Tuesday, May 17, 2011

ഒരു മലയാളം ഫോണ്ട്‌ ഉണ്ടാക്കിയാലോ? - 2

ഇത്തവണ ആദ്യം സോഫ്റ്റ്‌വെയറുകളെക്കുറിച്ചു് പറയാം.

പെട്ടെന്നു് പറയുകയാണെങ്കിൽ താഴെ പറയുന്ന സോഫ്റ്റ്‌വെയറുകളാണു് നമുക്കാവശ്യം:

ഇങ്‌ൿസ്കേപ്‌
ഫോണ്ട്‌ഫോർജ്‌

ഞാൻ എന്റെ പരീക്ഷണങ്ങൾ മുഴുവൻ നടത്തിയതു് ഉബുണ്ടു എന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലാണു്. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരുപക്ഷെ ഉബുണ്ടുവിനു് പകരം ഫെഡോറയോ വിൻഡോസോ മാക്കോ ഒക്കെയാവാം. അതനുസരിച്ചു് നമുക്കാവശ്യമുള്ള സോഫ്റ്റ്‌വെയറുകൾ സ്ഥാപിക്കുന്ന രീതി വ്യത്യസ്തമായിരിക്കും.

ഒരുപാടു് വിസ്തരിച്ചെഴുതാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ചുരുങ്ങിയ രീതിയിൽ വിവിധ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്ന രീതി പറഞ്ഞുതരാം. കൂടുതൽ വിവരങ്ങൾ അതതു് സൈറ്റുകളിലോ ഗൂഗിളിലോ തെരഞ്ഞാൽ കിട്ടും.

താഴെ പറയുന്ന രീതികൾക്കൊക്കെ, കമ്പ്യൂട്ടർ ഇന്റർനെറ്റിൽ കണക്റ്റ്‌ ചെയ്തിരിക്കണം.

ലിനക്സ്‌: നിങ്ങളുടെ പാക്കേജ്‌ മാനേജർ തുറക്കുക. ഫോണ്ട്‌ഫോർജ്‌ തെരഞ്ഞെടുത്തു് ഇൻസ്റ്റാൾ ചെയ്യുക. ഇപ്രകാരം ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണ്ട്‌ഫോർജിന്റെ കൂടെ അനവധി മറ്റു പാക്കേജുകളും ഇൻസ്റ്റാൾ ആയേക്കും. ഫോണ്ട്‌ഫോർജിനു് ആവശ്യമുള്ള സോഫ്റ്റ്‌വെയറുകളാണവ

ഇതുപോലെ ഇങ്‌ൿസ്കേപ്പും ഇൻസ്റ്റാൾ ചെയ്യാവുന്നതാണു്.

വിൻഡോസ്‌: ഫോണ്ട്‌ഫോർജ്‌ ഔദ്യോഗികമായി നിഷ്കർഷിക്കുന്ന രീതി, ആദ്യം സിഗ്‌വിൻ ഇൻസ്റ്റാൾ ചെയ്തശേഷം സിഗ്‌വിനിൽ ഫോണ്ട്‌ഫോർജ്‌ ഇൻസ്റ്റാൾ ചെയ്യലാണു്. ഫോണ്ട്‌ഫോർജ്‌ നേരിട്ടു് വിൻഡോസിൽ പ്രവർത്തനക്ഷമമല്ലാത്തതിനാലാണു് ഇപ്രകാരം ചെയ്യേണ്ടി വരുന്നതു്. സിഗ്‌വിൻ എന്നതു്, വിൻഡോസിൽ ലിനക്സ്‌ മാതിരി ഒരു പരിസ്ഥിതി സൃഷ്ടിക്കുന്ന സോഫ്റ്റ്‌വെയറാണു്. അതുകൊണ്ടുതന്നെ, നൂറുകണക്കിനു് ഫയലുകൾ ഡൗൺലോഡ്‌ ചെയ്യേണ്ടിവരും. ബ്രോഡ്‌ബാൻഡ്‌ കണക്ഷൻ നിർബന്ധമാണു്.

ഞാൻ നേരിട്ടു് പരീക്ഷിച്ചിട്ടില്ലെങ്കിലും ഈ ലിങ്കിൽ സാമാന്യം വ്യക്തമായി സിഗ്‌വിനും ഫോണ്ട്‌ഫോർജും ഇൻസ്റ്റാൾ ചെയ്യുന്ന വിധം വിവരിച്ചിട്ടുണ്ടു്.

ബ്രോഡ്‌ബാൻഡ്‌ കണക്ഷനില്ലാത്തവർ, അല്ലെങ്കിൽ സിഗ്‌വിൻ മുഴുവൻ ഇൻസ്റ്റാൾ ചെയ്യാൻ താൽപര്യമില്ലാത്തവർ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അനൗദ്യോഗികരീതിയിലും ഫോണ്ട്‌ഫോർജ്‌ ഇൻസ്റ്റാൾ ചെയ്യാം:

ഈ സൈറ്റിൽ പോകുക. ഭാഷ ജാപ്പനീസാണു്.
ഒരു zip ഫയലിന്റെ ലിങ്ക്‌ കാണാം. അതു് ഡൗൻലോഡ്‌ ചെയ്യുക.
വിൻസിപ്‌ അല്ലെങ്കിൽ 7-zip ഉപയോഗിച്ചു് ആ zip ഫയൽ ഏതെങ്കിലും ഫോൾഡറിൽ unzip ചെയ്യുക.
ഇപ്പോൾ unzip ചെയ്ത ഫോൾഡറിൽ fontforge.bat എന്നൊരു ഫയൽ കാണാം. അതിൽ right-click ചെയ്തു് "എഡിറ്റ്‌" തെരഞ്ഞെടുക്കുക.
ഇപ്പോൾ ആ ഫയൽ തുറക്കും. അതിൽ താഴെ കാണുംവിധം ഒരു വരി കാണാം:
set lang=ja_JP.UTF-8
ഈ വരിയുടെ തുടക്കത്തിൽ # എന്നു് ടൈപ്‌ ചെയ്യുക. ഇപ്പോൾ ആ വരി താഴെ കാണും വിധമാകും:
#set lang=ja_JP.UTF-8
ഇനി ഫയൽ സേവ്‌ ചെയ്തു് എഡിറ്റർ അടക്കാം.

ഇനി fontforge.batൽ double-click ചെയ്താൽ ആദ്യത്തെ തവണ ആവശ്യമുള്ള സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാളാകും. അവസാനം ഫോണ്ട്‌ഫോർജ്‌ തുറക്കുകയും ചെയ്യും. തുടർന്നുള്ള സന്ദർഭങ്ങളിൽ ഇതേ fontforge.bat double-click ചെയ്താൽ നേരിട്ടു് ഫോണ്ട്ഫോർജ്‌ തുറന്നുകൊള്ളും.

ഇങ്‌ൿസ്കേപ്‌ ഇൻസ്റ്റാൾ ചെയ്യാനുള്ള ഫയൽ ഇങ്ക്സ്കേപ്പിന്റെ പേജിൽ നിന്നു് കിട്ടും.

മാക്ക്‌: ഫോണ്ട്‌ഫോർജിന്റെ പേജിൽ നിർദ്ദേശങ്ങളുണ്ടു്. അതുപോലെ ഇങ്ക്സ്കേപ്‌ പേജിലും.

നമുക്കു് കഴിഞ്ഞലക്കത്തിൽ നിറുത്തിയ ഇടത്തുനിന്നു് തുടങ്ങാം. കടലാസിൽ രൂപം വരച്ചെടുത്തല്ലോ? ഇനി സാധിക്കുമെങ്കിൽ അക്ഷരരൂപങ്ങളിൽ കറുത്ത പോസ്റ്റർ കളർ അടിക്കുക. വെളുത്ത കടലാസിൽ അക്ഷരരൂപങ്ങൾ തെളിഞ്ഞുകാണുന്നതിനാണു് ഇതു്. അഥവാ തെറ്റുപറ്റിയാൽ മായ്ച്ചു് വീണ്ടും വരക്കാൻ വെളുത്ത പോസ്റ്റർ കളരോ കറക്ഷൻ ഇങ്കോ കരുതുന്നതു് നല്ലതാണു്.

കളർ നന്നായി ഉണങ്ങിക്കഴിയുമ്പോൾ baseline, descender മുതലായവക്കു് വേണ്ടി വരച്ച പെൻസിൽ വരകൾ മായ്ചു് കളയുക.

ഇനി സ്കാൻ ചെയ്യുന്ന വിധം.

കൈയിൽ പിടിച്ചു് സ്കാൻ ചെയ്യാവുന്ന സ്കാനറുകൾ (hand-held scanners) ഒഴിവാക്കുന്നതാണു് നല്ലതു്. പരന്ന പ്രതലമുള്ള (flat-bed) സ്കാനറുകളാണു് നമ്മുടെ ആവശ്യങ്ങൾക്കനുയോജ്യം.

സ്കാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതു്:

ചുരുങ്ങിയതു് 300 dpi റെസല്യൂഷനിൽ സ്കാൻ ചെയ്യാൻ ശ്രമിക്കുക.
ഗ്രേ അല്ലെങ്കിൽ ബ്ലാക്‌ ആൻഡ്‌ വൈറ്റ്‌ ആയി സ്കാൻ ചെയ്യുക. കളർ സ്കാനിംഗ്‌ ഒഴിവാക്കാം.
ഫയലിലേക്കു് സേവ്‌ ചെയ്യുമ്പോൾ bmp അല്ലെങ്കിൽ tiff ആയി സേവ്‌ ചെയ്യുക.

ഇനി വേണ്ടതു് അക്ഷരങ്ങളെ വെക്റ്റരാക്കുകയാണു്.

എന്താണു് വെക്റ്റർ?

Raster എന്നും vector എന്നും ചിത്രങ്ങളെ രണ്ടായി തിരിക്കാം. ക്യാമറയിലും മറ്റും എടുക്കുന്ന ചിത്രങ്ങൾ, സ്കാൻ ചെയ്തെടുക്കുന്ന ഡോക്യുമെന്റുകൾ മുതലായവ raster. ഇവ യഥാർത്ഥ വലിപ്പത്തിലാണു് കാണാൻ ഏറ്റവും നന്നായിരിക്കുക. വലിപ്പം കൂടുകയോ കുറയുകയോ ചെയ്യുന്നതനുസരിച്ചു് ആവശ്യമില്ലാത്ത വിവരങ്ങൾ (details) ചിത്രത്തിൽ വരികയോ ആവശ്യമുള്ള വിവരങ്ങൾ നഷ്ടപ്പെടുകയോ ചെയ്യും. ഒരു നിശ്ചിതവലിപ്പത്തിൽ മാത്രമുള്ള ഉപയോഗത്തിനു് അവ മികച്ച മിഴിവേകും. എന്നാൽ വലിപ്പവ്യത്യാസങ്ങൾ വന്നാൽ അവ കാണാൻ നന്നായിരിക്കില്ല.

അക്ഷരങ്ങൾ, കമ്പനികളുടെയും മറ്റും ലോഗോകൾ മുതലായവ പല വലിപ്പങ്ങളിൽ ഉപയോഗിക്കപ്പെടാം. അപ്പോഴെല്ലാം അവ കാണാൻ ഒരുപോലിരിക്കണം. അതുകൊണ്ടു് അത്തരം രൂപങ്ങളെ vector എന്നു് വിളിക്കും




നാം സ്കാൻ ചെയ്തെടുത്ത അക്ഷരങ്ങൾ ഇപ്പോൾ raster ആണു്. അടുത്ത ലക്കത്തിൽ അവയെ vector ആയി രൂപാന്തരം നടത്താം.

അടുത്ത ലക്കം: ഇങ്‌ൿസ്കേപ്‌ ഉപയോഗിച്ചു് അക്ഷരരൂപങ്ങളെ വെക്റ്ററാക്കുന്ന പ്രക്രിയ, അവയുടെ വലിപ്പം മാറ്റുന്ന വിധം, ഫോണ്ട്‌ഫോർജ്‌ തുറന്നു് നോക്കൽ മുതലായവ

20-5-11നു ചേർത്തതു്
Gimp എന്ന GNU image manipulation program കൂടി ഇൻസ്റ്റാൾ ചെയ്യുന്നതു് നന്നായിരിക്കും. ഇവിടെ നിന്നു് കിട്ടും.  Raster imagesൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ നല്ലതാണു്. ഉദാഹരണത്തിനു് സ്കാൻ ചെയ്യുമ്പോൾ സ്കാനർ ബെഡ്ഡിലുണ്ടായിരുന്ന കരടും സ്കാൻ ആയി. അതു് കളയാനും മറ്റും ഇങ്ക്സ്കേപ്പിനേക്കാൾ സൗകര്യം Gimp ഉപയോഗിച്ചാവും. Gimpന്റെ സൈറ്റിൽ വളരെ വിശദമായ ഉപയോഗനിർദേശങ്ങളുണ്ടു്.

വാൽ: Gimp എന്ന വാക്കു് എങ്ങിനെ ഉച്ചരിക്കണം എന്നു് വ്യക്തമായി എവിടേയും കണ്ടില്ല. ചിലർ ജിംപ് എന്നും മറ്റുചിലർ ഗിംപ് എന്നും വിളിക്കുന്നു. ഞാൻ ഇംഗ്ലിഷിലെഴുതി എന്റെ കൺഫ്യൂഷൻ തീർക്കുകയും നിങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്തു്!

16 comments:

ചിതല്‍/chithal said...

അക്ഷരരൂപങ്ങളെ വെക്റ്ററാക്കുന്ന പ്രക്രിയ കൂടി ഈ ലക്കത്തിൽ ഉൾപ്പെടുത്തണം എന്നു് കരുതിയതായിരുന്നു. പക്ഷെ ആപ്പീസിൽ നല്ല പണി വന്നിട്ടുണ്ടു്. ച്ചാൽ, കസ്റ്റമർ വന്നിട്ടുണ്ടു്. ഇനി കുറച്ചുദിവസം അങ്ങേരുടെ പിന്നാലെയാവാൻ സാധ്യതയുണ്ടു്. ഏതായാലും അങ്ങേർ അധികം പണിതന്നില്ലെങ്കിൽ വേഗം വീണ്ടും കാണാം. അപ്പോഴേക്കു് അക്ഷരങ്ങളൊക്കെ റെഡിയാക്കി വക്കൂ.

Manoraj said...

ഇത് അല്പം കടുപ്പമാ ചിതലേ :(

കൊച്ചു കൊച്ചീച്ചി said...

കസ്റ്റമറെ നേരിടാനല്ലേ സാര്‍ ഈ ലോകത്ത് പല തരത്തില്‍പ്പെട്ട "ദ്രവ്യനും", കോഴി/ആട്/പശു/പന്നി/പോത്ത്/ഞണ്ട് എന്നിവയുടെ വിവിധയിനം ഇറച്ചിക്കറികളും കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. കസ്റ്റമര്‍ സന്തോഷിക്കട്ടെ. അയാള്‍ നിറയെ പണി തരട്ടെ. താങ്കളുടെ കമ്പനിയില്‍ പണം കുമിഞ്ഞുകൂടട്ടെ. താങ്കളുടെ ജോലി സുരക്ഷിതമായിരിക്കട്ടെ.

തിരിച്ചുവരുമ്പോഴേക്കും ഇതുവരെ എന്തായീ എഴുതി വെച്ചേക്കണേന്ന് വല്ല പിടീം കിട്ട്വോന്ന് ഞാനും നോക്കട്ടെ.

രമേശ്‌ അരൂര്‍ said...

പ്രയോജനപ്പെടട്ടെ ഈ പരിശ്രമങ്ങള്‍ ,,

ajith said...

എന്നെക്കൊണ്ടു വയ്യ. ഞാന്‍ ആയുധം വച്ചു കീഴടങ്ങി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതെന്നെപ്പോലെയുള്ള മണ്ടന്മാർക്ക് പറ്റാത്ത പണിയാണ് കേട്ടൊ ഭായ്

ചിതല്‍/chithal said...

ആർക്കും ഒന്നും മനസ്സിലായില്ലെ? :(
കൂടുതൽ ബുദ്ധിമുട്ടണ്ട. വിൻഡോസിൽ അനൗദ്യോഗികരീതി എന്നുപറഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന സെറ്റപ് ചെയ്താൽ മതി. അതെളുപ്പമാണു്‌. ഇങ്ക്‍‍സ്കേപ് ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പമാണു്‌ - ഇൻസ്റ്റാളബിൾ ഫയൽ ഡൗൻലോഡ് കിട്ടും.

ചാണ്ടിച്ചൻ said...

ചിതലേ....ടെക് പോസ്റ്റുകള്‍ ഇംഗ്ലീഷില്‍ എഴുതുന്നതാ നല്ലതെന്ന് എനിക്ക് തോന്നുന്നു....വായിക്കാന്‍ കുറച്ചു കൂടി ഒഴുക്കു കിട്ടും....
പറഞ്ഞിട്ട് കാര്യമില്ല.....നമ്മുടെ തലച്ചോറ് അങ്ങനെ സെറ്റായിപ്പോയി...എഞ്ചിനീയറിംഗ് പുസ്തകങ്ങള്‍ ഇംഗ്ലീഷിലും, മഞ്ഞപ്പുസ്തകങ്ങള്‍ മലയാളത്തിലും.....

ചിതല്‍/chithal said...

ജ്യാണ്ടി, ഇംഗ്ലിഷിൽ പോസ്റ്റുന്ന കാര്യം ആലോചിച്ചതാ. പിന്നെ തോന്നി, വേണ്ട.. മലയാളം ഫോണ്ടല്ലെ, മലയാളത്തിൽ ഇരിക്കട്ടെ...

ബിന്ദു കെ പി said...

അയ്യയ്യോ! ഇതെന്നേക്കൊണ്ട് നടക്കുമെന്ന് തോന്നുന്നില്ല...എന്റെ ഫോണ്ട്നിർമ്മാണ സ്വപ്നം പൊലിയുന്നു.... :(

CYRILS.ART.COM said...

ഞാൻ ആവശ്യമുള്ള ഫോണ്ടുകൾ ഗ്രാഫിക് ടാബ് ലറ്റിൻറെ സഹായത്തോടെ വരച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇല്ലസ്ട്രേറ്ററിലും ഏതു ഷെയ്പിലും ഫോണ്ടുകൾ വരയ്ക്കാവുന്നതാണ്. എൻറെ പ്രധാനപ്പെട്ട എല്ലാ ഗ്രാഫിക് വർക്കുകൾക്കും ടൈറ്റിൽ ഇങ്ങനെയാണുണ്ടാക്കുന്നത്.മലയാളത്തിൽ അടുത്തകാലത്തായി ഏതാനും ഫോണ്ടുകൾ പുതുതായി ഇറങ്ങിയിട്ടുണ്ട് കാണുന്നുണ്ട് പക്ഷേ നെറ്റിൽ പരതിയിട്ട് ചിലതുമാത്രമേ കിട്ടിയുള്ളു. പുത്തനറിവുകൾ പകർന്നതിന് നന്ദി.

ചിതല്‍/chithal said...

ബിന്ദൂ, പേടിക്കേണ്ട. ആദ്യഘട്ടമായ അക്ഷരരൂപസൃഷ്ടി കഴിഞ്ഞോ?
ബാക്കിയൊക്കെ നമുക്കു്‌ പതുക്കെ ചെയ്തെടുക്കാം. അക്ഷരരൂപമുണ്ടാക്കുന്നതാണു്‌ ഏറ്റവും ബുദ്ധിമുട്ടു്‌. സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്യുന്നതൊക്കെ നിസ്സാരം!

സിറിൽ ചേട്ടാ, വാകോം പോലുള്ള ടാബ്‍ലറ്റിൽ നേരിട്ടു വരച്ചു്‌ ഇല്ലസ്ട്രേറ്ററിലോ കോറൽഡ്രോയിലോ ഒക്കെ ഇം‍പോർട്ട് ചെയ്യാൻ സാധിച്ചാൽ ഏറ്റവും നന്നു്‌. ഒട്ടും വ്യക്തത നഷ്ടപ്പെടാതെ കിട്ടും. നമ്മുടെ പരമമായ ലക്ഷ്യം വെക്റ്റർ അക്ഷരരൂപങ്ങളാണു്‌ - അവ നേരിട്ടു കമ്പ്യൂട്ടറിൽ ചെയ്താലും ശരി കടലാസിൽ വരഞ്ഞ് സ്കാൻ ചെയ്തെടുത്തിട്ടായാലും ശരി. ഒരുഗ്രൻ ഫോണ്ട് ഉണ്ടാക്കാനാവും എന്നു്‌ കരുതട്ടെ. നന്ദി

പിന്നെ ചേട്ടൻ പറഞ്ഞ നല്ല ഫോണ്ടുകൾ - 1-2 കാര്യമുണ്ടു്‌:

ഒന്നാമത്‌, അവ ഫ്രീ ആണോ എന്നറിയില്ല. അതൊരു പ്രശ്നമല്ല. നല്ല പ്രസാധകരുണ്ടെങ്കിൽ അവർക്കു്‌ ഫോണ്ടുകൾ വാങ്ങാവുന്നതേയുള്ളു.

രണ്ടു്‌, അവ യൂനിക്കോഡ് സമ്പ്രദായത്തിലുള്ളവയാണോ എന്നറിയില്ല. നാം സാധാരണ ബ്ലോഗിലും മറ്റും യൂനിക്കോഡ് ആണു്‌ ഉപയോഗിക്കുന്നതു്‌. പ്രസാധകർ മിക്കവാറും ആസ്കി ഫോണ്ടുകളാണുപയോഗിക്കുക. ആസ്കി ഫോണ്ടിൽ പഴയ ലിപി സാധിക്കില്ല എന്നല്ല; പക്ഷെ ഞാൻ കണ്ടിട്ടുള്ള ഫോണ്ടുകളിലെല്ലാം ഇത്തരം പഴയ ലിപി അക്ഷരങ്ങൾ വളരെ കുറവാണു്‌, അല്ലെങ്കിൽ തീരെയില്ല.

എന്റെ ലേഖനം യൂനിക്കോഡ് സമ്പ്രദായത്തിൽ ഇംഗ്ലിഷും മലയാളവും ഒരുമിച്ചുകാണാവുന്ന ടൈപ് ഫോണ്ട് ഉണ്ടാക്കുന്നതിനെ കുറിച്ചാണു്‌. നമ്മളുപയോഗിക്കുന്ന സോഫ്റ്റ്വെയറുകൾ വച്ച് ആസ്കി ഫോണ്ട് ഉണ്ടാക്കാനും സാധിക്കും. പക്ഷെ അത് ഞാൻ പ്രദിപാദിക്കുന്നതല്ല. ആസ്കി ഫോണ്ടുകളെപ്പറ്റി എനിക്കധികം അറിയില്ല. അതുകൊണ്ടു്‌ താല്പര്യമുള്ളവരുണ്ടെങ്കിൽ അവർക്കുവേണ്ടി ലേഖനാവസാനം ആസ്കി ഫോണ്ട് കവർ ചെയ്യാൻ നോക്കാം.

പിന്നെ, സോഫ്റ്റ്‍വെയർ ഇൻസ്റ്റല്ലേഷൻ ആണു്‌ പൊതുവേ ഏവർക്കും പേടിസ്വപ്നം എന്നു്‌ മനസ്സിലായി. എന്തെങ്കിലും സംശയം വരികയാണെങ്കിൽ എനിക്കൊരു ഈമെയിൽ അയക്കു. ഞാൻ സഹായിക്കാൻ ശ്രമിക്കാം.

ഒരിക്കൽ കൂടി പറയട്ടെ, അക്ഷരരൂപസൃഷ്ടിയാണു്‌ ഫോണ്ട് സൃഷ്ടിയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഘട്ടം. അതൊരു കലയാണു്‌. ബാക്കിയൊക്കെ കമ്പ്യൂട്ടർ ചെയ്തോളും!

ജയരാജ്‌മുരുക്കുംപുഴ said...

valare upakarapradamayittundu.....

sadu സാധു said...

ചേട്ടാ, ഫോണ്ട്ഫോർജ്ജിന്റെ ഒരു പോർട്ടബിൽ വേർഷൻ ഈ ലിങ്കിൽ ഉണ്ട്.
http://portableapps.com/node/25052

ഡൌൺലൊഡ് ചെയ്യാൻന്നുള്ള ലിങ്ക്
http://www.mediafire.com/?ams141a8xvu84bw

എന്നാൽ ഒപ്പൺ ചെയ്യുമ്പൊൾ ഡയറക്ടി കണ്ടുപ്പിടിക്കുവാൻ പാടായിരിക്കും. അതിനാൽ ഇൻസ്റ്റൾ ചെയ്യുന്ന ഡയറക്റ്ടിയിൽ തന്നെ മാറ്റം വരുത്തുന്ന ഫോണ്ട് ഇട്ടാൽ മതിയാക്കും എന്നു തോന്നു.

sadu സാധു said...

ചേട്ടാ ഇൻസ്റ്റലെഷൻ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായി പോർട്ടബിൾ അപ്പിളികേഷൻസ് ഉപയോഗിക്കാം

http://portableapps.com/apps

ഇങ്ക്സ്കേപ്, ജിമ്പ്, ഇവ മുകളിൽ ഉള്ള ലിങ്കിൽ കിട്ടും പിന്നെ കമ്മന്റെ ബോക്സിൽ കിടന്നാൽ ചിലപ്പോൾ മറ്റുള്ളവർക്ക അറിയുവാൻ കഴിയില്ലാ. അടുത്ത പോസ്റ്റിൽ പരാമർശിച്ചാൽ പലർക്കും ഉപയോഗപെടും എന്നു തോന്നു.

ചിതല്‍/chithal said...

നന്ദി, സാധു. ലിങ്കുകളിൽ പോയി നോക്കിയിട്ടു്‌ അവ എളുപ്പമാണെങ്കിൽ അടുത്ത പോസ്റ്റിൽ കൊടുക്കാം. വളരെ സന്തോഷം.

വിൻഡോസിൽ ഇൻസ്റ്റല്ലേഷൻ ചെയ്യാൻ ഏറ്റവും എളുപ്പം പോസ്റ്റിൽ ഇട്ടിരുന്ന അനൗപചാരിക രീതിയാണെന്നു്‌ തോന്നുന്നു. പോർട്ടബിൽ ആപ്സ് സൈറ്റിൽ നോക്കിയിട്ടില്ലാത്തതുകൊണ്ടു്‌ ഉറപ്പു്‌ പറയ വയ്യ. ഞാൻ കൊടുത്ത ലിങ്കിലുള്ള പാക്കേജ് ഏതായാലും എളുപ്പം ഇൻസ്റ്റാൾ ആവും. ഞാൻ ഇടക്കു്‌ ഉപയോഗിക്കാറുണ്ടു്‌.
അക്ഷരരൂപങ്ങൾ സൃഷ്ടിച്ചോ? സുഹൃത്ത് നേരിട്ടു്‌ കമ്പ്യൂട്ടറിൽ ചെയ്തുതരുമെങ്കിൽ വളരെ നല്ലതു്‌.