(ഈ കഥ ജയേട്ടന്റെ Y2K - ഒരു ഓര്‍മ്മക്കുറിപ്പ് എന്ന കഥ വായിച്ചപ്പൊ ഓര്‍മവന്നതാണു്. കൃത്യമായിപ്പറഞ്ഞാല്‍, അദ്ദേഹം പെണ്ണുകാണലിനിടക്കു് ചോദിച്ച ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഓര്‍മ്മവന്നതാണു്. അങ്ങിനെ ഈ മാസത്തിലെ രണ്ടു പോസ്റ്റും ജയേട്ടനാല്‍ പ്രേരിതമാണു് എന്നു പറയാം)
ജയകൃഷ്ണനെ ഓര്‍മ്മയുണ്ടാകുമല്ലോ? അദ്ദേഹത്തിനെ ജ്യേഷ്ഠന്‍ രാമകൃഷ്ണന്റെ കഥയാണിതു്.
പാരമ്പര്യമായി കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിലെ മൂത്ത സന്തതിയായ രാമകൃഷ്ണന്റെ വിദ്യാഭ്യാസയോഗ്യത നാലാം ക്ലാസും തുടര്‍ന്നു് മണ്ണിനോടു് മല്ലിട്ടു നേടിയ അനുഭവസമ്പത്തുമായിരുന്നു. അദ്ധ്വാനശാലിയായ അദ്ദേഹം പിതാവിനു് വയലില്‍ തക്ക തുണയും കുടുംബത്തിന്റെ കണ്ണിലുണ്ണിയും ആയതില്‍ അത്ഭുതമില്ല.
പ്രായമായപ്പോള്‍ രാമകൃഷ്ണനു് കല്യാണാലോചനകള്‍ തുടങ്ങി. തങ്ങളുടെ നിലക്കനുസരിച്ചു് മറ്റൊരു കര്‍ഷകകുടുംബത്തില്‍ നിന്നു് തന്നെയായിരുന്നു ആദ്യത്തെ ആലോചന. പെണ്ണു് സുനന്ദ. അടുത്തൊരു ദിവസം തന്നെ പെണ്ണുകാണല്‍ ചടങ്ങു് നടത്താന്‍ കാരണവന്മാര്‍ തീര്‍ച്ചപ്പെടുത്തി.
പെണ്ണുകാണലിന്റെ തലേദിവസം രാമകൃഷ്ണന്റെ കൂട്ടുകാര്‍ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി.
കൂട്ടുകാര്‍: "ഡാ, നാളത്തെ പരിപാടികള്‍ എന്തൊക്കെയാ?"
രാമകൃഷ്ണന്‍: "രാവിലെ സുനന്ദയുടെ വീട്ടില്‍ പോകുന്നു; കാണുന്നു; തിരിച്ചുവരുന്നു. ഇതില്‍ക്കൂടുതല്‍ പ്രത്യേകിച്ചെന്താ?"
കൂ: "അതല്ല. ആദ്യത്തെ കാഴ്ചയില്‍തന്നെ നിന്നെ നല്ല മതിപ്പു് സുനന്ദക്കു് തോന്നണം. അപ്പൊ അതിനുതക്കവണ്ണം പെരുമാറണം"
രാ: "അതൊക്കെ വേണ്ടിവരുമോ?"
കൂ: "എടാ, വെറുതെ പോയി പെണ്ണുകണ്ടു് വരാന്‍ ആര്‍ക്കാ സാധിക്കാത്തതു്? പക്ഷെ ആദ്യത്തെ കാഴ്ചയില്‍ത്തന്നെ നീ നല്ല ബുദ്ധിയുള്ള ആളാണു് എന്നു് സുനന്ദക്കു് തോന്നുന്നതു് നല്ല കാര്യമല്ലേ?"
രാ: "ങാ. അതൊരു നല്ല കാര്യമാണു്. പക്ഷെ അത്ര ബുദ്ധിയൊക്കെ എനിക്കുണ്ടോ?"
കൂ: "ഇനി അഥവാ ഇല്ലെങ്കിലും ഉണ്ടെന്നു് അഭിനയിക്കണം. അതിനു്..."
രാ: "അതിനു്...?"
കൂ: "ബുദ്ധിപരമായ ചോദ്യങ്ങള്‍ നീ ചോദിക്കണം. ആ ചോദ്യങ്ങള്‍ കേട്ടു് സുനന്ദക്കു് നിന്നെ ഇഷ്ടമാവണം"
"ഇപ്പൊ, പേരെന്താ, ഏതു് വരെ പഠിച്ചു എന്നൊന്നും ചോദിക്കുന്നതു് ബുദ്ധിയല്ല. അതൊക്കെ നമുക്കറിയാവുന്ന കാര്യങ്ങളല്ലേ? സിനിമ ഇഷ്ടമാണോ, പാചകം അറിയുമോ മുതലായ ചോദ്യങ്ങള്‍ പെണ്ണിനു് ഇഷ്ടപ്പെടുമെങ്കിലും അതുകൊണ്ടൊന്നും നിന്റെ ബുദ്ധി അവതരിപ്പിക്കാന്‍ പറ്റില്ല. അപ്പൊ വേറെ ടൈപ് ചോദ്യങ്ങള്‍ വേണം ചോദിക്കാന്‍"
രാ: "ന്നു് വെച്ചാല്‍...? എനിക്കങ്ങടു് കിട്ടണില്യ"
കൂ: "ഒരാള്‍ക്കു് ഇഷ്ടപ്പെടുന്നതു് ആ ആളെ, അല്ലെങ്കില്‍ അയാളുടെ കുടുംബത്തിനെ, അല്ലെങ്കില്‍ അയാള്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും സംബന്ധിക്കുന്ന ചോദ്യങ്ങളാവും. അതു് നമ്മള്‍ക്കു് മുന്‍കൂട്ടി ചര്‍ച്ച ചെയ്തു് തീരുമാനിക്കാന്‍ ബുദ്ധിമുട്ടാ. അവളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ നീ കാണുന്ന എന്തെങ്കിലും പ്രത്യേകതകള്‍ എടുത്തു് ചോദിക്കുക"
"ഉദാഹരണത്തിനു് ചന്ദപ്പന്‍ പെണ്ണുകാണാന്‍ പോയപ്പൊ ചോദിച്ചതു് എങ്ങിനെയാന്നോ?"
"ചന്ദപ്പന്‍: `നിങ്ങളുടെ കോഴി മുട്ടയിട്ടതു് ഈയടുത്തു് വിരിഞ്ഞല്ലേ?' "
"പെണ്ണു്: `അതെ! പക്ഷെ ചേട്ടനു് എങ്ങിനെ മനസ്സിലായി?' "
"ചന്ദപ്പന്‍: `അതോ? തോട്ടത്തില്‍ നിറയെ റോസാച്ചെടിയും അതിന്റെ കടക്കല്‍ മുട്ടത്തോടും കണ്ടു. ഇത്രയും ചെടിക്കു് മുട്ടത്തോടിടണമെങ്കില്‍ ഏതെങ്കിലും കോഴി മുട്ടക്കു് അടയിരുന്നു് വിരിയിച്ചതാവണം. അല്ലാതെ 4 പേരുള്ള നിങ്ങളുടെ വീട്ടില്‍ കഴിച്ച മുട്ടയുടെ തോടുകളാവാന്‍ വഴിയില്ല' "
"പെണ്ണു്: `ശ്ശൊ! ഈ ചന്ദപ്പേട്ടന്‍ ആളു് കൊള്ളാലോ!' "
"അപ്പൊ അതാ പറഞ്ഞതു്. നമ്മള്‍ ചോദിക്കുന്ന ചോദ്യത്തില്‍ നിന്നു് നമ്മുടെ ബുദ്ധിസാമര്‍ത്ഥ്യവും നിരീക്ഷണപാടവവും അവള്‍ക്കു് മനസ്സിലാവണം. ഏറ്റോ?"
രാമകൃഷ്ണനു് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ "ഉം" എന്നൊന്നു് മൂളി അടുത്ത ദിവസത്തെ ചടങ്ങു് എങ്ങിനെ മാനേജ് ചെയ്യും എന്നു് ആധിപിടിച്ചിരിപ്പായി.
* * *
പെണ്ണുകാണല്‍ കഴിഞ്ഞുവന്നു് വീട്ടില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കുന്ന രാമകൃഷ്ണനെ കൂട്ടുകാര്‍ വീണ്ടും വളഞ്ഞു.
കൂ: "അപ്പൊ വിശദായിട്ടു് പറഞ്ഞോളു. എന്താ ഉണ്ടായതു്?"
രാ: "അബദ്ധായി..."
കൂ: "ഉവ്വോ? എങ്കില്‍ പരിഹാരം ചെയ്യേണ്ടീരും. ഏതായാലും നടന്നതു് പറഞ്ഞോ"
രാ: "ഡാ, നിങ്ങളു് പറഞ്ഞമാതിരി ഞാനവള്‍ടെ വീട്ടിലെത്തിയപ്പൊ പരിസരൊക്കെ നോക്കി. പക്ഷെ ചന്ദപ്പന്റെ ടൈപ് ചോദ്യങ്ങള്‍ക്കു് പറ്റിയ ഒന്നും കണ്ടില്ല"
"കാലും മുഖവും കഴുകുമ്പൊ വെള്ളത്തിനു് ക്ലോറിന്റെ ചുവ. കിണറിലു് വെള്ളമില്ലേ എന്നു് ചോദിക്കാം എന്നു് വിചാരിച്ചതായിരുന്നു. അപ്പൊ പെണ്ണിന്റെയച്ഛന്‍ ചാടിക്കേറി "വേനലല്ലേ? കിണറു് വറ്റി" എന്നു് വിശേഷം പറയുന്ന കൂട്ടത്തിലു് പറഞ്ഞു"
"ഇനിപ്പൊ എന്താ ചെയ്യാന്നു് ശങ്കിച്ചിരിക്കുമ്പൊഴാ ഞങ്ങളോടു് ഒരു മുറീലു് കേറീട്ടു് എന്തെങ്കിലും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാന്‍ പറേണതു്"
"ഞാനാകെ വെരണ്ടു. എന്താ ചോദിക്കണ്ടേന്നു് ഒരു രൂപോല്യ"
"പെട്ടെന്നു് സുനന്ദ എന്നോടൊരു ചോദ്യം - എന്താ ചേട്ടന്‍ പേടിച്ചിരിക്യാണോ, എന്നോടൊന്നും ചോദിക്കാനില്ലേ?ന്നു്"
"ന്നുവെച്ചാല്‍, ഞാനാകെ ബേജാറായി ഇരിക്യാണു്ന്നു് അവളു് മനസ്സിലാക്കി!"
"അപ്പൊഴാ ശ്രദ്ധിച്ചേ. പെണ്ണിനു് ഇടതുകൈക്കാണു് സ്വാധീനം കൂടുതല്‍. വാതില്‍ തുറന്നതും എന്റെ നേരെ കസേര നിരക്കിയിട്ടതും ഇരിക്കാന്‍ ആംഗ്യം കാണിച്ചതും ഇടതുകൈ കൊണ്ടാ"
കൂട്ടുകാര്‍ പരസ്പരം നോക്കി. ബുദ്ധിപരമായ എന്തെങ്കിലും ഇടതുകൈ സംബന്ധിച്ചു് ഉള്ളതായി തോന്നുന്നില്ല. എന്നാലും ഒരു പുതുമയൊക്കെയുണ്ടു്. ചില നല്ല ചോദ്യങ്ങള്‍ക്കുള്ള വകയുണ്ടു്.
കൂ: "എന്നിട്ടു്? അതുകൊണ്ടു് ജീവിതത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടു് നേരിട്ടുവോ എന്നു് ചോദിച്ചോ?"
രാ: "ഇല്ല"
കൂ: "പിന്നെ? ആരെങ്കിലും കളിയാക്കിയിട്ടുണ്ടോ എന്നു് ചോദിച്ചോ?"
രാ: "ഇല്ല"
കൂ: "പിന്നെ എന്തായിരുന്നു നിന്റെ ചോദ്യം?"
രാ: "അതു് പിന്നെ.. ഈ ഇടതുകൈക്കുള്ള സ്വാധീനക്കൂടുതല്‍.. അതു് ജന്മനാ ഉള്ളാതാണോ എന്നു് ചോദിച്ചു!"
കൂട്ടുകാര്‍ സ്തബ്ധരായി പരസ്പരം നോക്കി. ദൈന്യതയോടെ രാമകൃഷ്ണന്‍ അവരെ നോക്കി.
കൂ: "എന്നിട്ടു്? പെണ്ണെന്തു് പറഞ്ഞു?"
രാ: "ഏയ് പെണ്ണൊന്നും പറഞ്ഞില്ല. പൊട്ടിച്ചിരിച്ചുകൊണ്ടു് അടുക്കളയിലേക്കു് ഓടിപ്പോയി.2 മിനുട്ടു് കാത്തിരുന്നു് അവള്‍ വരാഞ്ഞപ്പോള്‍ ഞാന്‍ എണീറ്റുചെന്നു് ഉമ്മറത്തിരുന്നു"
കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു. രാമകൃഷ്ണന്‍ പ്രതീക്ഷയോടെ അവരെ നോക്കി.
വാല്‍: രാമകൃഷ്ണന്‍ താലികെട്ടുമ്പോള്‍ വധു സുനന്ദ അടക്കിചിരിച്ചതു് രാമകൃഷ്ണന്റെ കൈവിറക്കുന്നതു് കണ്ടിട്ടാവാന്‍ വഴിയില്ല. കാരണം വിവാഹമണ്ഡപത്തിലേക്കു് നടക്കുമ്പോഴേ അവള്‍ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.
Monday, April 19, 2010
Subscribe to:
Post Comments (Atom)
15 comments:
<<< ഈ ഇടതുകൈക്കുള്ള സ്വാധീനക്കൂടുതല്‍.. അതു് ജന്മനാ ഉള്ളാതാണോ >>>
ആ ചോദ്യത്തിന് എന്താ പ്രശ്നം..?? അങ്ങനെ ചോദിക്കാന്‍ പാടില്ലേ..??
എനിക്കൊന്നും മനസ്സിലായില്ലാ... :(
സത്യത്തില്‍ പെണ്ണുകാണല്‍ ചടങ്ങില്‍ എല്ലാവര്‍ക്കും ഉണ്ടാവും ഇതുപോലെ രസകരമല്ലാ എങ്കിലും പിന്നീട് പറയുമ്പോള്‍ ചിരിക്ക് വകയുള്ള വല്ല വാക്കുകളും . ഇത് രസകരമായിരിക്കുന്നു…!!
നന്നായിരിക്കുന്നു....
ഇടതു കയ്യുടെ സ്വാധീനക്കൂടുതൽ കൊണ്ട് ചിരിക്കാനുണ്ടായ കാരണം...?
പെണ്ണു കാണൽ ചടങ്ങിന്റെ രസകരമായ അനുഭവങ്ങൾ എല്ലാവർക്കും കാണും....!
ആശംസകൾ...
Ende Mukhathum Sunandayudethu pole oru chiri undu!
""ഈ ഇടതുകൈക്കുള്ള സ്വാധീനക്കൂടുതല്‍.. അതു് ജന്മനാ ഉള്ളാതാണോ"""
ethil chirikkan entha ullathu...???
ഹ! ഹ!!
എന്റെ അനിയന്മാരിൽ ‘കിണ്ണൻ’ ഇടതു കൈയ്ക്ക് ജന്മനാ ഇത്തിരി കൂടുതൽ സ്വാധീനം കൂടിയ ആളാ!!
thaali kettan neram kaiviracha aliyananu eppo edathukaiyude swaadeenam parannu kaliyakkune??? kashtam :)
വലതു കൈയ്ക്കുള്ള സ്വാധീനക്കുറവു ജന്മനാ ഉള്ളതാണോന്നു ചോദിക്കാതിരുന്നത് കൊണ്ട് കല്യാണം നടന്നു...ഹ ഹ...
കമെന്റിയ എല്ലാവര്‍ക്കും നന്ദി!
ജയേട്ടന്റെ പോസ്റ്റ് കണ്ടപ്പൊ പെട്ടെന്നെഴുതിയ ഒരു കഥയാണു്. അതു് പക്ഷെ കുറച്ചുപേര്‍ക്കെങ്കിലും ശരിയായി സംവദിച്ചില്ല എന്നുകേട്ടപ്പൊ ഒരു വ്യസനം. ഈ കഥ എന്റെ ഒരു വളരെ ഇഷ്ടപ്പെട്ട കഥയൊന്നുമല്ല. ഒരു സാധാരണ സംഭവം. ഒരു പക്ഷെ കൂട്ടുകാര്‍ക്കിടയില്‍ സംഭാഷണത്തില്‍ ഈ കഥ അവതരിപ്പിക്കുകയാണെങ്കില്‍ ഇതിനു സ്വീകാര്യത ഏറിയേക്കും. എല്ലാ കൊച്ചുകൊച്ചു തമാശകളും ഭംഗിയായി എഴുതാന്‍ കഴിയില്ലല്ലൊ.
ഒരാള്‍ ഇടംകൈയ്യനാണോ വലംകൈയ്യനാണോ എന്നുള്ളതു് അയാള്‍ക്കു് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ല എന്ന തത്വം വെച്ചാണു് കഥയെഴുതിയതു്. പിന്നെ ചാണ്ടിക്കുഞ്ഞു പറഞ്ഞപോലെ വേണ്ടാത്തതു ചോദിക്കാഞ്ഞപ്പോള്‍ കല്യാണം നടന്നു! (ഞാന്‍ പക്ഷെ അത്രേം കടന്നു ചിന്തിച്ചിരുന്നില്ലട്ടൊ!)
ചക്സേ, താലികെട്ടുമ്പൊ എപ്പൊഴാ അളിയനു് കൈവിറച്ചതു്? ഞാന്‍ ശക്തിയായി നിഷേധിക്കുന്നു! തെളിവിനു് വീഡിയോ ദൃശ്യങ്ങള്‍ ഉണ്ട്!!
Oru pakshe nammude Eisteinum ithu polathe pala chodyangalum face cheythu kanum...Pakshe athu kondonnum adeham thalarnnilla, ividathe chechiye pole...
ഫാഗ്യം! കൈ ജന്മനാ ഉള്ളതാണോന്ന് ചോദിക്കാത്തത് :-) ചിരിപ്പിച്ചു.
ചിരിപ്പിച്ചു!!
nannayittundu....
nalla rasamuntaayirunnu vaayikkaan.
Post a Comment