Tuesday, December 18, 2012

കാലചലനം - 1




ഞാൻ കൃത്യമായി ഓർക്കുന്നു - മദിരാശിയിൽ ഇടവം ആദ്യപകുതിയുടെ പൊള്ളുന്ന വെയിലിൽ കൂട്ടുകാരോടൊപ്പം ശീതളപാനീയം വലിച്ചുകുടിക്കുമ്പോൾ തുടങ്ങിയ ചർച്ചയാണു് ജീവിതത്തെ സ്വാധീനിച്ച ഒരു സംഭവത്തിന്റെ തുടക്കം.

ബഹുരാഷ്ട്ര കമ്പനിയുടെ പാനീയക്കുപ്പി കടയുടെ പടിയിൽ തിരിച്ചുവച്ചു് ചർച്ചക്കു് തുടക്കമിട്ടതു് ഞാൻ തന്നെയായിരുന്നു.

"ഹൗ! ഏഴു് രൂപ! ഒരു കുപ്പി കൂൾഡ്രിങ്ക്സിനുള്ള വില! ഇതു് ഉണ്ടാക്കാൻ കമ്പനിക്കു് എത്ര ചെലവാവുന്നുണ്ടാവും? ബാക്കി മുഴുവൻ ലാഭം! ഈ മദിരാശി നഗരത്തിൽ മാത്രം ഒരു ദിവസം പതിനായിരക്കണക്കിനു് കുപ്പി വിറ്റുപോകുന്നുണ്ടാവില്ലേ? അപ്പൊ എത്രകോടി അവരു് സമ്പാദിക്കുന്നുണ്ടാവും?!"

ഒഴിഞ്ഞ കുപ്പി തിരികെ കൊടുത്തു് ഒരു പാനീയക്കുപ്പി കൂടി ഓർഡർ ചെയ്തതല്ലാതെ ഗൗതം ഒന്നും പറഞ്ഞില്ല.

"ഇതാണു് നമുക്കു് പറഞ്ഞിട്ടുള്ളതു്! മാസശമ്പളമായി ഒരു സംഖ്യ കൈപ്പറ്റുക; അതിലൊരു ശതമാനം ഇതുപോലുള്ള ജീവിതസുഖങ്ങൾക്കായി നിത്യേന ചെലവാക്കുക! കൂൾഡ്രിങ്ക്സ്, പിസ, മാസത്തിൽ രണ്ടു് സിനിമ കാണുക - അതും നൂറും ഇരുന്നൂറും രൂപക്കു് ടിക്കറ്റെടുത്തു്; ഈരണ്ടു് മാസം കൂടുമ്പോൾ ഷർട്ടും പാന്റും വാങ്ങുക, ആഴ്ചേലു് ആഴ്ചേലു് മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം, മാസാമാസം പോണ്ടിച്ചേരി, മഹാബലിപുരം ട്രിപ് ഏസി ടാക്സിയിലു്, അവിടുത്തെ താമസം, പിന്നെ.... ഞാൻ പറയുന്നില്ല. ഇപ്പൊ മിണ്ടിയാൽ കാശുചെലവാണു്"

"അതു്, ചെലവുചുരുക്കി ജീവിക്കാൻ നിനക്കറിയാഞ്ഞിട്ടാണു്. ഈ നഗരത്തിലെ എല്ലാവർക്കും നിന്റെയത്ര ശമ്പളമില്ലല്ലോ? എന്നിട്ടും അവരു് കല്യാണവും കഴിച്ചു് കുടുംബവും കുട്ടികളുമായി സ്വസ്ഥമായി ജീവിക്കുന്നുണ്ടു്. എന്തേയ്?" രഘു ചോദിച്ചു.

"സത്യാ രഘൂ. ഈ നഗരത്തിലൊരു ജോലി കിട്ടി വന്നശേഷമല്ലേ നമ്മള് രണ്ടു് പേരും ജീവിതം ആസ്വദിച്ചുതുടങ്ങിയതു്? ജീവിക്കാൻ പണം വേണം. അതു് ഏതുവിധത്തിലായാലും സമ്പാദിക്കുകയും വേണം"

"എനിയ്ക്കെന്തോ, യോജിക്കാൻ തോന്നുന്നില്ല. എന്തുചെയ്തിട്ടായാലും കുറേ പൈസയുണ്ടാക്കുക; എന്നിടതുകൊണ്ടു് ആസ്വദിച്ചു ജീവിക്കുക. കേൾക്കുമ്പോൾ നല്ല സുഖമുണ്ടു്. പക്ഷെ നാളെ ഒരിക്കൽ ഇതൊന്നും ഇല്ലാതാവുന്ന ഒരു സന്ദർഭം വന്നാലോ? അന്നു് കഴിഞ്ഞ നാളുകളേ ഓർത്തു് വല്ലാതെ സങ്കടപ്പെടാം. അതിലും നല്ലതു്, ഉള്ളതുകൊണ്ടു് ഓണം പോലെ ജീവിക്കുന്നതല്ലേ?"

"നീ പറഞ്ഞതു് ഞാനംഗീകരിക്കുന്നു രഘു. അതുകൊണ്ടാണു് ഞാൻ പറഞ്ഞതു് - കുറേയധികം പൈസ പെട്ടെന്നു് സമ്പാദിക്കുക. കുറേ പൈസ എന്നുപറഞ്ഞാൽ വളരെയധികം. ഒരുപക്ഷെ നീ പറഞ്ഞമാതിരി ഒരു നാളെയെ നേരിടേണ്ടിവന്നാലും നമ്മുടെ തുണക്കു് കണക്കില്ലാത്ത സ്വത്ത് ഉണ്ടാവണം"

"ഇപ്പൊ ഗൗതമിനെ നോക്കു്. അവന്റെ കുടുംബം തുടങ്ങിവച്ചിട്ടുള്ള ബിസിനസ് മുഴുവൻ മേൽക്കുമേൽ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. അമാനുഷികമായ ഒരു ഉൾക്കാഴ്ചകൊണ്ടെന്നോണം അവർ കൃത്യമായി കാലം മാറുന്നതനുസരിച്ചു് തങ്ങളുടെ വ്യാപാരമേഖലകൾ മാറ്റുന്നു. വൻ ലാഭം നേടുന്നു. വെച്ചടിവെച്ചടി പുരോഗതിയുടെ പാതയിലാണവർ"

ഇത്രയുമായപ്പോഴേക്കു് ഞങ്ങൾ നടന്നു് വീട്ടിലെത്തിയിരുന്നു. ഞാൻ തുടർന്നു.

"ഗൗതം, നിന്നേപ്പോലെയാവാനാണു് എനിക്കിഷ്ടം. ഒരുപാടു് സമ്പത്തു്. വിചാരിച്ചതെന്തും സാധിക്കാനുള്ള അത്രയും. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു?"

ഗൗതം പതുക്കെ ഒന്നു് പുഞ്ചിരിച്ചു. എന്നിട്ടു് രഘുവിനെ ഒന്നു് നോക്കി. രഘുവിന്റെ മുഖത്തു് എന്നോടു് ഒരു ചെറിയ പുച്ഛമുണ്ടായിരുന്നു. പക്ഷെ ഗൗതം അതു് കണ്ടില്ലെന്നു് നടിച്ചു.

അവൻ അല്ലെങ്കിലും അങ്ങിനെയാണു്. സമ്പന്നതയുടെ നടുവിലേക്കു് ജനിച്ചുവീണതാണു് ഗൗതം. അവന്റെ കുടുംബത്തിനു് ഇല്ലാത്ത വ്യാപാരങ്ങളില്ല. പച്ചക്കറി-പലചരക്കു് കടകൾ നടത്തിയാണു് അവർ കച്ചവടം ആരംഭിച്ചതത്രെ. സൂപ്പർമാർക്കെറ്റ് തരംഗം വരുന്ന കാലത്തു് അവർ പെട്ടെന്നു് അതിലേക്കു് മാറി. തുടർന്നു് വൻ മാളുകൾ, ഷോപ്പിംഗ് കോംപ്ലെക്സുകൾ, മൾട്ടിപ്ലെക്സ് തീയെറ്ററുകൾ... ഏതൊരാശയവും ആദ്യമായി ചിന്തിക്കാനും അതിന്റെ ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി ആ പ്രോജക്റ്റുകളെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും അവന്റെ കുടുംബത്തിനു് വല്ലാത്ത ഒരു കഴിവുണ്ടായിരുന്നു. ഒപ്പം സ്ഥിരോൽസാഹിയായ ഒരു കൂട്ടുകുടുംബവ്യവസ്ഥിതി കൂടിയുണ്ടായപ്പോൾ അവർക്കു് കൈവന്ന അഭിവൃദ്ധി അസൂയാവഹം തന്നെയായിരുന്നു. ഇന്നു് ഏതാനും രാജ്യങ്ങളിലായി അവരുടെ സാമ്രാജ്യം അനുസ്യൂതം വളർന്നുകൊണ്ടിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഗൗതം ഒരിക്കലും തന്റെ സ്വത്തിന്റെ പിൻബലത്തിൽ അഴിഞ്ഞാടിയിട്ടില്ല. കൂട്ടത്തിൽ ഏറ്റവും വിവേകം കാണിക്കാറുള്ളതു് അവനാണു്. മിതഭാഷിയാണു്. ശനിയാഴ്ചകളിൽ കാശുവച്ചു് ശീട്ടുകളിക്കാൻ വിളിച്ചാൽ പോലും അവൻ പിന്മാറും. വളരെ ചുരുക്കി, ആവശ്യത്തിനു് മാത്രം ചെലവുചെയ്യുന്ന സ്വഭാവമാണു് അവന്റേതു്.

ഗൗതത്തെ പരിചയപ്പെട്ട കാലത്തു് ഞാൻ കരുതിയതു് ആളൊരു പിശുക്കനാണു് എന്നാണു്. ഒരിക്കൽ അവന്റെ തറവാട്ടിൽ ഒരവധിക്കു് പോയി 2 ദിവസം താമസിച്ചപ്പോഴാണു് അവന്റെ കുടുംബത്തിലെ - ആ വലിയ കൂട്ടുകുടുംബത്തിലെ എല്ലാവരും ഒതുങ്ങിയ ജീവിതം നയിക്കുന്നവരാണു് എന്നു് മനസ്സിലായതു്. അനാവശ്യമായ ആർഭാടങ്ങളില്ലാതിരുന്ന ആ വലിയ വീടു് എന്റെ സങ്കൽപ്പങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

തിരിച്ചുവന്ന ശേഷം ഞാനും രഘുവും അതേപ്പറ്റി ചോദിച്ചപ്പോൾ ഗൗതം ഇത്രയേ പറഞ്ഞുള്ളു:

"ഈ സ്വത്തൊക്കെ ഞങ്ങൾ ചുരുങ്ങിയ കാലയളവിൽ സമ്പാദിച്ചതാണു്. മുതിർന്നവരാരും കുമിഞ്ഞുകൂടുന്ന പൈസയുമായി പൊരുത്തപ്പെട്ടിട്ടില്ല. 'ആവശ്യമുള്ളതു് മാത്രം അവനവനു്' എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാണു് അവർ. ന്യായമായും പുതിയ തലമുറയായ ഞങ്ങളേയും അവർ വളർത്തിക്കൊണ്ടുവന്നതു് ആ മനഃസ്ഥിതി വച്ചാണു്. ഒരാൾക്കു് സുഖപ്രദമായി ജീവിക്കേണ്ടതൊക്കെ എന്റെ വീട്ടിൽ നിങ്ങൾ കണ്ടതല്ലേ? ഏസിയുണ്ടു്, കാറുണ്ടു്, നീന്തൽക്കുളമുണ്ടു്... അതിലുപരി സദാ ജ്വലിക്കുന്ന അനേകം വിളക്കുകളോ ആജ്ഞകൾക്കു് കാതോർത്തു് നിൽക്കുന്ന അസംഖ്യം പരിചാരകരോ ഒക്കെ ആവശ്യമില്ലാത്ത കാര്യങ്ങളല്ലേ?"

എനിക്കു് അവനോടു് അന്നു് കുറച്ചു് അസൂയയും കുറച്ചു് കുശുമ്പും കുറച്ചു് ബഹുമാനവും കൂടി സമ്മിശ്രമായി തോന്നി.

രഘു കുറേക്കൂടി എന്നേപ്പോലെയാണു്. ഇടത്തരം കുടുംബത്തിൽ ജനനം. ഇടത്തരം വിദ്യാലയങ്ങളിൽ പഠനം. ഇപ്പോൾ ഒരേതരം കമ്പനികളിൽ ജോലി. പക്ഷെ അവന്റെ ജീവിതസാഹചര്യങ്ങൾ അവനെ പ്രായോഗികബുദ്ധി പഠിപ്പിച്ചെങ്കിൽ ഏതാണ്ടു് അതേ ജീവിതസാഹചര്യങ്ങൾ എന്നെ ഒരു സുഖലോലുപനാക്കുകയാണു് ചെയ്തതു്.

അതുകൊണ്ടു് ഗൗതത്തിന്റെ പുഞ്ചിരിയും രഘുവിന്റെ നയം വ്യക്തമല്ലാത്ത മുഖഭാവവും അവഗണിച്ചു് ഞാൻ ഗൗതത്തിന്റെ നേരെ തിരിഞ്ഞു.

"നീ പറയൂ ഗൗതം - നിന്റെ കുടുംബത്തിനെപ്പോലെ പെട്ടെന്നു് പൈസക്കാരനാവാനുള്ള ഒരു പോംവഴി പറഞ്ഞുതാ"

"സ്വന്തം ജോലിയിൽ ആത്മാർത്ഥമായി മനസ്സുറപ്പിച്ചാൽ മാത്രം പോരേ? വിദേശങ്ങളിൽ പോയി ജോലിചെയ്യാനുള്ള അവസരങ്ങൾ ധാരാളം കിട്ടില്ലേ? ഏതാനും വർഷങ്ങൾക്കുള്ളിൽ..."

ഞാൻ കൈകാട്ടി അവനെ തടഞ്ഞു.

"ആ ടൈപ്പ് പണിയെടുക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞതു്. കാര്യമായ ബുദ്ധിമുട്ടൊന്നും കൂടാതെ പൈസ സമ്പാദിക്കണം. ഇപ്പൊ ഒന്നര കൊല്ലം മുമ്പ് നിന്റെ സഹോദരൻ തുച്ഛമായ വിലക്കു് 8-9 ഏക്കർ ഭൂമി വാങ്ങി. അന്നതു് വെറും തരിശ് നിലമായിരുന്നു. ഇപ്പൊ ദേ അതിനു തൊട്ടടുത്തു് ഒരു മാളും സ്കൂളും വന്നിരിക്കുന്നു. ഇപ്പൊ ആ സ്ഥലത്തിന്റെ മൂല്യം ചുരുങ്ങ്യേതു് ഒരു നാലിരട്ടിയായി കൂടിയില്ലേ? ആ സൈസ് പൈസേണ്ടാക്കണ കാര്യാ ഞാൻ പറഞ്ഞേ"

"ഓഹോ, അപ്പൊ മെയ്യനങ്ങാതെ പൈസക്കാരനാവണം, അല്ലേ? അങ്ങിനെ ഒരു വഴിയുണ്ടെങ്കിൽ നിനക്കു് പൈസക്കാരനാവാൻ പറ്റുമോ?"

"തീർച്ചയായും! നീയൊരു ഐഡിയ തന്നേ. ഞാൻ പൈസക്കാരനായി കാണിച്ചുതരാം!"

തോർത്തുമുണ്ടെടുത്തു് കുളിക്കാൻ പോവുകയായിരുന്ന രഘു എന്റെ വീരവാദം കേട്ടു് അങ്ങോട്ടു് വന്നു.

ഗൗതം തുടർന്നു: "ഇല്ലെടാ ചിതലേ. ഒരവസരം തന്നാലും പൈസയുണ്ടാക്കാൻ അത്രയെളുപ്പമല്ല. എന്റെ അഭിപ്രായത്തിൽ അദ്ധ്വാനിച്ചും സ്വന്തം കഴിവുകൊണ്ടും ധനം സമ്പാദിക്കുന്നതാണു് നല്ലവഴി"

ഏതായാലും ഞങ്ങൾ തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കൊടുവിൽ ഗൗതം എനിക്കും രഘുവിനും ഒരു വലിയ രഹസ്യം പകർന്നു:

"അതായതു്, എന്റെ കുടുംബം എങ്ങിനെ കുറച്ചുവർഷങ്ങൾ കൊണ്ടു് ഇത്രയും ഉയർച്ചനേടീ എന്നു് നിങ്ങൾ രണ്ടുപേരും പലതവണ ചോദിച്ചിട്ടുണ്ടല്ലോ. ഞാനാ രഹസ്യം പറയാം. ഇതൊന്നും മറ്റാരോടും പറയരുതു് എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ? എങ്കിൽ കേട്ടോളൂ"

"എന്റെ ഒരു ബന്ധു പണ്ടു് മിലിട്ടറിയിൽ ശാസ്ത്രജ്ഞനായിരുന്നു. സായുധസേനക്കു് ഉപകാരപ്രദമാകുന്ന പല പരീക്ഷണങ്ങളും നടത്തുക എന്നതായിരുന്നു അദ്ദേഹത്തിനും കൂട്ടർക്കുമുള്ള ദൗത്യം. അത്തരത്തിൽ ഉള്ള ഒരു പരീക്ഷണമായിരുന്നു സമയസഞ്ചാരം. Time travel"

"അതായതു്, നമ്മൾ ഭാവിയിലേക്കു് സഞ്ചരിക്കുന്നു. എന്നിട്ടു് ദേശത്തിനു് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികളെ ഭാവിയിൽ നേരിടേണ്ടിവരുന്നുണ്ടോ എന്നു് നിരീക്ഷിക്കുന്നു. ഉണ്ടെങ്കിൽ തക്ക മുൻകരുതലുകളെടുക്കാൻ രാഷ്ട്രത്തിനു് വളരെ എളുപ്പമാകും. അതുപോലെ ഏതെങ്കിലും അപകടം സംഭവിച്ചുവെങ്കിൽ സമയത്തിലൂടെ പിന്നിലേക്കു് സഞ്ചരിച്ചു് അപകടത്തെ തരണം ചെയ്യാം. ഇതൊക്കെയായിരുന്നു അദ്ദേഹത്തിനു് ലഭിച്ച പരീക്ഷണത്തിന്റെ ലക്ഷ്യം"

"അവർ എത്രത്തോളം വിജയിച്ചു എന്നെനിക്കറിയില്ല. എന്നാൽ എന്റെ വീട്ടിൽ അദ്ദേഹം പണ്ടു് നിർമ്മിച്ച ഒരു prototype പേടകമുണ്ടു് - ഭൂതകാലത്തിലേക്കു് നമ്മെ നയിക്കുന്ന ഒരു പേടകം. ഞങ്ങൾ ആ പേടകത്തിന്റെ സാധ്യതകളുപയോഗപ്പെടുത്തിയാണു് ധനികരായതു്"

ഞാനും രഘുവും കണ്ണുകൾ മാക്സിമം വികസിച്ച അവസ്ഥയിൽ വായും പൊളിച്ചിരിക്കുകയായിരുന്നു. ഗൗതം പറഞ്ഞതൊന്നും ഞങ്ങൾ വിശ്വസിച്ചിട്ടില്ല എന്നുള്ളതു് ഞങ്ങളവനോടു് തുറന്നുപറയുകയും ചെയ്തു.


"എനിക്കൽഭുതമില്ല. പെട്ടെന്നു് കേട്ടാൽ ആരും വിശ്വസിക്കില്ല. പക്ഷെ സത്യമാണു്. എന്റെ കുടുംബാംഗങ്ങളെല്ലാവരും - ഞാനടക്കം - ആ പേടകത്തിലൂടെ യാത്രചെയ്തിട്ടുണ്ടു്. ഭൂതകാലം ദർശിച്ചിട്ടുണ്ടു്. ആ സന്ദർഭങ്ങളിൽക്കൂടി ലഭിച്ച അറിവു ചൂഷണം ചെയ്തു് ധനം നേടിയിട്ടുണ്ടു്. എന്നാൽ പേടകത്തിന്റെ ഉപയോഗം അനിയന്ത്രിതമായിത്തീർന്ന ഒരവസരത്തിൽ ഞങ്ങളെല്ലാവരും ചേർന്നു് ഒരു തീരുമാനമെടുത്തു. ഡീറ്റെയിൽസ് ഒന്നും ഞാൻ പറയുന്നില്ല. കഴിവതും പേടകം ഉപയോഗിക്കില്ല എന്നാണു് തീരുമാനം. അതുകൊണ്ടു് അതു് വീട്ടിലെ ഒരു മുറിയിൽ കിടപ്പുണ്ടു്. നിനക്കു് ഉപയോഗിക്കാൻ ഞാൻ വിട്ടുതരാം. ആവശ്യമുള്ളപ്പോൾ എന്റെ വീട്ടിൽ വന്നാൽ മതി"

"ങാ, പിന്നെ ചില കാര്യങ്ങൾ. ഒന്നു് - പരീക്ഷണത്തിന്റെ ഒരു ഘട്ടത്തിൽ നിർമ്മിച്ച പേടകമായതുകൊണ്ടു് അതിന്റെ കഴിവുകൾ പരിമിതമാണു്. ഭൂതകാലത്തിലേക്കും തിരിച്ചു് വർത്തമാനത്തിലേക്കും മാത്രമേ യാത്രചെയ്യാനാവൂ. അതുപോലെ, ഭൂതകാലം എന്നുവച്ചു് പ്രപഞ്ചോൽപ്പത്തി വരെയൊന്നും പോകാൻ പേടകത്തിനു് കെൽപ്പില്ല. ഏറിയാൽ ഒരു പത്തുനൂറ്റാണ്ടു് പിന്നിലേക്കു് പോകാം. അതിനുള്ളിൽ കാണിക്കാവുന്ന വിക്രസ്സുകളൊക്കെ പ്ലാൻ ചെയ്തോ. മൂന്നു് - നീ തിരിച്ചുവന്ന ശേഷം നിന്റെ അനുഭവങ്ങൾ - നല്ലതായാലും ചീത്തയായാലും - വള്ളിപുള്ളി വിടാതെ എന്റെ കുടുംബത്തിലെല്ലാവരേയും പറഞ്ഞുകേൾപ്പിക്കണം. ഓക്കെ?"

അന്നത്തെ പകൽ മുഴുവൻ ആലോചിച്ചു് ഞാൻ ഒരു പദ്ധതി തയ്യാറാക്കി. രാത്രി ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി ഓർഡർ കൊടുത്ത ശേഷം അടുത്തെങ്ങും ആരുമില്ലെന്നു് ഉറപ്പുവരുത്തി ഞാൻ തയ്യാറാക്കിവച്ച പ്ലാൻ ഗൗതമിനോടും രഘുവിനോടും അവതരിപ്പിച്ചു.

"നൂറ്റാണ്ടുകളൊന്നും വേണ്ട. ഏതാനും പതിറ്റാണ്ടുകൾ പിന്നിലേക്കു് പോവുക. ഇപ്പോൾ കൈയിലുള്ള പൈസമുഴുവൻ ഒരു ബാങ്കിൽ അക്കൗണ്ട് തുടങ്ങി അതിൽ നിക്ഷേപിക്കുക. തിരിച്ചു് വർത്തമാനത്തിലെത്തുമ്പോഴേക്കു് ആ അക്കൗണ്ടിലെ പൈസ കോടികളായിട്ടുണ്ടാവും. തൽക്കാലം അതുവച്ചു് ഒരു വിലസൽ വിലസാം. എങ്ങിനെയുണ്ടു് ഐഡിയ?"

അതു് കൊള്ളാവുന്ന ഒരു പ്ലാനാണെന്നു് രഘുവും ഗൗതവും സമ്മതിച്ചു. മാത്രമല്ല, രണ്ടാഴ്ച കഴിഞ്ഞാൽ ഞാനും ഗൗതവും കൂടി അവന്റെ വീട്ടിൽ ചെന്നു് പ്ലാൻ ഡിപ്ലോയ് ചെയ്തുനോക്കാനും ധാരണയായി.

അന്നത്തെ ഹോട്ടൽ ഭക്ഷണത്തിന്റെ ബിൽ ഞാൻ കൊടുത്തു.



(തുടരും)  

6 comments:

Sankaran said...

1981-83-ൽ ആനി ഹാൾ റോഡിലെ ബാങ്ക് ഓഫ് ബറോഡയിൽ വന്നോ. ഞാനവിടെയുണ്ട്... എല്ലാം ശരിയാക്കാം!

വിനുവേട്ടന്‍ said...

ഗിണ്ടിയിൽ നിന്ന് സെന്റ് തോമസ് മൌണ്ടിലേക്ക് പോകുന്ന ബട്ട് റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ വന്നാലും മതി... 1984-86 ൽ ഞാനും അവിടെയുണ്ട്... ഒരു കസ്റ്റമറുടെ രൂപത്തിൽ... :)

മനുഷ്യന്റെ ക്ഷമയ്ക്ക് ഒരതിരൊക്കിയുണ്ട് കേട്ടോ ചിതലേ... ബാക്കി കൂടി പെട്ടെന്ന് പോസ്റ്റ് ചെയ്തില്ലെങ്കിൽ ഞാനങ്ങോട്ട് വരും...

jayanEvoor said...

ഹ! ഹ!!
എനിക്കിഷ്ടപ്പെട്ടു!

മുഴുവൻ വായിച്ചു പഠിച്ച് കുറച്ചു പൈസ ഉണ്ടാക്കിയിട്ടു തന്നെ കാര്യം!

ചാക്കോച്ചന്‍ said...

ഇത് പോലെ ഒരു ചിന്ത എന്റെ മനസ്സിലും ഉണ്ടായിരുന്നു എന്തായാലും ബാക്കി കൂടെ പറ വഴി നല്ലതാണോ എന്ന് നോക്കട്ടെ ,കുറച്ചു കാശ് അത്യാവശ്യം ആണ്

Manoraj said...

വായിച്ചു വായിച്ചു വന്നിട്ട് പറയാം. അടുത്ത ഭാഗം ഇനി എന്നാണാവോ ഭവാനേ.. ഈയടുത്തെങ്ങാന്‍ വരുമോ:)

ചിതല്‍/chithal said...

നന്ദി, നന്ദി.

ശങ്കരൻ, വിനുവേട്ടൻ: 80കളിലല്ല കഥ നടക്കുന്നതു് :) വേണമെങ്കിൽ 60കൾ ആക്കാം.

ജയേട്ടാ, ചാക്കോച്ചാ: ഈ രീതിയിൽ പൈസയുണ്ടാക്കരുതു്. മൂന്നാം ഭാഗം വായിക്കുമ്പോഴേക്കും അതു് വ്യക്തമാവും.

വിനുവേട്ടാ, മനോ: അടുത്ത ഭാഗം അടുത്ത മാസം. ഒരു മാസത്തിൽ ഒരു ഭാഗം/കഥ വീതം ഇടാനാണു് ഇപ്പോൾ പ്ലാൻ. അല്ലാതെ സമയം കിട്ടുന്നില്ല. മാത്രമല്ല, ആദ്യം കഥയുടെ കരട് എഴുതിയുണ്ടാക്കണം, പിന്നെ അതു് ടൈപ് ചെയ്തു് കമ്പ്യൂട്ടറിൽ ആക്കണം, അതു കഴിഞ്ഞു് വേണം പോസ്റ്റ് ചെയ്യാൻ.

എല്ലാവർക്കും പുതുവൽസരാശംസകൾ!