Tuesday, December 18, 2012

കാലചലനം - 1




ഞാൻ കൃത്യമായി ഓർക്കുന്നു - മദിരാശിയിൽ ഇടവം ആദ്യപകുതിയുടെ പൊള്ളുന്ന വെയിലിൽ കൂട്ടുകാരോടൊപ്പം ശീതളപാനീയം വലിച്ചുകുടിക്കുമ്പോൾ തുടങ്ങിയ ചർച്ചയാണു് ജീവിതത്തെ സ്വാധീനിച്ച ഒരു സംഭവത്തിന്റെ തുടക്കം.

ബഹുരാഷ്ട്ര കമ്പനിയുടെ പാനീയക്കുപ്പി കടയുടെ പടിയിൽ തിരിച്ചുവച്ചു് ചർച്ചക്കു് തുടക്കമിട്ടതു് ഞാൻ തന്നെയായിരുന്നു.

"ഹൗ! ഏഴു് രൂപ! ഒരു കുപ്പി കൂൾഡ്രിങ്ക്സിനുള്ള വില! ഇതു് ഉണ്ടാക്കാൻ കമ്പനിക്കു് എത്ര ചെലവാവുന്നുണ്ടാവും? ബാക്കി മുഴുവൻ ലാഭം! ഈ മദിരാശി നഗരത്തിൽ മാത്രം ഒരു ദിവസം പതിനായിരക്കണക്കിനു് കുപ്പി വിറ്റുപോകുന്നുണ്ടാവില്ലേ? അപ്പൊ എത്രകോടി അവരു് സമ്പാദിക്കുന്നുണ്ടാവും?!"

ഒഴിഞ്ഞ കുപ്പി തിരികെ കൊടുത്തു് ഒരു പാനീയക്കുപ്പി കൂടി ഓർഡർ ചെയ്തതല്ലാതെ ഗൗതം ഒന്നും പറഞ്ഞില്ല.

"ഇതാണു് നമുക്കു് പറഞ്ഞിട്ടുള്ളതു്! മാസശമ്പളമായി ഒരു സംഖ്യ കൈപ്പറ്റുക; അതിലൊരു ശതമാനം ഇതുപോലുള്ള ജീവിതസുഖങ്ങൾക്കായി നിത്യേന ചെലവാക്കുക! കൂൾഡ്രിങ്ക്സ്, പിസ, മാസത്തിൽ രണ്ടു് സിനിമ കാണുക - അതും നൂറും ഇരുന്നൂറും രൂപക്കു് ടിക്കറ്റെടുത്തു്; ഈരണ്ടു് മാസം കൂടുമ്പോൾ ഷർട്ടും പാന്റും വാങ്ങുക, ആഴ്ചേലു് ആഴ്ചേലു് മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം, മാസാമാസം പോണ്ടിച്ചേരി, മഹാബലിപുരം ട്രിപ് ഏസി ടാക്സിയിലു്, അവിടുത്തെ താമസം, പിന്നെ.... ഞാൻ പറയുന്നില്ല. ഇപ്പൊ മിണ്ടിയാൽ കാശുചെലവാണു്"

"അതു്, ചെലവുചുരുക്കി ജീവിക്കാൻ നിനക്കറിയാഞ്ഞിട്ടാണു്. ഈ നഗരത്തിലെ എല്ലാവർക്കും നിന്റെയത്ര ശമ്പളമില്ലല്ലോ? എന്നിട്ടും അവരു് കല്യാണവും കഴിച്ചു് കുടുംബവും കുട്ടികളുമായി സ്വസ്ഥമായി ജീവിക്കുന്നുണ്ടു്. എന്തേയ്?" രഘു ചോദിച്ചു.

"സത്യാ രഘൂ. ഈ നഗരത്തിലൊരു ജോലി കിട്ടി വന്നശേഷമല്ലേ നമ്മള് രണ്ടു് പേരും ജീവിതം ആസ്വദിച്ചുതുടങ്ങിയതു്? ജീവിക്കാൻ പണം വേണം. അതു് ഏതുവിധത്തിലായാലും സമ്പാദിക്കുകയും വേണം"

"എനിയ്ക്കെന്തോ, യോജിക്കാൻ തോന്നുന്നില്ല. എന്തുചെയ്തിട്ടായാലും കുറേ പൈസയുണ്ടാക്കുക; എന്നിടതുകൊണ്ടു് ആസ്വദിച്ചു ജീവിക്കുക. കേൾക്കുമ്പോൾ നല്ല സുഖമുണ്ടു്. പക്ഷെ നാളെ ഒരിക്കൽ ഇതൊന്നും ഇല്ലാതാവുന്ന ഒരു സന്ദർഭം വന്നാലോ? അന്നു് കഴിഞ്ഞ നാളുകളേ ഓർത്തു് വല്ലാതെ സങ്കടപ്പെടാം. അതിലും നല്ലതു്, ഉള്ളതുകൊണ്ടു് ഓണം പോലെ ജീവിക്കുന്നതല്ലേ?"

"നീ പറഞ്ഞതു് ഞാനംഗീകരിക്കുന്നു രഘു. അതുകൊണ്ടാണു് ഞാൻ പറഞ്ഞതു് - കുറേയധികം പൈസ പെട്ടെന്നു് സമ്പാദിക്കുക. കുറേ പൈസ എന്നുപറഞ്ഞാൽ വളരെയധികം. ഒരുപക്ഷെ നീ പറഞ്ഞമാതിരി ഒരു നാളെയെ നേരിടേണ്ടിവന്നാലും നമ്മുടെ തുണക്കു് കണക്കില്ലാത്ത സ്വത്ത് ഉണ്ടാവണം"

"ഇപ്പൊ ഗൗതമിനെ നോക്കു്. അവന്റെ കുടുംബം തുടങ്ങിവച്ചിട്ടുള്ള ബിസിനസ് മുഴുവൻ മേൽക്കുമേൽ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. അമാനുഷികമായ ഒരു ഉൾക്കാഴ്ചകൊണ്ടെന്നോണം അവർ കൃത്യമായി കാലം മാറുന്നതനുസരിച്ചു് തങ്ങളുടെ വ്യാപാരമേഖലകൾ മാറ്റുന്നു. വൻ ലാഭം നേടുന്നു. വെച്ചടിവെച്ചടി പുരോഗതിയുടെ പാതയിലാണവർ"

ഇത്രയുമായപ്പോഴേക്കു് ഞങ്ങൾ നടന്നു് വീട്ടിലെത്തിയിരുന്നു. ഞാൻ തുടർന്നു.

"ഗൗതം, നിന്നേപ്പോലെയാവാനാണു് എനിക്കിഷ്ടം. ഒരുപാടു് സമ്പത്തു്. വിചാരിച്ചതെന്തും സാധിക്കാനുള്ള അത്രയും. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു?"

ഗൗതം പതുക്കെ ഒന്നു് പുഞ്ചിരിച്ചു. എന്നിട്ടു് രഘുവിനെ ഒന്നു് നോക്കി. രഘുവിന്റെ മുഖത്തു് എന്നോടു് ഒരു ചെറിയ പുച്ഛമുണ്ടായിരുന്നു. പക്ഷെ ഗൗതം അതു് കണ്ടില്ലെന്നു് നടിച്ചു.

അവൻ അല്ലെങ്കിലും അങ്ങിനെയാണു്. സമ്പന്നതയുടെ നടുവിലേക്കു് ജനിച്ചുവീണതാണു് ഗൗതം. അവന്റെ കുടുംബത്തിനു് ഇല്ലാത്ത വ്യാപാരങ്ങളില്ല. പച്ചക്കറി-പലചരക്കു് കടകൾ നടത്തിയാണു് അവർ കച്ചവടം ആരംഭിച്ചതത്രെ. സൂപ്പർമാർക്കെറ്റ് തരംഗം വരുന്ന കാലത്തു് അവർ പെട്ടെന്നു് അതിലേക്കു് മാറി. തുടർന്നു് വൻ മാളുകൾ, ഷോപ്പിംഗ് കോംപ്ലെക്സുകൾ, മൾട്ടിപ്ലെക്സ് തീയെറ്ററുകൾ... ഏതൊരാശയവും ആദ്യമായി ചിന്തിക്കാനും അതിന്റെ ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി ആ പ്രോജക്റ്റുകളെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും അവന്റെ കുടുംബത്തിനു് വല്ലാത്ത ഒരു കഴിവുണ്ടായിരുന്നു. ഒപ്പം സ്ഥിരോൽസാഹിയായ ഒരു കൂട്ടുകുടുംബവ്യവസ്ഥിതി കൂടിയുണ്ടായപ്പോൾ അവർക്കു് കൈവന്ന അഭിവൃദ്ധി അസൂയാവഹം തന്നെയായിരുന്നു. ഇന്നു് ഏതാനും രാജ്യങ്ങളിലായി അവരുടെ സാമ്രാജ്യം അനുസ്യൂതം വളർന്നുകൊണ്ടിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഗൗതം ഒരിക്കലും തന്റെ സ്വത്തിന്റെ പിൻബലത്തിൽ അഴിഞ്ഞാടിയിട്ടില്ല. കൂട്ടത്തിൽ ഏറ്റവും വിവേകം കാണിക്കാറുള്ളതു് അവനാണു്. മിതഭാഷിയാണു്. ശനിയാഴ്ചകളിൽ കാശുവച്ചു് ശീട്ടുകളിക്കാൻ വിളിച്ചാൽ പോലും അവൻ പിന്മാറും. വളരെ ചുരുക്കി, ആവശ്യത്തിനു് മാത്രം ചെലവുചെയ്യുന്ന സ്വഭാവമാണു് അവന്റേതു്.

ഗൗതത്തെ പരിചയപ്പെട്ട കാലത്തു് ഞാൻ കരുതിയതു് ആളൊരു പിശുക്കനാണു് എന്നാണു്. ഒരിക്കൽ അവന്റെ തറവാട്ടിൽ ഒരവധിക്കു് പോയി 2 ദിവസം താമസിച്ചപ്പോഴാണു് അവന്റെ കുടുംബത്തിലെ - ആ വലിയ കൂട്ടുകുടുംബത്തിലെ എല്ലാവരും ഒതുങ്ങിയ ജീവിതം നയിക്കുന്നവരാണു് എന്നു് മനസ്സിലായതു്. അനാവശ്യമായ ആർഭാടങ്ങളില്ലാതിരുന്ന ആ വലിയ വീടു് എന്റെ സങ്കൽപ്പങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

തിരിച്ചുവന്ന ശേഷം ഞാനും രഘുവും അതേപ്പറ്റി ചോദിച്ചപ്പോൾ ഗൗതം ഇത്രയേ പറഞ്ഞുള്ളു:

"ഈ സ്വത്തൊക്കെ ഞങ്ങൾ ചുരുങ്ങിയ കാലയളവിൽ സമ്പാദിച്ചതാണു്. മുതിർന്നവരാരും കുമിഞ്ഞുകൂടുന്ന പൈസയുമായി പൊരുത്തപ്പെട്ടിട്ടില്ല. 'ആവശ്യമുള്ളതു് മാത്രം അവനവനു്' എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാണു് അവർ. ന്യായമായും പുതിയ തലമുറയായ ഞങ്ങളേയും അവർ വളർത്തിക്കൊണ്ടുവന്നതു് ആ മനഃസ്ഥിതി വച്ചാണു്. ഒരാൾക്കു് സുഖപ്രദമായി ജീവിക്കേണ്ടതൊക്കെ എന്റെ വീട്ടിൽ നിങ്ങൾ കണ്ടതല്ലേ? ഏസിയുണ്ടു്, കാറുണ്ടു്, നീന്തൽക്കുളമുണ്ടു്... അതിലുപരി സദാ ജ്വലിക്കുന്ന അനേകം വിളക്കുകളോ ആജ്ഞകൾക്കു് കാതോർത്തു് നിൽക്കുന്ന അസംഖ്യം പരിചാരകരോ ഒക്കെ ആവശ്യമില്ലാത്ത കാര്യങ്ങളല്ലേ?"

എനിക്കു് അവനോടു് അന്നു് കുറച്ചു് അസൂയയും കുറച്ചു് കുശുമ്പും കുറച്ചു് ബഹുമാനവും കൂടി സമ്മിശ്രമായി തോന്നി.

രഘു കുറേക്കൂടി എന്നേപ്പോലെയാണു്. ഇടത്തരം കുടുംബത്തിൽ ജനനം. ഇടത്തരം വിദ്യാലയങ്ങളിൽ പഠനം. ഇപ്പോൾ ഒരേതരം കമ്പനികളിൽ ജോലി. പക്ഷെ അവന്റെ ജീവിതസാഹചര്യങ്ങൾ അവനെ പ്രായോഗികബുദ്ധി പഠിപ്പിച്ചെങ്കിൽ ഏതാണ്ടു് അതേ ജീവിതസാഹചര്യങ്ങൾ എന്നെ ഒരു സുഖലോലുപനാക്കുകയാണു് ചെയ്തതു്.

അതുകൊണ്ടു് ഗൗതത്തിന്റെ പുഞ്ചിരിയും രഘുവിന്റെ നയം വ്യക്തമല്ലാത്ത മുഖഭാവവും അവഗണിച്ചു് ഞാൻ ഗൗതത്തിന്റെ നേരെ തിരിഞ്ഞു.

"നീ പറയൂ ഗൗതം - നിന്റെ കുടുംബത്തിനെപ്പോലെ പെട്ടെന്നു് പൈസക്കാരനാവാനുള്ള ഒരു പോംവഴി പറഞ്ഞുതാ"

"സ്വന്തം ജോലിയിൽ ആത്മാർത്ഥമായി മനസ്സുറപ്പിച്ചാൽ മാത്രം പോരേ? വിദേശങ്ങളിൽ പോയി ജോലിചെയ്യാനുള്ള അവസരങ്ങൾ ധാരാളം കിട്ടില്ലേ? ഏതാനും വർഷങ്ങൾക്കുള്ളിൽ..."

ഞാൻ കൈകാട്ടി അവനെ തടഞ്ഞു.

"ആ ടൈപ്പ് പണിയെടുക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞതു്. കാര്യമായ ബുദ്ധിമുട്ടൊന്നും കൂടാതെ പൈസ സമ്പാദിക്കണം. ഇപ്പൊ ഒന്നര കൊല്ലം മുമ്പ് നിന്റെ സഹോദരൻ തുച്ഛമായ വിലക്കു് 8-9 ഏക്കർ ഭൂമി വാങ്ങി. അന്നതു് വെറും തരിശ് നിലമായിരുന്നു. ഇപ്പൊ ദേ അതിനു തൊട്ടടുത്തു് ഒരു മാളും സ്കൂളും വന്നിരിക്കുന്നു. ഇപ്പൊ ആ സ്ഥലത്തിന്റെ മൂല്യം ചുരുങ്ങ്യേതു് ഒരു നാലിരട്ടിയായി കൂടിയില്ലേ? ആ സൈസ് പൈസേണ്ടാക്കണ കാര്യാ ഞാൻ പറഞ്ഞേ"

"ഓഹോ, അപ്പൊ മെയ്യനങ്ങാതെ പൈസക്കാരനാവണം, അല്ലേ? അങ്ങിനെ ഒരു വഴിയുണ്ടെങ്കിൽ നിനക്കു് പൈസക്കാരനാവാൻ പറ്റുമോ?"

"തീർച്ചയായും! നീയൊരു ഐഡിയ തന്നേ. ഞാൻ പൈസക്കാരനായി കാണിച്ചുതരാം!"

തോർത്തുമുണ്ടെടുത്തു് കുളിക്കാൻ പോവുകയായിരുന്ന രഘു എന്റെ വീരവാദം കേട്ടു് അങ്ങോട്ടു് വന്നു.

ഗൗതം തുടർന്നു: "ഇല്ലെടാ ചിതലേ. ഒരവസരം തന്നാലും പൈസയുണ്ടാക്കാൻ അത്രയെളുപ്പമല്ല. എന്റെ അഭിപ്രായത്തിൽ അദ്ധ്വാനിച്ചും സ്വന്തം കഴിവുകൊണ്ടും ധനം സമ്പാദിക്കുന്നതാണു് നല്ലവഴി"

ഏതായാലും ഞങ്ങൾ തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കൊടുവിൽ ഗൗതം എനിക്കും രഘുവിനും ഒരു വലിയ രഹസ്യം പകർന്നു:

"അതായതു്, എന്റെ കുടുംബം എങ്ങിനെ കുറച്ചുവർഷങ്ങൾ കൊണ്ടു് ഇത്രയും ഉയർച്ചനേടീ എന്നു് നിങ്ങൾ രണ്ടുപേരും പലതവണ ചോദിച്ചിട്ടുണ്ടല്ലോ. ഞാനാ രഹസ്യം പറയാം. ഇതൊന്നും മറ്റാരോടും പറയരുതു് എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ? എങ്കിൽ കേട്ടോളൂ"

"എന്റെ ഒരു ബന്ധു പണ്ടു് മിലിട്ടറിയിൽ ശാസ്ത്രജ്ഞനായിരുന്നു. സായുധസേനക്കു് ഉപകാരപ്രദമാകുന്ന പല പരീക്ഷണങ്ങളും നടത്തുക എന്നതായിരുന്നു അദ്ദേഹത്തിനും കൂട്ടർക്കുമുള്ള ദൗത്യം. അത്തരത്തിൽ ഉള്ള ഒരു പരീക്ഷണമായിരുന്നു സമയസഞ്ചാരം. Time travel"

"അതായതു്, നമ്മൾ ഭാവിയിലേക്കു് സഞ്ചരിക്കുന്നു. എന്നിട്ടു് ദേശത്തിനു് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികളെ ഭാവിയിൽ നേരിടേണ്ടിവരുന്നുണ്ടോ എന്നു് നിരീക്ഷിക്കുന്നു. ഉണ്ടെങ്കിൽ തക്ക മുൻകരുതലുകളെടുക്കാൻ രാഷ്ട്രത്തിനു് വളരെ എളുപ്പമാകും. അതുപോലെ ഏതെങ്കിലും അപകടം സംഭവിച്ചുവെങ്കിൽ സമയത്തിലൂടെ പിന്നിലേക്കു് സഞ്ചരിച്ചു് അപകടത്തെ തരണം ചെയ്യാം. ഇതൊക്കെയായിരുന്നു അദ്ദേഹത്തിനു് ലഭിച്ച പരീക്ഷണത്തിന്റെ ലക്ഷ്യം"

"അവർ എത്രത്തോളം വിജയിച്ചു എന്നെനിക്കറിയില്ല. എന്നാൽ എന്റെ വീട്ടിൽ അദ്ദേഹം പണ്ടു് നിർമ്മിച്ച ഒരു prototype പേടകമുണ്ടു് - ഭൂതകാലത്തിലേക്കു് നമ്മെ നയിക്കുന്ന ഒരു പേടകം. ഞങ്ങൾ ആ പേടകത്തിന്റെ സാധ്യതകളുപയോഗപ്പെടുത്തിയാണു് ധനികരായതു്"

ഞാനും രഘുവും കണ്ണുകൾ മാക്സിമം വികസിച്ച അവസ്ഥയിൽ വായും പൊളിച്ചിരിക്കുകയായിരുന്നു. ഗൗതം പറഞ്ഞതൊന്നും ഞങ്ങൾ വിശ്വസിച്ചിട്ടില്ല എന്നുള്ളതു് ഞങ്ങളവനോടു് തുറന്നുപറയുകയും ചെയ്തു.


"എനിക്കൽഭുതമില്ല. പെട്ടെന്നു് കേട്ടാൽ ആരും വിശ്വസിക്കില്ല. പക്ഷെ സത്യമാണു്. എന്റെ കുടുംബാംഗങ്ങളെല്ലാവരും - ഞാനടക്കം - ആ പേടകത്തിലൂടെ യാത്രചെയ്തിട്ടുണ്ടു്. ഭൂതകാലം ദർശിച്ചിട്ടുണ്ടു്. ആ സന്ദർഭങ്ങളിൽക്കൂടി ലഭിച്ച അറിവു ചൂഷണം ചെയ്തു് ധനം നേടിയിട്ടുണ്ടു്. എന്നാൽ പേടകത്തിന്റെ ഉപയോഗം അനിയന്ത്രിതമായിത്തീർന്ന ഒരവസരത്തിൽ ഞങ്ങളെല്ലാവരും ചേർന്നു് ഒരു തീരുമാനമെടുത്തു. ഡീറ്റെയിൽസ് ഒന്നും ഞാൻ പറയുന്നില്ല. കഴിവതും പേടകം ഉപയോഗിക്കില്ല എന്നാണു് തീരുമാനം. അതുകൊണ്ടു് അതു് വീട്ടിലെ ഒരു മുറിയിൽ കിടപ്പുണ്ടു്. നിനക്കു് ഉപയോഗിക്കാൻ ഞാൻ വിട്ടുതരാം. ആവശ്യമുള്ളപ്പോൾ എന്റെ വീട്ടിൽ വന്നാൽ മതി"

"ങാ, പിന്നെ ചില കാര്യങ്ങൾ. ഒന്നു് - പരീക്ഷണത്തിന്റെ ഒരു ഘട്ടത്തിൽ നിർമ്മിച്ച പേടകമായതുകൊണ്ടു് അതിന്റെ കഴിവുകൾ പരിമിതമാണു്. ഭൂതകാലത്തിലേക്കും തിരിച്ചു് വർത്തമാനത്തിലേക്കും മാത്രമേ യാത്രചെയ്യാനാവൂ. അതുപോലെ, ഭൂതകാലം എന്നുവച്ചു് പ്രപഞ്ചോൽപ്പത്തി വരെയൊന്നും പോകാൻ പേടകത്തിനു് കെൽപ്പില്ല. ഏറിയാൽ ഒരു പത്തുനൂറ്റാണ്ടു് പിന്നിലേക്കു് പോകാം. അതിനുള്ളിൽ കാണിക്കാവുന്ന വിക്രസ്സുകളൊക്കെ പ്ലാൻ ചെയ്തോ. മൂന്നു് - നീ തിരിച്ചുവന്ന ശേഷം നിന്റെ അനുഭവങ്ങൾ - നല്ലതായാലും ചീത്തയായാലും - വള്ളിപുള്ളി വിടാതെ എന്റെ കുടുംബത്തിലെല്ലാവരേയും പറഞ്ഞുകേൾപ്പിക്കണം. ഓക്കെ?"

അന്നത്തെ പകൽ മുഴുവൻ ആലോചിച്ചു് ഞാൻ ഒരു പദ്ധതി തയ്യാറാക്കി. രാത്രി ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി ഓർഡർ കൊടുത്ത ശേഷം അടുത്തെങ്ങും ആരുമില്ലെന്നു് ഉറപ്പുവരുത്തി ഞാൻ തയ്യാറാക്കിവച്ച പ്ലാൻ ഗൗതമിനോടും രഘുവിനോടും അവതരിപ്പിച്ചു.

"നൂറ്റാണ്ടുകളൊന്നും വേണ്ട. ഏതാനും പതിറ്റാണ്ടുകൾ പിന്നിലേക്കു് പോവുക. ഇപ്പോൾ കൈയിലുള്ള പൈസമുഴുവൻ ഒരു ബാങ്കിൽ അക്കൗണ്ട് തുടങ്ങി അതിൽ നിക്ഷേപിക്കുക. തിരിച്ചു് വർത്തമാനത്തിലെത്തുമ്പോഴേക്കു് ആ അക്കൗണ്ടിലെ പൈസ കോടികളായിട്ടുണ്ടാവും. തൽക്കാലം അതുവച്ചു് ഒരു വിലസൽ വിലസാം. എങ്ങിനെയുണ്ടു് ഐഡിയ?"

അതു് കൊള്ളാവുന്ന ഒരു പ്ലാനാണെന്നു് രഘുവും ഗൗതവും സമ്മതിച്ചു. മാത്രമല്ല, രണ്ടാഴ്ച കഴിഞ്ഞാൽ ഞാനും ഗൗതവും കൂടി അവന്റെ വീട്ടിൽ ചെന്നു് പ്ലാൻ ഡിപ്ലോയ് ചെയ്തുനോക്കാനും ധാരണയായി.

അന്നത്തെ ഹോട്ടൽ ഭക്ഷണത്തിന്റെ ബിൽ ഞാൻ കൊടുത്തു.



(തുടരും)  

Tuesday, November 20, 2012

കൺഫ്യൂഷൻ തീർക്കണമേ - 2


കൺഫ്യൂഷൻ തീർക്കണമേ തരക്കേടില്ല എന്നു് പലരും അഭിപ്രായപ്പെട്ടു. സന്തോഷം. ഒപ്പം, "ഇത്ര വാക്കുകളേ ഉള്ളു? ഇനിയും ഇല്ലേ?" എന്നൊരു സംശയവും 1-2 പേർ ചോദിച്ചു. അവരുടെ പ്രോത്സാഹനത്താൽ നേരത്തേ ചേർക്കാഞ്ഞ ചില വാക്കുകൾ കൂടി ഉൾപ്പെടുത്തിയിടുന്ന പോസ്റ്റാണിതു്.

അധികം പ്രചാരമില്ലാത്തതുകൊണ്ടും എഴുതാൻ പറ്റിയ തമാശകളൊന്നും ഉണ്ടായിട്ടില്ലാത്തതുകൊണ്ടും ആണു് ആദ്യഭാഗത്തു് ഇവയെ ഉൾപ്പെടുത്താഞ്ഞതു് എന്നും പറയട്ടേ.

Awesome - Awful എന്ന വാക്കുകൾ തമ്മിൽ പരസ്പരം മാറിപ്പോകാറുള്ള ഒരു ഉത്തരേന്ത്യക്കാരനെ പറ്റി കേട്ടിട്ടുണ്ടു്. പരീക്ഷ കഴിഞ്ഞു് വിഷണ്ണനായി വന്നു് "exam was awesome" എന്നു് പറഞ്ഞു് സഹപാഠികളുടെ തെറി മുഴുവൻ സ്പോട്ടിൽ വച്ചു് കേട്ട വിദ്വാൻ.


Complaint - Compliant എന്നീ വാക്കുകളിൽ ആദ്യത്തേതിനു് പരാതി എന്നും രണ്ടാമത്തേതിനു് ചേരുന്നവ, യോജിച്ചു് പോവുന്നവ, അനുസരിക്കുന്നവ എന്നൊക്കെയാണു് അർത്ഥം. സ്പെല്ലിങ്ങിലുള്ള വ്യത്യാസം ശ്രദ്ധിച്ചുവല്ലോ, അല്ലേ?

2000ആം ആണ്ടിനു മുമ്പു് Y2K എന്നൊരു പ്രശ്നം നിലനിന്നിരുന്നു. അതായതു്, കമ്പ്യൂട്ടറിൽ "കൊല്ലം" ഓർത്തുവച്ചിരുന്നതു് അവസാനത്തെ രണ്ടക്കം മാത്രമായിരുന്നു. അപ്പൊ 2000 എന്നതു് 00 എന്നാവും വളരെ പഴയ കമ്പ്യൂട്ടറുകൾ മനസ്സിലാക്കുക. ഇത്തരം കമ്പ്യൂട്ടറുകൾ 2000 ആണ്ടായാൽ ഉപയോഗശൂന്യമാവും എന്നതാണു് പ്രശ്നം. അത്തരം കമ്പ്യൂട്ടറുകൾക്കു് Y2K complaint ഉണ്ട് എന്നു് പറയാം.


Y2K കുഴപ്പമില്ലാത്ത കുറേ കമ്പ്യൂട്ടറുകളെക്കുറിച്ചു് "they are Y2K complaint" എന്നു് പഠനറിപ്പോർട്ട് അയച്ച ഒരു കമ്പ്യൂട്ടർ സർവീസ് എഞ്ജിനിയറെ എനിക്കറിയാം. അദ്ദേഹത്തിനു് അച്ചടിപ്പിശാചു് നേരിടേണ്ടിവന്നതാണെന്നും ഉപബോധമനസ്സിലെ തെറ്റല്ലെന്നും നമുക്കാശ്വസിക്കാം.

Minimum - Maximum എന്നീ വാക്കുകൾ തമ്മിൽ മാറിപ്പോകുന്ന ഒരു ഹോട്ടൽ വെയിറ്റർ തൃശൂരിലുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ വന്നിരിക്കുന്നവർ, "ലേറ്റാവുമോ?" എന്നു ചോദിച്ചാൽ, "ഏയ്, മിനിമം 20 മിനിട്ട് മാത്രം" എന്നു് പറയുമായിരുന്നു അയാൾ.



ഒരിക്കൽ "മിനിമം 20 മിനിട്ടോ?!!" എന്നു് ആശങ്കപ്പെട്ടവരോടു് "മാക്സിമം 20 മിനുട്ടാവാഞ്ഞതു് നിങ്ങളുടെ ഭാഗ്യം!" എന്നാണു് ഈ വിദ്വാൻ മറുപടി പറഞ്ഞതു്.


ഇത്രയും പറഞ്ഞപ്പോൾ ചിതലിനു് കൺഫ്യൂഷൻ വരുന്ന വാക്കുകളില്ലേ എന്നു് ചിലരെങ്കിലും ചോദിച്ചേക്കാം. ഉവ്വു് മാലോകരെ, അത്തരം 2 വാക്കുണ്ടു്.


Dictionary - Directory എന്നിവയാണു് ആ വാക്കുകൾ. കീറാമുട്ടിയല്ലെങ്കിലും എന്നെ ചിലപ്പൊഴെങ്കിലും കുഴയ്ക്കുന്ന വാക്കുകൾ

Saturday, October 13, 2012

ഒരു അയർലൻഡ് വീരഗാഥ



കഴിഞ്ഞ കൊല്ലം ഔദ്യോഗികമായി അയർലൻഡിൽ പോയപ്പോൾ സംഭവിച്ച ഒരു അബദ്ധം പറയട്ടെ?

യൂറോപ്പിൽ ഇംഗ്ലണ്ടിനടുത്തു് കിടക്കുന്ന ഒരു ദ്വീപു് രാജ്യമാണു് ഐർലൻഡ്. ഇംഗ്ലീഷ് തന്നെയാണു് ഭാഷ എന്നതുകൊണ്ടു് ആശയവിനിമയത്തിനു് ബുദ്ധിമുട്ടില്ല.

ഭക്ഷണകാര്യത്തിൽ ബുദ്ധിമുട്ടുള്ളതു് ഉപ്പു്-മുളകു്-പുളി ഇത്യാദി ചേർക്കാത്തതിനാലാണു്. പ്രത്യേകിച്ചു് ഒരു രുചി എന്നു് പറയാൻ നമുക്കു് തോന്നില്ല. അതുകൊണ്ടു് വിളമ്പുന്ന ഭക്ഷണത്തിലൊക്കെ ആവശ്യാനുസരണം ഉപ്പും കുരുമുളകും ഞാൻ ചേർത്തുകൊണ്ടിരുന്നു.

ഒരു വൈകിയ സായാഹ്നം.

ഹോട്ടലിലെ റെസ്റ്റൊറന്റിൽ ഞാൻ ചെന്നിരിക്കുന്നു. ആദ്യമായി ഒരു സൂപ് ഓർഡർ ചെയ്യുന്നു. എന്നിട്ടു് ചുറ്റും നോക്കി.

അടുത്ത ടേബിളിൽ എഴുപതിനോടടുത്തു് പ്രായം തോന്നിക്കുന്ന ഒരു സായിപ്പും മദാമ്മയും ഇരിക്കുന്നുണ്ടു്. ഞാൻ വിദേശിയായതിനാൽ അവർ ഇടക്കു് എന്നെ ശ്രദ്ധിക്കുന്നുമുണ്ടു്.

ഞാൻ അവരെ നോക്കി പതുക്കെ ഒന്നു് പുഞ്ചിരിച്ചു. പ്രതികരണമായി അവരും പുഞ്ചിരിച്ചു.

സൂപ് എത്തി. കുരുമുളകു പൊടിക്കലും സൂപ്പിന്റെ മുകൾഭാഗം അലങ്കരിക്കലും തുടങ്ങി.

കുരുമുളകു പൊടിക്കുക എന്നു പറഞ്ഞാൽ - ഒരു ചെറിയ ഡിസ്പെൻസറിൽ കുരുമുളകു് ഇട്ടുവച്ചിരിക്കും. അടപ്പു് അല്പം ബലം പ്രയോഗിച്ചു് തിരിച്ചാൽ അകത്തുള്ള കുരുമുളകു് പൊടിഞ്ഞു് സുഷിരങ്ങളിലൂടെ പുറത്തുവരും. ആവശ്യാനുസരണം എടുക്കാം.

അടപ്പു തിരിക്കുമ്പോൾ നല്ല കിരുകിരാ ശബ്ദം. പഴയ ഡിസ്പെൻസറായിരിക്കും.

കർ....കർ.....കർ.....കർ.....

ഞാനങ്ങിനെ നിർബാധം കുരുമുളകു് പൊടിക്കുന്നതിനിടക്കു് വെറുതെ ഒന്നു് തലപൊക്കിനോക്കി. ദേ, സായിപ്പും മദാമ്മയും എന്നെത്തന്നെ നോക്കിയിരിക്കുന്നു!

“സോറി, പഴയ ഡിസ്പെൻസർ ആണെന്നു് തോന്നുന്നു. വല്ലാത്ത ശബ്ദം!”

“അതു് സാരമില്ല. പക്ഷെ നിങ്ങൾ എത്ര കുരുമുളകാണു് കഴിക്കുന്നതു്! നിങ്ങൾക്കു് ഇതെങ്ങിനെ സാധിക്കുന്നു?!”

“മാഡം, ഐ ആം ഫ്രം ഇന്ത്യ - ഫ്രം കേരള - ദി ലാൻഡ് ഓഫ് പെപ്പർ. ഞങ്ങൾക്കു് എന്തിനും ഏതിനും കുരുമുളകു് നിർബന്ധമാണു്. എനിക്കു് ഇതൊക്കെ ശീലമാണു്”

“സോ യൂ ലവ് പെപ്പർ സോ മച്ച്?”

“യേസ് യേസ്. പക്ഷെ ഈ പെപ്പർ കൊള്ളില്ല. ഇതിനു് എരിവു് കുറവാണു്. ഞങ്ങളുടെ നാട്ടിൽ വളരുന്ന കുരുമുളകിനു് എരിവും വീര്യവും കൂടും. അന്താരാഷ്ട്രവിപണിയിൽ പോലും നല്ല പേരാണു്. എന്തിനു്, എന്റെ വീട്ടിൽ വളരുന്ന കുരുമുളകിനുപോലും ഇതിലും സ്വാദുണ്ടു്”

മദാമ്മ അത്ഭുതംകൊണ്ടു് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു് എന്റെ അടുത്തുവന്നു.

“സോ യൂ കൾട്ടിവേറ്റ് പെപ്പർ?!”

പാവം വിദേശി. ഞാനൊരു കുരുമുളകു് കർഷകനാണെന്നു് അവർ തെറ്റിദ്ധരിച്ചിരിക്കുന്നു. കാര്യം വീട്ടിൽ കുരുമുളകുണ്ടെങ്കിലും കൃഷിയൊന്നുമില്ല. ഒരു കൊടി അതിന്റെ പാട്ടിനു് വളരുന്നുണ്ടു്. അതിൽ നിന്നു കിട്ടുന്നതു് കഷ്ടി ഞങ്ങളുടെ ആവശ്യത്തിനു് തികയും. പക്ഷെ മദാമ്മക്കു് മനോവിഷമം ഉണ്ടാക്കുന്നതു് മോശമല്ലേ? അതും വിദേശിയായ ഞാൻ അവരുടെ നാട്ടിൽ വച്ചു്?

“ഒഫ് കോഴ്സ്! ഐ ആം എ പെപ്പർ ഫാർമർ!”

ഹും! മലയാളിയായ ഞാൻ; കുരുമുളകിന്റെ സ്വന്തം നാട്ടിൽ നിന്നു് വരുന്ന ഞാൻ; വീട്ടിൽ പ്രതിവർഷം അര-മുക്കാൽ കിലോ കുരുമുളകുൽപ്പാദിപ്പിക്കുന്ന ഞാൻ; തീർച്ചയായും ഞാനൊരു കുരുമുളകു കർഷകൻ തന്നെ. മാത്രമല്ല, വേണ്ടിവന്നാൽ ഞാനൊരു റബർ കർഷകനാവും. കൊക്കോ കർഷകനാവും. ഇഞ്ചി-ഗ്രാമ്പൂ-ഏലം കർഷകനാവും. ചക്ക-തേങ്ങ-മാങ്ങ...

“സോ, വർഷാവർഷം എത്ര കുരുമുളക്‌ ഉല്പാദിപ്പിക്കാറുണ്ടു് നിങ്ങൾ?”

ദൈവേ.. പെട്ടു. മദാമ്മ കാര്യമായിട്ടാണു്. ഏതായാലും തുടങ്ങിവച്ചതു് വൃത്തിവെടിപ്പാക്കി പൂർത്തിയാക്കാം.

ഇത്ഥം വിചാരിച്ചു് കേരളത്തിനെക്കുറിച്ചും അവിടുത്തെ കാലാവസ്ഥയെക്കുറിച്ചും കാലവർഷത്തെക്കുറിച്ചും സഹ്യനെക്കുറിച്ചും സർക്കാരിനെക്കുറിച്ചും നാട്ടിൽ വിളയുന്ന സുഗന്ധവ്യഞ്ജനങ്ങളേക്കുറിച്ചും ഞാനൊരു കാച്ചു് കാച്ചി. കേരളത്തിൽ ഞാനുൾപ്പെടെ ഒട്ടുമിക്കവരും കർഷകരാണെന്നും കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നും ഞങ്ങൾ ലോകത്തിലെ ഏറ്റവും ഉന്നതമൂല്യമുള്ളവരാണെന്നു് അവകാശപ്പെടുന്നില്ലെങ്കിലും ഏതാണ്ടു് അതിനടുത്തു് നിൽക്കും എന്നും പറഞ്ഞു് വാഗ്ധോരണി നിർത്തി.

കണ്ണുകൾ വികസിച്ചു് കേട്ടതൊന്നും വിശ്വസിക്കാനാവാതെ തരിച്ചുനിന്ന മദാമ്മ 2-3 നിമിഷം കഴിഞ്ഞു് ഭർത്താവിനെ വിളിച്ചു.

“ജെയിംസ്, കം ഹിയർ. ലിസൺ റ്റു വാട്ട് ദിസ് ജെന്റിൽമാൻ ഗോട്ട് റ്റു സേ!”

എന്നിട്ടും ജെയിംസ് സീറ്റിൽ നിന്നെഴുന്നേൽക്കാഞ്ഞപ്പോൾ മദാമ്മ അയാളുടെ അടുത്തുചെന്നു് അടക്കത്തിൽ എന്തോ സംസാരിക്കാൻ തുടങ്ങി. എന്നെക്കുറിച്ചു തന്നെ, സംശയമില്ല. അതറിയാൻ താല്പര്യമുണ്ടായിരുന്നെങ്കിലും ഒരു വിരക്തനെപ്പോലെ ഞാൻ കുരുമുളകുതീറ്റ തുടർന്നു.

അപ്പോൾ മദാമ്മ മുന്നിലും സായിപ്പ് പിന്നിലുമായി എന്റെ ടേബിളിൽ വന്നു. എന്നോടനുവാദം ചോദിച്ചിട്ടു് അവർ എനിക്കഭിമുഖമായി ഇരുന്നു.

ഞാൻ വിരലുകൾ കൂട്ടിപ്പിണച്ചു് മേശപ്പുറത്തു വച്ചു് മുന്നോട്ടാഞ്ഞു് “യേസ്?” എന്നമട്ടിൽ ഇരുവരേയും നോക്കി.

“ലുക് മി. ചിതൽ. ഞങ്ങൾ ആലോചിക്കുകയായിരുന്നു: ഞങ്ങളുടെ കമ്പനി പശ്ചിമയൂറോപ്പിൽ സുഗന്ധവ്യഞ്ജനങ്ങൾ വിതരണം ചെയ്യുന്ന ഒരു ശൃംഖല തുടങ്ങാനുള്ള പുറപ്പാടിലാണു്. പക്ഷെ ഇപ്പോഴത്തെ നിലയിൽ കർഷകരിൽ നിന്നു് നേരിട്ടു് വാങ്ങാനുള്ള സംവിധാനമായിട്ടില്ല. താങ്കൾക്കു് സമ്മതമാണെങ്കിൽ നാട്ടിൽനിന്നു് കുറച്ചു് സാമ്പിളുകൾ ഞങ്ങൾക്കയച്ചുതരൂ. മുന്തിയ ഇനം സ്പൈസസ് ആണെങ്കിൽ നമ്മൾ തമ്മിൽ ഒരുപക്ഷെ അതൊരു വ്യാപാരകരാറിൽ കലാശിച്ചേക്കും. എന്തുപറയുന്നു?”

ഒന്നും പറയാതെ അവരുടെ വിസിറ്റിംഗ് കാർഡും വാങ്ങി അടുത്തയാഴ്ച്ച വിമാനം കേറി തിരിച്ചു് ബാംഗ്ലൂരിലെത്തിയിട്ടു് ഒന്നിൽചില്വാനം കൊല്ലമായി. ഇപ്പോഴും ധാരാളം കുരുമുളകുപൊടി തിന്നാറുണ്ടു് എന്നതൊഴിച്ചു് ഞാനവർക്കു് സാമ്പിൾ അയച്ചുകൊടുക്കാനും മെനക്കെട്ടിട്ടില്ല അവരെന്നെയോ തിരിച്ചോ ബന്ധപ്പെടാനും ശ്രമിച്ചിട്ടില്ല.

എന്നിട്ടു് പുളുവടിക്കു് വല്ല കുറവുമുണ്ടോ? ഏയ്..