Friday, April 17, 2020

കണ്ടതും കേട്ടതും അറിഞ്ഞതും - 3

"പണ്ടുള്ളവർ വാഴയിലയിൽ കഴിച്ചിരുന്നതും, ഭാര്യയും ഭർത്താവും ഒരു പാത്രത്തിൽ നിന്നു കഴിച്ചിരുന്നതും ഒക്കെ എന്തിനായിരുന്നുവെന്ന് ഈ കൊറോണക്കാലത്ത് ലോക്ക് ഡൗണിലിരിക്കുമ്പോൾവ്യക്തമായി മനസ്സിലാവുന്നു"


Friday, January 11, 2019

വീക്ഷണംകിളി ഒന്നാം മരത്തിനോടാരാഞ്ഞു:

"
ഒന്നാം മരമേ, നിന്റെ പഴങ്ങൾ തിന്നു് ഞാൻ വിശപ്പടക്കിക്കോട്ടെ?"
 
ഒന്നാം മരം കെറുവിച്ചു:
 

"എന്റെ ദുരവസ്ഥക്ക് കാരണഭൂതരായവരുടെ പരമ്പരയിൽ പെട്ടവളാണ് നീ. നിനക്ക് ഞാനെന്റെ പഴം തരില്ല"
 
കിളി: "അയ്യോ, എന്റെ പൂർവ്വികർ നിന്നോടെന്തു ചെയ്തു?"
 
ഒന്നാം മരം: "എന്റെ വിത്ത് കീഴ്ക്കാംതൂക്കായ പാറയിടുക്കിൽ കൊണ്ടിട്ടതു് നിന്റെ പൂർവ്വികരാണ്. ഓരോ ദിവസവും ഞാൻ വളരുമ്പോൾ എന്റെ ചരിവ് കൂടിക്കൂടി വരുന്നു. എന്നെങ്കിലും സ്വന്തം ഭാരത്താൽ ഞാനീ പാറയിൽനിന്ന് അടർന്ന് നിലത്തുവീഴും. അതാവും എന്റെ അന്ത്യം"
 
കിളി: "ഒരുപക്ഷെ സമതലത്തിലാണ് നീ ജനിച്ചിരുന്നതെങ്കിൽ മനുഷ്യർ വന്ന് നിന്നെ വെട്ടിമാറ്റുമായിരുന്നില്ലേ?"
 
ഒന്നാംമരം: "ഒരിക്കലുമില്ല. മധുരമുള്ള പഴങ്ങൾ നൽകുന്ന എന്നെ മനുഷ്യർ ഉപദ്രവിക്കുമോ? ഇവിടിപ്പോൾ പഴങ്ങളുടെ ഭാരം പോലും എന്നിൽ ഭീതി ജനിപ്പിക്കുന്നു"
 
കിളി: "എന്നാൽ പിന്നെ സ്വയം മുരടിച്ച് വളരാതെ നിന്നുകൂടെ നിനക്ക്?"
 
ഒന്നാംമരം: "അതെങ്ങിനെ സാധിക്കും? എന്റെ വേരുകൾ താഴെ മണ്ണുവരെ എത്തിയിട്ടുണ്ടു്. സമൃദ്ധമായ വെള്ളവും വളക്കൂറുള്ള മണ്ണും. എനിക്ക് വളരാതിരിക്കാനാവുന്നില്ല"
 
കിളി: "സുഖമായി വളരാനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും നീ നിരാശനാണോ?"
 
ഒന്നാംമരം: "ഹും! സുഖ സാഹചര്യം പോലും! നീ കരുതുന്ന സുഖസാഹചര്യങ്ങളാണെന്റെ ശാപം. ഊട്ടിവളർത്തി പ്രകൃതി എന്നെ വലുതാക്കും. ഒടുക്കം ഒരു ദിവസം ഞാൻ സ്വന്തം ഭാരത്താൽ വീണു മരിക്കും. എനിക്കതറിയാം. ദിവസത്തെ ഞാൻ പേടിയോടും ദുഃഖത്തോടും കൂടി കാത്തിരിക്കുന്നു"
 
കിളി രണ്ടാം മരത്തിനോടാരാഞ്ഞു:
 

"രണ്ടാം മരമേ, നിന്റെ പഴങ്ങൾ തിന്നു് ഞാൻ വിശപ്പടക്കിക്കോട്ടെ?"
 
രണ്ടാംമരം ആഹ്ലാദപൂർവ്വം കിളിയെ സ്വാഗതം ചെയ്തു.
 

"തീർച്ചയായും! വിത്തുപാകി എന്നെ ഒരു വലിയ മരമായി വളരാൻ വിട്ടത് നിന്റെ പൂർവ്വികരാണ്. നിനക്കെപ്പോൾ വേണമെങ്കിലും എന്റെ പഴങ്ങൾ തിന്നാം"
 
കിളി: "എന്റെ പൂർവ്വികർ നിന്നെ കുത്തനെയുള്ള പാറക്കൂട്ടത്തിൽ വളർത്തിയതിന് അവരോട് ദേഷ്യം തോന്നുന്നില്ലേ?"
 
രണ്ടാംമരം: "എന്തിന്? മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ ഒരുപക്ഷെ മനുഷ്യർ ഇതിനോടകം എന്നെ അവന്റെ മഴുവി നിരയാക്കിയിട്ടുണ്ടാവും"
 
കിളി: "കൂടുതൽ വളർന്നു കഴിയുമ്പോൾ സ്വന്തം ഭാരത്താൽ നീ ഇനിയും ചെരിയും. അങ്ങിനെ കുറേക്കഴിയുമ്പോൾ നീ ഒടിഞ്ഞു പോകില്ലേ?"
 
രണ്ടാംമരം: " ആവശ്യത്തിൽ കൂടുതൽ വളരാൻ ഞാനാഗ്രഹിക്കുന്നില്ല"
 
കിളി: " പക്ഷെ നിന്റെ വേരുകൾ വളക്കൂറും വെള്ളവുമുള്ള മണ്ണിലാണോടുന്നതു്. നിനക്ക് വളരാതിരിക്കാനാവില്ല"
 
രണ്ടാംമരം: "അതേ മണ്ണിലും ചുറ്റുമുള്ള പാറകളിലും ഞാനെന്റെ വേരുകൾ ഉറപ്പിച്ചിട്ടുണ്ട്. എന്റെ വളർച്ച താങ്ങാനുള്ള ശേഷി എന്റെ വേരുകൾക്കുണ്ടു്. അവയ്ക്കറിയാം, ഞാനെത്ര വലുതാവുന്നുണ്ടെന്നു്. എന്നെ ഊട്ടിവളർത്തുന്ന പ്രകൃതി തന്നെ എന്നെ സംരക്ഷിക്കും. എനിക്കുറപ്പുണ്ട്. ഇനിയൊരുപക്ഷെ നീ പറഞ്ഞമാതിരി ഞാൻ വീഴുമെന്നുണ്ടെങ്കിൽ പോലും ഇപ്പോൾ അതിനെക്കുറിച്ചോർക്കാനെനിക്ക് നേരമില്ല. സന്ദർഭം ഒഴിവാക്കാൻ കൂടുതൽ പരിശ്രമിക്കുന്നതിനോടൊപ്പം നിന്നെപ്പോലെ എന്റെ പഴങ്ങളെ ആശ്രയിച്ച് എന്നിൽ വസിക്കുന്ന സകല ജീവജാലങ്ങളേയും തൃപ്തിപ്പെടുത്താനാണെന്റെ ശ്രമം. അതാണെന്റെ ലക്ഷ്യം"

Friday, February 28, 2014

ചില “ലൈവ്” ഓർമ്മകൾ

അവതരണകലകളിൽ (performing arts) ഒരു കലാകാരന്റെ കഴിവു് അളക്കണമെങ്കിൽ ഒരു സദസ്സിനുമുമ്പിൽ നടത്തുന്ന പ്രകടനം വിലയിരുത്തണമെന്ന അഭിപ്രായക്കാരനാണു് ഞാൻ. സംഗീതം, അഭിനയം, പ്രസംഗം, ജാലവിദ്യ, നൃത്തം, അഭ്യാസപ്രകടനങ്ങൾ തുടങ്ങി ഓരോ അവതരണകലകളിൽ പേരെടുത്ത എത്ര കലാകാരന്മാർക്കു് ഒരു “ലൈവ്” സദസ്സിനുമുമ്പിൽ കൃത്യതയോടെ തന്റെ കല അവതരിപ്പിക്കാനാകും? സിനിമയിലെ അഭിനേതാക്കൾ ചിലർ നാടകത്തിൽ അഭിനയിക്കാൻ ശ്രമിച്ചാൽ ശരിയാകാത്തതും സ്റ്റുഡിയോയിൽ ഒന്നാന്തരമായി പാട്ടു റെക്കോർഡ് ചെയ്യുന്ന ഗായകനു് ഗാനമേളകളിൽ സ്വരമിടറുന്നതിനും കാരണം ഒരുപക്ഷെ തന്റെ കലയിൽ അവർക്കുള്ള പക്വതകുറവോ സദസ്സിനെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസക്കുറവോ എന്തുമാകാം.

ഞാനിവിടെ പറയാൻ തുടങ്ങിയതു് ചില live അവതരണങ്ങളിൽ കലാകാരന്മാരുടെ പ്രത്യുല്പന്നമതിത്വം അല്ലെങ്കിൽ സർഗ്ഗശേഷികൊണ്ടു് അവർ സദസ്സിനെ ആനന്ദത്തിലാറാടിച്ച കാര്യങ്ങളാണു്. ഞാൻ നേരിട്ടു് കണ്ടിട്ടുള്ള കാര്യങ്ങൾ.

ശാസ്ത്രീയസംഗീതത്തിനോടു് ഒരു ചായ്‌വുള്ളതിനാൽ അത്തരം കച്ചേരികളിൽ കണ്ട ചില അനുഭവങ്ങളാണു് ആദ്യം പറയാൻ തോന്നുന്നതു്.

തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ ഒരിക്കൽ തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഒരു fusion കച്ചേരി നടന്നു. സാക്സഫോൺ വിദ്വാൻ കദ്രി ഗോപാൽനാഥ്, തവിൽ വിദ്വാൻ ഹരിദ്വാരമംഗലം പഴനിവേൽ, ജാസ് ഡ്രം വിദ്വാൻ ശിവമണി എന്നിവർക്കൊപ്പം പശ്ചാത്തലസംഗീതമൊരുക്കാൻ നിരവധി സംഗീതജ്ഞരും അണി ചേർന്നിരുന്നു.

അന്നു് തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. അധികം പേരും ശിവമണിയുടെ ഡ്രംസ് പ്രകടനം കാണാൻ വന്നവരാണെന്നു് തോന്നുന്നു. കാരണം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചില പ്രകടനങ്ങൾ വന്നപ്പോഴാണു് സദസ്സു് ഏറ്റവും ശബ്ദകോലാഹലമുണ്ടാക്കിയതു്. വേദിയിലിരുന്ന സംഗീതജ്ഞരും അദ്ദേഹത്തിന്റെ ഡ്രംസ് ആസ്വദിച്ചു. അന്നേരമൊക്കെയും പഴനിവേലിന്റെ മുഖത്തു് ഒരു പുഞ്ചിരിയുണ്ടായിരുന്നു.

തനിയാവർത്തനം (വാദ്യോപകരണങ്ങൾ മാറിമാറി വായിക്കുന്ന രീതി. ഈയവസരത്തിൽ ഡ്രംസ് വായിച്ചവസാനിപ്പിക്കുമ്പോൾ തവിൽ തുടങ്ങും. അതുകഴിഞ്ഞു് വീണ്ടും ഡ്രംസ്) ആരംഭിച്ചപ്പോൾ ഗതിമാറി. അതുവരെ പഴനിവേൽ വിശ്രമിക്കുകയായിരുന്നു എന്നുതോന്നത്തക്ക പ്രകടനമാണു് അദ്ദേഹം കാഴ്ചവച്ചതു്. തവിലിൽ നിന്നു് ഇത്തരം ശബ്ദങ്ങളും താളങ്ങളും സൃഷ്ടിക്കാനാവുമോ എന്നു് ജനം അത്ഭുതപ്പെട്ടു. പാശ്ചാത്യരീതിയിലുള്ള ഡ്രംസും തനി ദക്ഷിണേന്ത്യൻ വാദ്യമായ തവിലും അണുവിട വിടാതെ വിസ്മയങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. അതുവരെ ശിവമണിയുടെ പ്രകടനം അഭിനന്ദിച്ച ശ്രോതാക്കൾ പിന്നീടു് പഴനിവേലിനെ കൂടുതൽ ആസ്വദിക്കാൻ തുടങ്ങി എന്നു് തോന്നുന്നു.

അധികം പറയുന്നില്ല. തനിയാവർത്തനം അവസാനിച്ച ആ നിമിഷം തന്റെ ഇരിപ്പിടത്തിൽ നിന്നു് ശിവമണി ചാടിയെഴുന്നേറ്റു. സ്റ്റേജില്ക്കൂടി ഓടി ജനസാഗരത്തെ സാക്ഷിയാക്കി അദ്ദേഹം പഴനിവേലിന്റെ കാൽക്കൽ സാഷ്ടാംഗം നമസ്കരിച്ചു. പഴനിവേലാകട്ടെ സ്വതവേയുള്ള പുഞ്ചിരിവിടാതെ അദ്ദേഹത്തെ എഴുന്നേല്പ്പിച്ചു് എന്തോ സംസാരിച്ചു. തുടർന്നു് ഒരു പുത്തനുണർവോടെ ശിവമണി കച്ചേരി പുനരാരംഭിച്ചപ്പോഴും പഴനിവേലിന്റെ മുഖത്തു് കുസൃതിനിറഞ്ഞ ആ പുഞ്ചിരിയുണ്ടായിരുന്നു.

കദ്രി ഗോപാൽനാഥിനേയും പഴനിവേലിനേയും കുറിച്ചോർക്കുമ്പോൾ 2005ൽ ബാംഗ്ലൂരിൽ നടന്ന മറ്റൊരു കച്ചേരി ഓർമ്മവരുന്നു. അന്നു് വയലിൻ വായിച്ചിരുന്നതു് അതിപ്രഗല്ഭയായ കന്യാകുമാരിയായിരുന്നു. ഘടം വായിച്ച മഹിളയുടെ പേരു് ഓർമ്മവരുന്നില്ല.

കച്ചേരിയുടെ ഇടക്കു് കന്യാകുമാരിയുടെ അടുത്ത പരിചയക്കാരനോ ബന്ധുവോ ആയ ഒരു യുവാവു് വന്നു. പഴനിവേലിന്റെ തൊട്ടുമുന്നിലാണു് ആ യുവാവു് ഇരുന്നതു്.

ഇത്തവണത്തെ തനിയാവർത്തനം ഇത്തിരി ബുദ്ധിമുട്ടുള്ള ഒരു താളത്തിലായിരുന്നു. യുവാവു് താളമിടാൻ ബുദ്ധിമുട്ടുന്നതു് പഴനിവേൽ ശ്രദ്ധിച്ചു. അദ്ദേഹം വായന നിർത്തി. എന്നിട്ടു് ആ താളത്തെക്കുറിച്ചു് വളരെ സാങ്കേതികമായി ചുരുങ്ങിയവാക്കുകളിൽ മനസ്സിലാക്കിത്തന്നു. എങ്ങിനെ വായിക്കണം എന്നു് തവിലിൽ ഉദാഹരണസഹിതം കാണിച്ചു. തുടർന്നു് നടന്ന തനിയാവർത്തനം ആ താളത്തിന്റെ സകലസാധ്യതകളേയും ഉപയോഗപ്പെടുത്തുന്നതായിരുന്നു. “ഇദ്ദേഹത്തിനുമാത്രമേ ഇത്രകേമമായി വായിക്കാനാകൂ” എന്നു് ആ പ്രകടനത്തെപ്പറ്റി കദ്രി പറഞ്ഞതോർക്കുന്നു.

98ൽ ഞാൻ മദിരാശിയിലാണു്. IITയിൽ ഒരിക്കൽ വയലിൻ വിദ്വാൻ കുന്നക്കുടി വൈദ്യനാഥന്റെ കച്ചേരി നടന്നു. അന്നു് അദ്ദേഹത്തിന്റെ കൂടെവന്നതു് ശിവമണിയും തബലമാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈനുമായിരുന്നു. കച്ചേരിയുടെ ഇടക്കു് സക്കീർ ഹുസൈൻ എഴുന്നേറ്റു. പതുക്കെ നടന്നു് ശിവമണിയുടെ പിന്നിലെത്തി. അവിടെവച്ചിരുന്ന രണ്ടു് ഡ്രംസ് സ്റ്റിക് എടുത്തു് അദ്ദേഹവും ശിവമണിയുടെ കൂടെ ഡ്രംസ് വായിക്കാൻ തുടങ്ങി. ഡ്രംസിലും സക്കീർ ഹുസൈൻ തന്റെ പ്രാഗല്ഭ്യം തെളിയിച്ചു എന്നുപറഞ്ഞാൽ മതിയല്ലോ.

എൺപതുകളിൽ ഒരിക്കൽ എന്റെ അടുത്ത ബന്ധുവായ ഉണ്ണിമ്മാമനും അദ്ദേഹത്തിനെ സുഹൃത്തുക്കളും ചേർന്നു് കോഴിക്കോട്ടു് ഒരു ഗാനമേള ഏർപ്പാടാക്കി. ഉണ്ണിമ്മാമൻ വയലിനിസ്റ്റാണു്. ഗാനമേള പൊടിപൊടിക്കുമ്പോൾ പെട്ടെന്നു് കറന്റ് പോയി.

അന്നു് ജനറേറ്റരും മറ്റും അത്ര വ്യാപകമല്ല. കറന്റ് വരുന്നവരെ കാത്തിരിക്കണം. ടാഗോർ സെന്റിനറി ഹാളിലാണു് ഗാനമേള. നല്ല ഉഷ്ണം. കുറച്ചുനേരം കാത്തിരുന്നിട്ടും കറന്റ് വന്നില്ല. ജനത്തിനു് ചെറുതായി അരിശം വന്നുതുടങ്ങി.

പെട്ടെന്നു കേൾക്കാം വാദ്യസംഗീതം. മൈക്കില്ലെങ്കിലും വേദിയിലുള്ളവർ ഓർക്കെസ്റ്റ്ര വായിക്കുകയാണു്. ജനം നിശ്ശബ്ദരായി. മൈക്കില്ലാത്തതുകാരണം വളരെ നേർത്ത ശബ്ദമേ പിന്നിലുള്ളവർക്കു് കേൾക്കാൻ സാധിക്കൂ. അതുമനസ്സിലാക്കി സദസ്സു് പരിപൂർണ്ണ നിശ്ശബ്ദത പാലിച്ചു.

അന്നു് ഒരുമണിക്കൂറിലധികം ആ സംഗീതജ്ഞർ ഇങ്ങനെ സദസ്സിനെ രസിപ്പിച്ചു. പിന്നീടു് കറന്റ് വന്നപ്പോൾ തങ്ങളുടെ ഗാനമേള തുടരുകയും ചെയ്തു.

ആ ഗാനമേളയെപ്പറ്റി ഞാൻ പിന്നീടു് പലപ്പോഴും ആലോചിച്ചിട്ടുണ്ടു്. മൂന്നു് മണിക്കൂർ നീളമുള്ള ഗാനമേളയാണെങ്കിൽ 35-40 പാട്ടു് വരെ ഉൾക്കൊള്ളിക്കാനാവും. അതിനിടക്കു് പ്രതീക്ഷിക്കാതെ കൂടുതൽ പാട്ടുകൾ, അല്ലെങ്കിൽ വേറെ പാട്ടുകൾ അവതരിപ്പിക്കേണ്ടി വന്നാൽ ആ കലാകാരന്മാർ അതിനു് സജ്ജരായിരിക്കണം. അതായതു് 40 പാട്ടിനുപകരം ചുരുങ്ങിയതു് ഒരു 50-55 പാട്ടെങ്കിലും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പു് നടത്തിയിരിക്കണം. വേണ്ടേ?

90ലോ 91ലോ തൃശ്ശൂരിൽ ചലചിത്ര പിന്നണിഗായകൻ എം ജി ശ്രീകുമാറിന്റെ ഗാനമേള നടന്നു. ഗാനമേളയിൽ അന്നത്തെ പുതിയ പാട്ടുകളേക്കാൾ ജനത്തിനിഷ്ടപ്പെട്ടതു് പഴയ പാട്ടുകളാണു്. അവർ കൂടുതൽ കൈയടിച്ചതു് അത്തരം പാട്ടുകൾക്കാണു്.

പഴയ പാട്ടുകളുടെ വരികൾ അദ്ദേഹം എഴുതി കൊണ്ടുവന്നിരുന്നതു് ഒരു കറുത്ത ഡയറിയിലാണു്. ആ ഡയറി കൈയിലെടുക്കുമ്പോഴേ ജനം കൈയടിക്കുന്നതു് ശ്രദ്ധിച്ച അദ്ദേഹം പിന്നീടു് പഴയ പാട്ടുകൾ മാത്രമാണാലപിച്ചതു്. അദ്ദേഹവും ട്രൂപ്പിലുള്ളവരും അവതരിപ്പിച്ചതിലും എത്രയോ അധികം ഗാനങ്ങൾ പരിശീലിച്ചാവണം വന്നിട്ടുണ്ടാവുക.

ഇന്നിപ്പോൾ ഗാനമേളകളിൽ വാദ്യോപകരണങ്ങൾ വായിക്കുന്നതു് നന്നേ കുറഞ്ഞിരിക്കുന്നു. പകരം കീബോർഡിൽ പശ്ചാത്തലസംഗീതം റെക്കോർഡ് ചെയ്തു് കൊണ്ടുവന്നിരിക്കും. ഗായകർ പാടുമ്പോൾ കീബോർഡ് ഈ സംഗീതമാവും പശ്ചാത്തലത്തിലൊരുക്കുക. ഗായകരും കീബോർഡുമുണ്ടെങ്കിൽ എത്ര ഗാനമേള വേണമെങ്കിലും നടത്താം എന്ന അവസ്ഥയാണു്.

ഇതു് പറയാൻ കാരണം, 4-5 കൊല്ലം മുമ്പു് ബാംഗ്ലൂരിൽ മറ്റൊരു മലയാള ചലചിത്ര പിന്നണിഗായിക നയിക്കുന്ന ഗാനമേളയിൽ പാട്ടിനിടക്കുവച്ചു് പശ്ചാത്തലസംഗീതം നിലച്ചുപോയി. ആ പാട്ടിന്റെ മുഴുവൻ പശ്ചാത്തലസംഗീതവും കീബോർഡിൽ ഫീഡ് ചെയ്യാൻ മറന്നുപോയതാവണം. എന്തൊരു ദുരവസ്ഥയാണെന്നു് നോക്കു. അവർക്കു് സദസ്സിനോടു് ക്ഷമപറയേണ്ടിവന്നു. എന്നാൽ നന്നായി പരിശീലിച്ച വാദ്യമേളക്കാരുണ്ടായിരുന്നെങ്കിൽ ഇത്തരമൊരു അവസ്ഥ വരില്ലായിരുന്നു എന്നു് തീർച്ച. പ്രശസ്തി കൂടുന്തോറും ജനങ്ങളുടെ പ്രതീക്ഷയും കൂടും. അവർക്കുവേണ്ട നിലവാരത്തിനപ്പുറത്തേക്കുയരാൻ കഴിയുന്ന കലാകാരൻ എന്നും വിജയിക്കും.