Thursday, September 30, 2010

റിട്ടേൺ ഗിഫ്റ്റ്‌

അങ്ങിനെ ഈ ബ്ലോഗിനു് ഒരു വയസ്സു തികഞ്ഞു. കഴിഞ്ഞ ഒരു വർഷം നേടിയെടുത്ത സുഹൃദ്‌ബന്ധങ്ങളും അവരിലൂടെ ലഭിച്ച പ്രോൽസാഹനങ്ങളും വളരെ വലുതാണു്. ഓരോരുത്തർക്കും നന്ദി.

ഇത്തവണത്തെ കഥ മറ്റൊരു പിറന്നാളിന്റെയാണു്.

എന്റെ മകൾ ഉറുമ്പിന്റെ ബർത്ത്‌ഡേ ആയിരുന്നു. ഫ്ലാറ്റിൽ ചെറിയതോതിൽ ആഘോഷമുണ്ടു്. ഫ്ലാറ്റിലുള്ള കുട്ടികളെ മുഴുവൻ വിളിച്ചതുകൂടാതെ ചില കൂട്ടുകാരേയും വിളിച്ചിട്ടുണ്ടു്.

ബാംഗ്ലൂരിലൊക്കെ പതിവുള്ള ഒരു ചടങ്ങാണു് റിട്ടേൺ ഗിഫ്റ്റ്‌. ഏതെങ്കിലും ആഘോഷങ്ങൾക്കു് അതിഥികൾ വന്നാൽ സാധാരണ അവർ സമ്മാനങ്ങൾ കൊണ്ടുവരും. ഇതു്, വരുന്ന അതിഥികൾക്കു് "നിങ്ങൾ വന്നൂലോ, സന്തോഷായിട്ടൊ!" എന്നുപറഞ്ഞുകൊണ്ടു് അങ്ങോട്ടു് കൊടുക്കുന്ന സമ്മാനമാണു്. റിട്ടേൺ ഗിഫ്റ്റ്‌.

റിട്ടേൺ ഗിഫ്റ്റ്‌, ആഘോഷത്തിനു് വരുന്ന കുട്ടികൾക്കു് മാത്രം കൊടുത്താൽ മതി എന്നാണു് വെച്ചതു്.

കഴിയുന്നതും ഒരേ സാധനം തന്നെ - ഇപ്പൊ കളർ പെൻസിലോ പെൻസിൽ സെറ്റോ നല്ല റബ്ബർ പന്തോ ഒക്കെയാവാം - വാങ്ങുന്നതാണു് നല്ലതു്. അല്ലെങ്കിൽ കുട്ടികൾ തമ്മിൽ "എനിക്കിതാ കിട്ട്യേ, നിനക്കോ?" എന്നൊരു ചോദ്യം പരസ്പരം ചോദിക്കുകയും "എനിക്കീ പെൻസിൽ വേണ്ട, ദാ അവനു് കൊടുത്തമാതിരി ക്രിക്കറ്റ്‌ ബാറ്റ്‌ മതി" മുതലായ നിർബന്ധ ബുദ്ധി പ്രകടിപ്പിക്കുകയും അടിപിടി, കരച്ചിൽ മുതലായ ഔപചാരികതകൾ നിർവഹിക്കുകയും ചെയ്യും.

പക്ഷെ ഭാര്യ കുഴിയാന വരുന്ന കുട്ടികളുടെ കൃത്യം എണ്ണവും പ്രായവും അറിയാം എന്നവകാശപ്പെട്ടുകൊണ്ടു് "ഈ പ്രായക്കാർക്കു് ചെറിയ സ്റ്റിക്കർ, ഇത്തിരീങ്കൂടി മുതിർന്നോർക്കു് ചിത്രം വരക്കാനുള്ള പുസ്തകം" എന്നിങ്ങനെ 4-5 ഐറ്റംസ്‌ വാങ്ങാൻ തീരുമാനിച്ചു. സുപ്രീം കോടതിയ മറികടന്നു് ഒരു കോടതിയില്ലാത്തതിനാൽ കാറിന്റെ താക്കോലെടുത്തു് വെറുതേ വട്ടം കറക്കി സാരഥിയുടെ സീറ്റിൽ കയറിയിരുന്നു് കുഴിയാനയും ഉറുമ്പും വരുന്നതു് കാത്തിരുന്നു.

ഞങ്ങൾ താമസിക്കുന്നതിന്റെ അടുത്താണു് ജയനഗർ ബിഗ്‌ ബസാർ. അവിടെ സാധനങ്ങൾക്കൊക്കെ കുറച്ചു വിലക്കുറവുണ്ടു്.

അടുത്തടുത്തായി ബാംഗ്ലൂർ സെൻട്രൽ മാളും വുഡ്ഡീസ്‌ ഹോട്ടലും മണിപ്പാൽ ഹോസ്പിറ്റലും ഉണ്ടെന്നും അവിടെവരുന്നവരൊക്കെ വണ്ടി ഇവിടെ പാർക്ക്‌ ചെയ്യുമെന്നും അറിയാമെങ്കിലും ബിഗ്‌ ബസാറിൽ പാർക്കിംഗ്‌ സൗകര്യമില്ലാത്തതുകൊണ്ടാണു് റോഡിൽ തന്നെ വണ്ടി നിർത്തിയതു്. മറ്റുള്ളവർക്കു് അസൗകര്യമുണ്ടാക്കേണ്ട എന്നുകരുതി ഒരു പോസ്റ്റിനോടു് ചേർത്തു് റിവേർസ്‌ എടുത്താണു് നിർത്തിയതു്.

സാധനങ്ങളൊക്കെ വാങ്ങിവന്നപ്പോഴേക്കു് രാത്രിയായി. നോക്കുമ്പോഴാണു് പ്രശ്നം.

എന്റെ കാറിനു് തൊട്ടുമുന്നിൽ മറ്റൊരു കാർ.

ഇനിയിപ്പൊ അതെടുക്കാതെ എന്റെ കാർ എടുക്കാൻ പറ്റില്ല. ആ കാറിലാണെങ്കിൽ ആരുമില്ല. ഇനി അതിന്റെ ഉടമസ്ഥൻ വരാതെ ഒന്നും നടക്കില്ല.

ഉറുമ്പിന്റെ പിറന്നാളിനു് വിളിച്ചവരെ ഒക്കെ ഒന്നുകൂടി വിളിച്ചു് ഓർമ്മിപ്പിച്ചു. വീട്ടിലേക്കു് ഒന്നു് വിളിച്ചു. ഒന്നൊന്നര മാസമായി കഴുകിയിട്ടില്ലാത്ത കാറിന്റെ പിൻചില്ലു് തുടച്ചു. കുറച്ചുദിവസമായി പ്രവർത്തനരഹിതമായ ബ്രേൿലൈറ്റ്‌ സ്വയം ശരിയായിട്ടില്ലെന്നു് ഉറപ്പുവരുത്തി.

എന്നിട്ടും മറ്റേകാറിന്റെ ഉടമസ്ഥൻ തിരിച്ചെത്തിയില്ല എന്ന വൈക്ലബ്യത്തിൽ പെട്ടെന്നു് ഇരട്ടിച്ച ദേഷ്യത്തിലാണു് ചാടിക്കേറി ഒരു ടയറിന്റെ കാറ്റഴിച്ചുവിട്ടതു്.

ശൂ്.. എന്ന ശബ്ദത്തിൽ ചക്രത്തിൽനിന്നു് വായു ബഹിർഗ്ഗമിക്കുന്നതു് ഉറുമ്പിനു കാണിച്ചുകൊടുക്കുന്നതിനിടയിൽ അവൾ കൈകൊട്ടിച്ചിരിക്കുന്ന ശബ്ദം കേട്ടാണു് കുഴിയാന അങ്ങോട്ടു് വന്നതു്.

"നിങ്ങൾക്കെന്താ പ്രാന്താണോ മനുഷ്യാ?"

"പ്രാന്ത്‌ എനിക്കല്ല, ഇവിടെ കാർ നിർത്തിയിട്ടവനാ! വേറൊരാൾക്കു് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണോ കാർ നിർത്തേണ്ടതു്?"

"അതല്ല. ഇനിയിപ്പൊ ഇതിന്റെ ഡ്രൈവർ വന്നാലും ടയർ മാറ്റിയിടാതെ വണ്ടിയെടുക്കാൻ പറ്റുമോ? നിങ്ങളുടെ വിഡ്ഢിത്തം കാരണം ഇപ്പൊ കുറേക്കൂടി സമയം ഇവിടെ കിടക്കാം!"

ഐ? അയ്യോ.. ശരിയാണല്ലോ. ഞാനെന്തൊരു വിഡ്ഢ്യാ! ഇത്ര ആലോചിക്കാനുള്ള ബുദ്ധി എനിക്കുണ്ടായില്ലല്ലോ!

വിയർത്തുപോയതു്, "ഇനിയിപ്പൊ വണ്ടിക്കു് സ്റ്റെപ്പിനിയും ജാക്കുമൊക്കെ ഉണ്ടോ ആവോ?" എന്നു് കുഴിയാനയുടെ ഉറക്കെയുള്ള ആത്മഗതം കേട്ടാണു്.

പണ്ടാരം! ഞാനിത്ര വകതിരിവില്ലാത്തവനായിപ്പോയല്ലോ!

ഞാനും കുഴിയാനയും മുഖത്തോടുമുഖം നോക്കി നിൽക്കുകയും ഉറുമ്പ്‌ "അച്ഛാ, അമ്മേ, നോക്കു! നിലത്തു് എണീറ്റു് നിൽക്കുകയായിരുന്ന കാർ ഇരുന്നതുപോലെ!" എന്നാഹ്ലാദിക്കുകയും ചെയ്യുന്നതിനിടക്കു് സകല സസ്പെൻസും പൊളിച്ചുകൊണ്ടു് കാറിന്റെ ഉടമസ്ഥനെത്തി.

അയാളെ ഞാൻ ഒന്നു് നോക്കി.

ഒരു 75 വയസ്സ്‌ പ്രായം വരും. ക്ലീൻ ഷേവ്‌. കട്ടിക്കണ്ണട. കഷണ്ടി തൊട്ടു-തൊട്ടില്ല എന്നമട്ടിൽ തല. നല്ല തേജസ്‌. പാണ്ഡിത്യം വിളിച്ചോതുന്ന കണ്ണുകൾ. ചുരുക്കത്തിൽ ഒരു ജ്യോതിബസു ലുക്‌!

"ഓ സോറി. നിങ്ങൾക്കു് ബുദ്ധിമുട്ടായല്ലോ? ക്ഷമിക്കുട്ടൊ. എന്റെ കൊച്ചുമോനു് വല്ലാത്ത പനി. അവനെ ഡോക്റ്ററെ കാണിക്കാൻ മണിപ്പാൽ ആശുപത്രിയിൽ വന്നതാ. വേറെ സ്ഥലമൊന്നും കിട്ടിയില്ല വണ്ടിയിടാൻ. നേരം വൈകി. ഡോക്റ്റർ പോകുമോ എന്നു പേടിച്ചു. അപ്പോയിന്റ്‌മെന്റും എടുക്കാൻ സാധിച്ചില്ല. അതുകൊണ്ടാ ഇത്തിരി സ്ഥലം കണ്ടപ്പൊ വേഗം പാർക്ക്‌ ചെയ്തതു്. നിങ്ങളെത്തിയാൽ വിളിക്കാൻ സൗകര്യത്തിനു് ഞാനെന്റെ ഫോൺ നമ്പർ എഴുതി വൈപ്പറിന്റെ അടിയിൽ വച്ചിരുന്നു. ശ്രദ്ധിച്ചില്ലായിരുന്നോ?"

ശ്രദ്ധിച്ചില്ലായിരുന്നു. ഇരുട്ടായതുകൊണ്ടാണു്. പോരാത്തതിനു് ചെറിയൊരു കഷ്ണം കടലാസായിരുന്നു.

"ഞാനുടനെ കാറെടുക്കാം. ഒരു മിനുട്ട്‌"

വടിവിഴുങ്ങിയ പോലെ നിൽക്കുന്ന എന്നെ മറികടന്നു് കുഴിയാന അയാൾക്കു് "പഞ്ചറായ" ടയർ കാണിച്ചുകൊടുത്തു. എന്നിട്ടു് ഉറുമ്പിനെ എടുത്തു് കുറച്ചു മാറിനിന്നു. "അച്ഛൻ ചെയ്തതാ!" എന്നു് അവൾ പറയുമോ എന്നു് സംശയിച്ചു, അതുകൊണ്ടു് മാറി നിന്നതാണു് എന്നു് പിന്നീട്‌ പറയുകയും ചെയ്തു.

"അയ്യോ, ഇവിടെ പാർക്ക്‌ ചെയ്യുമ്പൊ പ്രശ്നമില്ലായിരുന്നൂലോ, എന്താണാവൊ പറ്റിയതു?" മുതലായ സംശയപ്രകടനങ്ങൾ അയാൾ നടത്തുന്നതിനിടക്കു് ഞാൻ പതുക്കെ അയാളെ സമീപിച്ചു.

"കാറിൽ സ്റ്റെപ്പിനിയും ജാക്കുമൊക്കെയുണ്ടല്ലോ?"

"അതൊക്കെയുണ്ടു്. പക്ഷെ എനിക്കു് ടയർ മാറ്റിയിടാൻ വയ്യ. പുറംവേദനയുണ്ടു്. പ്രായമായില്ലേ? മോൻ ഒരു സഹായം ചെയ്യാമോ?"

ആത്മഗതം: മനസ്സിലായി. ഞാൻ ടയർ മാറ്റിയിടണം എന്നു്. അല്ലേ? കശ്മലൻ.

ഉറക്കെ: "ഞാൻ... ടയർ... അ... മാറ്റിയിടാൻ സഹായിക്കാം"

"വേണ്ട മോനെ. ഞാൻ പറയാൻ വന്നതു് അതല്ല. എന്റെ കൊച്ചുമോനെ കണ്ടില്ലേ? അവനു് നല്ല പനിയുണ്ടു്. വിരോധമില്ലെങ്കിൽ അവനെ കുറച്ചുസമയം നിങ്ങളുടെ കാറിലിരുത്തുമോ? അപ്പോഴേക്കു് ഞാൻ പോയി ഒരു മെക്കാനിക്കിനെ കൊണ്ടുവരാം. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യരുതെന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളതു്. പക്ഷെ നിങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യ. പ്ലീസ്‌"

ഞാൻ കൊച്ചുമകനെ നോക്കി. മങ്കിക്യാപ്പ്‌ ധരിച്ചു് വാടിയ മുഖവുമായി നിൽക്കുന്ന പയ്യൻ. ഒരു 13-14 വയസ്സുവരും.

എത്ര നല്ല മനുഷ്യൻ. എന്തൊരു മാന്യൻ. സ്വന്തം ബുദ്ധിമുട്ടുകൾ അവഗണിച്ചു് ഒരു മെക്കാനിക്കിനെ അന്വേഷിച്ചു് പോകുന്നു. അദ്ദേഹത്തിന്റെ ഈ അവസ്ഥക്കു് ഞാനല്ലേ കാരണം?

പ്രായശ്ചിത്തം ചെയ്യണം. മനസ്സിലെവിടെയോ ഒരു കുറ്റബോധം.

കൊച്ചുമോനെ എന്റെ കാറിൽ ഇരുത്തി. ഓട്ടൊസ്റ്റാൻഡ്‌ ലക്ഷ്യമാക്കി നടക്കുകയായിരുന്ന മുത്തച്ഛതുല്യനായ ആ മനുഷ്യന്റെ അടുത്തുചെന്നു് പതുക്കെ അദ്ദേഹത്തെ വിളിച്ചു.

"വരൂ, ടയർ ഞാൻ മാറ്റിത്തരാം"

അദ്ദേഹത്തിന്റെ എത്തിർപ്പുകൾ അവഗണിച്ചു് സ്റ്റെപ്പിനിയും ജാക്കും പുറത്തിറക്കുമ്പോൾ എന്റെയടുത്തു് കുഴിയാന വന്നുനിന്നു. അവളുടെ കണ്ണുകളിൽ അപ്പോൾ പരിഹാസമായിരുന്നില്ല. പ്രോത്സാഹനമായിരുന്നു.

എന്റെ റിട്ടേൺ ഗിഫ്റ്റ്‌.

വാൽ:

" 'താൻ കുഴിച്ച കുഴിയിൽ താൻ തന്നെ' എന്ന പഴംചൊല്ലിന്റെ അർത്ഥം ഉറുമ്പ്‌ ചോദിക്കുമ്പോൾ ഞാൻ നിങ്ങൾക്കു് പറ്റിയ അബദ്ധം അവൾക്കു് പറഞ്ഞുകൊടുക്കും"

വവ്വാൽ:

വീട്ടിലെത്തി വണ്ടിനിർത്തി പുറത്തിറങ്ങിയ എന്നെ ഉറുമ്പു് സ്വകാര്യമായി വിളിച്ചു

"അച്ഛാ, അതേയ്‌... നമ്മുടെ കാറിന്റെ ടയറിലും നമുക്കു് ശൂ ചെയ്യാം?"

സ്തബ്ധനായിനിന്ന എന്റെ ചെവിയിൽ അവൾ തുടർന്നു:

"അമ്മ കാണേണ്ട!"

32 comments:

Manoraj said...

ചിതലേ.. ഉറുമ്പും കുഴിയാനയും എല്ലാമായി തിരികെ എത്തിയല്ലേ.. തിരക്കുകള്‍ക്കിടയിലും നര്‍മ്മം തുളുമ്പുന്ന ഒരു പോസ്റ്റ്.. ഹി..ഹി.. അപ്പോള്‍ റിട്ടേണ്‍ ഗിഫ്റ്റ് തരണമെന്നോര്‍ത്താ അല്ലേ ഞങ്ങളെയൊന്നും പിറന്നാള്‍ വിളിക്കാതിരുന്നത്. അത് കൊണ്ടെന്തായി ഞാന്‍ തേങ്ങ ഒടക്കുന്നില്ല..“ഠ“ വെച്ചിട്ട് പോകുന്നു. ആരേലും ഒടക്കട്ടെ.. :)

കുഞ്ഞൂസ്(Kunjuss) said...

നര്‍മം തുളുമ്പുന്ന പോസ്റ്റിലൂടെ നമ്മുടെ,പ്രത്യേകിച്ചു മലയാളിയുടെ സ്വതസിദ്ധമായ അക്ഷമ,മറ്റുള്ളവര്‍ക്ക് പാരവെക്കല്‍ തുടങ്ങിയവ നന്നായി വരച്ചു കാട്ടിയല്ലോപ്രവീണ്‍. ഒപ്പം,മനസിലെ നന്മ തീരെ വറ്റിപോയിട്ടില്ല എന്നും തെളിയിച്ചു."കൊടുക്കുന്നതേ കിട്ടൂ" എന്നതാ ല്ലേ "റിട്ടേണ്‍ ഗിഫ്റ്റ്"

perooran said...

return gift ,kalakky.......

Vayady said...

"ഞാനിത്ര വകതിരിവില്ലാത്തവനായിപ്പോയല്ലോ!"

ഈ സത്യം മനസ്സിലാക്കാന്‍ ടയറിന്റെ കാറ്റ് അഴിച്ചു വിടേണ്ടി വന്നു അല്ലേ? കൂടെ കഴിയുന്ന കുഴിയാനക്കിത് എന്നേ അറിയാം.. ഇത്തിരി വൈകിയാണെങ്കിലും മനസ്സിലാക്കിയല്ലോ, എനിക്ക് സന്തോഷമായി. :))

നല്ല പോസ്റ്റ് ആയിരുന്നു കേട്ടോ. ഒരുപാടിഷ്ടപ്പെട്ടു. നന്നായി എഴുതി. സ്വന്തം അനുഭവത്തിലൂടെ കൈമാറിയത് നല്ലൊരു സന്ദേശവും കൂടിയാണ്‌. ഇത്രയും നല്ലൊരു അനുഭവം ഞങ്ങളുമായി പങ്കുവെയ്ച്ചതിനു പ്രത്യേകം നന്ദി പറയുന്നു. പിന്നെ അഭിനന്ദങ്ങള്‍. എന്തിനാണന്നോ? ആ നല്ല മനുഷ്യന് ടയര്‍‌ മാറ്റി കൊടുത്തതിന്‌.

Junaiths said...

ആദ്യമായ് ബ്ലിറന്നാള്‍ ആശംസകള്‍...
കൊടുത്താല്‍ കൊല്ലത്തും കിട്ടും..എന്നപോലായി ..
ആദ്യം ഉറുമ്പെന്നു കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി..കൊച്ചുങ്ങള്‍ക്ക്‌ ആരെങ്ങിലും ഉറുമ്പെന്നു ചെല്ല പേരിടുമോ?
ഏതായാലും ഉറുമ്പും കുഴിയാനയും വവ്വാലും എല്ലാം കൊണ്ട് ഒരു കലക്ക് കലക്കിയള്ളി ഗഡീ...
നല്ല സത്യം നിറഞ്ഞ തമാശ..

വിനുവേട്ടന്‍ said...

ചിതലേ... ഞാന്‍ ആദ്യമായിട്ടാണ്‌ ഇവിടെ വരുന്നത്‌ കേട്ടോ... കുറേക്കൂടി നേരത്തെ വരേണ്ടാതായിരുന്നു എന്ന് തോന്നി...

ഇനിയും മരിക്കാത്ത മനുഷ്യത്വം ഇവിടെ ദര്‍ശിക്കാന്‍ സാധിച്ചു. ആശംസകള്‍ ... ചിതലിനും ബ്ലോഗിനും ...

ഒഴാക്കന്‍. said...

"ഐ? അയ്യോ.. ശരിയാണല്ലോ. ഞാനെന്തൊരു വിഡ്ഢ്യാ! ഇത്ര ആലോചിക്കാനുള്ള ബുദ്ധി എനിക്കുണ്ടായില്ലല്ലോ! "

അത് ശ്ശി പിടിച്ചു!

അപ്പൊ പിറന്നാള്‍ ആശംസകള്‍

Unknown said...

നര്‍മ്മരസം തുളുമ്പി നില്‍ക്കുന്ന നല്ലൊരു പോസ്റ്റ്‌..
നല്ല വായനാ സുഖം ...ആശംസകള്‍

ചാണ്ടിച്ചൻ said...

അപ്പോ ഇനി ഉറുമ്പിനെ സൂക്ഷിക്കുക....അവള് മിക്കവാറും കാറില്‍ "സൂ" വെക്കും....
എന്നാലും ഞാന്‍ നിന്നെപ്പറ്റി ഇത്രയും വിചാരിച്ചില്ല ചിതലേ...ആ പാവം വയസ്സനോട്‌ ഈ ചതി വേണമായിരുന്നോ...നിനക്കെങ്ങനെ ഇത് ചെയ്യാന്‍ കഴിഞ്ഞു...നിനക്കുമില്ലേ അപ്പൂപ്പനും അമ്മൂമ്മയും...
ഞാനാണെങ്കില്‍ ഇത്രയൊന്നും ചെയ്യില്ലായിരുന്നു...ആ ചില്ലങ്ങു എറിഞ്ഞു പൊട്ടിച്ചേനെ...അല്ലാ പിന്നെ...

yousufpa said...

എടാ നീർക്കോലി താനാളു തരക്കേടില്ലല്ലോടാ... അടിപൊളിടാ‍ാ..

yousufpa said...

എടാ നീർക്കോലി താനാളു തരക്കേടില്ലല്ലോടാ... അടിപൊളിടാ‍ാ..

Umesh Pilicode said...

ആശംസകള്‍ ...

രഘുനാഥന്‍ said...

അതു ശരി...അപ്പോള്‍ ബാംഗലൂരുവില്‍ "പാര" പണിയുന്ന ജോലി ആണ് അല്ലേ? സോഫ്റ്റ്‌ വയറന്‍ ആണന്നല്ലേ ഞാന്‍ കരുതിയത്‌...

പോസ്റ്റ്‌ ചിരിപ്പിച്ചു...പ്രവീണ്‍..

Unknown said...

:) ഇടിയ്ക്കാന്‍ വന്നതാ, ടയര്‍ മാറ്റി കൊടുത്തത് കൊണ്ട്, വെറുതേ വിടുന്നു. ;);)

പിന്നെ, "അവളുടെ കണ്ണുകളില്‍ അപ്പോള്‍ പരിഹാസമായിരുന്നില്ല. പ്രോത്സാഹനമായിരുന്നു" ഗ്രേറ്റ്‌ !

F A R I Z said...

ചെറിയ ഒരു പ്രമേയമെങ്കിലും, നര്മരസം കലര്‍ത്തി
പറയുന്ന ശൈലി, വായനക്കാരന്‍റെ വായന താല്പര്യ പൂര്‍വമാക്കാന്‍ പ്രേരകമാകുന്നു. നന്നായിരിക്കുന്നു.
പിന്നെ ചിതല്‍ എന്ന് സ്വയം പേര് സ്വീകരിച്ച കഥാകാരന്‍ ,ഉറുമ്പും,കുഴിയാനയുമൊക്കെ, മനുഷ്യ കഥാ പാത്രങ്ങളാക്കി , കഥയില്‍ ജീവിപ്പിക്കുന്നു.
അങ്ങിനെയുള്ള കഥാ പാത്രങ്ങള്‍ക്ക് പ്രേരകമെന്താണ്?

ഭാവുകങ്ങളോടെ,

---ഫാരിസ്‌

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

മാഷേ..നന്നായിട്ടുണ്ട്...തമാശയല്ല ഫീൽ ചെയ്തത്..നല്ലൊരു പാഠം...കൊള്ളാം

കണ്ണനുണ്ണി said...

എനിക്കിട്ടും പണ്ടോരീസം റിച്ച്മണ്ട് സിര്‍ക്കിലിനു അടുത്ത് വെച്ച് ഇത്തരം ഒരു പണി കിട്ടിയതാ... ബാക് ടയറു രണ്ടും...കാറ്റ് ഊരി വിട്ടു.. പക്ഷെ ഞാന്‍ അന്ന് കുത്തി കെട്ടി പാര്‍ക്ക്‌ ചെയ്തിട്ട് ഒന്നും ഇല്ലായിരുന്നു...
എന്തായാലും ആളെ ഇപ്പൊ പിടികിട്ടി.. ശരിയാക്കി തരട്ടോ.. ഇനി നേരില്‍ കാണുമ്പോ

Sankaran said...

ഉഗ്രനായി.

അനില്‍കുമാര്‍ . സി. പി. said...

‘റിട്ടേണ്‍ ഗിഫ്റ്റ്’ - പേര്‌ അന്വര്‍ത്ഥമാക്കി അല്ല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

പിറന്നാൾ ആശംസകൾ ഒപ്പം ഈ റിട്ടേൺ ഗിഫ്റ്റിനും,വളരെ നർമ്മത്തോടെ അവതരിപ്പിച്ചതിനാണ് കേട്ടൊ

വരയും വരിയും : സിബു നൂറനാട് said...

CID ടെ ഓരോ മണ്ടത്തരങ്ങള്..!!

ടയര്‍ മാറ്റി കൊണ്ടിരുന്നപ്പോള്‍ പിന്നാമ്പുറത്ത് ഒരു പാട്ട് കേട്ടിരുന്നോ..?("അവനവന്‍ കുരുക്കുന്ന കുരുക്കെടുത്തഴിക്കുംപോള്‍ ഗുലുമാല്‍...ഗുലുമാല്‍...") ;-)

jayanEvoor said...

ചിതൽ....

ദ ബെസ്റ്റ് യു ഹാവ് റിട്ടൺ സോ ഫാർ.

എല്ലാം പാകത്തിന്.
വളരെ വളരെ ഇഷ്ടപ്പെട്ടു!

ചിതല്‍/chithal said...

ഒരുപാട് നന്ദി!
മനോ, എനിക്കിതുവരെ ഒരു തേങ്ങ കിട്ടിയിട്ടില്ല! ദേ, ഇപ്പോഴും!!!
കുഞ്ഞൂസ്, നന്ദി! മനസ്സിലെ നന്മ എന്നൊക്കെ തോന്നിയതു് ഏച്ചുകെട്ടിയ ഭാഗങ്ങളാട്ടോ!
പേരൂരാൻ, നന്ദി.
വായാടി, സത്യത്തിൽ എന്റെ ഭാര്യ അത് കല്യാണത്തിനു് മുൻപേ മനസ്സിലാക്കിയതാ. അവൾക്ക് എന്നെ കല്യാണത്തിനു മുൻപേ അറിയാമായിരുന്നു.. അതൊക്കെ ഒരു കഥ. എപ്പോഴെങ്കിലും എഴുതാം.
ജുനൈദേ, നന്ദി! ചിതൽ എന്ന തൂലികാനാമം സ്വീകരിച്ചപ്പോൾ കുടുംബത്തിലെ എല്ലാവർക്കും ഓരോ തൂലികാപ്പേർ വേണമെന്ന് നിർബന്ധം. എന്താ ചെയ്യാ?
വിനുവേട്ടാ, നന്ദി. ഇനിയും വരണേ.
ഒഴാക്കാ.. നിനക്ക് ശ്ശി പിടിച്ച ഭാഗം അതാണല്ലേ? ദുഷ്ടൻ.....
സിദ്ധീക്ക്, നന്ദി!
ചാണ്ടീ... ഡോൺ‌ഡ് ഡൂ..
യൂസുഫ്പ, ഉമേഷേ.. നന്ദി!
രഘുവേട്ടാ.. എന്റെ ഇമേജ് പൊളിച്ചടുക്കി, ല്ലേ? ഇനി ബാംഗ്ലൂരിലേക്കു് വരു.. ഞാൻ വെച്ചിട്ടുണ്ട്
ക്യാപ്റ്റാ.. വെറുതെ വിട്ടതിനു് താങ്ക്സ്!
ഫാരിസ്, പ്രത്യേകിച്ച് കാരണമോ പ്രചോദനമോ ഇല്ല. ഒരു പേർ വേണം. എങ്കിൽ ഇതായിക്കോട്ടെ. അതായിരുന്നു ലൈൻ.
വട്ടപ്പറമ്പാ.. തമാശയെഴുതാനായിരുന്നു ഉദ്ദേശം. ചീറ്റിപ്പോയോ എന്നൊരു സംശയം.
കണ്ണനുണ്ണീ.. ദുഷ്ടാ.. നീ നാട്ടിൽ നിന്നു് കാറ് കൊണ്ടുവന്നിട്ടുണ്ടല്ലോ? അല്ലേ? ഇനി ബ്രിഗേഡ് റോഡിലേക്ക് വാ. എനിക്കൊന്നു് കാണാനാ..
ശങ്കരൻ, അനിൽ‌കുമാർ, താങ്ക്സ്! പേരു് അന്വർത്ഥമായിപ്പോയതാ!
ബിലാത്തീ, സിബൂ, റൊമ്പ താങ്ക്സ്. പാട്ട് കേൾക്കാതിരിക്കാൻ നോ ചാൻസ്! :)
ജയേട്ടാ, ബെസ്റ്റ് കമെന്റ് ഐ ഹാവ് ഗോട്ട് സോഫാർ!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'കാറ്ററിയാതെ തുപ്പിയാല്‍ ചെവിയറിയാതെ കിട്ടും' എന്നാ പ്രമാണം ...
ഏതായാലും ബുദ്ധി 'ചിതല'രിക്കാതെ നോക്കിക്കോ....

chaks said...

urumbu aalu kollallo..... achanu pattiya makal...!!!
anyway its good one.

Kalavallabhan said...

കൊണ്ടാലെങ്കിലും പഠിച്ചാൽ മതിയായിരുന്നു.

Anil cheleri kumaran said...

സുപ്രീം കോടതിയ മറികടന്നു് ഒരു കോടതി യില്ലാത്തതിനാൽ ...
ബുഹഹഹ്ഹ......

Amrutha Dev said...

Nannayirunnu..

Enthayalum oru padam padichallo alle...

Kavitha Warrier said...

Hahaha... Urakke thanne chirichu vayichittu..... Kaaranam kazhinja azhcha oru pirannalum, athinte Return giftukaludeyum bahalam ivide kazhinje ulloo...
Pinne nammude bakki bhaagathinu ithinonnum varaan nerallyathathu kondum, Muchakra vaahanam ee naattil sulabham ayathondum valiya parikkukal illathe njangal rakshappettu...
Enthayalum ee Nanma Niranjavan Chithalinu Narmam Niranja Nalla oru post ittathinu Manassu Niranja Aasamsakal.....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ് ചിതല്‍...
ഞാന്‍ ആദ്യായിട്ടാ ഇവിടെ വരുന്നത്...വരവ് വെറുതെയായില്ല...ചിതലും ചാണ്ടിച്ചായനും നല്ല കൂട്ടുകാരാണെന്നറിയാം.അതു നിങ്ങളുടെ പോസ്റ്റുകളില്‍ തെളിഞ്ഞു കാണാം
കാരണം.. ദേ ഇവിടെ ഒരു "റിട്ടേണ്‍ ഗിഫ്റ്റിന്റെ" കഥയുമായി ചിതലും അവിടെ "കൊടുത്താല്‍ കൊല്ലത്തും കിട്ടും" എന്ന കഥയുമായി ചാണ്ടിച്ചായനും...കൊള്ളാം
രണ്ടു പേരും കൂടി ഒരു അഡ്ജസ്റ്റ്മെന്റാണല്ലേ...?ഹും..നടക്കട്ടെ നടക്കട്ടേ...
കുറച്ച് ദിവസം മുമ്പ് എനിക്കും കിട്ടി ഒരു റിട്ടേണ്‍ ഗിഫ്റ്റ്...ഇനി അതു വായിച്ചിട്ടു ഞാനും നിങ്ങളുടെ കൂട്ടത്തില്‍ കൂടി എന്നു പറയോന്നാ എന്റെ പേടി..സോറി!!ഞാനീ നാട്ടുകാരനല്ല... പിറനാളാശംസകള്‍....

ഗോപന്‍ said...

Good !

kuttipparus world said...

entha parayendath...ethupole kunju valiya kariyavum naramavum ennumingane tudaratte...asamsakal...!