Saturday, October 13, 2012

ഒരു അയർലൻഡ് വീരഗാഥ



കഴിഞ്ഞ കൊല്ലം ഔദ്യോഗികമായി അയർലൻഡിൽ പോയപ്പോൾ സംഭവിച്ച ഒരു അബദ്ധം പറയട്ടെ?

യൂറോപ്പിൽ ഇംഗ്ലണ്ടിനടുത്തു് കിടക്കുന്ന ഒരു ദ്വീപു് രാജ്യമാണു് ഐർലൻഡ്. ഇംഗ്ലീഷ് തന്നെയാണു് ഭാഷ എന്നതുകൊണ്ടു് ആശയവിനിമയത്തിനു് ബുദ്ധിമുട്ടില്ല.

ഭക്ഷണകാര്യത്തിൽ ബുദ്ധിമുട്ടുള്ളതു് ഉപ്പു്-മുളകു്-പുളി ഇത്യാദി ചേർക്കാത്തതിനാലാണു്. പ്രത്യേകിച്ചു് ഒരു രുചി എന്നു് പറയാൻ നമുക്കു് തോന്നില്ല. അതുകൊണ്ടു് വിളമ്പുന്ന ഭക്ഷണത്തിലൊക്കെ ആവശ്യാനുസരണം ഉപ്പും കുരുമുളകും ഞാൻ ചേർത്തുകൊണ്ടിരുന്നു.

ഒരു വൈകിയ സായാഹ്നം.

ഹോട്ടലിലെ റെസ്റ്റൊറന്റിൽ ഞാൻ ചെന്നിരിക്കുന്നു. ആദ്യമായി ഒരു സൂപ് ഓർഡർ ചെയ്യുന്നു. എന്നിട്ടു് ചുറ്റും നോക്കി.

അടുത്ത ടേബിളിൽ എഴുപതിനോടടുത്തു് പ്രായം തോന്നിക്കുന്ന ഒരു സായിപ്പും മദാമ്മയും ഇരിക്കുന്നുണ്ടു്. ഞാൻ വിദേശിയായതിനാൽ അവർ ഇടക്കു് എന്നെ ശ്രദ്ധിക്കുന്നുമുണ്ടു്.

ഞാൻ അവരെ നോക്കി പതുക്കെ ഒന്നു് പുഞ്ചിരിച്ചു. പ്രതികരണമായി അവരും പുഞ്ചിരിച്ചു.

സൂപ് എത്തി. കുരുമുളകു പൊടിക്കലും സൂപ്പിന്റെ മുകൾഭാഗം അലങ്കരിക്കലും തുടങ്ങി.

കുരുമുളകു പൊടിക്കുക എന്നു പറഞ്ഞാൽ - ഒരു ചെറിയ ഡിസ്പെൻസറിൽ കുരുമുളകു് ഇട്ടുവച്ചിരിക്കും. അടപ്പു് അല്പം ബലം പ്രയോഗിച്ചു് തിരിച്ചാൽ അകത്തുള്ള കുരുമുളകു് പൊടിഞ്ഞു് സുഷിരങ്ങളിലൂടെ പുറത്തുവരും. ആവശ്യാനുസരണം എടുക്കാം.

അടപ്പു തിരിക്കുമ്പോൾ നല്ല കിരുകിരാ ശബ്ദം. പഴയ ഡിസ്പെൻസറായിരിക്കും.

കർ....കർ.....കർ.....കർ.....

ഞാനങ്ങിനെ നിർബാധം കുരുമുളകു് പൊടിക്കുന്നതിനിടക്കു് വെറുതെ ഒന്നു് തലപൊക്കിനോക്കി. ദേ, സായിപ്പും മദാമ്മയും എന്നെത്തന്നെ നോക്കിയിരിക്കുന്നു!

“സോറി, പഴയ ഡിസ്പെൻസർ ആണെന്നു് തോന്നുന്നു. വല്ലാത്ത ശബ്ദം!”

“അതു് സാരമില്ല. പക്ഷെ നിങ്ങൾ എത്ര കുരുമുളകാണു് കഴിക്കുന്നതു്! നിങ്ങൾക്കു് ഇതെങ്ങിനെ സാധിക്കുന്നു?!”

“മാഡം, ഐ ആം ഫ്രം ഇന്ത്യ - ഫ്രം കേരള - ദി ലാൻഡ് ഓഫ് പെപ്പർ. ഞങ്ങൾക്കു് എന്തിനും ഏതിനും കുരുമുളകു് നിർബന്ധമാണു്. എനിക്കു് ഇതൊക്കെ ശീലമാണു്”

“സോ യൂ ലവ് പെപ്പർ സോ മച്ച്?”

“യേസ് യേസ്. പക്ഷെ ഈ പെപ്പർ കൊള്ളില്ല. ഇതിനു് എരിവു് കുറവാണു്. ഞങ്ങളുടെ നാട്ടിൽ വളരുന്ന കുരുമുളകിനു് എരിവും വീര്യവും കൂടും. അന്താരാഷ്ട്രവിപണിയിൽ പോലും നല്ല പേരാണു്. എന്തിനു്, എന്റെ വീട്ടിൽ വളരുന്ന കുരുമുളകിനുപോലും ഇതിലും സ്വാദുണ്ടു്”

മദാമ്മ അത്ഭുതംകൊണ്ടു് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു് എന്റെ അടുത്തുവന്നു.

“സോ യൂ കൾട്ടിവേറ്റ് പെപ്പർ?!”

പാവം വിദേശി. ഞാനൊരു കുരുമുളകു് കർഷകനാണെന്നു് അവർ തെറ്റിദ്ധരിച്ചിരിക്കുന്നു. കാര്യം വീട്ടിൽ കുരുമുളകുണ്ടെങ്കിലും കൃഷിയൊന്നുമില്ല. ഒരു കൊടി അതിന്റെ പാട്ടിനു് വളരുന്നുണ്ടു്. അതിൽ നിന്നു കിട്ടുന്നതു് കഷ്ടി ഞങ്ങളുടെ ആവശ്യത്തിനു് തികയും. പക്ഷെ മദാമ്മക്കു് മനോവിഷമം ഉണ്ടാക്കുന്നതു് മോശമല്ലേ? അതും വിദേശിയായ ഞാൻ അവരുടെ നാട്ടിൽ വച്ചു്?

“ഒഫ് കോഴ്സ്! ഐ ആം എ പെപ്പർ ഫാർമർ!”

ഹും! മലയാളിയായ ഞാൻ; കുരുമുളകിന്റെ സ്വന്തം നാട്ടിൽ നിന്നു് വരുന്ന ഞാൻ; വീട്ടിൽ പ്രതിവർഷം അര-മുക്കാൽ കിലോ കുരുമുളകുൽപ്പാദിപ്പിക്കുന്ന ഞാൻ; തീർച്ചയായും ഞാനൊരു കുരുമുളകു കർഷകൻ തന്നെ. മാത്രമല്ല, വേണ്ടിവന്നാൽ ഞാനൊരു റബർ കർഷകനാവും. കൊക്കോ കർഷകനാവും. ഇഞ്ചി-ഗ്രാമ്പൂ-ഏലം കർഷകനാവും. ചക്ക-തേങ്ങ-മാങ്ങ...

“സോ, വർഷാവർഷം എത്ര കുരുമുളക്‌ ഉല്പാദിപ്പിക്കാറുണ്ടു് നിങ്ങൾ?”

ദൈവേ.. പെട്ടു. മദാമ്മ കാര്യമായിട്ടാണു്. ഏതായാലും തുടങ്ങിവച്ചതു് വൃത്തിവെടിപ്പാക്കി പൂർത്തിയാക്കാം.

ഇത്ഥം വിചാരിച്ചു് കേരളത്തിനെക്കുറിച്ചും അവിടുത്തെ കാലാവസ്ഥയെക്കുറിച്ചും കാലവർഷത്തെക്കുറിച്ചും സഹ്യനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും നാട്ടിൽ വിളയുന്ന സുഗന്ധവ്യഞ്ജനങ്ങളേക്കുറിച്ചും ഞാനൊരു കാച്ചു് കാച്ചി. കേരളത്തിൽ ഞാനുൾപ്പെടെ ഒട്ടുമിക്കവരും കർഷകരാണെന്നും കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നും ഞങ്ങൾ ലോകത്തിലെ ഏറ്റവും ഉന്നതമൂല്യമുള്ളവരാണെന്നു് അവകാശപ്പെടുന്നില്ലെങ്കിലും ഏതാണ്ടു് അതിനടുത്തു് നിൽക്കും എന്നും പറഞ്ഞു് വാഗ്ധോരണി നിർത്തി.

കണ്ണുകൾ വികസിച്ചു് കേട്ടതൊന്നും വിശ്വസിക്കാനാവാതെ തരിച്ചുനിന്ന മദാമ്മ 2-3 നിമിഷം കഴിഞ്ഞു് ഭർത്താവിനെ വിളിച്ചു.

“ജെയിംസ്, കം ഹിയർ. ലിസൺ റ്റു വാട്ട് ദിസ് ജെന്റിൽമാൻ ഗോട്ട് റ്റു സേ!”

എന്നിട്ടും ജെയിംസ് സീറ്റിൽ നിന്നെഴുന്നേൽക്കാഞ്ഞപ്പോൾ മദാമ്മ അയാളുടെ അടുത്തുചെന്നു് അടക്കത്തിൽ എന്തോ സംസാരിക്കാൻ തുടങ്ങി. എന്നെക്കുറിച്ചു തന്നെ, സംശയമില്ല. അതറിയാൻ താല്പര്യമുണ്ടായിരുന്നെങ്കിലും ഒരു വിരക്തനെപ്പോലെ ഞാൻ കുരുമുളകുതീറ്റ തുടർന്നു.

അപ്പോൾ മദാമ്മ മുന്നിലും സായിപ്പ് പിന്നിലുമായി എന്റെ ടേബിളിൽ വന്നു. എന്നോടനുവാദം ചോദിച്ചിട്ടു് അവർ എനിക്കഭിമുഖമായി ഇരുന്നു.

ഞാൻ വിരലുകൾ കൂട്ടിപ്പിണച്ചു് മേശപ്പുറത്തു വച്ചു് മുന്നോട്ടാഞ്ഞു് “യേസ്?” എന്നമട്ടിൽ ഇരുവരേയും നോക്കി.

“ലുക് മി. ചിതൽ. ഞങ്ങൾ ആലോചിക്കുകയായിരുന്നു: ഞങ്ങളുടെ കമ്പനി പശ്ചിമയൂറോപ്പിൽ സുഗന്ധവ്യഞ്ജനങ്ങൾ വിതരണം ചെയ്യുന്ന ഒരു ശൃംഖല തുടങ്ങാനുള്ള പുറപ്പാടിലാണു്. പക്ഷെ ഇപ്പോഴത്തെ നിലയിൽ കർഷകരിൽ നിന്നു് നേരിട്ടു് വാങ്ങാനുള്ള സംവിധാനമായിട്ടില്ല. താങ്കൾക്കു് സമ്മതമാണെങ്കിൽ നാട്ടിൽനിന്നു് കുറച്ചു് സാമ്പിളുകൾ ഞങ്ങൾക്കയച്ചുതരൂ. മുന്തിയ ഇനം സ്പൈസസ് ആണെങ്കിൽ നമ്മൾ തമ്മിൽ ഒരുപക്ഷെ അതൊരു വ്യാപാരകരാറിൽ കലാശിച്ചേക്കും. എന്തുപറയുന്നു?”

ഒന്നും പറയാതെ അവരുടെ വിസിറ്റിംഗ് കാർഡും വാങ്ങി അടുത്തയാഴ്ച്ച വിമാനം കേറി തിരിച്ചു് ബാംഗ്ലൂരിലെത്തിയിട്ടു് ഒന്നിൽചില്വാനം കൊല്ലമായി. ഇപ്പോഴും ധാരാളം കുരുമുളകുപൊടി തിന്നാറുണ്ടു് എന്നതൊഴിച്ചു് ഞാനവർക്കു് സാമ്പിൾ അയച്ചുകൊടുക്കാനും മെനക്കെട്ടിട്ടില്ല അവരെന്നെയോ തിരിച്ചോ ബന്ധപ്പെടാനും ശ്രമിച്ചിട്ടില്ല.

എന്നിട്ടു് പുളുവടിക്കു് വല്ല കുറവുമുണ്ടോ? ഏയ്..


8 comments:

Unknown said...

ട്ടൊ !! ദേ ഒരു കാക്ക ചത്തു ..;)

jayanEvoor said...

ഇതു പുളുവല്ല.

പുപ്പുളു !!

ഒരു ദുബായിക്കാരന്‍ said...

സായിപ്പിലും മണ്ടന്മാര്‍ ഉണ്ടെന്നു ഇപ്പ മനസ്സിലായി !

Junaiths said...

അതെയതെ....സംസാരം കഴിഞ്ഞ് രണ്ടും കൂടെ നിറ മിഴികളുമായി പോകുന്നതും കണ്ടു...പൂവർ ഫെല്ലോസ്

Sankaran said...

ത്രിപ്പങ്ങോട്ടെ ത്രിപ്പടിയിന്മേൽ
തണ്ടുരുളും, തടിയുരുളും
ചെറിയൊരു കുരുമുളകുരുളും...!


ajith said...

ലുക് മി.ചിതല്‍

ആ സായിപ്പിന്റെ കോണ്ടാക്റ്റ് നമ്പര്‍ ഒന്ന് തരണേ

ആറേഴ് ടണ്‍ കുരുമുളക് ഗോഡൌണില്‍ കെട്ടിക്കെട്ടിക്കെട്ടിക്കിടക്കുന്നു

Anonymous said...

ലുക് മി.ചിതല്‍ സംഗതി ജോറായിട്ടോ

Villagemaan/വില്ലേജ്മാന്‍ said...

അജിത്‌ ഭായിടെത് അത്രയും ഇല്ലെങ്കിലും , ഒരു രണ്ടു ല്വാഡു ( എത്ര ..രണ്ടു ല്വാഡു ) കെട്ടി കിടക്കുന്നു! ബുധിമുട്ടില്ലാച്ചാല്‍, ആ അഡ്രസ്‌ ഒന്ന് തരൂ !

(പുളുവടിക്കു് വല്ല കുറവുമുണ്ടോ? ഏയ്..)