Tuesday, December 22, 2009

ഇങ്ങിനേയും ഒരച്ഛന്‍

മദിരാശിയിലുള്ള കാലം.

ഇപ്പോള്‍ ഒരു ചെറു ബ്ലോഗ്‌പുലിയായ സിജോയി ഞങ്ങളുടെ കൂടെയുണ്ടു്. ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ എതിര്‍വശത്തു് ഒരു കുടുംബം താമസിക്കുന്നു. ആ വീട്ടില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഒരു പ്ലസ്‌-2നു പഠിക്കുന്ന പ്രായം. കാണാന്‍ നല്ല കൗതുകം തോന്നും.

അവളുടെ പേരറിയില്ല. എങ്കിലും സിജോയിക്കവള്‍ സ്വപ്നകാമുകിയായി! അവന്‍ അവള്‍ക്കൊരു പേരിട്ടു - കവിത.

ഞങ്ങള്‍ രാവിലെ ആപ്പീസിലേക്കിറങ്ങുമ്പോള്‍ കവിത സ്കൂളിലേക്കു പോകാനൊരുങ്ങുന്നുണ്ടാവും. ആപ്പീസില്‍ നിന്നു തിരിച്ചെത്തുമ്പോള്‍ അവളിരുന്നു പഠിക്കുന്നുണ്ടാവും.

അതുവരെ രാത്രി 9 മണിയാവാതെ ആപ്പീസില്‍ നിന്നിറങ്ങില്ല എന്നു ശപഥമെടുത്തിരുന്ന എല്ലാ അവന്മാരും കൃത്യം 6.10 ആവുമ്പൊ വീട്ടിലെത്തും (6നു് ആപ്പീസ്‌ വിട്ടാല്‍ വീടുവരെ എത്താന്‍ 10 മിനുടെടുക്കും).

ഒരു ദിവസം രാവിലെയുണ്ടു് സിജോയി വെറുതെ ചിരിക്കുന്നു! കാര്യം ചോദിക്കുമ്പോള്‍ തോളുകളനക്കി "ഒന്നുമില്ല" എന്നു കാണിക്കുന്നു. "നീയൊക്കെ നിര്‍ബന്ധിച്ചാലേ ഞാന്‍ പറയൂ" എന്ന മട്ട്‌. ഒടുക്കം അവന്‍ കാര്യം പറഞ്ഞു. അവന്‍ കവിതയെ സ്വപ്നം കണ്ടുപോലും! അവനും കവിതയും പാര്ക്കി‍ല്‍ പോയി കുറേനേരം മരംചുറ്റി നടക്കുന്നു. പെട്ടെന്നു കവിതയെ കാണാനില്ല. സിജോയി അന്വേഷിച്ചുനടക്കുമ്പോള്‍ പൂത്തുനില്‍ക്കുന്ന ചുകന്ന റോസാപുഷ്പങ്ങള്‍ക്കരികില്‍ അവള്‍ പുറം തിരിഞ്ഞുനില്‍ക്കുന്നു.

പതുക്കെ പമ്മിപ്പമ്മി കവിതയുടെ പിന്നിലെത്തി പെട്ടെന്നു് "കവിതേ!" എന്നുറക്കെ വിളിക്കുകയും ഞെട്ടിത്തിരിഞ്ഞ ആ പെണ്ണു് കവിതയല്ലെന്നു മനസ്സിലാക്കുകയും സോറി പറയുകയും പെണ്ണു് ചിരിച്ചുകൊണ്ടു് "it's ok!" എന്നു മൊഴിയുകയും ഈ രംഗങ്ങള്‍ ഒളിച്ചിരുന്നു കാണുകയായിരുന്ന കവിത പൊട്ടിച്ചിരിച്ചുകൊണ്ടു് വന്നു് അവനെ കൈതലോടി ആശ്വസിപ്പിക്കുകയും ക്ഷീണം മാറാന്‍ ഐസ്ക്രീം മേടിച്ചുകൊടുക്കുകയും ചെയ്യുന്നതായി ആ കശ്മലന്‍ സ്വപ്നം കണ്ടു! അയ്യയ്യേ..

അവളെ ആകര്‍ഷിക്കാന്‍, ശ്രദ്ധപിടിച്ചുപറ്റാന്‍ ഞങ്ങളെന്നും "പഡോസന്‍" എന്ന പഴയ ഹിന്ദി സിനിമയിലെ ആ പ്രശസ്തഗാനം ടേപ്‌ ഇടും - "മേരെ സാംനെ വാലി ഖിഡ്കി മേ എക്‌ ചാന്ദ്‌ കാ ടുക്ഡാ രഹ്താ ഹേ!"

(എന്നു വെച്ചാല്‍, "എന്‍ മുന്നിലുള്ളയാ ജാലകത്തില്‍, ചന്ദ്രിക തുല്യമാം മുഖമൊന്നുണ്ടു്" എന്നു്)

അവളെന്തുവിചാരിച്ചാലും ഞങ്ങള്‍ക്കു പ്രശ്നമല്ല. ഞങ്ങള്‍ സന്ധ്യക്കു് ആ പാട്ടു് വച്ചിരിക്കും. ഞങ്ങളുടെ കവിത ആ സമയത്തു് വീടിന്റെ മുന്നിലിരുന്നു് പഠിക്കുന്നുണ്ടാവും. സിജോയി തന്റെ ദിവാസ്വപ്നങ്ങളുടെ കെട്ടഴിക്കുന്നതു് അപ്പോഴാണു്.

ഒരു ഒഴിവുദിവസം വൈകുന്നേരം...

കവിത പതിവുപോലെ പഠിക്കാന്‍ വന്നിരുന്നു. പശ്ചാത്തലത്തില്‍ ഞങ്ങള്‍ പാട്ടുവെച്ചു. മുന്‍വശത്തെ വാതിലടച്ചു് ജനലിലൂടെ "കവിത" ആസ്വദിച്ചുകൊണ്ടിരുന്നു.

അപ്പോള്‍ കാണാം - കവിത തിരക്കിട്ടു അകത്തേക്കു പോകുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം അവളുടെ അച്ഛന്‍ പുറത്തെത്തി ധൃതിയില്‍ ഞങ്ങളുടെ വീട്‌ ലക്ഷ്യമാക്കി നടന്നുവരുന്നു.

"ശെടാ, പ്രശ്നമായീലൊ! പാട്ടുവെക്കാനുള്ള ഐഡിയ നിന്റെയാ" എന്നൊക്കെ ഞങ്ങള്‍ പരസ്പരം പഴിചാരുന്നതിനിടക്കു് വാതില്‍ക്കല്‍ മുട്ടുകേട്ടു.

പാട്ടു് ഞങ്ങള്‍ നിര്‍ത്തി. പതുക്കെ വാതില്‍ തുറന്നു. ചിരിക്കാന്‍ ശ്രമിച്ചു. മുഖം കോടിപ്പോകുന്നു. കവിതയുടെ അച്ഛന്‍ ഞങ്ങളെ തുറിച്ചുനോക്കി.

"നിങ്ങളോടെനിക്കൊരു കാര്യം പറയാനുണ്ടു്. നിങ്ങള്‍ ഇപ്പോള്‍ വച്ച ആ പാട്ടു്...."

ഇപ്പൊ അടി വീഴും - ഞങ്ങള്‍ക്കുറപ്പായി. ദയനീയമായി ഞങ്ങള്‍ പരസ്പരം നോക്കി. അടി എനിക്കാദ്യം കൊള്ളാതിരിക്കാന്‍ ഞാന്‍ മെല്ലെ സിജോയിയുടെ പിന്നിലേക്കു നീങ്ങി. (അവനിത്തിരി മസിലൊക്കെയുണ്ടു്. ഒരടി കൊണ്ടാലൊന്നും ഒന്നും പറ്റില്ല).

"അയ്യോ സാര്‍.. ഞങ്ങളൊന്നും ഉദ്ദേശിച്ചല്ല പാട്ടു വെച്ചതു്. ശല്യമായെങ്കില്‍ ക്ഷമിക്കണം. വേണമെങ്കില്‍ ഇനിമുതല്‍..." സിജോയി പറയാന്‍ തുടങ്ങി.

കവിതയുടെ അച്ഛന്‍ സിജോയിയുടെ നേരെ തിരിഞ്ഞു. കനത്ത ഒരു കൈ സിജോയിയുടെ തോളില്‍ പിടിച്ചു.

"ഏയ്‌.. ശല്യമൊന്നുമില്ല. എന്റെ മോള്‍ക്കു് ആ പാട്ടു് ഇഷ്ടമായി. അവള്‍ക്കു് ആ പാട്ടു് സ്കൂലിലൊരു ഫങ്ങ്ഷനു പാടണം എന്നൊരു ആഗ്രഹം. തമിഴ്‌നാട്ടില്‍ ആര്‍ക്കും ഹിന്ദിയറിയില്ല എന്നറിയാമല്ലൊ. അതുകൊണ്ടാ ചോദിക്കുന്നതു്. ഒരു രണ്ടു് ദിവസത്തേക്കു് ആ കസറ്റൊന്നു തരാമോ?"

ഹാവൂ! ഇത്രേ ഉള്ളു? സിജോയിയുടെ പിന്നില്‍ നിന്നും ആത്മവിശ്വാസത്തിന്റെ പുനര്‍ജന്മമായി ഞാനവതരിച്ചു. ധൈര്യസമേതം കാസേറ്റ്‌ടുത്തു കവിതയുടെ അച്ഛനു കൈമാറി.

"വളരെ നന്ദി. ഇനി വിരോധമില്ലെങ്കില്‍.. ഈ പാട്ടിന്റെ വരികളൊന്നു് ഇംഗ്ലീഷിലെഴുതി തരുമോ? തമിഴ്‌നാട്ടില്‍ ആര്‍ക്കും ഹിന്ദി അറിയില്ല എന്നറിയാമല്ലൊ........."

Tuesday, December 8, 2009

മലയാളിയുടെ അന്യഭാഷാ ഉച്ചാരണവൈകല്യങ്ങള്‍

കേരളം വിട്ടു് ഇന്ത്യയില്‍ വേറെ എവിടെ ചെന്നാലും ഏറ്റവും പുച്ഛത്തോടെ ജനങ്ങള്‍ വീക്ഷിക്കുന്ന ഒന്നുണ്ടു് - മലയാളിയുടെ ഉച്ചാരണ ശൈലി. സ്വതസിദ്ധമായ, ഈണത്തിലുള്ള ആ മൊഴി കേട്ടാലേ മനസ്സിലാകും ജന്മദേശമേതെന്നു്. "മല്ലു ഇംഗ്ലിഷ്‌" എന്നു് അവഹേളനസ്വരത്തില്‍ വിളിക്കപ്പെടുന്ന, മലയാളികള്‍ സംസാരിക്കുന്ന ഇംഗ്ലീഷാണു് ഇതില്‍ ഏറ്റവും വ്യാപകമായുള്ളതു്.

എങ്ങിനെ ഈ ഉച്ചാരണ രീതി നമ്മള്‍ സ്വായത്തമാക്കി? "What is your name?" പോലുള്ള ഏറ്റവും ലളിതമായ വാചകങ്ങള്‍ പോലും നമുക്കുച്ചരിക്കാന്‍ എന്തേ പ്രയാസം നേരിടുന്നു?

ഇത്രയും വായിച്ചപ്പോഴേക്കും വായനക്കാര്‍ - പ്രത്യേകിച്ചു് കേരളത്തിനു പുറത്തുള്ളവര്‍ - വാളെടുക്കും. "എന്താ, അന്യസംസ്ഥാനക്കാരുടെ ഉച്ചാരണം കൃത്യമാണോ?" എന്നതാണു് അവരുടെ ചോദ്യം. ശരി, അവരുടെയും ഉച്ചാരണത്തില്‍ പിശകുണ്ടു്. പക്ഷെ മൂന്നു് കാര്യം ശ്രദ്ധിക്കണം:

൧: മറ്റുള്ളവരുടെ ഉച്ചാരണ വ്യതിയാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ മലയാളികളുടെ ഉച്ചാരണ വൈകല്യങ്ങള്‍ കൂടുതലാണു്.
൨: ഉച്ചാരണത്തിനൊപ്പം നമ്മള്‍ ഈണവും കൊടുക്കുന്നു
൩: കൂടുതല്‍ പ്രധാനം. മറ്റുള്ളവരും തെറ്റാണു് ചെയ്യുന്നതു് എന്നുള്ളതു് നമ്മുടെ തെറ്റിന്റെ ന്യായീകരണമാകുന്നില്ല.

ചില ലളിതമായ മുന്‍കരുതലുകളും കുറച്ചു് പരിശീലനവും ചെയ്താല്‍ വളരെ എളുപ്പം പരിഹരിക്കാവുന്ന ഒന്നാണു് ഈ ഉച്ചാരണാവൈകല്യം എന്നുള്ളതു് പലരും മനസ്സിലാക്കുന്നില്ല.

എന്റെ ഈ ലേഖനത്തിന്റെ കരട്‌ രൂപം പരിശോധിച്ച പലരും പറഞ്ഞ ഒരു കാര്യമാണു് ഉച്ചാരണവൈകല്യം ഭാഷകളില്‍ അനുവദനീയമാണു് എന്നു്. "ഉച്ചാരണം ശരിയാക്കണം, അതിശരി ആക്കണോ?" എന്നു് എലിസബത്‌ ടീച്ചര്‍ എന്നോടു് ചോദിച്ചിരുന്നു. എല്ലാ വിമര്‍ശനങ്ങള്‍ക്കും നന്ദി പറയുന്നതിനോടൊപ്പം ഇതെങ്ങിനെ എന്റെ കൂട്ടുകാരനെ ബാധിച്ചു എന്നു പറയുന്നതുചിതമാവും എന്നുതോന്നി.

സോഫ്ട്‌വേര്‍ മേഖലയിലായതുകൊണ്ടു് എന്നും ഞങ്ങള്‍ക്കു് വിദേശികളുമായി ഇടപഴകേണ്ടി വരും. ഞങ്ങളുടെ client ഒരു അമേരികകാരനായിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കു് ബാംഗ്ലൂര്‍ക്കു് വന്നതായിരുന്നു അദ്ദേഹം.

ജൂലൈ 4 അമേരികയില്‍ സ്വാതന്ത്ര്യ ദിനമാണു്. ഒരൊഴിവുദിവസം. എന്നാല്‍ ഭാരതത്തിലായതുകൊണ്ടു് വിദേശി ജോലിക്കു് ഹാജരായി. എന്റെ കൂട്ടുകാരന്‍ അദ്ദേഹവുമായി സംസാരിച്ചു:

"So you are working on a holiday!"

"No, no, no! It is not a holy day. We don't consider independence day as a holy day. It is just a holiday!"

എന്റെ കൂട്ടുകാരന്‍ holiday എന്നു പറഞ്ഞതു് മാറി വിദേശിയുടെ കാതുകള്‍ക്കു് holy day ആയിപ്പോയതായിരുന്നു. ഈ സംഭവം മൂലമല്ലെങ്കിലും സംവദിക്കാനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തണം എന്ന നിര്‍ദേശം നിരന്തരമായി എന്റെ കൂട്ടുകാരനു് മേലധികാരികളില്‍നിന്നു് കിട്ടിക്കൊണ്ടിരുന്നു.

കുറിപ്പു്: ഈ ലേഖനത്തില്‍ ആംഗലേയഭാഷയേ ഏറിയപക്ഷം ഉദാഹരിച്ചിട്ടുള്ളു. എന്നാല്‍ അന്വേഷണകുതുകികള്‍ക്കു് ഇതുവെച്ചു് മറ്റുഭാഷകളിലെ ഉച്ചാരണവൈചിത്ര്യങ്ങള്‍ കണ്ടുപിടിക്കാനാവും.

കാരണങ്ങള്‍:

൧: ഖരം, അതിഖരം, ഘോഷം എന്നീ വ്യഞ്ജനങ്ങള്‍ മൃദുവ്യഞ്ജനമായി ഉച്ചരിക്കപ്പെടുന്നു
൨: ശക്തമായ അനുനാസികവ്യഞ്ജനോച്ചാരണം
൩: അസ്ഥാനത്തുള്ള യകാരോച്ചാരണം
൪: ഉ് ഉച്ചാരണം
൫: അന്യഭാഷാപദങ്ങള്‍ നമ്മുടെ ഭാഷയില്‍ എഴുതുമ്പോള്‍ വരുന്ന വ്യതിയാനങ്ങള്‍
൬: അകാരത്തെ എകാരമാക്കി മാറ്റല്‍
൭: മലയാളഭാഷയുടെ അതേ ഈണത്തില്‍ അന്യഭാഷോച്ചാരണം

ഇനി ഈ ഓരോ കാരണങ്ങളും അപഗ്രഥിക്കാം.

൧: ഖരം, അതിഖരം, ഘോഷം എന്നീ വ്യഞ്ജനങ്ങള്‍ മൃദുവ്യഞ്ജനമായി ഉച്ചരിക്കപ്പെടുന്നു

ക, ഖ, ഗ, ഘ, ങ എന്നതില്‍ ക - ഖരം, ഖ - അതിഖരം, ഗ - മൃദു, ഘ - ഘോഷം (മുഴക്കത്തോടുകൂടി സംസാരിക്കുന്നതു് എന്നര്‍ത്ഥം), ങ - അനുനാസികം (മൂക്കിന്റെ സഹായത്താല്‍ ഉച്ചരിക്കുന്നതു് എന്നര്‍ത്ഥം) എന്നാണു് വകതിരിവു്. ക എന്നുച്ചരിക്കുന്നതിനേക്കാള്‍ ശക്തമായിവേണം ഖ എന്നുച്ചരിക്കാന്‍. സാമാന്യതലത്തില്‍ നോക്കിയാല്‍ മൃദുവ്യഞ്ജനത്തോടുകൂടി ഹകാരം ചേര്‍ക്കുമ്പോഴാണു് ഘോഷവ്യഞ്ജനമുണ്ടാകുന്നതു്. ഗ + ഹ = ഘ എന്നുദാഹരിക്കാം. കേരളപാണിനീയത്തില്‍ സവിസ്തരം പ്രതിപാദിക്കപ്പെട്ടിട്ടുണ്ടു്.

ഇനി പ്രസ്തുതതിലേക്കു് വരാം.

കോഴിക്കോട്‌ എന്ന പദം നമ്മളുച്ചരിക്കുന്നതു് കോഴിക്കോഡ്‌ എന്നാണു്. ടകാരം ഡകാരമായി മാറി!. പഠിത്തം പഡിത്തമായി. ആഘോഷം ആഗോഷമായി.

ഈ ഉദാഹരണങ്ങളോരോന്നും ശ്രദ്ധിച്ചാല്‍ ഉച്ചാരണത്തില്‍ ഖരാതിഖരഘോഷവ്യഞ്ജനങ്ങള്‍ മൃദുവ്യഞ്ജനമായി മാറുന്നു എന്നു് മനസ്സിലാവും.

ആംഗലേയഭാഷയില്‍ ഇതെങ്ങിനെ അവതരിക്കുന്നു എന്നുനോക്കുന്നതു് കൗതുകകരമാണു്. Don't എന്ന വാക്കിലെ t നമ്മള്‍ ഉച്ചരിക്കുന്നതു് d എന്നാണു്. ഉച്ചരിച്ചുനോക്കിയോ? ശരിയല്ലേ?

ആംഗലേയത്തില്‍ ഏറ്റവും ഉപയോഗിക്കുന്ന വാക്കാണു് the. ദി എന്നു നമ്മുടെ ഉച്ചാരണം. കൃത്യമായിപ്പറഞ്ഞാല്‍ ഥി എന്നായിരിക്കണം ഉച്ചാരണം. ഈ രണ്ടുദാഹരണങ്ങളിലും നാം കാണുന്നതു്
മലയാളഭാഷയില്‍ നാം കൈക്കൊണ്ട വ്യഞ്ജനോച്ചാരണമാറ്റം ആംഗലേയത്തിലും കൈക്കൊള്ളുന്നതായാണു്. അതുകൊണ്ടാണു് friend, front എന്നീ വാക്കുകള്‍ക്കു് വ്യത്യസ്ഥ ഉച്ചാരണം നമുക്കു് സാധ്യമാകാത്തതു്. Ant - And, Aunty - anti എന്നും വേറെ ഉദാഹരണങ്ങള്‍. Friendനു് ഫ്രെന്‍ഡ്‌ എന്നും frontനു് ഫ്രന്‍ട്‌ എന്നും വേണം ഉച്ചരിക്കാന്‍.

൨: ശക്തമായ അനുനാസികവ്യഞ്ജനോച്ചാരണം

ഭംഗി എന്ന വാക്കു് ഭങ്ങി എന്നുച്ചരിക്കുമ്പോള്‍ സ്വീകരിച്ച അതേ വ്യവസ്ഥിതിയാണു് ആവശ്യമില്ലാത്ത അനുനാസികവ്യഞ്ജനങ്ങള്‍ക്കു് അമിതപ്രാധാന്യം കല്‍പ്പിച്ചതു്. ശ്രദ്ധിച്ചാല്‍ മറ്റൊരു ഭാഷയിലും നകാരത്തിനും മകാരത്തിനും പുറമെയുള്ള അനുനാസികങ്ങള്‍ക്കു് സ്ഥാനമില്ലെന്നു മനസ്സിലാക്കാം.

Thing എന്ന വാക്കിന്റെ ഉച്ചാരണം യഥാര്‍ത്ഥതില്‍ ഥിങ്‌ എന്നാണു്. നമ്മളുച്ചരിക്കുന്നതു് തിങ്ങ്‌ എന്നും. എന്നാല്‍ thingലെ ng എന്ന syllableന്റെ ഉച്ചാരണം angerലെ nനു തുല്ല്യമെന്നു് ബ്രിടിഷ്‌ നിഘണ്ഡുക്കള്‍ നിര്‍വചിക്കുന്നു. അതായതു് അനുനാസികം ഇരട്ടിക്കേണ്ട ആവശ്യമില്ല.

കൂടുതല്‍ ഉദാഹരിക്കുന്നില്ല. Singing മുതലായ വാക്കുകള്‍ മാര്‍ഗദര്‍ശികളാണു്.

൩: അസ്ഥാനത്തുള്ള യകാരോച്ചാരണം

എനിക്കു് എന്ന പദം ഉച്ചരിക്കുന്ന രീതി സൂക്ഷ്മമായി അവലോകനം ചെയ്തുനോക്കു. എനിക്യ്‌ എന്നാണു് ഉച്ചാരണം. ഇതിനെ സൂചിപ്പിക്കാനാണു് പലപ്പോഴും "എനിക്കു്"നെ യകാരം ചേര്‍ത്തു് "എനിയ്ക്കു്" എന്നെഴുതുന്നതു്. വരമൊഴിയില്‍ കകാരത്തിനുമുന്‍പു് യകാരം വന്നെങ്കിലും വാമൊഴിയില്‍ കകാരത്തിനുശേഷമാണു് യകാരം വരുന്നതു്.

ഇങ്ങനെയാണു് mike മൈക്ക്‌/മൈക്യ്‌/മൈയ്ക്ക്യ്‌ ആയതു്. Africaയും Americaയും ആഫ്രിക്യയും അമേരിക്യയുമാണു് നമുക്കു്. ആഫ്രിക്ക എന്ന എഴുത്തു് തന്നെ തെറ്റാണു്. ആഫ്രികയാണു് ശരി. യകാരത്തിനൊപ്പം കയുടെ ഇരട്ടിപ്പും എഴുത്തിലും ഉച്ചാരണത്തിലും ഒഴിവാക്കണം. Magic മറ്റൊരുദാഹരണം.

Name എന്ന വാക്കു് നേം അല്ലെങ്കില്‍ നേയ്ം എന്നതിനു് പകരം നെയിം എന്നാണു് നാം ഉച്ചരിക്കുന്നതു്. അതായതു് യകാരത്തില്‍ ഒന്നു് തൊട്ടു് പോകേണ്ട സ്ഥലത്തു് അമര്‍ത്തി യകാരം ഉച്ചരിക്കുന്നു.

Quick എന്നപദത്തിനെ ഉച്ചാരണം ക്വിക്‌ എന്നാണു്; ക്യുക്‌ എന്നല്ല. അതുപോലെ queen ക്വീന്‍ ആണു്, ക്യൂന്‍ അല്ല.

കൂട്ടത്തില്‍ പറയട്ടെ, ഈ യകാരം ഭാഷയില്‍ വളരെ പ്രാധാന്യമുള്ളതാണു്. ചുമക്കുക - ചുമയ്ക്കുക, മറക്കുക - മറയ്ക്കുക മുതലായ വാക്കുകളുടെ അര്‍ത്ഥവ്യത്യാസം മനസ്സിലാക്കുന്നതു് ഉച്ചാരണത്തിലുള്ള വ്യത്യാസം മുഖാന്തിരമാണു്.

൪: ഉ് ഉച്ചാരണം

പച്ചമലയാളത്തിന്റെ സ്വാധീനം വിളിച്ചോതുന്നതാണു് ഈ ഭാഷാസവിശേഷത.

ആണ്‌ എന്നെഴുതുന്നതു് ആണ്‍ എന്നുവേണം ഉച്ചരിക്കാന്‍. സാധാരണഗതിയില്‍ ആണ്‌ എന്നു്
ഉച്ചരിക്കുന്ന വാക്കു് എഴുതേണ്ടതു് ആണു് എന്നാണെന്നു് കേരളപാണിനി നിഷ്കര്‍ഷിക്കുന്നു. അതായതു് വാക്കിന്റെ അവസാനം ഒരു ഉ സ്വരം ചേര്‍ത്തുകൊണ്ടു്. അങ്ങിനെയെഴുതുമ്പോള്‍ ഉച്ചാരണം ഒരു ചില്ലക്ഷരത്തില്‍ അവസാനിക്കാതെ ഒരു മാത്ര കൂടി നീളുന്നു.

Car എന്ന പദം നമ്മളുച്ചരിക്കുന്നതു് സാധാരണ കാറു് എന്നാണു്, കാര്‍ എന്നല്ല. ഉദാഹരണങ്ങള്‍ നിരവധിയാണു്: file, block, business, class, brick... വാക്കിന്റെ അവസാനം ചില്ലു് വരുന്ന വാക്കുകള്‍ക്കാണു് ഈ ഉച്ചാരണവൈകല്യം നമ്മളേര്‍പ്പെടുത്തുന്നതു് എന്നു ചുരുക്കം.

൫ അന്യഭാഷാപദങ്ങള്‍ നമ്മുടെ ഭാഷയിലെഴുതുമ്പോള്‍ വരുന്ന വ്യതിയാനങ്ങള്‍

ഇവ രണ്ടു് തരത്തിലുണ്ടു്:

൫.൧: മലയാള അക്ഷരമാലകൊണ്ടു് മൊഴിമാറ്റം (transliteration) ചെയ്യാവുന്നവ
൫.൨: മലയാള അക്ഷരമാലകൊണ്ടു് മൊഴിമാറ്റം സാധ്യമാവാത്തവ

൫.൧: മൊഴിമാറ്റം സാധ്യമായവ

ഉച്ചരിക്കുന്ന സ്വരങ്ങളാണു് ഏതൊരു ഭാഷയുടേയും അടിസ്ഥാനം.

ആംഗലേയഭാഷയിലെ ൧൨ആം അക്ഷരമായ Lന്റെ മൊഴിമാറ്റം എല്‍ അല്ലെങ്കില്‍ ല്‍ എന്നാണു്. പിന്നെന്തേ full ഫുല്‍ ആവാതെ ഫുള്‍ ആയി? സ്കൂളല്ല, സ്കൂലാണു് ശരി. ൧൪ആം അക്ഷരമായ Nന്റെ മൊഴിമാറ്റം എന്‍ അല്ലെങ്കില്‍ ന്‍ ആണു്. അതുകൊണ്ടു് money മനിയാണു്, മണിയല്ല. ൧൮ആം അക്ഷരമായ Rനെ ഴ ആക്കിയപ്പോഴാണു് course കോഴ്സായതു്. ഴ എന്ന അക്ഷരം ഉള്ള ഭാഷകള്‍ എന്റെ അറിവില്‍ തമിഴും മലയാളവും മാത്രമാണു്. മലയാളിയായ ഒരു ടീചര്‍ മറുനാട്ടില്‍ പോയി അവിടുത്തെ കുട്ടികള്‍ക്കു് ഇംഗ്ലിഷിനൊപ്പം ഴ എന്ന അക്ഷരവും പഠിപ്പിച്ചാലോ?!

T നമുക്കു് ഒരേസമയം ടിയും റ്റിയുമാണു്. Kitനെ കിട്‌ എന്നൊരുവന്‍ ഉച്ചരിച്ചാല്‍ നമ്മളെന്തു വിചാരിക്കും?

താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിക്കു. ഒരേ വാക്കില്‍ത്തന്നെ ഒരേ അക്ഷരത്തിന്റെ വിവിധ ഉച്ചാരണങ്ങള്‍ നമുക്കു ദര്‍ശിക്കാം:

Tight - ടൈറ്റ്‌ - T
Fulfil - ഫുള്‍ഫില്‍ - L
Anonymous - അനോണിമസ്‌ - N
Fireforce - ഫയര്‍ഫോഴ്സ്‌ - R
Classical - ക്ലാസിയ്ക്കല്‍ - C, L
Tantalise - ടാന്റലൈസ്‌ - T

൫.൨ മൊഴിമാറ്റം സാധിക്കാത്തവ

Cat എങ്ങിനെ മലയാളത്തിലെഴുതും?

Catലെ a എന്ന സ്വരം ഉച്ചരിക്കുന്നപോലെ എഴുതാന്‍ ആംഗലേയത്തില്‍പ്പോലും സംജ്ഞകളല്ലാതെ ഒരു സ്വതന്ത്ര അക്ഷരമില്ല. മലയാളത്തിലുമില്ല. ഇന്ത്യന്‍ഭാഷകളിലുണ്ടോ എന്നും സംശയമാണു്. കാരണം അതിന്റെ ഉച്ചാരണം 'ആ'ക്കും 'ഏ'ക്കും ഇടക്കാണു്. 'ആ'യില്‍ നിന്നു പുറപ്പെടുകയും എന്നാല്‍ 'ഏ'യില്‍ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

ഇനി വീണ്ടും മൂലപ്രശ്നത്തിലേക്കു്. പൂച്ചയെ എങ്ങിനെ മലയാളിയാക്കും?

ഇതുവരെ സമര്‍ത്ഥിച്ച രീതി വെച്ചു് tയെ ട്‌ ആക്കണം. തല്‍ക്കാലം a എന്നതു് 'ആ' എന്നു തന്നെ നിലനിര്‍ത്താം.

എങ്കില്‍ cat കാട്‌ ആവും!

'ആ'കാരത്തിനുപകരം 'ഏ'കാരം ചേര്‍ത്താല്‍ കേട്‌ ആവും!

Tയുടെ പഴയ സംജ്ഞ തുടര്‍ന്നുപയോഗിച്ചാല്‍ cat കാറ്റാവും!

ഇതൊന്നുമല്ല, ക്യാറ്റ്‌ ആണു് അംഗീകരിക്കപ്പെട്ട രൂപം.

നോക്കു - യകാരം വന്നു. Tക്കു് ശ്ലഥം സംഭവിച്ചു. aക്കു തുല്യമായ സ്വരം ലഭ്യമല്ല.

Bank, Angry, Gas, Man, marriage ഒക്കെ ഉദാഹരണങ്ങള്‍. ഇതാണു് പറഞ്ഞതു് ആംഗലേയഭാഷയുടെ മൊഴിമാറ്റം പലപ്പോഴും എളുപ്പമല്ല.

ഇതുപോലെ മറ്റൊരു ഗുലുമാലാണു് boilലെ 'o'. 'ആ'യില്‍ നിന്നു പുറപ്പെട്ടു. 'ഓ'യിലൊട്ടു് എത്തിയതുമില്ല. സമാനോദാഹരണങ്ങള്‍ നിരവധി:

oil, coin, office, lorry, college, morning, involve, lollypop...

എന്താ വാദിക്കാന്‍ തോന്നുന്നുണ്ടോ? അക്ഷരം O ആണു്; അതുകൊണ്ടു് ഓ എന്ന ഉച്ചാരണമാണു് കൂടുതല്‍ യോജിക്കുക എന്നു്? എങ്കില്‍ augment, audit, auto, alter, fault മുതലായ പദങ്ങള്‍ എങ്ങിനെയെഴുതണം? എങ്ങിനെ ഉച്ചരിക്കണം?

ആംഗലേയഭാഷയുടെ വിചിത്രരീതികള്‍ പുറത്തുവരുന്നതു് ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളിലാണു്.

ഇനി word, bird മുതലായവ മറ്റൊരു വിഭാഗം ഗുലുമാല്‍. കൂടുതല്‍ വിസ്തരിക്കുന്നില്ല.

൬: അകാരത്തെ എകാരമാക്കി മാറ്റല്‍

രഞ്ജിതിനെ രെഞ്ജിത്‌ എന്നല്ലാതെ നമ്മള്‍ വിളിക്കില്ല. ലക്ഷ്മിയില്ല, ലെക്ഷ്മി മാത്രം.

ഒരാളുടെ വെറുപ്പു് സമ്പാദിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗങ്ങളിലൊന്നാണു് വികലമായ നാമോച്ചാരണം.

ആംഗലേയോപയോഗത്തില്‍ താരതമ്യേന കുറവെങ്കിലും ഇല്ലാതില്ല ഈ പ്രയോഗം. bunനെ benഉം justനെ jestഉം Justiceനെ jesticeഉം badamനെ bedamഉം നമ്മളാക്കി.

൭: ഈണം

"എന്തൂട്ടണു്?" എന്നുപറയുന്ന അതേ ഈണത്തില്‍ "what is your name?" എന്നു ചോദിക്കുന്നവരെ എനിക്കറിയാം. നീട്ടലും കുറുകലും വരെ കിറുകൃത്യം! (ചിരി വന്നുവൊ?)

നിഗമനം:

മലയാളഭാഷയുടെ ഉച്ചാരണത്തിലുള്ള പ്രത്യേകതകള്‍ അതേപടി മറ്റുഭാഷകളിലും ആവര്‍ത്തിക്കുമ്പോഴാണു് ഉച്ചാരണവൈകല്യങ്ങള്‍ ഉടലെടുക്കുന്നതു്. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ വ്യവസ്ഥ അറിയാതെതന്നെ നമ്മുടെ മേല്‍വിലാസമായി മാറിയിരിക്കുന്നു. ഇംഗ്ലിഷ്‌-മലയാളം നിഘണ്ഡുക്കളില്‍ പോലും ഉച്ചാരണം തെറ്റിയാണു് നല്‍കപ്പെട്ടിട്ടുള്ളതു് എന്നുകാണുമ്പോള്‍ സങ്കടം തോന്നുന്നു.

വിദ്യാഭ്യാസവിചക്ഷണന്മാര്‍, അദ്ധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രാസാധകര്‍, അച്ഛനമ്മമാരും രക്ഷിതാക്കള്‍, എന്തിനു്, സുഹൃദ്‌സദസ്സുകള്‍വരെ ശ്രമിച്ചുവേണം ഈ കളങ്കം കഴുകിക്കളയാന്‍. ഇനി വരുന്ന തലമുറ തെറ്റുകള്‍ പഠിക്കാതിരിക്കാന്‍ ഇപ്പോഴുള്ള തലമുറകള്‍ ഉടന്‍ പരിശീലനം തുടങ്ങിയേ മതിയാവൂ.

നമുക്കെങ്ങിനെ തിരുത്തിന്റെ വക്താക്കളാവാം?

നാണക്കേടു് വിചാരിക്കരുതു്. പറഞ്ഞുതന്നെ പഠിക്കണം. ഒരാറു മാസം തുടര്‍ച്ചയായി ശുദ്ധോച്ചാരണം ശീലിച്ചാല്‍ തെറ്റാതെ ആംഗലേയത്തില്‍ സംവദിക്കാന്‍ നമുക്കാവും. ആവണം.

൫.൧ല്‍ പറഞ്ഞമാതിരിയുള്ള വാക്കുകളുടെ മൊഴിമാറ്റത്തില്‍ പ്രസാധകരും മാധ്യമപ്രവര്‍ത്തകരും ശ്രദ്ധിക്കണം. വരമൊഴിയില്‍ കഴിയുന്നതും ഉച്ചാരണത്തോടു് നീതിപുലര്‍ത്തുന്ന മൊഴിമാറ്റം നടത്തുക.

നല്ലൊരു ബ്രിടിഷ്‌ ഇംഗ്ലിഷ്‌ നിഘണ്ഡു തന്നെ വാങ്ങു. അര്‍ത്ഥം മനസ്സിലാക്കാന്‍ മലയാളതര്‍ജ്ജമ നോക്കുന്നതില്‍ തെറ്റില്ലെങ്കിലും ഉച്ചാരണത്തിനു് മലയാളനിഘണ്ഡുക്കളെ ആശ്രയിക്കുന്നതിനോടു് ഞാന്‍ വ്യക്തിപരമായി എതിരാണു്.

൫.൨ല്‍ പറഞ്ഞപോലുള്ള ഘട്ടങ്ങളില്‍ സംജ്ഞകളെ ആവശ്യമെങ്കില്‍ അവലംബിക്കുക. നിഘണ്ഡുകര്‍ത്താക്കള്‍ നിര്‍ബന്ധമായും ഇതു ചെയ്തിരിക്കണം.

അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും തുല്യപങ്കായിരിക്കാം. പക്ഷെ അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്ന പഠനാവലി തയ്യാറക്കുന്നവര്‍ ഉച്ചാരണത്തിനു് ഊന്നല്‍കൊടുക്കുന്ന ഒരു പാഠ്യക്രമം ഉള്‍പ്പെടുത്തുന്നതു് നന്നായിരിക്കും. ഭാഷകള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്കുമാത്രമായി അതിനെ ഒതുക്കാതെ സാര്‍വത്രികമാക്കിയാല്‍ നന്നു്.

പ്രത്യുല്‍പന്നമദിത്വമോ പ്രസംഗപാടവമോ ഇതുകൊണ്ടു് നേടാനാവില്ല. പക്ഷെ തെറ്റു് തിരുത്താനാവും. ഉച്ചാരണശുദ്ധിവരുത്തിയാല്‍ മലയാളിയെന്നുള്ള മേല്‍വിലാസമോ സ്വത്വവുമോ (identity) നഷ്ടപ്പെടും എന്നു വേവലാതിയില്ലാത്തവര്‍ക്കു് ഒന്നു ശ്രമിച്ചുനോക്കാവുന്നതേയുള്ളു. പ്രത്യേകിച്ചു് കേരളത്തിനു പുറത്തുള്ളവര്‍ക്കു്.

ഈ ലേഖനം അവസാനിപ്പിക്കുന്നതിനുമുന്‍പു് ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. മലയാളഭാഷയുടെ ഉച്ചാരണാരീതികല്‍ അതേപടി അന്യഭാഷയില്‍ ആവര്‍ത്തിക്കുമ്പോഴാണു് ഉച്ചാരണവൈകല്യമുണ്ടാകുന്നതെന്നു നേരത്തെ പറഞ്ഞിട്ടുണ്ടല്ലൊ. എന്നാല്‍ മലയാളഭാഷയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണു് ഈ ഉച്ചാരണഭേദം. ലീലാതിലകവും കേരളപാണിനീയവും ആഴത്തില്‍ സൂക്ഷ്മമായി പഠനം നടത്തിയിട്ടുമുണ്ടു്. അതുകൊണ്ടു് തന്നെ മലയാളഭാഷയുടെ ഉച്ചാരണശുദ്ധീകരണം ഞാന്‍ ഉദ്ഘോഷിക്കുന്നില്ല.

ഈ ലേഖനത്തിന്റെ കരട്‌ രൂപം പരിശോധിക്കുകയും പ്രോത്സാഹനവും ക്രിയാത്മകനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തവരെ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

കടപ്പാട്‌:
Sri Prasanth P, Ops Manager in an IT BPO firm, Bangalore
Sri Harisanker AV, Editorial Coordinator, Children's division, MM Publications Kottayam
Sri PN Madhavan, Senior Sub Editor, Children's division, MM Publications Kottayam
Miss Elisabeth Koshi, Kottayam, fondly called "Teacher"
Prof Dr M N Karassery, Malayalam Dept, Calicut University
Prof Dr Ramachandran B, Associate Dean for Research, Louisiana Tech University, USA
Sri AVG Warrier, Former General Manager, Keltron Controls