Friday, May 7, 2010

വയറിളകുമ്പോള്‍

(മനഃകരുത്തുള്ളവര്‍ മാത്രം വായിക്കുക. മുന്നറിയിപ്പ്‌ അവഗണിച്ച്‌ വായിച്ചിട്ട്‌ ഉണ്ടാവുന്ന അനന്തരഫലങ്ങള്‍ നിങ്ങളുടെ മാത്രം കര്‍മഫലമായിരിക്കും)


മദിരാശിയിലുള്ള കാലം.

ടോണിയും ബിജുവുമാണു് കൂടെയുള്ളതു്. ബ്ലോഗ്‌ സിംഹം ചാണ്ടിക്കുഞ്ഞു് എന്തോ ആവശ്യത്തിനു് നാട്ടില്‍ പോയ അവസരം (അതുകൊണ്ട്‌ രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഈ കഥ അവന്‍ വേറെ രീതിയില്‍ അവതരിപ്പിച്ചേനെ).

കവിതയെ ശ്രദ്ധിക്കല്‍, വൈകുന്നേരം ഹോട്‌ ദോശയില്‍ പോകല്‍, തുടര്‍ന്നു് ഓരോ ഐസ്ക്രീം കഴിക്കല്‍, തിരിച്ചുവന്ന് 56 കളിക്കല്‍ എന്നിങ്ങനെ സുഗമമായി ജീവിതം മുന്നേറുമ്പോഴാണു് ഒരു ദിവസം ടോണിക്കും ബിജുവിനും ഒരുമിച്ചു പനിപിടിച്ചതു്.

രണ്ടെണ്ണത്തിനും എഴുന്നേറ്റു നില്‍ക്കാന്‍ ശേഷിയില്ല. ഒരു ദിവസം നോക്കിയെങ്കിലും പനി കുറയുന്ന ലക്ഷണമില്ല. അതുകൊണ്ട്‌ ഡോക്ടരുടെ അടുത്തു കൊണ്ടുപോകണം.

എന്തിനും ഇപ്പൊ ഞാന്‍ മാത്രമേയുള്ളു. ഓട്ടോറിക്ഷ വിളിക്കുക, രണ്ടെണ്ണത്തിനേയും തോളില്‍ ചായ്ച്ചു് ഉടയാത്ത രീതിയില്‍ ഓട്ടോയില്‍ അട്ടിയിടുക, ആശുപത്രിയിലേക്കു നീങ്ങുക, ഡോക്ടരെ കാണാനുള്ളവരുടെ ക്യൂവില്‍ രണ്ടുപേരേയും പ്രതിഷ്ഠിക്കുക എന്നീ ഘട്ടങ്ങള്‍ കഴിഞ്ഞു. മെല്ലെ നീങ്ങി നിരങ്ങി ഡോക്ടരുടെ അടുത്തെത്തി.

പരിശോധന കഴിഞ്ഞ്‌ ഡോക്ടര്‍ ഫലം പ്രഖ്യാപിച്ചു: രണ്ടുപേര്‍ക്കും viral fever ആണു്. 2-3 ദിവസത്തേക്കു് കാണും. ഭക്ഷണമൊക്കെ സൂക്ഷിച്ച്‌ കഴിക്കണം. ചപ്പാത്തിയോ ബ്രെഡ്ഡോ കഴിച്ചാല്‍ മതി.

തിരിച്ച്‌ രണ്ടുപേരേയും വീട്ടിലാക്കി ഉച്ചക്ക്‌ കഴിക്കാനുള്ള ഭക്ഷണവും വാങ്ങി ഞാനെത്തി - അവര്‍ക്ക്‌ ബ്രെഡ്ഡും എനിക്ക്‌ കോഴി ബിരിയാണിയും.

രണ്ടെണ്ണവും ഓരോ കഷ്ണം ബ്രെഡ്ഡ്‌ പൊട്ടിച്ച്‌ നാവില്‍ വെച്ചിരിക്കുമ്പോഴാണു് ഞാന്‍ ബിരിയാണിപ്പൊതി തുറന്നതു്. നല്ല ബിരിയാണിയുടെ സുഗന്ധം അവിടെയെങ്ങും പരന്നു.

ജ്വരബാധിതര്‍ രണ്ടുപേരും ദൈന്യതയോടെ എന്നെ നോക്കി.

"ഡാ കശ്മലാ, ഞങ്ങള്‍ക്ക്‌ ഈ അവസ്ഥയുള്ളപ്പൊ ഞങ്ങളുടെ മുന്നില്‍ വെച്ചു തന്നെ നിനക്ക്‌ ബിരിയാണി തിന്നണം അല്ലേ?"

"ശ്ശെടാ, നിങ്ങള്‍ക്ക്‌ പനിവന്നെന്നു വെച്ച്‌ ഞാനും പട്ടിണി കിടക്കണോ?"

"ഞങ്ങളുടെ ശാപം നിനക്കുണ്ടെടാ! നിനക്ക്‌ വയറിളക്കം പിടിക്കും!"

പുച്ഛത്തോടെ ഒരു ചിരി പാസ്സാക്കി ഞാന്‍ ബിരിയാണിത്തീറ്റയില്‍ മുഴുകി.

*   *   *   *   *

ഒരുപക്ഷെ അത്ര ഉള്ളില്‍തട്ടിയായിരിക്കണം ആ രോഗബാധിതര്‍ എന്നെ ശപിച്ചത്‌. കാരണം അന്ന്‌ വൈകുന്നേരം എനിക്ക്‌ വയറിളക്കം പിടിച്ചു!

വയറിളക്കം എന്ന്‌ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞതുകൊണ്ടാകുമോ? കാഴ്ചയില്‍ ദശമൂലാരിഷ്ടം (ആദ്യത്തെ 2-3 തവണ), ചക്ക പ്രഥമന്‍ (അടുത്ത 5-6 അര്‍ച്ചന), ച്യവനപ്രാശം (പിന്നെ 1-2 ദിവസത്തേക്ക്‌) എന്നിവയെ അനുസ്മരിപ്പിക്കുന്ന പ്രകടനം.

മുന്നറിയിപ്പില്ലാതെ വരാന്‍ സാധ്യതയുള്ളതുകൊണ്ട്‌ ബര്‍മുഡ മാറ്റി മുണ്ടുടുത്തു. ഊരാന്‍ എളുപ്പമുണ്ട്‌. ബാത്‌റൂമിലേക്ക്‌ കാല്‍ നീട്ടിയിരുപ്പായി.

പരവേശം സഹിക്കുന്നില്ല.

എന്നാല്‍ വയറിളക്കം പിടിപെട്ട കാര്യം കൂടെയുള്ളവര്‍ ഇരുവരുടേയും മുന്‍പില്‍ സമ്മതിക്കാന്‍ ആത്മാഭിമാനം എന്നെ അനുവദിച്ചില്ല. തുറന്നു പറഞ്ഞാല്‍ അവരെന്നെ കളിയാക്കി കൊല്ലും. അതുകൊണ്ട്‌ "ഉച്ചക്ക്‌ ബിരിയാണി കഴിച്ചവന്‍ എന്താ രാത്രി തൈരുസാദം കഴിക്കുന്നത്‌?" എന്ന ചോദ്യത്തിന്‌ "ഇനി മുതല്‍ രാത്രി ഭക്ഷണം നിയന്ത്രിക്കാന്‍ തീരുമാനിച്ചതുകൊണ്ടാ" എന്ന്‌ ഉത്തരം പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചതായി തോന്നിയില്ല.

*   *   *   *   *

കൂനിന്മേല്‍ കുരു! അടുത്ത ദിവസം രാവിലെ പൈപ്പിലെ വെള്ളം നിന്നു!

അതല്ലെങ്കിലും ചിലപ്പോള്‍ അങ്ങിനെയാണു്. മദിരാശി പണ്ടേ ജലദൗര്‍ലഭ്യത്തിനു പേരുകേട്ടതല്ലേ? (ഇപ്പോള്‍ സ്ഥിതി കുറേ മാറിയിട്ടുണ്ടത്രേ).

കുറച്ചുവെള്ളം ബക്കറ്റിലുണ്ട്‌. പക്ഷെ അത്‌ ഒരു "ട്രിപ്പിനേ" തികയൂ. വീണ്ടും "ച്യവനപ്രാശിക്കാന്‍" തോന്നിയാല്‍ എന്ത്‌ ചെയ്യും? ഹമ്മേ!

അടുത്തുള്ള കടയിലേക്കോടി. വെള്ളം കിട്ടാറുണ്ട്‌ അവിടെ. ഒരു 3-4 കുപ്പി വാങ്ങി വെക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനം രക്ഷിക്കുകയാണ്‌ ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത്‌. ജലം ലഭിക്കുന്ന മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം.

"അണ്ണാച്ചി, ഒരു 4 കുപ്പി തണ്ണി കൊടുങ്കൊ"

അണ്ണാച്ചി ചിരിച്ചു.

"തണ്ണി കഴിഞ്ചു പോയി. ഇന്നേക്ക്‌ പൈപ്പില്‍ തണ്ണി വരലൈ. അതുകൊണ്ട്‌ എല്ലാ അവന്മാരും വന്നു മേടിച്ചോണ്ട്‌ പോയി"

ദൈവമേ! അടുത്ത കട ഒന്നൊന്നര കിലോമീറ്റര്‍ അകലെയാണ്‌. നടക്കാവുന്ന ദൂരമേയുള്ളു. പക്ഷെ അടുത്ത "ശങ്ക" അങ്കുരിച്ചുകഴിഞ്ഞിരുന്നു. ച്ചാല്‍, ഒരു 5 മിനുട്ടിനുള്ളില്‍ കക്കൂസില്‍ കയറി ടേക്കോഫ്‌ ചെയ്തില്ലെങ്കില്‍...

ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ല. ഉടനെ പ്രവര്‍ത്തിക്കണം. പെട്ടെന്ന്‌ ഐഡിയ കത്തി!

*   *   *   *   *

"എന്താഡാ 2 വലിയ കുപ്പി 7upഉം പിടിച്ചോണ്ട്‌ കേറി വരുന്നേ?"

എന്റെ പുഞ്ചിരി ദുര്‍ബലമായിരുന്നു. "വേനല്‍ക്കാലമല്ലേ, നല്ല തണുത്ത വല്ലതും കുടിക്കാമെന്നു് കരുതി"



വാല്‍: ഒരു കാര്യം ഞാന്‍ തുറന്ന്‌ പറയാം. 7up കൊണ്ട്‌ കഴുകിയാല്‍ ആകെ ഒട്ടിപ്പിടിക്കും. അനുഭവമുള്ളതാ. രണ്ടാമത്തെ ഉപയോഗം മുതല്‍ കഴുകിയ ശേഷം ന്യൂസ്‌പേപര്‍ വച്ച്‌ തുടച്ചതുകൊണ്ട്‌ ഇത്തിരി ഒട്ടിപ്പിടിക്കല്‍ ഒഴിവായിക്കിട്ടി.



വവ്വാല്‍: "എടാ ഡാഷേ, രണ്ട്‌ കുപ്പി 7up വാങ്ങിയിട്ട്‌ രാത്രിയാക്കുമ്പൊഴേക്ക്‌ അത്‌ മുഴുവന്‍ ഒറ്റക്ക്‌ തീര്‍ത്തു അല്ലേടാ? നിനക്ക്‌ വയറിളക്കം പിടിക്കുമെടാ!"



(ഈ കഥയുടെ ശീര്‍ഷകം "അമരം" എന്ന ചിത്രത്തിലെ "അഴകേ നിന്‍ മിഴിനീര്‍" എന്ന ഗാനത്തിലെ "തിരയിളകുമ്പോള്‍..." എന്ന ചരണത്തിന്റെ ഈണത്തില്‍ വായിക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതുമാകുന്നു)