Sunday, October 24, 2010

കണ്ടതും കേട്ടതും അറിഞ്ഞതും - 2

"സുഹൃദ്‌ബന്ധങ്ങൾ പലതരത്തിലുണ്ടു്. ഇപ്പൊ നമ്മൾ ഊണു് കഴിക്കാൻ പോകുന്നു എന്നു് വെക്കുക. ഊണു് കഴിക്കാൻ കൂടെ ഒരാൾ വരുന്നു. ഛെ, അയാൾ വരേണ്ടായിരുന്നു, ഒറ്റക്കു് പോകുന്നതായിരുന്നു അതിലും നല്ലതു് എന്നു് തോന്നുന്നതു് ഒരുതരം ബന്ധം. ഉം, കൂടെ വന്നോട്ടെ, ഒറ്റക്കു് കഴിക്കുന്നതിന്റെ മുഷിപ്പു് മാറിക്കിട്ടുമല്ലോ എന്നു തോന്നുന്നതു് വേറൊരു തരം. ഊണുകഴിക്കാൻ കൂടെ വന്നാലും ഇല്ലെങ്കിലും വലിയ വ്യത്യാസമില്ല എന്നുള്ളതു് ഇനിയൊരു തരം. ഓ, അവനിത്തിരി വൈകും എന്നു് പറഞ്ഞു; അവനു് വേണ്ടി കാത്തിരിക്കാം; ഇന്നാളു് എനിക്കു് വേണ്ടി അവൻ കാത്തുനിന്നതാണു്. ഇതു് മറ്റൊരു തരം. അവനല്ലേ, എന്നും ഒപ്പം വരുന്നതല്ലേ, ഇന്നൊരു ദിവസം ധൃതികാരണം അവനെ കൂടാതെ ഞാൻ ഊണുകഴിച്ചാലും അവനു് എന്നെ മനസ്സിലാവും എന്നു് ചിന്തിക്കുന്നതു് മറ്റൊരു തരം. ഏയ്‌ അതല്ല, അവൻ കൂടെ വേണം. തിരക്കുണ്ടെങ്കിലും ശരി, അവനു് വേണ്ടി കാത്തുനിൽക്കാം; ഒരുമിച്ചു് ഊണു് കഴിക്കാം എന്നു കരുതുന്നതു് ഇനിയൊരു തരം. പക്ഷെ ഇതിൽ നിന്നൊക്കെ ഉൽകൃഷ്ടം, അവന്റെ കൂടെയേ ഞാൻ ഊണു കഴിക്കൂ; അവനു് വേണ്ടെങ്കിൽ എനിക്കും വേണ്ട എന്നു് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരമത്രേ"

Thursday, September 30, 2010

റിട്ടേൺ ഗിഫ്റ്റ്‌

അങ്ങിനെ ഈ ബ്ലോഗിനു് ഒരു വയസ്സു തികഞ്ഞു. കഴിഞ്ഞ ഒരു വർഷം നേടിയെടുത്ത സുഹൃദ്‌ബന്ധങ്ങളും അവരിലൂടെ ലഭിച്ച പ്രോൽസാഹനങ്ങളും വളരെ വലുതാണു്. ഓരോരുത്തർക്കും നന്ദി.

ഇത്തവണത്തെ കഥ മറ്റൊരു പിറന്നാളിന്റെയാണു്.

എന്റെ മകൾ ഉറുമ്പിന്റെ ബർത്ത്‌ഡേ ആയിരുന്നു. ഫ്ലാറ്റിൽ ചെറിയതോതിൽ ആഘോഷമുണ്ടു്. ഫ്ലാറ്റിലുള്ള കുട്ടികളെ മുഴുവൻ വിളിച്ചതുകൂടാതെ ചില കൂട്ടുകാരേയും വിളിച്ചിട്ടുണ്ടു്.

ബാംഗ്ലൂരിലൊക്കെ പതിവുള്ള ഒരു ചടങ്ങാണു് റിട്ടേൺ ഗിഫ്റ്റ്‌. ഏതെങ്കിലും ആഘോഷങ്ങൾക്കു് അതിഥികൾ വന്നാൽ സാധാരണ അവർ സമ്മാനങ്ങൾ കൊണ്ടുവരും. ഇതു്, വരുന്ന അതിഥികൾക്കു് "നിങ്ങൾ വന്നൂലോ, സന്തോഷായിട്ടൊ!" എന്നുപറഞ്ഞുകൊണ്ടു് അങ്ങോട്ടു് കൊടുക്കുന്ന സമ്മാനമാണു്. റിട്ടേൺ ഗിഫ്റ്റ്‌.

റിട്ടേൺ ഗിഫ്റ്റ്‌, ആഘോഷത്തിനു് വരുന്ന കുട്ടികൾക്കു് മാത്രം കൊടുത്താൽ മതി എന്നാണു് വെച്ചതു്.

കഴിയുന്നതും ഒരേ സാധനം തന്നെ - ഇപ്പൊ കളർ പെൻസിലോ പെൻസിൽ സെറ്റോ നല്ല റബ്ബർ പന്തോ ഒക്കെയാവാം - വാങ്ങുന്നതാണു് നല്ലതു്. അല്ലെങ്കിൽ കുട്ടികൾ തമ്മിൽ "എനിക്കിതാ കിട്ട്യേ, നിനക്കോ?" എന്നൊരു ചോദ്യം പരസ്പരം ചോദിക്കുകയും "എനിക്കീ പെൻസിൽ വേണ്ട, ദാ അവനു് കൊടുത്തമാതിരി ക്രിക്കറ്റ്‌ ബാറ്റ്‌ മതി" മുതലായ നിർബന്ധ ബുദ്ധി പ്രകടിപ്പിക്കുകയും അടിപിടി, കരച്ചിൽ മുതലായ ഔപചാരികതകൾ നിർവഹിക്കുകയും ചെയ്യും.

പക്ഷെ ഭാര്യ കുഴിയാന വരുന്ന കുട്ടികളുടെ കൃത്യം എണ്ണവും പ്രായവും അറിയാം എന്നവകാശപ്പെട്ടുകൊണ്ടു് "ഈ പ്രായക്കാർക്കു് ചെറിയ സ്റ്റിക്കർ, ഇത്തിരീങ്കൂടി മുതിർന്നോർക്കു് ചിത്രം വരക്കാനുള്ള പുസ്തകം" എന്നിങ്ങനെ 4-5 ഐറ്റംസ്‌ വാങ്ങാൻ തീരുമാനിച്ചു. സുപ്രീം കോടതിയ മറികടന്നു് ഒരു കോടതിയില്ലാത്തതിനാൽ കാറിന്റെ താക്കോലെടുത്തു് വെറുതേ വട്ടം കറക്കി സാരഥിയുടെ സീറ്റിൽ കയറിയിരുന്നു് കുഴിയാനയും ഉറുമ്പും വരുന്നതു് കാത്തിരുന്നു.

ഞങ്ങൾ താമസിക്കുന്നതിന്റെ അടുത്താണു് ജയനഗർ ബിഗ്‌ ബസാർ. അവിടെ സാധനങ്ങൾക്കൊക്കെ കുറച്ചു വിലക്കുറവുണ്ടു്.

അടുത്തടുത്തായി ബാംഗ്ലൂർ സെൻട്രൽ മാളും വുഡ്ഡീസ്‌ ഹോട്ടലും മണിപ്പാൽ ഹോസ്പിറ്റലും ഉണ്ടെന്നും അവിടെവരുന്നവരൊക്കെ വണ്ടി ഇവിടെ പാർക്ക്‌ ചെയ്യുമെന്നും അറിയാമെങ്കിലും ബിഗ്‌ ബസാറിൽ പാർക്കിംഗ്‌ സൗകര്യമില്ലാത്തതുകൊണ്ടാണു് റോഡിൽ തന്നെ വണ്ടി നിർത്തിയതു്. മറ്റുള്ളവർക്കു് അസൗകര്യമുണ്ടാക്കേണ്ട എന്നുകരുതി ഒരു പോസ്റ്റിനോടു് ചേർത്തു് റിവേർസ്‌ എടുത്താണു് നിർത്തിയതു്.

സാധനങ്ങളൊക്കെ വാങ്ങിവന്നപ്പോഴേക്കു് രാത്രിയായി. നോക്കുമ്പോഴാണു് പ്രശ്നം.

എന്റെ കാറിനു് തൊട്ടുമുന്നിൽ മറ്റൊരു കാർ.

ഇനിയിപ്പൊ അതെടുക്കാതെ എന്റെ കാർ എടുക്കാൻ പറ്റില്ല. ആ കാറിലാണെങ്കിൽ ആരുമില്ല. ഇനി അതിന്റെ ഉടമസ്ഥൻ വരാതെ ഒന്നും നടക്കില്ല.

ഉറുമ്പിന്റെ പിറന്നാളിനു് വിളിച്ചവരെ ഒക്കെ ഒന്നുകൂടി വിളിച്ചു് ഓർമ്മിപ്പിച്ചു. വീട്ടിലേക്കു് ഒന്നു് വിളിച്ചു. ഒന്നൊന്നര മാസമായി കഴുകിയിട്ടില്ലാത്ത കാറിന്റെ പിൻചില്ലു് തുടച്ചു. കുറച്ചുദിവസമായി പ്രവർത്തനരഹിതമായ ബ്രേൿലൈറ്റ്‌ സ്വയം ശരിയായിട്ടില്ലെന്നു് ഉറപ്പുവരുത്തി.

എന്നിട്ടും മറ്റേകാറിന്റെ ഉടമസ്ഥൻ തിരിച്ചെത്തിയില്ല എന്ന വൈക്ലബ്യത്തിൽ പെട്ടെന്നു് ഇരട്ടിച്ച ദേഷ്യത്തിലാണു് ചാടിക്കേറി ഒരു ടയറിന്റെ കാറ്റഴിച്ചുവിട്ടതു്.

ശൂ്.. എന്ന ശബ്ദത്തിൽ ചക്രത്തിൽനിന്നു് വായു ബഹിർഗ്ഗമിക്കുന്നതു് ഉറുമ്പിനു കാണിച്ചുകൊടുക്കുന്നതിനിടയിൽ അവൾ കൈകൊട്ടിച്ചിരിക്കുന്ന ശബ്ദം കേട്ടാണു് കുഴിയാന അങ്ങോട്ടു് വന്നതു്.

"നിങ്ങൾക്കെന്താ പ്രാന്താണോ മനുഷ്യാ?"

"പ്രാന്ത്‌ എനിക്കല്ല, ഇവിടെ കാർ നിർത്തിയിട്ടവനാ! വേറൊരാൾക്കു് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണോ കാർ നിർത്തേണ്ടതു്?"

"അതല്ല. ഇനിയിപ്പൊ ഇതിന്റെ ഡ്രൈവർ വന്നാലും ടയർ മാറ്റിയിടാതെ വണ്ടിയെടുക്കാൻ പറ്റുമോ? നിങ്ങളുടെ വിഡ്ഢിത്തം കാരണം ഇപ്പൊ കുറേക്കൂടി സമയം ഇവിടെ കിടക്കാം!"

ഐ? അയ്യോ.. ശരിയാണല്ലോ. ഞാനെന്തൊരു വിഡ്ഢ്യാ! ഇത്ര ആലോചിക്കാനുള്ള ബുദ്ധി എനിക്കുണ്ടായില്ലല്ലോ!

വിയർത്തുപോയതു്, "ഇനിയിപ്പൊ വണ്ടിക്കു് സ്റ്റെപ്പിനിയും ജാക്കുമൊക്കെ ഉണ്ടോ ആവോ?" എന്നു് കുഴിയാനയുടെ ഉറക്കെയുള്ള ആത്മഗതം കേട്ടാണു്.

പണ്ടാരം! ഞാനിത്ര വകതിരിവില്ലാത്തവനായിപ്പോയല്ലോ!

ഞാനും കുഴിയാനയും മുഖത്തോടുമുഖം നോക്കി നിൽക്കുകയും ഉറുമ്പ്‌ "അച്ഛാ, അമ്മേ, നോക്കു! നിലത്തു് എണീറ്റു് നിൽക്കുകയായിരുന്ന കാർ ഇരുന്നതുപോലെ!" എന്നാഹ്ലാദിക്കുകയും ചെയ്യുന്നതിനിടക്കു് സകല സസ്പെൻസും പൊളിച്ചുകൊണ്ടു് കാറിന്റെ ഉടമസ്ഥനെത്തി.

അയാളെ ഞാൻ ഒന്നു് നോക്കി.

ഒരു 75 വയസ്സ്‌ പ്രായം വരും. ക്ലീൻ ഷേവ്‌. കട്ടിക്കണ്ണട. കഷണ്ടി തൊട്ടു-തൊട്ടില്ല എന്നമട്ടിൽ തല. നല്ല തേജസ്‌. പാണ്ഡിത്യം വിളിച്ചോതുന്ന കണ്ണുകൾ. ചുരുക്കത്തിൽ ഒരു ജ്യോതിബസു ലുക്‌!

"ഓ സോറി. നിങ്ങൾക്കു് ബുദ്ധിമുട്ടായല്ലോ? ക്ഷമിക്കുട്ടൊ. എന്റെ കൊച്ചുമോനു് വല്ലാത്ത പനി. അവനെ ഡോക്റ്ററെ കാണിക്കാൻ മണിപ്പാൽ ആശുപത്രിയിൽ വന്നതാ. വേറെ സ്ഥലമൊന്നും കിട്ടിയില്ല വണ്ടിയിടാൻ. നേരം വൈകി. ഡോക്റ്റർ പോകുമോ എന്നു പേടിച്ചു. അപ്പോയിന്റ്‌മെന്റും എടുക്കാൻ സാധിച്ചില്ല. അതുകൊണ്ടാ ഇത്തിരി സ്ഥലം കണ്ടപ്പൊ വേഗം പാർക്ക്‌ ചെയ്തതു്. നിങ്ങളെത്തിയാൽ വിളിക്കാൻ സൗകര്യത്തിനു് ഞാനെന്റെ ഫോൺ നമ്പർ എഴുതി വൈപ്പറിന്റെ അടിയിൽ വച്ചിരുന്നു. ശ്രദ്ധിച്ചില്ലായിരുന്നോ?"

ശ്രദ്ധിച്ചില്ലായിരുന്നു. ഇരുട്ടായതുകൊണ്ടാണു്. പോരാത്തതിനു് ചെറിയൊരു കഷ്ണം കടലാസായിരുന്നു.

"ഞാനുടനെ കാറെടുക്കാം. ഒരു മിനുട്ട്‌"

വടിവിഴുങ്ങിയ പോലെ നിൽക്കുന്ന എന്നെ മറികടന്നു് കുഴിയാന അയാൾക്കു് "പഞ്ചറായ" ടയർ കാണിച്ചുകൊടുത്തു. എന്നിട്ടു് ഉറുമ്പിനെ എടുത്തു് കുറച്ചു മാറിനിന്നു. "അച്ഛൻ ചെയ്തതാ!" എന്നു് അവൾ പറയുമോ എന്നു് സംശയിച്ചു, അതുകൊണ്ടു് മാറി നിന്നതാണു് എന്നു് പിന്നീട്‌ പറയുകയും ചെയ്തു.

"അയ്യോ, ഇവിടെ പാർക്ക്‌ ചെയ്യുമ്പൊ പ്രശ്നമില്ലായിരുന്നൂലോ, എന്താണാവൊ പറ്റിയതു?" മുതലായ സംശയപ്രകടനങ്ങൾ അയാൾ നടത്തുന്നതിനിടക്കു് ഞാൻ പതുക്കെ അയാളെ സമീപിച്ചു.

"കാറിൽ സ്റ്റെപ്പിനിയും ജാക്കുമൊക്കെയുണ്ടല്ലോ?"

"അതൊക്കെയുണ്ടു്. പക്ഷെ എനിക്കു് ടയർ മാറ്റിയിടാൻ വയ്യ. പുറംവേദനയുണ്ടു്. പ്രായമായില്ലേ? മോൻ ഒരു സഹായം ചെയ്യാമോ?"

ആത്മഗതം: മനസ്സിലായി. ഞാൻ ടയർ മാറ്റിയിടണം എന്നു്. അല്ലേ? കശ്മലൻ.

ഉറക്കെ: "ഞാൻ... ടയർ... അ... മാറ്റിയിടാൻ സഹായിക്കാം"

"വേണ്ട മോനെ. ഞാൻ പറയാൻ വന്നതു് അതല്ല. എന്റെ കൊച്ചുമോനെ കണ്ടില്ലേ? അവനു് നല്ല പനിയുണ്ടു്. വിരോധമില്ലെങ്കിൽ അവനെ കുറച്ചുസമയം നിങ്ങളുടെ കാറിലിരുത്തുമോ? അപ്പോഴേക്കു് ഞാൻ പോയി ഒരു മെക്കാനിക്കിനെ കൊണ്ടുവരാം. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യരുതെന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളതു്. പക്ഷെ നിങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യ. പ്ലീസ്‌"

ഞാൻ കൊച്ചുമകനെ നോക്കി. മങ്കിക്യാപ്പ്‌ ധരിച്ചു് വാടിയ മുഖവുമായി നിൽക്കുന്ന പയ്യൻ. ഒരു 13-14 വയസ്സുവരും.

എത്ര നല്ല മനുഷ്യൻ. എന്തൊരു മാന്യൻ. സ്വന്തം ബുദ്ധിമുട്ടുകൾ അവഗണിച്ചു് ഒരു മെക്കാനിക്കിനെ അന്വേഷിച്ചു് പോകുന്നു. അദ്ദേഹത്തിന്റെ ഈ അവസ്ഥക്കു് ഞാനല്ലേ കാരണം?

പ്രായശ്ചിത്തം ചെയ്യണം. മനസ്സിലെവിടെയോ ഒരു കുറ്റബോധം.

കൊച്ചുമോനെ എന്റെ കാറിൽ ഇരുത്തി. ഓട്ടൊസ്റ്റാൻഡ്‌ ലക്ഷ്യമാക്കി നടക്കുകയായിരുന്ന മുത്തച്ഛതുല്യനായ ആ മനുഷ്യന്റെ അടുത്തുചെന്നു് പതുക്കെ അദ്ദേഹത്തെ വിളിച്ചു.

"വരൂ, ടയർ ഞാൻ മാറ്റിത്തരാം"

അദ്ദേഹത്തിന്റെ എത്തിർപ്പുകൾ അവഗണിച്ചു് സ്റ്റെപ്പിനിയും ജാക്കും പുറത്തിറക്കുമ്പോൾ എന്റെയടുത്തു് കുഴിയാന വന്നുനിന്നു. അവളുടെ കണ്ണുകളിൽ അപ്പോൾ പരിഹാസമായിരുന്നില്ല. പ്രോത്സാഹനമായിരുന്നു.

എന്റെ റിട്ടേൺ ഗിഫ്റ്റ്‌.

വാൽ:

" 'താൻ കുഴിച്ച കുഴിയിൽ താൻ തന്നെ' എന്ന പഴംചൊല്ലിന്റെ അർത്ഥം ഉറുമ്പ്‌ ചോദിക്കുമ്പോൾ ഞാൻ നിങ്ങൾക്കു് പറ്റിയ അബദ്ധം അവൾക്കു് പറഞ്ഞുകൊടുക്കും"

വവ്വാൽ:

വീട്ടിലെത്തി വണ്ടിനിർത്തി പുറത്തിറങ്ങിയ എന്നെ ഉറുമ്പു് സ്വകാര്യമായി വിളിച്ചു

"അച്ഛാ, അതേയ്‌... നമ്മുടെ കാറിന്റെ ടയറിലും നമുക്കു് ശൂ ചെയ്യാം?"

സ്തബ്ധനായിനിന്ന എന്റെ ചെവിയിൽ അവൾ തുടർന്നു:

"അമ്മ കാണേണ്ട!"

Tuesday, August 10, 2010

ഇടപ്പള്ളിയിലെ ബ്ലോഗ്‌ കൂടിക്കാഴ്ച

ബ്ലോഗ്‌ മീറ്റ്‌ എന്നു് കേട്ടിട്ടേ ഉള്ളു. ആകെ പങ്കെടുത്ത ഒരു ചെറിയ ബ്ലോഗ്‌ മീറ്റ്‌ എനിക്കെതിരായി കലാശിച്ചപ്പോൾ ഇത്തരം മീറ്റിംഗുകളുടെ പ്രസക്തിയപ്പറ്റി ഞാൻ ആശങ്കപ്പെട്ടിരുന്നു. എന്നാലും "ഒന്നിൽ പിഴച്ചാൽ മൂന്നു്" എന്ന തത്വം നിലനിൽക്കുമോ എന്നറിയാൻ വേണ്ടിയാണു് ഇടപ്പള്ളി മീറ്റിനു വരാം എന്നു് ചാണ്ടി വിളിച്ചപ്പോൾ സമ്മതിച്ചതു്.

അങ്ങിനെ ശനിയാഴ്ച രാവിലെ തന്നെ ചാണ്ടിയുടെ വീട്ടിലേക്കു് കെട്ടിയെടുക്കുകയായിരുന്നു. "ഹാവൂ, ഇന്നലെ മുതൽ കേൾക്കുന്നതാണു് ഇങ്ങിനെ ഒരാളെ പറ്റി. ഇപ്പൊ നേരിൽ കാണാൻ കഴിഞ്ഞൂലോ, നന്നായി!" എന്നുപറഞ്ഞ അവന്റെ ഭാര്യയെക്കൊണ്ടു് 24 മണിക്കൂറിനുള്ളിൽ അവസാനത്തെ വാക്കു് മാത്രം മാറ്റിപ്പറയിപ്പിക്കാൻ എനിക്കു് സാധിച്ചു എന്നുള്ളതു് ഒരു നേട്ടമായി കണക്കാക്കപ്പെടുന്നു.

അങ്ങിനെ ഞായറാഴ്ച പുലർന്നു. തലേന്നു് രാത്രി കുറേ സമയം കോളേജിലെ വിശേഷങ്ങൾ പറഞ്ഞിരുന്നു് കിടക്കാൻ വൈകിയതുകൊണ്ടു് ഞാൻ എഴുന്നേൽക്കാനും താമസിച്ചു. കണ്ണു തിരുമ്മി എഴുന്നേറ്റു നോക്കുമ്പോഴുണ്ടു് ഒരു ചുവന്ന ജുബ്ബയിട്ടു് ചാണ്ടി എന്റെ മുൻപിൽ!

"ബ്ലോഗ്‌ മീറ്റിനിടാൻ കഴിഞ്ഞയാഴ്ച്ച പ്രത്യേകം വാങ്ങിയതാ!"

ഞാൻ ധരിച്ചിരുന്ന, ജീൻസെടുത്താൽ ഫ്രീ എന്ന ഓഫറിൽ കിട്ടിയ ടീ ഷർട്ടിലേക്കു് ആദ്യം ചാണ്ടിക്കുഞ്ഞും പിന്നീടു് തിരിച്ചറിവുണ്ടായ ഞാനും ഒന്നു് നോക്കി.

സമയം ഏഴരയേ ആയിട്ടുള്ളു. നമുക്കു് മനോരാജിനെ ഒന്നു് വിളിച്ചാലോ? മീറ്റിന്റെ തൽസമയ സംപ്രേക്ഷണം കിട്ടുമല്ലോ.
നോക്കുമ്പൊ മനോരാജ്‌ ഹോട്ടൽ ഹൈവേയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു!

"എന്തേയ്‌ ഇത്ര നേരത്തേ എത്തിയതു്?"

"ഏയ്‌, ഞാൻ ഇന്നു് എത്താൻ ലേറ്റായി. ബാക്കിയുള്ളവരൊക്കെ കുറേ നേരമായി ഇവിടെയുണ്ടു്!"

ഞാനും ചാണ്ടിയും പരസ്പരം നോക്കി. ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കൽ നമുക്കു് പറഞ്ഞിട്ടുള്ളതല്ല എന്ന മ്യൂച്വൽ അണ്ടർസ്റ്റാന്റിങ്ങിലെത്തി.

ഡോക്റ്റർ ജയേട്ടൻ വിളിച്ചു. "മക്കളേ, ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തീവണ്ടി ഏതാനും നിമിഷങ്ങൾക്കുള്ളിൽ സൗത്ത്‌ സ്റ്റേഷനിലെ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ തമ്പടിക്കും. എന്താ വേണ്ടതു്?"

കേട്ടപാടെ, ജയേട്ടനെ കണ്ടിട്ടില്ലാത്ത ചണ്ടി തന്റെ സ്കോർപ്പിയോ ലക്ഷ്യമാക്കി പാഞ്ഞു. കഴിഞ്ഞ തവണ ജയേട്ടനെ കണ്ട ക്ഷീണം മാറിവരുന്ന ഞാൻ അത്രക്കു് ശുഷ്കാന്തി കാണിക്കാതെ പുട്ടും കടലയും കഴിക്കുന്നതിൽ കോൺസണ്ട്രേറ്റ്‌ ചെയ്യുന്നതു കണ്ടു് ചാണ്ടിയുടെ ധർമ്മപത്നി "ചിതൽ ഒപ്പം പോവുന്നില്ലേ?" എന്നു് എന്നോടു പരസ്യമായും "ഇന്നലെ തുടങ്ങിയ കഴിപ്പാ, കടലക്കൂട്ടാൻ മുഴുവൻ തീർന്നൂലോ ഈശോയേ" എന്നു് ചാണ്ടിയുടെ കസിൻ ടോണിയോടു് രഹസ്യമായും പറയുന്നതു് ഞാൻ കേട്ടു് ആസ്വദിച്ചു ബോധിച്ചു ഒപ്പു് (സെ).

ജയേട്ടനെ കൂട്ടി നേരെ ബ്ലോഗ്‌ മീറ്റിന്റെ തിരുമുറ്റത്തേക്കു്. റജിസ്റ്റരേഷൻ കൗണ്ടറിൽ യൂസുഫ്പാ. അവിടേയും ഇവിടേയും ഓടിനടക്കുന്ന പ്രവീൺ വട്ടപ്പറമ്പത്തു്, മനോരാജ്‌, ഹരീഷ്‌ തൊടുപുഴ, പാവപ്പെട്ടവൻ മുതലായവർ.

ജയേട്ടൻ വന്നപാടെ ഒപ്പം കൊണ്ടുനടക്കാറുള്ള ലാപ്റ്റോപ്‌ തുറന്നുവെച്ചു് പ്രവീണിന്റെ കൂടെ ലൈവ്‌ സ്റ്റ്രീമിംഗ്‌ സെറ്റാക്കുന്ന ജോലിയിൽ വ്യാപൃതനായി. ഞാനും ചാണ്ടിയും പരസ്പരം "കളറുകളൊക്കെ കുറവാ, തിരിച്ചുപോയി കുറച്ചുകഴിഞ്ഞു വന്നാലോ?" എന്നാലോചിച്ചു. ജയേട്ടനെ ലൈവ്‌ സ്റ്റ്രീമിങ്ങിൽ നിന്നു് അടർത്തിമാറ്റാൻ കുറച്ചു പാടുപെട്ടു (അങ്ങേർക്കു് ചികിൽസയിലുള്ള അത്രതന്നെ കമ്പം കമ്പ്യൂട്ടറിലും ഉണ്ടെന്നു തോന്നുന്നു).

അധികം ആരും എത്തിയിട്ടില്ല. ചാണ്ടിയുടെ ഫ്ലാറ്റാണെങ്കിൽ ഇവിടെ അടുത്തുമാണു്. അവിടെ ഒന്നു പോയി കുടുംബത്തേയും പരിചയപ്പെട്ടു് വേഗം തിരിച്ചു വരാം എന്നു് തീരുമാനിച്ചു.

ചാണ്ടിയുടെ ഫ്ലാറ്റിൽ എത്തിയപ്പൊ ജയേട്ടനെ ഡോറിൽ നിറുത്തിയിട്ടു് ഞാനും ചാണ്ടിയും ഒളിച്ചുനിന്നു. ഒരു സെക്കൻഡ്‌ കഴിഞ്ഞപ്പോൾ ചാണ്ടിയുടെ പത്നി വാതിൽ തുറന്നു ജയേട്ടന്റെ മുഖത്തേക്കു് സൂക്ഷിച്ചു നോക്കി.

ജയേട്ടൻ സന്ദർഭത്തിനൊത്തു് ഉയർന്നു.

"അമ്മാ, നമസ്കാരം. അമ്മക്കു് എന്നെ മനസ്സിലായിക്കാണില്ല എന്നു് എനിക്കറിയാം. അതിനു് കാരണം, നമ്മൾ തമ്മിൽ മുൻപരിചയമില്ല എന്നതാണു്. ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്താം. അതിനു മുൻപു്.."

"ചാണ്ടി ഇവിടില്ല. പോയിട്ടു് പിന്നെ വരൂ"

"അമ്മാ അങ്ങിനെ പറയരുതു്.."

"ഞാൻ വാതിലടക്കട്ടെ..."

"ഭവതി തെറ്റിദ്ധരിക്കില്ലെങ്കിൽ..."

"ഈ എൻസൈക്ലോപീഡിയ വിൽക്കാൻ വന്നവരെയൊക്കെ സെക്യൂരിറ്റി എന്തിനാണാവോ മുകളിലേക്കു് കയറ്റി വിടുന്നതു്?" ജയേട്ടന്റെ കയ്യിലിരുന്ന ബാഗ്‌ കണ്ടതുകൊണ്ടായിരിക്കാം, അതൊരു ആത്മഗതമായിരുന്നു.

ഇത്രയുമായപ്പൊ ഞങ്ങൾക്കു് ചിരി അടക്കാൻ വയ്യാതായതുകൊണ്ടു് കള്ളി വെളിച്ചത്തായി. മുന്നിൽ നിൽക്കുന്നതു് എൻസൈക്ലോപീഡിയ വിൽക്കാൻ വന്ന സെയിൽസ്‌മാനല്ലെന്നും ഒരു ആയുർവ്വേദ ഡോക്റ്റരാണെന്നും അറിഞ്ഞ ചാണ്ടിയുടെ പത്നി (അവർ ഹോമിയോ ഡോക്റ്റരാണു്) പിന്നെ അദ്ദേഹവുമായി സാങ്കേതിക തലത്തിൽ കുറച്ചു സംഭാഷണം നടത്തി.

"പോളിപ്സ്‌ ഓപ്പറേറ്റ്‌ ചെയ്യുന്നതാണോ നല്ലതു്?"

"വിരോധമില്ല"

"എക്സിമയുടെ സിംട്ടംസ്‌ കണ്ടു തുടങ്ങിയാൽ ചികിൽസ എങ്ങിനെ കൊണ്ടുപോകുന്നതാണു് ആയുർവ്വേദ ലൈൻ?"

"ചെമ്പരുത്യാദി എണ്ണ കൂട്ടി തടവാം"

"മുടി നൈസർഗ്ഗികമായി വളരാൻ.."

"നാൽപ്പാമരാദി എണ്ണ പരീക്ഷിച്ചിട്ടുണ്ടോ?"

"ലവണതൈലം.."

ഇത്രയുമായപ്പോൾ ഇവരുടെ സംഭാഷണം കേട്ടു് ഒന്നും മനസ്സിലാവാതെ ടിവിയിൽ ടോം ആൻഡ്‌ ജെറി കണ്ടുകൊണ്ടിരുന്ന ഞങ്ങൾ ചാടിയെഴുന്നേൽക്കുകയും "ബ്ലോഗ്‌ മീറ്റിനു പോവാനാണു് നമ്മൾ ഇവിടെ വന്നതു്" എന്നു വിനീതമായി വൈദ്യനെ ഓർമ്മപ്പെടുത്തുകയും ചെയ്തതിന്റെ ഭാഗമായി ഞങ്ങൾ വീണ്ടും സ്കോർപ്പിയോ പുക്കു.

തിരിച്ചു ബ്ലോഗ്‌ മുറ്റത്തെത്തിയപ്പൊ കുറേ ആളുകൾ വന്നിരുന്നു് ചായ കുടിക്കുകയും പാവപ്പെട്ടവൻ പ്രസംഗിക്കുകയും ചെയ്യുന്നതു കണ്ടു. ജയേട്ടൻ വീണ്ടും ലൈവ്‌ സ്റ്റ്രീമിംഗിലേക്കു് ആകൃഷ്ടനായി അവിടേക്കു് തെന്നിനീങ്ങി. ഞാനും ചാണ്ടിയും പതുക്കെ ഓരോ കസാലകളിൽ സ്ഥാനം പിടിച്ചു.

ഓരോരുത്തരായി സ്വയം പരിചയപ്പെടുത്താൻ തുടങ്ങി. യാതൊരു ഔപചാരികതയും ഇല്ലാതെ വളരെ ഫ്രീ ആയ ഒരു അന്തരീക്ഷമായിരുന്നു അവിടെ. സജ്ജീവേട്ടനേയും കുമാരനേയും അപ്പുകുട്ടനേയും ഇസ്മായിലിനേയും ഹാഷിമിനേയും മുരളിയേയും കൊട്ടോട്ടിക്കാരനേയും കാപ്പിലാനേയും നന്ദനേയും ലച്ചുവിനേയും തോന്ന്യാസിയേയും സാദിഖിനേയും അതുപോലുള്ള പേരുമാത്രം കേട്ടുപരിചയമുള്ള്‌ കുറേ പേരെ ഞാൻ ആദ്യമായാണു് കാണുന്നതു്. സജ്ജീവേട്ടനെ കൊണ്ടു് ഒരു പടം വരപ്പിക്കണം.

അകാലത്തിൽ നമ്മെ വിട്ടുപോയ രമ്യക്കും ജ്യോനവനും ഒക്കെ വേണ്ടി സദസ്സു് ഒരു നിമിഷം മൗനം ആചരിച്ചു. തുടർന്നു് ബൂലോകകാരുണ്യം പോലുള്ള സദ്പ്രവർത്തികൾ അനുസ്മരിക്കപ്പെട്ടു.

അതിനിടക്കു് ലൈവ്‌ സ്റ്റ്രീമിംഗ്‌ കണ്ടുകൊണ്ടിരുന്ന പല ബ്ലോഗർമാരും ഫോൺ ചെയ്തു് ബ്ലോഗ്‌ മീറ്റിലുള്ള തങ്ങളുടെ പരോക്ഷസാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു. വളരെ നന്നായി തോന്നിയ ഒരു സംഭവമാണു് ലൈവ്‌ സ്റ്റ്രീമിംഗ്‌. അല്ലെങ്കിൽ ഇടക്കു വീഡിയോഗ്രാഫർമാർ കണ്ണുമഞ്ഞളിപ്പിക്കുന്ന ലൈറ്റും പിടിച്ചു നടന്നേനെ. ഇതിപ്പൊ അതുണ്ടായില്ല! മാത്രമല്ല, ലോകത്തിന്റെ നാനാദിക്കിൽ നിന്നും പലരും ലൈവ്സ്റ്റ്രിമിംഗ്‌ വഴി മീറ്റ്‌ കണ്ടു എന്നും അറിയാൻ കഴിഞ്ഞു.

ഒരു പക്ഷെ സജ്ജീകരണങ്ങളൊരുക്കാനോ ടെസ്റ്റ്‌ ചെയ്യാനോ വേണ്ടത്ര സമയം കിട്ടാത്തതുകൊണ്ടാകാം, ലൈസ്‌ സ്റ്റ്രീമിംഗ്‌ ചിലർക്കെങ്കിലും കുറച്ചു സ്ലോ ആയിരുന്നു എന്നൊരു പരാതി ആരോ പറയുന്നതു കേട്ടു. അടുത്ത മീറ്റ്‌ സംഘടിപ്പിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.

ബ്ലോഗിണിമാരുടെ പങ്കാളിത്തം തുലോം വളരെ കുറവായിരുന്നു. എന്നാലും വന്നവർ വളരെ സജീവമായിരുന്നു.
മുരുകൻ കാട്ടാക്കട സ്വയം ഒരു ബ്ലോഗർ എന്ന നിലക്കു പരിചയപ്പെടുത്തിയില്ല എന്നുള്ളതു് ഒരു വലിയ പോരായ്മയായി തോന്നി. അദ്ദേഹം പറഞ്ഞ ചില വാക്കുകളോടും യോജിക്കാൻ വയ്യ. "വാക്കുകൾ കൊണ്ടു് ജാലം തീർക്കുന്നവർ" മാത്രമാണോ ബ്ലോഗർമാർ? എങ്കിൽ സമൂഹത്തിലുള്ള നോൺ-ബ്ലോഗർമാരായ കവികളും കഥാകൃത്തുക്കളും നിരൂപകരും ആരും വാക്കുകൊണ്ടു് ജാലം തീർക്കുന്നില്ലേ ആവോ? ബ്ലോഗർമാർ മറ്റു പല തരത്തിലും സമൂഹത്തെ സേവിച്ചുകൊണ്ടിരിക്കുന്ന കാര്യം നമ്മൾ വിസ്മരിക്കരുതു്. അതിലെ ഉദ്ദേശശുദ്ധിയെ കണ്ടെത്തി പ്രോൽസാഹിപ്പിക്കാൻ സാധിച്ചില്ലെങ്കിലും ആക്ഷേപിക്കാതിരിക്കുന്നതല്ലേ ഉചിതം?

സദസ്സു് ഓടിനടന്നു് മറ്റുള്ളവരുമായി പരിചയപ്പെടുന്നതു കണ്ടു. ഞാനും ചാണ്ടിയും വീണ്ടും പരസ്പരം നോക്കി. ജയേട്ടൻ ഓടിനടന്നു് കണ്ണിൽ കാണുന്നവർക്കൊക്കെ കൈ കൊടുക്കുന്നു. ഫേമസ്‌ ബ്ലോഗർ ആയിരുന്നെങ്കിൽ എനിക്കും ഇതൊക്കെ ആവാമായിരുന്നു (നെടുവീർപ്പു്)

സജ്ജീവേട്ടൻ തന്റെ ചാരുത പുറത്തെടുത്തു കഴിഞ്ഞു. അദ്ദേഹത്തെ ചുറ്റി ഒരു ചെറിയ ആൾക്കൂട്ടം രൂപപ്പെട്ടുവരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന കടലാസ്‌ നല്ലതല്ലായിരുന്നു എന്നു് തോന്നുന്നു. പ്രവീൺ വട്ടപ്പറമ്പത്തു് ഒരു വണ്ടിയിൽ ചാടിക്കേറി നല്ല ക്വാളിറ്റി പേപ്പർ സംഘടിപ്പിക്കാൻ പാഞ്ഞുപോയി.

ചാണ്ടി ഒരു പുകയെടുക്കാൻ പുറത്തുപോയപ്പോൾ അവനെ അവന്റെ ആരാധകവൃന്ദം അനുഗമിച്ചു. ഞാൻ ഒറ്റക്കായി.

ചുറ്റും നോക്കിയപ്പൊ കുമാരൻ സംഭവം കയ്യിൽപ്പിടിച്ചു നിൽക്കുന്നു - കുമാരസംഭവങ്ങൾ എന്ന പുസ്തകം പിടിച്ചു നിൽക്കുന്നു. പതുക്കെ മൂപ്പരെ സമീപിച്ചു.

"ങ്ങടെ ഫോളോവറാണു്.."

"അതിയോ? കണ്ടാപ്പറയില്ലട്ടോ!"

"താങ്ക്സ്‌! ഒരു പുസ്തകം കൈയൊപ്പോടുകൂടി തരൂ"

"തരാലോ"

കുമാരനുമായി കുറച്ചുസമയം കത്തിവെച്ചു. കാട്ടാക്കടയുടെ കവിതയും സദസ്സിന്റെ കൈയ്യടിയും ഉച്ചസ്ഥായിയിലായിരിക്കുന്നു.

"എന്നാ ഇനി എല്ലാർക്കും ഊണു കഴിക്കാം"

അതു കേട്ടപ്പൊ ഞാൻ ഓടി. നല്ല ഫുഡ്ഡിംഗ്സ്‌ ആയിരുന്നു. മീൻ കറിയിലും കോഴിക്കറിയിലും സ്പെഷ്യലൈസ്‌ ചെയ്തു മാസ്റ്റേർസ്‌ ബിരുദമെടുത്തു.

പ്രവീൺ എത്തിച്ചുകൊടുത്ത കട്ടിക്കടലാസിൽ സജ്ജീവേട്ടൻ അപ്പോഴും തന്റെ കരവിരുതു് തുടർന്നുകൊണ്ടിരുന്നു. അതൊരു കാണേണ്ട കാഴ്ച്ച തന്നെയാണേയ്‌. ആദ്യം നമ്മുടെ തൊഴിലിനെപ്പറ്റി ചോദിക്കും. അതിൽ നിന്നുമാണു് കാരിക്കേചർ ഉണ്ടാവുന്നതു്. വരക്കുമ്പോൾ അദ്ദേഹം ഇടക്കിടക്കു് ഒരു നിമിഷാർദ്ധം മാത്രം നമ്മളെ നോക്കും. കൂടുതലും തല വെട്ടിച്ചുള്ള ഒരു ചെറിയ നോട്ടം എന്നു് വിശേഷിപ്പിക്കാം. തീർന്നു. ഒരു മിനുട്ടിനുള്ളിൽ ഒരു മനോഹര കാരിക്കേച്ചർ പിറവിയെടുക്കുകയായി!

ചാണ്ടി സജ്ജീവേട്ടന്റെ മുൻപിൽ ചെന്നിരുന്നു.

"എന്താ ചെയ്യാറു്?"

"മദ്യപാനമാണു് വീട്ടിലെത്തിയാൽ ചെയ്യാറു്"

"മുഷിയില്ല. എന്നാലും മദ്യം സംഘടിപ്പിക്കൻ ഒരു മാർഗ്ഗം ഉണ്ടാവുമല്ലോ?"

"അധ്യാപകനാണു്"

"ങാഹ!"

മതി. അത്രയും കേട്ട സജ്ജീവേട്ടൻ ഒരു മിനുട്ടു് കഴിഞ്ഞപ്പോൾ ചാണ്ടിയെ ഒരു കാരിക്കേച്ചർ ഏൽപ്പിച്ചു. ടൈയ്യും കെട്ടി ഒരു ബ്ലാക്‌ ബോർഡിനു മുൻപിൽ നിന്നു് വാചകക്കസർത്തു് നടത്തുന്ന ചാണ്ടി!

ഉച്ചക്കുള്ള സെഷൻ തുടങ്ങിയിരുന്നു. പാവപ്പെട്ടവൻ കവിത ചൊല്ലി.

ഞങ്ങൾക്കു് അധികസമയം ഇല്ലായിരുന്നു. കുമാരനും തോന്ന്യാസിക്കും നാലേകാലിനായിരുന്നു തിരിച്ചുപോകാനുള്ള വണ്ടി. ജയേട്ടനു് അഞ്ചേകാലിനും. അതുകൊണ്ടു് രണ്ടരയായപ്പോൾ ഞങ്ങൾ അവിടെ നിന്നു് പതുക്കെ വലിഞ്ഞു. മനോരാജിനോടും പ്രവീണിനോടും മാത്രം യാത്ര പറഞ്ഞു.

ചാണ്ടിയുടെ വീട്ടിൽ നടത്തിയ പരാക്രമത്തിനെക്കുറിച്ചു് ചെറിയ ഒരു വിവരണം കുമാരൻ ഇട്ടിട്ടുണ്ടു്.

ആകെക്കൂടി ഒരു നല്ല മീറ്റ്‌ ആയിരുന്നു. സ്ഥലസമയസാമൂഹികപരിമിതികൾ മറികടന്നു് ചിന്തിച്ചാൽ ഇതിന്റെ സംഘാടകർ പ്രശംശയർഹിക്കുന്നുണ്ടു്. ഇത്രയും വിപുലമായ ഒരു തോതിൽ രണ്ടോ മൂന്നോ ദിവസത്തിനകം ഒരു പുതിയ സ്ഥലം കണ്ടുപിടിച്ചു് വിജയകരമായി ഒരു മീറ്റ്‌ നടത്താനായി എന്നതിൽ അവർക്കഭിമാനിക്കാം. ഒപ്പം ആദ്യമായി ലൈവായി പലരും കണ്ട ബ്ലോഗ്‌ മീറ്റ്‌ കൂടിയായി ഇതു്.

കുമാരനേയും തോന്ന്യാസിയേയും ജയേട്ടനേയും സ്റ്റേഷണിൽ കൊണ്ടുവിടാൻ പോകുമ്പോൾ അരോ - ആരാ എന്നു് ഞാൻ പറയില്ല, നിങ്ങളൂഹിച്ചുകൊള്ളണം - പറയുന്നതുകേട്ടു:

"ദേ ഒരു ഉജാലക്കുപ്പി നടന്നു പോകുന്നു!"

അതു കേട്ടതും ചാണ്ടിയുടെ നിയന്ത്രണം പോയി. എന്തോ കാരണത്താൽ അവന്റെ കൈയിലിരുന്ന സ്റ്റിയറിംഗ്‌ വല്ലാതെ വെട്ടുകയും ആ വഴിക്കു വരികയായിരുന്ന ഒരു പെട്ടി ആട്ടോറിക്ഷയുടെ പെട്ടിയിൽ പോയി ഉമ്മവെക്കാൻ ശ്രമിക്കുകയും ചെയ്തു. പാവം ആട്ടോക്കാരൻ തന്റെ ജീവിതമാർഗ്ഗത്തെ വെട്ടിച്ചു് രക്ഷിച്ചുകൊണ്ടുപോയി.

സമയത്തിനു് സ്റ്റേഷനിലെത്തി. ഇളം ക്ടാങ്ങൾക്കു് ടിക്കറ്റെടുത്തു് അവരെ വണ്ടിയിൽ കയറ്റിയിരുത്തിയെന്നു് ജയേട്ടൻ പിന്നീടു് ദൂരഭാഷിണിയിൽ അറിയിച്ചു.

അങ്ങിനെ ആദ്യമായി ഞാൻ ഒരു ബ്ലോഗ്‌ മീറ്റിൽ പങ്കെടുത്തു!

(ഇതു വായിച്ചപ്പൊ നിങ്ങൾക്കു് തോന്നിയിട്ടുണ്ടാവും ഞാൻ കുമാരന്റെ ഒരു ഫാനാണെന്നു്. അതെ, ഞാൻ അങ്ങേരുടെ ഒരു ഫാനാണു്. എന്താ കുഴപ്പം?)