Tuesday, December 8, 2009

മലയാളിയുടെ അന്യഭാഷാ ഉച്ചാരണവൈകല്യങ്ങള്‍

കേരളം വിട്ടു് ഇന്ത്യയില്‍ വേറെ എവിടെ ചെന്നാലും ഏറ്റവും പുച്ഛത്തോടെ ജനങ്ങള്‍ വീക്ഷിക്കുന്ന ഒന്നുണ്ടു് - മലയാളിയുടെ ഉച്ചാരണ ശൈലി. സ്വതസിദ്ധമായ, ഈണത്തിലുള്ള ആ മൊഴി കേട്ടാലേ മനസ്സിലാകും ജന്മദേശമേതെന്നു്. "മല്ലു ഇംഗ്ലിഷ്‌" എന്നു് അവഹേളനസ്വരത്തില്‍ വിളിക്കപ്പെടുന്ന, മലയാളികള്‍ സംസാരിക്കുന്ന ഇംഗ്ലീഷാണു് ഇതില്‍ ഏറ്റവും വ്യാപകമായുള്ളതു്.

എങ്ങിനെ ഈ ഉച്ചാരണ രീതി നമ്മള്‍ സ്വായത്തമാക്കി? "What is your name?" പോലുള്ള ഏറ്റവും ലളിതമായ വാചകങ്ങള്‍ പോലും നമുക്കുച്ചരിക്കാന്‍ എന്തേ പ്രയാസം നേരിടുന്നു?

ഇത്രയും വായിച്ചപ്പോഴേക്കും വായനക്കാര്‍ - പ്രത്യേകിച്ചു് കേരളത്തിനു പുറത്തുള്ളവര്‍ - വാളെടുക്കും. "എന്താ, അന്യസംസ്ഥാനക്കാരുടെ ഉച്ചാരണം കൃത്യമാണോ?" എന്നതാണു് അവരുടെ ചോദ്യം. ശരി, അവരുടെയും ഉച്ചാരണത്തില്‍ പിശകുണ്ടു്. പക്ഷെ മൂന്നു് കാര്യം ശ്രദ്ധിക്കണം:

൧: മറ്റുള്ളവരുടെ ഉച്ചാരണ വ്യതിയാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ മലയാളികളുടെ ഉച്ചാരണ വൈകല്യങ്ങള്‍ കൂടുതലാണു്.
൨: ഉച്ചാരണത്തിനൊപ്പം നമ്മള്‍ ഈണവും കൊടുക്കുന്നു
൩: കൂടുതല്‍ പ്രധാനം. മറ്റുള്ളവരും തെറ്റാണു് ചെയ്യുന്നതു് എന്നുള്ളതു് നമ്മുടെ തെറ്റിന്റെ ന്യായീകരണമാകുന്നില്ല.

ചില ലളിതമായ മുന്‍കരുതലുകളും കുറച്ചു് പരിശീലനവും ചെയ്താല്‍ വളരെ എളുപ്പം പരിഹരിക്കാവുന്ന ഒന്നാണു് ഈ ഉച്ചാരണാവൈകല്യം എന്നുള്ളതു് പലരും മനസ്സിലാക്കുന്നില്ല.

എന്റെ ഈ ലേഖനത്തിന്റെ കരട്‌ രൂപം പരിശോധിച്ച പലരും പറഞ്ഞ ഒരു കാര്യമാണു് ഉച്ചാരണവൈകല്യം ഭാഷകളില്‍ അനുവദനീയമാണു് എന്നു്. "ഉച്ചാരണം ശരിയാക്കണം, അതിശരി ആക്കണോ?" എന്നു് എലിസബത്‌ ടീച്ചര്‍ എന്നോടു് ചോദിച്ചിരുന്നു. എല്ലാ വിമര്‍ശനങ്ങള്‍ക്കും നന്ദി പറയുന്നതിനോടൊപ്പം ഇതെങ്ങിനെ എന്റെ കൂട്ടുകാരനെ ബാധിച്ചു എന്നു പറയുന്നതുചിതമാവും എന്നുതോന്നി.

സോഫ്ട്‌വേര്‍ മേഖലയിലായതുകൊണ്ടു് എന്നും ഞങ്ങള്‍ക്കു് വിദേശികളുമായി ഇടപഴകേണ്ടി വരും. ഞങ്ങളുടെ client ഒരു അമേരികകാരനായിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കു് ബാംഗ്ലൂര്‍ക്കു് വന്നതായിരുന്നു അദ്ദേഹം.

ജൂലൈ 4 അമേരികയില്‍ സ്വാതന്ത്ര്യ ദിനമാണു്. ഒരൊഴിവുദിവസം. എന്നാല്‍ ഭാരതത്തിലായതുകൊണ്ടു് വിദേശി ജോലിക്കു് ഹാജരായി. എന്റെ കൂട്ടുകാരന്‍ അദ്ദേഹവുമായി സംസാരിച്ചു:

"So you are working on a holiday!"

"No, no, no! It is not a holy day. We don't consider independence day as a holy day. It is just a holiday!"

എന്റെ കൂട്ടുകാരന്‍ holiday എന്നു പറഞ്ഞതു് മാറി വിദേശിയുടെ കാതുകള്‍ക്കു് holy day ആയിപ്പോയതായിരുന്നു. ഈ സംഭവം മൂലമല്ലെങ്കിലും സംവദിക്കാനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തണം എന്ന നിര്‍ദേശം നിരന്തരമായി എന്റെ കൂട്ടുകാരനു് മേലധികാരികളില്‍നിന്നു് കിട്ടിക്കൊണ്ടിരുന്നു.

കുറിപ്പു്: ഈ ലേഖനത്തില്‍ ആംഗലേയഭാഷയേ ഏറിയപക്ഷം ഉദാഹരിച്ചിട്ടുള്ളു. എന്നാല്‍ അന്വേഷണകുതുകികള്‍ക്കു് ഇതുവെച്ചു് മറ്റുഭാഷകളിലെ ഉച്ചാരണവൈചിത്ര്യങ്ങള്‍ കണ്ടുപിടിക്കാനാവും.

കാരണങ്ങള്‍:

൧: ഖരം, അതിഖരം, ഘോഷം എന്നീ വ്യഞ്ജനങ്ങള്‍ മൃദുവ്യഞ്ജനമായി ഉച്ചരിക്കപ്പെടുന്നു
൨: ശക്തമായ അനുനാസികവ്യഞ്ജനോച്ചാരണം
൩: അസ്ഥാനത്തുള്ള യകാരോച്ചാരണം
൪: ഉ് ഉച്ചാരണം
൫: അന്യഭാഷാപദങ്ങള്‍ നമ്മുടെ ഭാഷയില്‍ എഴുതുമ്പോള്‍ വരുന്ന വ്യതിയാനങ്ങള്‍
൬: അകാരത്തെ എകാരമാക്കി മാറ്റല്‍
൭: മലയാളഭാഷയുടെ അതേ ഈണത്തില്‍ അന്യഭാഷോച്ചാരണം

ഇനി ഈ ഓരോ കാരണങ്ങളും അപഗ്രഥിക്കാം.

൧: ഖരം, അതിഖരം, ഘോഷം എന്നീ വ്യഞ്ജനങ്ങള്‍ മൃദുവ്യഞ്ജനമായി ഉച്ചരിക്കപ്പെടുന്നു

ക, ഖ, ഗ, ഘ, ങ എന്നതില്‍ ക - ഖരം, ഖ - അതിഖരം, ഗ - മൃദു, ഘ - ഘോഷം (മുഴക്കത്തോടുകൂടി സംസാരിക്കുന്നതു് എന്നര്‍ത്ഥം), ങ - അനുനാസികം (മൂക്കിന്റെ സഹായത്താല്‍ ഉച്ചരിക്കുന്നതു് എന്നര്‍ത്ഥം) എന്നാണു് വകതിരിവു്. ക എന്നുച്ചരിക്കുന്നതിനേക്കാള്‍ ശക്തമായിവേണം ഖ എന്നുച്ചരിക്കാന്‍. സാമാന്യതലത്തില്‍ നോക്കിയാല്‍ മൃദുവ്യഞ്ജനത്തോടുകൂടി ഹകാരം ചേര്‍ക്കുമ്പോഴാണു് ഘോഷവ്യഞ്ജനമുണ്ടാകുന്നതു്. ഗ + ഹ = ഘ എന്നുദാഹരിക്കാം. കേരളപാണിനീയത്തില്‍ സവിസ്തരം പ്രതിപാദിക്കപ്പെട്ടിട്ടുണ്ടു്.

ഇനി പ്രസ്തുതതിലേക്കു് വരാം.

കോഴിക്കോട്‌ എന്ന പദം നമ്മളുച്ചരിക്കുന്നതു് കോഴിക്കോഡ്‌ എന്നാണു്. ടകാരം ഡകാരമായി മാറി!. പഠിത്തം പഡിത്തമായി. ആഘോഷം ആഗോഷമായി.

ഈ ഉദാഹരണങ്ങളോരോന്നും ശ്രദ്ധിച്ചാല്‍ ഉച്ചാരണത്തില്‍ ഖരാതിഖരഘോഷവ്യഞ്ജനങ്ങള്‍ മൃദുവ്യഞ്ജനമായി മാറുന്നു എന്നു് മനസ്സിലാവും.

ആംഗലേയഭാഷയില്‍ ഇതെങ്ങിനെ അവതരിക്കുന്നു എന്നുനോക്കുന്നതു് കൗതുകകരമാണു്. Don't എന്ന വാക്കിലെ t നമ്മള്‍ ഉച്ചരിക്കുന്നതു് d എന്നാണു്. ഉച്ചരിച്ചുനോക്കിയോ? ശരിയല്ലേ?

ആംഗലേയത്തില്‍ ഏറ്റവും ഉപയോഗിക്കുന്ന വാക്കാണു് the. ദി എന്നു നമ്മുടെ ഉച്ചാരണം. കൃത്യമായിപ്പറഞ്ഞാല്‍ ഥി എന്നായിരിക്കണം ഉച്ചാരണം. ഈ രണ്ടുദാഹരണങ്ങളിലും നാം കാണുന്നതു്
മലയാളഭാഷയില്‍ നാം കൈക്കൊണ്ട വ്യഞ്ജനോച്ചാരണമാറ്റം ആംഗലേയത്തിലും കൈക്കൊള്ളുന്നതായാണു്. അതുകൊണ്ടാണു് friend, front എന്നീ വാക്കുകള്‍ക്കു് വ്യത്യസ്ഥ ഉച്ചാരണം നമുക്കു് സാധ്യമാകാത്തതു്. Ant - And, Aunty - anti എന്നും വേറെ ഉദാഹരണങ്ങള്‍. Friendനു് ഫ്രെന്‍ഡ്‌ എന്നും frontനു് ഫ്രന്‍ട്‌ എന്നും വേണം ഉച്ചരിക്കാന്‍.

൨: ശക്തമായ അനുനാസികവ്യഞ്ജനോച്ചാരണം

ഭംഗി എന്ന വാക്കു് ഭങ്ങി എന്നുച്ചരിക്കുമ്പോള്‍ സ്വീകരിച്ച അതേ വ്യവസ്ഥിതിയാണു് ആവശ്യമില്ലാത്ത അനുനാസികവ്യഞ്ജനങ്ങള്‍ക്കു് അമിതപ്രാധാന്യം കല്‍പ്പിച്ചതു്. ശ്രദ്ധിച്ചാല്‍ മറ്റൊരു ഭാഷയിലും നകാരത്തിനും മകാരത്തിനും പുറമെയുള്ള അനുനാസികങ്ങള്‍ക്കു് സ്ഥാനമില്ലെന്നു മനസ്സിലാക്കാം.

Thing എന്ന വാക്കിന്റെ ഉച്ചാരണം യഥാര്‍ത്ഥതില്‍ ഥിങ്‌ എന്നാണു്. നമ്മളുച്ചരിക്കുന്നതു് തിങ്ങ്‌ എന്നും. എന്നാല്‍ thingലെ ng എന്ന syllableന്റെ ഉച്ചാരണം angerലെ nനു തുല്ല്യമെന്നു് ബ്രിടിഷ്‌ നിഘണ്ഡുക്കള്‍ നിര്‍വചിക്കുന്നു. അതായതു് അനുനാസികം ഇരട്ടിക്കേണ്ട ആവശ്യമില്ല.

കൂടുതല്‍ ഉദാഹരിക്കുന്നില്ല. Singing മുതലായ വാക്കുകള്‍ മാര്‍ഗദര്‍ശികളാണു്.

൩: അസ്ഥാനത്തുള്ള യകാരോച്ചാരണം

എനിക്കു് എന്ന പദം ഉച്ചരിക്കുന്ന രീതി സൂക്ഷ്മമായി അവലോകനം ചെയ്തുനോക്കു. എനിക്യ്‌ എന്നാണു് ഉച്ചാരണം. ഇതിനെ സൂചിപ്പിക്കാനാണു് പലപ്പോഴും "എനിക്കു്"നെ യകാരം ചേര്‍ത്തു് "എനിയ്ക്കു്" എന്നെഴുതുന്നതു്. വരമൊഴിയില്‍ കകാരത്തിനുമുന്‍പു് യകാരം വന്നെങ്കിലും വാമൊഴിയില്‍ കകാരത്തിനുശേഷമാണു് യകാരം വരുന്നതു്.

ഇങ്ങനെയാണു് mike മൈക്ക്‌/മൈക്യ്‌/മൈയ്ക്ക്യ്‌ ആയതു്. Africaയും Americaയും ആഫ്രിക്യയും അമേരിക്യയുമാണു് നമുക്കു്. ആഫ്രിക്ക എന്ന എഴുത്തു് തന്നെ തെറ്റാണു്. ആഫ്രികയാണു് ശരി. യകാരത്തിനൊപ്പം കയുടെ ഇരട്ടിപ്പും എഴുത്തിലും ഉച്ചാരണത്തിലും ഒഴിവാക്കണം. Magic മറ്റൊരുദാഹരണം.

Name എന്ന വാക്കു് നേം അല്ലെങ്കില്‍ നേയ്ം എന്നതിനു് പകരം നെയിം എന്നാണു് നാം ഉച്ചരിക്കുന്നതു്. അതായതു് യകാരത്തില്‍ ഒന്നു് തൊട്ടു് പോകേണ്ട സ്ഥലത്തു് അമര്‍ത്തി യകാരം ഉച്ചരിക്കുന്നു.

Quick എന്നപദത്തിനെ ഉച്ചാരണം ക്വിക്‌ എന്നാണു്; ക്യുക്‌ എന്നല്ല. അതുപോലെ queen ക്വീന്‍ ആണു്, ക്യൂന്‍ അല്ല.

കൂട്ടത്തില്‍ പറയട്ടെ, ഈ യകാരം ഭാഷയില്‍ വളരെ പ്രാധാന്യമുള്ളതാണു്. ചുമക്കുക - ചുമയ്ക്കുക, മറക്കുക - മറയ്ക്കുക മുതലായ വാക്കുകളുടെ അര്‍ത്ഥവ്യത്യാസം മനസ്സിലാക്കുന്നതു് ഉച്ചാരണത്തിലുള്ള വ്യത്യാസം മുഖാന്തിരമാണു്.

൪: ഉ് ഉച്ചാരണം

പച്ചമലയാളത്തിന്റെ സ്വാധീനം വിളിച്ചോതുന്നതാണു് ഈ ഭാഷാസവിശേഷത.

ആണ്‌ എന്നെഴുതുന്നതു് ആണ്‍ എന്നുവേണം ഉച്ചരിക്കാന്‍. സാധാരണഗതിയില്‍ ആണ്‌ എന്നു്
ഉച്ചരിക്കുന്ന വാക്കു് എഴുതേണ്ടതു് ആണു് എന്നാണെന്നു് കേരളപാണിനി നിഷ്കര്‍ഷിക്കുന്നു. അതായതു് വാക്കിന്റെ അവസാനം ഒരു ഉ സ്വരം ചേര്‍ത്തുകൊണ്ടു്. അങ്ങിനെയെഴുതുമ്പോള്‍ ഉച്ചാരണം ഒരു ചില്ലക്ഷരത്തില്‍ അവസാനിക്കാതെ ഒരു മാത്ര കൂടി നീളുന്നു.

Car എന്ന പദം നമ്മളുച്ചരിക്കുന്നതു് സാധാരണ കാറു് എന്നാണു്, കാര്‍ എന്നല്ല. ഉദാഹരണങ്ങള്‍ നിരവധിയാണു്: file, block, business, class, brick... വാക്കിന്റെ അവസാനം ചില്ലു് വരുന്ന വാക്കുകള്‍ക്കാണു് ഈ ഉച്ചാരണവൈകല്യം നമ്മളേര്‍പ്പെടുത്തുന്നതു് എന്നു ചുരുക്കം.

൫ അന്യഭാഷാപദങ്ങള്‍ നമ്മുടെ ഭാഷയിലെഴുതുമ്പോള്‍ വരുന്ന വ്യതിയാനങ്ങള്‍

ഇവ രണ്ടു് തരത്തിലുണ്ടു്:

൫.൧: മലയാള അക്ഷരമാലകൊണ്ടു് മൊഴിമാറ്റം (transliteration) ചെയ്യാവുന്നവ
൫.൨: മലയാള അക്ഷരമാലകൊണ്ടു് മൊഴിമാറ്റം സാധ്യമാവാത്തവ

൫.൧: മൊഴിമാറ്റം സാധ്യമായവ

ഉച്ചരിക്കുന്ന സ്വരങ്ങളാണു് ഏതൊരു ഭാഷയുടേയും അടിസ്ഥാനം.

ആംഗലേയഭാഷയിലെ ൧൨ആം അക്ഷരമായ Lന്റെ മൊഴിമാറ്റം എല്‍ അല്ലെങ്കില്‍ ല്‍ എന്നാണു്. പിന്നെന്തേ full ഫുല്‍ ആവാതെ ഫുള്‍ ആയി? സ്കൂളല്ല, സ്കൂലാണു് ശരി. ൧൪ആം അക്ഷരമായ Nന്റെ മൊഴിമാറ്റം എന്‍ അല്ലെങ്കില്‍ ന്‍ ആണു്. അതുകൊണ്ടു് money മനിയാണു്, മണിയല്ല. ൧൮ആം അക്ഷരമായ Rനെ ഴ ആക്കിയപ്പോഴാണു് course കോഴ്സായതു്. ഴ എന്ന അക്ഷരം ഉള്ള ഭാഷകള്‍ എന്റെ അറിവില്‍ തമിഴും മലയാളവും മാത്രമാണു്. മലയാളിയായ ഒരു ടീചര്‍ മറുനാട്ടില്‍ പോയി അവിടുത്തെ കുട്ടികള്‍ക്കു് ഇംഗ്ലിഷിനൊപ്പം ഴ എന്ന അക്ഷരവും പഠിപ്പിച്ചാലോ?!

T നമുക്കു് ഒരേസമയം ടിയും റ്റിയുമാണു്. Kitനെ കിട്‌ എന്നൊരുവന്‍ ഉച്ചരിച്ചാല്‍ നമ്മളെന്തു വിചാരിക്കും?

താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിക്കു. ഒരേ വാക്കില്‍ത്തന്നെ ഒരേ അക്ഷരത്തിന്റെ വിവിധ ഉച്ചാരണങ്ങള്‍ നമുക്കു ദര്‍ശിക്കാം:

Tight - ടൈറ്റ്‌ - T
Fulfil - ഫുള്‍ഫില്‍ - L
Anonymous - അനോണിമസ്‌ - N
Fireforce - ഫയര്‍ഫോഴ്സ്‌ - R
Classical - ക്ലാസിയ്ക്കല്‍ - C, L
Tantalise - ടാന്റലൈസ്‌ - T

൫.൨ മൊഴിമാറ്റം സാധിക്കാത്തവ

Cat എങ്ങിനെ മലയാളത്തിലെഴുതും?

Catലെ a എന്ന സ്വരം ഉച്ചരിക്കുന്നപോലെ എഴുതാന്‍ ആംഗലേയത്തില്‍പ്പോലും സംജ്ഞകളല്ലാതെ ഒരു സ്വതന്ത്ര അക്ഷരമില്ല. മലയാളത്തിലുമില്ല. ഇന്ത്യന്‍ഭാഷകളിലുണ്ടോ എന്നും സംശയമാണു്. കാരണം അതിന്റെ ഉച്ചാരണം 'ആ'ക്കും 'ഏ'ക്കും ഇടക്കാണു്. 'ആ'യില്‍ നിന്നു പുറപ്പെടുകയും എന്നാല്‍ 'ഏ'യില്‍ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

ഇനി വീണ്ടും മൂലപ്രശ്നത്തിലേക്കു്. പൂച്ചയെ എങ്ങിനെ മലയാളിയാക്കും?

ഇതുവരെ സമര്‍ത്ഥിച്ച രീതി വെച്ചു് tയെ ട്‌ ആക്കണം. തല്‍ക്കാലം a എന്നതു് 'ആ' എന്നു തന്നെ നിലനിര്‍ത്താം.

എങ്കില്‍ cat കാട്‌ ആവും!

'ആ'കാരത്തിനുപകരം 'ഏ'കാരം ചേര്‍ത്താല്‍ കേട്‌ ആവും!

Tയുടെ പഴയ സംജ്ഞ തുടര്‍ന്നുപയോഗിച്ചാല്‍ cat കാറ്റാവും!

ഇതൊന്നുമല്ല, ക്യാറ്റ്‌ ആണു് അംഗീകരിക്കപ്പെട്ട രൂപം.

നോക്കു - യകാരം വന്നു. Tക്കു് ശ്ലഥം സംഭവിച്ചു. aക്കു തുല്യമായ സ്വരം ലഭ്യമല്ല.

Bank, Angry, Gas, Man, marriage ഒക്കെ ഉദാഹരണങ്ങള്‍. ഇതാണു് പറഞ്ഞതു് ആംഗലേയഭാഷയുടെ മൊഴിമാറ്റം പലപ്പോഴും എളുപ്പമല്ല.

ഇതുപോലെ മറ്റൊരു ഗുലുമാലാണു് boilലെ 'o'. 'ആ'യില്‍ നിന്നു പുറപ്പെട്ടു. 'ഓ'യിലൊട്ടു് എത്തിയതുമില്ല. സമാനോദാഹരണങ്ങള്‍ നിരവധി:

oil, coin, office, lorry, college, morning, involve, lollypop...

എന്താ വാദിക്കാന്‍ തോന്നുന്നുണ്ടോ? അക്ഷരം O ആണു്; അതുകൊണ്ടു് ഓ എന്ന ഉച്ചാരണമാണു് കൂടുതല്‍ യോജിക്കുക എന്നു്? എങ്കില്‍ augment, audit, auto, alter, fault മുതലായ പദങ്ങള്‍ എങ്ങിനെയെഴുതണം? എങ്ങിനെ ഉച്ചരിക്കണം?

ആംഗലേയഭാഷയുടെ വിചിത്രരീതികള്‍ പുറത്തുവരുന്നതു് ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളിലാണു്.

ഇനി word, bird മുതലായവ മറ്റൊരു വിഭാഗം ഗുലുമാല്‍. കൂടുതല്‍ വിസ്തരിക്കുന്നില്ല.

൬: അകാരത്തെ എകാരമാക്കി മാറ്റല്‍

രഞ്ജിതിനെ രെഞ്ജിത്‌ എന്നല്ലാതെ നമ്മള്‍ വിളിക്കില്ല. ലക്ഷ്മിയില്ല, ലെക്ഷ്മി മാത്രം.

ഒരാളുടെ വെറുപ്പു് സമ്പാദിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗങ്ങളിലൊന്നാണു് വികലമായ നാമോച്ചാരണം.

ആംഗലേയോപയോഗത്തില്‍ താരതമ്യേന കുറവെങ്കിലും ഇല്ലാതില്ല ഈ പ്രയോഗം. bunനെ benഉം justനെ jestഉം Justiceനെ jesticeഉം badamനെ bedamഉം നമ്മളാക്കി.

൭: ഈണം

"എന്തൂട്ടണു്?" എന്നുപറയുന്ന അതേ ഈണത്തില്‍ "what is your name?" എന്നു ചോദിക്കുന്നവരെ എനിക്കറിയാം. നീട്ടലും കുറുകലും വരെ കിറുകൃത്യം! (ചിരി വന്നുവൊ?)

നിഗമനം:

മലയാളഭാഷയുടെ ഉച്ചാരണത്തിലുള്ള പ്രത്യേകതകള്‍ അതേപടി മറ്റുഭാഷകളിലും ആവര്‍ത്തിക്കുമ്പോഴാണു് ഉച്ചാരണവൈകല്യങ്ങള്‍ ഉടലെടുക്കുന്നതു്. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ വ്യവസ്ഥ അറിയാതെതന്നെ നമ്മുടെ മേല്‍വിലാസമായി മാറിയിരിക്കുന്നു. ഇംഗ്ലിഷ്‌-മലയാളം നിഘണ്ഡുക്കളില്‍ പോലും ഉച്ചാരണം തെറ്റിയാണു് നല്‍കപ്പെട്ടിട്ടുള്ളതു് എന്നുകാണുമ്പോള്‍ സങ്കടം തോന്നുന്നു.

വിദ്യാഭ്യാസവിചക്ഷണന്മാര്‍, അദ്ധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രാസാധകര്‍, അച്ഛനമ്മമാരും രക്ഷിതാക്കള്‍, എന്തിനു്, സുഹൃദ്‌സദസ്സുകള്‍വരെ ശ്രമിച്ചുവേണം ഈ കളങ്കം കഴുകിക്കളയാന്‍. ഇനി വരുന്ന തലമുറ തെറ്റുകള്‍ പഠിക്കാതിരിക്കാന്‍ ഇപ്പോഴുള്ള തലമുറകള്‍ ഉടന്‍ പരിശീലനം തുടങ്ങിയേ മതിയാവൂ.

നമുക്കെങ്ങിനെ തിരുത്തിന്റെ വക്താക്കളാവാം?

നാണക്കേടു് വിചാരിക്കരുതു്. പറഞ്ഞുതന്നെ പഠിക്കണം. ഒരാറു മാസം തുടര്‍ച്ചയായി ശുദ്ധോച്ചാരണം ശീലിച്ചാല്‍ തെറ്റാതെ ആംഗലേയത്തില്‍ സംവദിക്കാന്‍ നമുക്കാവും. ആവണം.

൫.൧ല്‍ പറഞ്ഞമാതിരിയുള്ള വാക്കുകളുടെ മൊഴിമാറ്റത്തില്‍ പ്രസാധകരും മാധ്യമപ്രവര്‍ത്തകരും ശ്രദ്ധിക്കണം. വരമൊഴിയില്‍ കഴിയുന്നതും ഉച്ചാരണത്തോടു് നീതിപുലര്‍ത്തുന്ന മൊഴിമാറ്റം നടത്തുക.

നല്ലൊരു ബ്രിടിഷ്‌ ഇംഗ്ലിഷ്‌ നിഘണ്ഡു തന്നെ വാങ്ങു. അര്‍ത്ഥം മനസ്സിലാക്കാന്‍ മലയാളതര്‍ജ്ജമ നോക്കുന്നതില്‍ തെറ്റില്ലെങ്കിലും ഉച്ചാരണത്തിനു് മലയാളനിഘണ്ഡുക്കളെ ആശ്രയിക്കുന്നതിനോടു് ഞാന്‍ വ്യക്തിപരമായി എതിരാണു്.

൫.൨ല്‍ പറഞ്ഞപോലുള്ള ഘട്ടങ്ങളില്‍ സംജ്ഞകളെ ആവശ്യമെങ്കില്‍ അവലംബിക്കുക. നിഘണ്ഡുകര്‍ത്താക്കള്‍ നിര്‍ബന്ധമായും ഇതു ചെയ്തിരിക്കണം.

അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും തുല്യപങ്കായിരിക്കാം. പക്ഷെ അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്ന പഠനാവലി തയ്യാറക്കുന്നവര്‍ ഉച്ചാരണത്തിനു് ഊന്നല്‍കൊടുക്കുന്ന ഒരു പാഠ്യക്രമം ഉള്‍പ്പെടുത്തുന്നതു് നന്നായിരിക്കും. ഭാഷകള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്കുമാത്രമായി അതിനെ ഒതുക്കാതെ സാര്‍വത്രികമാക്കിയാല്‍ നന്നു്.

പ്രത്യുല്‍പന്നമദിത്വമോ പ്രസംഗപാടവമോ ഇതുകൊണ്ടു് നേടാനാവില്ല. പക്ഷെ തെറ്റു് തിരുത്താനാവും. ഉച്ചാരണശുദ്ധിവരുത്തിയാല്‍ മലയാളിയെന്നുള്ള മേല്‍വിലാസമോ സ്വത്വവുമോ (identity) നഷ്ടപ്പെടും എന്നു വേവലാതിയില്ലാത്തവര്‍ക്കു് ഒന്നു ശ്രമിച്ചുനോക്കാവുന്നതേയുള്ളു. പ്രത്യേകിച്ചു് കേരളത്തിനു പുറത്തുള്ളവര്‍ക്കു്.

ഈ ലേഖനം അവസാനിപ്പിക്കുന്നതിനുമുന്‍പു് ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. മലയാളഭാഷയുടെ ഉച്ചാരണാരീതികല്‍ അതേപടി അന്യഭാഷയില്‍ ആവര്‍ത്തിക്കുമ്പോഴാണു് ഉച്ചാരണവൈകല്യമുണ്ടാകുന്നതെന്നു നേരത്തെ പറഞ്ഞിട്ടുണ്ടല്ലൊ. എന്നാല്‍ മലയാളഭാഷയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണു് ഈ ഉച്ചാരണഭേദം. ലീലാതിലകവും കേരളപാണിനീയവും ആഴത്തില്‍ സൂക്ഷ്മമായി പഠനം നടത്തിയിട്ടുമുണ്ടു്. അതുകൊണ്ടു് തന്നെ മലയാളഭാഷയുടെ ഉച്ചാരണശുദ്ധീകരണം ഞാന്‍ ഉദ്ഘോഷിക്കുന്നില്ല.

ഈ ലേഖനത്തിന്റെ കരട്‌ രൂപം പരിശോധിക്കുകയും പ്രോത്സാഹനവും ക്രിയാത്മകനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തവരെ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

കടപ്പാട്‌:
Sri Prasanth P, Ops Manager in an IT BPO firm, Bangalore
Sri Harisanker AV, Editorial Coordinator, Children's division, MM Publications Kottayam
Sri PN Madhavan, Senior Sub Editor, Children's division, MM Publications Kottayam
Miss Elisabeth Koshi, Kottayam, fondly called "Teacher"
Prof Dr M N Karassery, Malayalam Dept, Calicut University
Prof Dr Ramachandran B, Associate Dean for Research, Louisiana Tech University, USA
Sri AVG Warrier, Former General Manager, Keltron Controls

24 comments:

Sijoy Raphael said...

Praveen..the article is beyond our capacity..Thalayil kaaryamaayi onnumillatha njangale vishamippikkale...namukku nammude pazhaya thamaashakal mathiyenne....

Sijoy Raphael said...

And how can we say that our pronouniciation is bad as long as there is no reference level....If we take british english as reference, we are better than americans...and if we take american english as reference, we are better than british...You might not be knowing that arabs considered our english better as they can't understand anything from native speakers. so we'll stick on with our indian english and say that it's the best in the world.

Kavitha Warrier said...

This is a serious and WORTHWHILE ATTEMPT...
I have heard several mentions about our 'Mallu English'....

I still remember how some of our cousins tease Mallus in general like how Mallus say the spelling of Malayalam...It would be like: YEM,EA,YEL,EA,Y,EA,YEL,EA,YEM...

And Gandharvan is Gendharvan only. Sorry, I can't say all this without using Malayalam fonts. But I agree with you fully.

In my daughter's school, I hear even First standard students talking in English, though in the typical Thrissur accent. 'Why are you not coming' being asked in the accent of "Enthutteda savi?"

But the students improve as they grow and I feel quite proud when I hear the senior students speak English.

Actually the little kids, tend to translate exact Malayalam sentences with the accent, because they never get to speak or hear much English at home. So we all should be taking a conscious effort to rectify our Mallu accent in English and start using correct pronunciation.

I have GREAT values for MALAYALAM as a language and I am quite happy that my daughter has a very good base in Malayalam and she is picking up English well also. But I really feel sad, when almost all mothers proudly announces, our kids find it difficult to learn Malayalam and they read only 'Tinkle'. If they don't have value for their own mothertongue, how are they going to learn and respect a foreign language?

Anonymous said...

Iduvare ezhudiyittulla ella blogukalil ninnum vyathyasthamayi thonni.. Nannayittundu.
Ucharanavaykalyam mathramalla vakukal attimarichu samsaarikunnavarum nammude idayil undallo. Aashupathriku Hospathri yennum, Postaapeesennum, Naraycha ennu parayunna alukale njan kandittundu.

Mikka kuttikalum Engish Medium schoolil padichu varunnavaranu. English compulsory aayi samsaarikanam ennum schoolil karsana nibandhana undu. Chila kuttikalku Malayalam nere chovve samsaarikaan ariyilla Arinjalum English kalarthi jaada aakunnavareyum kandittundu. English Vocabulary nannaakan vendi Eng Books orupaaddu vangikodukkunnu achanammamar. Adupolethanne Malayala pusthakangulam vaangi Malayala Basha shudhiyum kuttikalku varuthanam.

Nannayittundu thudarnnum idupolulla kidilan saadangal pratheekshikunnu.

Amrutha Dev said...
This comment has been removed by the author.
Amrutha Dev said...

Valare nannayittundu...Ithu pole oru lekhanam ezhuthiyathu vazhi Chithal enna peru thanne thankal anwardhamakki... Software engineerude thirakkarnna jeevithathinidayilum ithu polulla karyangalkku samayam kandethunnathine karyamayum njan anumodikkunnu...Ithiloode narmathinu purame serious stuffum thankalkku vazhangum ennu theliyichu...Vyakthiparamayi paryukayanenkil ithu vayikkukavazhi ente Englishum malayalavum vilayiruthan enikku kazhinju...Ithu polulla lekhanangal iniyum pratheekshikkunnu....

Anonymous said...

ee vyathsthatha nannayyttunduuu ....Quite informative ..
It really helped us to realize and made us aware of our own pronunciation problems.

Athullya said...

Iduvare ezhudiyittulla ella blogukalil ninnum vyathyasthamayi thonni.. Nannayittundu.
Ucharanavaykalyam mathramalla vakukal attimarichu samsaarikunnavarum nammude idayil undallo. Aashupathriku Hospathri yennum, Postaapeesennum, Naraycha ennu parayunna alukale njan kandittundu.

Mikka kuttikalum Engish Medium schoolil padichu varunnavaranu. English compulsory aayi samsaarikanam ennum schoolil karsana nibandhana undu. Chila kuttikalku Malayalam nere chovve samsaarikaan ariyilla Arinjalum English kalarthi jaada aakunnavareyum kandittundu. English Vocabulary nannaakan vendi Eng Books orupaaddu vangikodukkunnu achanammamar. Adupolethanne Malayala pusthakangulam vaangi Malayala Basha shudhiyum kuttikalku varuthanam.

Nannayittundu thudarnnum idupolulla kidilan saadangal pratheekshikunnu.

കുമാരന്‍ | kumaran said...

highly informative one.
thank u so much

ബിലാത്തിപട്ടണം / Bilatthipattanam said...

നീണ്ടതാണെങ്കിലും വളരെ നല്ല അറിവുപകരുന്ന പോസ്റ്റ്...
പിന്നെ മലയാളിമാത്രമല്ല ഏവരും അവർ ജനിച്ചുവളർന്ന പ്രാദേശികചുറ്റുപാടുകൾ അനുസരിച്ചാണ് അവന്റെ മൊഴികളുടെ ഉച്ചാരണശബ്ദങ്ങൽ ശീലിച്ചുവരുന്നത് ..

J said...

entamme ithokkeyum ee thalayil undayirunno.. gambheeram and good observations!

അ‌ബ്ദു. said...

ഉച്ചാരണത്തില്‍ പിശകുകള്‍ ഉണ്ടെന്ന് സമ്മതിക്കുന്നു,

പക്ഷേ, ഇഗ്ലീഷുകാരനും അമേരിക്കക്കാരനും പറയുന്ന അതേപോലെ ഇന്ത്യക്കാരനും (മലയാളിയും) ഇഗ്ലീഷ് പറയണം എന്നത് ഒരുതരം ദുരഭിമാനമാണെന്ന് തോന്നുന്നു,

ഒന്നാമത്തെ കാര്യം ഭാഷ, ഏതായാലും, പ്രാദേശികമായ സ്വാധീനങ്ങള്‍ക്ക് വിധേയമാണ്(ആകണം). അമേരിക്കക്കാരനും ഇഗ്ലണ്ടുകാരനും ഒരേപോലെയല്ല ഇഗ്ലീഷ് സംസാരിക്കുന്നത് (എനിക്കറിയുന്നിടത്തോളം, പരിമിതമാണ് ആ അറിവ് എങ്കിലും). അത്കൊണ്ടുകൂടിയാണ് ഇന്ത്യന്‍ ഇഗ്ലീഷ് എന്ന പ്രയോഗം ഉണ്ടാവുന്നത്. അതില്‍ തെറ്റൊന്നുമില്ലതാനും.

രണ്ടാമത്തേത്, മലയാളി മലയാളം നന്നായി പറഞ്ഞില്ലെങ്കിലും ഇഗ്ലീഷ് നന്നായി പറയണം എന്നുപറയുന്നതിലെ യുക്തി വളരെ ലളിതമായിപ്പോകുന്നു എന്ന് തോന്നുന്നു.

Pyari Singh K said...

A very valid point.

Watching English News bulletins is one way to help us improve our accent.

Anonymous said...

എല്ലാ മലയാളികളും വായിച്ചിരിക്കേണ്ട ഒരു ലേഖനം ആണ് ഇത്. ഏതു ഭാഷക്കും അതിന്റേതായ വ്യാകരണം ഉണ്ട്. അത് നാം പിന്തുടെരേണ്ടത് വളെരെ സുപ്രധാനം ആയ ഒന്നാണ്. ആഗലേയ ഭാഷ പഠിക്കുമ്പോള്‍ ആ ഭാഷയുടെ നിയമാവലികള്‍ പിന്തുടെരേണ്ടത് ആവശ്യമാണ്. ഇങ്ങെനെ ചെയുംമ്പോള്‍ എഴുത്ത് കാരന്‍ പറഞ്ഞത് പോലെ മറ്റൊരാളുമായി താരതമ്യം ചെയ്യണ്ടാതയ്യി വരുന്നില്ല the first english letter, a, has two pronunciation (pro·nun·ci·a·tion) for eg. fat and fate. pay attention to the letter, a, in the middle of fat and , a, in the middle of fate. In the word fate, the sound of, a, is controlled by the vowel. So vowels plays a role in the pronuciation. next time we will talk about ,b,

Anonymous said...

I congratulate the writer for bringing up this issue. He has many valid points in his article and I am echoing some of it here in my opinion. The stumbling block for learning the language is our pride and if we take that away the path to learning is unstoppable. But, when we are in USA we argue that the British English is right and when we are in Brittan we argue that American English is right and all these reasons stems from our false pride and laziness to learn a new language. Each language has pho•net•ics (f…-nµt“¹ks) which is produced with the help of tongue, lips, teeth etc. In Malayalam it is called kandam, thalavym , oshttym etc. To learn English properly there are lots of materials available like talking dictionary and other tools. Empower ourselves and experience the power of language. You will be respected by your friends, children, and make life easy at work place

ജിക്കൂസ് ! said...

What a great article!!

Raju said...

It is very evident how much efforts you have put in research, analysis and development of this article. A different one by all means; pretty informative and guiding. I agree to your views on Manglish, but also feel pity for those Mallus who use English even when they talk to other Mallus. I guess that's only our uniqueness.Rajesh

chithal said...

എല്ലാവര്‍ക്കും നന്ദി.

സിജോയ്‌, നീ പറഞ്ഞതു് ശരിയാണു്. മറുരാജ്യങ്ങളില്‍ നമ്മുടെ ഉച്ചാരണരീതിയെ പറ്റി കാര്യമായ കളിയാക്കല്‍ ഉണ്ടാവാറില്ല. എന്നാല്‍, ഇന്ത്യയില്‍ ഇതൊരു പ്രധാനപ്രശ്നമാണു്. പ്രത്യേകിച്ചു് പലരുടേയും promotion പോലും സംവദിക്കാനുള്ള കഴിവുകള്‍ വെച്ചാണു് അളക്കുന്നതു്. Call centre പോലുള്ള സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവര്‍ പ്രത്യേകിച്ചു് സൂക്ഷിക്കേണ്ട സംഗതിയാണു്.

അബ്ദു, നന്ദി. ഭാരതീയ ശൈലിയിലുള്ള ഇംഗ്ലിഷ്‌ എന്ന ഒരു പ്രത്യേക ഭാഷാവിഭാഗം തന്നെ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടല്ലൊ. അതില്‍ വ്യാകരണപരവും ഉച്ചാരണപരവുമായ അനവധി മാറ്റങ്ങള്‍ നമുക്കു് കാണാന്‍ കഴിയും.

അമേരികകാരനും ബ്രിടിഷുകാരനും വിവിധതരത്തില്‍ ഭാഷ സംസാരിക്കുന്നതു് Websterടെ മിടുക്കുകൊണ്ടാണു് എന്നാണു് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതു്. ബ്രിടിഷ്‌കാരില്‍ നിന്നും വിഭിന്നമായ ഒരു ഭാഷ എന്ന സങ്കല്‍പം താലോലിച്ചുനടന്ന Webster വാക്‌വിന്യാസത്തിനും (spelling) ഉച്ചാരണത്തിനും കാതലായ മാറ്റമുള്ള ഒരു ഉപഭാഷ ഉരുത്തിരിച്ചെടുത്തു. അതുകൊണ്ടാണു് ബ്രിടിഷുകാരുടെ doughnut അമേരികകാരനു് donut ആയതു്. അതുകൊണ്ടുതന്നെ, ഭാരതീയമായ ഒരു ഭാഷാവിഭാഗം എന്നുള്ളതു് നമുക്കഭിമാനിക്കാവുന്ന നേട്ടമാണു്.

ഇനി, മലയാളം നന്നായി പറയരുതു് എന്നൊരിക്കലും ഞാന്‍ പറയില്ല. മാതൃഭാഷ പഠിക്കാതെ മറ്റൊരു ഭാഷയില്‍ പരിജ്ഞാനം നേടിയിട്ടെന്തു കാര്യം? ഞാന്‍ പറഞ്ഞതു് മലയാളത്തിലെ ഉച്ചാരണപ്രത്യേകതകള്‍ പരിഹരിക്കാന്‍ നോക്കേണ്ടതില്ല എന്നാണു്. കാരണം 14-ാ‍ം ശതകത്തില്‍ എഴുതപ്പെട്ട ലീലാതിലകം മുതല്‍ 20-ാ‍ം നൂറ്റാണ്ടില്‍ എഴുതപ്പെട്ട കേരളപാണിനീയം വരെ ഈ പ്രത്യേകതകളെ ന്യായീകരിക്കുന്നുണ്ടു്. അതിലിനി നമുക്കൊന്നും ചെയ്യാനില്ല!

എന്റെ സന്ദേശം ഇത്രമാത്രം: ഉച്ചാരണത്തിനു പ്രധാന്യം കൊടുക്കണം നിര്‍ബന്ധമായും. അതില്‍ ശരിയെന്നോ അതിശരിയെന്നോ ഇല്ല. പൊതുവായി നമ്മള്‍ ബ്രിടിഷ്‌ സമ്പ്രദായങ്ങള്‍ പിന്‍തുടരുന്നതിനാല്‍ എന്റെ ഉദാഹരണങ്ങള്‍ ബ്രിടിഷ്‌ നിഘണ്ഡുക്കളെ ആശ്രയിച്ചായിരുന്നു എന്നുമാത്രം. അതില്‍ ബ്രിടിഷ്‌കാരനെപ്പോലെ സംസാരിക്കണം എന്നില്ല. അല്ലെങ്കിലും ഭാഷയുടെ ആവശ്യം സംവദിക്കലാണല്ലൊ.

Babu Kalyanam said...

nice post :-)

saji said...

Simbly sooper aartikil

saji said...

I am not justifying this, but mallu english is nothing compared to chinese english. If you ever had to interact with chinese, have a read,

TANJOOBERRYMUTTS
-----------------
You must be wondering what exactly is "TANJOOBERRYMUTTS"

By the time you read through this YOU WILL UNDERSTAND
"TANJOOBERRYMUTTS"...saying it aloud really helps ....

Practice by reading the following conversation until you are able to
understand the term "TANJOOBERRYMUTTS".

Now, here goes...

The following is a telephonic exchange between maybe you as a hotel
guest and room-service today......

Room Service : "Morrin. Roon sirbees."

Guest : "Sorry, I thought I dialed room-service."

Room Service: " Rye . Roon sirbees...morrin! Joowish to oddor sunteen???"

Guest: "Uh..... Yes, I'd like to order bacon and eggs."

Room Service: "Ow ulai den?"

Guest: ".....What??"

Room Service: "Ow ulai den?!?... Pryed, boyud, pochd?"

Guest: "Oh, the eggs! How do I like them? Sorry.. Scrambled, please."

Room Service: "Ow ulai dee bayken ? Creepse?"

Guest: "Crisp will be fine."

Room Service: "Hokay. An sahn toes?"

Guest: "What?"

Room Service: "An toes. ulai sahn toes?"

Guest: "I.... Don't think so.."

RoomService: "No? Udo wan sahn toes???"

Guest: "I feel really bad about this, but I don't know what 'udo wan
sahn toes' means."

RoomService: "Toes! Toes!...Why Uoo don wan toes? Ow bow Anglish
moppin we botter?"

Guest: "Oh, English muffin! !! I've got it! You were saying 'toast'...
Fine...Yes, an English muffin will be fine."

RoomService: "We botter?"

Guest: "No, just put the botter on the side."

RoomService: "Wad?!?"

Guest: "I mean butter... Just put the butter on the side."

RoomService: "Copy?"

Guest: "Excuse me?"

RoomService: "Copy...tea.. meel?"

Guest: "Yes. Coffee, please... And that's everything."

RoomService: "One Minnie. Scramah egg, creepse bayken , Anglish moppin,
we botter on sigh and copy ... Rye ??"

Guest: "Whatever you say."

RoomService: "Tanjooberrymutts."

Guest: "You're welcome"


Remember I said "By the time you read through this YOU WILL UNDERSTAND
'TANJOOBERRYMUTTS' ......and you do, don't you!

jayanEvoor said...

വളരെ നല്ല ലേഖനം.
ഇപ്പഴാ വായിച്ചത്!

ഇംഗ്ലീഷ് മാത്രമല്ല മറ്റെല്ലാ ഭാഷകളും മലയാളി 'മലയാള രീതിയില്‍' തന്നെയാണ് ഉച്ചരിക്കുന്നത്!

ക്ലാസില്‍ കുട്ടികളോട് പലപ്പോഴും ഇതേക്കുറിച്ച് പറയാറുണ്ട്‌.

അഭിനന്ദനങ്ങള്‍!

ബിനു തോമസ്‌ said...

ഈ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ അനശ്വര നടന്‍ ശ്രീമാന്‍ ജയന്‍റെ പ്രകടനം ഓര്‍മ വരുന്നു ... വി ആര്‍ നോട്ട് ബെഗ്ഗെര്‍സ്
വി ആര്‍ നോട്ട് ബെഗ്ഗെര്‍സ്

Rijo said...

Good one...
I had faced the same issue. My manager(he is a white) thinks that I'm singing when I talk to someone.He told me I'm born that way, so don't try to change my way of speaking, but just slow down. The best comment was he understood every single word that I've uttered while in a party-I was too drunk.
I think Mother Tongue Influence is extremely strong in any case. We can't change it completely but can reduce the effect with proper guidance and practice.