Wednesday, February 13, 2013

കാലചലനം - 3




എന്നെ ക്യാബിനിൽ കൊണ്ടിരുത്തിയെങ്കിലും മാനേജർ എന്നോടൊന്നും സംസാരിച്ചില്ല. എന്നു് മാത്രമല്ല, അലമാര തുറക്കുക, പഴയ ഫയലുകളും ലെഡ്ജറുകളും എടുക്കുക, അവ ഒരുമിച്ചുവച്ചു് ഒത്തുനോക്കുക, ചിലപ്പോൾ എന്തോ ആലോചിച്ചു് ഫാൻ നോക്കിയിരിക്കുക മുതലായ പ്രവൃത്തികളിൽ വ്യാപൃതനായി.


എനിയ്ക്കു് ആധി വർദ്ധിച്ചിരിക്കുന്നു. എന്തെങ്കിലും ചോദിയ്ക്കണമെങ്കിൽ മാനേജർ ഭയങ്കര ബിസിയായി ഫയൽ നോക്കുകയാണു്. ഒരു സാവകാശം കിട്ടിയിട്ടുവേണ്ടേ ചോദിക്കാൻ?

നെക്സ്റ്റ് ടൈം ഒരു പെൻസിലിന്റെ അറ്റം കടിച്ചുപിടിച്ചു് ഫാനിൽ മാനേജർ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ ധൈര്യം സംഭരിച്ചു് ഞാൻ ചോദിച്ചു.

“എന്താ സാർ, എന്തെങ്കിലും പ്രശ്നം?”

മാനേജർ മറുപടിയൊന്നും പറഞ്ഞില്ല. പകരം കസേരയിൽ ചാരിയിരുന്നു് പെൻസിൽ നുണഞ്ഞുകൊണ്ടു് ഏതാനും നിമിഷങ്ങൾ എന്നെത്തന്നെ നോക്കിയിരുന്നു.

തുടർന്നു് പെൻസിൽ എടുത്തു് വിരലുകളിൽ ചേർത്തു് തിരിച്ചുകൊണ്ടു് ചോദിച്ചു:

“നിങ്ങൾക്കെങ്ങിനെ ഈ ചെക്ക് കിട്ടി?”

എന്തോ ഭയങ്കര പ്രശ്നമുണ്ടു്. മാനേജരുടെ ശബ്ദത്തിൽ ഒട്ടും മയമില്ല. പുറമേ ഒരു ചെറിയ ഭീഷണിയുടെ രുചി കലർന്നിട്ടുമുണ്ടു്. ഏതായാലും രംഗസ്വാമിയുടെ ബന്ധുവാണെന്നോ സുഹൃത്താണെന്നോ മറ്റോ പറയാതിരിക്കുന്നതാവും ബുദ്ധി.

“എന്താ ആലോചിക്കുന്നതു്? പറയൂ, ഈ ചെക്ക് നിങ്ങൾക്കു് ആരു് തന്നു?”

“അതു്... മി. രംഗസ്വാമി... അല്ല, അയാളുടെ മകൻ തന്നതാണു് ഈ ചെക്ക്. എന്താ കാര്യം?”

“എന്തിനാ അയാളീ ചെക്ക് തന്നതു്?”

“അതൊക്കെ എന്തിനാ നിങ്ങളറിയുന്നതു്? ഒരു പ്രോപ്പർട്ടിയുടെ അഡ്വാൻസാണു്. ചെക്ക് ക്യാഷാക്കാൻ എന്തിനാ ഇതൊക്കെ അറിയുന്നതു്? വേഗം എന്റെ രൂപതരൂ. എനിക്കിത്തിരി തിരക്കുണ്ടു്”

“സർ ക്ഷമിക്കണം. എന്നെ തെറ്റിദ്ധരിക്കരുതു്. രൂപ തരാൻ സാധ്യമല്ല”

“എ....?”

“ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണു്”

ഞാനതുകേട്ടു് തളർന്നു. കള്ളപ്പേരിലുള്ള എന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു എന്നു്! അപ്പൊ എന്റെ പൈസ?

“എനിക്കൊന്നും മനസ്സിലാകുന്നില്ല...?”

“സാറിനു് ഈ രംഗസ്വാമിയേയോ അയാളുടെ മകനേയോ മുൻപരിചയമുണ്ടോ?”

“ഉ...ഇല്ല. ഞാ.. ഞാൻ വസ്തുവിൽപ്പനയുടെ കാര്യം... പത്രപ്പരസ്യം കണ്ടു് വന്നവരാണു് അവർ. അവർ അഡ്വാൻസ് തന്ന രൂപയാണു്. എനിക്കു് ഈ ചെക്ക് വെച്ചു് കാശു് കിട്ടില്ലേ?”

“നാല്പതു് കൊല്ലം മുമ്പു് തുടങ്ങിയ അക്കൗണ്ടാണു് രംഗസ്വാമിയുടേതു്. ഈ നാല്പതുകൊല്ലത്തിനിടയ്ക്കു് യാതൊരു ക്രയവിക്രയവും ഈ അക്കൗണ്ട് മുഖാന്തിരം നടന്നിട്ടില്ല. പത്തുകൊല്ലം നിഷ്ക്രിയമായി കിടന്നപ്പോൾ ബാങ്ക് അന്വേഷണമാരംഭിച്ചു. അതിന്റെ രേഖകളാണു് ഇതൊക്കെ”

മാനേജർ ഒരു തടിച്ച ഫയൽ എന്നെ കാണിച്ചു.

“അക്കൗണ്ട് തുടങ്ങുമ്പോൾ ഞങ്ങൾക്കു് തന്നിരുന്ന വിവരങ്ങൾ വച്ചാണു് അന്വേഷണം തുടങ്ങിയതു്. രംഗസ്വാമി തന്നിരുന്ന വിലാസത്തിൽ ഞങ്ങൾ ചെന്നു. എന്നാൽ അവിടെ രംഗസ്വാമി എന്ന പേരിൽ ആരുമുണ്ടായിരുന്നില്ല. ആ വീടു് വാടകക്കെടുത്തതിന്റെ കരാറാണു് രംഗസ്വാമി അക്കൗണ്ട് തുടങ്ങാനായി മേൽവിലാസം തെളിയിക്കാൻ - ഐ മീൻ അഡ്രസ് പ്രൂഫ് - കാണിച്ചിരിക്കുന്നതു്. ആ വിലാസത്തിൽ അതേ പേരിൽ ഒരു കെട്ടിടം ഉണ്ടായിരുന്നു. ഇൻ ഫാക്റ്റ് ആ വീടു് ഇപ്പോഴുമുണ്ടു്. പക്ഷെ....”

മാനേജർ വീണ്ടും മൗനിയായി ഫയലിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം വായിക്കാൻ തുടങ്ങി.

എന്റെ ആധി ഉച്ചസ്ഥായിയിലായി. ഏറെക്കാലം അക്കൗണ്ട് ഉപയോഗിക്കാതിരുന്നാൽ അതു് പ്രശ്നമായേക്കും എന്നൊന്നും എനിക്കറിയില്ല. ഇതുപക്ഷെ ഒന്നോ രണ്ടോ കൊല്ലമല്ലല്ലോ. ഏതാണു് നാല്പതു് കൊല്ലമായിരിക്കുന്നു!

മാനേജർ തുടർന്നു:

“അക്കൗണ്ട് തുടങ്ങിയ കൊല്ലം തന്നെ ഇതു് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. നാല്പതു കൊല്ലം മുമ്പു് ഏതാണ്ടു് മുപ്പതുവയസ്സുള്ള ഒരാൾ അഞ്ചുലക്ഷത്തിന്റെ ഒരു അക്കൗണ്ട് തുടങ്ങുക എന്നുവച്ചാൽ.. അതും സേവിംഗ്സ്! ഫിക്സഡല്ല. മാത്രമല്ല, യുദ്ധം നടക്കുന്ന സമയമായിരുന്നു. ആരും ബാങ്കിൽ പൈസ നിക്ഷേപിക്കാൻ താല്പര്യമെടുക്കാതിരുന്ന സമയം. ആകെക്കൂടി ഒരു പന്തികേടുണ്ടായിരുന്നു. അതുകൊണ്ടു് ബ്രാഞ്ചിനു് പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു - ആ അക്കൗണ്ടിൽ നടക്കുന്ന എല്ലാ ട്രാൻസാക്ഷനും ഹെഡ്ഡാപ്പീസിനെ അറിയിച്ചശേഷമേ ആകാവൂ എന്നു്. പക്ഷെ യുദ്ധം കഴിഞ്ഞിട്ടും, എന്തിനു്.. വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ക്രയവിക്രയവും ആ അക്കൗണ്ടിൽ നടന്നില്ല. പിന്നെ പത്തുപതിനൊന്നു് കൊല്ലം കഴിഞ്ഞു് ഓഡിറ്റിലാണു് അക്കൗണ്ടിന്റെ കാര്യം വീണ്ടും ശ്രദ്ധയിൽ പെട്ടതു്. അന്നു് വീണ്ടും അന്വേഷണമുണ്ടായി. എന്നിട്ടു്...”

മാനേജർ വീണ്ടും ഫയലിൽ മുഴുകി.

എനിക്കിരിപ്പുറയ്ക്കുന്നില്ല. എന്റെ രൂപ കിട്ടില്ല എന്നു് തീർച്ചയായി. പോട്ടെ. നിവൃത്തിയില്ല. പക്ഷെ ഇപ്പൊഴത്തെ പേടി അതല്ല. ഇനി ഇതിന്റെ പേരിൽ എന്നെ സംശയിച്ചു് വല്ലതും ചെയ്യുമൊ, പോലീസിലേല്പിക്കുമോ, വല്ല ക്രിമിനൽ കുറ്റവും ചുമത്തുമോ എന്നൊക്കെയാണു് എന്റെ ആശങ്ക. ഏതായാലും കൂടുതൽ സമയം ഇരിയ്ക്കുന്നതു് പന്തിയല്ല. മെല്ലെ വലിയാം.

“ഹമ്പട കേമാ! നീയാളു് കൊള്ളാമല്ലോ!”

ഞാൻ ഞെട്ടി. ബാങ്ക് മാനേജർക്കു് എല്ലാം മനസ്സിലായിരിക്കുന്നു. ഞാൻ ദയനീയമായി മാനേജരെ നോക്കി.

അയാൾ അപ്പോഴും ഫയലിൽ മുഴുകിയിരിക്കുകയാണു്. ഇടയ്ക്കൊക്കെ മൂളുകയും തലയാട്ടുകയും ചെയ്യുന്നുണ്ടു്. അപ്പൊ മാനേജർക്കു് എന്നെ സംശയമില്ല.

എങ്കിലും ആശ്വസിക്കാറായിട്ടില്ല. മാനേജർക്കു് പുതിയ എന്തോ കിട്ടിയിട്ടുണ്ടു്. അതാണയാൾ സസൂക്ഷ്മം ഫയൽ വായിച്ചുകൊണ്ടിരിക്കുന്നതു്.

അതുകൊണ്ടു് മാനേജർക്കു് സംശയത്തിനിടകൊടുക്കാതെ സംഭാഷണം മുന്നോട്ടു കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു.

“എന്താ സാർ, പുതിയ എന്തെങ്കിലും ഫയലിൽ രംഗസ്വാമിയെപ്പറ്റി...?”

മാനേജർ ഫയലിൽ നിന്നു് കണ്ണെടുത്തില്ല. പകരം മേശയുടെ അടുത്തേക്കു് കസേര വലിച്ചിട്ടു. ഫയലിൽ അടയാളപ്പെടുത്തിയിരുന്ന ഒരു ഭാഗം ചൂണ്ടിക്കാണിച്ചു.

“കണ്ടുവോ? ഒരു ഖ്വാജാ മൊയ്തീന്റെ പേരിലുള്ള വീടാണു് രംഗസ്വാമി വാടകക്കെടുത്തതായി കാണിച്ചിരിക്കുന്നതു്. പക്ഷെ...”

“എന്താ സാർ.. അതിനെന്താ..?”

“അതോ, രംഗസ്വാമിയുടെ വാടകക്കരാറിൽ ഒപ്പിട്ടിരിയ്ക്കുന്നതായി പറഞ്ഞിരിക്കുന്ന ഖ്വാജാ മൊയ്തീനുണ്ടല്ലോ? ഒപ്പിട്ടിരിക്കുന്നതായി പറയുന്ന സമയത്തു് ഈ ഖ്വാജാ മൊയ്തീന്നു് പ്രായം വെറും നാലു മാസമാണു്!”

തീർന്നു. എല്ലാം തീർന്നു.

എന്റെ അതിബുദ്ധിയാണു് എല്ലാറ്റിനും കാരണം. ഞാൻ കുഴിച്ച കുഴിയിൽ ഞാൻ തന്നെ വീണിരിയ്ക്കുന്നു. വെറും വീഴ്ചയല്ല; മൂക്കും കുത്തി വീണിരിയ്ക്കുന്നു!

“ഞങ്ങൾ പോലീസിനെ വിവരമറിയിച്ചിട്ടുണ്ടു്. രംഗസ്വാമിയെപ്പറ്റി വിവരം കിട്ടിയ സ്ഥിതിക്കു് മി. ചിതൽ ഞങ്ങളോടു് സഹകരിക്കണം. ഞങ്ങൾ പരാതിക്കാരാവാം. പക്ഷെ പോലീസ് സ്റ്റേഷനിൽ പോയി ഒരു സാക്ഷിമൊഴി കൊടുക്കണം. താങ്കൾക്കു് താല്പര്യമാണെങ്കിൽ കക്ഷിചേരുകയുമാവാം. ചെലവു് ബാങ്ക് വഹിച്ചോളും. താങ്കളുടെ പണം മുടങ്ങിയതല്ലേ? താങ്കൾക്കു് എതിർപ്പു് കാണില്ലെന്നു് വിശ്വസിക്കുന്നു”

ഹും! എനിക്കെതിരേ ഞാൻ തന്നെ സാക്ഷി പറയണമെന്നു്! ഇനി ഇവിടെ നില്ക്കാൻ പറ്റില്ല. പെട്ടെന്നു് രക്ഷപ്പെടണം.

“എടാ ചതിയാ രംഗസ്വാമീ, രംഗസ്വാമീടെ മകാ...! നിന്നെ ഞാൻ വിടില്ലെടാ...!” എന്നുറക്കെ ആക്രോശിച്ചുകൊണ്ടു് ആ ക്യാബിനിൽ നിന്നു് ഞാനിറങ്ങിയോടി. പിന്നിൽ നിന്നു് “മി. ചിതൽ.. നില്ക്കൂ.. ഞാൻ പറയട്ടേ.. വാച്ച്‌മാൻ! അയാളെ വിടരുതു്!” എന്നൊക്കെ വിളിച്ചുപറയുന്ന മാനേജരുടെ ശബ്ദം കേട്ടെങ്കിലും ഞാൻ നിന്നില്ല. ഏറെ ദൂരം പോയശേഷമേ ഞാൻ തിരിഞ്ഞു നോക്കിയുള്ളു.

ആരും പിൻതുടരുന്നുണ്ടായിരുന്നില്ല.

*   *   *   *   *

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഗൗതത്തിന്റെ വീട്ടുകാർ അമർത്തിച്ചിരിച്ചു. ഇളിഭ്യനായി ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തി ഞാൻ അവരുടെ മുമ്പിൽ വിനയത്തോടെ നിന്നു. ആ ചിരി അവർക്കവകാശപ്പെട്ടതാണു്. അല്ലെങ്കിലും നടന്നതിനെപ്പറ്റി പറഞ്ഞു വിശ്വസിപ്പിക്കാൻ തക്ക നുണയൊന്നും ആലോചിക്കാനുള്ള ഒരു മനഃസ്ഥിതി എനിക്കുണ്ടായിരുന്നില്ല.

ഒരു റൗണ്ട് ചിരി അവസാനിച്ചപ്പോൾ ഗൗതത്തിന്റെ മുത്തച്ഛൻ ചോദിച്ചു:

“ആ പഴയ ബാങ്ക് മാനേജർക്കു് എന്തെങ്കിലും രീതിയിൽ ബുദ്ധിമുട്ടു് നേരിടേണ്ടിവന്നോ എന്നന്വേഷിച്ചോ?”

“ഉവ്വു്. രഹസ്യമായി അന്വേഷിച്ചു. മേൽവിലാസം കെട്ടിച്ചമച്ച രേഖയാണെന്നു് കണ്ടുപിടിച്ചതു് അക്കൗണ്ട് തുടങ്ങി പത്തുവർഷം കഴിഞ്ഞാണു്. അപ്പോഴേക്കു് ആ മാനേജർ വിരമിച്ചിരുന്നു. മാത്രമല്ല, അക്കൗണ്ടിൽ കിടക്കുന്ന പണം യഥാർത്ഥ പണമായതുകൊണ്ടും ആ അക്കൗണ്ടിൽ വ്യവഹാരങ്ങളൊന്നും നടക്കാതിരുന്നതുകൊണ്ടും ആ പഴയ മാനേജർക്കെതിരേ നടപടിയെടുക്കാനായില്ല. എങ്കിലും അദ്ദേഹം കുറച്ചു് മാനസികവ്യഥ അനുഭവിച്ചിരുന്നതായി കേട്ടു”

“ഉം. അദ്ദേഹം രക്ഷപ്പെട്ടതു് നിങ്ങൾക്കു് നന്നായി ചിതൽ. അല്ലെങ്കിൽ നിങ്ങൾക്കെന്നെങ്കിലും മനഃസമാധാനം കിട്ടുമായിരുന്നോ?”

ഞാൻ തല താഴ്ത്തി നിന്നതേയുള്ളു.

“വേഗം പണമുണ്ടാക്കാനുള്ള ആഗ്രഹം തീർന്നുവോ? അതോ ഇനിയും ഭൂതകാലത്തിൽ പോയി പരാക്രമം കാണിക്കാൻ തോന്നുന്നുണ്ടോ?”

എനിക്കു് വല്ലാത്ത ദേഷം വന്നു. ലോകത്തിലെ മികച്ച വിഡ്ഢിയാണെന്നു് തെളിയിച്ചിട്ടുവന്നു നില്ക്കുമ്പോൾ ചോദിക്കുന്ന ചോദ്യം കണ്ടില്ലേ?

അതുകൊണ്ടു് എനിക്കു് വാശിയായി.

“ഒരിക്കൽ അബദ്ധം പറ്റി എന്നുകരുതി തോറ്റു പിന്മാറാനൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. ഞാൻ വീണ്ടും ഭൂതകാലത്തിൽ പോകും. കാശുണ്ടാക്കുകയും ചെയ്യും”

ഗൗതബന്ധുക്കൾ ഒന്നും മിണ്ടിയില്ല. 1-2 പേർ ദീർഘനിശ്വാസം നടത്തിയെന്നു് തോന്നി.

കുറച്ചുകഴിഞ്ഞു് ഗൗതം ചോദിച്ചു.

“എന്തേയ്, അക്കൗണ്ട് തുടങ്ങിയ കൊല്ലത്തിൽ തിരിച്ചു പോയി അവിടന്നങ്ങോട്ടു് എല്ലാവർഷവും ഓരോ ചെക്ക് കൊടുത്തു് അക്കൗണ്ട് നിലനിർത്താനാണോ പ്ലാൻ?”

“ഏയ് അല്ല. അതിനുള്ള ക്ഷമയൊന്നും എനിക്കില്ല. ഞാൻ കൂടുതൽ പിന്നിലേക്കു് പോകാൻ പോവുന്നു. നീ പറഞ്ഞില്ലേ ഏതാനും നൂറ്റാണ്ടു് പിന്നിലേക്കു പോകാൻ പേടകത്തിനാവും എന്നു്? ഞാൻ ചില നൂറ്റാണ്ടുകൾ സഞ്ചരിച്ചു് അന്നത്തെ കാലത്തെ വല്ല രാജാവിനേയും കണ്ടു് പ്രീതിപ്പെടുത്തി കിട്ടുന്ന സമ്മാനം മേടിച്ചെടുക്കാൻ തീരുമാനിച്ചു”

പിന്നീടു പലപ്പോഴും ആലോചിച്ചിട്ടുണ്ടു്, എന്തു് പ്രേരണയിലാണു് ഞാനങ്ങിനെ പറഞ്ഞതു് എന്നു്. ഏതോ അദൃശ്യശക്ഷി എന്നെക്കൊണ്ടു് പറയിച്ചതാവണം. എന്തായാലും ഗൗതത്തിന്റെ വീട്ടുകാർ വീണ്ടും മൗനികളായി. പക്ഷെ അത്രയും സമയം മിണ്ടാതെ നിന്ന രഘു എന്നെ വിലക്കാൻ നോക്കി.

“വേണ്ടെടാ ചിതലേ. നീ കുറച്ചുകാലം ഒതുങ്ങിയിരിക്കു്. ഇനി ഉടനെ ഒന്നും ചെയ്യേണ്ട. ഏതായാലും കൈയിലുണ്ടായിരുന്ന മുഴുവൻ രൂപയും ഭൂതകാലത്തിൽ നിക്ഷേപിക്കാൻ തോന്നാഞ്ഞതു് നന്നായി. കുറച്ചുകാലം കഴിഞ്ഞു് ഗൗതത്തിനോടാലോചിച്ചു് വേണ്ടതെന്താണെന്നുവച്ചാൽ...”

ഞാനവനെ തടഞ്ഞു. അവനും തൊട്ടടുത്തുനില്ക്കുന്ന ഗൗതവും മാത്രം കേൾക്കെ പറഞ്ഞു:

“വേണ്ട രഘൂ. ഇതെന്റെ വാശിയാണു്. എനിക്കു് ഒന്നു് ജയിക്കണം. ഗൗതം, നിന്റെ സഹായം ഇനിയും വേണം. ഞാൻ ഒന്നുകൂടി ഒരുങ്ങിവരാം. കുറച്ചുതവണകൂടി എനിക്കു് ഭൂതകാലത്തിലേക്കു് പോകണം”

എത്രതവണ വേണമെങ്കിലും എന്നെ സഹായിക്കാം എന്നു് ആ നല്ല സുഹൃത്തു് എനിയ്ക്കുറപ്പുതന്നു. ഓരോ തവണയും പേടകത്തിൽ പോയി തിരിച്ചെത്തുമ്പോൾ കുടുംബത്തിലെല്ലാവരോടും നടന്നതെല്ലാം വിശദീകരിയ്ക്കണമെന്നു് ആവർത്തിക്കുകയും ചെയ്തു.

ആ വ്യവസ്ഥ ഞാൻ വീണ്ടുമംഗീകരിച്ചു.


(തുടരും...)      

Sunday, February 3, 2013

കാലചലനം - 2




ഭൂതകാലത്തിൽ ബാങ്കിൽ ചെന്നു് അക്കൗണ്ട് തുടങ്ങാൻ വിപുലമായ പദ്ധതികളാണു് ഞാൻ ആസൂത്രണം ചെയ്തതു്.

ആദ്യം ചെയ്തതു്, ഞങ്ങൾ താമസിക്കുന്ന വീടിനടുത്തു് പച്ചക്കറി കട നടത്തുന്ന രംഗസ്വാമി എന്നയാളുടെ ഒരു ഫോട്ടോ എടുക്കലാണു്. അയാൾക്കു് ഏതാണു് 30 വയസ്സുണ്ടു്. ഭൂതകാലത്തിലെ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങുമ്പോൾ ഫോട്ടോ വേണ്ടിവരുമോ എന്നൊന്നും നിശ്ചയമില്ലെങ്കിലും ആവശ്യമെങ്കിൽ ഉപയോഗിക്കാനാണു് അയാളുടെ ഫോട്ടോ എടുത്തതു്.

എന്റെ സ്വന്തം ഫോട്ടോ ഉപയോഗിക്കാത്തതിനു് കാരണാമുണ്ടായിരുന്നു. വർത്തമാനമാകുമ്പോൾ പത്തുനാല്പതു് കൊല്ലം പഴക്കമുള്ള അക്കൗണ്ടിൽ എന്റെ ഇപ്പോഴുള്ള ഫോട്ടോ വയ്ക്കുന്നതു് സംശയത്തിനിടയാക്കും എന്നെനിക്കു് തോന്നി.

രംഗസ്വാമിയുടെ ഫോട്ടോ കമ്പ്യൂട്ടറിലിട്ടു് പഴയ ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ്‌ ഫോട്ടോ ആക്കി.

ഇനി വേണ്ടതു് രംഗസ്വാമിയുടെ പേരിൽ കുറേ വർഷം മുമ്പുള്ള രീതിയിൽ മേൽവിലാസം തെളിയിക്കുന്ന രേഖയുണ്ടാക്കലാണു്.

വീട്ടുടമസ്ഥൻ ഖ്വാജാ മൊയ്തീനിൽ നിന്നു് വീടു് വാടകക്കെടുക്കുമ്പോൾ എഴുതിയ കരാർ ഒരു കോപ്പി എടുത്തു. ഭൂതകാലത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്നു് ഏതെങ്കിലും ആധാരമെഴുതുന്നിടത്തുചെന്നു് അതേ വിവരങ്ങൾ വച്ചു് (വാടകക്കാരന്റെ പേരു് മാത്രം രംഗസ്വാമിയുടെ) ഒരു വാടകക്കരാർ ഉണ്ടാക്കലാണു്.

ഞാൻ നിശ്ചയിച്ചുവച്ചിരുന്ന പ്ലാൻ ഇതാണു്: ഭൂതകാലത്തിലെത്തിയ ഉടനെ ആധാരമെഴുതുന്ന സ്ഥലത്തുചെന്നു് അന്നത്തെ തീയതിൽനിന്നും ഏതാനും മാസം പഴക്കമുള്ള വാടകക്കരാർ ഉണ്ടാക്കുന്നു.

ഒപ്പം ജനനതീയതിയും മറ്റും തെളിയിക്കാനുള്ള രേഖകളും ഇതുപോലെത്തന്നെ തയ്യാറാക്കും.

പിന്നീടു് ബാങ്കിൽ ചെന്നു് അക്കൗണ്ട് തുടങ്ങാനുള്ള ഫോറം മേടിക്കും. അതുംകൊണ്ടു് പുറത്തുപോയിട്ടുവേണം അതു് പൂരിപ്പിയ്ക്കാൻ (അവിടെവച്ചു് പൂരിപ്പിക്കാൻ പറ്റില്ല; ഞാൻ “രംഗസ്വാമി” എന്നപേരിൽ കൊടുക്കുന്ന ഫോട്ടോ എന്റെയല്ലല്ലോ).

എന്നിട്ടു് തിരിച്ചു് ബാങ്കിൽ ചെന്നിട്ടു് പൈസ നിക്ഷേപിച്ചു് രശീതിയും വാങ്ങി തിരിച്ചു് വർത്തമാനത്തിലേക്കു്.

വർത്തമാനത്തിലെത്തിയാൽ ഒരു വലിയ തുകയുടെ ചെക്ക്‌ എഴുതി ക്യാഷ് ചെയ്യണം. എന്നിട്ടു് അതുംകൊണ്ടു് കുറച്ചുകാലം സുഖമായി ജീവിക്കുക. പിന്നെ എന്തുവേണമെന്നു് അപ്പോൾ തീരുമാനിക്കാം.

അങ്ങിനെ ഞാനും ഗൗതവും കൂടി ഒരു ശനിയാഴ്ച്ച രാവിലെ അവന്റെ തടവാട്ടിലെത്തി. പ്രാതൽ അവിടെനിന്നാണു് കഴിച്ചതു്. തുടർന്നു് ഞങ്ങൾ പേടകം വച്ചിരിക്കുന്ന മുറിയിലെത്തി.

ആശുപത്രിയിലെ ലിഫ്റ്റ് പോലെ വലിയൊരു പെട്ടിയായിരുന്നു പേടകം. ഏതാണ്ടൊരു പത്തുപേർക്കു് ഒരേസമയം അകത്തുനില്ക്കാം. കൊല്ലം സെറ്റ് ചെയ്യാനുള്ള സംവിധാനമുണ്ടു് അപ്രകാരം സെറ്റ് ചെയ്താൽ പേടകത്തിലെ ഡിസ്പ്ലേയിൽ കൊല്ലം തെളിഞ്ഞുവരും. ഒരല്പസമയത്തിനുള്ളിൽ നാം ആ വർഷത്തിലെത്തും - ഗൗതം വിശദീകരിച്ചു.

ദൈവത്തെ ധ്യാനിച്ചു് വിറയ്ക്കുന്ന കൈകൊണ്ടു് ഡയലൽ നിരവധി കൊല്ലം പിന്നിലേക്കു് സെറ്റ് ചെയ്തു. പിന്നെ തൊഴുകൈയോടെ കണ്ണടച്ചു് പ്രാർത്ഥിച്ചുകൊണ്ടു് നിന്നു.

*     *     *     *     *

കണ്ണുതുറന്നപ്പോൾ ഞാൻ ഒരു റോഡിലാണു് നിന്നിരുന്നതു്. നിരത്തിൽ അധികവും മനുഷ്യർ വലിയ്ക്കുന്ന റിക്ഷകളായിരുന്നു. അപൂർവമായി ചില കാറുകളും ഉണ്ടായിരുന്നു. എല്ലാം പുത്തൻ കാറുകളായിരുന്നു - പഴയ സിനിമകളിലും ഡോക്യുമെന്ററികളിലും കാണുന്ന കാറുകൾ. താരതമ്യേന തിരക്കു് കുറവായിരുന്നു.

ഞാൻ നിരത്തു് മുറിച്ചുകടന്നു് മുന്നിലുള്ള കെട്ടിടങ്ങൾ ശ്രദ്ധിച്ചു് നടക്കാൻ തുടങ്ങി. വിക്റ്റോറിയൻ മട്ടിലുള്ളവയായിരുന്നു ഒട്ടുമിക്ക കെട്ടിടങ്ങളും. വർത്തമാനത്തിലും നിലനില്ക്കുന്ന ചില കെട്ടിടങ്ങളും കണ്ടു. പക്ഷെ അവയൊക്കെ പുതുപുത്തനായിരുന്നു. നിറവും ഗുണവും വർത്തമാനത്തിലുള്ളതിനേക്കാൾ മെച്ചം.

ഞാൻ പാന്റിട്ടു വന്നതു് വലിയൊരബദ്ധമായി എന്നെനിക്കു് തോന്നി. കാരണം എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ടു്. ഷർട്ട്‌ ധരിക്കാതെ മുണ്ടു് മാത്രമുടുത്ത ജനം, പാശ്ചാത്യരീതിയിലുള്ള ഷർട്ടും പാന്റുമിട്ട എന്നെ തുറിച്ചുനോക്കുന്നുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ വയ്യ. ഭാഗ്യം ടി-ഷർട്ടിടാഞ്ഞതു്. അതായിരുന്നെങ്കിൽ ജനം എന്നെ വളഞ്ഞേനെ.

ജനത്തിനെ തീക്ഷ്ണനോട്ടങ്ങൾ അവഗണിച്ചു മുന്നേറിയ ഞാൻ ഒരു ആധാരമെഴുത്തു് ആപ്പീസ്‌ കണ്ടുപിടിച്ചു് അങ്ങോട്ടുകയറി. കുറച്ചുസമയം കാത്തുനില്ക്കേണ്ടി വന്നെങ്കിലും ആധാരം തയ്യാറായി. കൂടുതൽ ചോദ്യങ്ങളൊന്നും നേരിടാതെ ആ ഘട്ടം കഴിഞ്ഞതിൽ ഞാൻ സന്തോഷിച്ചു. എന്റെ പ്ലാൻ ഇതുപോലെത്തന്നെ സ്മൂത്തായി പരിസമാപ്തിയിലെത്തും എന്നൊരു ആത്മവിശ്വാസവും എനിക്കുണ്ടായി.

വീണ്ടും പുറത്തിറങ്ങി ഞാൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ബാങ്കിലേക്കു് നടന്നു. വർത്തമാനത്തിലെ അതേ കെട്ടിടത്തിലാണു് ഭൂതകാലത്ത്ഇലും ബാങ്ക്‌ സ്ഥിതി ചെയ്യുന്നതു്. എത്ര നല്ല ബാങ്ക്! ആളുകളെ ബുദ്ധിമുട്ടിയ്ക്കാത്ത ബാങ്ക്.

ബാങ്കിലെത്തുമ്പോൾ എനിക്കു് വീണ്ടും ചെറിയ പേടി തോന്നിത്തുടങ്ങി. ആൾമാറാട്ടമാണു് സംഗതി. പിടിച്ചാൽ വലിയ ശിക്ഷയാണു് എന്നൊക്കെ കേട്ടിട്ടുണ്ടു്. അതിലുപരി ഭൂതകാലത്തു് ജയിലിൽ കിടക്കേണ്ടതായും വന്നേയ്ക്കും.

ഏതായാലും പണമുണ്ടാക്കാനുള്ള ആർത്തിയിൽ ഞാനതൊക്കെ മറക്കാൻ ശ്രമിച്ചു. ആത്മവിശ്വാസം നടിച്ചു് ബാങ്കിന്റെ പടികൾ കയറി.

*     *     *     *     * 

“സർ, എന്തായിതു്? പുതിയ അക്കൗണ്ട് തുടങ്ങാനാണോ? അതിനു് ഫോറം മാത്രം പൂരിപ്പിച്ചാൽ പോരാ. ഇവിടെ എക്കൗണ്ടുള്ള ആരെങ്കിലും സാറിനെ പരിചയപ്പെടുത്തുകയും വേണം. അത്തരത്തിൽ ആരെങ്കിലുമുണ്ടോ?”

“അതിനു് എനിയ്ക്കിവിടെ ആരേയും പരിചയമില്ല. ഞാൻ ഇവിടെ ഇങ്ങനെവരുന്നതു് ഇതാദ്യമായാണു്” എന്റെ മറുപടിയിൽ സത്യസന്ധത നിറഞ്ഞിരുന്നു.

“അയ്യോ. എങ്കിൽ ബുദ്ധിമുട്ടാവുമല്ലോ സർ. പരിചയമില്ലാത്ത ആരേയും അക്കൗണ്ട് തുടങ്ങാൻ ബാങ്ക് സമ്മതിക്കില്ല”

“വേറൊരു വഴിയുമില്ലേ?”

“ഞാൻ പറഞ്ഞല്ലോ സർ, വലിയ ബുദ്ധിമുട്ടാണു്. മാത്രമല്ല, ഇപ്പോൾ യുദ്ധം നടക്കുകയല്ലേ, ആരും ബാങ്കിലൊന്നും വരുന്നില്ല. എല്ലാവരും പണം സൂക്ഷിച്ചുപയോഗിക്കുകയാണു്. ബാങ്കിലിട്ടാൽ ഒരുവേള യുദ്ധത്തിൽ ബാങ്ക് തകർന്നാലോ എന്ന പേടി നാട്ടുകാർക്കുണ്ടേയ് (എന്റെ നേരെ നീങ്ങിനിന്നു് രഹസ്യമായി) ഞാനെന്റെ അക്കൗണ്ട് നാളെയോ മറ്റന്നാളോ ആയി പിൻവലിക്കാനിരിക്കുകയാ!”

ഞാൻ അന്ധാളിപ്പോടെ അയാളെ നോക്കിയപ്പോൾ അയാളുണ്ടു് കണ്ണിറുക്കി കാണിക്കുന്നു.

പെട്ടെന്നോർമ്മ വന്നു - ഭാരതം ഒരു അയൽരാജ്യവുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സമയത്താണു് ഞാനെത്തിയിരിയ്ക്കുന്നതു്.

ഞാൻ ആ ക്ലാർക്കിനോടു് ചൂടായി.

“എന്താണു് ഹേ നിങ്ങളീ പറയുന്നതു? ഒരു അക്കൗണ്ട് തുടങ്ങാനാണു് ഞാൻ വന്നിരിക്കുന്നതു്. അതിനു് സമ്മതിക്കില്ല എന്നു പറയുന്നതു് എന്തു് മര്യാദയാണു?”

“അക്കൗണ്ട് തുടങ്ങാനാവില്ല എന്നു് ഞാൻ പറഞ്ഞില്ലല്ലോ. ആരെങ്കിലും പരിചയ...”

“നിങ്ങളൊന്നും പറയണ്ട. ഒരു കുടുംബത്തിന്റെ ഭാവി സുരക്ഷയ്ക്കായി ഒരു നിക്ഷേപമുണ്ടാക്കാം എന്നു് വിചാരിക്കുമ്പോൾ (ബാങ്കിലുള്ള എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ടു്) ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു് മുടക്കാൻ ശ്രമിക്കുന്നതാണോ ഈ ബാങ്കിന്റെ സംസ്കാരം? എവിടെ നിങ്ങളുടെ ചെയർമാൻ?”

ക്ലാർക് പതിഞ്ഞ ശബ്ദത്തിൽ മൊഴിഞ്ഞു:

“ഇവിടെ ഒരു ശുംഭൻ ബാങ്ക് മാനേജർ മാത്രമേയുള്ളു”

പെട്ടെന്നു് അടുത്തെവിടെയോ ഒരു വാതിൽ തുറന്നടഞ്ഞു. വെളുത്തു് മെലിഞ്ഞ ഒരു മദ്ധ്യവയസ്കൻ എന്റെയടുത്തെത്തി. മീശയില്ല. നെറ്റിയിൽ ചന്ദനം. എന്തോ ചവയ്ക്കുന്നുണ്ടു്. ഓ മുറുക്കാൻ.

“എന്താ ഇവിടെ പ്രശ്നം?”

“നിങ്ങളാരാ?”

“ഞാനാണീ ബ്രാഞ്ചിന്റെ മാനേജർ. ഹൂ ആർ യൂ? വാട്ട് ഡു യു വാണ്ട്?”

“അതായതു്, എനിക്കറിയണം - ഞാൻ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വന്നതാണു്. അപ്പൊ നിങ്ങളുടെ ക്ലർക്ക് പറയുന്നു ഈ ബാങ്കിൽ അക്കൗണ്ടുള്ള ആരെങ്കിലും പരിചയപ്പെടുത്തിയാലേ അക്കൗണ്ട് തുടങ്ങാൻ പറ്റൂ എന്നു്. എങ്കിൽ ഇവിടുത്തെ ആദ്യത്തെ അക്കൗണ്ട് തുടങ്ങിയതു് എങ്ങിനെയാണു്?”

ബാങ്ക് മാനേജർ ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു. കൈകൊണ്ടു് താടി തടവിനോക്കി. ഏതാനും നിമിഷം കഴിഞ്ഞു് ക്ലാർക്കിനെ നോക്കി പുരികമുയർത്തി “എങ്ങിനെ?” എന്നു് ആംഗ്യം കാണിച്ചു.

“സാറേ, ഞാൻ ഇദ്ദേഹത്തോടു് ബാങ്ക് നിഷ്കർഷിക്കാൻ പറഞ്ഞിട്ടുള്ള ചിട്ടവട്ടങ്ങളാണു് പറഞ്ഞതു്. പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളിൽ പ്രധാനമാണു് ബാങ്കിനു് പരിചയമുള്ള ആരെങ്കിലും പരിചയപ്പെടുത്തുക എന്നതു്. പണ്ടും നിയമമുണ്ടായിരുന്നെങ്കിലും അത്ര നിഷ്കർഷിച്ചിരുന്നില്ല. യുദ്ധം തുടങ്ങിയതിൽപ്പിന്നെ...”

“ഉം... ഉം... ഉം....” ബാങ്ക് മാനേജർ ക്ലാർക്കിനോടു് സംസാരം നിർത്താൻ കൈകാണിച്ചു. എന്നിട്ടു് എന്റെ നേരെ തിരിഞ്ഞു.

“അതു് ശരിയാണു് സാർ. സർക്കുലർ വന്നിട്ടുണ്ടു്. സാർ ആരെയെങ്കിലും പരിചയപ്പെട്ടേ മതിയാവൂ”

“പുതിയ നിക്ഷേപകർക്കു് ഒരു വിലയും....”

“ആട്ടെ, സാറിനിപ്പൊ എത്രരൂപയാണു് ഡെപ്പോസിറ്റ് ചെയ്യാനുള്ളതു്?”

“ഏതാണ്ടു് അഞ്ചുലക്ഷം രൂപ”

പെട്ടെന്നു് മാനേജറുടെ കണ്ണു് വികസിച്ചു. വായ ഠ എന്ന അക്ഷരത്തെ അനുസ്മരിപ്പിച്ചു. മുറുക്കാൻ കലർന്ന തുപ്പൽ ഒലിച്ചിറങ്ങി. അയാൾ ഒരു നിമിഷം എന്തോ പറയാൻ ശ്രമിച്ചു. ഒപ്പം രണ്ടു കൈകളും “എന്നെ സ്വീകരിക്കൂ” എന്ന മട്ടിൽ മുന്നോട്ടു് നീട്ടി. തുടർന്നു് പ്രജ്ഞയറ്റു് നിലത്തു വീണു.

ഇത്തിരി മുറുക്കാൻ എന്റെ പാന്റിലായി.

*     *     *     *     * 

ഇനി പേടിക്കാനില്ല. പെട്ടെന്നെന്തോ ഷോക്ക് കൊണ്ടാണു്. സമയമുള്ളപ്പോൾ ഹാർട്ട് ഒന്നു് ചെക്ക് ചെയ്യണം. അമാന്തിക്കരുതു്“

”ഇല്ല. നന്ദി ഡോക്ടർ“

മാനേജർക്കു് ബോധം തിരിച്ചുകിട്ടിയിരുന്നു. ഡോക്റ്റർ പോയശേഷം അയാൾ നിലത്തു് എഴുന്നേറ്റിരുന്നു. എന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.

“സാർ വരൂ! ബാക്കി എന്റെ മുറിയിലിരുന്നു് സംസാരിയ്ക്കാം”

ചാടിയെഴുന്നേറ്റ അയാൾ ചുറുചുറുക്കോടെ തന്റെ ക്യാബിൻ ലക്ഷ്യമാക്കി ഓടി.

“സാർ പരിഭ്രമിച്ചുവോ? തെറ്റിദ്ധരിക്കരുതു്. ഞാൻ ഇത്തിരി പ്രാരാബ്ധക്കാരനാണേയ്. മാനേജരായി പ്രൊമോഷൻ കിട്ടിയതു് ഈയിടയ്ക്കാണു്. അതേസമയത്തു് യുദ്ധവും തുടങ്ങി. സാറിനറിയുമോ? ഈ കൊല്ലം ചുരുങ്ങിയതു് മൂന്നുലക്ഷം രൂപയുടെ നിക്ഷേപം ബാങ്കിനുവേണ്ടി ഉണ്ടാക്കിക്കൊടുക്കണം. ഈ യുദ്ധത്തിനിടക്കു് എന്തുചെയ്യും ഭഗവാനേ എന്നാലോചിച്ചു് ബേജാറായപ്പൊ ഭഗവാൻ തന്നെയാണു് സാറിന്റെ എന്റെ മുമ്പിലെത്തിച്ചതു്. എവിടെ പ്യൂൺ ഭാസ്കരൻ? ഭാസ്കരാ, രണ്ടു് ചായ. അല്ലെങ്കിൽ രണ്ടു് നാരങ്ങാവെള്ളം. അല്ല, രണ്ടു് സോഡാ സർവ്വത്തു്”

“വിരോധമില്ല. പക്ഷെ ഞാനെങ്ങിനെ നിങ്ങളുടെ ബാങ്കിൽ അക്കൗണ്ട് തുടങ്ങും? എനിക്കിവിടെ ആരേയും...”

“പരിചയമുണ്ടല്ലോ. എനിക്കു് സാറിനെ അറിയാം! ങാ! എന്റെ പരിചയത്തിൽ അക്കൗണ്ട് തുടങ്ങാം. പിന്നെ ഒരു സ്വകാര്യം സാർ. പുറത്തുപറയാൻ പാടില്ലാത്തതാണു. സാർ ഫിക്സഡ് ഡെപ്പോസിറ്റ് ഇടേണ്ട. സേവിംഗ്സ് മതി. എപ്പൊ വേണമെങ്കിലും പണം പിൻവലിക്കാമല്ലോ. എന്താ? അതല്ലേ നല്ലതു്?”

“സാറിന്റെ ഇഷ്ടം പോലെ”

അങ്ങിനെ കൂടുതൽ നാടകീയത കൂടാതെ അഞ്ചുലക്ഷത്തിന്റെ ഒരു സേവിംഗ്സ് അക്കൗണ്ട് രംഗസ്വാമിയുടെ പേരിൽ തുടങ്ങിയതിന്റെ ചെക്ക് ബുക്കും പാസ് ബുക്കും എന്റെ കയ്യിലേല്പ്പിക്കുമ്പോൾ ആ പ്രാരാബ്ധക്കാരൻ മാനേജരുടെ കണ്ണു് നനഞ്ഞിരുന്നുവോ?

നന്ദി പറഞ്ഞു് ഹസ്തദാനം ചെയ്തു് ഞാനെഴുന്നേറ്റപ്പോൾ അദ്ദേഹവും എഴുന്നേറ്റു് എന്റെ അടുത്തേക്കു് നീങ്ങി.

“നാരങ്ങ ചേർത്ത ഒരു സോഡാവെള്ളം കൂടി വാങ്ങാൻ ഭാസ്കരനോടു് പറയട്ടേ സാർ?”

*     *     *     *     * 

ഗൗതത്തിന്റെ വീട്ടുകാർ എന്റെ വിവരണം കേട്ടു് മൗനികളായി ഇരുന്നു. അല്പ്പസമയത്തിനുശേഷം അവന്റെ മുത്തച്ഛൻ എന്നോടു് ചോദിച്ചു:

“അപ്പൊ ഉടനെ ബാങ്കിൽ പോയി പൈസ പിൻവലിക്കാനാണോ പ്ലാൻ?”

“അതെ. മിക്കവാറും നാളെത്തന്നെ പോയി എടുക്കണം”

“ശരി, ആട്ടെ. നാളെ ബാങ്കിൽ പോയിട്ടു് എന്തുണ്ടായി എന്നും എത്ര പൈസകിട്ടി എന്നും നാളെ ഞങ്ങളോടു് പറയാമോ?”

അതു ഞാൻ സമ്മതിച്ചു.

അടുത്തദിവസം രാവിലെ ഒരുങ്ങി പാസ്ബുക്കും എന്റെ പേരിൽ “രംഗസ്വാമി” ഒപ്പിട്ട പത്തുലക്ഷത്തിന്റെ ഒരു ചെക്കും കൊണ്ടു് ഞാൻ ബാങ്കിലെത്തി. ഒരു ടോക്കൺ എടുത്തു് എന്റെ ഊഴം കാത്തുനിന്നു.

കൈയിലൊരു ബാഗുണ്ടു്. പൈസ അതിലിട്ടു് കൊണ്ടുപോകാം.

“ടോക്കൺ നമ്പർ 31”

ഞാൻ എഴുന്നേറ്റു് കൗണ്ടറിൽ ചെന്നു് ചെക്ക് നല്കി. തിരക്കു് കൂടുതലുള്ള സമയമാണു്. പാസ്ബുക്ക് പിന്നീടു് പതിയ്ക്കാം.

കാഷ്യർ ചെക്ക്‌ നമ്പരും പൈസയും മുന്നിലെ കമ്പ്യൂട്ടറിൽ ഫീഡ് ചെയ്തു. ഒരു നിമിഷം കഴിഞ്ഞപ്പോൾ അയാളുടെ മുഖത്തു് ഒരു അമ്പരപ്പു് പടർന്നു. അയാളെന്നെ വല്ലാത്തൊരു നോട്ടം നോക്കി.

തുടർന്നു് ഇന്റർകോം എടുത്തു് ആരോടോ സംസാരിക്കുന്നതു് കേട്ടു. രണ്ടു് സെക്കൻഡിനുള്ളിൽ തന്റെ ക്യാബിൻ തുറന്നു് മാനേജർ കാഷ്യറുടെ അടുത്തെത്തി. അവർ തമ്മിൽ എന്തോ അടക്കം പറഞ്ഞു. ഇടക്കു് കാഷ്യർ ചെക്കു് മാനേജർക്കു് കൊടുക്കുകയും കമ്പ്യൂട്ടർ സ്ക്രീൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു. വിശ്വാസം വരാത്ത മാനേജർ ആദ്യം എന്നെ ഒന്നു് നോക്കി. തുടർന്നു് കീബോർഡിൽ എന്തൊക്കെയോ ടൈപ് ചെയ്തു. ചെക്ക് തിരിച്ചും മറിച്ചും നോക്കി. തുടർന്നു് ട്യൂബ്ലൈറ്റിനെതിരേ പിടിച്ചു് കള്ളനോട്ടാണോ എന്നു് പരിശോധിക്കുന്നപോലെ നോക്കി.

“നിങ്ങളാണൊ ഈ ചെക്ക് കൊണ്ടുവന്നതു്? അതുശരി. എന്താ പേരു്? ചിതൽ? ശരി, എന്റെ കൂടെ വരൂ”

മാനേജരുടെ പിന്നാലെ ക്യാബിനിലേക്കു് കയറുമ്പോഴും എനിയ്ക്കൊന്നും മനസ്സിലായില്ല. എന്താ പ്രോബ്ലം?

(തുടരും...)