Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Wednesday, August 31, 2011

ഒരു മലയാളം ഫോണ്ടുണ്ടാക്കിയാലോ -5



ലിഗേചർ ഭാഗം ഒന്നു്

ലിഗേചർ എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് ഒന്നിലധികം ഗ്ലിഫുകൾ ചേരുമ്പോൾ ഉണ്ടാകുന്ന ഒറ്റ ഗ്ലിഫ്. അതായതു്, ഒന്നിലധികം അക്ഷരങ്ങൾ ചേർന്നുണ്ടാകുന്ന അക്ഷരസമൂഹത്തെ ഒറ്റ അക്ഷരരൂപം കൊണ്ടു് ആദേശം ചെയ്യൽ എന്നു് കഷ്ടിച്ചു് പറയാം.

ഉദാഹരണത്തിനു്, "ക്ക" എന്നതു് ഒരു ഒറ്റയക്ഷരരൂപമാണു്. ക + ചന്ദ്രക്കല ചിഹ്നം + ക = ക്ക എന്നു് പറയാം.

മറ്റു ചില ഉദാഹരണങ്ങൾ:

റ + ചന്ദ്രക്കല + റ = റ്റ
ക + ചന്ദ്രക്കല + ല = ക്ല
ഗ + ചന്ദ്രക്കല + ദ + ചന്ദ്രക്കല + ധ = ഗ്ദ്ധ
ഗ + ചന്ദ്രക്കല + ദ + ചന്ദ്രക്കല + ധ + ഉ ചിഹ്നം = ഗ്ദ്ധു

ഇതാണു് ഭാഷയിൽ കൂട്ടക്ഷരം നിർമ്മിക്കുന്നതിനുള്ള ഘട്ടങ്ങൾ. ഫോണ്ടിൽ കൂട്ടക്ഷരങ്ങൾ സൃഷ്ടിക്കുമ്പോൾ ഏതാണ്ടു് ഇതേ രീതിയാണു് നാം പിൻതുടരുക.

 ലിഗേചർ ഉണ്ടാക്കാൻ രണ്ടു് മാർഗ്ഗങ്ങളുണ്ടു്. ആദ്യത്തേതു്, എല്ലാ കൂട്ടക്ഷരങ്ങളും പ്രത്യേകം പ്രത്യേകം ഉണ്ടാക്കി അക്ഷരക്കൂട്ടങ്ങളെ ആദേശം ചെയ്യിക്കലാണു്. രണ്ടാമത്തേതു്, പൊതുവായ ആദേശങ്ങളെ ചേർത്തു് ഒറ്റ നിയമമാക്കി ഏതൊക്കെ നിയമം എപ്പോഴൊക്കെ പാലിക്കണം എന്നു് നിഷ്കർഷിക്കലാണു്. രണ്ടും ഞാൻ പ്രതിപാദിക്കാം, ട്ടൊ. പതുക്കെപ്പതുക്കെ... സ്ലോലി സ്ലോലി..

മലയാളം അക്ഷരരൂപങ്ങളുടെ പൊതുതത്വങ്ങൾ വിവരിക്കുന്ന ഒരു പേജ് മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റിൽ ഉണ്ടു് :
http://www.microsoft.com/typography/OpenType%20Dev/malayalam/intro.mspx

ആദ്യത്തെ പേജിൽ ഹിന്ദി കണ്ടു് മുഖം ചുളിക്കണ്ട. പേജിന്റെ അവസാനത്തിൽ അടുത്ത പേജുകളിലേക്കുള്ള ലിങ്കുകൾ ഉണ്ടു്. അവ ക്ലിക് ചെയ്താൽ കൂടുതൽ വിവരങ്ങൾ കിട്ടും.

ഇവിടെയാണു് സീറോ വിഡ്ത് ജോയിനർ, സീറോ വിഡ്ത് നോൺ-ജോയിനർ എന്നിവയുടെ ആവശ്യം വിവരിച്ചിരിക്കുന്നതു്. ഞാൻ അധികപ്രസംഗിയാകുന്നില്ല, പേജുകൾ വായിച്ചു മനസ്സിലാക്കുമല്ലൊ.

അപ്പൊ ആദ്യത്തെ രീതിയിൽ കൂട്ടക്ഷരങ്ങളുണ്ടാക്കാൻ തുടങ്ങാം?

ആദ്യം വേണ്ടതു്, നമ്മൾ ഇതുവരെ ഉണ്ടാക്കിയ അക്ഷരങ്ങൾ വച്ചു് കൂട്ടക്ഷരമുണ്ടാക്കാൻ സാധിക്കുമോ എന്നു് പരിശോധിക്കലാണു്.

ക്ല എന്ന കൂട്ടക്ഷരം ശ്രദ്ധിച്ചാൽ മനസ്സിലാവും - ക എന്ന അക്ഷരവും ല എന്ന ചിഹ്നവും നമ്മൾ വെവ്വേറെ തയ്യാറാക്കിയിട്ടുണ്ടു്. അതുകൊണ്ടു് അവ ഒരുമിച്ചു് ഒരു ഗ്ലിഫ് സ്ഥാനത്തു് സ്ഥാപിച്ചാൽ കാര്യം എളുപ്പമായി.

ഫോണ്ട്ഫോർജിൽ നമ്മൾ ഇതുവരെ ഉണ്ടാക്കിയ ഫോണ്ട് തുറന്നു് "എൻകോഡിംഗ്" എന്ന മെനുവിൽ "ആഡ് എൻകോഡിംഗ് സ്ലോട്ട്സ്" എന്ന ഓപ്ഷൻ എടുക്കുക


അപ്പൊ ഫോണ്ട്ഫോർജ് ഒരു ചോദ്യം നമ്മുടെ നേരെ എറിയും:





നമ്മോടു് ഫോണ്ട്ഫോർജ് ചോദിക്കുന്നതു്, "ഗഡ്യേ, എത്ര പുതിയ ഗ്ലിഫ്ഫുകൾ ഉണ്ടാക്കാനാ പ്ലാൻ?" എന്നാണു്. തൽക്കാലം ഒന്നു് മതി. അതുകൊണ്ടു് 1 എന്നു് പറഞ്ഞു് ഓക്കെ ക്ലിക് ചെയ്യുക.

ഇനി വിൻഡോയുടെ അവസാനം വന്നാൽ പുതിയ ഒരു ഗ്ലിഫ് ഏരിയ "?" എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നതു് കാണാം. ഒന്നിൽ കൂടുതൽ സ്ലോട്ടുകൾ ഉണ്ടാക്കാൻ നിർദ്ദേശിച്ചാൽ അത്രയും സ്ലോട്ടുകൾ "?" തലക്കെട്ടോടെ സൃഷ്ടിക്കപ്പെടും
പി-3



മുകളിൽ U+???? എന്നു് വന്നതു് കണ്ടോ? അതായതു്, നമ്മളിപ്പോൾ ഉണ്ടാക്കിയ പുതിയ സ്ലോട്ട് യൂനിക്കോഡിൽ ഇല്ലാത്ത സ്ലോട്ടാണു്. ഇത്തരം സ്ലോട്ടുകളിൽ വേണം കൂട്ടക്ഷരരൂപങ്ങൾ സൃഷ്ടിക്കാൻ.

സൗകര്യത്തിനു് ഞാൻ അഞ്ജലി പഴയലിപിയുടെ സഹായം തേടുകയാണു്. ഞാൻ ഇപ്പോൾ അഞ്ജലിയുടെ ഫോണ്ട് തുറന്നു് പുതിയ ഒരു എൻകോഡിംഗ് സ്ലോട്ട് ഉണ്ടാക്കി.

ഇനി വേണ്ടതു് അതിൽ ക എന്ന അക്ഷരരൂപവും ല എന്ന ചിഹ്നവും ഒന്നിച്ചു് ചേർക്കലാണു്.

0D15 എന്ന സ്ഥാനത്താണു് ക എന്ന അക്ഷരം. അതുപോലെ 0D62 എന്ന സ്ഥാനത്താണു് ല എന്ന ചിഹ്നം. അല്ലെ? സംശയമുണ്ടെങ്കിൽ pdf നോക്കൂ..

ഇനി ഇവയെ എങ്ങിനെ ഒരുമിച്ചു് ഒരു ഗ്ലിഫ് സ്ഥാനത്തു് കൊണ്ടുവരാം എന്നു് പറയാം

ആദ്യം വേണ്ടതു് നമുക്കാവശ്യമുള്ള അക്ഷരരൂപങ്ങളുടെ സ്ഥാനം നിർണ്ണയിക്കലാണു്. ഇപ്പോൾ ക്ല എന്ന കൂട്ടക്ഷരം വേണമെകിൽ 0D15 സ്ഥാനത്തുള്ള ക എന്ന അക്ഷരം, 0D63 സ്ഥാനത്തുള്ള ല എന്ന ചിഹ്നം എന്നിവ വേണം. അവ ഒരുമിച്ചു് ചേർത്തുവച്ചാൽ ക്ല എന്നാവും.

വീണ്ടും അഞ്ജലി പഴയലിപിയെ ആശ്രയിക്കുന്നു. ഒരു കാര്യം ശ്രദ്ധിക്കാനുള്ളതു്, അഞ്ജലിയിൽ 0D63യിലല്ല ല ചിഹ്നമുള്ളതു് എന്നുള്ളതാണു്. 422 എന്നു് പേരുള്ള ഒരു പ്രത്യേക ഗ്ലിഫ് സ്ഥാനത്താണു് ആ ചിഹ്നം പ്രതിപാദിച്ചിരിക്കുന്നതു്. അതുകൊണ്ടു് ലേഖനാവശ്യങ്ങൾകു് ഈ രണ്ടു് സ്ഥാനവും ഉപയോഗിക്കാം. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു് അക്ഷരരൂപങ്ങൾ തെരഞ്ഞെടുക്കണം.


ആദ്യം ക എന്ന അക്ഷരരൂപത്തിൽ ക്ലിക് ചെയ്യുക. ആ ചിഹ്നം ഹൈലൈറ്റ് ആവും. എന്നിട്ടു്  Edit മെനുവിൽ Copy Reference എന്ന ഓപ്ഷൻ എടുക്കുക




ഇനി നമ്മൾ പുതുതായി ഉണ്ടാക്കിയ ഗ്ലിഫ് പൊസിഷനിൽ ക്ലിക് ചെയ്തു് "പേസ്റ്റ്" ചെയ്യുക. എന്നുവച്ചാൽ Edit മെനുവിലെ Paste എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ മതിയാവും. നേരത്തെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ആ മെനു കാണാം.

ഇപ്പോൾ ക എന്ന അക്ഷരരൂപത്തിന്റെ ഒരു രൂപം പുതിയ ഗ്ലിഫ് പൊസിഷനിൽ തെളിയും. 0D15ലെ ക എന്ന അക്ഷരരൂപത്തിനു് നാം എന്തെങ്കിലും രൂപമാറ്റം വരുത്തിയാൽ അതു് പുതിയ ഗ്ലിഫ് പൊസിഷനിൽ ഇട്ടിരിക്കുന്ന രൂപത്തേയും ബാധിക്കും.

ഇനി വേണ്ടതു് ല ചിഹ്നത്തെ ഇതേ ഗ്ലിഫിൽ സന്നിവേശിപ്പിക്കലാണു്. അതിനു് ആ ചിഹ്നത്തിന്റെ ഗ്ലിഫിൽ ക്ലിക് ചെയ്തു് നേരത്തെ പറഞ്ഞമാതിരി Copy Reference മെനു എടുക്കുക. പക്ഷെ പുതിയ ഗ്ലിഫ്ഫിൽ Paste ചെയ്യരുതു്. പകരം Edit മെനുവിലെ Paste Into എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇപ്പോൾ രണ്ട് അക്ഷരരൂപങ്ങളും ഒരുമിച്ചു് ഒരു ഗ്ലിഫിൽ കാണാം.






കണ്ടോ? അക്ഷരരൂപങ്ങളുടെ ഒരു റഫറൻസ് ആണു് പുതിയ ഗ്ലിഫിൽ ഉള്ളതു്. വേണമെങ്കിൽ ഓരോ രൂപങ്ങളേയും ക്ലിക് ചെയ്തു് അവ സിലെക്റ്റ് ചെയ്തശേഷം അവയുടെ പൊസിഷൻ മാറ്റുകയും മറ്റും ആവാം.

ഇതുവരെ പറഞ്ഞതു് നാം നേരത്തേ തയ്യാറാക്കിവച്ചിരിക്കുന്ന അക്ഷരരൂപങ്ങളിൽ നിന്നു് കൂട്ടക്ഷരമുണ്ടാക്കുന്ന രീതി. ക്ക മുതലായ കൂട്ടക്ഷരങ്ങൾ ഇങ്ങനെ ഉണ്ടാക്കാൻ എളുപ്പമല്ല. അവ വരഞ്ഞുണ്ടാക്കി സ്കാൻ ചെയ്തെടുക്കുകയാണു് നല്ലതു്.

ഒരിക്കൽകൂടി ഓർമ്മിപ്പിക്കട്ടെ, ഇപ്പോൾ പറയുന്ന രീതി ലിഗേചർ ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണു്. ഓപ്പൺടൈപ്പ് നിഷ്കർഷിക്കുന്ന രീതി ഇതല്ല. അത് പിന്നെ പറഞ്ഞുതരാം. മനസ്സിലാക്കാൻ കൂടുതൽ എളുപ്പം (ഹും! നല്ല എളുപ്പം!) ഈ രീതിയായതുകൊണ്ടാണു് ഇതു് ആദ്യം പറയുന്നതു്.

ഇപ്പോൾ നാം ആദ്യത്തെ ലിഗേചർ ഉണ്ടാക്കി. ഇനി, ക + ചന്ദ്രക്കല + ല = ക്ല എന്നു് ഫോണ്ടിനെ പറഞ്ഞു് മനസ്സിലാക്കണം.

അതായതു് "0D15 + 0D4D + 422 = പുതിയ ഗ്ലിഫ്" എന്നു്  ഫോണ്ടിനെ പറഞ്ഞു് മനസ്സിലാക്കണം. അതിനു് ഇനി പറയുന്ന മാതിരി ഫോണ്ടിൽ സെറ്റ് ചെയ്യണം.

ആദ്യം Edit മെനുവിലെ Gliph Infoയിൽ പോയി നമ്മൾ പുതുതായി ഉണ്ടാക്കിയ ഗ്ലിഫിനു് ഒത്ത ഒരു പേരു് കൊടുക്കുക. ഉദാഹരണത്തിനു് ആ ഗ്ലിഫിനു് kla എന്ന പേർ കൊടുത്തു എന്നിരിക്കട്ടെ. അതുപോലെ OT Glyph Class എന്ന ഡ്രോപ്‌ഡൗൺ ലിസ്റ്റിൽ Base Lig തെരഞ്ഞെടുക്കുക.

Edit മെനുവിലെ Font Infoയിൽ ക്ലിക്കുക. അപ്പോൾ നാം നേരത്തെ പരിചയപ്പെട്ട ഫോണ്ടിന്റെ മൂല്യങ്ങൾ പ്രതിപാദിക്കുന്ന Font Info വിൻഡോ തുറക്കും.

ഇനി ഇടതുവശത്തു് Lookupല് ക്ലിക്കുക. അപ്പൊ താഴത്തെ ചിത്രത്തിലുള്ള പോലെ കാണാം.



മുകളിൽ GSUB എന്ന ടാബ് ആണു് തെരഞ്ഞെടുത്തിരിക്കുന്നതു് എന്നുറപ്പുവരുത്തുക. എന്നിട്ടു് "Add Lookup" എന്ന ബട്ടനിൽ ഞെക്കുക (കൈകൊണ്ടല്ല, മൗസ് കൊണ്ടു്)



ഇനി Unspecified എന്ന മുകളിലുള്ള ബട്ടനിൽ ഞെക്കി Ligature Substitution എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.



അതേ വിൻഡോയിൽ Lookup Name എന്ന ഭാഗത്തു് ഇഷ്ടമുള്ള ഒരു പേരും ലിഗേചറിനു് കൊടുക്കുക. OK ബട്ടനിൽ ഞെക്കുക.



ഇനി Add Subtable ബട്ടനിൽ ഞെക്കുക.



OK ബട്ടനിൽ ഞെക്കുക.



ഈ വിൻഡോയിലാണു് നമ്മുടെ ക+ചന്ദ്രക്കല... മുതലായ നിയമങ്ങൾ രേഖപ്പെടുത്തേണ്ടതു്. അതിനു് ഇനി പറയുന്ന പോലെ...

New ക്ലിക് ചെയ്യുക. പുതിയ ഒരു വരി പ്രത്യക്ഷപ്പെടും.

ആ വരിയുടെ വലതുഭാഗത്തു് കൂട്ടക്ഷരമുണ്ടാക്കുന്ന മൂലാക്ഷരങ്ങളുടെ പേരുകൾ ചേർക്കുക. ഇടതുവശത്തു് കൂട്ടക്ഷരഗ്ലിഫിനു് നാം കൊടുത്ത പേരും കൊടുക്കുക



വീണ്ടും ക്ലിക് ചെയ്തു് നാം തയ്യാറാക്കിവച്ചിരിക്കുന്ന മറ്റു ലിഗേചറുകളും ഇപ്രകാരം ചേർക്കാം.

ലിഗേചർ ശരിയായോ എന്നു് നോക്കാൻ ഗ്ലിഫ് സിലെക്റ്റ് ചെതു് Edit മെനുവിൽ Glyph Info ക്ലിക് ചെയ്തു് ഇടതുവശത്തു് Ligatures ക്ലിക് ചെയ്താൽ ആ കൂട്ടക്ഷരത്തിന്റെ അടിസ്ഥാന അക്ഷരരൂപങ്ങൾ കാണാം.

എല്ലാ കൂട്ടക്ഷരങ്ങളും ഇപ്രകാരം ചിട്ടപ്പെടുത്തി കഴിഞ്ഞതവണ ചെയ്തപോലെ ഫോണ്ട് ഉണ്ടാക്കി ഉപയോഗിച്ചാൽ കൂട്ടക്ഷരങ്ങൾ തെളിയും. കൂട്ടക്ഷരങ്ങൾ ഉണ്ടാക്കാനുള്ള ചില നിയമങ്ങൾ നേരത്തെ പറഞ്ഞ ലിങ്കിൽ (http://www.microsoft.com/typography/OpenType%20Dev/malayalam/intro.mspx) ഉണ്ടു്. അതുകൊണ്ടു് ഞാൻ വീണ്ടും എടുത്തെഴുതുന്നില്ല.

പ്രശസ്തമായ ഫ്രീഫോണ്ട് (https://savannah.gnu.org/projects/freefont/) എന്ന ഫോണ്ട് പ്രോജക്ടിലെ ഫ്രീസെരിഫ് എന്ന ഫോണ്ടിൽ മലയാളം കൂട്ടക്ഷരങ്ങൾ ഇപ്രകാരമാണു് ഉണ്ടാക്കിയിരിക്കുന്നതു്.

ഇതോടെ പഴയലിപിയിൽ പൂർണ്ണമായ ഒരു ഫോണ്ട് ആയി എന്നു് പറയാം. കേർണിംഗ് (GPOS) എന്ന ടേബിൽ ആവശ്യമില്ലെങ്കിൽ ഇത്രയും കൊണ്ടു് നമ്മുടെ ഫോണ്ട് ഉപയോഗയോഗ്യമായിരിക്കുന്നു. വേണമെങ്കിൽ നിർത്താം.

അടുത്ത ലക്കത്തിൽ ഓപ്പൺടൈപ് നിയമപ്രകാരം ലിഗേചർ ഉണ്ടാക്കുന്ന രീതി പറയാം.

Saturday, July 30, 2011

ഒരു മലയാളം ഫോണ്ടുണ്ടാക്കിയാലോ? - 4

"ദിപ്പ ശരിയാക്കിത്തരാം!" എന്നും പറഞ്ഞ് മുങ്ങിയ ആളെ പിന്നെ കാണാനില്ലല്ലോ എന്ന് നിങ്ങൾ സംശയിച്ചെങ്കിൽ കുറ്റം പറയാൻ പറ്റില്ല. കഴിഞ്ഞ ഒന്നൊന്നര മാസമായി വല്ലാത്ത തിരക്കിലായിരുന്നു. കൂടെ ഒരു അയർലണ്ട് യാത്രയും. അവിടെ ചെറിയ 1-2 അബദ്ധം കാണിക്കാൻ സമയം കിട്ടി. അത് പോസ്റ്റ് ചെയ്യുന്നതാണു്‌. ജുനൈദിനെ കണ്ടിരുന്നു. ഒരു ദിവസം മുഴുവൻ പഹയന്റെ കൂടെ ചെലവഴിക്കാൻ കിട്ടി.

അപ്പൊ തിരിച്ച് ഫോണ്ടിലേക്കു്‌.

കഴിഞ്ഞതവണ ഇട്ട പോസ്റ്റിൽ തെറ്റുണ്ടെന്നു്‌ തോന്നിയിരുന്നു. ഭാഗ്യത്തിനു്‌ തെറ്റില്ല. അതുകൊണ്ടു്‌ ഇത്തവണ നമ്മൾ സൃഷ്ടിച്ച അക്ഷരരൂപങ്ങളെ ഫോണ്ട്ഫോർജിലേക്കു്‌ സന്നിവേശിപ്പിക്കാം. ഒപ്പം അത്യാവശ്യ സെറ്റിംങുകൾ ചെയ്തു്‌ ആദ്യഫോണ്ട് ഉണ്ടാക്കുകയും ചെയ്യാം.

അതിലേക്കാദ്യം ഹെക്സാഡെസിമൽ എന്നാൽ എന്ത് എന്നു്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരല്പം സാങ്കേതികമാണു്‌ സംഗതി. കാര്യമായി മനസ്സിലായില്ലെങ്കിലും കുഴപ്പമില്ല ട്ടൊ.

ഹെക്സാഡെസിമൽ/Hexadecimal

നാം സാധാരണ പത്ത് അക്കങ്ങളാണുപയോഗിക്കുക - 0 മുതൽ 9 വരെ. ഇതിനെ ഡെസിമൽ സിസ്റ്റം എന്നു്‌ പറയും.

പത്ത് എന്ന സംഖ്യയാണു്‌ ഏറ്റവും ചെറിയ ഇരട്ടസംഖ്യ. അതെഴുതാൻ നാം 1,0 എന്നീ സംഖ്യകൾ ചേർത്തെഴുതുകയാണു്‌ ചെയ്യുന്നതു്‌. അതായതു്‌ പത്തുമുതൽ മുകളിലേക്കുള്ള സംഖ്യകൾ എഴുതാൻ 0 മുതൽ 9 വരെയുള്ള അക്കങ്ങൾ ചേർത്തെഴുതും.

കമ്പ്യൂട്ടറിൽ വിവരം സൂക്ഷിച്ചുവച്ചിരിക്കുന്നതു്‌ ഒരു പ്രത്യേകരീതിയിലാണു്‌. ഇതിന്റെ സൗകര്യത്തിനായി വികസിപ്പിച്ചെടുത്തതാണു്‌ ഹെക്സാഡെസിമൽ രീതി.

സംഗതി ലളിതമാണു്‌. ഹെക്സാഡെസിമൽ എന്നുവച്ചാൽ 16. അതായതു്‌ 10 അക്കങ്ങൾക്കുപകരം 16 അക്കങ്ങളുള്ള ഒരു സംഖ്യാരീതി അത്രയേയുള്ളു.

ഈ രീതിയിൽ 0 മുതൽ 9 വരെയുള്ള അക്കങ്ങൾ കൂടാതെ അടുത്ത 6 അക്കങ്ങളെ സൂചിപ്പിക്കാൻ ആംഗലേയ അക്ഷരങ്ങളായ A, B, C, D, E, F എന്നിവ ഉപയോഗിക്കുന്നു. താഴെയുള്ള പട്ടിക നോക്കിയാൽ മനസ്സിലാവും.

ഡെസിമൽ       ഹെക്സാഡെസിമൽ
0                       0
1                       1
2                       2
3                       3
4                       4
5                       5
6                       6
7                       7
8                       8
9                       9
10                     A
11                     B
12                     C
13                     D
14                     E
15                     F
16                     10

0 മുതൽ 15 വരെയുള്ള സംഖ്യകളെ 0 മുതൽ F വരെയുള്ള ചിഹ്നങ്ങൾ ആദേശം ചെയ്യുന്നു. F എന്നു്‌ പറഞ്ഞാൽ ഡെസിമൽ 15

അപ്പോൾ
9+1 = 10; 9+1 = A
10+1 = 11; A+1 = B
15+1 = 16; F + 1 = 10
31+1 = 32; 1F+1 = 20
255+1 = 256; FF+1 = 100

ഇതൊക്കെ എന്തിനാ പറഞ്ഞതു്‌? എന്തിനാച്ചാൽ, യൂനിക്കോഡിന്റെ അഡ്രസ്സുകളൊക്കെ ഹെക്സാഡെസിമൽ ആയതുകൊണ്ടാണു്‌. അപ്പൊ പെട്ടെന്നു്‌ 0D01 എന്നൊക്കെ കേട്ടാൽ ഞെട്ടാൻ നിങ്ങൾക്കിനി അവകാശമില്ല എന്നർത്ഥം.

ഇനി അക്ഷമയോടെ ഫോണ്ട്ഫോർജ് തുറക്കൂ...


Newൽ ക്ലിക്കുക. അപ്പൊ പുതിയ ഫോണ്ടുണ്ടാക്കാൻ സാധിക്കും (കഴിഞ്ഞ തവണ, അഞ്ജലി പഴയലിപിയല്ലേ തുറന്നതു്?)

അപ്പൊ തുറക്കുന്ന വിൻഡോയിൽ Encoding എന്ന മെനുവിൽ ക്ലിക്കി Reencode എന്ന ഐച്ഛികം തെരഞ്ഞെടുക്കുക. ഉടനെ അതിന്റെ വലതുവശത്തു്‌ കുറേ ഓപ്ഷനുകൾ തെളിയും. അതിൽ നിന്നു്‌ ISO 10646 (Unicode BMP) എന്ന ഐച്ഛികം തെരഞ്ഞെടുക്കുക.


അപ്പൊ ആദ്യം കാണിച്ചിരുന്ന ആംഗലേയ അക്ഷരങ്ങൾക്കു പുറമെ പുതിയ അക്ഷരങ്ങളും ഫോണ്ട്ഫോർജിൽ തെളിയും. അല്പം താഴത്തേക്കു്‌ വന്നാൽ മലയാളം അക്ഷരങ്ങൾ കാണാം.


ഇനി ഏതെങ്കിലും ഒരു അക്ഷരത്തിൽ ക്ലിക്കിയാൽ അതു്‌ മഞ്ഞനിറത്തിൽ ഹൈലൈറ്റ് ആവും.


ഒപ്പം വിൻഡോയുടെ മുകളിൽ മെനുവിനു്‌ തൊട്ടുതാഴെയായി ചുവന്ന അക്ഷരങ്ങളിൽ ചില വിവരങ്ങൾ തെളിയുന്നതു്‌ ശ്രദ്ധിച്ചോ?

3334    (0x0d06)     U+0D06     uni0DD06     MALAYALAM LETTER AA

ഇതിലെ 0D06 ആണു്‌ നമ്മൾ നേരത്തേ കണ്ട ഹെക്സാഡെസിമൽ സംഖ്യ.

നമ്മൾ അക്ഷരങ്ങൾ ഏതൊക്കെ ഉണ്ടാക്കണം എന്ന സംശയത്തിൽ തലചൊറിഞ്ഞു നിന്നപ്പോൾ ഞാൻ പറഞ്ഞ pdf ഫയൽ ഓർമ്മയുണ്ടോ? അതിലെ അവസാന പേജ് നോക്കൂ.

ആ എന്ന അക്ഷരത്തിനു്‌ ഇടതുവശത്തു്‌ കാണിച്ചിരിക്കുന്ന ഹെക്സാഡെസിമൽ സംഖ്യ ശ്രദ്ധിച്ചോ? 0D06 എന്നു്‌. അതുതന്നെയാണു്‌ ഫോണ്ട്ഫോർജും കാണിച്ചിരിക്കുന്നതു്‌. ഇപ്പൊ pdf മനസ്സിലാക്കാൻ എളുപ്പമായില്ലെ?

ഏതൊക്കെ അക്ഷരങ്ങൾ ഏതൊക്കെ കള്ളികളിൽ ഇടണം എന്നാണു്‌ pdf നിഷ്കർഷിക്കുന്നതു്‌. ഫോണ്ട്ഫോർജ് നമ്മുടെ സൗകര്യത്തിനു്‌ അതതു്‌ കള്ളികളുടെ മുകളിൽ ആ അക്ഷരങ്ങളുടെ ഒരു രൂപവും ചേർത്തിട്ടുണ്ടു്‌. അതുകൊണ്ടു്‌ ഇതികർതവ്യതാമൂഢതക്കു്‌ ഇനി സാധ്യതയില്ല.

ഇനി വേണ്ടതു്‌ ചില സെറ്റിംഗുകൾ മാറ്റുകയാണു്‌.

മെന്യുവിലെ Element എന്ന അവിടെ ക്ലിക്കുമ്പോൾ കാണാവുന്ന ഡ്രോപ്‍ഡൗൺ ലിസ്റ്റിൽ Font Info തെരഞ്ഞെടുക്കുക


അപ്പോഴേക്കും ദേ പുതിയ വിൻഡോ തുറന്നു.


PS Names എന്ന മെനുവിൽ ഉള്ള Fontname, Family Name, Name For Humans എന്നിവയിൽ നിങ്ങൾക്കിഷ്ടമുള്ള പേരിടുക. ആ പേരിലാവും ഇനിമുതൽ ഫോണ്ട് അറിയപ്പെടുക എന്നോർക്കുമ്പോൾ രോമാഞ്ചം കൊള്ളുക.

അതുകഴിയുമ്പോൾ നിങ്ങളിട്ട പേരു്‌ ഇതുവരെ ആരും ഇട്ടിട്ടില്ലാത്ത പേരാണല്ലോ എന്നു്‌ ഉറപ്പുവരുത്തുക. ഇനി വെറുതെ ഇത്തിരി സംഭാരം കുടിക്കുക.

അടുത്തതു്‌, ഇടതുവശത്തെ മെനുവിൽ General-ൽ ക്ലിക്കുക.


ആദ്യം Em Size നിങ്ങൾ മുൻ‍കൂട്ടി തീരുമാനിച്ച മൂല്യമാക്കുക. ഒപ്പം Ascent, Descent എന്നിവയും നമ്മുടെ മൂല്യങ്ങളാക്കുക. എന്റെ ഫോണ്ടിൽ Ascent=1600, Descent=448, Em Size=2048 (Ascent+Descent=Em Size)


ധൈര്യമായി Ok ക്ലിക് ചെയ്തോളു.

ഇനി ആ എന്ന അക്ഷരം സൂക്ഷിക്കേണ്ട കള്ളിയിൽ ഡബിൾ-ക്ലിക്ക് ചെയ്യുക. അപ്പൊ പുതിയ വിൻഡോ തുറക്കും.


File മെനുവിൽ Import എന്ന ഐച്ഛികം എടുക്കുക


അപ്പൊ പുതിയ വിൻഡോ തുറക്കും.


Formatൽ ക്ലിക് ചെയ്തു്‌ svg അല്ലെങ്കിൽ eps തെരഞ്ഞെടുക്കുക. എന്നിട്ടു്‌ നമ്മൾ നേരത്തേ വെക്റ്ററാക്കി വച്ച അക്ഷരരൂപം തെരഞ്ഞെടുത്തു്‌ Import എന്ന ബട്ടണിൽ ഞെക്കുക.


കണ്ടോ? നമ്മുടെ വെക്ടർ രൂപം "ആ" എന്ന അക്ഷരം ഇപ്പൊ ഫോണ്ട്ഫോർജിൽ കൃത്യമായി ഇരിക്കുന്നതു്‌ കണ്ടോ?!

(എന്താ പറയാ! ഒക്കെ കഴിഞ്ഞപ്പൊ ആ ചുരുങ്ങി അ ആയി!! ഇതാണു്‌ കർമഫലം!)

Metrics എന്ന മെനുവിൽ Set Lbearing എടുക്കുക


ഇവിടെ, അക്ഷരത്തിനു്‌ ഇടതുവശത്തു്‌ എത്ര സ്ഥലം വിടണം എന്നു്‌ പറയാൻ സാധിക്കും. ഉദാഹരണത്തിനു്‌ 100 എന്നു്‌ കൊടുക്കുക.


ഇതുപോലെ Metricsൽ Set Rbearing എടുത്തു്‌ വലതുവശത്തു്‌ വരേണ്ട സ്ഥലവും അടയാളപ്പെടുത്തുക.

ഇപ്പോൾ ഫോണ്ട്ഫോർജിൽ ആ എന്ന അക്ഷരം നമ്മൾ സന്നിവേശിപ്പിച്ചു.


ഇനി ഇതുപോലെ നമ്മൾ തയ്യാറാക്കിവച്ചിരിക്കുന്ന ഓരോ അക്ഷരങ്ങളും അതതു്‌ സ്ഥാനങ്ങളിൽ ഇട്ടുവക്കുക.

ഇനി നമുക്കു്‌ നമ്മുടെ ഫോണ്ട് ഉണ്ടാക്കാം.

(അപ്പൊ ഇതുവരെ ചെയ്തതോ?)

ഇതുവരെ നാം ചെയ്തതു്‌, ഫോണ്ട്ഫോർജിൽ അക്ഷരരൂപങ്ങളെ സന്നിവേശിപ്പിക്കലായിരുന്നു. ഇനി കമ്പ്യൂട്ടറിലെ ഉപയോഗത്തിനുതകുംവിധം നമ്മുടെ രൂപങ്ങളെ ഒരു ഫോണ്ടാക്കി മാറ്റേണ്ടതുണ്ടു്‌. അതിനു്‌...

File മെനുവിൽ Generate Fonts ഞെക്കുക.


അപ്പൊ താഴെ കാണും‍പോലെ ഒരു വിൻഡോ തുറന്നുവരും.


PS Type 1 (Binary) എന്ന ബട്ടണിൽ ഞെക്കി TrueType (TTF) എന്ന ഓപ്ഷൻ എടുക്കുക. ഫോണ്ട് ഫയലിനു്‌ പറ്റിയ നല്ല ഒരു പേരും കൊടുത്തു്‌ നല്ല ഒരു ഡയറക്റ്ററിയിൽ സേവ് ചെയ്യുക.

ഇപ്പോൾ നമ്മളുണ്ടാക്കിയ ഫോണ്ട് ഒരു Truetype യൂനിക്കോഡ് ഫോണ്ട് ആണ്‌. ഇതു്‌ കമ്പ്യൂട്ടറിൽ സ്ഥാപിക്കുക. വിൻഡോസ് ആണെങ്കിൽ നമ്മുടെ ഫോണ്ട് എടുത്തു്‌ C:\Windows\Fonts എന്ന ഫോൾഡറിൽ ഇട്ടാൽ മതിയാവും.

ഇനി വേർഡിലോ മറ്റോ ഏതെങ്കിലും മലയാളം യൂനിക്കോഡ് പേജ് തുറന്നു്‌ നമ്മുടെ ഫോണ്ട് സെറ്റ് ചെയ്തു്‌ നോക്കിയാൽ..

..ആകെ ഒരു വിമ്മിഷ്ടം - ഒറ്റ കൂട്ടക്ഷരമില്ല! എന്തോന്നു്‌ പഴയലിപി? ഇത് പുതിയലിപി പോലും അല്ലല്ലോ!

അതിനു്‌ കാരണം, നമ്മൾ പഴയ ലിപിയിലെ കൂട്ടക്ഷരങ്ങൾ സൃഷ്ടിച്ചിട്ടില്ല എന്നതുകൊണ്ടാണു്‌. അത് അടുത്ത ലക്കത്തിൽ പ്രതിപാദിക്കാം.

അടുത്ത ലക്കത്തിൽ ലിഗേചർ ഉണ്ടാക്കുന്ന വിധം, അഥവാ കൂട്ടക്ഷരങ്ങൾ സൃഷ്ടിക്കുന്ന വിധം.

Tuesday, May 17, 2011

ഒരു മലയാളം ഫോണ്ട്‌ ഉണ്ടാക്കിയാലോ? - 2

ഇത്തവണ ആദ്യം സോഫ്റ്റ്‌വെയറുകളെക്കുറിച്ചു് പറയാം.

പെട്ടെന്നു് പറയുകയാണെങ്കിൽ താഴെ പറയുന്ന സോഫ്റ്റ്‌വെയറുകളാണു് നമുക്കാവശ്യം:

ഇങ്‌ൿസ്കേപ്‌
ഫോണ്ട്‌ഫോർജ്‌

ഞാൻ എന്റെ പരീക്ഷണങ്ങൾ മുഴുവൻ നടത്തിയതു് ഉബുണ്ടു എന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലാണു്. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരുപക്ഷെ ഉബുണ്ടുവിനു് പകരം ഫെഡോറയോ വിൻഡോസോ മാക്കോ ഒക്കെയാവാം. അതനുസരിച്ചു് നമുക്കാവശ്യമുള്ള സോഫ്റ്റ്‌വെയറുകൾ സ്ഥാപിക്കുന്ന രീതി വ്യത്യസ്തമായിരിക്കും.

ഒരുപാടു് വിസ്തരിച്ചെഴുതാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ചുരുങ്ങിയ രീതിയിൽ വിവിധ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്ന രീതി പറഞ്ഞുതരാം. കൂടുതൽ വിവരങ്ങൾ അതതു് സൈറ്റുകളിലോ ഗൂഗിളിലോ തെരഞ്ഞാൽ കിട്ടും.

താഴെ പറയുന്ന രീതികൾക്കൊക്കെ, കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്റ്റ്‌ ചെയ്തിരിക്കണം.

ലിനക്സ്‌: നിങ്ങളുടെ പാക്കേജ്‌ മാനേജർ തുറക്കുക. ഫോണ്ട്‌ഫോർജ്‌ തെരഞ്ഞെടുത്തു് ഇൻസ്റ്റാൾ ചെയ്യുക. ഇപ്രകാരം ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണ്ട്‌ഫോർജിന്റെ കൂടെ അനവധി മറ്റു പാക്കേജുകളും ഇൻസ്റ്റാൾ ആയേക്കും. ഫോണ്ട്‌ഫോർജിനു് ആവശ്യമുള്ള സോഫ്റ്റ്‌വെയറുകളാണവ

ഇതുപോലെ ഇങ്‌ൿസ്കേപ്പും ഇൻസ്റ്റാൾ ചെയ്യാവുന്നതാണു്.

വിൻഡോസ്‌: ഫോണ്ട്‌ഫോർജ്‌ ഔദ്യോഗികമായി നിഷ്കർഷിക്കുന്ന രീതി, ആദ്യം സിഗ്‌വിൻ ഇൻസ്റ്റാൾ ചെയ്തശേഷം സിഗ്‌വിനിൽ ഫോണ്ട്‌ഫോർജ്‌ ഇൻസ്റ്റാൾ ചെയ്യലാണു്. ഫോണ്ട്‌ഫോർജ്‌ നേരിട്ടു് വിൻഡോസിൽ പ്രവർത്തനക്ഷമമല്ലാത്തതിനാലാണു് ഇപ്രകാരം ചെയ്യേണ്ടി വരുന്നതു്. സിഗ്‌വിൻ എന്നതു്, വിൻഡോസിൽ ലിനക്സ്‌ മാതിരി ഒരു പരിസ്ഥിതി സൃഷ്ടിക്കുന്ന സോഫ്റ്റ്‌വെയറാണു്. അതുകൊണ്ടുതന്നെ, നൂറുകണക്കിനു് ഫയലുകൾ ഡൗൺലോഡ്‌ ചെയ്യേണ്ടിവരും. ബ്രോഡ്‌ബാൻഡ്‌ കണക്ഷൻ നിർബന്ധമാണു്.

ഞാൻ നേരിട്ടു് പരീക്ഷിച്ചിട്ടില്ലെങ്കിലും ഈ ലിങ്കിൽ സാമാന്യം വ്യക്തമായി സിഗ്‌വിനും ഫോണ്ട്‌ഫോർജും ഇൻസ്റ്റാൾ ചെയ്യുന്ന വിധം വിവരിച്ചിട്ടുണ്ടു്.

ബ്രോഡ്‌ബാൻഡ്‌ കണക്ഷനില്ലാത്തവർ, അല്ലെങ്കിൽ സിഗ്‌വിൻ മുഴുവൻ ഇൻസ്റ്റാൾ ചെയ്യാൻ താൽപര്യമില്ലാത്തവർ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അനൗദ്യോഗികരീതിയിലും ഫോണ്ട്‌ഫോർജ്‌ ഇൻസ്റ്റാൾ ചെയ്യാം:

ഈ സൈറ്റിൽ പോകുക. ഭാഷ ജാപ്പനീസാണു്.
ഒരു zip ഫയലിന്റെ ലിങ്ക്‌ കാണാം. അതു് ഡൗൻലോഡ്‌ ചെയ്യുക.
വിൻസിപ്‌ അല്ലെങ്കിൽ 7-zip ഉപയോഗിച്ചു് ആ zip ഫയൽ ഏതെങ്കിലും ഫോൾഡറിൽ unzip ചെയ്യുക.
ഇപ്പോൾ unzip ചെയ്ത ഫോൾഡറിൽ fontforge.bat എന്നൊരു ഫയൽ കാണാം. അതിൽ right-click ചെയ്തു് "എഡിറ്റ്‌" തെരഞ്ഞെടുക്കുക.
ഇപ്പോൾ ആ ഫയൽ തുറക്കും. അതിൽ താഴെ കാണുംവിധം ഒരു വരി കാണാം:
set lang=ja_JP.UTF-8
ഈ വരിയുടെ തുടക്കത്തിൽ # എന്നു് ടൈപ്‌ ചെയ്യുക. ഇപ്പോൾ ആ വരി താഴെ കാണും വിധമാകും:
#set lang=ja_JP.UTF-8
ഇനി ഫയൽ സേവ്‌ ചെയ്തു് എഡിറ്റർ അടക്കാം.

ഇനി fontforge.batൽ double-click ചെയ്താൽ ആദ്യത്തെ തവണ ആവശ്യമുള്ള സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാളാകും. അവസാനം ഫോണ്ട്‌ഫോർജ്‌ തുറക്കുകയും ചെയ്യും. തുടർന്നുള്ള സന്ദർഭങ്ങളിൽ ഇതേ fontforge.bat double-click ചെയ്താൽ നേരിട്ടു് ഫോണ്ട്ഫോർജ്‌ തുറന്നുകൊള്ളും.

ഇങ്‌ൿസ്കേപ്‌ ഇൻസ്റ്റാൾ ചെയ്യാനുള്ള ഫയൽ ഇങ്ക്സ്കേപ്പിന്റെ പേജിൽ നിന്നു് കിട്ടും.

മാക്ക്‌: ഫോണ്ട്‌ഫോർജിന്റെ പേജിൽ നിർദ്ദേശങ്ങളുണ്ടു്. അതുപോലെ ഇങ്ക്സ്കേപ്‌ പേജിലും.

നമുക്കു് കഴിഞ്ഞലക്കത്തിൽ നിറുത്തിയ ഇടത്തുനിന്നു് തുടങ്ങാം. കടലാസിൽ രൂപം വരച്ചെടുത്തല്ലോ? ഇനി സാധിക്കുമെങ്കിൽ അക്ഷരരൂപങ്ങളിൽ കറുത്ത പോസ്റ്റർ കളർ അടിക്കുക. വെളുത്ത കടലാസിൽ അക്ഷരരൂപങ്ങൾ തെളിഞ്ഞുകാണുന്നതിനാണു് ഇതു്. അഥവാ തെറ്റുപറ്റിയാൽ മായ്ച്ചു് വീണ്ടും വരക്കാൻ വെളുത്ത പോസ്റ്റർ കളരോ കറക്ഷൻ ഇങ്കോ കരുതുന്നതു് നല്ലതാണു്.

കളർ നന്നായി ഉണങ്ങിക്കഴിയുമ്പോൾ baseline, descender മുതലായവക്കു് വേണ്ടി വരച്ച പെൻസിൽ വരകൾ മായ്ചു് കളയുക.

ഇനി സ്കാൻ ചെയ്യുന്ന വിധം.

കൈയിൽ പിടിച്ചു് സ്കാൻ ചെയ്യാവുന്ന സ്കാനറുകൾ (hand-held scanners) ഒഴിവാക്കുന്നതാണു് നല്ലതു്. പരന്ന പ്രതലമുള്ള (flat-bed) സ്കാനറുകളാണു് നമ്മുടെ ആവശ്യങ്ങൾക്കനുയോജ്യം.

സ്കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതു്:

ചുരുങ്ങിയതു് 300 dpi റെസല്യൂഷനിൽ സ്കാൻ ചെയ്യാൻ ശ്രമിക്കുക.
ഗ്രേ അല്ലെങ്കിൽ ബ്ലാക്‌ ആൻഡ്‌ വൈറ്റ്‌ ആയി സ്കാൻ ചെയ്യുക. കളർ സ്കാനിംഗ്‌ ഒഴിവാക്കാം.
ഫയലിലേക്കു് സേവ്‌ ചെയ്യുമ്പോൾ bmp അല്ലെങ്കിൽ tiff ആയി സേവ്‌ ചെയ്യുക.

ഇനി വേണ്ടതു് അക്ഷരങ്ങളെ വെക്റ്റരാക്കുകയാണു്.

എന്താണു് വെക്റ്റർ?

Raster എന്നും vector എന്നും ചിത്രങ്ങളെ രണ്ടായി തിരിക്കാം. ക്യാമറയിലും മറ്റും എടുക്കുന്ന ചിത്രങ്ങൾ, സ്കാൻ ചെയ്തെടുക്കുന്ന ഡോക്യുമെന്റുകൾ മുതലായവ raster. ഇവ യഥാർത്ഥ വലിപ്പത്തിലാണു് കാണാൻ ഏറ്റവും നന്നായിരിക്കുക. വലിപ്പം കൂടുകയോ കുറയുകയോ ചെയ്യുന്നതനുസരിച്ചു് ആവശ്യമില്ലാത്ത വിവരങ്ങൾ (details) ചിത്രത്തിൽ വരികയോ ആവശ്യമുള്ള വിവരങ്ങൾ നഷ്ടപ്പെടുകയോ ചെയ്യും. ഒരു നിശ്ചിതവലിപ്പത്തിൽ മാത്രമുള്ള ഉപയോഗത്തിനു് അവ മികച്ച മിഴിവേകും. എന്നാൽ വലിപ്പവ്യത്യാസങ്ങൾ വന്നാൽ അവ കാണാൻ നന്നായിരിക്കില്ല.

അക്ഷരങ്ങൾ, കമ്പനികളുടെയും മറ്റും ലോഗോകൾ മുതലായവ പല വലിപ്പങ്ങളിൽ ഉപയോഗിക്കപ്പെടാം. അപ്പോഴെല്ലാം അവ കാണാൻ ഒരുപോലിരിക്കണം. അതുകൊണ്ടു് അത്തരം രൂപങ്ങളെ vector എന്നു് വിളിക്കും




നാം സ്കാൻ ചെയ്തെടുത്ത അക്ഷരങ്ങൾ ഇപ്പോൾ raster ആണു്. അടുത്ത ലക്കത്തിൽ അവയെ vector ആയി രൂപാന്തരം നടത്താം.

അടുത്ത ലക്കം: ഇങ്‌ൿസ്കേപ്‌ ഉപയോഗിച്ചു് അക്ഷരരൂപങ്ങളെ വെക്റ്ററാക്കുന്ന പ്രക്രിയ, അവയുടെ വലിപ്പം മാറ്റുന്ന വിധം, ഫോണ്ട്‌ഫോർജ്‌ തുറന്നു് നോക്കൽ മുതലായവ

20-5-11നു ചേർത്തതു്
Gimp എന്ന GNU image manipulation program കൂടി ഇൻസ്റ്റാൾ ചെയ്യുന്നതു് നന്നായിരിക്കും. ഇവിടെ നിന്നു് കിട്ടും.  Raster imagesൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ നല്ലതാണു്. ഉദാഹരണത്തിനു് സ്കാൻ ചെയ്യുമ്പോൾ സ്കാനർ ബെഡ്ഡിലുണ്ടായിരുന്ന കരടും സ്കാൻ ആയി. അതു് കളയാനും മറ്റും ഇങ്ക്സ്കേപ്പിനേക്കാൾ സൗകര്യം Gimp ഉപയോഗിച്ചാവും. Gimpന്റെ സൈറ്റിൽ വളരെ വിശദമായ ഉപയോഗനിർദേശങ്ങളുണ്ടു്.

വാൽ: Gimp എന്ന വാക്കു് എങ്ങിനെ ഉച്ചരിക്കണം എന്നു് വ്യക്തമായി എവിടേയും കണ്ടില്ല. ചിലർ ജിംപ് എന്നും മറ്റുചിലർ ഗിംപ് എന്നും വിളിക്കുന്നു. ഞാൻ ഇംഗ്ലിഷിലെഴുതി എന്റെ കൺഫ്യൂഷൻ തീർക്കുകയും നിങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്തു്!

Sunday, May 8, 2011

ഒരു മലയാളം ഫോണ്ട്‌ ഉണ്ടാക്കിയാലോ? - 1

ഫോണ്ട്‌ ഉണ്ടാക്കാൻ തുടങ്ങാം. അതിനുമുമ്പു് എന്തിനാ ഇത്തരം ഒരു വിഷയം തെരഞ്ഞെടുത്തതു് എന്നു് സംശയം വരാം. അതുകൊണ്ടു് ഉദ്ദേശ്യം ആദ്യം വിശദീകരിക്കാം.

1. മലയാളത്തിൽ നല്ല ഫോണ്ടുകൾ (അച്ചടിക്കാൻ ഭംഗിയുള്ള അക്ഷരങ്ങൾ) കുറവാണു്. സജ്ജീവേട്ടനേയും സിബു നൂറനാടിനേയും നന്ദപർവ്വം നന്ദേട്ടനേയും അരുൺ കായംകുളത്തിനേയും പോലെ കഴിവുള്ള എത്രയെത്രയോ ചിത്രകാരന്മാരും ഗ്രാഫിക്സ്‌ വിശാരദന്മാരും നമുക്കുണ്ടു്. അവരോ അവരുടെ കൂട്ടായ്മയോ വിചാരിച്ചാൽ ഭംഗിയുള്ള ഒരു ഫോണ്ട്‌ ഉരുത്തിരിയും എന്നുതന്നെയാണു് എന്റെ വിശ്വാസം.

2. ബ്ലോഗ്‌ രചനകൾ പുസ്തകമാക്കുമ്പോൾ ഇത്തരം നല്ല ഫോണ്ടുകളുപയോഗിച്ചാൽ പഴയ ലിപിയിൽ വീണ്ടും പുസ്തകപ്രസാധനം നടക്കും.

3. പ്രസാധകർ യൂനിക്കോഡ്‌ സാധ്യതകളും ഇന്റർനെറ്റിന്റെ പ്രചാരവും ഒന്നും ശ്രദ്ധിച്ചമട്ടില്ല. ഇപ്പോഴും അവരുടെ സ്വന്തം കീബോർഡ്‌ ലേഔട്ടും സ്വന്തം ഫോണ്ടും ഉപയോഗിച്ചു് ലേഖനങ്ങൾ അപ്പാടെ വീണ്ടും ടൈപ്‌ ചെയ്തുകയറ്റിയാണു് പ്രസിദ്ധീകരിക്കുന്നതു്. ചുരുങ്ങിയപക്ഷം പ്രസാധകരുടെ ഫോണ്ടുകളെ യൂനിക്കോഡിലേക്കുകൂടി സന്നിവേശിപ്പിക്കാൻ എന്റെ ലേഖനം പ്രയോജനപ്പെട്ടാലോ!

4. ആർക്കറിയാം? ഒരുപക്ഷെ മുൻനിര പ്രസാധകരും പതുക്കെ പഴയ ലിപിയിലേക്കു് മടങ്ങിവരാം. അങ്ങിനെ നമ്മുടെ സ്വത്വമായ പഴയലിപി "പുത്തൻപുതിയ" ലിപിയായി മടങ്ങിയെത്തും!

ഇനി ഫോണ്ടിനെക്കുറിച്ചു്:

കമ്പ്യൂട്ടറിൽ അക്ഷരങ്ങൾ കാണിക്കുന്നതിനാണു് ഫോണ്ടുപയോഗിക്കുന്നതു്. ദിനഃപത്രങ്ങളിലും മറ്റും തലക്കെട്ടിലും വിശദവാർത്തയിലും ഉപയോഗിക്കുന്ന അക്ഷരങ്ങളുടെ ആകൃതിയിൽ മാറ്റം ശ്രദ്ധിച്ചിരിക്കുമല്ലോ? "അ" എന്ന അക്ഷരം ഒരുപക്ഷെ വളരെ കനംകൂടിയ നിലയിലാവും തലക്കെട്ടിൽ പ്രത്യക്ഷപ്പെടുന്നതു്. രണ്ടു് പത്രങ്ങളിലെ "അ" ഒരുപോലെ ഇരുന്നുകൊള്ളണമെന്നില്ല.

ഓരോ പ്രസാധകരും അവരുടെ വിപണനത്തിന്റെ ഭാഗമായാണു് അവരുടെ ഫോണ്ടിനെ കാണുന്നതു്. നിത്യോപയോഗത്തിനു് പരമാവധി ഉപയോഗപ്പെടുന്നരീതിയിൽ അക്ഷരങ്ങൾ രൂപകൽപന ചെയ്യാൻ എല്ലാ പ്രസാധകരും സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ടു്.

ഇനി ഫോണ്ടുണ്ടാക്കുന്ന വിധം.

പണ്ടു് സ്കൂളിൽ 4 വരി കോപ്പിപുസ്തകമെഴുതിയതു് ഓർക്കുന്നുണ്ടോ? ആ നാലു് വരികളാണു് ഫോണ്ടിന്റേയും ഒരു ആധാരം. ഇംഗ്ലീഷിന്റെ വലിയ അക്ഷരങ്ങളെയും (capital letters) ചെറിയ അക്ഷരങ്ങളിൽ l, t, b മുതലായ ചെറിയ അക്ഷരങ്ങളെയും ആദ്യത്തെ 3 വരിക്കുള്ളിൽ എഴുതും. ചെറിയ അക്ഷരങ്ങളിൽ a, c, e മുതലായവയെ രണ്ടിനും മൂന്നിനുമിടയിൽ. p, q, y മുതലായ അക്ഷരങ്ങളെ രണ്ടിനും നാലിനും ഇടയിൽ.

ഈ ചിത്രം ശ്രദ്ധിക്കു:


4 വരി കോപ്പി പുസ്തകത്തിലെ പോലെയാണു്. a, c, e മുതലായവയുടെ വലിപ്പത്തിനെ x-height എന്നു് വിളിക്കുന്നു. എല്ലാ അക്ഷരങ്ങളും വിന്യസിച്ചിരിക്കുന്നതു് മൂന്നാമത്തെ വരിയിലാണു്. അതു് baseline. വലിയ അക്ഷരങ്ങൾ ഏറ്റവും ഉയരത്തിൽ എത്തുന്നതു് caps-height. ചില അക്ഷരങ്ങളുടെ ആകൃതിയിലുള്ള പ്രത്യേകതകാരണം അഞ്ചാമതൊരു വരികൂടി ചേർക്കാറുണ്ടു് - ascender height. ഫോണ്ടിലെ അക്ഷരങ്ങൾക്കു് പരമാവധി ascender-height വരെ ഉയരമാകാം. അതിൽ കൂടരുതു്.

ലേഖനസൗകര്യത്തിനുവേണ്ടി നമുക്കു് caps heightഉം ascender heightഉം തുല്യമാണു് എന്നുവക്കാം.

ഇനി ഒരു പ്രധാനസങ്കേതമാണു് Em-height. കൂടുതൽ അറിയാൻ വിക്കി ലിങ്ക്‌ നോക്കിയാൽ മതി.

നമ്മുടെ ആവശ്യങ്ങൾക്കു് em size 1000 അല്ലെങ്കിൽ 1024 അല്ലെങ്കിൽ 2048 എന്നെടുക്കുന്നതാണു് ഉചിതം. എന്നാൽ എന്താണു് ഇതിന്റെ പ്രാധാന്യം?

ascender height + descender = em height

അതായതു് നമ്മുടെ ഫോണ്ടിന്റെ em-height 2048 ആണെന്നിരിക്കട്ടെ. Ascender = 1600, descender = 448 (negative)

അല്ലെങ്കിൽ ഇത്തരത്തിൽ ഏതെങ്കിലും ഒരു കോംബിനേഷൻ സ്വീകരിക്കുക. അതു് നാമുണ്ടാക്കുന്ന ഫോണ്ടിൽ ഉടനീളം സ്ഥിരമായി പാലിക്കുക.

ഒരു ചെറിയ കാര്യം കൂടി പറയാം.

എന്തിനു് caps-heightഉം ascender heightഉം? രണ്ടും തുല്യമാകാമോ?

ഉത്തരം അത്ര എളുപ്പമല്ല. ചില ഫോണ്ടുകളിൽ ആകൃതിക്കനുസരിച്ചു് b, d, l തുടങ്ങിയ അക്ഷരങ്ങൾ ഒറ്റ നോട്ടത്തിൽ A, B മുതലായ വലിയ അക്ഷരങ്ങളേക്കാൾ കുറച്ചു് ചെറുതായി തോന്നാം. രൂപകൽപ്പന ചെയ്തപ്പോൾ ഒരേ പൊക്കമായിരിക്കാം. എന്നാൽ കാഴ്ച്ചയിൽ ചെറിയ പ്രശ്നം പോലെ. ഇത്തരം തോന്നലുകൾ ഒഴിവാക്കാൻ ചെറിയ അക്ഷരങ്ങൾക്കു് ഒരിത്തിരി പൊക്കക്കൂടുതൽ കൊടുക്കൽ ഒരു സൂത്രപ്പണിയാണു്. അതും കാഴ്ച്ചയിൽ പ്രശ്നം തോന്നുമെങ്കിൽ മാത്രം. അതുപോലെ O, Q മുതലായ, മുകൾവശത്തു് വളവുകളുള്ള അക്ഷരങ്ങൾക്കും ഇത്തരം ഒരു തോന്നൽ സൃഷ്ടിക്കാനാകും. അതൊഴിവാക്കാൻ അവയുടെ ഏറ്റവും ഉയർന്ന point സാധാരണ caps heightനു് മുകളിലേക്കു് ഒരൽപം പോകാറുണ്ടു്. അത്തരം അക്ഷരങ്ങൾ പരമാവധി സ്വീകരിക്കാവുന്ന ഉയരമാണു് ascender height.

നമ്മുടെ ലേഖനാവശ്യങ്ങൾക്കു് അധികം പ്രസക്തിയില്ലാത്തതിനാൽ ഞാൻ രണ്ടും തുല്യമായി പരിഗണിക്കുകയാണു്. നിങ്ങളുടെ അക്ഷരരൂപങ്ങൾ രണ്ടും രണ്ടായി കാണാൻ നിർബന്ധിക്കുന്നുണ്ടെങ്കിൽ ആവാം. അതും ഒരുപാടു് വ്യത്യാസം വരാത്ത രീതിയിൽ. ഇപ്പൊ ascender = 1600 ആണെങ്കിൽ caps height = 1500 അല്ലെങ്കിൽ 1550 വക്കുകയാവും നല്ലതു്.

ഇപ്പോൾ മനസ്സിലായല്ലോ? ഇനിയാണു് ഏറ്റവും ബുദ്ധിമുട്ടുള്ള പണി.

കടലാസ്സെടുക്കുക. നല്ല വെള്ളക്കടലാസു്. അതിൽ സ്കെയിൽ കൊണ്ടു് 4 സമാന്തര (parallel) വരകൾ പെൻസിലുപയോഗിച്ചു് വരക്കുക. നാലുവരികൾ തമ്മിൽ തുല്യ അകലം വേണമെന്നില്ല. എന്നാൽ വരികൾ തമ്മുലുള്ള അന്തരത്തിന്റെ അനുപാതം ഓരോ setലും ആവർത്തിക്കണം.

ലേഖനാവശ്യങ്ങൾക്കു് x-height = 1060, caps height = ascender height = 1060, descender = 448 എന്നു് വക്കാം. അപ്പോൾ






അപ്പോൾ പത്തു യൂണിറ്റ്‌ 1 മില്ലീമീറ്റർ എന്നു് കരുതിയാൽ മൂന്നാം വരയിൽ നിന്നു് 10.6 സെ.മീ മുകളിൽ x-heightന്റെ വര. 16 സെ.മീ മുകളിൽ caps height/ascenderന്റെ വര. ഏതാണ്ടു് 4.5 സെ.മീ. താഴെ descender വര. ഇത്രയും പെൻസിൽ കൊണ്ടു് വരക്കുക.

പെൻസിൽ കൊണ്ടു് വരകൾ വരച്ചതു് പിന്നീടു് മായ്ച്ചു് കളയാനാണു്.

ഇനി വരകൾക്കുള്ളിൽ അക്ഷര രൂപങ്ങൾ വരച്ചെടുക്കുക. വരക്കുമ്പോൾ അക്ഷരങ്ങൾക്കു് ഒരു സമാന ഇതിവൃത്തം ഉണ്ടാകുന്നതാണുചിതം. ഇപ്പോൾ നമ്മുടെ കൈപ്പടയോ അല്ലെങ്കിൽ നേർരേഖകൾ മാത്രമുപയോഗിച്ചുകൊണ്ടുള്ളവയോ സദാ വളഞ്ഞുപുളഞ്ഞുള്ളവയോ കാലിഗ്രാഫിയോ ഒക്കെയാവാം. അതു് നിങ്ങളുടെ ഇഷ്ടത്തിനു് വിട്ടിരിക്കുന്നു. നല്ല അക്ഷരങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതാണു് ഫോണ്ടുണ്ടാക്കുന്നതിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം.




വരക്കുമ്പോൾ ശ്രദ്ധിക്കാനുള്ളതു്, മലയാള അക്ഷരങ്ങൾ പൊതുവേ രണ്ടും മൂന്നും വരികൾക്കുള്ളിൽ ഒതുങ്ങണം. എന്നാൽ ആ, എ മുതലായ അക്ഷരങ്ങളുടെ ചില ഭാഗങ്ങൾ മൂന്നാമത്തെ വരിക്കു് താഴെ പോകാറുണ്ടു്. അതുപോലെ ഇ, ള, ഉ, ഋ മുതലായ അക്ഷരങ്ങളും ചില ഫോണ്ടുകളിൽ മൂന്നാം വരിക്കു് താഴെ പോകാറുണ്ടു്. ഭാവിയിൽ കൂട്ടക്ഷരം തയ്യാറാക്കുമ്പോൾ അവയും മൂന്നാം വരിയുടെ താഴെ പോകും എന്നോർക്കുക.

ഏതൊക്കെ അക്ഷരങ്ങൾ വരക്കണം?

നല്ല ചോദ്യം. കാരണം ഫോണ്ടിന്റെ ആദ്യഘട്ടത്തിൽ നാം വളരെ കുറച്ചു് അക്ഷരങ്ങൾ മാത്രമേ ഉപയോഗിക്കൂ. ഈ ലിങ്കുകളിൽ പോയി pdf ഡൗൺലോഡ്‌ ചെയ്യു. ഇതിലുള്ള അക്ഷരങ്ങൾ മാത്രം തൽക്കാലം ഉണ്ടാക്കിയാൽ മതി. കൂടുതൽ അക്ഷരങ്ങൾ, പ്രത്യേകിച്ചു് കൂട്ടക്ഷരങ്ങൾ, ഉണ്ടാക്കാൻ സാധിച്ചാൽ നന്നു്. പക്ഷെ ഇപ്പോഴത്തെ ആവശ്യങ്ങൾക്കു് pdfൽ പറഞ്ഞിട്ടുള്ളയത്ര അക്ഷരങ്ങൾ ഉണ്ടാക്കിയാൽ മതി.

മലയാളം
ഇംഗ്ലീഷ്‌
വേണമെന്നുണ്ടെങ്കിൽ

ഇനി, ഗ്രാഫിക്സിൽ നൈപുണ്യമുള്ളവരാണെങ്കിൽ കോറൽ ഡ്രോ, ഇല്ലസ്ട്രേറ്റർ, ഫ്രീഹാൻഡ്‌, ഇങ്‌ൿസ്കേപ്‌ മുതലായ വെക്ടർ സോഫ്റ്റ്‌വെയറുകളിൽ നിങ്ങളുടെ അക്ഷരങ്ങൾ രൂപപ്പെടുത്തുക. അക്ഷരങ്ങളുടെ പൊക്കം മുമ്പു് പറഞ്ഞമാതിരി ആനുപാതികമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അപ്പൊ തൽക്കാലം ഇങ്ങനെ നിൽക്കട്ടെ. അധികം താമസിയാതെ രണ്ടാം ഭാഗം ഇടാം. അപ്പോഴേക്കു് അക്ഷരരൂപങ്ങൾ കടലാസിൽ തയ്യാറാക്കിവക്കു. വീണ്ടും കാണാം.

അടുത്ത ലക്കം: കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ, സ്കാൻ ചെയ്യേണ്ട രീതി മുതലായവ.

വാൽ: ഈ ലേഖനത്തിനു് വേണ്ടി ഞാൻ തയ്യാറാക്കിയ ഫോണ്ടിന്റെ ഒരു അപൂർണരൂപം ഇവിടെയുണ്ടു്.

Tuesday, February 15, 2011

സമസ്യ 1

ഇത്തവണ ഒരു സമസ്യയാവാം.

ഇന്നലെ പ്രണയദിനമായിരുന്നല്ലോ. അപ്പൊ ഓർമ്മ വന്നതാണു്. പണ്ടു് മദിരാശിയിലുള്ളപ്പോൾ ഞാനതുവരെ കണ്ടിട്ടുപോലുമില്ലാത്ത ഒരു പാട്ടുകാരി പെൺകുട്ടിയുമായി ഞാൻ പ്രേമത്തിലാണെന്നു് സുഹൃത്തുക്കൾ പറഞ്ഞുപരത്തി. കൃത്യമായിപ്പറഞ്ഞാൽ, ആ കുട്ടിയെ ഞാൻ പ്രേമിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. "ഏയ്‌, എന്നെ ഇതിനൊന്നും കിട്ടില്ല" എന്നു കാണിക്കാൻ ആ കുട്ടിക്കു് കത്തെഴുതുന്ന മാതിരി ഒരു എട്ടുവരി കവിത എഴുതി. എഴുതി കഴിഞ്ഞപ്പൊ മനസ്സിലായി, പെൺകുട്ടി തമിഴത്തിയാണു്, മരുന്നിനു പോലും മലയാളം അറിയില്ല.

ഏതായാലും അന്നെഴുതിയ ഒരു ശ്ലോകത്തിലെ അവസാനവരി സമസ്യാരൂപത്തിൽ ഇടുന്നു. സഹൃദയർ നിങ്ങളുടെ സമസ്യാപൂരണം കമന്റ്‌ രൂപത്തിൽ ഇടുമല്ലോ?

സമസ്യ ഇതാണു്:

"രാഗം കഷ്ടി മനസ്സിലാകു,മനുരാഗത്തിന്നു ഞാനില്ല ഹേ!"

സമസ്യ പൂരിപ്പിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ അറിയാമല്ലോ?

മേൽപ്പറഞ്ഞ വരിക്കു മുൻപു ചേർക്കാവുന്ന മൂന്നു് വരികളാണു് എഴുതേണ്ടതു്. പരസ്പരബന്ധമുള്ളവയാവണം. വൃത്തം പാലിക്കണം. തന്നിരിക്കുന്ന സമസ്യയുടെ വൃത്തം മ്മടെ ശാർദ്ദൂലവിക്രീഡിതം തന്നെ. ലക്ഷണം ഇങ്ങനെ:

പന്ത്രണ്ടാൽ മസജം സതംത ഗുരുവും ശാർദ്ദൂലവിക്രീഡിതം

(യതിഭംഗം കണ്ടില്ലെന്നുവേണം നടിക്കാൻ)

Tuesday, December 8, 2009

മലയാളിയുടെ അന്യഭാഷാ ഉച്ചാരണവൈകല്യങ്ങള്‍

കേരളം വിട്ടു് ഇന്ത്യയില്‍ വേറെ എവിടെ ചെന്നാലും ഏറ്റവും പുച്ഛത്തോടെ ജനങ്ങള്‍ വീക്ഷിക്കുന്ന ഒന്നുണ്ടു് - മലയാളിയുടെ ഉച്ചാരണ ശൈലി. സ്വതസിദ്ധമായ, ഈണത്തിലുള്ള ആ മൊഴി കേട്ടാലേ മനസ്സിലാകും ജന്മദേശമേതെന്നു്. "മല്ലു ഇംഗ്ലിഷ്‌" എന്നു് അവഹേളനസ്വരത്തില്‍ വിളിക്കപ്പെടുന്ന, മലയാളികള്‍ സംസാരിക്കുന്ന ഇംഗ്ലീഷാണു് ഇതില്‍ ഏറ്റവും വ്യാപകമായുള്ളതു്.

എങ്ങിനെ ഈ ഉച്ചാരണ രീതി നമ്മള്‍ സ്വായത്തമാക്കി? "What is your name?" പോലുള്ള ഏറ്റവും ലളിതമായ വാചകങ്ങള്‍ പോലും നമുക്കുച്ചരിക്കാന്‍ എന്തേ പ്രയാസം നേരിടുന്നു?

ഇത്രയും വായിച്ചപ്പോഴേക്കും വായനക്കാര്‍ - പ്രത്യേകിച്ചു് കേരളത്തിനു പുറത്തുള്ളവര്‍ - വാളെടുക്കും. "എന്താ, അന്യസംസ്ഥാനക്കാരുടെ ഉച്ചാരണം കൃത്യമാണോ?" എന്നതാണു് അവരുടെ ചോദ്യം. ശരി, അവരുടെയും ഉച്ചാരണത്തില്‍ പിശകുണ്ടു്. പക്ഷെ മൂന്നു് കാര്യം ശ്രദ്ധിക്കണം:

൧: മറ്റുള്ളവരുടെ ഉച്ചാരണ വ്യതിയാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ മലയാളികളുടെ ഉച്ചാരണ വൈകല്യങ്ങള്‍ കൂടുതലാണു്.
൨: ഉച്ചാരണത്തിനൊപ്പം നമ്മള്‍ ഈണവും കൊടുക്കുന്നു
൩: കൂടുതല്‍ പ്രധാനം. മറ്റുള്ളവരും തെറ്റാണു് ചെയ്യുന്നതു് എന്നുള്ളതു് നമ്മുടെ തെറ്റിന്റെ ന്യായീകരണമാകുന്നില്ല.

ചില ലളിതമായ മുന്‍കരുതലുകളും കുറച്ചു് പരിശീലനവും ചെയ്താല്‍ വളരെ എളുപ്പം പരിഹരിക്കാവുന്ന ഒന്നാണു് ഈ ഉച്ചാരണാവൈകല്യം എന്നുള്ളതു് പലരും മനസ്സിലാക്കുന്നില്ല.

എന്റെ ഈ ലേഖനത്തിന്റെ കരട്‌ രൂപം പരിശോധിച്ച പലരും പറഞ്ഞ ഒരു കാര്യമാണു് ഉച്ചാരണവൈകല്യം ഭാഷകളില്‍ അനുവദനീയമാണു് എന്നു്. "ഉച്ചാരണം ശരിയാക്കണം, അതിശരി ആക്കണോ?" എന്നു് എലിസബത്‌ ടീച്ചര്‍ എന്നോടു് ചോദിച്ചിരുന്നു. എല്ലാ വിമര്‍ശനങ്ങള്‍ക്കും നന്ദി പറയുന്നതിനോടൊപ്പം ഇതെങ്ങിനെ എന്റെ കൂട്ടുകാരനെ ബാധിച്ചു എന്നു പറയുന്നതുചിതമാവും എന്നുതോന്നി.

സോഫ്ട്‌വേര്‍ മേഖലയിലായതുകൊണ്ടു് എന്നും ഞങ്ങള്‍ക്കു് വിദേശികളുമായി ഇടപഴകേണ്ടി വരും. ഞങ്ങളുടെ client ഒരു അമേരികകാരനായിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കു് ബാംഗ്ലൂര്‍ക്കു് വന്നതായിരുന്നു അദ്ദേഹം.

ജൂലൈ 4 അമേരികയില്‍ സ്വാതന്ത്ര്യ ദിനമാണു്. ഒരൊഴിവുദിവസം. എന്നാല്‍ ഭാരതത്തിലായതുകൊണ്ടു് വിദേശി ജോലിക്കു് ഹാജരായി. എന്റെ കൂട്ടുകാരന്‍ അദ്ദേഹവുമായി സംസാരിച്ചു:

"So you are working on a holiday!"

"No, no, no! It is not a holy day. We don't consider independence day as a holy day. It is just a holiday!"

എന്റെ കൂട്ടുകാരന്‍ holiday എന്നു പറഞ്ഞതു് മാറി വിദേശിയുടെ കാതുകള്‍ക്കു് holy day ആയിപ്പോയതായിരുന്നു. ഈ സംഭവം മൂലമല്ലെങ്കിലും സംവദിക്കാനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തണം എന്ന നിര്‍ദേശം നിരന്തരമായി എന്റെ കൂട്ടുകാരനു് മേലധികാരികളില്‍നിന്നു് കിട്ടിക്കൊണ്ടിരുന്നു.

കുറിപ്പു്: ഈ ലേഖനത്തില്‍ ആംഗലേയഭാഷയേ ഏറിയപക്ഷം ഉദാഹരിച്ചിട്ടുള്ളു. എന്നാല്‍ അന്വേഷണകുതുകികള്‍ക്കു് ഇതുവെച്ചു് മറ്റുഭാഷകളിലെ ഉച്ചാരണവൈചിത്ര്യങ്ങള്‍ കണ്ടുപിടിക്കാനാവും.

കാരണങ്ങള്‍:

൧: ഖരം, അതിഖരം, ഘോഷം എന്നീ വ്യഞ്ജനങ്ങള്‍ മൃദുവ്യഞ്ജനമായി ഉച്ചരിക്കപ്പെടുന്നു
൨: ശക്തമായ അനുനാസികവ്യഞ്ജനോച്ചാരണം
൩: അസ്ഥാനത്തുള്ള യകാരോച്ചാരണം
൪: ഉ് ഉച്ചാരണം
൫: അന്യഭാഷാപദങ്ങള്‍ നമ്മുടെ ഭാഷയില്‍ എഴുതുമ്പോള്‍ വരുന്ന വ്യതിയാനങ്ങള്‍
൬: അകാരത്തെ എകാരമാക്കി മാറ്റല്‍
൭: മലയാളഭാഷയുടെ അതേ ഈണത്തില്‍ അന്യഭാഷോച്ചാരണം

ഇനി ഈ ഓരോ കാരണങ്ങളും അപഗ്രഥിക്കാം.

൧: ഖരം, അതിഖരം, ഘോഷം എന്നീ വ്യഞ്ജനങ്ങള്‍ മൃദുവ്യഞ്ജനമായി ഉച്ചരിക്കപ്പെടുന്നു

ക, ഖ, ഗ, ഘ, ങ എന്നതില്‍ ക - ഖരം, ഖ - അതിഖരം, ഗ - മൃദു, ഘ - ഘോഷം (മുഴക്കത്തോടുകൂടി സംസാരിക്കുന്നതു് എന്നര്‍ത്ഥം), ങ - അനുനാസികം (മൂക്കിന്റെ സഹായത്താല്‍ ഉച്ചരിക്കുന്നതു് എന്നര്‍ത്ഥം) എന്നാണു് വകതിരിവു്. ക എന്നുച്ചരിക്കുന്നതിനേക്കാള്‍ ശക്തമായിവേണം ഖ എന്നുച്ചരിക്കാന്‍. സാമാന്യതലത്തില്‍ നോക്കിയാല്‍ മൃദുവ്യഞ്ജനത്തോടുകൂടി ഹകാരം ചേര്‍ക്കുമ്പോഴാണു് ഘോഷവ്യഞ്ജനമുണ്ടാകുന്നതു്. ഗ + ഹ = ഘ എന്നുദാഹരിക്കാം. കേരളപാണിനീയത്തില്‍ സവിസ്തരം പ്രതിപാദിക്കപ്പെട്ടിട്ടുണ്ടു്.

ഇനി പ്രസ്തുതതിലേക്കു് വരാം.

കോഴിക്കോട്‌ എന്ന പദം നമ്മളുച്ചരിക്കുന്നതു് കോഴിക്കോഡ്‌ എന്നാണു്. ടകാരം ഡകാരമായി മാറി!. പഠിത്തം പഡിത്തമായി. ആഘോഷം ആഗോഷമായി.

ഈ ഉദാഹരണങ്ങളോരോന്നും ശ്രദ്ധിച്ചാല്‍ ഉച്ചാരണത്തില്‍ ഖരാതിഖരഘോഷവ്യഞ്ജനങ്ങള്‍ മൃദുവ്യഞ്ജനമായി മാറുന്നു എന്നു് മനസ്സിലാവും.

ആംഗലേയഭാഷയില്‍ ഇതെങ്ങിനെ അവതരിക്കുന്നു എന്നുനോക്കുന്നതു് കൗതുകകരമാണു്. Don't എന്ന വാക്കിലെ t നമ്മള്‍ ഉച്ചരിക്കുന്നതു് d എന്നാണു്. ഉച്ചരിച്ചുനോക്കിയോ? ശരിയല്ലേ?

ആംഗലേയത്തില്‍ ഏറ്റവും ഉപയോഗിക്കുന്ന വാക്കാണു് the. ദി എന്നു നമ്മുടെ ഉച്ചാരണം. കൃത്യമായിപ്പറഞ്ഞാല്‍ ഥി എന്നായിരിക്കണം ഉച്ചാരണം. ഈ രണ്ടുദാഹരണങ്ങളിലും നാം കാണുന്നതു്
മലയാളഭാഷയില്‍ നാം കൈക്കൊണ്ട വ്യഞ്ജനോച്ചാരണമാറ്റം ആംഗലേയത്തിലും കൈക്കൊള്ളുന്നതായാണു്. അതുകൊണ്ടാണു് friend, front എന്നീ വാക്കുകള്‍ക്കു് വ്യത്യസ്ഥ ഉച്ചാരണം നമുക്കു് സാധ്യമാകാത്തതു്. Ant - And, Aunty - anti എന്നും വേറെ ഉദാഹരണങ്ങള്‍. Friendനു് ഫ്രെന്‍ഡ്‌ എന്നും frontനു് ഫ്രന്‍ട്‌ എന്നും വേണം ഉച്ചരിക്കാന്‍.

൨: ശക്തമായ അനുനാസികവ്യഞ്ജനോച്ചാരണം

ഭംഗി എന്ന വാക്കു് ഭങ്ങി എന്നുച്ചരിക്കുമ്പോള്‍ സ്വീകരിച്ച അതേ വ്യവസ്ഥിതിയാണു് ആവശ്യമില്ലാത്ത അനുനാസികവ്യഞ്ജനങ്ങള്‍ക്കു് അമിതപ്രാധാന്യം കല്‍പ്പിച്ചതു്. ശ്രദ്ധിച്ചാല്‍ മറ്റൊരു ഭാഷയിലും നകാരത്തിനും മകാരത്തിനും പുറമെയുള്ള അനുനാസികങ്ങള്‍ക്കു് സ്ഥാനമില്ലെന്നു മനസ്സിലാക്കാം.

Thing എന്ന വാക്കിന്റെ ഉച്ചാരണം യഥാര്‍ത്ഥതില്‍ ഥിങ്‌ എന്നാണു്. നമ്മളുച്ചരിക്കുന്നതു് തിങ്ങ്‌ എന്നും. എന്നാല്‍ thingലെ ng എന്ന syllableന്റെ ഉച്ചാരണം angerലെ nനു തുല്ല്യമെന്നു് ബ്രിടിഷ്‌ നിഘണ്ഡുക്കള്‍ നിര്‍വചിക്കുന്നു. അതായതു് അനുനാസികം ഇരട്ടിക്കേണ്ട ആവശ്യമില്ല.

കൂടുതല്‍ ഉദാഹരിക്കുന്നില്ല. Singing മുതലായ വാക്കുകള്‍ മാര്‍ഗദര്‍ശികളാണു്.

൩: അസ്ഥാനത്തുള്ള യകാരോച്ചാരണം

എനിക്കു് എന്ന പദം ഉച്ചരിക്കുന്ന രീതി സൂക്ഷ്മമായി അവലോകനം ചെയ്തുനോക്കു. എനിക്യ്‌ എന്നാണു് ഉച്ചാരണം. ഇതിനെ സൂചിപ്പിക്കാനാണു് പലപ്പോഴും "എനിക്കു്"നെ യകാരം ചേര്‍ത്തു് "എനിയ്ക്കു്" എന്നെഴുതുന്നതു്. വരമൊഴിയില്‍ കകാരത്തിനുമുന്‍പു് യകാരം വന്നെങ്കിലും വാമൊഴിയില്‍ കകാരത്തിനുശേഷമാണു് യകാരം വരുന്നതു്.

ഇങ്ങനെയാണു് mike മൈക്ക്‌/മൈക്യ്‌/മൈയ്ക്ക്യ്‌ ആയതു്. Africaയും Americaയും ആഫ്രിക്യയും അമേരിക്യയുമാണു് നമുക്കു്. ആഫ്രിക്ക എന്ന എഴുത്തു് തന്നെ തെറ്റാണു്. ആഫ്രികയാണു് ശരി. യകാരത്തിനൊപ്പം കയുടെ ഇരട്ടിപ്പും എഴുത്തിലും ഉച്ചാരണത്തിലും ഒഴിവാക്കണം. Magic മറ്റൊരുദാഹരണം.

Name എന്ന വാക്കു് നേം അല്ലെങ്കില്‍ നേയ്ം എന്നതിനു് പകരം നെയിം എന്നാണു് നാം ഉച്ചരിക്കുന്നതു്. അതായതു് യകാരത്തില്‍ ഒന്നു് തൊട്ടു് പോകേണ്ട സ്ഥലത്തു് അമര്‍ത്തി യകാരം ഉച്ചരിക്കുന്നു.

Quick എന്നപദത്തിനെ ഉച്ചാരണം ക്വിക്‌ എന്നാണു്; ക്യുക്‌ എന്നല്ല. അതുപോലെ queen ക്വീന്‍ ആണു്, ക്യൂന്‍ അല്ല.

കൂട്ടത്തില്‍ പറയട്ടെ, ഈ യകാരം ഭാഷയില്‍ വളരെ പ്രാധാന്യമുള്ളതാണു്. ചുമക്കുക - ചുമയ്ക്കുക, മറക്കുക - മറയ്ക്കുക മുതലായ വാക്കുകളുടെ അര്‍ത്ഥവ്യത്യാസം മനസ്സിലാക്കുന്നതു് ഉച്ചാരണത്തിലുള്ള വ്യത്യാസം മുഖാന്തിരമാണു്.

൪: ഉ് ഉച്ചാരണം

പച്ചമലയാളത്തിന്റെ സ്വാധീനം വിളിച്ചോതുന്നതാണു് ഈ ഭാഷാസവിശേഷത.

ആണ്‌ എന്നെഴുതുന്നതു് ആണ്‍ എന്നുവേണം ഉച്ചരിക്കാന്‍. സാധാരണഗതിയില്‍ ആണ്‌ എന്നു്
ഉച്ചരിക്കുന്ന വാക്കു് എഴുതേണ്ടതു് ആണു് എന്നാണെന്നു് കേരളപാണിനി നിഷ്കര്‍ഷിക്കുന്നു. അതായതു് വാക്കിന്റെ അവസാനം ഒരു ഉ സ്വരം ചേര്‍ത്തുകൊണ്ടു്. അങ്ങിനെയെഴുതുമ്പോള്‍ ഉച്ചാരണം ഒരു ചില്ലക്ഷരത്തില്‍ അവസാനിക്കാതെ ഒരു മാത്ര കൂടി നീളുന്നു.

Car എന്ന പദം നമ്മളുച്ചരിക്കുന്നതു് സാധാരണ കാറു് എന്നാണു്, കാര്‍ എന്നല്ല. ഉദാഹരണങ്ങള്‍ നിരവധിയാണു്: file, block, business, class, brick... വാക്കിന്റെ അവസാനം ചില്ലു് വരുന്ന വാക്കുകള്‍ക്കാണു് ഈ ഉച്ചാരണവൈകല്യം നമ്മളേര്‍പ്പെടുത്തുന്നതു് എന്നു ചുരുക്കം.

൫ അന്യഭാഷാപദങ്ങള്‍ നമ്മുടെ ഭാഷയിലെഴുതുമ്പോള്‍ വരുന്ന വ്യതിയാനങ്ങള്‍

ഇവ രണ്ടു് തരത്തിലുണ്ടു്:

൫.൧: മലയാള അക്ഷരമാലകൊണ്ടു് മൊഴിമാറ്റം (transliteration) ചെയ്യാവുന്നവ
൫.൨: മലയാള അക്ഷരമാലകൊണ്ടു് മൊഴിമാറ്റം സാധ്യമാവാത്തവ

൫.൧: മൊഴിമാറ്റം സാധ്യമായവ

ഉച്ചരിക്കുന്ന സ്വരങ്ങളാണു് ഏതൊരു ഭാഷയുടേയും അടിസ്ഥാനം.

ആംഗലേയഭാഷയിലെ ൧൨ആം അക്ഷരമായ Lന്റെ മൊഴിമാറ്റം എല്‍ അല്ലെങ്കില്‍ ല്‍ എന്നാണു്. പിന്നെന്തേ full ഫുല്‍ ആവാതെ ഫുള്‍ ആയി? സ്കൂളല്ല, സ്കൂലാണു് ശരി. ൧൪ആം അക്ഷരമായ Nന്റെ മൊഴിമാറ്റം എന്‍ അല്ലെങ്കില്‍ ന്‍ ആണു്. അതുകൊണ്ടു് money മനിയാണു്, മണിയല്ല. ൧൮ആം അക്ഷരമായ Rനെ ഴ ആക്കിയപ്പോഴാണു് course കോഴ്സായതു്. ഴ എന്ന അക്ഷരം ഉള്ള ഭാഷകള്‍ എന്റെ അറിവില്‍ തമിഴും മലയാളവും മാത്രമാണു്. മലയാളിയായ ഒരു ടീചര്‍ മറുനാട്ടില്‍ പോയി അവിടുത്തെ കുട്ടികള്‍ക്കു് ഇംഗ്ലിഷിനൊപ്പം ഴ എന്ന അക്ഷരവും പഠിപ്പിച്ചാലോ?!

T നമുക്കു് ഒരേസമയം ടിയും റ്റിയുമാണു്. Kitനെ കിട്‌ എന്നൊരുവന്‍ ഉച്ചരിച്ചാല്‍ നമ്മളെന്തു വിചാരിക്കും?

താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ശ്രദ്ധിക്കു. ഒരേ വാക്കില്‍ത്തന്നെ ഒരേ അക്ഷരത്തിന്റെ വിവിധ ഉച്ചാരണങ്ങള്‍ നമുക്കു ദര്‍ശിക്കാം:

Tight - ടൈറ്റ്‌ - T
Fulfil - ഫുള്‍ഫില്‍ - L
Anonymous - അനോണിമസ്‌ - N
Fireforce - ഫയര്‍ഫോഴ്സ്‌ - R
Classical - ക്ലാസിയ്ക്കല്‍ - C, L
Tantalise - ടാന്റലൈസ്‌ - T

൫.൨ മൊഴിമാറ്റം സാധിക്കാത്തവ

Cat എങ്ങിനെ മലയാളത്തിലെഴുതും?

Catലെ a എന്ന സ്വരം ഉച്ചരിക്കുന്നപോലെ എഴുതാന്‍ ആംഗലേയത്തില്‍പ്പോലും സംജ്ഞകളല്ലാതെ ഒരു സ്വതന്ത്ര അക്ഷരമില്ല. മലയാളത്തിലുമില്ല. ഇന്ത്യന്‍ഭാഷകളിലുണ്ടോ എന്നും സംശയമാണു്. കാരണം അതിന്റെ ഉച്ചാരണം 'ആ'ക്കും 'ഏ'ക്കും ഇടക്കാണു്. 'ആ'യില്‍ നിന്നു പുറപ്പെടുകയും എന്നാല്‍ 'ഏ'യില്‍ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

ഇനി വീണ്ടും മൂലപ്രശ്നത്തിലേക്കു്. പൂച്ചയെ എങ്ങിനെ മലയാളിയാക്കും?

ഇതുവരെ സമര്‍ത്ഥിച്ച രീതി വെച്ചു് tയെ ട്‌ ആക്കണം. തല്‍ക്കാലം a എന്നതു് 'ആ' എന്നു തന്നെ നിലനിര്‍ത്താം.

എങ്കില്‍ cat കാട്‌ ആവും!

'ആ'കാരത്തിനുപകരം 'ഏ'കാരം ചേര്‍ത്താല്‍ കേട്‌ ആവും!

Tയുടെ പഴയ സംജ്ഞ തുടര്‍ന്നുപയോഗിച്ചാല്‍ cat കാറ്റാവും!

ഇതൊന്നുമല്ല, ക്യാറ്റ്‌ ആണു് അംഗീകരിക്കപ്പെട്ട രൂപം.

നോക്കു - യകാരം വന്നു. Tക്കു് ശ്ലഥം സംഭവിച്ചു. aക്കു തുല്യമായ സ്വരം ലഭ്യമല്ല.

Bank, Angry, Gas, Man, marriage ഒക്കെ ഉദാഹരണങ്ങള്‍. ഇതാണു് പറഞ്ഞതു് ആംഗലേയഭാഷയുടെ മൊഴിമാറ്റം പലപ്പോഴും എളുപ്പമല്ല.

ഇതുപോലെ മറ്റൊരു ഗുലുമാലാണു് boilലെ 'o'. 'ആ'യില്‍ നിന്നു പുറപ്പെട്ടു. 'ഓ'യിലൊട്ടു് എത്തിയതുമില്ല. സമാനോദാഹരണങ്ങള്‍ നിരവധി:

oil, coin, office, lorry, college, morning, involve, lollypop...

എന്താ വാദിക്കാന്‍ തോന്നുന്നുണ്ടോ? അക്ഷരം O ആണു്; അതുകൊണ്ടു് ഓ എന്ന ഉച്ചാരണമാണു് കൂടുതല്‍ യോജിക്കുക എന്നു്? എങ്കില്‍ augment, audit, auto, alter, fault മുതലായ പദങ്ങള്‍ എങ്ങിനെയെഴുതണം? എങ്ങിനെ ഉച്ചരിക്കണം?

ആംഗലേയഭാഷയുടെ വിചിത്രരീതികള്‍ പുറത്തുവരുന്നതു് ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളിലാണു്.

ഇനി word, bird മുതലായവ മറ്റൊരു വിഭാഗം ഗുലുമാല്‍. കൂടുതല്‍ വിസ്തരിക്കുന്നില്ല.

൬: അകാരത്തെ എകാരമാക്കി മാറ്റല്‍

രഞ്ജിതിനെ രെഞ്ജിത്‌ എന്നല്ലാതെ നമ്മള്‍ വിളിക്കില്ല. ലക്ഷ്മിയില്ല, ലെക്ഷ്മി മാത്രം.

ഒരാളുടെ വെറുപ്പു് സമ്പാദിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗങ്ങളിലൊന്നാണു് വികലമായ നാമോച്ചാരണം.

ആംഗലേയോപയോഗത്തില്‍ താരതമ്യേന കുറവെങ്കിലും ഇല്ലാതില്ല ഈ പ്രയോഗം. bunനെ benഉം justനെ jestഉം Justiceനെ jesticeഉം badamനെ bedamഉം നമ്മളാക്കി.

൭: ഈണം

"എന്തൂട്ടണു്?" എന്നുപറയുന്ന അതേ ഈണത്തില്‍ "what is your name?" എന്നു ചോദിക്കുന്നവരെ എനിക്കറിയാം. നീട്ടലും കുറുകലും വരെ കിറുകൃത്യം! (ചിരി വന്നുവൊ?)

നിഗമനം:

മലയാളഭാഷയുടെ ഉച്ചാരണത്തിലുള്ള പ്രത്യേകതകള്‍ അതേപടി മറ്റുഭാഷകളിലും ആവര്‍ത്തിക്കുമ്പോഴാണു് ഉച്ചാരണവൈകല്യങ്ങള്‍ ഉടലെടുക്കുന്നതു്. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ വ്യവസ്ഥ അറിയാതെതന്നെ നമ്മുടെ മേല്‍വിലാസമായി മാറിയിരിക്കുന്നു. ഇംഗ്ലിഷ്‌-മലയാളം നിഘണ്ഡുക്കളില്‍ പോലും ഉച്ചാരണം തെറ്റിയാണു് നല്‍കപ്പെട്ടിട്ടുള്ളതു് എന്നുകാണുമ്പോള്‍ സങ്കടം തോന്നുന്നു.

വിദ്യാഭ്യാസവിചക്ഷണന്മാര്‍, അദ്ധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രാസാധകര്‍, അച്ഛനമ്മമാരും രക്ഷിതാക്കള്‍, എന്തിനു്, സുഹൃദ്‌സദസ്സുകള്‍വരെ ശ്രമിച്ചുവേണം ഈ കളങ്കം കഴുകിക്കളയാന്‍. ഇനി വരുന്ന തലമുറ തെറ്റുകള്‍ പഠിക്കാതിരിക്കാന്‍ ഇപ്പോഴുള്ള തലമുറകള്‍ ഉടന്‍ പരിശീലനം തുടങ്ങിയേ മതിയാവൂ.

നമുക്കെങ്ങിനെ തിരുത്തിന്റെ വക്താക്കളാവാം?

നാണക്കേടു് വിചാരിക്കരുതു്. പറഞ്ഞുതന്നെ പഠിക്കണം. ഒരാറു മാസം തുടര്‍ച്ചയായി ശുദ്ധോച്ചാരണം ശീലിച്ചാല്‍ തെറ്റാതെ ആംഗലേയത്തില്‍ സംവദിക്കാന്‍ നമുക്കാവും. ആവണം.

൫.൧ല്‍ പറഞ്ഞമാതിരിയുള്ള വാക്കുകളുടെ മൊഴിമാറ്റത്തില്‍ പ്രസാധകരും മാധ്യമപ്രവര്‍ത്തകരും ശ്രദ്ധിക്കണം. വരമൊഴിയില്‍ കഴിയുന്നതും ഉച്ചാരണത്തോടു് നീതിപുലര്‍ത്തുന്ന മൊഴിമാറ്റം നടത്തുക.

നല്ലൊരു ബ്രിടിഷ്‌ ഇംഗ്ലിഷ്‌ നിഘണ്ഡു തന്നെ വാങ്ങു. അര്‍ത്ഥം മനസ്സിലാക്കാന്‍ മലയാളതര്‍ജ്ജമ നോക്കുന്നതില്‍ തെറ്റില്ലെങ്കിലും ഉച്ചാരണത്തിനു് മലയാളനിഘണ്ഡുക്കളെ ആശ്രയിക്കുന്നതിനോടു് ഞാന്‍ വ്യക്തിപരമായി എതിരാണു്.

൫.൨ല്‍ പറഞ്ഞപോലുള്ള ഘട്ടങ്ങളില്‍ സംജ്ഞകളെ ആവശ്യമെങ്കില്‍ അവലംബിക്കുക. നിഘണ്ഡുകര്‍ത്താക്കള്‍ നിര്‍ബന്ധമായും ഇതു ചെയ്തിരിക്കണം.

അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും തുല്യപങ്കായിരിക്കാം. പക്ഷെ അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്ന പഠനാവലി തയ്യാറക്കുന്നവര്‍ ഉച്ചാരണത്തിനു് ഊന്നല്‍കൊടുക്കുന്ന ഒരു പാഠ്യക്രമം ഉള്‍പ്പെടുത്തുന്നതു് നന്നായിരിക്കും. ഭാഷകള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്കുമാത്രമായി അതിനെ ഒതുക്കാതെ സാര്‍വത്രികമാക്കിയാല്‍ നന്നു്.

പ്രത്യുല്‍പന്നമദിത്വമോ പ്രസംഗപാടവമോ ഇതുകൊണ്ടു് നേടാനാവില്ല. പക്ഷെ തെറ്റു് തിരുത്താനാവും. ഉച്ചാരണശുദ്ധിവരുത്തിയാല്‍ മലയാളിയെന്നുള്ള മേല്‍വിലാസമോ സ്വത്വവുമോ (identity) നഷ്ടപ്പെടും എന്നു വേവലാതിയില്ലാത്തവര്‍ക്കു് ഒന്നു ശ്രമിച്ചുനോക്കാവുന്നതേയുള്ളു. പ്രത്യേകിച്ചു് കേരളത്തിനു പുറത്തുള്ളവര്‍ക്കു്.

ഈ ലേഖനം അവസാനിപ്പിക്കുന്നതിനുമുന്‍പു് ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. മലയാളഭാഷയുടെ ഉച്ചാരണാരീതികല്‍ അതേപടി അന്യഭാഷയില്‍ ആവര്‍ത്തിക്കുമ്പോഴാണു് ഉച്ചാരണവൈകല്യമുണ്ടാകുന്നതെന്നു നേരത്തെ പറഞ്ഞിട്ടുണ്ടല്ലൊ. എന്നാല്‍ മലയാളഭാഷയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണു് ഈ ഉച്ചാരണഭേദം. ലീലാതിലകവും കേരളപാണിനീയവും ആഴത്തില്‍ സൂക്ഷ്മമായി പഠനം നടത്തിയിട്ടുമുണ്ടു്. അതുകൊണ്ടു് തന്നെ മലയാളഭാഷയുടെ ഉച്ചാരണശുദ്ധീകരണം ഞാന്‍ ഉദ്ഘോഷിക്കുന്നില്ല.

ഈ ലേഖനത്തിന്റെ കരട്‌ രൂപം പരിശോധിക്കുകയും പ്രോത്സാഹനവും ക്രിയാത്മകനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തവരെ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

കടപ്പാട്‌:
Sri Prasanth P, Ops Manager in an IT BPO firm, Bangalore
Sri Harisanker AV, Editorial Coordinator, Children's division, MM Publications Kottayam
Sri PN Madhavan, Senior Sub Editor, Children's division, MM Publications Kottayam
Miss Elisabeth Koshi, Kottayam, fondly called "Teacher"
Prof Dr M N Karassery, Malayalam Dept, Calicut University
Prof Dr Ramachandran B, Associate Dean for Research, Louisiana Tech University, USA
Sri AVG Warrier, Former General Manager, Keltron Controls