Saturday, August 25, 2012

പോലീസും പിസയും


അരുൺ കായംകുളത്തിന്റെ “കമ്മട്ടത്തിന്റെ ഉല്പ്പന്നം തേടി” എന്ന കഥ വായിച്ചപ്പോഴാണു് പണ്ടു് പിസ കഴിക്കാൻ പോയപ്പോൾ പോലീസ് പിടിച്ച സംഭവം ഓർമ്മ വന്നതു്. അതു് പറയാം.

അതായതു്, മദിരാശിയിലുള്ള കാലം. അങ്ങു് തിരുവാണ്മിയൂരിനപ്പുറം വാൽമീകി നഗർ എന്ന സ്ഥലത്തു് കടലിനോടു് ചേർന്നുള്ള ഒരു ഫ്ലാറ്റിൽ താമസിക്കുന്ന സമയം.

ഒരു ദിവസം ഞങ്ങൾ സുഹൃത്തുക്കളൊക്കെക്കൂടി അഡയാറിലുള്ള പിസാ കോർണറിൽ ഒത്തുകൂടാൻ തീരുമാനിക്കുന്നു. ഞാൻ താമസിക്കുന്ന ദിക്കിൽ നിന്നു് 6-7 കി.മീ. ദൂരമുണ്ടു്. അതൊരു പ്രശ്നമല്ല. എനിക്കു് മോട്ടോർ ബൈക്കുണ്ടു്.

ഈ പിസാ (ഇംഗ്ലീഷുകാർ പ്ഭീറ്റ്സാ എന്നു് പറയും) വല്ലപ്പോഴും മാത്രം തിന്നാൻ കൊള്ളാവുന്ന സാധനമാണു്. പക്ഷെ അതല്ല പ്രധാനം; സുഹൃത്തുക്കളുടെ ഒത്തുകൂടലാണു്. മാത്രമല്ല, ആരുടേയോ വക ചെലവുചെയ്യലാണു്.

കൂട്ടത്തിൽ ഒന്നോ രണ്ടോ പേർക്കു് മാത്രം ബൈക്കുണ്ടാകുമ്പോൾ ന്യായമായും അവരുടെ കൂടെ വരാൻ കുറേ പേരുണ്ടാവും. ബൈക്കിൽ അനായാസമായി പോയിവരാം എന്നുള്ള സൗകര്യം കൊണ്ടാണതു്. അതുകൊണ്ടു് എന്റെ കൂട്ടുകാർ പ്രമോദിനേയും അനൂപിനേയും ഞാൻ “പിക്” ചെയ്യാം എന്നേറ്റു.

പക്ഷെ ഒരു പ്രശ്നമുണ്ടു്: തിരുവാണ്മിയൂരിൽ നിന്നു് LB റോഡ് വഴി വേണം അഡയാറിലെത്താൻ. വളരെ തിരക്കുള്ള വലിയ മെയിൻ റോഡാണു്. സ്ഥിരം പോലീസ് ചെക്കിംഗുണ്ടാവും. മൂന്നു പേരൊക്കെ ബൈക്കിൽ പോകുന്നതുകണ്ടാൽ പണികിട്ടും - ഉറപ്പാണു്.

ഒരു പ്രശ്നത്തിനു് ഒരു പോംവഴിയുമുണ്ടു്. LB റോഡിനു ചേർന്നു് നിരവധി ഊടുവഴികളുണ്ടു്. അവയിലൂടെ സഞ്ചരിച്ചാൽ പിസാ കോർണറിന്റെ അടുത്തെത്തും.

അങ്ങിനെ ഞാൻ വണ്ടിയോടിക്കുകയും പ്രമോദും അനൂപും പിന്നിൽ ഞെളിഞ്ഞിരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ബൈക്ക് അഡയാറിലെ ഊടുവഴികളില്ക്കൂടി മൂന്നുപേരെ വച്ചു് ഒരു ഹീറോ ഹോണ്ട സ്പ്ലെൻഡറിനു് പോകാവുന്ന തരക്കേടില്ലാത്ത സ്പീഡിൽ നീങ്ങുന്നു. പരസ്പരം ഓരോ തമാശകൾ പറഞ്ഞു്, ചിരിച്ചു്, ആഘോഷമായി.

കുറച്ചു ദൂരം ചെന്നപ്പോൾ ദേ ഒരാൾ വഴിയുടെ നടുവിലേക്കു് നീങ്ങിനിന്നു് കൈവീശുന്നു. സൂക്ഷിച്ചുനോക്കി. ട്രാഫിക് പോലീസാണു്.

“ജോറായി!” എന്നു് ‘എൽസമ്മ എന്ന ആൺകുട്ടി’യിൽ വിജയരാഘവൻ പറയുന്നപോലെ ഞാനും മനസ്സിൽ പറഞ്ഞു. അനൂപും പ്രമോദും പതുക്കെ ബൈക്കിൽ നിന്നിറങ്ങി.

“എവിടെ നിന്നു് വരുന്നു?”

“തി..രുവാണ്മിയൂർ”

“എങ്ങോട്ടു് പോകുന്നു?”

പെട്ടെന്നു് എനിക്കൊരു ബുദ്ധിതോന്നി. സെന്റിമെന്റ് വർക്കൗട് ചെയ്താലോ? ഒത്താൽ ഒത്തു.

“സർ, ഞങ്ങൾ ബ്ലഡ് ബാങ്കിലേക്കു് രക്തം കൊടുക്കാൻ പോകുന്നു”

ഇൻസ്പെക്ടർ ഒന്നു് ശങ്കിച്ചു. എന്നിട്ടു് ആശുപത്രിയുടെ പേരു് ചോദിച്ചു. ആ ഭാഗത്തുള്ള ഒരു ചെറിയ ആശുപത്രിയുടെ പേരു് ഒട്ടും ശങ്കയില്ലാതെ ഞാൻ പറഞ്ഞു.

ഇൻസ്പെക്ടർക്കു് വീണ്ടും ആശയക്കുഴപ്പം. ആ സന്ദർഭം ഞാൻ മുതലാക്കി.

“സർ, നാളെയാണു് ഓപ്പറേഷൻ. കുറച്ചു് റെയർ ഗ്രൂപ്പാണു്. അതുകൊണ്ടു് ആളെ സംഘടിപ്പിക്കാൻ വൈകി. ഇവർ ചെന്നു് രക്തം കൊടുത്തിട്ടുവേണം നാളത്തെ ഓപ്പറേഷനു് ഡോക്റ്ററെ ഏർപ്പാടാക്കാൻ. സർ പ്ലീസ്..”

അങ്ങേർക്കു് പിന്നേയും കൺഫ്യൂഷൻ. അപ്പോൾ ഞാൻ തുരുപ്പുചീട്ടു് പുറത്തെടുത്തു. ആവുന്നത്ര ദൈന്യത മുഖത്തുപുരട്ടി. എന്നിട്ടു് അക്ഷമയുടെ സ്വരത്തിൽ പറഞ്ഞു:

“സർ, വേഗം ചെല്ലണം. പത്തുമിനുട്ടിനുള്ളിൽ ബ്ലഡ് ബാങ്ക് അടക്കും. നാളത്തെ ഓപ്പറേഷൻ... സർ, പ്ലീസ്”

അതാ, ഇൻസ്പെക്ടരുടെ മുകത്തു് വിഷമം അങ്കുരിച്ചുകഴിഞ്ഞു. അദ്ദേഹം പറഞ്ഞു:

“ശരി. വേഗം പോകൂ. നില്ക്കൂ... മെയിൻ റോഡിൽ കയറേണ്ട. ഇന്നു് ചെക്കിംഗ് കൂടുതലുള്ള ദിവസമാണു്. മറ്റു് പോലീസുകാരുണ്ടാവും. അവരുടെ മുമ്പിൽ ചെന്നു പെടരുതു്. ഉം, ഗോ..!”

ആ പോലീസ് ഇൻസ്പെക്ടരുടെ മുന്നിൽ വച്ചുതന്നെ ഞങ്ങൾ മൂന്നുപേരും ബൈക്കിൽ കയറി യാത്ര പുനരാരംഭിച്ചു.

അന്നു് പിസാ കോർണറിൽ ഇരുന്നു് അനൂപും പ്രമോദും നടന്ന സംഭവങ്ങൾ മറ്റു സുഹൃത്തുക്കളോടു് വിവരിക്കുമ്പോൾ ആത്മനിർവൃതിയോടെ ഒരു ജേതാവിന്റെ ഭാവത്തിൽ ഞാനിരുന്നു. മാത്രമല്ല, അന്നത്തെ കൊക്കകോലയുടെ ചെലവും എന്റെ വകയായി പ്രഖ്യാപിച്ചു.

*        *       *        *        *

അടുത്ത ദിവസം. ദി വെരി നെക്സ്റ്റ് ഡേ...

അഡയാറിലെ ഊടുവഴികളിൽ കൂടി ആപ്പീസിലേക്കു് വണ്ടിയോടിക്കുമ്പോഴും തലേന്നത്തെ സാഹസത്തിന്റെ ഹാങ്ങോവറിലായിരുന്നു ഞാൻ. ഇൻസ്പെക്ടറെ കണ്ടുമുട്ടിയ സ്പോട്ടിലെത്തിയപ്പോൾ ഞാൻ വെറുതേ ബൈക്കിന്റെ സ്പീഡ് കുറച്ചു് ചുറ്റിനും കണ്ണോടിച്ചു.

അതാ, തലേന്നു് കണ്ട സ്പോട്ടിൽ അതേ പോലീസുകാരൻ.

അയൾ എന്നേയും കണ്ടുകഴിഞ്ഞു. ദേ, എന്റെ നേരെ നടന്നുവരുന്നു. ബൈക്ക് നിർത്താൻ കൈ കാണിക്കുന്നുമുണ്ടു്.

“താനല്ലെ, ഇന്നലെ രണ്ടു പേരെ ബ്ലഡ് ബാങ്കിലേക്കു് കൊണ്ടുപോയിരുന്നതു്?”

“അതെ സർ. സാറിന്റെ മനസ്സിനു് നന്ദി. സമയത്തിനെത്തിയതുകൊണ്ടു് ബ്ലഡ് എടുക്കാൻ പറ്റി. ഞാൻ ആശുപത്രിയിലേക്കാണു്. ഓപ്പറേഷൻ ഇപ്പൊ തുടങ്ങും“

”വെരിഗുഡ്. ഏതായാലും ഇന്നലത്തെ ഫൈൻ അടച്ചിട്ടു് പൊയ്ക്കൊള്ളു. എത്ര അത്യാവശ്യത്തിനായാലും ഇന്നലെ ചെയ്തതു് നിയമലംഘനമല്ലേ?“

സ്തബ്ധനായി ഞാൻ നില്ക്കുമ്പോൾ ഫൈൻ റസീറ്റ് ബുക്കിൽ എന്റെ വണ്ടിയുടെ വിവരങ്ങൾ പതിഞ്ഞുതുടങ്ങി.

10 comments:

ചിതല്‍/chithal said...

സംഭവിച്ച കാര്യങ്ങളാ... കമെന്റിടുമല്ലോ?

ajith said...

ഇതുതാന്‍ഡാ പോലീസ്

Sankaran said...

ഒരബദ്ധം ഏതു പോലീസുകാരനും പററും...

ഒരു ദുബായിക്കാരന്‍ said...

പോലീസുകാരന്‍ ആയാല്‍ ഇങ്ങനെ വേണം !!

Amrutha Dev said...

kollam..... Angane thanne venam,,, enkilum ente vishamam police nu satyam manasilayillallo enna.. :(... Hmmmm...

കൊച്ചു കൊച്ചീച്ചി said...

പാവം പോലീസ്. അവന്‍ 'ക്വോട്ട' എത്തിക്കാന്‍ നില്‍ക്കുന്നതാ. മുപ്പതുചീട്ട് എഴുതിത്തീര്‍ന്നാല്‍ വീട്ടീപ്പോവാല്ലോ എന്നുവിചാരിച്ചാണ് പുള്ളി ആ വെയിലുമുഴുവന്‍ കൊണ്ട് അവിടെ നില്‍ക്കുന്നത്.

ഇനി ചില സ്പെല്ലിങ്ങ് മിസ്റ്റേക്ക്സ്....

"ഈ പിസാ വല്ലപ്പോഴും മാത്രം തിന്നാന്‍ കൊള്ളാവുന്ന സാധനമാണു്" ഇതാരി പറഞ്ഞി! വെര്‍തേ ശാസ്ത്രീയാടിസ്ഥാനമില്ലാത്ത കാര്യൊന്നും എഴുതര്ത് ട്ടാ.

"ഒരു പ്രശ്നത്തിനു് ഒരു പോംവഴിയുമുണ്ടു്" ഒരു പ്രശ്നത്തിന് കുറഞ്ഞത് എട്ട് പോംവഴികളെങ്കിലും ഒരു പ്രോജക്റ്റ് ലീഡിന്റെ കയ്യില്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സൊല്യൂഷന്‍ ഡെലിവെറി കഴിഞ്ഞാലും പിഴ പിന്നാലെ വരും.

chaks said...

ishtaayi .. ishtaayi... angane thanne venam.... :P

Kavitha Warrier said...

ഏന്നാലും എന്റെ പോലീസെ, ഇതു വേണ്ടീർന്നില്ല .. "യൂ ടൂ ബ്ബ്രൂട്ടസ്" എന്നു അപ്പൊ വിളിക്കണ്ടെ?

പിസയുടെ കാര്യത്തിൽ എനിക്കും അഭിപ്രായ വ്യത്യാസം ഉണ്ടു,ട്ടൊ.... എന്നാലും ക്ഷമിച്ചിരിക്കുന്നു... 
അതിനുള്ള ശിക്ഷ പിറ്റെ ദിവസം തന്നെ കിട്ടിയല്ലൊ..

ഹിഹിഹിഹി... സന്തോഷം...

Kavitha Warrier said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

ഹാ ഹാഹാാ.അങ്ങനെ തന്നെ വേണം.