Thursday, September 20, 2012

കൺഫ്യൂഷൻ തീർക്കണമേ



ജോടിയായി വരുന്ന വാക്കുകളുടെ അർത്ഥങ്ങൾ തമ്മിൽ കൺഫ്യൂഷൻ അടിക്കുന്നവരെക്കുറിച്ചാണു് ഇത്തവണ. കൃത്യമായിപ്പറഞ്ഞാൽ ഇംഗ്ലീഷിൽ ഒരുമിച്ചു വരുന്ന വാക്കുകൾ.

എന്റെ ഭാര്യ കുഴിയാനക്കു് left, right എന്നീവാക്കുകൾ എപ്പോഴും തമ്മിൽ മാറിപ്പോകും. ന്യായമായും ഇതിന്റെ ഫലം കൂടുതലനുഭവിച്ചിട്ടുള്ളതു് ഞാനാണു്. ഞങ്ങളൊരുമിച്ചു് പോകുമ്പോൾ “ദേ ഇവിടെ ലെഫ്റ്റ്” എന്നു് പറയും. ഞാൻ ഇടത്തോട്ടു് തിരിഞ്ഞാൽ ഉടനെ എന്നെ തിരുത്തും:

“ഈ ലെഫ്റ്റല്ല, മറ്റേ ലെഫ്റ്റ്. റൈറ്റിലേക്കു്..”

അതുകൊണ്ടെന്തായി? യാത്രപോകുമ്പോൾ കഴിവതും വഴിപറയുന്നതിൽ നിന്നു് കുഴിയാനയെ ഒഴിവാക്കിയിട്ടുണ്ടു്. ഇനി അഥവാ ലെഫ്റ്റെന്നോ മറ്റോ അവൾ പറഞ്ഞാൽ ഞാൻ വണ്ടി നിർത്തും:

“ഏതു് ലെഫ്റ്റെന്നു് തീരുമാനിച്ചിട്ടു് വണ്ടിയെടുക്കാം”

കുറച്ചുനേരം ആലോചിച്ചിട്ടു് കുഴിയാന വഴി ചൂണ്ടിക്കാണിക്കും.

എന്നാൽ ഇതു് ഏതാനും കൊല്ലങ്ങളുടെ അനുഭവം എന്നെ പഠിപ്പിച്ച പാഠമാണു്. ഞങ്ങൾ തമ്മിൽ അടുത്തറിഞ്ഞുതുടങ്ങിയ കാലത്തു് ഇതായിരുന്നില്ല സ്ഥിതി.

ഞങ്ങളങ്ങിനെ ബൈക്കിൽ പോവുകയായിരിക്കും. പെട്ടെന്നു് കുഴിയാന പറയും: “ലെഫ്റ്റ്!”

ഞാൻ ഇടത്തോട്ടു തിരിയുമ്പോൾ പിന്നിൽ നിന്നു് ചീത്തപറച്ചിൽ തുടങ്ങും:

“ലെഫ്റ്റെന്നു് പറഞ്ഞതു് കേട്ടില്ലേ? റൈറ്റ് തിരിയുന്നോ?”

“ഞാൻ നീ പറഞ്ഞമാതിരി ലെഫ്റ്റാണു് തിരിഞ്ഞതു്...?”

ചമ്മലൊളിപ്പിച്ചു് കുഴിയാന തുടരും:

“ലെഫ്റ്റെന്നു് പറഞ്ഞതിനൊപ്പം റൈറ്റിലേക്കു് ഞാൻ കൈകാണിച്ചതു് കണ്ടില്ലേ?”

ബെസ്റ്റ്! ബൈക്കോടിക്കുന്ന ഞാൻ പിന്നിലിരുന്നു് കുഴിയാനകാണിക്കുന്ന മുദ്ര എവിടെക്കാണാൻ!

ഈ ഒരവസ്ഥ കാരണം കുഴിയാന കഴിവതും ഒരാൾക്കു് വഴി പറഞ്ഞുകൊടുക്കുന്നതു് ഞാൻ നിരുൽസാഹപ്പെടുത്താറുണ്ടു്. പക്ഷെ ഒരിക്കൽ അബദ്ധം പറ്റി.

കുഴിയാനയുടെ അമ്മവീട്ടിലേക്കു് പോയപ്പോഴായിരുന്നു. ടാക്സിയിലാണു് പോയതു്. അവിടങ്ങളിൽ വഴി എനിക്കത്ര പരിചയമില്ല. നിവൃത്തിയില്ലാതെ വഴിപറഞ്ഞുകൊടുക്കൽ കുഴിയാനയെ ഏൽപ്പിച്ചു. കുഴിയാന ലെഫ്റ്റും റൈറ്റുമൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ടു്. പക്ഷെ ടാക്സി ഡ്രൈവർ നേരെ എതിർദിശയിലാണു് വണ്ടി തിരിക്കുന്നതു്; ലെഫ്റ്റ് പറഞ്ഞാൽ വലത്തോട്ടു് തിരിക്കും.

പിൻസീറ്റിലിരിക്കുകയായിരുന്ന ഞാൻ ആദ്യമൊന്നും ഇതു് ശ്രദ്ധിച്ചില്ല. പിന്നെ ബോധമുണ്ടായി ഡ്രൈവറെ തിരുത്താൻ ശ്രമിച്ചപ്പോഴേക്കു് ഞങ്ങൾക്കെത്തേണ്ട സ്ഥലത്തെത്തിക്കഴിഞ്ഞു.

എനിക്കൽഭുതമായി. ഒപ്പം ഒരു കാര്യവും മനസ്സിലായി:

ഡ്രൈവർക്കും കുഴിയാനയുടെ സെയിം കൺഫ്യൂഷനുണ്ടു്!

ഒരാൾ തെറ്റിപ്പറയുകയും മറ്റേയാൾ വിപരീതമായി മനസ്സിലാക്കുകയും ചെയ്തപ്പോൾ എന്തായി? ടാക്സി എത്തേണ്ടിടത്തെത്തി!

എന്റെ സുഹൃത്തും ഏറെക്കാലം മദിരാശിയിൽ സഹമുറിയനുമായിരുന്ന ബിജുവിനു് push, pull എന്നീ വാക്കുകൾ തമ്മിൽ മാറിപ്പോകും. കടയുടെ വാതിൽ (കടവാതിൽ) തുറക്കുമ്പോഴാണു് മിക്കപ്പോഴും ഈ പ്രശ്നം സങ്കീർണമാവുക.

അതുകൊണ്ടു് ബിജുവിന്റെ സ്ഥിരം സമ്പ്രദായം ഇതാണു്:

Push അല്ലെങ്കിൽ pull സ്റ്റിക്കറൊട്ടിച്ച വാതിലിൽ എത്തിയാൽ മൂപ്പർ പതുക്കെ പുറകിലേക്കു് വലിയും. ഞങ്ങളാരെങ്കിലും വാതിൽ തുറക്കും. കൂടെ മൂപ്പരും കയറും.

ഇനി പരിചയമുള്ള ആരും ഒപ്പമില്ലെങ്കിൽ വാതിലിനുമുന്നിൽ വച്ചു് ബിജു ചിന്തിച്ചുതുടങ്ങും. Push എന്നുവച്ചാൽ.. തനിക്കു നേരെ വാതിൽ തുറക്കണോ അതോ എതിർവശത്തേക്കു് തുറക്കണോ?

മൂപ്പരുടെ ഒരു പ്രകൃതം വച്ചു് മിക്കവാറും സമയങ്ങളിൽ ചിന്തിച്ചതുകൊണ്ടൊന്നും കൺഫ്യൂഷൻ മാറിക്കിട്ടില്ല. അപ്പോൾ..

ബിജു ചുറ്റും നോക്കും. ആരും ശ്രദ്ധിക്കുന്നില്ലെന്നു് ഉറപ്പുവരുത്തി വാതിൽ ആദ്യമൊന്നു് തള്ളിനോക്കും. ശരിയായാൽ ഹാപ്പിയായി. ഇല്ലെങ്കിൽ വലിച്ചുനോക്കും.

ഒരിക്കൽ ബിജുവിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത അബദ്ധം പറ്റി.

ഒരു മാളിൽ ഞങ്ങൾ നിൽക്കുന്നു. വാതിലിനടുത്താണു്. ഒരു മദ്ധ്യവയസ്ക രണ്ടു കൈയിലും നിറയെ സഞ്ചികളുമായി വന്നു് വാതിൽ ഒന്നു് തുറക്കാമോ എന്നഭ്യർത്ഥിച്ചു.

വാതിലിനേറ്റവും അടുത്തു് നിൽക്കുന്നതു് ബിജുവാണു്. മൂപ്പർ ബേജാറായി. ആലോചിക്കാൻ സമയമില്ല. മദ്ധ്യവയസ്ക സഞ്ചിയുടെ ഭാരത്താൽ ബുദ്ധിമുട്ടുന്നുണ്ടു്. വാതിൽ എതിർവശത്തേക്കു് തുറന്നാൽ അബദ്ധമാവും. ദയനീയമായി ഞങ്ങളെ നോക്കി. കഠിനഹൃദയരായ ഞങ്ങളുണ്ടു് മാറിനിന്നു് ഊറിച്ചിരിക്കുന്നു. ആ പ്രതീക്ഷയും പോയി.

പക്ഷെ ബിജു വീണതു് വിദ്യയാക്കുന്നവനാണു്. അവൻ സന്ദർഭത്തിനൊത്തുയർന്നു:

“മാഡം, ഐ വിൽ ഹോൾഡ് യുവർ ബാഗ്സ്. യൂ ഓപ്പൺ ദി ഡോർ!”

(ഭവതിയുടെ സഞ്ചികൾ ഞാനെടുക്കാം. മാഡം വാതിൽ തുറന്നാൽ മതി)

അന്നു് രാത്രി ഞങ്ങൾ വീട്ടിലിരിക്കുമ്പോഴാണു് തന്റെ മനോവിഷമം ബിജു ഉള്ളിൽത്തട്ടി പറഞ്ഞതു്.

അവനെ ഞങ്ങൾ സമാധാനിപ്പിച്ചു. കൂട്ടത്തിൽ ടോണി പറഞ്ഞു:

“എളുപ്പത്തിൽ ഓർക്കാൻ ഞാനൊരു വിദ്യ പറഞ്ഞുതരാം. Pull - ‘പുള്ളുക’ എന്നു പറഞ്ഞാൽ ‘തള്ളുക’. ഇതോർത്താൽ മതി!”

ഇതുകേട്ടപ്പോൾ കൺഫ്യൂഷനടിച്ചതു് ഞാനാണു്. കാരണം പുള്ളുക തള്ളുകയല്ല. പുഷ്ഷുകയാണു് തള്ളുക.

ഒരു കാര്യവും മനസ്സിലായി - ടോണിക്കും കൺഫ്യൂഷനുണ്ടു്!

(അടുത്ത ദിവസം ആപ്പീസിൽ നിന്നു് തിരിച്ചെത്തിയ ബിജു, ടോണി പറഞ്ഞ ആപ്തവാക്യം വർക്ക് ചെയ്യുന്നില്ല എന്നു് പറഞ്ഞു)

Tight, loose എന്നീ വാക്കുകൾ പ്രശ്നമുള്ളതായി കണ്ടതു് എന്റെ മകൾ ഉറുമ്പിന്റെ ക്ലാസ് ടീച്ചറെയാണു്. ഒരിക്കൽ ഞങ്ങളെ കണ്ടപ്പോൾ ടീച്ചർ പറഞ്ഞു:

“ഉറുമ്പിന്റെ ഉടുപ്പു് വളരെ tight ആണു്. രണ്ടുപേർക്കു് ഒരുമിച്ചിടാം. അത്രയും വലുതാണു്!”

ഞാനും കുഴിയാനയും മുഖാമുഖം നോക്കി. ടീച്ചർ പരീക്ഷിക്കുകയാണോ?

“മാഡം, ഡ്രസ് ലൂസ് ആണു് എന്നാണോ ഉദ്ദേശിച്ചതു്?”

“ഏയ് അല്ല. ലൂസ് ആയാൽ ഇറുകിക്കിടക്കില്ലേ? ഇതു് വളറ്റെ ടൈറ്റ് ആണു്”

അപ്പൊ അതാണു് കാര്യം.


വാൽ: മലയാറ്റൂരിന്റെ “വേരുകൾ” എന്ന നോവലിൽ നായകൻ രഘുവിന്റെ ഒരു ബന്ധുവുണ്ടു്: കല്യാണത്തിനു് വിളമ്പിയ സാമ്പാറിന്റെ സ്വാദാസ്വദിച്ചു് “സാമ്പാർ ടെറിബ്‌ൾ!” എന്നു് പറഞ്ഞ സാധു. Terrific-ഉം terrible-ഉം തമ്മിൽ അദ്ദേഹത്തിനും കൺഫ്യൂഷനുണ്ടായിരുന്നിരിക്കണം.


വവ്വാൽ: കുഴിയാനയുടെ left-right കൺഫ്യൂഷൻ ഞാനൊരിക്കൽ ഒരാളോടു് പറഞ്ഞു. മൂപ്പർ മറുപടിയായി പറഞ്ഞതു്:

“അത്രയല്ലേയുള്ളു? എന്റെ ഭാര്യയുടെ കാര്യം കേൾക്കണോ?”

“യാത്ര പോകുമ്പോൾ എവിടെയെങ്കിലും തിരിയണമെങ്കിൽ എന്റെ ഭാര്യ ആ ദിശയിൽ സീറ്റിൽ തിരിഞ്ഞിരിക്കും. അതായതു്, ഇടത്തോട്ടു് തിരിയണമെങ്കിൽ പുള്ളിക്കാരി സീറ്റിൽ ഇടത്തോട്ടു് തിരിഞ്ഞിരിക്കും”

“എന്നിട്ടു് പറയും: ‘ഇനി കാർ നേരെ പോകട്ടെ!’ ”

“കോൺഫിഡെൻസ് ലെവെലനുസരിച്ചു് ചിലപ്പോൾ വിരൽ ചൂണ്ടിക്കാണിക്കുകയും ചെയ്യും. എന്നിട്ടു് ‘എന്റെ ഭർത്താവിനെന്താ ഞാൻ പറഞ്ഞതു് മനസ്സിലാകാത്തതു്?’ എന്ന ഭാവത്തിൽ എന്നെ നോക്കും”


Saturday, August 25, 2012

പോലീസും പിസയും


അരുൺ കായംകുളത്തിന്റെ “കമ്മട്ടത്തിന്റെ ഉല്പ്പന്നം തേടി” എന്ന കഥ വായിച്ചപ്പോഴാണു് പണ്ടു് പിസ കഴിക്കാൻ പോയപ്പോൾ പോലീസ് പിടിച്ച സംഭവം ഓർമ്മ വന്നതു്. അതു് പറയാം.

അതായതു്, മദിരാശിയിലുള്ള കാലം. അങ്ങു് തിരുവാണ്മിയൂരിനപ്പുറം വാൽമീകി നഗർ എന്ന സ്ഥലത്തു് കടലിനോടു് ചേർന്നുള്ള ഒരു ഫ്ലാറ്റിൽ താമസിക്കുന്ന സമയം.

ഒരു ദിവസം ഞങ്ങൾ സുഹൃത്തുക്കളൊക്കെക്കൂടി അഡയാറിലുള്ള പിസാ കോർണറിൽ ഒത്തുകൂടാൻ തീരുമാനിക്കുന്നു. ഞാൻ താമസിക്കുന്ന ദിക്കിൽ നിന്നു് 6-7 കി.മീ. ദൂരമുണ്ടു്. അതൊരു പ്രശ്നമല്ല. എനിക്കു് മോട്ടോർ ബൈക്കുണ്ടു്.

ഈ പിസാ (ഇംഗ്ലീഷുകാർ പ്ഭീറ്റ്സാ എന്നു് പറയും) വല്ലപ്പോഴും മാത്രം തിന്നാൻ കൊള്ളാവുന്ന സാധനമാണു്. പക്ഷെ അതല്ല പ്രധാനം; സുഹൃത്തുക്കളുടെ ഒത്തുകൂടലാണു്. മാത്രമല്ല, ആരുടേയോ വക ചെലവുചെയ്യലാണു്.

കൂട്ടത്തിൽ ഒന്നോ രണ്ടോ പേർക്കു് മാത്രം ബൈക്കുണ്ടാകുമ്പോൾ ന്യായമായും അവരുടെ കൂടെ വരാൻ കുറേ പേരുണ്ടാവും. ബൈക്കിൽ അനായാസമായി പോയിവരാം എന്നുള്ള സൗകര്യം കൊണ്ടാണതു്. അതുകൊണ്ടു് എന്റെ കൂട്ടുകാർ പ്രമോദിനേയും അനൂപിനേയും ഞാൻ “പിക്” ചെയ്യാം എന്നേറ്റു.

പക്ഷെ ഒരു പ്രശ്നമുണ്ടു്: തിരുവാണ്മിയൂരിൽ നിന്നു് LB റോഡ് വഴി വേണം അഡയാറിലെത്താൻ. വളരെ തിരക്കുള്ള വലിയ മെയിൻ റോഡാണു്. സ്ഥിരം പോലീസ് ചെക്കിംഗുണ്ടാവും. മൂന്നു പേരൊക്കെ ബൈക്കിൽ പോകുന്നതുകണ്ടാൽ പണികിട്ടും - ഉറപ്പാണു്.

ഒരു പ്രശ്നത്തിനു് ഒരു പോംവഴിയുമുണ്ടു്. LB റോഡിനു ചേർന്നു് നിരവധി ഊടുവഴികളുണ്ടു്. അവയിലൂടെ സഞ്ചരിച്ചാൽ പിസാ കോർണറിന്റെ അടുത്തെത്തും.

അങ്ങിനെ ഞാൻ വണ്ടിയോടിക്കുകയും പ്രമോദും അനൂപും പിന്നിൽ ഞെളിഞ്ഞിരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ബൈക്ക് അഡയാറിലെ ഊടുവഴികളില്ക്കൂടി മൂന്നുപേരെ വച്ചു് ഒരു ഹീറോ ഹോണ്ട സ്പ്ലെൻഡറിനു് പോകാവുന്ന തരക്കേടില്ലാത്ത സ്പീഡിൽ നീങ്ങുന്നു. പരസ്പരം ഓരോ തമാശകൾ പറഞ്ഞു്, ചിരിച്ചു്, ആഘോഷമായി.

കുറച്ചു ദൂരം ചെന്നപ്പോൾ ദേ ഒരാൾ വഴിയുടെ നടുവിലേക്കു് നീങ്ങിനിന്നു് കൈവീശുന്നു. സൂക്ഷിച്ചുനോക്കി. ട്രാഫിക് പോലീസാണു്.

“ജോറായി!” എന്നു് ‘എൽസമ്മ എന്ന ആൺകുട്ടി’യിൽ വിജയരാഘവൻ പറയുന്നപോലെ ഞാനും മനസ്സിൽ പറഞ്ഞു. അനൂപും പ്രമോദും പതുക്കെ ബൈക്കിൽ നിന്നിറങ്ങി.

“എവിടെ നിന്നു് വരുന്നു?”

“തി..രുവാണ്മിയൂർ”

“എങ്ങോട്ടു് പോകുന്നു?”

പെട്ടെന്നു് എനിക്കൊരു ബുദ്ധിതോന്നി. സെന്റിമെന്റ് വർക്കൗട് ചെയ്താലോ? ഒത്താൽ ഒത്തു.

“സർ, ഞങ്ങൾ ബ്ലഡ് ബാങ്കിലേക്കു് രക്തം കൊടുക്കാൻ പോകുന്നു”

ഇൻസ്പെക്ടർ ഒന്നു് ശങ്കിച്ചു. എന്നിട്ടു് ആശുപത്രിയുടെ പേരു് ചോദിച്ചു. ആ ഭാഗത്തുള്ള ഒരു ചെറിയ ആശുപത്രിയുടെ പേരു് ഒട്ടും ശങ്കയില്ലാതെ ഞാൻ പറഞ്ഞു.

ഇൻസ്പെക്ടർക്കു് വീണ്ടും ആശയക്കുഴപ്പം. ആ സന്ദർഭം ഞാൻ മുതലാക്കി.

“സർ, നാളെയാണു് ഓപ്പറേഷൻ. കുറച്ചു് റെയർ ഗ്രൂപ്പാണു്. അതുകൊണ്ടു് ആളെ സംഘടിപ്പിക്കാൻ വൈകി. ഇവർ ചെന്നു് രക്തം കൊടുത്തിട്ടുവേണം നാളത്തെ ഓപ്പറേഷനു് ഡോക്റ്ററെ ഏർപ്പാടാക്കാൻ. സർ പ്ലീസ്..”

അങ്ങേർക്കു് പിന്നേയും കൺഫ്യൂഷൻ. അപ്പോൾ ഞാൻ തുരുപ്പുചീട്ടു് പുറത്തെടുത്തു. ആവുന്നത്ര ദൈന്യത മുഖത്തുപുരട്ടി. എന്നിട്ടു് അക്ഷമയുടെ സ്വരത്തിൽ പറഞ്ഞു:

“സർ, വേഗം ചെല്ലണം. പത്തുമിനുട്ടിനുള്ളിൽ ബ്ലഡ് ബാങ്ക് അടക്കും. നാളത്തെ ഓപ്പറേഷൻ... സർ, പ്ലീസ്”

അതാ, ഇൻസ്പെക്ടരുടെ മുകത്തു് വിഷമം അങ്കുരിച്ചുകഴിഞ്ഞു. അദ്ദേഹം പറഞ്ഞു:

“ശരി. വേഗം പോകൂ. നില്ക്കൂ... മെയിൻ റോഡിൽ കയറേണ്ട. ഇന്നു് ചെക്കിംഗ് കൂടുതലുള്ള ദിവസമാണു്. മറ്റു് പോലീസുകാരുണ്ടാവും. അവരുടെ മുമ്പിൽ ചെന്നു പെടരുതു്. ഉം, ഗോ..!”

ആ പോലീസ് ഇൻസ്പെക്ടരുടെ മുന്നിൽ വച്ചുതന്നെ ഞങ്ങൾ മൂന്നുപേരും ബൈക്കിൽ കയറി യാത്ര പുനരാരംഭിച്ചു.

അന്നു് പിസാ കോർണറിൽ ഇരുന്നു് അനൂപും പ്രമോദും നടന്ന സംഭവങ്ങൾ മറ്റു സുഹൃത്തുക്കളോടു് വിവരിക്കുമ്പോൾ ആത്മനിർവൃതിയോടെ ഒരു ജേതാവിന്റെ ഭാവത്തിൽ ഞാനിരുന്നു. മാത്രമല്ല, അന്നത്തെ കൊക്കകോലയുടെ ചെലവും എന്റെ വകയായി പ്രഖ്യാപിച്ചു.

*        *       *        *        *

അടുത്ത ദിവസം. ദി വെരി നെക്സ്റ്റ് ഡേ...

അഡയാറിലെ ഊടുവഴികളിൽ കൂടി ആപ്പീസിലേക്കു് വണ്ടിയോടിക്കുമ്പോഴും തലേന്നത്തെ സാഹസത്തിന്റെ ഹാങ്ങോവറിലായിരുന്നു ഞാൻ. ഇൻസ്പെക്ടറെ കണ്ടുമുട്ടിയ സ്പോട്ടിലെത്തിയപ്പോൾ ഞാൻ വെറുതേ ബൈക്കിന്റെ സ്പീഡ് കുറച്ചു് ചുറ്റിനും കണ്ണോടിച്ചു.

അതാ, തലേന്നു് കണ്ട സ്പോട്ടിൽ അതേ പോലീസുകാരൻ.

അയൾ എന്നേയും കണ്ടുകഴിഞ്ഞു. ദേ, എന്റെ നേരെ നടന്നുവരുന്നു. ബൈക്ക് നിർത്താൻ കൈ കാണിക്കുന്നുമുണ്ടു്.

“താനല്ലെ, ഇന്നലെ രണ്ടു പേരെ ബ്ലഡ് ബാങ്കിലേക്കു് കൊണ്ടുപോയിരുന്നതു്?”

“അതെ സർ. സാറിന്റെ മനസ്സിനു് നന്ദി. സമയത്തിനെത്തിയതുകൊണ്ടു് ബ്ലഡ് എടുക്കാൻ പറ്റി. ഞാൻ ആശുപത്രിയിലേക്കാണു്. ഓപ്പറേഷൻ ഇപ്പൊ തുടങ്ങും“

”വെരിഗുഡ്. ഏതായാലും ഇന്നലത്തെ ഫൈൻ അടച്ചിട്ടു് പൊയ്ക്കൊള്ളു. എത്ര അത്യാവശ്യത്തിനായാലും ഇന്നലെ ചെയ്തതു് നിയമലംഘനമല്ലേ?“

സ്തബ്ധനായി ഞാൻ നില്ക്കുമ്പോൾ ഫൈൻ റസീറ്റ് ബുക്കിൽ എന്റെ വണ്ടിയുടെ വിവരങ്ങൾ പതിഞ്ഞുതുടങ്ങി.

Sunday, July 29, 2012

ടിക്കറ്റ് ചെക്കിങ്



‘യാത്രകൾ നല്ല ഗുരുക്കന്മാരാണു്; മറക്കാനാവാത്ത അനുഭവങ്ങൾ അവ സമ്മാനിക്കുന്നു’ എന്നു് പറഞ്ഞതാരാവും എന്നറിയില്ല. എങ്കിലും അതു് സത്യമാണെന്നു് എനിക്കു് പലപ്പോഴും തോന്നിയിട്ടുണ്ടു്.

യാത്രകൾ തരുന്ന അനുഭവസമ്പത്തു് നമുക്കു് നേരിടേണ്ടിവരുന്ന സന്ദർഭങ്ങൾ മുഖാന്തിരം തന്നെ വേണമെന്നില്ല. ചിലപ്പോൾ സഹയാത്രികരുടെ അനുഭവങ്ങളാവാം. മറ്റു ചിലപ്പോൾ ആരെങ്കിലും പറയുന്ന കഥകളാവാം. ഏതായാലും ഒന്നു് സത്യമാണു്. മിക്ക യാത്രകളും നല്ല ഗുരുക്കന്മാരാണു്. അനുഭവങ്ങൾ മറ്റുള്ളവരുടേതാകുമ്പോൾ നിർമമതയോടെ മാറിനിന്നു് അവ ചുരുളഴിയുന്ന മുറക്കു് നോക്കിക്കാണുന്ന ഒരുതരം “ക്രൂരത”യിലേക്കു് ചിലപ്പോൾ നമ്മെ നയിക്കാറുണ്ടെങ്കിലും.

തീവണ്ടിയിൽ വച്ചു് ശീട്ടുകളിക്കുകയും പോലീസ് പിടിച്ചു് പെറ്റിക്കേസ് ചാർജ്ജ്‌ ചെയ്യുമെന്നു് പറഞ്ഞപ്പോൾ “പെറ്റിയടിക്കുന്നതു് ശീട്ടുകളിച്ചതുകൊണ്ടാക്കണ്ട; എന്റെ കൂടെ പോരെ; കൂടുതൽ വകുപ്പുണ്ടാക്കിത്തരാം” എന്നും പറഞ്ഞ സഹയാത്രികനെ ഓർമ്മ വരുന്നു. മറ്റൊരിക്കൽ ചില സഹയാത്രികർ തമ്മിൽ നടത്തിയ സംഭാഷണം “സംശയം” എന്ന പേരിൽ ഞാൻ മുമ്പു് പോസ്റ്റിയിട്ടുമുണ്ടു്.

ഇത്തവണയും പറയാൻ പോവുന്നതു് ഒരു തീവണ്ടി യാത്രയുടെ കഥയാണു്.

കുറച്ചുകാലം മുമ്പു് ബാംഗ്ലൂരിൽ നിന്നു് തൃശ്ശൂർക്കു് വരുന്നു. നാട്ടിലേക്കുള്ള ഇത്തരം യാത്രകളിൽ സ്വതവേ പാലക്കാടു് കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പറ്റാറില്ല. നാട്ടിലെത്തുന്ന ആവേശത്തിലായിരിക്കും. കേരളത്തിന്റെ ഹരിതാഭയും മഴക്കാലമാണെങ്കിൽ നനഞ്ഞുകിടക്കുന്ന ഭൂമിയും നിളയും ആസ്വാദ്യമായ കാഴ്ചയാണു്; പ്രവാസികൾക്കു് പ്രത്യേകിച്ചു്.

ഇത്തവണയും അതിരാവിലെ പാലക്കാട്ടെത്തിയപ്പോൾ ഉണർന്നതാണു്. ബെർത്തിൽ നിന്നിറങ്ങി. സഹയാത്രികർ നല്ല ഉറക്കം.

കുറച്ചുസമയം കേരളം ആസ്വദിക്കാം. ഒഴിഞ്ഞുകിടന്ന സൈഡ് ബെർത്തിലേക്കു് മാറിയിരുന്നു. ട്രെയിൻ സ്റ്റേഷൻ വിട്ടു് ഓടിത്തുടങ്ങിയിരിക്കുന്നു. അടുത്ത സ്റ്റേഷൻ ഒറ്റപ്പാലം. അതു കഴിഞ്ഞു് വടക്കാഞ്ചേരി, പിന്നെ തൃശ്ശൂർ. ഈ ഭാഗത്തെ ഓരോ നിമിഷത്തെ കാഴ്ചകളും സാമാന്യം പരിചയമുള്ളവ തന്നെ.

ബാഗ് തുറന്നു. ബ്രഷ്-പേസ്റ്റ്-ചീപ്പു്-രാസ്നാദിപ്പൊടി എന്നിവയടങ്ങിയ പൊതി പുറത്തെടുത്തു. തല്ക്കാലം മുടി ഒന്നു് ചീകി. കുറച്ചുസമയം ബെർത്തിൽ കാൽ നീട്ടിവച്ചു് ഇരുന്നു. ബാക്കിയുള്ളവർ ഇപ്പോഴും ഉറക്കം തന്നെ.

ഒറ്റപ്പാലത്തു് വണ്ടി നിർത്തിയപ്പോൾ 3-4 വിദ്യാർത്ഥികൾ കോച്ചിൽ കയറി. റിസർവേഷൻ കോച്ചിൽ സാധാരണ ടിക്കറ്റുമായി കയറിപ്പറ്റുന്ന ഇത്തരക്കാരെ പൊതുവേ എനിക്കിഷ്ടമല്ല. ഇവരുടെ ശീലം എന്നുപറയുന്നതു്, കിട്ടുന്ന സ്ഥലത്തൊക്കെ ഇരിപ്പുറപ്പിക്കും. ഉറക്കെ വർത്തമാനം തുടങ്ങും. ചിലപ്പോൾ മൊബൈലിലാവും. ചർച്ചാവിഷയം രാഷ്ട്രീയമാണെങ്കിൽ പറയുകയും വേണ്ട. ഉറങ്ങുന്നവരെ മുഴുവൻ ഉണർത്തും.

പതിവു് തെറ്റിയില്ല. പയ്യന്മാരിൽ രണ്ടുപേർ എന്റെ അടുത്തും മറ്റുരണ്ടു പേർ എതിരെയുള്ള ബെർത്തിലും ഇരുന്നു് വർത്തമാനം തുടങ്ങി. എനിക്കാണെങ്കിൽ അരോചകത്വവും തുടങ്ങി.

ഇനിയിപ്പൊ എന്തു ചെയ്യും എന്നാലോചിച്ചിരിക്കുമ്പോഴാണു് ആ വാർത്ത കേട്ടതു്:

തീവണ്ടിയിൽ ടിക്കറ്റ് സ്ക്വാഡ് കയറി പരിശോധന നടത്തുന്നു!

ടിക്കറ്റെടുക്കാത്തവരേയും സാധാരണ ടിക്കറ്റെടുത്തു് റിസർവേഷനുള്ള കംപാർട്ടുമെന്റിൽ യാത്രചെയ്യുന്നവരേയും തെരഞ്ഞുപിടിക്കലാണു് ഇവരുടെ ഉദ്ദേശ്യം. അത്തരക്കാർ ഫൈൻ അടക്കേണ്ടിവരും. എനിക്കു് സന്തോഷമായി. ഒപ്പം ശല്യക്കാർ വിദ്യാർത്ഥികൾക്കു് പരിഭ്രമവും.

“അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തുമ്പൊ ഇറങ്ങാം; അതിനിടക്കു് സ്ക്വാഡ് ഈ കോച്ചിൽ എത്തിയില്ലെങ്കിൽ” - ഒരാൾ പറഞ്ഞു.

എനിക്കു് തെല്ലു് നിരാശ തോന്നി. ഒപ്പം സ്ക്വാഡ് എത്രയും പെട്ടെന്നു് ഇവിടെയെത്തണേ എന്നു് മനസ്സിൽ പറയുകയും ചെയ്തു.

എന്റെ പ്രാർത്ഥന ഫലിച്ചെന്നു് പറഞ്ഞാൽ മതിയല്ലൊ. കോച്ചിന്റെ ഒരറ്റത്തു് അവരെത്തിക്കഴിഞ്ഞു. ഞങ്ങളുടെ അടുത്തെത്താൻ പത്തുമിനുട്ടിൽ കൂടുതൽ വേണ്ട.

ഞാനെഴുന്നേറ്റു് ടോയ്ലെറ്റിലേക്കു് നടന്നു. സ്ക്വാഡ് എത്തുമ്പോൾ നടക്കാൻ പോകുന്ന തമാശ അല്ലലില്ലാതെ കാണണം.

മൂത്രമൊഴിച്ചു് ടോയ്ലെറ്റിനു പുറത്തു കടന്നപ്പോൾ വിദ്യാർത്ഥികളിൽ ഒരുവൻ കോച്ചിന്റെ വാതിൽക്കൽ നില്ക്കുന്നു. ‘ട്രെയിനിൽ നിന്നു് ചാടാനുള്ള പ്ലാനാണോ? നടക്കില്ല മോനെ, നിന്റെ കാര്യം പോക്കാ!’ എന്നു് മനസ്സിൽ ചിരിച്ചു് ഞാൻ തിരിച്ചു് സീറ്റിലെത്തി. അതേ സമയത്തു് സ്ക്വാഡും എത്തി ചെക്കിംഗ് തുടങ്ങി. അവിടെയുണ്ടായിരുന്ന മൂന്നു് വിദ്യാർത്ഥികളേയും അവർ പിടിച്ചു. ഭീകര ഫൈനടക്കാൻ പറഞ്ഞപ്പോൾ വിദ്യാർത്ഥികൾ അവരുടെ കാൽക്കൽ വീണു് കേണു. ഉച്ചക്കു് ഊണുകഴിക്കാനുള്ള കാശുമാത്രമേ തങ്ങളുടെ പക്കലുള്ളു എന്നൊരുത്തൻ പറഞ്ഞപ്പോൾ, ചെയ്യുന്ന ജോലിയോടു് ആത്മാർത്ഥതയില്ലാത്ത സ്ക്വാഡിന്റെ മനസ്സലിഞ്ഞു. ഇനി ഇതാവർത്തിക്കരുതെന്നു് താക്കീതും കൊടുത്തു് അവർ നടന്നു് നീങ്ങി.

ഞാനാകെ ഐസായി എന്നു് പറഞ്ഞാൽ മതിയല്ലൊ. ടിക്കറ്റ് സ്ക്വാഡിനെക്കുറിച്ചു് എനിക്കുണ്ടായിരുന്ന മതിപ്പൊക്കെ നിമിഷനേരം കൊണ്ടു് ഇല്ലാതായി. വിദ്യാർത്ഥികളാണെങ്കിൽ ഒന്നും സംഭവിക്കാത്തമട്ടിൽ ഉറക്കെയുള്ള വർത്തമാനം പുനരാരംഭിച്ചിരിക്കുന്നു.

അപ്പോഴേക്കും നേരത്തേ വാതിൽക്കൽ നിന്നിരുന്ന നാലാമനും അവിടെ എത്തിച്ചേർന്നു. അവനെ കൂട്ടുകാർ സ്വീകരിച്ചിരുത്തി. അതിവിദഗ്ദ്ധമായി സ്ക്വാഡിനെ നേരിട്ട കഥ അവനു് വിവരിച്ചു. അവനാ കഥ കേട്ടു് കൈകൾ തലക്കുപിന്നിൽ കെട്ടി പിന്നോട്ടാഞ്ഞു് ഒന്നു് ചിരിച്ചു.

“അല്ല, ആ സമയത്തു് നീയെങ്ങോട്ടു് പോയി? അവന്മാരു് നിന്നെ പിടിച്ചില്ലല്ലോ?”

“ഹും! അതിനു് സ്ക്വാഡ് രണ്ടാമതു് ജനിക്കണം!”

“നീയെന്തു് ചെയ്തു?”

“അതോ? സ്ക്വാഡ് വരുന്നതുകണ്ടു് ഞാൻ വാതിലിനടുത്തേക്കു് ചെന്നു. അവർ അടുത്തെത്തുന്നതിനുമുമ്പു് ഞാൻ ഭേഷായിട്ടു് പല്ലുതേക്കാൻ തുടങ്ങി! അവർ വന്നു് ടിക്കറ്റ് ചോദിച്ചപ്പോൾ `അച്ഛന്റേയും അമ്മയുടേയും അടുത്താണു്, സാർ ചെക്ക് ചെയ്തുകാണും‘ എന്നു് പറഞ്ഞു. പിന്നെ, ഇന്നലെ രാത്രി കയറിയവരല്ലേ രാവിലെ വണ്ടിയിൽ പല്ലുതേക്കേണ്ടതുള്ളു, ഇന്നു രാവിലെ വണ്ടിയിൽ കയറിയവർ വണ്ടിയിൽവച്ചു് ഏതായാലും പല്ലുതേക്കില്ലല്ലോ എന്നൊക്കെ വിചാരിച്ചു് കൂടുതലൊന്നും ചോദിക്കാതെ അവരങ്ങു് പോയി!”

കൂട്ടുകാർ അവനെ കെട്ടിപ്പിടിച്ചു. നാലുപേരും ആവോളം ചിരിച്ചു. ചിരി അടങ്ങിയപ്പോൾ ഒരുത്തൻ ചോദിച്ചു:

“ആ സമയത്തു് പല്ലുതേക്കാൻ നീയെവിടുന്നാ ടൂത്ത്‌ബ്രഷ് സംഘടിപ്പിച്ചതു്?”

“അതു് ഇവിടെ കിടന്നിരുന്ന ബ്രഷും പേസ്റ്റും ഞാനങ്ങു് എടുത്തു. അത്രതന്നെ! ആരുടെയാ എന്നൊന്നും നോക്കാൻ നിന്നില്ല!”

ഞാൻ സൂക്ഷിച്ചു് നോക്കി. ആ കശ്മലൻ ഉയർത്തിക്കാണിക്കുന്ന ടൂത്ത്‌ബ്രഷ്.. ഈശ്വരാ! അതു് എന്റെയല്ലേ?

അതെ...