Saturday, January 22, 2011

നിയോഗം

ഏറെ നാൾക്കുശേഷമാണു് ഡോ. സുരേഷ്‌ കുമാറിന്റെ ഫോൺ എനിക്കുവന്നതു്.

"എടാ, ഞാൻ ബാംഗ്ലൂർക്കു് വരുന്നുണ്ടു്. എനിക്കൊരു സഹായം വേണം. ഞാനൊരു മേൽവിലാസം പറയാം. എന്നെ നീ അവിടെ കൊണ്ടുപോകണം"

"തീർച്ചയായും. ആരാണു് അവിടെ താമസം?"

"എന്നെ പണ്ട്‌ മെഡിക്കൽ കോളജിൽ പഠിപ്പിച്ച ഒരദ്ധ്യാപികയാണു്. ഡോ. പ്രമീള സാഹു. അവരിപ്പോൾ ബാംഗ്ലൂരാണു് താമസം. നീ കേട്ടുകാണും. ഈയടുത്തു് പത്മശ്രീ നൽകി രാഷ്ട്രം അവരെ ആദരിച്ചിരുന്നു"

ഓർമ്മയില്ല. അല്ലെങ്കിലും സിനിമാ പുരസ്കാരങ്ങളൊഴികെ മറ്റൊരു പുരസ്കാരത്തിന്റെ വർത്തമാനവും പത്രങ്ങളിൽ ശ്രദ്ധിക്കാറില്ല.

"മേൽവിലാസം ഇവിടെയടുത്താണു്. പക്ഷെ ആളെ എനിക്കോർമ്മയില്ല"

ഒരു നിമിഷം സുരേഷ്‌ മൗനിയായി.

"നിന്നെയൊന്നും പറഞ്ഞിട്ടു് കാര്യമില്ല. പൊതുകാര്യങ്ങളിൽ അൽപംകൂടി ശ്രദ്ധവേണം. ഒരു കാര്യം ചെയ്യു്. രണ്ടുദിവസത്തിനകം ഞാനെത്തും. നമുക്കൊരുമിച്ചു് അവരെ കാണാൻ പോകാം"

അതിലെനിക്കു് വിരോധമില്ലായിരുന്നു.

*   *   *   *

കാറിൽ സുരേഷുമൊത്തു് യാത്രചെയ്യുമ്പോൾ ഞങ്ങൾ ഡോ. പ്രമീളയെക്കുറിച്ചു് സംസാരിച്ചു.

"സുരേഷേ, നീ വിളിച്ചുപറഞ്ഞശേഷം ഞാനവരെക്കുറിച്ചു് വായിച്ചറിഞ്ഞു. ഒരു ശിശുരോഗവിദഗ്ദ്ധയാണെങ്കിലും വിദ്യാഭ്യാസമാണു് അവരുടെ കർമ്മമണ്ഡലം, അല്ലേ? കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സന്നദ്ധസംഘടനകൾ, സ്വകാര്യവ്യക്തികൾ എന്നിവരുമായി സഹകരിച്ചു് നൂറിലധികം ഗ്രാമങ്ങളിൽ പ്രാഥമികവിദ്യാഭ്യാസത്തിനുള്ള വിദ്യാലയങ്ങൾ അവർ തുടങ്ങിവെച്ചിട്ടുണ്ടു് എന്നൊക്കെ വായിച്ചു"

"അതെ. അവർ ചെറിയകുട്ടിയായിരിക്കുമ്പോൾ അവരുടെ കളിക്കൂട്ടുകാരി അസുഖം വന്നു് തക്കസമയത്തു് ചികിൽസകിട്ടാതെ മരിക്കാനിടവന്നിട്ടുണ്ടു്. അതുകൊണ്ടാണു് അവർ ശിശുരോഗങ്ങളിൽ വൈദഗ്ദ്ധ്യം നേടിയതു്"

"അപ്പൊ വിദ്യാഭ്യാസത്തിലുള്ള അവരുടെ താൽപര്യം..? അതും ചെറിയ ഗ്രാമങ്ങളിൽ?"

സുരേഷിന്റെ കണ്ണുകളിൽ ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു.

"അതിന്റെ ഉത്തരം ഞാൻ പറയില്ല. നീതന്നെ അവരോടു് ചോദിച്ചു്മനസ്സിലാക്കിക്കൊ!"

വ്യക്തികളുടെ സാമൂഹികസംഭാവനകൾക്കു് നേരെയുള്ള എന്റെ അവഗണനയെ വെല്ലുവിളിക്കാൻ ശക്തിയുള്ളതായിരുന്നു തുടർന്നുള്ള അവന്റെ മൗനം.

*   *   *   *
ഡോ. പ്രമീളയുടെ പ്രതീക്ഷിച്ചതിലും ചെറിയ സ്വീകരണമുറിയിലിരുന്നു് അവർ തന്ന കാപ്പികുടിക്കുമ്പോഴാണു് എന്റെ സംശയം ഞാനവതരിപ്പിച്ചതു്. ചോദിക്കാനുള്ള സ്വാതന്ത്ര്യം അവരോടെടുക്കാം എന്നു് അവരുടെ അനൗപചാരിക പെരുമാറ്റത്തിൽ നിന്നു് തോന്നിയിരുന്നു.

"ഒറീസയിലെ കട്ടക്കിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണു് ഞാൻ ജനിച്ചുവളർന്നതു്. എന്റെ അച്ഛൻ ഒരു സാധാരണ കർഷകനായിരുന്നു. പ്രകൃതിയോടു് പടവെട്ടി വളർന്നുവന്ന അദ്ദേഹത്തിനു് വിദ്യാഭ്യാസം തീരെയില്ലായിരുന്നു. അദ്ദേഹത്തിനെന്നല്ല, ഞങ്ങളുടെ ഗ്രാമത്തിൽതന്നെ സ്കൂൾ കണ്ടിട്ടുള്ളവർ തീരെകുറവായിരുന്നു"

"സ്വന്തം ജീവിതത്തിൽ ഒരിക്കലും അതിമോഹങ്ങളില്ലതിരുന്ന അദ്ദേഹത്തിനു് പക്ഷെ മകളെ വലിയ നിലയിലാക്കുമെന്നു് ദൃഢനിശ്ചയമുണ്ടായിരുന്നു. ആ നിശ്ചയത്തിന്റെ പുറത്താണു് എന്നെ പഠിപ്പിക്കാൻ അദ്ദേഹം നിശ്ചയിച്ചതു്. അല്ലെങ്കിൽ എന്റെ പ്രായത്തിലുള്ള മറ്റേതൊരു പെൺകുട്ടിയേയും പോലെ ചെറുപ്പത്തിലേ കല്യാണം കഴിച്ചു് ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടുന്നതിലപ്പുറം എനിക്കും ഒരു ലോകമുണ്ടാവുമായിരുന്നില്ല. 'ഞാൻ ഒരു പെൺകുട്ടി; ഒരു പെണ്ണിന്റെ ആഗ്രഹങ്ങൾക്കു് പരിധിയുണ്ടു്' എന്നൊന്നും എന്റെ അച്ഛൻ ഒരിക്കലും വിശ്വസിച്ചിട്ടില്ല"

"ചെറുപ്പത്തിൽ എന്റെ കൂട്ടുകാരിയായിരുന്ന ഒരു കുട്ടി തക്കസമയത്തു് ചികിത്സ കിട്ടാതെ മരിച്ചതു് എന്റെ മനസ്സിനു് ഒരു ആഘാതമായിരുന്നു. ആ കൊച്ചുമനസ്സെടുത്ത തീരുമാനമാണു് ഒരു ഭിഷഗ്വരയാവുക എന്നതു്. അന്നത്തെ പരമമായ ലക്ഷ്യം ആതുരശുശ്രൂഷയായിരുന്നു; പ്രത്യേകിച്ചു് കുട്ടികളുടെ. പിന്നീടുള്ള പഠനം മുഴുവൻ ഈ ഒറ്റലക്ഷ്യം വച്ചായിരുന്നു"

"ബുദ്ധിമുട്ടിയാണെങ്കിലും നഗരത്തിലെ മെഡിക്കൽ കോളജിൽ എനിക്കു് പ്രവേശനം കിട്ടി. അവിടെ വെച്ചാണു് ഉന്നതപഠനത്തിനു് വിദേശരാജ്യത്തു് പോയി പഠിക്കാനുള്ള പ്രവേശനപരീക്ഷയെക്കുറിച്ചറിയുന്നതു്"

"ഇന്നത്തെ പോലുള്ള സൗകര്യങ്ങളൊന്നുമില്ലെന്നോർക്കണം. വളരെ ചെലവുള്ള കാര്യമാണു് വിദേശത്തു് പോയി പഠിക്കുക എന്നതു്. സ്കോളർഷിപ്പ്‌ കിട്ടാതെ വയ്യ. അതിനായി കൂടുതൽ മാർക്ക്‌ വാങ്ങി പാസാവണം"

"പിന്നെ അതിനായി ശ്രമം. ഇത്തരമൊരു സാഹസത്തിനു് മുതിരുന്ന കാര്യം വീട്ടിൽ പറഞ്ഞില്ല. അഥവാ ഒടുക്കം സ്കോളർഷിപ്പ്‌ കിട്ടിയില്ലെങ്കിലോ?"

"പക്ഷെ ദൈവം കനിഞ്ഞു! എനിക്കു് സ്കോളർഷിപ്പ്‌ കിട്ടി. ആ വിവരം കാണിച്ചുകൊണ്ടുള്ള കത്തു് ഞങ്ങളുടെ വകുപ്പുമേധാവിയും മറ്റു അദ്ധ്യാപകരും നേരിട്ടു് വീട്ടിൽ കൊണ്ടുവന്നു് തരികയായിരുന്നു. അപ്പോഴത്തെ എന്റെ സന്തോഷം! എന്റെ കൊച്ചുജീവിതം കൊണ്ടു് എന്തോ നേടിയ ഒരു തോന്നൽ ആദ്യമായി എനിക്കുണ്ടായി. അഭിമാനത്തോടെ ഞാനെന്റെ അച്ഛനെ നോക്കി. ഒരു നിമിഷം... ഞാനമ്പരന്നു് പോയി"

"വളരെ മ്ലാനവദനനായി ഒരു സന്തോഷത്തിലും പങ്കെടുക്കാതെ അദ്ദേഹം തലതാഴ്ത്തി ഇരിക്കുന്നു. ആരോടും സംസാരിക്കുന്നില്ല. എന്റെ അദ്ധ്യാപകർ വന്നു് അഭിനന്ദിക്കുമ്പോഴും പോകാൻ നേരം യാത്രപറയുമ്പോഴും അദ്ദേഹം മൗനിയായിരുന്നു"

"എല്ലാവരും പോയശേഷം ഞാനദ്ദേഹത്തിന്റെ അടുത്തു് ചെന്നിരുന്നു. എന്റെ തലയിൽ തലോടിക്കൊണ്ടു് അദ്ദേഹം പറഞ്ഞു"

" ` മോളെ, നീ വിദേശത്തു് പോയി പഠിക്കണ്ട ' "

" ` എന്തു് പറ്റി അച്ഛാ? ' "

" ` മറ്റൊന്നുമല്ല മോളെ, വളരെ ബുദ്ധിമുട്ടിയാണു് നിന്നെ ഞാൻ ഡോക്റ്ററാവാൻ പഠിപ്പിച്ചതു്. ഇനി പുറത്തുപോയി സ്കോളർഷിപ്പിനോക്കെ പഠിക്കണമെങ്കിൽ എന്റെ കൃഷിഭൂമി വിൽക്കേണ്ടി വരും. എന്നാലും ചെലവു് താങ്ങാനായി എന്നുവരില്ല. വേണ്ട മോളെ, ഇത്രയും സാധിച്ചതു് തന്നെ ദൈവാധീനം.. ' "

"ഒരു നിമിഷത്തേക്കു് പൊട്ടിച്ചിരിക്കാനാണു് എനിക്കു് തോന്നിയതു്. സ്കോളർഷിപ്പ്‌ കിട്ടിയെന്നു് പറഞ്ഞാൽ സാമ്പത്തികച്ചെലവിനെക്കുറിച്ചു് പേടിക്കാനില്ലെന്നാണു് അർത്ഥമെന്നു് അച്ഛനു് മനസ്സിലായില്ലല്ലോ! പക്ഷെ അടുത്ത നിമിഷം ഭയങ്കരമായ ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞു. പ്രാഥമികവിദ്യാഭ്യാസം പോലുമില്ലാത്ത ഓരോ കുടുംബവും നേരിടുന്ന പ്രശ്നങ്ങൾ. കഴിവുണ്ടായിട്ടും പലർക്കും ഉയർന്നുവരാൻ സാധിക്കാത്തതു് അവസരങ്ങളെക്കുറിച്ചുള്ള അജ്ഞതയാണെന്നു് ഞാൻ തിരിച്ചറിഞ്ഞു. സ്കോളർഷിപ്പിനെപ്പറ്റി ഞാനറിഞ്ഞതുപോലും നഗരത്തിലെ കോളജിൽ പോയതുകൊണ്ടാണല്ലോ. എന്റെ ചെറുകളിക്കൂട്ടുകാരി അകാലമൃത്യുവടഞ്ഞതുപോലും അവളുടെ മാതാപിതാക്കളുടെ അജ്ഞതമൂലമായിരുന്നു. ആ അജ്ഞതയാണു് നമ്മുടെ ശാപം. തുടച്ചുനീക്കേണ്ടതു് ആ അജ്ഞതയാണു്. പല സാമൂഹിക പോരായ്മകളുടേയും മൂലകാരണം അജ്ഞതയാണു്"

"ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു. എന്റെ കർമ്മമണ്ഡലം വൈദ്യരംഗത്തോടൊപ്പം പ്രാഥമികവിദ്യാഭ്യാസം കൂടി സാർവ്വജനികമാക്കുന്നതിലായിരിക്കും. ആ എളിയ ശ്രമം വളരെ ആത്മാർത്ഥമായി ചെയ്യാനായി എന്നതിൽ എനിക്കു് തൃപ്തിയുണ്ടു്"

20 comments:

Manoraj said...

ചിതലേ,

സത്യത്തില്‍ ഇത് കഥയാണോ.. അതോ മറ്റു വല്ലതുമോ.. എന്തെന്നാല്‍ ഇതില്‍ വലിയ ഒരു സന്ദേശമുണ്ട്. കഥയുടെ ഒരു ഫോര്‍മാറ്റിലേക്ക് എത്തിയില്ല എന്നൊരു തോന്നലും. അപ്പോള്‍ ഇന്റര്‍വ്യു വല്ലതും ആവുമെന്നാ കരുതിയത്. അപ്പോഴാ അടിയില്‍ കഥ എന്ന് കണ്ടത്. പക്ഷെ എഴുതിയ കാര്യം വളരെ സത്യവും കാമ്പുള്ളതുമാണ്. കുറേയായല്ലോ കര്‍മ്മഫലത്തില്‍ ചിതലരിച്ചിട്ട്.. ഇപ്പോഴെങ്കിലും അതിനു തോന്നിയതില്‍ സന്തോഷം.

ആളവന്‍താന്‍ said...

അതെ. അറിഞ്ഞിടത്തോളം അത് അവരുടെ നിയോഗം തന്നെ.....
അങ്ങോട്ട്‌ കണ്ടില്ലാ..... എന്തെ? ദി സേക്രഡ്‌ ഫെയ്സ് പാക്ക്‌!! സമയം പോലെ നോക്കു

ചിതല്‍/chithal said...

നന്ദി മനോ. കഥയുടെ ഫോർമാറ്റിലേക്കെത്തിയില്ല എന്നതു് വളരെ ശരിയാണു്. ആദ്യം ഒരു ഇന്റർവ്യൂ രീതിയിൽ എഴുതണോ എന്നു് വിചാരിച്ചിരുന്നു. അതിന്റെ ഒരു കരട്‌ രൂപം കടലാസ്സിൽ പകർത്തുകയും ചെയ്തിരുന്നു. പിന്നെ എന്തോ, ഒരു അസംതൃപ്തി തോന്നി.
പിന്നെ, ഗൗരവമുള്ള കഥ എഴുതാനാവുമോ എന്നൊരു പരീക്ഷണം കൂടി ഇതിലുണ്ടേ... :)

ചിതല്‍/chithal said...

നന്ദി ആളേ..

രമേശ്‌ അരൂര്‍ said...

സവിശേഷ വ്യക്തിത്വത്തെക്കുറിച്ചുള്ള ഒരു ഫീച്ചര്‍
ആ വിഭാഗത്തിലാണ് പത്രക്കാര്‍ ഈ കുറിപ്പിനെ പെടുത്തുക ..ഒരു സോഫ്റ്റ് സ്റ്റോറിയായി ഞായറാഴ്ച പോലുള്ള വിശ്രമ ദിനങ്ങളില്‍ വായനക്കാര്‍ക്ക് ഇത് പോലുള്ള രചനകള്‍ വായിച്ചു രസിക്കാം ..കഥയെഴുത്തിന്റെ ഒരു പരീക്ഷണ മേഖലയിലും ഇത് വരില്ല ചിതലേ ..

രമേശ്‌ അരൂര്‍ said...

പക്ഷെ ഇതിലെ ആശയം അതിഗംഭീരം സമൂഹത്തിനു നല്‍കുന്ന വിശിഷ്ട സന്ദേശം ..

A.V.G.Warrier said...

It is good to share such inspiring stories.

A.V.G.Warrier said...

It is good to share such inspiring stories.

ഒഴാക്കന്‍. said...

ഇപ്പോഴും നല്ല മനസുള്ളവര്‍ ജീവിച്ചിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു സന്തോഷം

jayanEvoor said...

നല്ല കുറിപ്പ്.
നല്ല സന്ദേശം.
കഥയാക്കുമ്പോൾ അല്പം നാടകീയതയൊക്കെ ആവാം. ഉപമകളും അലങ്കാരങ്ങളും ചേർക്കാം;പരിണാമഗുപ്തിയും.

Kavitha Warrier said...

An inspiring article.... Don't know whether this would come in a story category..... But felt really good to read this...

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലൊരു സന്ദേശം ഉൾക്കൊള്ളിച്ച് കഥാപരുവത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു...
അഭിനന്ദനങ്ങൾ..

Amrutha Dev said...

Eee kadha nalkunna sandesam valare valuthannu... Avatharana reethiyum kollam.. Enikkippol thonnunnu iniyenkilum Chithal nalla natipurangale "Kugramam" ennu vilichu kaliyakilla ennu.. Karanam Nagarathinte hridaya spandanangal gramangalil ninnanu... Sampathine kkal valuthu sevana manobahvam aanu.. Adutha veetil aara ennu polum ariyathe valarunna oru nagarikanu orikkalum athu manasilakilla.. But u have proven that u can do the same by writing this inspiring story(Don't know whether it is a story...) thanks for that..:):):)

ചിതല്‍/chithal said...

അയ്യോ! ഇതു വെറും ഒരു കഥയാണു്! കാൽപനികകഥ. നടന്നതൊന്നുമല്ല. ഇങ്ങനെ ഒരെണ്ണം എഴുതണം എന്നു് തോന്നി, എഴുതി. മനോ പറഞ്ഞപോലെ അഭിമുഖം മാതിരി എഴുതാൻ നിശ്ചയിച്ചിരുന്നതാ. പിന്നെ ഇങ്ങനെ എഴുതി എന്നുമാത്രം.
ജയേട്ടന്റെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നു. പക്ഷെ പതിവു ചട്ടക്കൂടിൽ നിന്നു വ്യത്യസ്തമായി എഴുതാമോ, അതു് സ്വീകാര്യമാവുമോ എന്നൊക്കെ ഒരു പരീക്ഷണമാണു് നടത്തിയതു്. തരക്കേടില്ല എന്നു തോന്നി.
അമൃതേ, ഗ്രാമങ്ങളെയാണെനിക്കും ഇഷ്ടം. ബാക്കിയൊക്കെ അമൃതയെ വട്ടുപിടിപ്പിക്കാൻ വേണ്ടി പറയുന്നതല്ലേ!

അനൂപ്‌ .ടി.എം. said...

കഥ കൊള്ളാം.
ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നു.
ആശംസകള്‍

Junaiths said...

ഈ പരിചയപ്പെടുത്തല്‍ നന്നായി..ഡോ : പ്രമീള ഒരു മാതൃകാ വ്യക്തിത്വം തന്നെ..

ചാണ്ടിച്ചൻ said...

എനിക്കും പണ്ട് വിദേശത്തു പോയി പഠിക്കാന്‍ സ്കോളര്‍ഷിപ്പ് കിട്ടിയതാ...ഞാന്‍ വേണ്ടെന്നു വെച്ചതാ....അല്ലാ പിന്നെ....
ചിതലേ....സംഭവം ഇടയ്ക്കു വെച്ച് പെട്ടെന്നവസാനിപ്പിച്ച പോലെ തോന്നി....ഒരു ക്ലൈമാക്സ് കൂടിയുണ്ടായിരുന്നെ, സംഭവം ഉശിരനായേനെ...

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നല്ല ആഖ്യാനരീതി..
ആശംസകളോടെ..

mayflowers said...

കഥയാണെങ്കിലും എന്ത് നല്ലൊരു സന്ദേശമാണ് ഇതിലൂടെ നല്കിയിരികുന്നത്.
ശരിക്കും പിടിച്ചിരുത്തിക്കളഞ്ഞു.
ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍...

ബെഞ്ചാലി said...

നല്ല സന്ദേശം.
അഭിനന്ദനങ്ങൾ...