പോലുമില്ലാല്ലോ...
ഹഹഹ് നല്ല തകര്‍പ്പന്‍ വിവരണം..ഇപ്പോഴാണ് ഓരോരോ പോസ്റ്റുകള്‍ വീതം വായിച്ചു വരുന്നത്..