Friday, January 31, 2014

പ്രതിമ



പഞ്ചായത്തു പ്രസിഡന്റു് തലചൊറിഞ്ഞു.

‘വല്ലാത്ത പ്രശ്നം തന്നെ’. അയാളാലോചിച്ചു. ആവശ്യവുമായി വന്നിരിക്കുന്നവർ കരയിലെ പ്രമാണിമാരാണു്. അവരെ പിണക്കുന്നതു് ബുദ്ധിശൂന്യതയാവും. എന്നാൽ അവരുടെ ആവശ്യം അംഗീകരിക്കുന്നതും എളുപ്പമല്ല.

“പ്രസിഡന്റൊന്നും പറഞ്ഞില്ല” പ്രമാണിമാർക്കു് ക്ഷമ നശിക്കുന്നു.

പ്രശ്നം ഒരു പ്രതിമയാണു്.

പ്രമാണിമാരുടെ കാരണവർ കഴിഞ്ഞമാസം മരിച്ചു. പ്രതാപിയായിരുന്നു. ധനവാനായിരുന്നു. പഞ്ചായത്തിലെ നാലിലൊരുഭാഗം ഭൂമി ഒരുകാലത്തു് അയാളുടെ സ്വന്തമായിരുന്നു. ഇപ്പോഴും ആ തറവാട്ടിലെ അംഗങ്ങളെല്ലാം ഒരു കൂട്ടുകുടുംബമായി കഴിയുന്നതിന്റെ കാരണം ആ കാരണവരുടെ ദീർഘവീക്ഷണവും കുശാഗ്രബുദ്ധിയുമാണു്. തറവാട്ടുകാർക്കു് കൺകണ്ട ദൈവമാണു്.

എന്നാൽ എത്രത്തോളം അയാൾ ജീവിതത്തിൽ ഒരു വിജയിയായിരുന്നുവോ, അത്രത്തോളം അയാൾ ഒരു ക്രൂരനുമായിരുന്നു. ഗ്രാമവാസികളെക്കൊണ്ടു് അമിതജോലി ചെയ്യിച്ചും കുറച്ചു കൂലികൊടുത്തും അവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്തുമാണു് അയാൾ വളർന്നതു്. മിക്കവാറും എല്ലാവരും നിരക്ഷരരും പ്രാരാബ്ധക്കാരുമാണു്. മറ്റുമാർഗ്ഗമില്ലാതെയാണു് അവർ കാരണവരുടെയടുത്തു് ജോലിക്കു് ചെന്നിരുന്നതു്.

കാരണവരുടെ സുവർണകാലം അവസാനിച്ചിട്ടു് കുറച്ചായി. ഗ്രാമീണരിൽ പുതിയ തലമുറയിലെ പലരും വിദ്യാഭ്യാസം നേടിയവരാണു്. അവർക്കു് ഗ്രാമത്തിനുപുറത്തുപോയി ജോലിനേടാനും അവരുടെ കുടുംബം നോക്കാനും പ്രാപ്തിയായിരിക്കുന്നു. പോരാത്തതിനു് ആ വലിയ തറവാട്ടിലെ പ്രതാപികാരണവർക്കല്ലാതെ മറ്റാർക്കും അത്ര കാര്യശേഷിയോ ആജ്ഞാശക്തിയോ നാട്ടുകാർക്കിടയിൽ സ്വാധീനമോ ഇല്ല. എങ്കിലും അവരിന്നും ഗ്രാമത്തിലെ ഏറ്റവും ധനികരാണു്.

ഇപ്പോൾ അവരുടെ ആവശ്യം, മരിച്ചുപോയ കാരണവരുടെ പ്രതിമ പഞ്ചായത്തിൽ സ്ഥാപിയ്ക്കണം എന്നതാണു്. പ്രതിമയുടെ ചെലവു് അവർ വഹിച്ചോളും. പക്ഷെ പ്രതിമ സ്ഥാപിക്കാനൊരു സ്ഥലം പഞ്ചായത്തു് വിട്ടുനല്കണം.

ഇതാണവരുടെ ആവശ്യം. കാരണവരുടെ ദുഷ്‌പ്രവൃത്തികൾ നന്നായറിയാമായിരുന്ന പഞ്ചായത്തുപ്രസിഡന്റിനു് സ്ഥലമനുവദിക്കാൻ വിഷമമുണ്ടായിരുന്നു. എന്നാൽ അക്കാര്യം തറവാട്ടുകാരോടു് തുറന്നുപറയാൻ അയാൾക്കു് മടിതോന്നി. ആവശ്യം നിരാകരിച്ചാൽ അവർ കാരണം തിരക്കും. അതു് വിശദീകരിക്കുന്നതു് കൂടുതൽ കുഴപ്പം വരുത്തിവയ്ക്കും.

“നിങ്ങളുടെ ആവശ്യം സമ്മതിച്ചിരിക്കുന്നു. സ്ഥലം തരാം”

പ്രസിഡന്റ് ഞെട്ടി. തന്റെ മകനല്ലേ അതു്? അവനെന്തിനു് സ്ഥലം കൊടുക്കാൻ സമ്മതിക്കുന്നു?

അസഹ്യതയോടെ തന്നെ നോക്കുന്ന അച്ഛനെ ഒരുനോക്കുനോക്കി മകൻ തുടർന്നു:

“സ്ഥലം തരാം. അച്ഛനും സമ്മതിക്കും. പക്ഷെ പുഴക്കരയിലല്ല. എല്ലാവരും കാണുന്ന സ്ഥലത്താണു് പ്രതിമ സ്ഥാപിക്കേണ്ടതു്. കവലയിലെ ആലിനു ചുവട്ടിൽ പ്രതിമ സ്ഥാപിക്കാം. എന്തുപറയുന്നു?”

“മതി! ധാരാളം! അപ്പൊ അടുത്തമാസം പ്രതിമ അനാച്ഛാദനം. ചെലവുമുഴുവൻ ഞങ്ങൾ വഹിക്കാം. അന്നു നാട്ടുകാർക്കു് സദ്യയുമൊരുക്കും”

അവർ പോയശേഷം പ്രസിഡന്റ് മകനെ നേരിട്ടു.

“നീ എന്തുകണ്ടിട്ടാണു്...”

“ഉം! ആ കാരണവരൊരു ദുഷ്ടനാണെന്നും അയാളുടെ പ്രതിമ നാടിനു് ഒരനാവശ്യമാണെന്നും അറിയാഞ്ഞിട്ടല്ല. പക്ഷെ വന്നവരെ പിണക്കാതെ അയക്കാൻ ഒരു വഴിയുമില്ലായിരുന്നു. മാത്രവുമല്ല, അച്ഛൻ നോക്കിക്കോളൂ. ആ പ്രതിമ കാരണവർക്കും അയാളുടെ കുടുംബാംഗങ്ങൾക്കും ഒരപമാനമാവും”

അധികം താമസിയാതെ കവലയിൽ ആലിനുചുവടെ പ്രതിമ സ്ഥാപിതമായി. അന്നുമുതൽ ആ പ്രതിമ ആലിൽ താമസമാക്കിയിരുന്ന പക്ഷികളുടെ പുരീഷമേറ്റുവാങ്ങാൻ തുടങ്ങി. ഒരൊറ്റ രാത്രികൊണ്ടുതന്നെ പ്രതിമ അവിടെ സ്ഥാപിച്ചതിലെ ബുദ്ധിശൂന്യത തറവാട്ടുകാർക്കു് ബോധ്യമായി. അവർ ദിവസവും പ്രതിമ തേച്ചുകഴുകാൻ ഒരു ജോലിക്കാരനെ ഏർപ്പാടാക്കി. പക്ഷെ അയാൾ തന്റെ ജോലിയിൽ ശുഷ്കാന്തിയൊന്നും കാണിച്ചില്ല. പോരാഞ്ഞു് കാലം ചെല്ലുന്തോറും ആ പ്രതിമ വൃത്തിയായി സൂക്ഷിക്കുന്നതു് ഒരധികച്ചെലവായി തറവാട്ടുകാർക്കു തോന്നുകയും ചെയ്തു.

ആ പ്രതിമ ഇന്നും അവിടെത്തന്നെയുണ്ടത്രെ. കനത്ത ഒരു മഴ കഴിഞ്ഞാൽ ചിലപ്പോൾ പ്രതിമ ഇത്തിരി ഭംഗിവയ്ക്കും. എന്നാൽ മഴപെയ്യിച്ച പ്രകൃതിതന്നെ ആ പ്രതിമയെ താമസിയാതെ വീണ്ടും വിരൂപമാക്കും.