Friday, November 29, 2013

കാലചലനം - 10



ടാക്സി പിടിച്ചു് ഞാൻ അന്തപ്പൻ വക്കീലിന്റെ വീട്ടിലെത്തുമ്പോൾ അവിടെ സുലൈമാനുണ്ടായിരുന്നു. അയാൾ ആകെ പരിഭ്രമിച്ചതായി കാണപ്പെട്ടു. അന്തപ്പൻ വക്കീൽ അകത്തു് വസ്ത്രം മാറുകയായിരുന്നു. അതുകൊണ്ടു് നടന്നതൊക്കെ സുലൈമാനാണു് എന്നോടു് പറഞ്ഞതു്.

"ഞമ്മളു് ഡെയ്‌ലി ഓലെ കൂടെ വൈന്നേരം ബസ്‌സ്റ്റോപ്പ്‌ലു് പോവൽണ്ടു്. അപ്പളാ മ്മളെ എളേ മോളു് കോളേജ്‌ന്നു് വരല്. മൂപ്പരെ ബസ് കേറ്റിവിട്ടിറ്റ് ഞമ്മളു് മോളേം കൂട്ടി പെരേലെത്തും. അതാ പതിവു്"

"പക്ഷെ ഇന്നു് ആ ബാബുണ്ടായിരുന്നു അവടെ. ഓന്റെ അച്ഛൻ ഒരു നര്യാച്ചാലും ഓൻ ആളൊരു സുവറാ. എന്താ ഓന്റെ ഒരു പത്രാസ്! ബൈക്കിലാ വരലു്. കൂടെ 1-2 ചങ്ങായിമാരൂണ്ടാവും. ഓരൊക്കക്കൂടി റോട്ടിമ്മ്‌ലു് നടക്കണ പെങ്കുട്ട്യോളെ കമന്റടിക്കലാ പണി"

"ഇന്നു്പ്പൊ ന്താണ്ടായേച്ചാൽ, ഞമ്മളും രാമൻമൂപ്പരും നടന്നു് വെരുമ്പൊ ഇച്ചങ്ങായിണ്ടല്ലൊ ബാബു.. ഓൻണ്ടു് ബൈക്കുമ്പ്‌ലു് ഇരിക്കുണു. ന്നട്ടങ്ങനെ സൊറ പറയ്യാണു് ഓന്റെ കൂട്ടുകാരോടു്. ഓനെ കണ്ടതും രാമൻ ഓന്റെ അട്‌ത്തേക്കു് ചെന്നു"

" ' ദെന്താ നിങ്ങളുടെ ഒരു ചെവിയിൽ മാത്രം കമ്മൽ? ' "

"ബാബു ഈ പുത്യേ കുളൂസ്‌ല്ല്യേ, ഒരു ചെവീലു് മാത്രം കമ്മലിടണ ചെക്കമ്മാരെ പരിപാടി?  അങ്ങനെ വെലസ്‌‍ായിരുന്നു പഹയൻ. ഇയ്യാളു് രാമൻ.. അതൊന്നും പോയി ചോയ്ക്കണ്ട കാര്യല്ല്യ. അയാൾക്കു് മ്മടെ നാട്ടിൽത്തെ രീത്യൊന്നും അത്ര വശല്ല്യാന്നു് തോന്നും ചെലനേരത്തെ വർത്താനം കേട്ടാൽ. ബടെവന്നപ്പൊ വക്കീലാണു് പറഞ്ഞേ രാമൻ കാട്ടുമൻഷ്യനാന്നു്. പാവം. നല്ലോരു മൻഷ്യൻ. എങ്ങനേങ്കിലും കൈച്ചലായാ മത്യായിരു്ന്നു പടച്ചോനേ!"

എന്നിട്ടും സുലൈമാൻ കാര്യത്തിലേക്കു് കടക്കുന്നില്ലല്ലൊ. ഞാൻ ഇടപെട്ടു:

"സുലൈമാനേ, നിങ്ങൾ ഉണ്ടായ കാര്യം പറഞ്ഞില്ല. രാമൻ എന്തു് ചെയ്തു?"

"എന്താക്കാനാ മോനെ? രാമൻ അങ്ങനെ ചോയ്ച്ചപ്പൊ ബാബു കേക്കാത്തോണം ഇര്‌ന്നു. അപ്പണ്ടല്ലൊ, മ്മടെ രാമൻ പിന്നേം ചോയ്ക്കാ... ബാബൂനു് ഓന്റെ ചങ്ങായിമാര്‌ന്റെ മുമ്പിലു് ആകെ കൊറച്ചിലായില്ല്യേ! ന്നാലും ഓൻ ഒന്നും മിണ്ടാണ്ടിരുന്നു. അപ്പൊ രാമൻണ്ടു് ഓനെ തോണ്ടി വിളിക്കു്ണു്! ന്നട്ടു് പിന്നേം ചോയ്ച്ചു അനക്കെന്താണ്ടോ ങ്ങനെ ഒരു കാത്‌ലു് മാത്രം കമ്മല്‌ന്നു്"

"അങ്ങനെ ചോദിച്ചപ്പൊ ചെക്കനു് ഹാലിളകി. പിന്നെ ഓൻ കച്ചറ വർത്താനം തൊടങ്ങി. ഞാൻ രാമനെ പിടിച്ചുനിർത്തി ബാബൂനോടു് ഓന്റെ പെരേല്ക്കു് പൊയ്ക്കോളാൻ പറഞ്ഞതാ. ഓൻ അപ്പൊ എന്നെ തള്ളി. അതുകണ്ടപ്പൊ രാമനു് സഹിച്ചില്ല്യ. ഓരു് ഓന്റെ ചെപ്പയ്ക്കൊന്നു പൊട്ടിച്ചു.  ഓനാ പോയി പോലീസിന്റടു്ക്കെ പരാതി കൊടുത്തേ"

സംഭവിച്ചിരിക്കുന്നതു് ക്ലിയറായി. രാജാവു് ബാബുവിനെ അയാളുടെ കൂട്ടുകാരുടെ മുമ്പിൽ അറിയാതെ കൊച്ചാക്കി. രാജാവിനെ പിന്തിരിപ്പിക്കാൻ ചെന്ന സുലൈമാനെ ബാബു തള്ളി. എന്നിട്ടു് രാജാവിന്റെ കൈയിൽ നിന്നു് അടിവാങ്ങി. പോലീസിൽ പരാതിപ്പെട്ടു് രാജാവിനെ അറസ്റ്റ് ചെയ്യിച്ചു.

“ങാ, ടാക്സി വന്നോ? കേറിക്കേ. സുലൈമാനേ, താനും കേറിക്കേ”

കാറിൽ സ്റ്റേഷനിലേക്കു് പോകുമ്പോൾ ഞാൻ വക്കീലിനോടു് ചോദിച്ചു:

“രാമന്റെ കാര്യത്തിൽ എന്താ ചെയ്യുക സാറേ?”

“അതാ ഞാനുമാലോചിക്കുന്നതു്”

നല്ല ഉത്തരം! ആകെയുണ്ടായിരുന്ന പ്രതീക്ഷയാണു് വക്കീൽ. അദ്ദേഹത്തിനും ഒരു ആത്മവിശ്വാസമില്ലെങ്കിൽ എന്താ ചെയ്യുക?

ഞങ്ങൾ പോലീസ്‌സ്റ്റേഷനിൽ എത്തുമ്പോൾ സമയം ആറേമുക്കാലായിരുന്നു. രാജാവിനെ കൊണ്ടുവന്ന SI പുറത്തുപോയിരിക്കുകയാണെന്നു് പാറാവുനിന്നിരുന്ന പോലീസുകാരൻ പറഞ്ഞു. ഞങ്ങൾ അകത്തുകടന്നു.

ഹെഡ്കോൺസ്റ്റബിൾ ആണുണ്ടായിരുന്നതു്. ഭാഗ്യത്തിനു് അയാൾക്കു് അന്തപ്പൻ വക്കീലിനെ പരിചയമുണ്ടായിരുന്നു. അയാൾ ഞങ്ങൾക്കു് രാജാവിനെ കാണിച്ചുതന്നു.

രാജാവു് ഒരു ബെഞ്ചിലിരിക്കുകയായിരുന്നു. നടക്കുന്നതൊന്നും അദ്ദേഹത്തിനു് മനസ്സിലായിട്ടില്ല എന്നു് സ്പഷ്ടം. പോലീസ് എന്നാൽ എന്താണെന്നോ അവർ തന്നെ ഇവിടെ കൊണ്ടുവന്നതു് എന്തിനാണെന്നോ അദ്ദേഹം അത്ഭുതപ്പെടുന്നുണ്ടാവും. പാവം.

രാജാവിനെ നോക്കിനിന്ന വക്കീൽ അദ്ദേഹത്തോടു് സംഭവത്തെക്കുറിച്ചു് ഒന്നും ചോദിച്ചില്ല. പകരം അദ്ദേഹത്തെ പോലീസുകാർ ഉപദ്രവിച്ചോ എന്നു് ചോദിച്ചു.

“ഇല്ല്യ. ഞാൻ ആ ഒറ്റക്കടുക്കൻ ധരിച്ച കുട്ടി അരുതാത്തവിധം പ്രവർത്തിച്ചപ്പൊ അയാളെ അടിച്ചു. കുറച്ചുകഴിഞ്ഞപ്പൊ ഈ പ്രത്യേക ഉടുപ്പിട്ട ആൾക്കാർ എന്നെവന്നുകണ്ടു് അവരുടെ കൂടെ വരാൻ പറഞ്ഞു. അവരെന്നെ ഇവിടെ കൊണ്ടിരുത്തി. അത്രന്നെ!”

കേട്ടുനിന്ന ഹെഡ്കോൺസ്റ്റബിൾ വക്കീലിനോടു് പറഞ്ഞു:

“സാറേ, ഇതു് മാതൃകാ പോലീസ് സ്റ്റേഷനാ. ഞങ്ങളങ്ങനെ കൊണ്ടുവരുന്ന പ്രതികളെ പെരുമാറുകയൊന്നുമില്ല. ചോദ്യം പോലും ചെയ്തിട്ടില്ല. SI സർക്കിളാപ്പീസിലാ. അദ്ദേഹം ഉടനെയെത്തും. എന്നിട്ടേ ചോദ്യം ചെയ്യൽ തുടങ്ങൂ. സാറിനു് കുടിക്കാൻ ചായ?”

“വേണ്ട. രാമൻ വല്ലതും കഴിച്ചോ?”

“എന്റെ സാറേ, അയാൾക്കെന്താ? നമ്മുടെ നാട്ടിലെ ഒരു കാര്യവും അയാൾക്കറിയില്ലാന്നാ തോന്നുന്നേ. വല്ലതും കഴിക്കണോന്നു് ചോദിച്ചപ്പൊ പറയുവാ, സംഭാരം വേണമെന്നു്. പോലീസ് സ്റ്റേഷനിലാരെങ്കിലും സംഭാരം ചോദിക്കുമോ?”

അപ്പോഴേക്കു് SI എത്തിച്ചേർന്നു. ചെറുപ്പക്കാരനാണു്. ഏതാണ്ടു് എന്റെ പ്രായം.

പരിചയമില്ലാത്ത, എന്നാൽ അധികാരമുള്ള ഒരാളെ കാണുമ്പോൾ നാം ആദ്യം ചെയ്യുക അയാളെ നന്നായൊന്നു് ശ്രദ്ധിക്കും. സൗമ്യനാണോ അതോ ശൗര്യനാണോ, മനുഷ്യത്വമുണ്ടോ എന്നൊക്കെ അളക്കുകയാണു് നമ്മുടെ ആവശ്യം. ഒരൊറ്റ നോട്ടംകൊണ്ടു് ഇതൊക്കെ കൃത്യമായി ഊഹിച്ചെടുക്കാം എന്നൊരു തെറ്റിദ്ധാരണയും എനിയ്ക്കുണ്ടു്.

അങ്ങിനെ SIയെ കാര്യമായി ഞാനൊന്നു് നോക്കി. ഞാൻ ചമ്മി. കാരണം അയാളുടെ മുഖത്തു് ഒരു വികാരവുമില്ല. അല്ലെങ്കിൽ അയാളുടെ മനസ്സിലുള്ളതൊന്നും എനിക്കു് മനസ്സിലായില്ല എന്നും പറയാം.

SI ഒരു ഓറഞ്ചു് ഷർട്ടുകാരനേയുംകൊണ്ടാണു് വന്നിരിക്കുന്നതു്. അയാളെ കണ്ടതും, “ങാഹാ! നീ വീണ്ടും പെട്ടോ?” എന്നു് ഹെഡ്കോൺസ്റ്റബിൾ ചോദിക്കുന്നതുകേട്ടു് അയാളെ സ്ഥിരം പോലീസ് പിടിക്കാറുണ്ടെന്നു് ബുദ്ധിമാനായ ഞാൻ മനസ്സിലാക്കി.

വക്കീൽ രാജാവിനെ വിട്ടു് SIയുടെ അടുത്തെത്തി. SI തൊപ്പിയൂരി സീറ്റിലിരിക്കാൻ പോവുകയായിരുന്നു. സാധാരണവേഷത്തിലുള്ള വക്കീലിനെ മനസ്സിലാകാഞ്ഞതുകൊണ്ടു് ഹെഡ്കോൺസ്റ്റബിളിനെ ചോദ്യഭാവത്തിൽ നോക്കി.

“സാറേ ഇതു് അന്തപ്പൻ വക്കീൽ. ഇപ്പൊ കൊണ്ടുവന്ന രാമന്റെ വക്കീൽ...”

അന്തപ്പൻ വക്കീൽ അപ്പോഴേക്കു് SIയുടെ മുന്നിലുള്ള കസാലയിൽ ഇരിപ്പുറപ്പിച്ചിരുന്നു. SI മുന്നോട്ടാഞ്ഞു.

“വക്കീലാണല്ലേ? സംഭവിച്ചതൊക്കെ അറിഞ്ഞിരിക്കുമല്ലോ? ബാബു പുറത്തു നിൽപ്പുണ്ടു്. അയാളെ തല്ലി എന്നാണു് കേസ്. സാക്ഷികൾ 1-2 പേരുണ്ടു്. എന്തു പറയുന്നു?”

അന്തപ്പൻ വക്കീൽ ഒന്നു് നിവർന്നിരുന്നു. തന്റെ കൈകൾ മുന്നിലുള്ള മേശപ്പുറത്തുവച്ചു് വിരലുകൾ തമ്മിൽ പിണച്ചു.

“അതവിടെ നിക്കട്ടെ. എന്തുകൊണ്ടു് തല്ലി എന്നന്വേഷിച്ചോ?”

SI പിന്നോട്ടാഞ്ഞു. ഇടതുകൈപ്പത്തിയിൽ പതുക്കെ തലോടിക്കൊണ്ടു് 1-2 നിമിഷമിരുന്നു.

“അതു് ചോദിച്ചു. ഇയാൾ.. ഈ രാമൻ ബാബുവിനെ കളിയാക്കി സംസാരിച്ചുവെന്നും അതിനെ ചോദ്യം ചെയ്തപ്പോൾ അടിച്ചുവെന്നും...”

“അസംബന്ധം! (SI ചെറുതായി ഞെട്ടി. ഞാനും ഞെട്ടി) ഇതാണു് സുലൈമാൻ. ഇയാൾ രാമന്റെ കൂടെ നടക്കുകയായിരുന്നു. രാമനെ പിടിച്ചുമാറ്റാൻ ചെന്ന ഇയാളെ ബാബു തള്ളി. അതിനാണു് രാമൻ ബാബുവിനെ തല്ലിയതു്. സ്വന്തം പിതാവിന്റെ പ്രായമുള്ളയാളെ തള്ളുകയാണോ ചെയ്യുക? അതാണോ ശരി അതിനു് ശിക്ഷിച്ചതാണോ ശരി?“

SI രണ്ടുസെക്കൻഡ് എന്തുപറയണമെന്നറിയാതെ ചിന്തയിൽ മുഴുകി. ആ തക്കത്തിനു് വക്കീൽ തുടർന്നു:

”സുലൈമാനെ ബാബു തള്ളി. ഇപ്പൊ പരാതി സുലൈമാൻ തന്നിട്ടു് നിങ്ങൾ ബാബുവിനെ പിടിച്ചുകൊണ്ടുവന്നിരുന്നെങ്കിൽ അതിനു് ന്യായമുണ്ടു്. ന്തേയ്?“

”വക്കീൽ പറയുന്നതു് കാര്യമാണു്. പക്ഷെ പരാതി കിട്ടിയ സ്ഥിതിക്കു്...“

”ഫൂ! അതുകൊണ്ടു്? നിങ്ങളീ പറയുന്ന ബാബു അത്ര നല്ല കക്ഷിയൊന്നുമല്ല. കോളേജീന്നു് വരുന്ന പെമ്പിള്ളേരെ കമെന്റടിയ്ക്കുന്ന ടീമല്ല്യോ? ഞാൻ പറയുന്നതല്ല. ഈ സുലൈമാനടക്കം നിരവധിപേർ സാക്ഷികളാണു്. ഇവരൊരു പരാതി തന്നാൽ ബാബു അകത്താവും. എത്ര സാക്ഷികളെ വേണമെങ്കിലും ഞാൻ കൊണ്ടുവരും. അതു മാത്രമല്ല, കേസ് കോടതിയിലെത്തിയാൽ പെണ്ണുങ്ങളെ കമെന്റടിച്ചതിനു് തല്ലുകിട്ടിയതാണെന്നു് ഞാൻ കോടതിയിൽ തെളിയിക്കും“

”ഓഹോ, വാദിയെ പ്രതിയാക്കി രക്ഷപ്പെടാനുള്ള...“

”അതു മാത്രമല്ല, നിങ്ങൾക്കും സസ്പെൻഷനുള്ള വകുപ്പുണ്ടു് ഈ കേസിൽ“

തന്റെ പ്രവൃത്തിയെ നിഷ്കരുണം ചോദ്യം ചെയ്യുന്നതുകേട്ടു് SI കലിപൂണ്ടു് ചാടിയെഴുന്നേറ്റു. എന്നാൽ പരിചയസമ്പന്നനും അന്തപ്പൻ വക്കീലിന്റെ പ്രകടനം കോടതിയിൽ നേരിട്ടുകണ്ടിട്ടുമുള്ള ഹെഡ്കോൺസ്റ്റബിൾ SIയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞതിന്റെ ഫലമായി SI തൽസ്ഥാനത്തു് വീണ്ടുമിരുന്നു.

”ഞാൻ എന്തുചെയ്തെന്നാ വക്കീൽ പറഞ്ഞുവരുന്നതു?“

”നിങ്ങൾ പിടിച്ചുവച്ചിരിക്കുന്ന രാമൻ കാട്ടുവാസിയാണു്. പ്രൊട്ടക്റ്റഡ് ടൈപ്“

”എന്നു വച്ചാൽ?“

”കാട്ടുവാസി എന്നുവച്ചാൽ കാട്ടിൽ താമസിക്കുന്നയാൾ. അമ്പും വില്ലും ഉപയോഗിച്ചു് വേട്ടയാടി ജീവിക്കുന്നയാൾ. അയാൾക്കു് നിയമപരിരക്ഷയുണ്ടു്. നിങ്ങൾക്കു് അയാളെ അറസ്റ്റ് ചെയ്യാൻ അധികാരമില്ല“

”വക്കീലേ നിങ്ങൾ കൂടുതൽ സ്മാർട്ടാവണ്ട. അയാൾ കാട്ടുമനുഷ്യനാണെന്നതിനു് എന്താ തെളിവു്?“

”അയാൾക്കു് നാട്ടിൽ മേൽവിലാസമില്ല“

”പക്ഷെ അയാൾ നാട്ടിൽ മാസങ്ങളായി ജോലിചെയ്യുന്നു“

”അതുകൊണ്ടു് കാര്യമില്ല. നാട്ടിലെ സമ്പ്രദായങ്ങൾ അയാൾക്കറിയില്ല. അല്ലെങ്കിൽ ഒറ്റക്കമ്മൽ ധരിച്ചയാളോടു് പോയി കാരണമന്വേഷിക്കേണ്ട കാര്യമില്ലല്ലോ“

”അതുകൊണ്ടു മാത്രം അയാൾ കാട്ടുമനുഷ്യനാണെന്നു്...“

”അയാളുടെ കട്ട ബോഡി ശ്രദ്ധിച്ചില്ലേ? ദുർമ്മേദസ്സില്ല. മാത്രമല്ല ജോലിചെയ്യാനുള്ള താല്പര്യം കൂടുതലാ“

”എന്നാലും...“

”അയാൾക്കു് പോലീസുകാരെപ്പറ്റി അറിയില്ല. അല്ലെങ്കിൽ നിങ്ങളേ കാണുമ്പോൾ പേടിക്കത്തില്ല്യോ? അങ്ങിനെ പേടിച്ചാൽ ഇവിടെവന്നു് സംഭാരം ചോദിക്കുമോ?“

”അതില്ല... പക്ഷെ...“

”നാഗരികനാവാൻ വേണ്ട മിനിമം യോഗ്യത - അസഭ്യം പറച്ചിൽ - തീരെയില്ല. ഇനി നമ്മളയാളെ തെറിവിളിച്ചാൽ അയാൾക്കൊട്ടു് മനസ്സിലാകത്തുമില്ല“

SI അത്ഭുതത്തോടെ രാമനെ നോക്കി. എന്നിട്ടു് ഞങ്ങളെ വീണ്ടും നോക്കി വിശ്വാസം വരാതെ ”ശരിയ്ക്കും?“ എന്നു് ചോദിച്ചു.

”വേണമെങ്കിൽ പരീക്ഷിച്ചോളൂ“

ഇത്രയുമായപ്പോൾ സ്റ്റേഷനിൽ പിടിച്ചുകൊണ്ടുവന്നു നിർത്തിയിരുന്ന ഓറഞ്ച് ഷർട്ടുകാരൻ തെറിപറഞ്ഞു് രാജാവിന്റെ പ്രതികരണം മനസ്സിലാക്കാൻ വളണ്ടിയറാവാം എന്നുപറഞ്ഞു് മുന്നോട്ടുവന്നു. ഹെഡ്കോൺസ്റ്റബിളിൽ നിന്നു് അയാളൊരു മുച്ചീട്ടുകളിക്കാരനാണെന്നു് ഞങ്ങൾ മനസ്സിലാക്കി.

SI അനുകൂലമായോ പ്രതികൂലമായോ ഒന്നും പറയാഞ്ഞപ്പോൾ മുച്ചീട്ടുകളിക്കാരൻ സ്വമേധയാ രാജാവിന്റെ മുമ്പിൽ പോയിനിന്നു. ഇനിയെന്തു് സംഭവിക്കും എന്നു ശങ്കിച്ചു് ഞങ്ങൾ നിശ്ശബ്ദരായി ഇരുവരേയും ശ്രദ്ധിച്ചു.

മുച്ചീട്ടുകാരൻ ഒരു അസഭ്യം പറഞ്ഞു. രാജാവു് അയാളുടെ മുഖത്തു് ചോദ്യഭാവത്തിൽ നോക്കി. ഞങ്ങളേയും നോക്കി.

മുച്ചീട്ടുകാരൻ അടുത്ത തെറി പറഞ്ഞു. രാജാവിനു് ഒന്നും മനസ്സിലായില്ലെന്നു് സ്പഷ്ടം.

മുച്ചീട്ടുകാരനു് ഹരം കയറി. അയാൾ മൂന്നാമതൊരു വാക്കു് പറഞ്ഞു. അപ്പോൾ രാജാവു് പ്രതികരിച്ചു:

”ഇയാൾ ഇപ്പൊ പറഞ്ഞ കാര്യം ഒറ്റക്കടുക്കൻ ചെവിയിലിട്ടിട്ടുള്ള കുട്ടിയും 3-4 തവണ പറഞ്ഞു“

സുലൈമാൻ തലതാഴ്ത്തി നിന്നപ്പോൾ വക്കീൽ വിജയഭാവത്തിൽ SIയെ നോക്കി. ”യെസ്.. യെസ്...“ എന്ന മട്ടിൽ SIയും തലകുലുക്കി.

മുച്ചീട്ടുകാരൻ വാക്കുകളെ വിട്ടു് വാക്യങ്ങളിലേക്കു് കടന്നു. അപ്പോഴും രാജാവു് ”ഇങ്ങനെയൊന്നും ആ കുട്ടി പറഞ്ഞിട്ടില്ല്യട്ട്വൊ“ എന്നു് മൊഴിഞ്ഞു.

SI മുച്ചീട്ടുകാരനോടു് നിർത്താൻ പറഞ്ഞു. വക്കീലിനു് നേരെതിരിഞ്ഞു് എന്തോ പറയാൻ വന്നപ്പൊഴേക്കു് വക്കീൽ ചാടിക്കേറി പറഞ്ഞു:

”കേട്ടല്ലോ? മറ്റെ... ആ വാക്കു് ബാബു പൊതുസ്ഥലത്തുവച്ചു് ഉറക്കെ പറഞ്ഞുവെന്നു്. അതിനു വകുപ്പു് വേറെ. ഏതായാലും ബാബു കുറച്ചുകാലം കോടതി കേറിയിറങ്ങും“

SI തിരിച്ചു് സ്വന്തം കസാലയിൽ വന്നിരുന്നു. കർച്ചീഫെടുത്തു് നെറ്റി തുടച്ചു. മുന്നോട്ടാഞ്ഞു് എതിരെ വന്നിരുന്ന വക്കീലിനോടു് പറഞ്ഞു:

”സാറേ തൃപ്തിയായി. ഈ ബാബുവുണ്ടല്ലോ. അയാളൊരു തല്ലിപ്പൊളിയാണു്. എന്റെയൊപ്പം ഇവിടെ സ്കൂളിൽ പഠിച്ചതാ. അന്നേ അവനൊരു തല്ലുകൊള്ളിയാ. ഈ കാട്ടുമനുഷ്യന്റെ അടി അവൻ മേടിച്ചിട്ടുണ്ടെങ്കിൽ തക്ക കാരണമുണ്ടാവും എന്നു് ഞാനപ്പോഴേ ഊഹിച്ചിരുന്നു. കാക്കിയിട്ടുപോയില്ലേ, പരാതി കിട്ടിയാൽ നടപടിയെടുക്കാതിരിക്കാനാവുമോ? ഈ കേസ് മുന്നോട്ടുകൊണ്ടുപോകാൻ എനിക്കു് താല്പര്യമില്ല. ബാബു പുറത്തു നില്പ്പുണ്ടു്. ഞാനവനെ അകത്തോട്ടു് വിളിക്കട്ടെ? സാറൊന്നു് വിരട്ടിയേരെ. എനിക്കു് വിരട്ടാൻ പറ്റത്തില്ല. സഹപാഠിയല്ലേ? അപ്പൊ വിളിക്കട്ടെ?“

ബാബു അകത്തേക്കു് വന്നപ്പോൾ ഞങ്ങൾ - SI, രാജാവു്, ഹെഡ്കോൺസ്റ്റബിൾ, വക്കീൽ, സുലൈമാൻ, മുച്ചീട്ടുകാരൻ, ഞാൻ എന്നിങ്ങനെ ഏഴുപേരും അവനെ തുറിച്ചുനോക്കുകയായിരുന്നു. അയാളുടെ ഇടതുകരണം നീരുവന്നു് വീർത്തിരുന്നു.

ആ നേരത്തു് ഹിമവർണ്ണൻ എന്നെ അടിച്ച അടി എനിക്കോർമ്മ വരികയും ഞാനറിയാതെ എന്റെ കൈ എന്റെ ഇടതുകവിൾ തലോടുകയും ചെയ്തു. മാത്രമല്ല, ഹിമവർണ്ണനേക്കാൾ ശരീരശേഷി കൂടുതലുള്ള രാജാവിൽ നിന്നു് നേരിട്ടടിവാങ്ങാൻ സാധിച്ച ബാബുവിനോടു് എനിക്കു് ചെറിയൊരു സഹതാപവും തോന്നി.

ഏതായാലും വക്കീൽ വളരെ സാങ്കേതികമായി നിയമവശങ്ങളെക്കുറിച്ചു് വികാരവിവശതയോടെ പറഞ്ഞു് ബാബുവിനെ പേടിപ്പിച്ചു. SI തലതാഴ്ത്തി കൈയും കെട്ടി ഇരുന്നതേയുള്ളു. വക്കീലിന്റെ പ്രഭാഷണത്തെ ഒരു സ്നേഹവൽസലനായ കാരണവരുടെ ചാരുതയോടെ ഹെഡ്കോൺസ്റ്റബിൾ പിൻതാങ്ങി. ഞാനും സുലൈമാനുമാവട്ടെ, ഇടക്കിടക്കു് ബാബുവിന്റെ മുന്നിൽ വന്നു് നില്ക്കുകയും കുറച്ചുകഴിഞ്ഞു് അയാളുടെ പിന്നിലേക്കു നീങ്ങുകയും ചെയ്തു ”ഇവർ എന്റെ പിന്നിൽ നിന്നു് എന്തു ചെയ്യുകയാണാവോ?“ എന്നൊരു ചിന്ത ബാബുവിന്റെ മനസ്സിൽ അങ്കുരിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങിനെ, കേസിനു പോയാൽ ഒന്നര കൊല്ലം ചുരുങ്ങിയതു് അയാളെ കഷ്ടപ്പെടുത്തുമെന്നും സുലൈമാനെ തള്ളിയിടാൻ ശ്രമിച്ചതിനും പബ്ലിക്കായി തെറിപറഞ്ഞതിനും പെൺകുട്ടികളെ കമെന്റടിച്ചതിനും അയാൾക്കു് ശിക്ഷ വാങ്ങിക്കൊടുകുമെന്നും വക്കീൽ സ്ഥാപിച്ചപ്പോൾ ബാബു ”കേസും വേണ്ട ഒരു കുന്തവും വേണ്ട; കിട്ടിയ അടി കിട്ടി; ഇനി എത്രയും പെട്ടെന്നു് ഈ വക്കീലിന്റെ അടുത്തുനിന്നും രക്ഷപ്പെട്ടാൽ മതിയേ“ എന്ന അവസ്ഥയിലായി. അതുകൊണ്ടു് വക്കീൽ പറഞ്ഞപ്രകാരം പരാതി പിൻവലിച്ചു് ഞങ്ങളോടു് പതുക്കെ ഓരോ താങ്ക്സും രാജാവിനോടു് സോറിയും പറഞ്ഞു് പുറത്തിറങ്ങാൻ ഭാവിച്ചു. അയാളെ രാജാവു് തടഞ്ഞു.

”നല്ലോണം വേദനേണ്ടാവും. ട്ടൊ. നാളെ നീരു് ഇത്തിരീംകൂടി കൂടിയേക്കും. ഇവടെ പച്ചമരുന്നു് കിട്ടുന്ന സ്ഥലമുണ്ടോ? ഒരു പ്രയോഗമുണ്ടു്. ഇത്തിരി കടുപ്പമാവും. 1-2 ദിവസം തലചുറ്റലുണ്ടാവും. ന്നാലും ഒരാഴ്ചകൊണ്ടു് ഭേദാവും. നാളെ കാണാംച്ചാൽ ഞാൻ എങ്ങനേങ്കിലും സംഘടിപ്പിച്ചു് തരായിരുന്നു. ഇനിമുതൽ പ്രായായോരെ ഉപദ്രവിക്കരുതു്. പ്രായായോരെ എന്നല്ല ആരേം ഉപദ്രവിക്കരുതു്. ഇവരു് പറഞ്ഞതൊന്നും എനിക്കു് മനസ്സിലായിട്ടില്ല. ന്നാലും അവരു് പറഞ്ഞതൊക്കെ കുട്ടീടെ നന്മക്കാന്നു് കരുത്യാ മതി. ട്ടൊ, നന്നായി വരും. ഒറ്റക്കടുക്കൻ ഇടണതു് ഇഷ്ടാണോ? ഞാൻ കുട്ടിയായിരുന്നപ്പോൾ ഒരിക്കൽ...“

രാജാവിനെ പറഞ്ഞു മുഴുമിപ്പിക്കാൻ വിടാതെ അദ്ദേഹത്തിന്റെ കൈവിടുവിച്ചു് ബാബു പുറത്തേക്കോടി. SI എനിക്കും വക്കീലിനും സുലൈമാനും ഹസ്തദാനം നടത്തി. തുടർന്നു് രാജാവിന്റെ അടുത്തു് ചെന്നു.

”സന്തോഷമായില്ലേ? വക്കീൽ വന്നതുകൊണ്ടു് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ അകത്തുപോകേണ്ട കേസാ. നന്നായി പണിയെടുക്കും എന്നു് വക്കീൽ പറഞ്ഞു? നല്ലതാ. കട്ട ബോഡിയാണല്ലോ. ജിമ്മിൽ പോവാറുണ്ടോ? കാട്ടിൽ എവിടെയാ താമസം എന്നാ പറഞ്ഞേ?“

തിരിച്ചു പോരുമ്പോഴും താൻ രക്ഷപ്പെട്ടതു് എത്ര വലിയ ആപത്തിൽ നിന്നായിരുന്നു എന്നു് അദ്ദേഹത്തിനു് മനസ്സിലായിരുന്നില്ല. വക്കീലിനേയും സുലൈമാനേയും അവരവരുടെ വീടുകളിൽ വിട്ടു് ഞങ്ങൾ തിരിച്ചെത്തുമ്പോൾ ആകാംക്ഷയോടെ ഗൗതവും രഘുവും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അവരേയും രാജാവിനേയും പതുക്കെ ഞാൻ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി. ന്യായമായും രാജാവിനു് പോലീസ്, കോടതി എന്നൊക്കെ മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടിവന്നു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ രാജാവു് പറഞ്ഞു:

”ഞാൻ വിചാരിച്ച മാതിരിയല്ല. ആ ഉറക്കെ സംസാരിക്കുന്ന വിദ്വാൻ (വക്കീൽ) ഌണുവല്ല, ണിബ്വാ“

അന്നെന്തോ, രാജാവു് വിസ്കി കഴിച്ചില്ല.



(തുടരും...)