എന്നെ ക്യാബിനിൽ കൊണ്ടിരുത്തിയെങ്കിലും മാനേജർ എന്നോടൊന്നും സംസാരിച്ചില്ല. എന്നു് മാത്രമല്ല, അലമാര തുറക്കുക, പഴയ ഫയലുകളും ലെഡ്ജറുകളും എടുക്കുക, അവ ഒരുമിച്ചുവച്ചു് ഒത്തുനോക്കുക, ചിലപ്പോൾ എന്തോ ആലോചിച്ചു് ഫാൻ നോക്കിയിരിക്കുക മുതലായ പ്രവൃത്തികളിൽ വ്യാപൃതനായി.
എനിയ്ക്കു് ആധി വർദ്ധിച്ചിരിക്കുന്നു. എന്തെങ്കിലും ചോദിയ്ക്കണമെങ്കിൽ മാനേജർ ഭയങ്കര ബിസിയായി ഫയൽ നോക്കുകയാണു്. ഒരു സാവകാശം കിട്ടിയിട്ടുവേണ്ടേ ചോദിക്കാൻ?
നെക്സ്റ്റ് ടൈം ഒരു പെൻസിലിന്റെ അറ്റം കടിച്ചുപിടിച്ചു് ഫാനിൽ മാനേജർ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ ധൈര്യം സംഭരിച്ചു് ഞാൻ ചോദിച്ചു.
“എന്താ സാർ, എന്തെങ്കിലും പ്രശ്നം?”
മാനേജർ മറുപടിയൊന്നും പറഞ്ഞില്ല. പകരം കസേരയിൽ ചാരിയിരുന്നു് പെൻസിൽ നുണഞ്ഞുകൊണ്ടു് ഏതാനും നിമിഷങ്ങൾ എന്നെത്തന്നെ നോക്കിയിരുന്നു.
തുടർന്നു് പെൻസിൽ എടുത്തു് വിരലുകളിൽ ചേർത്തു് തിരിച്ചുകൊണ്ടു് ചോദിച്ചു:
“നിങ്ങൾക്കെങ്ങിനെ ഈ ചെക്ക് കിട്ടി?”
എന്തോ ഭയങ്കര പ്രശ്നമുണ്ടു്. മാനേജരുടെ ശബ്ദത്തിൽ ഒട്ടും മയമില്ല. പുറമേ ഒരു ചെറിയ ഭീഷണിയുടെ രുചി കലർന്നിട്ടുമുണ്ടു്. ഏതായാലും രംഗസ്വാമിയുടെ ബന്ധുവാണെന്നോ സുഹൃത്താണെന്നോ മറ്റോ പറയാതിരിക്കുന്നതാവും ബുദ്ധി.
“എന്താ ആലോചിക്കുന്നതു്? പറയൂ, ഈ ചെക്ക് നിങ്ങൾക്കു് ആരു് തന്നു?”
“അതു്... മി. രംഗസ്വാമി... അല്ല, അയാളുടെ മകൻ തന്നതാണു് ഈ ചെക്ക്. എന്താ കാര്യം?”
“എന്തിനാ അയാളീ ചെക്ക് തന്നതു്?”
“അതൊക്കെ എന്തിനാ നിങ്ങളറിയുന്നതു്? ഒരു പ്രോപ്പർട്ടിയുടെ അഡ്വാൻസാണു്. ചെക്ക് ക്യാഷാക്കാൻ എന്തിനാ ഇതൊക്കെ അറിയുന്നതു്? വേഗം എന്റെ രൂപതരൂ. എനിക്കിത്തിരി തിരക്കുണ്ടു്”
“സർ ക്ഷമിക്കണം. എന്നെ തെറ്റിദ്ധരിക്കരുതു്. രൂപ തരാൻ സാധ്യമല്ല”
“എ....?”
“ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണു്”
ഞാനതുകേട്ടു് തളർന്നു. കള്ളപ്പേരിലുള്ള എന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു എന്നു്! അപ്പൊ എന്റെ പൈസ?
“എനിക്കൊന്നും മനസ്സിലാകുന്നില്ല...?”
“സാറിനു് ഈ രംഗസ്വാമിയേയോ അയാളുടെ മകനേയോ മുൻപരിചയമുണ്ടോ?”
“ഉ...ഇല്ല. ഞാ.. ഞാൻ വസ്തുവിൽപ്പനയുടെ കാര്യം... പത്രപ്പരസ്യം കണ്ടു് വന്നവരാണു് അവർ. അവർ അഡ്വാൻസ് തന്ന രൂപയാണു്. എനിക്കു് ഈ ചെക്ക് വെച്ചു് കാശു് കിട്ടില്ലേ?”
“നാല്പതു് കൊല്ലം മുമ്പു് തുടങ്ങിയ അക്കൗണ്ടാണു് രംഗസ്വാമിയുടേതു്. ഈ നാല്പതുകൊല്ലത്തിനിടയ്ക്കു് യാതൊരു ക്രയവിക്രയവും ഈ അക്കൗണ്ട് മുഖാന്തിരം നടന്നിട്ടില്ല. പത്തുകൊല്ലം നിഷ്ക്രിയമായി കിടന്നപ്പോൾ ബാങ്ക് അന്വേഷണമാരംഭിച്ചു. അതിന്റെ രേഖകളാണു് ഇതൊക്കെ”
മാനേജർ ഒരു തടിച്ച ഫയൽ എന്നെ കാണിച്ചു.
“അക്കൗണ്ട് തുടങ്ങുമ്പോൾ ഞങ്ങൾക്കു് തന്നിരുന്ന വിവരങ്ങൾ വച്ചാണു് അന്വേഷണം തുടങ്ങിയതു്. രംഗസ്വാമി തന്നിരുന്ന വിലാസത്തിൽ ഞങ്ങൾ ചെന്നു. എന്നാൽ അവിടെ രംഗസ്വാമി എന്ന പേരിൽ ആരുമുണ്ടായിരുന്നില്ല. ആ വീടു് വാടകക്കെടുത്തതിന്റെ കരാറാണു് രംഗസ്വാമി അക്കൗണ്ട് തുടങ്ങാനായി മേൽവിലാസം തെളിയിക്കാൻ - ഐ മീൻ അഡ്രസ് പ്രൂഫ് - കാണിച്ചിരിക്കുന്നതു്. ആ വിലാസത്തിൽ അതേ പേരിൽ ഒരു കെട്ടിടം ഉണ്ടായിരുന്നു. ഇൻ ഫാക്റ്റ് ആ വീടു് ഇപ്പോഴുമുണ്ടു്. പക്ഷെ....”
മാനേജർ വീണ്ടും മൗനിയായി ഫയലിൽ ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം വായിക്കാൻ തുടങ്ങി.
എന്റെ ആധി ഉച്ചസ്ഥായിയിലായി. ഏറെക്കാലം അക്കൗണ്ട് ഉപയോഗിക്കാതിരുന്നാൽ അതു് പ്രശ്നമായേക്കും എന്നൊന്നും എനിക്കറിയില്ല. ഇതുപക്ഷെ ഒന്നോ രണ്ടോ കൊല്ലമല്ലല്ലോ. ഏതാണു് നാല്പതു് കൊല്ലമായിരിക്കുന്നു!
മാനേജർ തുടർന്നു:
“അക്കൗണ്ട് തുടങ്ങിയ കൊല്ലം തന്നെ ഇതു് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. നാല്പതു കൊല്ലം മുമ്പു് ഏതാണ്ടു് മുപ്പതുവയസ്സുള്ള ഒരാൾ അഞ്ചുലക്ഷത്തിന്റെ ഒരു അക്കൗണ്ട് തുടങ്ങുക എന്നുവച്ചാൽ.. അതും സേവിംഗ്സ്! ഫിക്സഡല്ല. മാത്രമല്ല, യുദ്ധം നടക്കുന്ന സമയമായിരുന്നു. ആരും ബാങ്കിൽ പൈസ നിക്ഷേപിക്കാൻ താല്പര്യമെടുക്കാതിരുന്ന സമയം. ആകെക്കൂടി ഒരു പന്തികേടുണ്ടായിരുന്നു. അതുകൊണ്ടു് ബ്രാഞ്ചിനു് പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു - ആ അക്കൗണ്ടിൽ നടക്കുന്ന എല്ലാ ട്രാൻസാക്ഷനും ഹെഡ്ഡാപ്പീസിനെ അറിയിച്ചശേഷമേ ആകാവൂ എന്നു്. പക്ഷെ യുദ്ധം കഴിഞ്ഞിട്ടും, എന്തിനു്.. വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ക്രയവിക്രയവും ആ അക്കൗണ്ടിൽ നടന്നില്ല. പിന്നെ പത്തുപതിനൊന്നു് കൊല്ലം കഴിഞ്ഞു് ഓഡിറ്റിലാണു് അക്കൗണ്ടിന്റെ കാര്യം വീണ്ടും ശ്രദ്ധയിൽ പെട്ടതു്. അന്നു് വീണ്ടും അന്വേഷണമുണ്ടായി. എന്നിട്ടു്...”
മാനേജർ വീണ്ടും ഫയലിൽ മുഴുകി.
എനിക്കിരിപ്പുറയ്ക്കുന്നില്ല. എന്റെ രൂപ കിട്ടില്ല എന്നു് തീർച്ചയായി. പോട്ടെ. നിവൃത്തിയില്ല. പക്ഷെ ഇപ്പൊഴത്തെ പേടി അതല്ല. ഇനി ഇതിന്റെ പേരിൽ എന്നെ സംശയിച്ചു് വല്ലതും ചെയ്യുമൊ, പോലീസിലേല്പിക്കുമോ, വല്ല ക്രിമിനൽ കുറ്റവും ചുമത്തുമോ എന്നൊക്കെയാണു് എന്റെ ആശങ്ക. ഏതായാലും കൂടുതൽ സമയം ഇരിയ്ക്കുന്നതു് പന്തിയല്ല. മെല്ലെ വലിയാം.
“ഹമ്പട കേമാ! നീയാളു് കൊള്ളാമല്ലോ!”
ഞാൻ ഞെട്ടി. ബാങ്ക് മാനേജർക്കു് എല്ലാം മനസ്സിലായിരിക്കുന്നു. ഞാൻ ദയനീയമായി മാനേജരെ നോക്കി.
അയാൾ അപ്പോഴും ഫയലിൽ മുഴുകിയിരിക്കുകയാണു്. ഇടയ്ക്കൊക്കെ മൂളുകയും തലയാട്ടുകയും ചെയ്യുന്നുണ്ടു്. അപ്പൊ മാനേജർക്കു് എന്നെ സംശയമില്ല.
എങ്കിലും ആശ്വസിക്കാറായിട്ടില്ല. മാനേജർക്കു് പുതിയ എന്തോ കിട്ടിയിട്ടുണ്ടു്. അതാണയാൾ സസൂക്ഷ്മം ഫയൽ വായിച്ചുകൊണ്ടിരിക്കുന്നതു്.
അതുകൊണ്ടു് മാനേജർക്കു് സംശയത്തിനിടകൊടുക്കാതെ സംഭാഷണം മുന്നോട്ടു കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു.
“എന്താ സാർ, പുതിയ എന്തെങ്കിലും ഫയലിൽ രംഗസ്വാമിയെപ്പറ്റി...?”
മാനേജർ ഫയലിൽ നിന്നു് കണ്ണെടുത്തില്ല. പകരം മേശയുടെ അടുത്തേക്കു് കസേര വലിച്ചിട്ടു. ഫയലിൽ അടയാളപ്പെടുത്തിയിരുന്ന ഒരു ഭാഗം ചൂണ്ടിക്കാണിച്ചു.
“കണ്ടുവോ? ഒരു ഖ്വാജാ മൊയ്തീന്റെ പേരിലുള്ള വീടാണു് രംഗസ്വാമി വാടകക്കെടുത്തതായി കാണിച്ചിരിക്കുന്നതു്. പക്ഷെ...”
“എന്താ സാർ.. അതിനെന്താ..?”
“അതോ, രംഗസ്വാമിയുടെ വാടകക്കരാറിൽ ഒപ്പിട്ടിരിയ്ക്കുന്നതായി പറഞ്ഞിരിക്കുന്ന ഖ്വാജാ മൊയ്തീനുണ്ടല്ലോ? ഒപ്പിട്ടിരിക്കുന്നതായി പറയുന്ന സമയത്തു് ഈ ഖ്വാജാ മൊയ്തീന്നു് പ്രായം വെറും നാലു മാസമാണു്!”
തീർന്നു. എല്ലാം തീർന്നു.
എന്റെ അതിബുദ്ധിയാണു് എല്ലാറ്റിനും കാരണം. ഞാൻ കുഴിച്ച കുഴിയിൽ ഞാൻ തന്നെ വീണിരിയ്ക്കുന്നു. വെറും വീഴ്ചയല്ല; മൂക്കും കുത്തി വീണിരിയ്ക്കുന്നു!
“ഞങ്ങൾ പോലീസിനെ വിവരമറിയിച്ചിട്ടുണ്ടു്. രംഗസ്വാമിയെപ്പറ്റി വിവരം കിട്ടിയ സ്ഥിതിക്കു് മി. ചിതൽ ഞങ്ങളോടു് സഹകരിക്കണം. ഞങ്ങൾ പരാതിക്കാരാവാം. പക്ഷെ പോലീസ് സ്റ്റേഷനിൽ പോയി ഒരു സാക്ഷിമൊഴി കൊടുക്കണം. താങ്കൾക്കു് താല്പര്യമാണെങ്കിൽ കക്ഷിചേരുകയുമാവാം. ചെലവു് ബാങ്ക് വഹിച്ചോളും. താങ്കളുടെ പണം മുടങ്ങിയതല്ലേ? താങ്കൾക്കു് എതിർപ്പു് കാണില്ലെന്നു് വിശ്വസിക്കുന്നു”
ഹും! എനിക്കെതിരേ ഞാൻ തന്നെ സാക്ഷി പറയണമെന്നു്! ഇനി ഇവിടെ നില്ക്കാൻ പറ്റില്ല. പെട്ടെന്നു് രക്ഷപ്പെടണം.
“എടാ ചതിയാ രംഗസ്വാമീ, രംഗസ്വാമീടെ മകാ...! നിന്നെ ഞാൻ വിടില്ലെടാ...!” എന്നുറക്കെ ആക്രോശിച്ചുകൊണ്ടു് ആ ക്യാബിനിൽ നിന്നു് ഞാനിറങ്ങിയോടി. പിന്നിൽ നിന്നു് “മി. ചിതൽ.. നില്ക്കൂ.. ഞാൻ പറയട്ടേ.. വാച്ച്മാൻ! അയാളെ വിടരുതു്!” എന്നൊക്കെ വിളിച്ചുപറയുന്ന മാനേജരുടെ ശബ്ദം കേട്ടെങ്കിലും ഞാൻ നിന്നില്ല. ഏറെ ദൂരം പോയശേഷമേ ഞാൻ തിരിഞ്ഞു നോക്കിയുള്ളു.
ആരും പിൻതുടരുന്നുണ്ടായിരുന്നില്ല.
* * * * *
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഗൗതത്തിന്റെ വീട്ടുകാർ അമർത്തിച്ചിരിച്ചു. ഇളിഭ്യനായി ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തി ഞാൻ അവരുടെ മുമ്പിൽ വിനയത്തോടെ നിന്നു. ആ ചിരി അവർക്കവകാശപ്പെട്ടതാണു്. അല്ലെങ്കിലും നടന്നതിനെപ്പറ്റി പറഞ്ഞു വിശ്വസിപ്പിക്കാൻ തക്ക നുണയൊന്നും ആലോചിക്കാനുള്ള ഒരു മനഃസ്ഥിതി എനിക്കുണ്ടായിരുന്നില്ല.
ഒരു റൗണ്ട് ചിരി അവസാനിച്ചപ്പോൾ ഗൗതത്തിന്റെ മുത്തച്ഛൻ ചോദിച്ചു:
“ആ പഴയ ബാങ്ക് മാനേജർക്കു് എന്തെങ്കിലും രീതിയിൽ ബുദ്ധിമുട്ടു് നേരിടേണ്ടിവന്നോ എന്നന്വേഷിച്ചോ?”
“ഉവ്വു്. രഹസ്യമായി അന്വേഷിച്ചു. മേൽവിലാസം കെട്ടിച്ചമച്ച രേഖയാണെന്നു് കണ്ടുപിടിച്ചതു് അക്കൗണ്ട് തുടങ്ങി പത്തുവർഷം കഴിഞ്ഞാണു്. അപ്പോഴേക്കു് ആ മാനേജർ വിരമിച്ചിരുന്നു. മാത്രമല്ല, അക്കൗണ്ടിൽ കിടക്കുന്ന പണം യഥാർത്ഥ പണമായതുകൊണ്ടും ആ അക്കൗണ്ടിൽ വ്യവഹാരങ്ങളൊന്നും നടക്കാതിരുന്നതുകൊണ്ടും ആ പഴയ മാനേജർക്കെതിരേ നടപടിയെടുക്കാനായില്ല. എങ്കിലും അദ്ദേഹം കുറച്ചു് മാനസികവ്യഥ അനുഭവിച്ചിരുന്നതായി കേട്ടു”
“ഉം. അദ്ദേഹം രക്ഷപ്പെട്ടതു് നിങ്ങൾക്കു് നന്നായി ചിതൽ. അല്ലെങ്കിൽ നിങ്ങൾക്കെന്നെങ്കിലും മനഃസമാധാനം കിട്ടുമായിരുന്നോ?”
ഞാൻ തല താഴ്ത്തി നിന്നതേയുള്ളു.
“വേഗം പണമുണ്ടാക്കാനുള്ള ആഗ്രഹം തീർന്നുവോ? അതോ ഇനിയും ഭൂതകാലത്തിൽ പോയി പരാക്രമം കാണിക്കാൻ തോന്നുന്നുണ്ടോ?”
എനിക്കു് വല്ലാത്ത ദേഷം വന്നു. ലോകത്തിലെ മികച്ച വിഡ്ഢിയാണെന്നു് തെളിയിച്ചിട്ടുവന്നു നില്ക്കുമ്പോൾ ചോദിക്കുന്ന ചോദ്യം കണ്ടില്ലേ?
അതുകൊണ്ടു് എനിക്കു് വാശിയായി.
“ഒരിക്കൽ അബദ്ധം പറ്റി എന്നുകരുതി തോറ്റു പിന്മാറാനൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. ഞാൻ വീണ്ടും ഭൂതകാലത്തിൽ പോകും. കാശുണ്ടാക്കുകയും ചെയ്യും”
ഗൗതബന്ധുക്കൾ ഒന്നും മിണ്ടിയില്ല. 1-2 പേർ ദീർഘനിശ്വാസം നടത്തിയെന്നു് തോന്നി.
കുറച്ചുകഴിഞ്ഞു് ഗൗതം ചോദിച്ചു.
“എന്തേയ്, അക്കൗണ്ട് തുടങ്ങിയ കൊല്ലത്തിൽ തിരിച്ചു പോയി അവിടന്നങ്ങോട്ടു് എല്ലാവർഷവും ഓരോ ചെക്ക് കൊടുത്തു് അക്കൗണ്ട് നിലനിർത്താനാണോ പ്ലാൻ?”
“ഏയ് അല്ല. അതിനുള്ള ക്ഷമയൊന്നും എനിക്കില്ല. ഞാൻ കൂടുതൽ പിന്നിലേക്കു് പോകാൻ പോവുന്നു. നീ പറഞ്ഞില്ലേ ഏതാനും നൂറ്റാണ്ടു് പിന്നിലേക്കു പോകാൻ പേടകത്തിനാവും എന്നു്? ഞാൻ ചില നൂറ്റാണ്ടുകൾ സഞ്ചരിച്ചു് അന്നത്തെ കാലത്തെ വല്ല രാജാവിനേയും കണ്ടു് പ്രീതിപ്പെടുത്തി കിട്ടുന്ന സമ്മാനം മേടിച്ചെടുക്കാൻ തീരുമാനിച്ചു”
പിന്നീടു പലപ്പോഴും ആലോചിച്ചിട്ടുണ്ടു്, എന്തു് പ്രേരണയിലാണു് ഞാനങ്ങിനെ പറഞ്ഞതു് എന്നു്. ഏതോ അദൃശ്യശക്ഷി എന്നെക്കൊണ്ടു് പറയിച്ചതാവണം. എന്തായാലും ഗൗതത്തിന്റെ വീട്ടുകാർ വീണ്ടും മൗനികളായി. പക്ഷെ അത്രയും സമയം മിണ്ടാതെ നിന്ന രഘു എന്നെ വിലക്കാൻ നോക്കി.
“വേണ്ടെടാ ചിതലേ. നീ കുറച്ചുകാലം ഒതുങ്ങിയിരിക്കു്. ഇനി ഉടനെ ഒന്നും ചെയ്യേണ്ട. ഏതായാലും കൈയിലുണ്ടായിരുന്ന മുഴുവൻ രൂപയും ഭൂതകാലത്തിൽ നിക്ഷേപിക്കാൻ തോന്നാഞ്ഞതു് നന്നായി. കുറച്ചുകാലം കഴിഞ്ഞു് ഗൗതത്തിനോടാലോചിച്ചു് വേണ്ടതെന്താണെന്നുവച്ചാൽ...”
ഞാനവനെ തടഞ്ഞു. അവനും തൊട്ടടുത്തുനില്ക്കുന്ന ഗൗതവും മാത്രം കേൾക്കെ പറഞ്ഞു:
“വേണ്ട രഘൂ. ഇതെന്റെ വാശിയാണു്. എനിക്കു് ഒന്നു് ജയിക്കണം. ഗൗതം, നിന്റെ സഹായം ഇനിയും വേണം. ഞാൻ ഒന്നുകൂടി ഒരുങ്ങിവരാം. കുറച്ചുതവണകൂടി എനിക്കു് ഭൂതകാലത്തിലേക്കു് പോകണം”
എത്രതവണ വേണമെങ്കിലും എന്നെ സഹായിക്കാം എന്നു് ആ നല്ല സുഹൃത്തു് എനിയ്ക്കുറപ്പുതന്നു. ഓരോ തവണയും പേടകത്തിൽ പോയി തിരിച്ചെത്തുമ്പോൾ കുടുംബത്തിലെല്ലാവരോടും നടന്നതെല്ലാം വിശദീകരിയ്ക്കണമെന്നു് ആവർത്തിക്കുകയും ചെയ്തു.
ആ വ്യവസ്ഥ ഞാൻ വീണ്ടുമംഗീകരിച്ചു.
(തുടരും...)
9 comments:
പ്രിയരേ. അമ്പതാമത്തെ പോസ്റ്റാണു്. വായിച്ചു് ഇഷ്ടപ്പെട്ടെങ്കിൽ പ്രോൽസാഹിപ്പിയ്ക്കുമല്ലോ?
വായിക്കുന്നു
പണ്ട് ബായ്ക്ക് റ്റു ദ് ഫ്യൂചര് എന്നൊരു പടം കണ്ടിരുന്നു
ഇത് ഭൂതകാലത്തിലേയ്ക്ക് ആണല്ലോ പോകുന്നത്. മുഴുവന് വായിയ്ക്കട്ടെ
നന്ദി അജിത്. ഇനിയങ്ങോട്ടുള്ള ഭാഗങ്ങളിൽ ഞാനും രാജാവും തമ്മിലുള്ള പുലിക്കളിയാണു്. വായിച്ചു് അഭിപ്രായം പറയുമല്ലോ. പ്രോത്സാഹനത്തിനു് നന്ദി.
Following.....
Thomas Jacob
രസകരമായി പുരോഗമിക്കുന്നുണ്ട്!
(കഥയിൽ ചോദ്യമില്ലാത്തതുകൊണ്ട്, അനാവശ്യ സംശയങ്ങളൊക്കെ ഞാൻ ഓഫ് ചെയ്തു!)
ഞാനും വരാം കൂടെ...
ജയേട്ടാ, സംശയങ്ങൾ ചോദിക്കൂ.
ചില അവസരങ്ങളിൽ കമെന്റിൽ കിട്ടിയിട്ടുള്ള ചില സംശയങ്ങൾ ഞാൻ വിചാരിക്കാത്ത കാര്യങ്ങൾ എനിക്കു പറഞ്ഞുതന്നിട്ടുണ്ടു്.
Superayittundu.... Waiting for the next one,,,,, enikke oru samsayam... Ippo bhoothakalathil poyi itta 5 lakhs rupees, athe samayathekku pinnem thirichu poyi edukkan pattille? Appo Chithalinu nashtamonnum varillalloo.... Savings aakumpo next monthil poyalum pinvalikkan pattille?
സംഭവം കൊള്ളാം... അധികമാരും പരീക്ഷിക്കാത്ത ഒരു വിഷയം... നന്നായി തന്നെ പോകുന്നു...
Post a Comment