ഞാനൊരു ഏഭ്യനാണു്.
ഞാനൊരു ലോകോത്തര വിഡ്ഢിയുമാണു്.
അല്ലെങ്കിൽ, ഇത്രയും തയ്യാറെടുപ്പു നടത്തി ബാങ്കിൽ സ്വത്തു് നിക്ഷേപിക്കുന്നതിനുമുമ്പു്, നിക്ഷേപിച്ചാലുണ്ടാവാകുന്ന വരുംവരായ്കകളെപ്പറ്റി ആലോചിക്കുമായിരുന്നില്ലേ?
എന്റെ ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരത്തിനൊപ്പം എനിയ്ക്കു് വാശിയും കൂടിവന്നു. എന്നെ പരിഹസിക്കുന്നവരുടെ മുമ്പിൽ എനിക്കു് തലയുയർത്തിനടക്കാൻ സാധിക്കണം. അതിനു് എത്ര അപകടമുള്ള പദ്ധതിയായാലും വേണ്ടില്ല, ഞാനേറ്റെടുത്തു് നടത്തും.
അതിനെത്തുടർന്നാണു് ഞാൻ ഇന്റർനെറ്റിൽ പരതിയതും ഉല്ലപി എന്ന രാജ്യത്തെക്കുറിച്ചു് മനസ്സിലാക്കിയതും. ഏതാണ്ടു് 12 നൂറ്റാണ്ടു് മുമ്പു് സ്ഥാപിതമായ ഒരു രാജ്യമായിരുന്നു ഉല്ലപി. പേരുകേട്ടാൽ തോന്നില്ലെങ്കിലും ഇന്നത്തെ കേരളത്തിന്റെ അതിർത്തിക്കുള്ളിലായിരുന്നു അന്നത്തെ ഉല്ലപിയുടെ സ്ഥാനം.
സാമ്പത്തികമായും സാംസ്കാരികമായും ഏറെ പുരോഗതി കൈവരിച്ചിരുന്ന രാജ്യമായിരുന്നത്രെ ഉല്ലപി. അവിടുത്തെ രാജാക്കന്മാർ ഏറെ ഉദാരമതികളായിരുന്നു എന്നും ഇന്റർനെറ്റിൽ കണ്ടപ്പോൾ എനിയ്ക്കു് അവിടെ പോകാൻ തോന്നി.
കുറച്ചു് സാവകാശമെടുത്താണു് ഇത്തവണ പ്ലാനിംഗ് നടത്തിയതു്. ഒരു സഞ്ചി നിറയെ ഉല്ലപി രാജാവിനുള്ള കാഴ്ചവസ്തുക്കളുമായി ഞാനും ഗൗതവും അവന്റെ വീട്ടിൽ വീണ്ടുമെത്തി. കാരണവന്മാരേയും മറ്റുബന്ധുക്കളേയും വിളിച്ചുകൂട്ടാൻ നില്ക്കാതെ ഗൗതം എന്നെ നേരെ പേടകത്തിനടുത്തേക്കു് കൊണ്ടുപോയി.
ഈ പ്രാവശ്യം പേടകത്തിന്റെ പരമാവധി സഞ്ചാരദൈർഘ്യമാണു് ഞാൻ സെറ്റ് ചെയ്തതു്. പേടകം പ്രവർത്തിച്ചുതുടങ്ങിയപ്പോൾ ഉല്ലപിരാജാവിനെ “ഞാൻ ഭാവിയിൽനിന്നു് വന്നതാണു്” എന്നു് എങ്ങിനെ പറഞ്ഞു വിശ്വസിപ്പിക്കും എന്നു് ടെൻഷനടിച്ചു.
ഞാനിപ്പോൾ നില്ക്കുന്നതു് വലിയൊരു കുറ്റിക്കാട്ടിലാണു്. ഒരു ഒറ്റയടിപ്പാത കാണാനുണ്ടു്. കുറച്ചകലെ 1-2 വീടും കാണുന്നുണ്ടു്. നഗരത്തിലേക്കു് പോകുന്നവഴി ആ വീട്ടിലുള്ളവരോടു് ചോദിച്ചു് മനസ്സിലാക്കാം.
അങ്ങിനെ വഴിചോദിച്ചു മനസ്സിലാക്കി ഞാൻ നഗരത്തിനുനേരെ നടത്തമാരംഭിച്ചു.
ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളിൽ സ്ത്രീകൾ പുറത്തുനിന്നു് നിരവധി ജോലികളിൽ ഏർപ്പെട്ടിരുന്നു. ഉരലിൽ മഞ്ഞളും നെല്ലും മറ്റും ഇടിക്കുന്നവർ, ധാന്യങ്ങൾ ഉണക്കാൻ പായയിൽ വിതറുന്നവർ, വസ്ത്രം നെയ്യുന്നവർ, പാൽ കച്ചവടം ചെയ്യുന്നവർ, പൂവില്പനക്കാർ എന്നിങ്ങനെ മിക്ക ജോലികളും സ്ത്രീകൾ ചെയ്യുന്നതായി കണ്ടു. പുരുഷന്മാരാകട്ടെ, വിറകു വെട്ടുന്നതുപോലെ കുറച്ചുകൂടി ശാരീരികാധ്വാനം വേണ്ട ജോലികളിൽ വ്യാപൃതരായിരുന്നു.
എല്ലാവരും വളരെ ലളിതമായാണു് വസ്ത്രധാരണം നടത്തിയിരുന്നതു്. പുരുഷന്മാരെല്ലാവരും മുണ്ടു് മാത്രം ധരിച്ചിരുന്നു. സ്ത്രീകൾ ഏറിയപങ്കും ചെറിയ കരയുള്ള മുണ്ടും വേഷ്ടിയുമായിരുന്നു വേഷം. ചുരുക്കം ചിലർ നിറമുള്ള വസ്ത്രങ്ങളും ധരിച്ചിരുന്നു.
എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, ഇവർ താന്താങ്ങളുടെ ജോലികളിൽ ആത്മാർത്ഥമായി മുഴുകിയിരുന്നു എന്നതാണു്. മിക്കവരും എന്നെ കണ്ടിട്ടു് ജോലി താല്ക്കാലികമായി നിർത്തിവച്ചു് ഞാൻ എന്തു ചെയ്യുന്നു എന്നു് ശ്രദ്ധിച്ചുനോക്കിയെങ്കിലും ആരും ഒന്നും ചോദിച്ചില്ല. എന്നു മാത്രമല്ല, ഞാൻ നീങ്ങിയപ്പോൾ അവർ ജോലി തുടരുകയും ചെയ്തു.
രാജാവിന്റെ കൊട്ടാരം എനിക്കു് കാണാൻ കഴിഞ്ഞില്ല. നിറയെ ഐശ്വര്യങ്ങളുടെ വിളനിലമായിരുന്നു ഉല്ലപി എന്നൊക്കെ ഇന്റർനെറ്റിൽ കണ്ടിരുന്നെങ്കിലും വലിയ വീടുകളോ തകൃതിയായി നടക്കുന്ന കച്ചവടമോ തിരക്കുള്ള അങ്ങാടികളോ എനിക്കു് കാണാനായില്ല. ഇൻഫാക്റ്റ്, ആർഭാടങ്ങൾ പ്രദർശിപ്പിച്ചുനടക്കുന്ന ആരേയും കണ്ടില്ല. തിളങ്ങുന്ന തുണികളോ സ്വർണവളകളോ പോയിട്ടു് ഒരു ചെറിയ മാലപോലും ധരിച്ച ആരുമില്ല. ഞാൻ എത്തിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചും ഇന്റർനെറ്റിലെ വിവരത്തെക്കുറിച്ചും എനിക്കു് വലിയ സംശയം തോന്നി.
രാജാവിനു കൊണ്ടുവന്നിരിക്കുന്ന സാധനങ്ങളടങ്ങുന്ന സഞ്ചിക്കു് നല്ല ഭാരമുണ്ടു്. തോൾ ചെറുതായി വേദനിക്കുന്നുണ്ടു്. ഇത്രയും ദൂരം വന്നസ്ഥിതിക്കു് രാജാവിനെ കാണാതെ മടങ്ങുന്നതിൽ അർത്ഥമില്ല എന്നെനിക്കു് തോന്നി.
അതുകൊണ്ടു് നഗരാതിർത്തിയിൽ എത്തിയപ്പോൾ ഞാൻ ഒരാളോടു് കൊട്ടാരത്തിലേക്കുള്ള വഴി ചോദിച്ചു. അതിനുത്തരമായി “കൊട്ടാരം നേരേ പോയാൽ കാണാം. രാജാവിനെ കാണാനാണെങ്കിൽ ഈ വഴിയേ പോയാൽ മതി” എന്നു പറഞ്ഞതുകേട്ടു് അയാൾ ചൂണ്ടിക്കാണിച്ചവഴിയേ നടത്തം തുടങ്ങി.
കുറച്ചുദൂരം പോയപ്പോഴേക്കു് ഞാനൊരു വലിയ നെൽവയലിൽ എത്തിച്ചേർന്നു.
വിശാലമായ പാടം. ഒരുപാടു് സ്ത്രീകളും പുരുഷന്മാരും വയലിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു ഭാഗത്തു് കാളയെ പൂട്ടി നിലമുഴുന്നു. വേറൊരിടത്തു് വെള്ളം തേവുന്നതിനുള്ള തേക്കുറപ്പിക്കുന്നു. ഇനിയൊരുകൂട്ടർ മുറ്റിവളർന്നുനിൽക്കുന്ന വലിയ കളകളെ നീണ്ട കത്തിയുപയോഗിച്ചു് വെട്ടിമാറ്റുന്നു.
വരണ്ട കാറ്റു് വീശുന്നുണ്ടു്. നിലമുഴുന്ന ഭാഗത്തുനിന്നും പൊടിയുയരുന്നു. എനിക്കു് വലിയ ആശങ്ക തോന്നി. വഴി ഈ വയലിൽ അവസാനിച്ചമട്ടാണു്. ഇവിടെ കുറേ പണിക്കാർ മാത്രമല്ലേയുള്ളൂ? എവിടെ രാജാവു്?
എന്റെ അടുത്തുനിന്നിരുന്ന പണിക്കാരനെ ഞാൻ നോക്കി. മറ്റുള്ളവരിൽനിന്നു് വിട്ടു് ഒറ്റക്കാണു് അയാളുടെ നില്പു്. കൈക്കോട്ടു് പോലൊരു ആയുധം കൊണ്ടു് നിലത്തു് ആഞ്ഞു് കിളക്കുകയാണു്. എന്നെ കണ്ട മട്ടില്ല.
രാജാവിനെപ്പറ്റി ഇയാളോടു് ചോദിച്ചുനോക്കാം. ഞാൻ മെല്ലെ വരമ്പത്തുകൂടി നടന്നു് അയാളുടെ മുമ്പിലെത്തി.
“എനിക്കു് നിങ്ങളുടെ രാജാവിനെ കാണണം. അദ്ദേഹം ഇവിടെയുണ്ടോ?”
അയാൾ കിളയ്ക്കൽ നിർത്തി മുഖമുയർത്തി എന്നെ ഒന്നു് നോക്കി. എന്നിട്ടു് ചെറുതായി പുഞ്ചിരിച്ചു.
“ആരാണു്? മനസ്സിലായില്ലല്ലൊ. മുമ്പു് കണ്ടിട്ടുണ്ടെന്നു് തോന്നുന്നില്ല”
“ഇല്ല. ഞാൻ വളരെ ദൂരത്തുനിന്നാണു്. എനിക്കു് ഈ രാജ്യത്തെ രാജാവിനെ കാണണം. അദ്ദേഹം ഇവിടെ എവിടെയോ ഉണ്ടെന്നു് കേട്ടു. എവിടെ?”
“പറഞ്ഞോളൂ. ഞാൻ തന്നെയാണു് രാജാവു്”
ഏ? ഞാൻ ഞെട്ടി. ഇയാളാണോ ഈ രാജ്യത്തിന്റെ രാജാവു്? എന്റെ സങ്കല്പങ്ങളിലുള്ള ഒരു രാജാവും പാടത്തു് പണിയെടുത്തിരുന്നില്ല. ഞാൻ കേട്ടിട്ടുള്ള ഒരു കഥയിലും അത്തരം ഒരു രംഗമില്ല. അവർക്കു് അതിന്റെ ആവശ്യമില്ല. രാജധാനിയിലിരുന്നു് രാജ്യം ഭരിക്കുകയാണു് അവർ ചെയ്യേണ്ടതു്.
അതുകൊണ്ടു് അയാൾ പറഞ്ഞതു് ഞാൻ വിശ്വസിച്ചില്ല. എന്നെ പറ്റിക്കാൻ പറഞ്ഞതാവും - ഞാനുറപ്പിച്ചു.
ഞാൻ മിണ്ടാതെ നില്ക്കുന്നതുകണ്ടു് അയാൾ പണിനിർത്തി. വരമ്പത്തേക്കു് കയറി എന്നോടു് ഒപ്പം വരാൻ ആംഗ്യം കാണിച്ചു. തുടർന്നു് വെള്ളത്തേക്കിനടുത്തേക്കു് നടന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടും തേക്കിനടുത്തുള്ളവരോടു് സത്യാവസ്ഥ ചോദിച്ചുമനസ്സിലാക്കാം എന്നു തോന്നിയതുകൊണ്ടും ഞാനും പിന്നാലെ പോയി.
തേക്കിനടുത്തു് ജോലി ചെയ്തിരുന്നവർ ഇയാളെ കണ്ടതും ബഹുമാനത്തോടെ ഒന്നു് നോക്കി പുഞ്ചിരിച്ചു.
എനിക്കെന്നിട്ടും വിശ്വാസം വന്നില്ല. ഇത്തിരി ബഹുമാനം കാണിച്ചു എന്നതൊഴിച്ചാൽ എന്റെ ധാരണയിലുണ്ടായിരുന്നമാതിരി, അഥവാ സിനിമകളിലും കഥകളിലും പരിചയിച്ചമാതിരി ആരും അയാളെ താണുവാങ്ങുകയൊന്നുമുണ്ടായില്ല. ആ കാരണത്താൽ അയാളൊരു രാജാവാണെന്നു് ഞാൻ സമ്മതിക്കാൻ തയ്യാറായില്ല.
അയാൾ തോട്ടിലിറങ്ങി കാലും മുഖവും കഴുകി. തിരിച്ചു് കരയിലേക്കു് കയറിയപ്പോഴേക്കു് മറ്റൊരാൾ ചെരുപ്പും ഒരു തോർത്തുമുണ്ടും കൊണ്ടുവന്നു കൊടുത്തു.
“എന്താ രാജാവേ, ഇന്നു് ജോലി വേഗം നിർത്തിയോ?”
“ഉവ്വു്. ദാ, ഇദ്ദേഹം എന്നെ കാണാൻ വന്നതാണു്. കണ്ടിട്ടു് ഈ ദേശക്കാരനാണെന്നു് തോന്നുന്നില്ല. ഞാൻ ഇദ്ദേഹത്തെക്കൂട്ടി മുമ്പിൽ നടക്കാം. നിങ്ങൾ സൗകര്യം മാതിരി വന്നാൽ മതി”
“ശരി രാജാവേ”
എനിക്കു് വിശ്വസിക്കാതെ തരമില്ല. ഈമനുഷ്യനെ രാജാവു് എന്നാണു് പുതുതായി വന്നയാൾ സംബോധനചെയ്തതു്. ഏതായാലും പുതിയ ആളോടു് ഒന്നു് കൺഫേം ചെയ്യാം.
ഞാൻ പുതിയ ആളെ മാറ്റിനിർത്തി ചോദിച്ചു:
“അദ്ദേഹമാണോ ഈ രാജ്യത്തെ രാജാവു്?”
“അതെ. എന്താ?”
“ഒന്നുമില്ല. ദാ അദ്ദേഹം എന്നെ വിളിക്കുന്നു. ഞാൻ ചെല്ലട്ടെ. വീണ്ടും കാണാം”
രാജാവു് മെല്ലെ നടന്നുതുടങ്ങിയിരുന്നു. ഞാൻ ഓടി അദ്ദേഹത്തിന്റെ അടുത്തെത്തി.
“തമ്പുരാൻ ക്ഷമിക്കണം. അങ്ങു് രാജാവാണു് എന്നെനിക്കു് മനസ്സിലായില്ല. എന്റെ സങ്കല്പങ്ങളിലുള്ള രാജാക്കന്മാർ കൊട്ടാരങ്ങളിൽ മാത്രം താമസിക്കുന്നവരാണു്...”
“എന്നെ ‘തമ്പുരാൻ’ന്നു് വിളിക്കണ്ട. ആട്ടെ, എന്താ നിങ്ങളുടെ പേരു്? ഏതു് രാജ്യത്തുനിന്നു് വരുന്നു?”
“എന്റെ പേരു് ചിതൽ. ഏതു രാജ്യത്തുനിന്നു് വരുന്നു എന്നതിലും ശരിയായ ചോദ്യം ഏതു കാലത്തുനിന്നു് വരുന്നു എന്നതാവും. ഞാൻ ഭാവിയിൽ നിന്നാണു് വരുന്നതു്. കാലങ്ങളിലൂടെ സഞ്ചാരം ചെയ്തു്. ഏതാണ്ടു് ആയിരം കൊല്ലം കഴിഞ്ഞുള്ള കാലത്തുനിന്നും....”
രാജാവു് നിന്നു. എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ മുഖത്തു് അത്ഭുതത്തേക്കാളേറെ ആഹ്ലാദമായിരുന്നു.
“സന്തോഷായീട്ടോ! ഇനീം ഇങ്ങനെ ഒരാളെ കാണാൻ സാധിക്കുംന്നു് വിചാരിച്ചില്ല. വളരെ വളരെ സന്തോഷായി!”
എനിക്കു് മനസ്സിലായില്ല. ഞാൻ നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്നു് വരുന്നയാളാണു് എന്നു് പറഞ്ഞപ്പോൾ രാജാവിനു് അവിശ്വാസത്തേക്കാൾ പ്രതീക്ഷിച്ചതെന്തോ നടന്ന മട്ടാണല്ലൊ. എന്താണാവോ ഇങ്ങനെ?
“തമ്പുരാനു് അത്ഭുതം തോന്നുന്നില്ലേ? അല്ലെങ്കിൽ ഞാൻ പറഞ്ഞതിനെപ്പറ്റി സംശയം തോന്നുന്നില്ലേ? സമയസഞ്ചാരം നടത്തി ഞാനിവിടെ വന്നുവെന്നു്...”
“എന്നെ തമ്പുരാൻന്നു് വിളിക്കണംന്നില്ല്യ. എനിക്കു് നിങ്ങളെ സംശയവും തോന്നുന്നില്ല്യ. ഞാനെന്തിനു് നിങ്ങളെ സംശയിക്കണം”?
എനിക്കുത്തരം മുട്ടി.
“അല്ല, ഇനി ഞാൻ വല്ല ഭ്രാന്തും പറയുകയാണോ എന്നോമറ്റോ...“
”ഇല്ല്യ. നിങ്ങളെ കണ്ടിട്ടു് അങ്ങിനെ തോന്നുന്നില്ല്യ“
”എനിക്കു് ഒന്നും മനസ്സിലാവുന്നില്ല. അങ്ങു് എന്നെ പ്രതീക്ഷിച്ചിരുന്ന മാതിരിയുണ്ടല്ലോ..“
”പ്രതീക്ഷിച്ചിരുന്നില്ല്യ. അതല്ലേ, കണ്ടപ്പോ സന്തോഷായതു്. എനിക്കു് ഇതുമാതിരി ഒരു സമയസഞ്ചാരിയെ ഇനിയും കാണാൻ തരാവുംന്നു് കരുതീല്ല്യ“
”അ.. അപ്പൊ എനിക്കുമുമ്പും ഇവിടെ സമയസഞ്ചാരികൾ വന്നിട്ടുണ്ടോ?“
”ഉവ്വു്. എനിക്കൊരു ഒമ്പതു വയസ്സുള്ളപ്പൊ ഒരു വിദ്വാൻ നിങ്ങളെമാതിരി വന്നിരുന്നു. നിങ്ങൾ എത്ര നൂറ്റാണ്ടുമുമ്പു്ന്നാന്നാണു് പറഞ്ഞതു്? പത്തോ? ആ വിദ്വാൻ അതിലൊക്കെ കൂടുതൽ നൂറ്റാണ്ടു് മുമ്പു്ന്നാണു് വന്നതു്. ഇരുപത്തഞ്ചോ ഇരുപത്താറോ നൂറ്റാണ്ടു് സഞ്ചരിച്ചിട്ടാത്രേ അദ്ദേഹം ഇവിടെയെത്തിയേ“
എനിക്കു് കടുത്ത നിരാശ തോന്നി. 25 നുറ്റാണ്ടിനു മുമ്പു് എന്നുപറയുമ്പോൾ AD 3500നു് അടുത്തു്. അപ്പൊ അന്നത്തെ ഒരാൾ ഭൂതകാലസഞ്ചാരം നടത്തി ഈ രാജാവിനെ കണ്ടിട്ടുണ്ടെങ്കിൽ അന്നത്തെ കുറേ സമ്മാനങ്ങളും കൊണ്ടുവന്നു് കൊടുത്തിരിക്കാം. ആ ആളുടെ സമ്മാനങ്ങളുടെ മുമ്പിൽ എന്റെ വർത്തമാനത്തിലെ സമ്മാനങ്ങൾ തീരെ ചെറുതായിപ്പോവും എന്നെനിക്കു് തോന്നി. രാജാവിനു് എന്റെ കാഴ്ചദ്രവ്യങ്ങൾ ഇഷ്ടപ്പെടാതെവന്നാലോ?
രാജാവു് സംസാരം തുടരുകയായിരുന്നു.
”‘ഷേൺ’ന്നോ ‘ഷോൺ’ന്നോ അങ്ങനെ എന്തോ ആയിരുന്നു അദ്ദേഹത്തിന്റെ പേരു് പെട്ടെന്നു് മറക്കണതരം പേരാണു്. പക്ഷെ നിങ്ങടെ പേരു് മറക്കില്ല്യ ട്ടൊ. ചിതൽ. ആട്ടെ. എന്തിനാ എന്നെ കാണണംന്നു് പറഞ്ഞേ?“
അപ്പോഴേക്കു് ഞങ്ങൾ നടന്നു് വലിയൊരു മാളികയുടെ അടുത്തെത്തിയിരുന്നു.
”വരൂ, ഇതാണെന്റെ വീടു്. കൊട്ടാരംന്നൊന്നും പറയ വയ്യ. യാത്ര ചെയ്തു് ക്ഷീണിച്ചതാവില്ല്യേ? ഇത്തിരി വിശ്രമിക്കൂ. ന്ന്ട്ടാവാം ബാക്കി വർത്തമാനം, ന്താ?“
(തുടരും)
4 comments:
ഉം...
തുടരട്ടെ!
കഥ വളരെ രസകരമായി വരുന്നു. ഇത്തവണ കഴിഞ്ഞ മൂന്ന് ഭാഗങ്ങളെക്കാള് മിഴിവുള്ളതായിരുന്നു
നന്ദി, ജയേട്ടാ, അജിത്
അല്ല ചിതലേ, ഒരു സംശയം... എ.ഡി 3500 ൽ നിന്നും എങ്ങനെയാണ് ഒരാൾ സമയസഞ്ചാരം നടത്തി രാജാവിനെ കാണാൻ വന്നു എന്ന് പറയുന്നത്... എ.ഡി 3500 ആയിട്ടില്ലല്ലോ ഇതുവരെ...
Post a Comment