Sunday, June 12, 2011

ഒരു മലയാളം ഫോണ്ട്‌ ഉണ്ടാക്കിയാലോ? - 3



കഴിഞ്ഞ തവണ ഞാൻ ഉറപ്പുതന്നമാതിരി ഇതാ, നമ്മുടെ raster ചിത്രങ്ങളെ vector ആക്കാനുള്ള വഴി.

ആദ്യം വേണ്ട കാര്യങ്ങൾ, സ്കാൻ ചെയ്തെടുത്ത പേജിലെ ചിത്രങ്ങളെ വൃത്തിയാക്കുക, ഒരു പേജിൽ ഒന്നിൽ കൂടുതൽ അക്ഷരരൂപങ്ങളുണ്ടെങ്കിൽ അവയെ മുറിച്ചുമുറിച്ചു് ഓരോ അക്ഷരങ്ങളാക്കുക മുതലായവയാണു്. ഇനി പറയുന്ന ലിങ്കുകളിൽ പോയാൽ നല്ലതായിരിക്കും.

ലിങ്ക്‌-1
ലിങ്ക്‌-2
ലിങ്ക്‌-3


ഈ ലക്കത്തിൽ പറഞ്ഞിട്ടുള്ള സംഗതിയുടെ ആദ്യ ഭാഗങ്ങൾ വളരെ നന്നായി ഇവിടെയുള്ള വീഡിയോയിലും പറഞ്ഞിട്ടുണ്ടു്. ഉപകാരപ്പെടും. മാത്രമല്ല, curve smoothing എന്ന സംഭവവും ആ വീഡിയോയിൽ പ്രതിപാദിച്ചിട്ടുണ്ടു്. ഞാൻ ആ ഭാഗം ഇവിടെ കവർ ചെയ്യുന്നില്ല. കണ്ടു മനസ്സിലാക്കാൻ ആയിരിക്കും എളുപ്പം.


1. ആദ്യം ഇങ്‌ൿസ്കേപ്‌ തുറക്കുക. അപ്പൊ ഇതുപോലെ തുറക്കും


2. നോക്കൂ - A എന്നടയാളപ്പെടുത്തി ഒരു വൃത്തികെട്ട മഞ്ഞനിറത്തിൽ ഹൈലൈറ്റ്‌ ചെയ്തിരിക്കുന്ന ഭാഗം ഇങ്‌ൿസ്കേപ്പിൽ നമുക്കുപയോഗിക്കാവുന്ന വിവിധതരം ടൂളുകളാണു്. C എന്ന ഭാഗം നമ്മുടെ ചിത്രം എത്ര വലിപ്പത്തിൽ കാണണം എന്നു് നമുക്കു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തരുന്നു.
(അപ്പൊ B? B ചിത്രത്തിനാനുപാതികമായി മൗസ്‌ ഇരിക്കുന്ന (x,y) കൊ-ഓർഡിനേറ്റുകൾ ആണു്)



3. File എന്ന മെനുവിൽ ക്ലിക്‌ ചെയ്താൽ ഫയൽ മെനു ഓപ്പൺ ചെയ്യും. അതിൽ Open എന്ന ഓപ്ഷൻ സ്വീകരിക്കുക.


4. അപ്പൊ ഏതാണ്ട്‌ ഇവിടെക്കാണുന്ന പോലെയുള്ള ഒരു വിൻഡോ തുറക്കും. വിൻഡോസ്‌ ഉള്ള കമ്പ്യൂട്ടറിലെ ജാലകം ചിലപ്പൊ കാണാൻ വേറെ മാതിരി ഇരുന്നേക്കാം. സാരമില്ല.


5. ഇനി നമ്മുടെ സ്കാൻ ചെയ്തു് മുറിച്ചുമുറിച്ചുവച്ചിരിക്കുന്ന ചിത്രങ്ങൾ ഓരോന്നായി നാം തുറക്കുന്നു. തൽക്കാലം "അ" എന്ന അക്ഷരം എടുക്കാം. ഞാൻ bmp എന്ന ഫോർമാറ്റിലാണു് സ്കാൻ ചെയ്തിരിക്കുന്നതു്. നിങ്ങൾ ചിലപ്പൊ tiffലോ pngയിലോ ഒക്കെയാവാം സ്കാൻ ചെയ്തു് മുറിച്ചുവച്ചിരിക്കുന്നതു്. അപ്പൊ ആദ്യത്തെ ഫയൽ തുറന്നു.




6. വെറുതെ, ആ അക്ഷരരൂപത്തിന്മേൽ ഒന്നു് ക്ലിക്‌ ചെയ്യുക. അപ്പൊ ചിത്രത്തിനുചുറ്റും ഇവിടെക്കാണുന്ന പോലെ അമ്പിന്റെ രൂപങ്ങൾ പ്രത്യക്ഷപ്പെടും.



7. ഇനി, Path എന്ന മെനുവിൽ ക്ലിക്‌ ചെയ്തു് Trace bitmap തെരഞ്ഞെടുക്കുക



8. അപ്പൊ പുതിയ ഒരു വിൻഡോ തുറന്നുവരും:


9. ശ്രദ്ധിച്ചൊ? Brightness cutoff എന്ന ഓപ്ഷനാണു് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതു്. Update എന്ന ബട്ടൻ ഞെക്കിയാൽ നമ്മുടെ അക്ഷരത്തിന്റെ രൂപം വലതുവശത്തു് പ്രത്യക്ഷപ്പെടും.

10. ഇനി വേണ്ടതു് എന്താച്ചാൽ, 0.450 എന്നു് Brightness cutoffന്റെ വലതുവശത്തു് കണ്ടൊ? അതു് പതുക്കെ കൂട്ടുകയോ കുറക്കുകയോ ചെയ്യുക. വലതുവശത്തെ രൂപം ഏതു് സംഖ്യക്കാണോ ഏറ്റവും വ്യക്തമാവുന്നതു്, അവിടെ നിറുത്തുക. എന്നിട്ടു് OK എന്ന ബട്ടൺ ക്ലിക്കുക.


11. അപ്പൊ കുറച്ചു സമയം Stop എന്ന ബട്ടൻ ആക്റ്റീവ്‌ ആവും. തുടർന്നു് വീണ്ടും OK ആക്റ്റീവാവും. ഇനി സധൈര്യം ഈ കൊച്ചുവിൻഡോ ക്ലോസ്‌ ചെയ്യാം.


12. എന്തൂട്ട്‌ തേങ്ങ്യാ ഉണ്ടായേ? എന്നു് ചോദിച്ചേക്കാം നിങ്ങൾ. പ്രധാന സംഭവം നടന്നുകഴിഞ്ഞു - അതായതു് raster vector ആയിക്കഴിഞ്ഞു. അതു് കാണണമെങ്കിൽ ഒരു കാര്യം ചെയ്യുക - അക്ഷരത്തിനു മുകളിൽ മൗസ്‌ ക്ലിക്‌ ചെയ്തു് വിടാതെ കുറച്ചുനിരക്കുക. അപ്പൊ അക്ഷരവും മൗസിനൊപ്പം നീങ്ങും. നമുക്കു് രണ്ടു് അക്ഷരങ്ങൾ ദൃശ്യമാവും.


13. ഇപ്പൊ നമ്മൾ നീക്കിയ രൂപം vector ആണു്. വിശ്വാസം വരുന്നില്ലേ? രണ്ടാം പടത്തിലെ C എന്ന ഭാഗത്തു് വലിപ്പം മാറ്റി നോക്കിയാൽ വ്യക്തമാവും.


14. കണ്ടില്ലേ? വലതുവശത്തെ അക്ഷരത്തിനു് എത്ര സൂം ചെയ്താലും വക്കുകൾക്കു് ഒരു കോട്ടവും ഇല്ല. പക്ഷെ ഇടതുവശത്തെ അക്ഷരത്തിന്റെ വശങ്ങൾ അത്ര ഷാർപ്പ്‌ അല്ല. അതുകൊണ്ടു് ഷാർപ്പ്‌ അല്ലാത്ത രൂപം raster, ഷാർപ്പ്‌ ആയ രൂപം vector.

15. ഇനി വീണ്ടും വലിപ്പം കുറക്കാം. എന്നിട്ടു് raster രൂപത്തിൽ ക്ലിക്‌ ചെയ്യുക. നേരത്തെ പോലെ രൂപത്തിനുചുറ്റും അമ്പിന്റെ രൂപങ്ങൾ പ്രത്യക്ഷപ്പെടും.


16. ഇനി Delete അല്ലെങ്കിൽ Del എന്ന കീ അമർത്തിയാൽ... അമർത്തിയാൽ?.. അമർത്തിയാൽ raster രൂപം അപ്രത്യക്ഷമാവും. ഇപ്പൊ സ്ക്രീനിലുള്ളതു് vector മാത്രം...


17. ഇനി നമുക്കു് എന്തു് ചെയ്യണം? അക്ഷരത്തിന്റെ വലിപ്പം ശരിയാക്കണം, അല്ലേ? അപ്പൊ അതിനുവേണ്ടി Object എന്ന മെനുവിൽ ക്ലിക്‌ ചെയ്തു് Transform തെരഞ്ഞെടുക്കുക.


18. അപ്പൊ ഇങ്ങിനെയാവും സ്ക്രീൻ



19. Scale proportionally എന്ന ചെക്‌ൿബോക്സ്‌ തെരഞ്ഞെടുക്കുക. അതുപോലെ % ചിഹ്നം കാണുന്ന അവിടെ ക്ലിക്‌ ചെയ്തു് px തെരഞ്ഞെടുക്കുക.


20. ഇനി, നിങ്ങളുടെ ഫോണ്ടിന്റെ x-height എത്രയാണോ, ആ സംഖ്യ Height എന്ന ഭാഗത്തു് സെറ്റ്‌ ചെയ്യുക.


21. ഇനി Apply എന്ന ബട്ടൻ അടിച്ചാൽ സ്വയമേവ width അഡ്‌ജസ്റ്റ്‌ ആയി അക്ഷരരൂപം വലിപ്പം മാറും.



22. ഇനി File മെനുവിൽ Document properties സിലെക്റ്റ്‌ ചെയ്യുക.


23. ദേ, പിന്നേം പുതിയ വിൻഡോ തുറന്നു



24. Fit page to selection എന്ന ബട്ടൻ ക്ലിക്കിയപ്പോൾ... Height, Width അക്ഷരരൂപത്തിന്റെ വലിപ്പത്തിൽ സ്വയം സെറ്റ്‌ ആയി.


25. ഒരു കാര്യം - വിൻഡോസിൽ ഈ പുതിയ വിൻഡോ വേറെ രീതിയിലാവും വരിക:




26. വിരോധമില്ല - Resize page to content എന്ന വാക്യത്തിന്റെ ഇടതുവശത്തു് ഒരു + ചിഹ്നം കണ്ടല്ലോ? അതിൽ സംശയിച്ചു് സംശയിച്ചു് ക്ലിക്‌ ചെയ്യുക. അപ്പൊ ഇതുപോലെയാവും അവസ്ഥ:




27. എല്ലാ സംഖ്യകളും പൂജ്യമാക്കി Resize page to drawing or selection ക്ലിക്കിയാൽ 24ഇൽ പറഞ്ഞപോലെ എത്തും.

28. അടുത്തതു് Heightഉം Widthഉം നമ്മുടെ em-size എത്രയാണോ, ആ സംഖ്യയാക്കുക. എന്റെ ഫോണ്ടിൽ 2048 ആയതുകൊണ്ട്‌ ഞാൻ 2048 എന്നാക്കി.




29. OK ഒന്നും അടിക്കാൻ ബട്ടൻ ഇല്ല. അതുകൊണ്ട്‌ ആ കുഞ്ഞിവിൻഡോ ക്ലോസ്‌ ചെയ്യുക. ഇപ്പൊ നമ്മുടെ അക്ഷരരൂപം 2048x2048 വലിപ്പമുള്ള ഒരു കള്ളിയുടെ ഇടതുവശത്തു താഴെ മൂലയിൽ കിടക്കുന്നതു കണ്ടല്ലോ?




30. ഹാവു... പ്രധാനവാർത്തകൾ കഴിഞ്ഞു. ഇനി രൂപം സുരക്ഷിതമായി ഒരു ദിക്കിൽ എടുത്തുവക്കാം. അതിനു് File മെനുവിൽ Save as ക്ലിക്കിയാൽ....



31. svg ആയും eps ആയും ഓരോ അക്ഷരവും സംരക്ഷിച്ചുവക്കുക. ഓരോ അക്ഷരവും ഇപ്രകാരം vector ആക്കാം.

32. ചില അക്ഷരങ്ങൾ പലപ്പോഴും ബേസ്‌ലൈന്റെ ചുവട്ടിലേക്കു നീളും. ആ എന്ന അക്ഷരം ഒരു ഉദാഹരണം. അങ്ങിനെ വരുമ്പോൾ നാം വരച്ച ചിത്രത്തിന്റെ വലിപ്പത്തിനു് ആനുപാതികമായി വേണം 20​‍ാമത്തെ പടിയിൽ സംഖ്യ ചേർക്കേണ്ടതു്. അതുപോലെ ഇംഗ്ലിഷിലെ capital അക്ഷരങ്ങൾക്കു് വലിപ്പം caps-height ആയേക്കും, അല്ലെങ്കിൽ ascender ആയേക്കും. എങ്കിൽ ആ മൂല്യം വേണം height എന്ന ഫീൽഡിനു് 20​‍ാം സ്റ്റെപ്പിൽ കൊടുക്കേണ്ടതു്. അതുപോലെ ചന്ദ്രക്കല മുതലായ ചെറിയ അക്ഷരങ്ങൾക്കും ആനുപാതികമായ വലിപ്പം കൊടുക്കുക. ചുരുക്കത്തിൽ, നമ്മൾ അക്ഷരരൂപങ്ങൾ വരച്ചപ്പോൾ അവയുടെ വലിപ്പം എത്രയണുദ്ദേശിച്ചതു് എന്നതിനെക്കുറിച്ചു് നമുക്കു് നല്ല ധാരണ വേണം.

ഇതാ 2-3 ലിങ്കുകൾ കൂടി - സ്കാൻ ഇമേജുകളെ വെക്ടരാക്കുന്ന പ്രക്രിയ പറയുന്ന പേജുകൾ: ഒന്നു് രണ്ട്‌ മൂന്നു്

ഇപ്പൊ തോന്നുന്നുണ്ടാവും.. പണ്ടാരം... ഇത്രക്കൊക്കെ ബുദ്ധിമുട്ടണോ? എന്നു്. എന്ത്‌ ബുദ്ധിമുട്ടു്? നമ്മുടെ മലയാളഭാഷക്കുവേണ്ടി അല്ലേ?

ഒരു കാര്യം കൂടി - ഒരുപാടു് അക്ഷരരൂപങ്ങൾ നിറഞ്ഞ ഒരു പേജ്‌ സ്കാൻ ചെയ്ത ഇമേജ്‌ മുഴുവൻ ഒറ്റയടിക്കു് വെക്റ്ററാക്കിയാലോ എന്നു് ചിലപ്പൊ നമുക്കു് ദുരാഗ്രഹം തോന്നാം. പാടില്ല. പാടിയാൽ, ഓരോ അക്ഷരങ്ങളായി വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടും. ചിലപ്പൊ ഇരട്ടിപ്പണിയായേക്കും.

ഇനി ഫോണ്ട്ഫോർജ്‌ തുറന്നു നോക്കുന്ന പരിപാടി.

ഇത്തവണ അധികമൊന്നും ഫോണ്ട്ഫോർജിൽ ചെയ്യേണ്ട. നമുക്കു് ഒരു ഫോണ്ട്‌ ഒന്നു് തുറന്നു് നോക്കാം. ഇന്നു് ഇന്റർനെറ്റിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന അഞ്ജലി പഴയലിപി തന്നെ തുറന്നു് നോക്കാം.

ഈ അവസരത്തിൽ അഞ്ജലി പഴയ ലിപി എന്ന ഫോണ്ട്‌ സൃഷ്ടിക്കുകയും ഇന്റർനെറ്റിൽ മലയാളഭാഷയുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾക്കു് വലിയൊരളവിൽ കാരണക്കാരനാവുകയും ചെയ്ത കെവിനു് നന്ദി പറയുന്നു. ഇത്തരമൊരു ഫോണ്ട്‌ ഗൈഡ്‌ എഴുതാൻ അദ്ദേഹം തന്ന പ്രോത്സാഹനം വലുതാണു്.

അപ്പൊ, നിങ്ങൾ ഒരുപക്ഷെ വിൻഡോസിലാവും ഫോണ്ട്ഫോർജ്‌ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവുക, ല്ലേ? എങ്കിൽ ആ ഫോൾഡറിൽ അഞ്ജലി പഴയ ലിപി ഫോണ്ടിന്റെ ഒരു കോപ്പി കൊണ്ടിടൂ.

(അതേ ഫോൾഡറിൽ കൊണ്ടിടാൻ പറഞ്ഞതിനു് പ്രത്യേകിച്ചു് സാംഗത്യമൊന്നുമില്ല. അതേ ഡ്രൈവിൽ എവിടെയെങ്കിലും ഫോണ്ട്‌ ഫയൽ ഇരുന്നാൽ മതി. പക്ഷെ നേരിട്ടു് C:\WNDOWS\FONTS എന്ന ഫോൾഡറിൽ നിന്നു് ഫോണ്ട്‌ തുറക്കാം എന്ന മോഹം വേണ്ട. അതുകൊണ്ടു് ഒരു കോപ്പി എടുത്തു് സൂക്ഷിക്കുന്നതാ നല്ലതു്)

1. അപ്പൊ ഫോണ്ട്ഫോർജ്‌ തുറന്നല്ലോ? ഇതുപോലെ ഫയൽ തെരഞ്ഞെടുക്കാനുള്ള വിൻഡോ തുറക്കും




2. അഞ്ജലി പഴയ ലിപി തെരഞ്ഞുപിടിച്ചു് OK ക്ലിക്കുക. അപ്പൊ ഫോണ്ട്‌ തുറക്കും. ചിലപ്പൊ രണ്ട്‌ വിൻഡോ കണ്ടെന്നിരിക്കും. ഒന്നു് ഫോണ്ടും രണ്ട്‌ വാർണിംഗുകളും.



3. വാർണിംഗ്‌ വേണമെങ്കിൽ ക്ലോസ്‌ ചെയ്യാം. ഇനി ഫോണ്ട്‌ വിൻഡോയിൽ Element മെനുവിൽ font info എന്ന മെനു ക്ലിക്‌ ചെയ്താൽ...




4. ഇപ്പോൾ വരുന്ന വിൻഡോയിൽ അഞ്ജലി ഫോണ്ടിന്റെ പെരു് സൂക്ഷിച്ചിരിക്കുന്നതു് കാണാം. അതുപോലെ വേർഷനും കോപ്പിറൈറ്റും ഒക്കെ കാണാം. ഈ വിൻഡോയെപ്പറ്റിൽ അടുത്ത ലക്കങ്ങളിൽ കൂടുതൽ പ്രതിപാദിക്കും എന്നുള്ളതുകൊണ്ടു് അധികം പറയുന്നില്ല.




5. ഫോണ്ടിന്റെ ഏറ്റവും മുകളിൽ ഇംഗ്ലീഷ്‌ അക്ഷരരൂപങ്ങൾ



6. കുറച്ചു താഴെ വന്നാൽ മലയാളം അക്ഷരങ്ങൾ - അടിസ്ഥാന അക്ഷരങ്ങൾ മാത്രം. അതായതു്, നമ്മൾ ഇപ്പോൾ സൃഷ്ടിച്ചുവച്ചിരിക്കുന്ന അക്ഷരങ്ങൾ




7. ഏറ്റവും താഴെ കൂട്ടക്ഷരങ്ങളും മറ്റും




8. ഇനി ഏതെങ്കിലും അക്ഷര രൂപത്തിൽ ഒരിക്കൽ ക്ലിക്‌ ചെയ്യുക. ആ അക്ഷരം ഹൈലൈറ്റ്‌ ആവും.



9. അവിടെ double-click ചെയ്താൽ അക്ഷരം വേറൊരു വിൻഡോയിൽ തുറന്നു് അതിലെ അക്ഷരരൂപത്തിന്റെ വിശദാംശങ്ങൾ കാണാം.



കൂടെ വേറെ രണ്ട്‌ ചെറിയ വിൻഡോകൾ കണ്ടല്ലോ? അതിനെക്കുറിച്ചു് പിന്നെ പറയാം. സീക്രട്ടാ!

10. ഇവിടെ നോക്കു. Baseline, ascender, descender എന്നിവ സൂചിപ്പിക്കുന്ന വരികൾ കണ്ടല്ലോ? ഇടതുവശത്തും മുകളിലും ബ്രൗൺ നിറത്തിൽ ഹൈലൈറ്റ്‌ ചെയ്തിരിക്കുന്നതു് റൂളർ ആണു് - അളവുകൾ സൂചിപ്പിക്കാൻ. നീലനിറത്തിൽ ഹൈലൈറ്റ്‌ ചെയ്തിരിക്കുന്നതു്, പണ്ട്‌ പറഞ്ഞ മാതിരി ലൈനിൽ ഒതുങ്ങാതെ കുറച്ചു പുറത്തേക്കുപോകുന്ന സംഗതിയുണ്ടല്ലോ, വളഞ്ഞ രൂപങ്ങൾക്കു്; അത്‌. വലതുവശത്തു് മുകളിൽ Total width എന്നെഴുതിയേടത്തു് കാണുന്ന 2863 എന്നുള്ളതു് അക്ഷരത്തിന്റെ വീതി.




അടുത്ത ലക്കത്തിൽ വെക്ടർ രൂപങ്ങളെ ഫോണ്ട്‌ഫോർജിൽ സ്ഥാപിക്കൽ, ഫോണ്ടിന്റെ പ്രോപ്പർട്ടീസ്‌ സെറ്റ്‌ ചെയ്യൽ, ആദ്യ ഫോണ്ട്‌ ഉണ്ടാക്കൽ എന്നിവ പ്രദിപാദിക്കാം. അപ്പോഴേക്കും അക്ഷരങ്ങൾ റെഡിയാക്കു.


7 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു കാര്യം മനസ്സിലായി എന്നെപ്പോലുള്ള മണ്ടന്മാർക്ക് ഒരിക്കലും പറ്റാത്ത പണിയാണ് ഈ ഫോണ്ട് പണിയെന്ന്..!

കൊച്ചു കൊച്ചീച്ചി said...

ഞാന്‍ പകുതിയേ വായിച്ചുള്ളൂ, പക്ഷേ ഒരു കാര്യം വ്യക്തമായി. വായിക്കാന്‍ താല്പര്യമുള്ളവര്‍ക്കുവേണ്ടി ഇതിലും ലളിതമായി എഴുതാന്‍ ഒരിക്കലും പറ്റില്ല. താങ്കളുടെ കീഴില്‍ ജോലിചെയ്യുന്ന ജൂനിയര്‍ പ്രോഗ്രാമേഴ്സ് ഭാഗ്യവാന്‍മാര്‍.

ബാക്കി അഭിപ്രായം മുഴുവന്‍ വായിച്ചിട്ടുപറയാം.

ആളവന്‍താന്‍ said...

ഹോ...! ഇതിത്തിരി കട്ടിയാണല്ലോ മാഷേ... നിങ്ങള് ഒന്ടാക്കിയിട്ടു നമ്മക്കും കൂടി തന്നാ മതി. അതാ എളുപ്പം. ഹി ഹി
പിന്നെ ഒരു അക്രമം ചെയ്തിട്ടുണ്ട്. രണ്ടു ദിവസായി. കോസ്റ്റ്യൂം ഡിസൈനിംഗ്!

ചാണ്ടിച്ചൻ said...

എന്റമ്മേ...ഈ ചിതലെന്നെ ഒരു ഫോണ്ട് (ചാണ്ടി ന്യൂ ലിപി) ഉണ്ടാക്കിച്ചേ അടങ്ങൂ...നോക്കട്ടെ...

jayanEvoor said...

അഭിനന്ദനീയമായ ശ്രമം ചിതൽ!

മലയാളഭാഷാപ്രേമം മൂത്ത് ചാണ്ടി വരെ ഫോണ്ട് ക്രിയേറ്റ് ചെയ്യാൻ പോണു!

ഇനീപ്പോ ഞാനായിട്ട് പിന്നോട്ടു പോണോ....?
(ഇതിനൊക്കെ സമയം എങ്ങനെ ഉണ്ടാക്കിയെടുക്കും ഭാഷാദേവീ...!)

ചിതല്‍/chithal said...

ഗഡ്യോളേ... ചെറ്യേ 2-3 തിരുത്തുകൾ വരുത്താനുണ്ടു്‌, ലേഖനത്തിൽ. ഇപ്പൊ പറ്റില്ല; ഇന്നു്‌ രാത്രിയോ നാളെയോ ഇടാം. ഏതായാലും വലിയ മാറ്റമൊന്നും ഉണ്ടാവില്ല, നു പകരം വേണം, പിന്നെ പൊസിഷൻ കുറച്ച് മാറ്റണം. ഇത്രയുമാണു്‌ മുഖ്യ വ്യത്യാസങ്ങൾ. പക്ഷെ ലിനക്സിൽ ചെയ്യുമ്പോൾ ഇത്തിരി സ്റ്റെപ്പുകൾ കൂടി വേണം എന്നു മാത്രം. വിശദമായി തിരുത്തി പുനഃപ്രസിദ്ധീകരിക്കാം. അതുവരെ ക്ഷമിക്കണേ..

Anonymous said...

Hey - I am really delighted to find this. great job!