Tuesday, February 15, 2011

സമസ്യ 1

ഇത്തവണ ഒരു സമസ്യയാവാം.

ഇന്നലെ പ്രണയദിനമായിരുന്നല്ലോ. അപ്പൊ ഓർമ്മ വന്നതാണു്. പണ്ടു് മദിരാശിയിലുള്ളപ്പോൾ ഞാനതുവരെ കണ്ടിട്ടുപോലുമില്ലാത്ത ഒരു പാട്ടുകാരി പെൺകുട്ടിയുമായി ഞാൻ പ്രേമത്തിലാണെന്നു് സുഹൃത്തുക്കൾ പറഞ്ഞുപരത്തി. കൃത്യമായിപ്പറഞ്ഞാൽ, ആ കുട്ടിയെ ഞാൻ പ്രേമിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. "ഏയ്‌, എന്നെ ഇതിനൊന്നും കിട്ടില്ല" എന്നു കാണിക്കാൻ ആ കുട്ടിക്കു് കത്തെഴുതുന്ന മാതിരി ഒരു എട്ടുവരി കവിത എഴുതി. എഴുതി കഴിഞ്ഞപ്പൊ മനസ്സിലായി, പെൺകുട്ടി തമിഴത്തിയാണു്, മരുന്നിനു പോലും മലയാളം അറിയില്ല.

ഏതായാലും അന്നെഴുതിയ ഒരു ശ്ലോകത്തിലെ അവസാനവരി സമസ്യാരൂപത്തിൽ ഇടുന്നു. സഹൃദയർ നിങ്ങളുടെ സമസ്യാപൂരണം കമന്റ്‌ രൂപത്തിൽ ഇടുമല്ലോ?

സമസ്യ ഇതാണു്:

"രാഗം കഷ്ടി മനസ്സിലാകു,മനുരാഗത്തിന്നു ഞാനില്ല ഹേ!"

സമസ്യ പൂരിപ്പിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ അറിയാമല്ലോ?

മേൽപ്പറഞ്ഞ വരിക്കു മുൻപു ചേർക്കാവുന്ന മൂന്നു് വരികളാണു് എഴുതേണ്ടതു്. പരസ്പരബന്ധമുള്ളവയാവണം. വൃത്തം പാലിക്കണം. തന്നിരിക്കുന്ന സമസ്യയുടെ വൃത്തം മ്മടെ ശാർദ്ദൂലവിക്രീഡിതം തന്നെ. ലക്ഷണം ഇങ്ങനെ:

പന്ത്രണ്ടാൽ മസജം സതംത ഗുരുവും ശാർദ്ദൂലവിക്രീഡിതം

(യതിഭംഗം കണ്ടില്ലെന്നുവേണം നടിക്കാൻ)

24 comments:

yousufpa said...

ഇത് ഞങ്ങളെപ്പോലെയുള്ള മോഡേണിസ്റ്റുകൾക്ക് ഒരു പാരയാണല്ലൊ സഹോദരാ...

വൃത്തമറിയാതെ
വട്ടം കറങ്ങുന്ന ഒരു
വർത്ത്‌ലെസ്സ്
വ്യക്തിയാണു ഞാൻ..

ചാണ്ടിച്ചൻ said...

ഇതാണോ ഇത്ര വല്യ കാര്യം...ദേ പൂരിപ്പിച്ചിരിക്കുന്നു...

ചിതലേ...ചിതലേ....യെസ് ചാണ്ടീ...
മെയ്ക്കിംഗ് ലൈന്‍....നോ ചാണ്ടീ....
ടെല്ലിംഗ് ലൈസ്....യെസ് ചാണ്ടീ...

ഇതെനിക്ക് യതിഭംഗം ബാധിച്ച് ശര്‍ദ്ധി വന്നപ്പോ കാണിച്ച വിക്രിയയാണ്...
അപ്പോ ശാർദ്ദൂലവിക്രീഡിതം ആയില്ലേ...

mayflowers said...

അയ്യോ..സമസ്യ അറിയില്ലല്ലോ..

കൊച്ചു കൊച്ചീച്ചി said...

ശരി, അപ്പോ എന്താ ഈ മത്സരത്തിന്റെ ലക്ഷ്യം? താങ്കള്‍ എഴുതിയ ശ്ലോകവുമായി മാച്ച് ചെയ്യുകയോ അതോ ഏറ്റവും നല്ല ശ്ലോകം രചിക്കുകയോ?

(ഈ ചാണ്ടിയേക്കൊണ്ടു തോറ്റു!)

ഇന്ദു said...

ഇതൊക്കെ അറിയാരുന്നെ ഞാന്‍ ആരായേനെ.. !!

:P

ചിതല്‍/chithal said...

ഏറ്റവും നല്ല കവിത എഴുതുകയാണു്‌ ലക്ഷ്യം, എന്റെ കവിതയുമായി ചേർന്നു്‌ നിൽക്കണമെന്നില്ല :)

Kavitha Warrier said...

പേരിലു മാത്രം കവിത ഉള്ള ഞാൻ ഇതാ രാജി സമർപ്പിക്കുന്നു....

jayanEvoor said...

ഞാൻ സുല്ലിട്ടു!

Manoraj said...

കേകയിലോ മഞ്ജരിയിലോ ആയിരുന്നെങ്കില്‍ ഞാനൊരു കൈ നോക്കിയേനേ.. ശാര്‍ദ്ദൂലവിക്രീഡിതത്തോട് പണ്ടേ എതിര്‍പ്പാ..

Sankaran said...

വൃത്തത്തെക്കുറിച്ചു പലരും വേവലാതിപ്പെടുന്നതു കണ്ടു. അവർക്ക് ഒരു കൈ സഹായം:

ശാർദ്ദൂലവിക്രീഡിതം വൃത്തത്തിന്റെ ലക്ഷണം ഇതാണ് -
“പന്ത്രണ്ടാം മസജം സതംത ഗുരുവും ശാർദ്ദൂലവിക്രീഡിതം.”

ഇതിന്റെ അർഥം ഇത്രയേയുള്ളു:

‘പന്ത്രണ്ടാം മാസത്തിൽ ജനിച്ചവനും അവന്റെ തന്തയും ഗുരുവും കൂടി പുലികളി കളിച്ചു’

Minu MT said...

nicely written

കൊച്ചു കൊച്ചീച്ചി said...

ഞാന്‍ വിട്ടിട്ടില്ല, ട്ടോ...കുറച്ചു താമസംണ്ട്ന്നേള്ളൂ

chillu said...

ഇതു വരെ തമ്മില്‍ പറയാന്‍ കഴിഞില്ല
അകമാകെ നിറയുന്ന മധുവാണു രാഗം
ഇതു വരെ തമ്മില്‍ മിണ്ടാന്‍ കഴിഞില്ല
മിഴിതമ്മില്‍ ഒരുപാടു മിണ്ടിയിട്ടും...
ഇതുമതിയോ?ശാർദ്ദൂലവിക്രീഡിതം.”അയോ ആവോ..?
:)

Villagemaan/വില്ലേജ്മാന്‍ said...

ആദ്യം വൃത്തം എവിടെ എന്ന് പറഞ്ഞു തരു ! ഹി ഹി

ചിതല്‍/chithal said...

അപ്പൊ ആരും സമസ്യ പുരിപ്പിച്ചില്ല. വിരോധമില്ല. ഇനി എന്റെ പൂരണം തരാം.

സംഗീതം പ്രിയമാണെനിക്കു്‌, പ്രിയമല്ലെന്നില്ല പാടുന്നവർ
അംഗീകാരം! അതെന്നുമടിയൻ നൽകാം നിനക്കും സഖേ!
ശൃ‍ംഗാരത്തിനശേഷമില്ലയൊരിടം എന്നന്തരാളങ്ങളിൽ
രാഗം കഷ്ടി മനസ്സിലാകു,മനുരാഗത്തിന്നു്‌ ഞാനില്ല ഹേ!

ഒരുപക്ഷെ ശാർദ്ദൂലവിക്രീഡിതം പ്രശ്നമുണ്ടാക്കി എന്നുവേണം കരുതാൻ. അപ്പൊ ഇനി സമസ്യ ഇടുമ്പോൾ സംസ്കൃത വൃത്തം ഒഴിവാക്കാൻ ശ്രമിക്കാം. പക്ഷെ ഇടക്കൊക്കെ ഇനിയും വരും, ട്ടൊ.

ബെഞ്ചാലി said...

തിരിയുന്നുണ്ട്, നട്ടം തിരിച്ചില്… :)

കൊച്ചു കൊച്ചീച്ചി said...

ന്റെ മാഷേ, വെള്ളിയാഴ്ച ഒരു production implementation ണ്ട്. നാലു മാസായിട്ട് QAT യില്‍ കെടക്കണ സാധനം ഒരു പട്ടി തിരിഞ്ഞുനോക്കീല്ല്യ, കഴിഞ്ഞ ആഴ്ച ആയപ്പോ ആള്‍ക്കാര്‍ക്ക് ബോധം വന്ന് വെപ്രാളായി. പിന്നെന്താ, മ്മളെ ഇട്ട് അങ്കട് കറക്കന്നെ! ഇതുവരെ stress test കഴിഞ്ഞട്ടില്ല്യ. അയിന് നാളയ്ക്കാ മുഹൂര്‍ത്തം വെച്ചേക്കണേ. ഇതിലും വെല്ല്യ എന്തൂട്ട് സമസ്യ!

ഇതൊക്കെ കഴീട്ടെ, ഞാന്‍ ഒന്നുങ്കോടി നോക്കണ്ട് - ഇല്ലിങ്ങ, അട്ത്ത പ്രാശം നോക്കാ..ട്ടാ.

ajith said...

രോഗം തീര്‍ത്ത കഠിനതര തടവിലാണെങ്കിലും ഞാന്‍

വേഗം വന്നു തവ ഗീതം തെല്ലു നുകര്‍ന്നിടാമെന്ന് ചൊന്നേന്‍

ഭോഗം ചെയ്തു രസിച്ചിടാനാവതില്ലെന്ന് കണ്ടേന്‍

രാഗം കഷ്ടി മനസ്സിലാകു, മനുരാഗത്തിനു ഞാനില്ല ഹേ

(വെറുതെ ഒരു ശ്രമം...ആരും ഒരു കൈ നോക്കിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍)

ശാന്ത കാവുമ്പായി said...

ചിതലിന്റെ പൂരണത്തിൽ ചെറിയൊരു മാറ്റം വേണ്ടേ?
സംഗീതം പ്രിയമാണെനിക്കു്‌, പ്രിയമല്ലെന്നില്ല പാടുന്നവർ
അംഗീകാരം! അതെന്നുമടിയൻ നൽകാം നിനക്കും സഖേ!
ശൃ‍ംഗാരത്തിനശേഷമില്ലയൊരിടം എന്നന്തരാളങ്ങളിൽ
രാഗം കഷ്ടി മനസ്സിലാകു,മനുരാഗത്തിന്നു്‌ ഞാനില്ല ഹേ!

ഇവിടെ ആദ്യത്തെ വരിയിലെ ‘ക്ക്’എന്നത് ഒരു അക്ഷരമായി കണക്കാക്കാൻ പറ്റില്ലല്ലോ.അപ്പോൾ അവിടെ ഒരക്ഷരം കുറാവ്.രണ്ടാമത്തെ വരിയിൽ രണ്ടക്ഷരം കുറവ്.ചില്ല് അക്ഷരമായി കണക്കാത്തതിനാൽ.ശാർദ്ദൂലവിക്രീഡിതത്തിന് 19 അക്ഷരം വേണ്ടേ?ഇനി ഇതൊന്നു നോക്കൂ.

മഗണം സഗണം ജഗണം സഗണം തഗണം തഗണം
മോഹിക്കും/പ്രിയരൂ/പമെന്നു/കനവിൽ/പ്പോലുംക/നിഞ്ഞില്ല/തിൻ
തീനാള/ത്തിലൊരി/ക്കലെങ്കി/ലുമിവൾ/പാറിപ്പ/റന്നെത്തു/വാൻ
കൈയാളാ/നറിയി/ല്ലമാനി/നിമന/സ്സിൻമോഹ/മെല്ലാമെ/നിക്ക്
രാഗംക/ഷ്ടിമന/സ്സിലാകു/മനുരാ/ഗത്തിന്നു/ഞാനില്ല/ഹേ!

ഇവിടെ വൃത്തത്തിനുവേണ്ടി അർഥത്തെ ബലി കഴിച്ചിട്ടുണ്ട്.
അർഥത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് എഴുതിയത് താഴെ കൊടുക്കുന്നു.അവിടെ വൃത്തം പോയി.ഇക്കാര്യം എ.ആർ.
രാജരാജവർമ്മ വ്യക്തമാക്കിയിട്ടുള്ളതാണ്

മോഹിപ്പിക്കും രൂപമൊന്നുണ്ടെങ്കിലു-
മാഗ്രഹമില്ലെനിക്കൊട്ടും
താവക പ്രേമം കൈയാളാനാളല്ല-
തിനാലപ്രിയമരുതേ
മോഹനമനുരാഗമഭൗമമെ-
ങ്കിലുമീയുള്ളവനുള്ളിൽ
രാഗം കഷ്ടി മനസ്സിലുളവാമ-
നുരാഗത്തിന്നാവില്ലെടോ.

വെറുതെ നോക്കിയതാണ്.

ചിതല്‍/chithal said...

ശാന്തട്ടീച്ചർ, അഭിപ്രായത്തിനു നന്ദി.

ക്ക് എന്നല്ല, ക്കു്‌ എന്നാണു്‌ കവിതയിൽ. സംവൃത‍ഉകാരം ചേർത്തെഴുതുമ്പോൾ അതു്‌ അക്ഷരമായല്ലേ കണക്കാക്കുക? ഒരു ഉദാഹരണം താഴെ:

ശ്രീക്കേറ്റ ലാസ്യപദമായ് ഭുവി സഹ്യമാകു-
മക്കേളി പൂണ്ട മലയുണ്ടു്‌ വിളങ്ങിടുന്നു

ഉമാകേരളത്തിന്റെ ആദ്യത്തെ രണ്ടു വരികളാണു്‌. ഇതിൽ ആദ്യവരിയിലെ പദമായ് എന്ന പ്രയോഗത്തിൽ യ് സംവൃത ഉകാരമില്ലാതെ വന്നതിനാൽ അക്ഷരമല്ല. രണ്ടാം വരിയിൽ മലയുണ്ടു്‌ എന്ന പ്രയോഗം ശ്രദ്ധിച്ചിരിക്കുമല്ലൊ. വസന്തതിലകത്തിനു്‌ കോട്ടം വന്നിട്ടില്ല. എന്റെ ഓർമ്മയിൽ, കേരളപാണിനീയത്തിൽ വാമൊഴിയെ ശരിവക്കാനാണു്‌ സംവൃതോകാരം വരമൊഴിയിൽ കൊണ്ടുവന്നതു്‌ എന്നൊരു വാദമുണ്ടു്‌. ഏ ആർ രാജരാജവർമ്മ സംവൃതോകാരത്തെ ശരിവക്കുകയും നിഷ്കർഷിക്കുകയും ചെയ്യുന്നുണ്ടെന്നാണോർമ്മ. മലയാളത്തിൽ മാത്രമല്ല, തമിഴിലും ചില ലുപ്തപ്രയോഗങ്ങൾ അദ്ദേഹം ഉദാഹരിച്ചിട്ടുണ്ടെന്നു്‌ തോന്നുന്നു. ലീലാതിലകത്തിലും കണ്ടിട്ടുണ്ടു്‌

മറ്റൊരുദാഹരണം - ഏ ആർ രാജരാജവർമ്മയുടെ തന്നെ; ഗൂഢാലങ്കാര ലക്ഷണോദാഹരണം:

അക്കരക്കു്‌ കടക്കേണ്ട/തക്കാവിൻ നേർക്കു്‌ പാന്ഥ കേൾ

ഇനി, സംവൃതോകാരത്തിൽ വാക്കു്‌ നിർത്തുകയാണുചിതമെങ്കിൽ എന്റെ പൂരണം അത്തരത്തിലും വായിക്കാവുന്നതാണു്‌ - പ്രിയമാണെനിക്കു...

ഞാൻ പണ്ടുമുതലേ പഴയലിപിയിലും സംവൃത‍ ഉകാരം ചേർത്തും മാത്രമെഴുതി ശീലിച്ച ഒരാളാണു്‌. എന്റെ ബ്ലോഗുകളിൽ നിർബന്ധമായും ഞാൻ സംവൃത ‍ഉകാരം ചേർക്കാറുണ്ടു്‌.

രണ്ടാമത്തെ വരിയിൽ രണ്ടക്ഷരം കുറവുള്ളതു്‌ അക്ഷരപ്പിശാചാണു്‌! നന്ദി! ആ വരി ഇങ്ങനെ വേണം:
അംഗീകാരമതെന്നുമെന്നുമടിയൻ നൽകാം നിനക്കും പ്രിയേ

ഇപ്പോൾ തന്നെ തിരുത്തിയിടാം.

പിന്നെ, സംസ്കൃതവൃത്തം ഇത്രക്കും കടുകട്ടിയാണോ? ആരും ഒരു വരി പോലും വൃത്തത്തത്തിലെഴുതി കണ്ടില്ല.

ഒരു കാര്യം ടീച്ചർക്കു്‌ ഉറപ്പുതരാം - തം‍പൂരാട്ടി പ്രയോഗത്തിനു്‌ എന്നെ കിട്ടില്ല!

സമയം കിട്ടിയാൽ പുതിയ പോസ്റ്റ് കൂടി നോക്കണേ. അതിലും കുറച്ചു കവിതാശകലങ്ങൾ അങ്ങിങ്ങായി ഇട്ടിട്ടുണ്ടു്‌.

ചിതല്‍/chithal said...

വാമൊഴിയിൽ പ്രയോഗിക്കുന്ന സംവൃത ഉകാരത്തിന്റെ ഫലമായി അന്യഭാഷകളിൽ മലയാളികൾക്കു്‌ വരുന്ന ഉച്ചാരണപ്പിശകുകളെപ്പറ്റി പഴയ ഒരു പോസ്റ്റിലിട്ടിരുന്നു.

Rajeev Chandran C said...

കാണാക്കണ്മണി പാടിടുന്നു നലമോടാത്മാനുരാഗാമൃതം
വിണ്ണില്‍ പാടിടുമാര്‍ദ്ര ഗാന ശകലം മര്‍ത്ത്യന്നു കേള്‍ക്കാവുമോ !
ആ ഗാനം മധുരാനുഭൂതിയകമേ നല്‍കുന്നുവെന്നാകിലും
രാഗം കഷ്ടി മനസ്സിലാകുമനുരാഗത്തിന്നു ഞാനില്ല ഹേ

Anonymous said...

ഈ പൂരണം നന്നായിട്ടുണ്ട്...

ലിബിന്‍ തത്തപ്പിള്ളി said...

ഇപ്പോഴാണ്‌ പോസ്റ്റ് കണ്ടത്.
കുറേ നാളായി വൃത്തത്തിലെഴുതിയിട്ട്. പെട്ടെന്ന് കവച്ചതാണ്‌... അഡ്ജസ്റ്റ്മെന്റുകള്‍ ചിലത് ചിതല്‌ പൊറുക്കുമല്ലോ...


നാകം പൂകിയ യോഗമെന്‍ മനമതില്‍ പൂശും കുളിര്‍ചന്ദനം,
വേഗം പോകുമഴു,ക്കകം മുഴുവനും ചാകുന്നു ദുഷ്ചിന്തകള്‍.
കാകം കൊക്കു കണക്കതാകുമിതുപോല്‍ മൊത്തത്തിലൊന്നാകിലും,
രാഗം കഷ്ടി മനസ്സിലാകു,മനുരാഗത്തിന്നു ഞാനില്ലെടോ.